കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ വോട്ടര്‍മാരോട് ഇടതുമുന്നണി പ്രധാനമായും പറഞ്ഞത് "ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ പിന്നോട്ടടിപ്പിക്കാന്‍ ഇടയാക്കുന്ന രാഷ്ട്രീയ പരിവര്‍ത്തനം അപകടകരമാണ്, അത് അനുവദിക്കരുത്" എന്നാണ്. ഇപ്പോള്‍ "പരിബൊര്‍തന്‍" രണ്ടുമാസം പിന്നിടുന്നു. നിരവധി രാഷ്ട്രീയ, ഭരണ പ്രക്രിയകളിലൂടെ സംസ്ഥാനം ആര്‍ജിച്ചെടുത്ത നന്മകള്‍ ഒന്നൊന്നായി മറയാന്‍ പോകുന്നതിന്റെ സൂചനയാണ് ബംഗാളില്‍ കാണുന്നത്. ഇടതുമുന്നണിയുടെ മുന്നറിയിപ്പ് നൂറ് ശതമാനവും സത്യമാണെന്ന് രണ്ടുമാസംകൊണ്ട് മമത ബാനര്‍ജി തെളിയിച്ചു.
ഇടതുമുന്നണി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണ് ഭൂപരിഷ്കരണവും അതുവഴി ജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക അവസ്ഥയില്‍ വന്നിട്ടുള്ള ഗുണപരമായ മാറ്റവും. മമതയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് സംയുക്തഭരണത്തിന്റെ ആദ്യലക്ഷ്യം ഭൂപരിഷ്കരണത്തെ തകര്‍ക്കലാണ്. 34 വര്‍ഷംകൊണ്ട് ഒരു സംസ്ഥാനസര്‍ക്കാര്‍ പടിപടിയായി സാക്ഷാല്‍ക്കരിച്ച ഭൂപരിഷ്കരണം എന്ന ബൃഹത്തായ പ്രക്രിയയെ പെട്ടെന്ന് അട്ടിമറിക്കാമെന്ന് അവര്‍ക്ക് തോന്നുന്നത് ജനാധിപത്യ സംവിധാനത്തോടുള്ള തികഞ്ഞ ധിക്കാരംതന്നെയാണ്. മെയ് 13ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം ഇതുവരെ ഇടതുമുന്നണി, സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ആക്രമണങ്ങളില്‍ പ്രധാനമായും രണ്ടു ലക്ഷ്യമാണ് തൃണമൂലിനും കോണ്‍ഗ്രസിനും ഉണ്ടായിരുന്നത്. ഒന്ന് ശാരീരികമായും മാനസികമായും സിപിഐ എം പ്രവര്‍ത്തകരെ തകര്‍ക്കുക. രണ്ട് പുതിയ സര്‍ക്കാരിന്റെ പിന്തുണയോടെ കര്‍ഷകരില്‍നിന്ന് ഭൂമി പിടിച്ചെടുത്ത് പഴയ ജന്മിമാരുടെ കുടുംബങ്ങള്‍ക്ക് നല്‍കുക. രണ്ടു മാസത്തിനുള്ളില്‍ 24 ഇടതുമുന്നണി പ്രവര്‍ത്തകരെ തൃണമൂലുകാര്‍ കൊലപ്പെടുത്തി. പശ്ചിമ മേദിനിപ്പുര്‍ ജില്ലയിലാണ് കടുത്ത ആക്രമണം നടന്നത്. നിരവധി പാര്‍ടി ഓഫീസുകള്‍ തകര്‍ത്തു. കുറെ പാര്‍ടി ഓഫീസുകള്‍ തൃണമൂല്‍ അക്രമികള്‍ പിടിച്ചെടുത്തു.
3000 ഏക്കര്‍ ഭൂമി കര്‍ഷകരില്‍നിന്ന് ബലമായി പിടിച്ചെടുത്തു. ജൂലൈ നാലിന് ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ ഹഡോയ ബ്ലോക്കിലുള്ള ഗോപാല്‍പുര്‍ ഒന്നും രണ്ടും പഞ്ചായത്തുകളിലെ 10,500 കര്‍ഷകരെ അവരുടെ വീടുകളില്‍നിന്നും കൃഷിയിടങ്ങളില്‍നിന്നും ആട്ടിയോടിച്ച് ഭൂമി പിടിച്ചെടുത്തപ്പോള്‍ ഒരു കാര്യം വ്യക്തമായി; ഭൂമി പിടിച്ചെടുക്കല്‍ മമത ബാനര്‍ജി സര്‍ക്കാരിന്റെ പ്രധാന അജന്‍ഡയാണെന്ന്. ഗോപാല്‍പുരില്‍ കര്‍ഷകരെ ആട്ടിയോടിക്കുക മാത്രമല്ല, അവരുടെ താല്‍ക്കാലിക ക്യാമ്പുകളില്‍ ചെന്ന് വെടിവയ്ക്കുകയും ചെയ്തു തൃണമൂല്‍ സര്‍ക്കാരിന്റെ പൊലീസ്. ഏതെങ്കിലും സിപിഐ എം ഓഫീസോ പാര്‍ടി പ്രവര്‍ത്തകന്റെ വീടോ ആക്രമിക്കണമെങ്കില്‍ അതിനുള്ള ആദ്യത്തെ ഉപാധിയാണ് ആയുധം തെരച്ചില്‍ . പശ്ചിമ മേദിനിപ്പുര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പാര്‍ടി ഓഫീസുകള്‍ക്കടുത്തും സിപിഐ എം നേതാക്കളുടെ വീടുകള്‍ക്കടുത്തും പാടങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും ആയുധങ്ങള്‍ കുഴിച്ചിട്ടശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനെയും കൂട്ടിവന്ന് അവ പിടിച്ചെടുക്കുന്നു. സിപിഐ എം പ്രവര്‍ത്തകരില്‍നിന്ന് ആയുധം പിടിച്ചെടുക്കുന്നെന്ന് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. ആയുധം പിടിച്ചെടുത്തതിന് ശേഷം പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും പാര്‍ടി ഓഫീസുകള്‍ തകര്‍ക്കുകയും ചെയ്യുന്നു. ഗോപാല്‍പുരിലെ കര്‍ഷകരെ അവരുടെ ഭൂമിയില്‍നിന്ന് ആട്ടിയോടിക്കാനും ആയുധം തെരച്ചിലായിരുന്നു ആദ്യ നടപടി. സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളുമായ കര്‍ഷകരുടെ വീടുകളില്‍ ചെന്ന് ആയുധം തെരഞ്ഞ പൊലീസ് ഒന്നും കാണാതെവന്നപ്പോള്‍ വീടുകള്‍ തകര്‍ത്തു. ഒപ്പമെത്തിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ കര്‍ഷകരെയും അവരുടെ കുടുംബാംഗങ്ങളെയും ആക്രമിക്കുകയും ആട്ടിയോടിക്കുകയും ചെയ്തു. സംസ്ഥാനത്താകെ 17,000 കര്‍ഷകര്‍ക്ക് ഭൂമി നഷ്ടപ്പെട്ടു.
സിംഗൂരില്‍ ന്യായമായ പ്രതിഫലം നല്‍കി മെച്ചപ്പെട്ട പുനരധിവാസ പദ്ധതി നടപ്പാക്കിയാണ് ഇടതുമുന്നണി സര്‍ക്കാര്‍ കര്‍ഷകരില്‍നിന്ന് ഭൂമി ഏറ്റെടുത്തത്. നന്ദിഗ്രാമില്‍ ഭൂമി ഏറ്റെടുത്തതേയില്ല. പക്ഷേ, കൃത്യമായ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായി രണ്ടിടങ്ങളിലും മമതയുടെ നേതൃത്വത്തില്‍ ആഗോള-സ്വദേശി പ്രതിലോമശക്തികള്‍ ഒത്തുചേര്‍ന്ന് ഇടതു സര്‍ക്കാരിനെതിരെ കലാപം ആരംഭിച്ചു. ഇവര്‍ക്ക് കമ്യൂണിസ്റ്റ് വിരുദ്ധരായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ , സന്നദ്ധ സംഘടനകള്‍ , ബുദ്ധിജീവികള്‍ എന്നിവര്‍ പരസ്യ പിന്തുണ നല്‍കി. നന്ദിഗ്രാമില്‍ ഒന്നര മാസത്തോളം സമാന്തരഭരണം പ്രഖ്യാപിക്കുകയും സംസ്ഥാനസര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുകയുംചെയ്തു. റോഡുകള്‍ മുറിച്ചു, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ താറുമാറാക്കി. സിപിഐ എം പ്രവര്‍ത്തകരെ മാവോയിസ്റ്റുകളും തൃണമൂല്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ആട്ടിയോടിച്ചു. ഈ സമാന്തര സംവിധാനം അനുവദിക്കാന്‍ കഴിയാത്തതുകൊണ്ടാണ് പൊലീസിന്റെ സഹായത്തോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നന്ദിഗ്രാമിലെത്തിയത്. ആയുധങ്ങളോടെയാണ് കലാപകാരികള്‍ ഇവരെ നേരിട്ടത്. സംഘര്‍ഷത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ദൗര്‍ഭാഗ്യകരമായ ഈ സംഭവത്തെ മുതലെടുത്തായിരുന്നു പിന്നീട് മമതയും ബുദ്ധിജീവികളും സന്നദ്ധ സംഘടനകളും ഇടതുമുന്നണി സര്‍ക്കാരിനെ പുറത്താക്കാന്‍ വിയര്‍പ്പൊഴുക്കിയത്. ഇതിന് കൊല്‍ക്കത്തയിലെ മാധ്യമങ്ങള്‍ പിന്തുണ നല്‍കി. ഇപ്പോള്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കും കര്‍ഷകര്‍ക്കുമെതിരെ കൊടുംക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു.
17,000 കര്‍ഷകര്‍ തങ്ങളുടെ ഭൂമിയില്‍നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ടു. അവരുടെ വീടുകള്‍ കൈയേറി. അവരുടെ കുട്ടികള്‍ സ്കൂളുകളില്‍ പോകാന്‍ കഴിയാതെ ക്യാമ്പുകളില്‍ കഴിയുന്നു. ഒരു മനുഷ്യവകാശ സ്നേഹിയെയും ഇപ്പോള്‍ കാണാനില്ല. ഒരു സന്നദ്ധസംഘടനയ്ക്കും രോഷമില്ല. ഒരു ബുദ്ധിജീവിയും മിണ്ടുന്നില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ണടച്ചിരിക്കുന്നു. രാഷ്ട്രീയമായി സിപിഐ എമ്മിന് നേരിടേണ്ടിവരുന്ന ഈ ബുദ്ധിമുട്ടുകളില്‍ കുത്തക മാധ്യമങ്ങള്‍ സന്തോഷിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ , ഒരു പ്രദേശത്തുനിന്നുമാത്രം 10,500 കര്‍ഷകര്‍ കുടിയിറക്കപ്പെട്ട സംഭവത്തില്‍ വാര്‍ത്തയുടെ ഒരംശവുമില്ലെന്ന് വിധിയെഴുതുന്ന മാധ്യമ ധാര്‍മികതയെ എങ്ങനെയാണ് മനസ്സിലാക്കുക?
മഹാശ്വേതാദേവിക്ക് സിപിഐ എം കര്‍ഷകരുടെ കഷ്ടപ്പാടുകള്‍ കാണാനാകുന്നില്ലേ? മേധാ ദീദിക്ക് 10,000 അത്ര വലിയ സംഖ്യയല്ലെന്നാണോ? എത്ര പച്ചയായ രാഷ്ട്രീയ പക്ഷപാതിത്വമാണ് ഈ കപടനിഷ്പക്ഷ മുഖങ്ങള്‍ക്കു പിന്നില്‍ . സിപിഐ എം, ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കും കുടിയിറക്കപ്പെട്ട കര്‍ഷകര്‍ക്കും മനുഷ്യാവകാശങ്ങളില്ലെന്നാണോ മേധയുടെയും മഹാശ്വേതാദേവിയുടെയും നിലപാട്? സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന എന്തെങ്കിലും നടപടി രണ്ടു മാസം പിന്നിടുന്ന മമതയുടെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഈ മാധ്യമങ്ങളും ബുദ്ധിജീവികളും അത് ദിവസങ്ങളോളം പാടിപ്പുകഴ്ത്തുമായിരുന്നു. എന്നാല്‍ , പശ്ചിമബംഗാള്‍ എന്തായിരുന്നോ അതല്ലാതാക്കി മാറ്റാനുള്ള നടപടി ഒന്നൊന്നായി എടുക്കുന്നുമുണ്ട്. ഭൂപരിഷ്കരണം അട്ടിമറിക്കുകയെന്നാല്‍ ഗ്രാമീണബംഗാളിന്റെ ജീവിതം തകര്‍ക്കുക എന്നാണ്. ബംഗാള്‍ ഏറ്റവും വലുതും സുസ്ഥിരവുമായ കാര്‍ഷിക വളര്‍ച്ചനിരക്കുള്ള സംസ്ഥാനമായി മാറിയത് ഭൂപരിഷ്കരണംകൊണ്ടാണ്.
ഇടതുമുന്നണി സര്‍ക്കാര്‍ 1977ല്‍ അധികാരത്തിലെത്തിയ നാള്‍മുതല്‍ നടത്തിയ ഭൂപരിഷ്കരണ നടപടികളുടെ ഫലമായി 30 ലക്ഷം കര്‍ഷകര്‍ക്കാണ് ബംഗാളില്‍ സൗജന്യമായി ഭൂമി കിട്ടിയത്. 11.30 ലക്ഷം ഏക്കര്‍ ഭൂമിയാണ് ഇങ്ങനെ വിതരണംചെയ്തത്. ഭൂമി ലഭിച്ചവരില്‍ 37 ശതമാനം പട്ടികജാതിക്കാരും 18 ശതമാനം വീതം പട്ടികവര്‍ഗക്കാരും ന്യൂനപക്ഷ സമുദായക്കാരുമാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവകാശമുള്ള 6.18 ലക്ഷം സംയുക്ത പട്ടയങ്ങള്‍ വിതരണംചെയ്തു. 15.13 ലക്ഷം പങ്കുകൃഷിക്കാരെ ഓപ്പറേഷന്‍ ബര്‍ഗ പദ്ധതിയിലൂടെ രജിസ്റ്റര്‍ചെയ്യുകയും അവര്‍ കൃഷിചെയ്യുന്ന ഭൂമിയില്‍ സ്ഥിരാവകാശം നല്‍കുകയുംചെയ്തു. 11.15 ലക്ഷം ഏക്കര്‍ ഭൂമിയാണ് ഇങ്ങനെ പങ്കുകൃഷിക്കാര്‍ക്ക് ലഭിച്ചത്. സംസ്ഥാനത്തെ മൊത്തം കൃഷിഭൂമിയുടെ 84 ശതമാനവും ചെറുകിട-നാമമാത്ര കര്‍ഷകരുടെ ഉടമസ്ഥതയിലായതിനു കാരണം ഭൂപരിഷ്കരണമാണ്. 1977ല്‍ സംസ്ഥാനത്ത് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ 65 ശതമാനമായിരുന്നു. ഇപ്പോള്‍ 25 ശതമാനമായി കുറഞ്ഞു. 1981 മുതല്‍ 1999 വരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ കാര്‍ഷികോല്‍പ്പാദനത്തിന്റെ ശരാശരി വളര്‍ച്ചനിരക്ക് 2.5 ശതമാനമായിരുന്നു. എന്നാല്‍ , പശ്ചിമബംഗാളില്‍ അത് 4.2 ശതമാനമായിരുന്നു. ഭൂപരിഷ്കരണമാണ് ഈ നേട്ടങ്ങളുടെ അടിസ്ഥാനം. ഭൂപരിഷ്കരണം തകര്‍ക്കുന്നതിലൂടെ പശ്ചിമബംഗാളിന്റെ നേട്ടങ്ങളുടെകൂടി അടിത്തറ തോണ്ടുകയാണ് മമത സര്‍ക്കാര്‍ . ഒരുവശത്ത് കാര്‍ഷികമേഖല തകര്‍ക്കുന്ന മമത സര്‍ക്കാര്‍ മറുവശത്ത് വ്യവസായവല്‍ക്കരണത്തിനും വിലങ്ങുതടിയാവുകയാണ്. വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുകയേയില്ല എന്ന് അസന്ദിഗ്ധമായി മമത പ്രഖ്യാപിച്ചത് ഞെട്ടലോടെയാണ് വ്യവസായിസമൂഹം കേട്ടത്. സിംഗൂരില്‍ കാര്‍ ഫാക്ടറിയെ അട്ടിമറിച്ച മമത ഇപ്പോള്‍ പല വ്യവസായ സംരംഭങ്ങളെയും അതിന്റെ ആലോചനാഘട്ടത്തില്‍ത്തന്നെ നിഗ്രഹിക്കുകയാണ്. ബര്‍ധമാന്‍ ജില്ലയിലെ കാട്വയില്‍ എന്‍ടിപിസി സ്ഥാപിക്കാനിരുന്ന 1600 മെഗാവാട്ട് ശേഷിയുള്ള താപവൈദ്യുതിനിലയത്തിന് ആവശ്യമായ ഭൂമി നല്‍കില്ലെന്ന് പറഞ്ഞിരിക്കുന്നു. വൈദ്യുതിയുടെ കാര്യത്തില്‍ ബംഗാള്‍ മിച്ച സംസ്ഥാനമാണ്. ഭാവിയിലെ വര്‍ധിച്ചുവരുന്ന ആവശ്യംകൂടി കണക്കിലെടുത്താണ് കാട്വ പദ്ധതിക്ക് ഇടതുമുന്നണി സര്‍ക്കാര്‍ 450 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയത്.
ഇനി 450 ഏക്കര്‍കൂടി ഏറ്റെടുത്താല്‍ മാത്രമേ പദ്ധതി യാഥാര്‍ഥ്യമാവുകയുള്ളൂ. എന്നാല്‍ , ഇപ്പോഴുള്ള സ്ഥലത്ത് ചെയ്യാവുന്നത് ചെയ്താല്‍ മതിയെന്നാണ് മമതയുടെ നിലപാട്. കൊല്‍ക്കത്ത നഗരത്തിന്റെ പുതിയ ഉപഗ്രഹനഗരമായി വികസിപ്പിച്ചെടുത്ത ന്യൂ ടൗണ്‍ എന്ന ജ്യോതിബസു നഗറിലെ പശ്ചാത്തലസൗകര്യ വികസനത്തിനായുള്ള 1500 ഏക്കര്‍ ഭൂമി തിരിച്ച് അതിന്റെ ഉടമകള്‍ക്ക് നല്‍കാന്‍ പോകുന്നു. അത്യാധുനിക നഗരമായി വികസിച്ചുവരുന്ന ജ്യോതിബസു നഗറിനെ തകര്‍ക്കുകയാണ് മമതയുടെ ഉന്നം. കൊല്‍ക്കത്ത നഗരത്തിലെ ഉയര്‍ന്ന ഇടത്തരം വിഭാഗക്കാരെ മാത്രം ആകര്‍ഷിക്കുന്ന മാസ്മരവിദ്യകള്‍ മാത്രമാണ് മമതയുടെ കൈമുതല്‍ . സംസ്ഥാനത്തിന്റെ ഭാവിക്കുവേണ്ടുന്ന അടിസ്ഥാനപരമായ ആശയവും പദ്ധതിയും അവരുടെ കൈവശമില്ല. മാറ്റം സമൂഹത്തെ മുന്നോട്ടുനയിക്കുമെങ്കില്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ , ബംഗാളിനെ പ്രാകൃതയുഗത്തിലേക്ക് പിന്തള്ളുന്ന മാറ്റങ്ങളാണ് മമതയുടെ പരിവര്‍ത്തനത്തിലുള്ളത്. വൈകിയാണെങ്കിലും ജനങ്ങള്‍ ഇത് തിരിച്ചറിയും.
*
വി ജയിന്‍ ദേശാഭിമാനി 15 ജൂലൈ 2011
Subscribe to:
Post Comments (Atom)
2 comments:
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ വോട്ടര്‍മാരോട് ഇടതുമുന്നണി പ്രധാനമായും പറഞ്ഞത് "ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ പിന്നോട്ടടിപ്പിക്കാന്‍ ഇടയാക്കുന്ന രാഷ്ട്രീയ പരിവര്‍ത്തനം അപകടകരമാണ്, അത് അനുവദിക്കരുത്" എന്നാണ്. ഇപ്പോള്‍ "പരിബൊര്‍തന്‍" രണ്ടുമാസം പിന്നിടുന്നു. നിരവധി രാഷ്ട്രീയ, ഭരണ പ്രക്രിയകളിലൂടെ സംസ്ഥാനം ആര്‍ജിച്ചെടുത്ത നന്മകള്‍ ഒന്നൊന്നായി മറയാന്‍ പോകുന്നതിന്റെ സൂചനയാണ് ബംഗാളില്‍ കാണുന്നത്. ഇടതുമുന്നണിയുടെ മുന്നറിയിപ്പ് നൂറ് ശതമാനവും സത്യമാണെന്ന് രണ്ടുമാസംകൊണ്ട് മമത ബാനര്‍ജി തെളിയിച്ചു.
നന്മകൾ ചെയ്ത് ചെയ്ത് സഹിക്കാൻ വയ്യാതായതു കൊണ്ടാണല്ലോ ബംഗാളികൾ നമ്മളെ പുറം കാലിനു ചവിട്ടിയത്. മലയാളത്തിൽ ഇങ്ങനെ ഒരു ലേഖനം വന്നത് അവർ അറിയണ്ട. അറിഞ്ഞാൽ വണ്ടി പിടിച്ച് ഇവിടെ വന്ന് അടിക്കും. കുറച്ചു കാലത്തേക്കെങ്കിലും മിണ്ടാതിരിക്കുന്നതാ നല്ലത്. കുറച്ചു കഴിയുമ്പോൾ മമതയെ മടുത്ത് തുടങ്ങുമ്പോ നൊമ്മക്ക് പതുക്കെ തുടങ്ങാം, ഇപ്പം ചാണ്ടി കേരളത്തെ ബിഹാർ ആക്കുന്നെന്നോ മറ്റോ ഒക്കെ എയുത്.
Post a Comment