കേരളം പനിച്ച് വിറയ്ക്കുന്നു ഊര്‍ജിതമായ പരിഹാര നടപടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ കഴിയാതെ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി ഇന്നലെ മാത്രം 34876 പേര്‍ വിവിധ തരത്തിലുള്ള പകര്‍ച്ചപ്പനികള്‍ ബാധിച്ച് ചികിത്സതേടിയെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതരുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം വടക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം വീണ്ടുമെത്തിയതോടെയാണ് വിവിധ തരത്തിലുള്ള പനികള്‍ രൂക്ഷമായി പടരാന്‍ തുടങ്ങിയത്. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലാണ് പനിയുടെ കാഠിന്യം കൂടുതലായുള്ളത്.
തിരുവനന്തപുരം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി 2878 പേര്‍ ചികിത്സ തേടിയെത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ പി, ഒ പി വിഭാഗങ്ങളിലായി 326 പേര്‍ ചികിത്സതേടി. ജനറല്‍ ആശുപത്രിയില്‍ 129 പേരും, പേരൂര്‍ക്കട താലൂക്ക് ആശുപത്രിയില്‍ 89 പേരും തൈയ്ക്കാട് ആശുപത്രിയില്‍ 76 പേരും, ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ 187 പേരും നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ 143 പേരും, പൂവാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ 78 പേരും, വിഴിഞ്ഞം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ 108 പേരും, മലയിന്‍കീഴ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ 66 പേരും, നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ 67 പേരും, മലയടി വിനോബാനികേതന്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ 87 പേരുമാണ് പകര്‍ച്ചപ്പനികള്‍ ബാധിച്ച് ചികിത്സ തേടിയത്. സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കുകള്‍ ഇതാണെന്നിരിക്കെ സ്വകാര്യ ആശുപത്രികളിലേയും മറ്റ് ചെറുകിട സ്വകാര്യ ആശുപത്രികളിലേയും മറ്റുള്ള സര്‍ക്കാര്‍ ആശുപത്രികളിലേയും കൂടി കണക്കുകള്‍ പരിശോധിച്ചാല്‍ തലസ്ഥാന ജില്ലയില്‍ മാത്രം പനിബാധിച്ചവരുടെ എണ്ണം അര ലക്ഷത്തിലധികം വരുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.
തലസ്ഥാന ജില്ലയിലെ മലയോര, തീരദേശ മേഖലകളിലാണ് കൂടുതലായും പനി പടര്‍ന്ന് പിടിക്കുന്നത്. ഡെങ്കിപ്പനിക്ക് പിന്നാലെ ടൈഫോയിഡും ഈ മേഖലയില്‍ പടര്‍ന്ന് പിടിക്കുന്നു. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ മെഡിക്കല്‍ കോളജ് ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രത്യേക ഫിവര്‍ വാര്‍ഡുകള്‍ തയ്യാറാക്കുന്നത് ഇത്തവണ ഇനിയും ഉണ്ടായിട്ടില്ല. രണ്ട് വര്‍ഷം മുമ്പ് സംസ്ഥാനത്ത് പനി പടര്‍ന്ന് പിടിച്ചപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊതുകുവലകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയാണ് ഫിവര്‍ വാര്‍ഡ് സ്ഥാപിച്ചത്. ഈ വാര്‍ഡുകളിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനവും കാര്യക്ഷമമായി നിയന്ത്രിച്ചിരുന്നു. ഇതിന്റെ ഭാഗമായി രോഗികളില്‍ നിന്നും കൂട്ടിരിപ്പുകാരിലേക്ക് പനി പടരുന്നത് തടയാന്‍ കഴിഞ്ഞിരുന്നു. എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സക്കെത്തുന്നവരെ പരിചരിക്കുന്നതിനായി ജനറല്‍ ആശുപത്രിയില്‍ പ്രത്യേക ക്വാറന്റയിന്‍ വാര്‍ഡുകളും സജ്ജീകരിച്ചിരുന്നു. പൂര്‍ണമായും അണുവിമുക്തമാകുന്ന വിധത്തിലാണ് ഈ വര്‍ഡുകള്‍ സജ്ജീകരിച്ചിരുന്നത്. എന്നാല്‍ ഈ വാര്‍ഡിന്റെ ഇപ്പോഴത്തെ സ്ഥിതി മറ്റ് ജനറല്‍ വാര്‍ഡുകളെപ്പോലെ പരമദയനീയമാണ്.
യാത്രക്കാരെ നിരീക്ഷിക്കുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രത്യേക പനി മോണിറ്ററിംഗ് സെല്‍ രൂപീകരിച്ച് ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ഉറപ്പ് വരുത്തിയിരുന്നു. എന്നാല്‍ ഇതും ഇനിയും സജ്ജീകരിച്ചിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ നിന്നാണ് മലേറിയ ഉള്‍പ്പടെയുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്നത്. ഇത് നിയന്ത്രിക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു. കൂടാതെ പുത്തരിക്കണ്ടം മൈതാനത്ത് അവധി ദിവസങ്ങളില്‍ നടക്കുന്ന തൊഴിലാളി ചന്തകളില്‍ എത്തി തൊഴിലാളികളെ വൈദ്യപരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. രോഗലക്ഷണങ്ങള്‍ കാണുന്ന തൊഴിലാളികളെ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളും ഇത്തവണ നടന്നിട്ടില്ല.
മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ ആശുപത്രികളില്‍ പകര്‍ച്ചപ്പനികള്‍ക്കുള്ള മരുന്നുകള്‍ സ്റ്റോക്ക് ചെയ്യാറുണ്ട്. അമോക്‌സസിലിന്‍ മുതല്‍ എച്ച് 1 എന്‍ 1 ചികിത്സക്ക് ഉപയോഗിക്കുന്ന ടാമിഫ്‌ലൂ എന്ന ആന്റിബയോട്ടിക് മരുന്നുകള്‍ വരെ സ്റ്റോക്ക് ചെയ്യാറുണ്ട്. പകര്‍ച്ചപ്പനികള്‍ നിയന്ത്രിക്കുന്നതിനായി നിയോഗിച്ചിട്ടുള്ള പ്രത്യേക സെല്ലിന്റെ ശുപാര്‍ശകള്‍ അനുസരിച്ചാണ് മരുന്നുകള്‍ വാങ്ങി ആശുപത്രികള്‍ക്ക് വിതരണം ചെയ്തിരുന്നത്. എന്നാല്‍ പകര്‍ച്ചപ്പനി രൂക്ഷമായിട്ടും മരുന്നുകള്‍ വാങ്ങി വിതരണം ചെയ്യുന്നതിനുള്ള ഊര്‍ജിതമായ നടപടികള്‍ ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
പകര്‍ച്ചപ്പനികള്‍ കൂടുതലായി ബാധിക്കുന്ന മലയോര മേഖലയിലെ ആദിവാസികളുടെ കാര്യമാണ് കൂടുതല്‍ പരിതാപകരം. മുന്‍കാലങ്ങളില്‍ പകര്‍ച്ചപ്പനി ബാധിക്കുന്ന സീസണില്‍ ആദിവാസി സെറ്റില്‍മെന്റുകള്‍ കേന്ദീകരിച്ച് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമായിരുന്നു. രണ്ട് ദിവസത്തിലൊരിക്കല്‍ സെറ്റില്‍മെന്റുകളില്‍ പോയി രോഗികളെ പരിശോധിച്ച് മരുന്നുകള്‍ നല്‍കുകയും മറ്റുള്ളവര്‍ക്ക് പ്രതിരോധ മരുന്നുകളും നല്‍കുമായിരുന്നു. എന്നാല്‍ ഇക്കുറി അതും നടന്നിട്ടില്ല.
ആലപ്പുഴ ജില്ലയിലെ കായംകുളം, പള്ളിക്കല്‍, കുട്ടനാട്, അമ്പലപ്പുഴ, മാരാരിക്കുളം, കാര്‍ത്തികപള്ളി, ഹരിപ്പാട്, കീരിക്കാട്, ചന്ദിരൂര്‍, ആറാട്ടുപുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് ഡെങ്കി, എച്ച് 1 എന്‍ 1 തുടങ്ങിയ വിഭാഗത്തില്‍പ്പെടുന്ന പകര്‍ച്ചപ്പനികള്‍ അനിയന്ത്രിതമായി പടരുന്നത്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി 4532 പേര്‍ ഇന്നലെ ചികിത്സ തേടിയെത്തി. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം പനിബാധിച്ചവരുടെ എണ്ണം ഇരട്ടിയിലധികം വരുമെന്നാണ് റിപ്പോര്‍ട്ട്. ആലപ്പുഴ ജില്ലയിലാണ് എച്ച് 1 എന്‍ 1 കോസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൂടൂതല്‍ പേര്‍ക്ക് എച്ച് 1 എന്‍1 ബാധിച്ചിരിക്കാമെന്ന് ഈ മേഖലയിലെ ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
പനികലശലാകുന്നതോടെ രോഗികളെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളിലോ ചെറുകിട സ്വകാര്യ ആശുപത്രികളിലോ എത്തിക്കും. ഇവര്‍ക്ക് ഏത് തരത്തിലുള്ള പനിയാണ് ബാധിച്ചതെന്ന് കണ്ടെത്താന്‍ ഇവിടെയുള്ള ഭൂരിഭാഗം ആശുപത്രികളിലും സൗകര്യങ്ങളില്ല. പാരസെറ്റമോള്‍ ഇന്‍ജക്ഷനും ഗുളികകളുമാണ് പനി ബാധിച്ചെത്തുന്ന രോഗികള്‍ക്ക് നല്‍കുന്നത്. ഇത് കാരണം രോഗികള്‍ക്ക് അസുഖം ഭേദമാകില്ല എന്ന് മാത്രമല്ല കൂടുതല്‍ ആള്‍ക്കാരിലേക്ക് പകരുകയും ചെയ്യുന്നു. ആലപ്പുഴ ജില്ലയില്‍ പടര്‍ന്നുപിടിക്കുന്ന പനിയില്‍ ഭൂരിഭാഗവും ജലജന്യ രോഗ വിഭാഗത്തിലുള്ളതാണ്. ആലപ്പുഴ ജില്ലയിലെ ഭൂമിശാസ്ത്ര പരമായ പ്രത്യേകതകളും ജല അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളം ശുദ്ധീകരിക്കുന്നതില്‍ ഉണ്ടാകുന്ന വീഴ്ച്ചയുമാണ് പനി പടരാനുള്ള മുഖ്യ കാരണം. ജില്ലയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ കോളിഫോം ഉള്‍പ്പടെയുള്ള രോഗകാരികളായ അണുക്കളുടെ സാന്നിദ്ധ്യം അനുവദനീയമായ അളവിനെക്കാള്‍ ഏറെ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡും, ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധരും നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു.
മുന്‍കാലങ്ങളില്‍ മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന് ഊര്‍ജിതമായ നടപടികള്‍ സ്വീകരിക്കുമായിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് ആലപ്പുഴ ജില്ലയില്‍ ഉണ്ടായില്ല. കഴിഞ്ഞ വര്‍ഷം ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിരോധ നടപടികള്‍ ജില്ലയില്‍ സ്വീകരിച്ചിരുന്നു. പ്രതിരോധ മരുന്നുകള്‍ എല്ലാ വീടുകളിലും എത്തിക്കുകയും അത് പ്രദേശവാസികള്‍ കഴിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ അത് ഉണ്ടായില്ല. കൊതുകുകളുടെ സാന്നിദ്ധ്യം കൂടുതലായി കാണുന്ന തൊണ്ട് അഴുക്കല്‍ പ്രദേശങ്ങളില്‍ കൊതുകുകളെ നശിപ്പിക്കാനുള്ള ഫോഗിംഗ് നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതും ഇപ്രാവശ്യം നാളിതുവരെ ഉണ്ടായിട്ടില്ല.
കൂടാതെ പകര്‍ച്ചവ്യാധികള്‍ക്ക് കൂടുതല്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ കിണറുകളില്‍ പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ്, ബ്ലീച്ചിംഗ് പൗഡര്‍, മരക്കരി തുടങ്ങിയ അണുനാശിനികള്‍ ഉപയോഗിക്കുമായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും കുടുംബശ്രീ പ്രവര്‍ത്തകരുടേയും ആഭിമുഖ്യത്തിലാണ് ഈ പ്രതിരോധ നടപടികള്‍ നടത്തിവന്നിരുന്നത്. കൂടാതെ ആലപ്പുഴ ജില്ലയിലെ പ്രത്യേകതകള്‍ കണക്കിലെടുത്ത് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തിനുള്ള മരുന്നുകള്‍ ബഫര്‍ സ്റ്റോക്കായി കരുതുമായിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ പകര്‍ച്ചപ്പനികള്‍ എതെന്ന് കണ്ടെത്തുന്നതിന് രക്ത പരിശോധന നടത്തുന്നതിനായി ലബോറട്ടറികളില്‍ പ്രത്യേക സംവിധാനവും തയ്യാറാക്കുമായിരുന്നു. ഇതിലുപരിയായി ആശുപത്രികളില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ താല്‍ക്കാലിക അടിസ്ഥാനത്തിലെങ്കിലും നിയമിച്ചിരുന്നു. എന്നാല്‍ ഇത്തവണആലപ്പുഴ ജില്ലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും നടന്നിട്ടില്ല. ഇതാണ് ആലപ്പുഴ ജില്ലയില്‍ കൂടുതല്‍ പേര്‍ക്ക് പനിബാധിക്കാനുള്ള മുഖ്യകാരണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
പത്തനംതിട്ട ജില്ലയിലെ കുമ്പഴ, ഇലന്തൂര്‍, റാന്നി, സീതത്തോട്, ഇടയാറന്‍മുള, തോട്ടംഭാഗം, കുമ്പനാട്, ഓമല്ലൂര്‍, കവിയൂര്‍, കോയിപ്പുറം, വാഴമുട്ടം, കുളനട, കല്ലൂപ്പാറ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതലായും പകര്‍ച്ചപ്പനികള്‍ കൂടുതലായി ബാധിക്കുന്നത്. പത്തനംതിട്ട ജില്ലയുടെ ഭൂരിഭാഗം മേഖലയും മലയോര പ്രദേശങ്ങളാണ്. ഇന്നലെ പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി 1876 പേരാണ് പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സ തേടിയെത്തിയത്. അട്ടപ്പാടി, ചിറ്റാര്‍ പ്രദേശങ്ങളിലെ ആദിവാസി ഊരുകളില്‍ പനി വ്യാപകമാകുന്നു. സമീപത്തുള്ള ആശുപത്രിയില്‍ എത്തണമെങ്കില്‍ മണിക്കൂറുകള്‍ കാല്‍നടയായി യാത്ര ചെയ്യണം.
ഇതിന് പരിഹാരമായി എല്ലാ വര്‍ഷവും താല്‍ക്കാലിക മൊബൈല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തവണ അത് ഉണ്ടായില്ല. വേറെ പോംവഴിയില്ലാതെ വിറച്ച് മരിക്കുന്ന സ്ഥിതിയിലാണ് ഇവിടങ്ങളില്‍ താമസിക്കുന്ന ആദിവാസികളെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഇടുക്കി ജില്ലയിലെ തൊടുപുഴ, മൂലമറ്റം, പൈനാവ്, ദേവികുളം, ഊന്നുകാല്‍, രാജക്കാട് തുടങ്ങിയ സ്ഥലങ്ങളിലാണ് പകര്‍ച്ചപ്പനി പടര്‍ന്ന് പിടിക്കുന്നത്. ഇന്നലെ മാത്രം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി 1319 പേരാണ് പകര്‍ച്ചപ്പനികള്‍ ബാധിച്ച് ചികിത്സ തേടിയത്. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളുടെ സ്ഥിതിയും വിഭിന്നമല്ല. ജനങ്ങള്‍ പനിച്ച് വിറയ്ക്കുമ്പോഴും ആരോഗ്യ വകുപ്പ് അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല.
*
കെ ആര്‍ ഹരി ജനയുഗം 13 ജൂലൈ 2011
Subscribe to:
Post Comments (Atom)
2 comments:
കേരളം പനിച്ച് വിറയ്ക്കുന്നു ഊര്‍ജിതമായ പരിഹാര നടപടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ കഴിയാതെ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി ഇന്നലെ മാത്രം 34876 പേര്‍ വിവിധ തരത്തിലുള്ള പകര്‍ച്ചപ്പനികള്‍ ബാധിച്ച് ചികിത്സതേടിയെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതരുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം വടക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം വീണ്ടുമെത്തിയതോടെയാണ് വിവിധ തരത്തിലുള്ള പനികള്‍ രൂക്ഷമായി പടരാന്‍ തുടങ്ങിയത്. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലാണ് പനിയുടെ കാഠിന്യം കൂടുതലായുള്ളത്.
The situation is same as last year monsoon season, nothing has changed...
Post a Comment