കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖല അനിശ്ചിതത്വങ്ങളുടെയും സംഘര്‍ഷങ്ങളുടെയും അഴിയാക്കുരുക്കിലകപ്പെട്ടിരിക്കുകയാണ്. യു ഡി എഫ് ഭരണത്തിന്റെ അനുകൂല സാഹചര്യങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി സ്വാശ്രയ കോളജ് മാനേജ്മെന്റുകള്‍ പരമാവധി കഴുത്തറുപ്പന്‍ നയങ്ങളുമായി മുന്നോട്ടുപോകുന്നു. ഷൈലോക്കിയന്‍ മനോഭാവത്തോടെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ ആടിത്തിമിര്‍ക്കുമ്പോള്‍ അവര്‍ക്കു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുകയാണ് സംസ്ഥാനത്തെ ഭരണനേത്യത്വം മെഡിക്കല്‍ രംഗത്തെ എംബിബിഎസിന്റെ കാര്യത്തിലും പിജി കോഴ്സിന്റെ കാര്യത്തിലും സര്‍ക്കാരിന് സീറ്റുണ്ടോ, ഫീസെത്രയാണ് എന്നൊന്നും ഒരു തിട്ടവും ഇപ്പോഴത്തെ സര്‍ക്കാരിനില്ല. മാനേജ്മെന്റുകളുടെ സീറ്റിന്റെ കാര്യത്തിലും അവരീടാക്കുന്ന ഫീസിന്റെ കാര്യത്തിലുമെല്ലാം സര്‍ക്കാരിനെ ഗ്രസിച്ചിരിക്കുന്നത് ഇതേ അജ്ഞതയാണ്.
വിദ്യാര്‍ത്ഥികളുടെയും പൊതുസമൂഹത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി സ്വാശ്രയ മാനേജ്മെന്റുകളുടെ ഏകപക്ഷീയ നിലപാടുകള്‍ക്കും ലാഭക്കൊതിക്കും ചൂട്ടുപിടിക്കുന്ന സമീപനമായിരുന്നു യുഡിഎഫ് ഗവണ്‍മെന്റിന്റെ മുഖമുദ്ര. ഏ കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും നേത്യത്വത്തിലുണ്ടായിരുന്ന 2001-06 ലെ യു ഡി എഫ് ഗവണ്‍മെന്റ് കാട്ടിയ ഇത്തരം നിരുത്തരവാദപരമായ സമീപനത്തിന്റെ തനി ആവര്‍ത്തനമാണ് ഇപ്പോഴും കാണുന്നത്. ആന്റണിയും പിന്നീട് വന്ന ഉമ്മന്‍ചാണ്ടിയുമാകട്ടെ സ്വാശ്രയ കോളജുകളില്‍ മാനേജ്മെന്റിനും സര്‍ക്കാരിനും 50:50 എന്ന അനുപാതം യാഥാര്‍ത്ഥ്യമാക്കാന്‍ ഒന്നും ചെയ്യാതെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും മാനേജ്മെന്റുകള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. കൊള്ളക്കോഴയും താങ്ങാനാവാത്ത ഫീസും അടിച്ചേല്‍പ്പിച്ച് മാനേജ്മെന്റുകള്‍ ഇവിടെ സ്വൈര്യവിഹാരം നടത്തുകയും ചെയ്തു. ഇങ്ങനെ "രണ്ട് സ്വാശ്രയ കോളജ് സമം ഒരു ഗവണ്‍മെന്റ് കോളജ്" എന്ന ആന്റണിയുടെ പ്രഖ്യാപനം ഏട്ടിലെ പശുവായി മാറിയ സാഹചര്യത്തിലായിരുന്നു 2006 മെയില്‍ എല്‍ ഡി എഫ് ഗവണ്‍മെന്റ് അധികാരത്തിലെത്തിയത്.
സ്വാശ്രയ വിദ്യാഭ്യാസ നിയമം
ആ ഗവണ്‍മെന്റാകട്ടെ, അധികാരമേറ്റയുടന്‍ തന്നെ പരമപ്രാധാന്യം നല്‍കി ഒരു സ്വാശ്രയ വിദ്യാഭ്യാസ നിയമം കൊണ്ടുവന്നു. 2006 മെയ് 18ന് അധികാരമേറ്റ എല്‍ ഡി എഫ് ഗവണ്‍മെന്റിന് ഇച്ഛാശക്തിയോടെ നടത്തിയ ഇടപെടലുകളുടെ ഫലമായി വെറും ഒന്നര മാസത്തിനുള്ളില്‍ തന്നെ(ജൂണ്‍ 30) നിയമം പാസ്സാക്കിയെടുക്കാന്‍ കഴിഞ്ഞു. പ്രൊഫഷണല്‍ കോളജുകളിലെ പ്രവേശനം സമയബന്ധിതമായിത്തന്നെ നടക്കണമെന്ന നിര്‍ബന്ധം ആ ഗവണ്‍മെന്റിനുണ്ടായിരുന്നതുകൊണ്ട് ജൂണ്‍ 30 ന് രാത്രി രണ്ടു മണിവരെ നീണ്ടുനിന്ന നിയമസഭാ സമ്മേളനത്തിലാണ് നിയമം പാസ്സാക്കിയത്. മെറിറ്റും സാമൂഹ്യനീതിയും കണക്കിലെടുത്തും ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയും സംവരണതത്വങ്ങള്‍ പാലിച്ചും മാനേജ്മെന്റുകളെ കടിഞ്ഞാണിട്ടും ആയിരുന്നു ആ നിയമത്തിന് രൂപം നല്‍കിയത്. പ്രവേശനം നല്‍കുന്നതും ഫീസ് ഈടാക്കുന്നതുമടക്കമുള്ള നടപടിക്രമങ്ങള്‍ നിയമവിധേയമായും സുതാര്യമായുമാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള കര്‍ശന വ്യവസ്ഥകളും നിയമത്തിന്റെ ഭാഗമായിരുന്നു. പിന്നോക്ക-ദളിത് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സ്കോളര്‍ഷിപ്പടക്കമുള്ള ആനുകൂല്യങ്ങളും നിയമത്തില്‍ ഉറപ്പാക്കിയിരുന്നു. ഇതിന്റെയെല്ലാം ഫലമായി 2006ല്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള നാല് കോളേജുകളിലൊഴികെയുള്ള മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസില്‍(12,500 രൂപ) പ്രവേശനം നല്‍കി. കോഴ്സ് പൂര്‍ത്തിയാക്കുന്നതുവരെ ഈ കുട്ടികള്‍ സര്‍ക്കാര്‍ ഫീസില്‍ പഠിക്കുകയും ചെയ്തു. ഇതിനൊപ്പം സംസ്ഥാനത്തെ 60 സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളിലും 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമുണ്ടായി.
എന്നാല്‍ ലാഭക്കൊതിയന്മാരായ സ്വാശ്രയ മാനേജ്മെന്റുകളുടെ ഹര്‍ജികളില്‍ കോടതി ഇടപെടുകയും അവര്‍ക്ക് അനുകൂലമായ വിധികള്‍ പുറപ്പെടുവിക്കുകയും ചെയ്തു. നിയമത്തില്‍ നിഷ്കര്‍ഷിക്കുന്നതിനനുസരിച്ച് രൂപീകരിച്ച ജസ്റ്റീസ് പി എ മുഹമ്മദ് കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് മാത്രമേ വാങ്ങാവൂ എന്ന നിബന്ധനയും കോടതിയുടെ പല വിധികളിലൂടെയും അട്ടിമറിക്കപ്പെട്ടു. ഇതിന്റെയെല്ലാം ഫലമായി നിയമം പൂര്‍ണമായ സ്പിരിറ്റില്‍ നടപ്പാക്കാനായില്ല. എങ്കില്‍പ്പോലും സ്വാശ്രയ മാനേജ്മെന്റുകളുമായി ഒറ്റയ്ക്കും കൂട്ടായുമൊക്കെ ആവര്‍ത്തിച്ച് ചര്‍ച്ചകള്‍ നടത്തി സമവായം ഉണ്ടാക്കുകയും പ്രൊഫഷണല്‍ കോഴ്സുകളിലെ പ്രവേശനത്തിന് മെറിറ്റും സാമൂഹ്യനീതിയും പരമാവധി ഉറപ്പാക്കുകയും ചെയ്തു.
വീണ്ടും യുഡിഎഫ് ഗവണ്‍മെന്റ്, ധിക്കാരത്തോടെ സ്വാശ്രയമാനേജ്മെന്റ്
പക്ഷേ വീണ്ടും യുഡിഎഫ് ഗവണ്‍മെന്റ് വന്നതോടെ കാര്യങ്ങളാകെ താളം തെറ്റി. തങ്ങള്‍ ആഗ്രഹിക്കുന്ന ഏതുരീതിയിലും പ്രൊഫഷണല്‍ കോഴ്സുകളിലേക്ക് പ്രവേശനം നടത്താമെന്നും എത്ര ഉയര്‍ന്ന ഫീസും വാങ്ങാമെന്നും സ്വാശ്രയമാനേജ്മെന്റുകള്‍ തീരുമാനിച്ചു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ , ത്യശൂരിലെ അമല, ജൂബിലി, തിരുവല്ല പുഷ്പഗിരി എന്നീ കോളജുകള്‍ ധിക്കാരപൂര്‍വം തോന്നിയപോലെ ഫീസ് വാങ്ങി. സാധാരണക്കാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ദശലക്ഷങ്ങളുടെ കോഴയ്ക്കു പുറമേയാണ് ലക്ഷങ്ങളുടെ ഫീസും നിശ്ചയിച്ചത്. ഇതൊന്നും പോരാഞ്ഞ്, നിയമമനുസരിച്ച് സര്‍ക്കാരിന് നല്‍കേണ്ട 50 ശതമാനം പി ജി സീറ്റിലും ഉയര്‍ന്ന ഫീസും കോഴയും വാങ്ങി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളും പൊതുസമൂഹവും എന്തു പറഞ്ഞാലും തങ്ങള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ കഴിയുന്ന എന്തും ചെയ്യുമെന്ന് ഓരോ നടപടിയിലൂടെയും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റുകള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം കൊള്ളയ്ക്കെതിരെ നിയമപരമായ നടപടികളെടുക്കാന്‍ ബാധ്യതപ്പെട്ട ഗവണ്‍മെന്റാകട്ടെ അതിനൊന്നും തയ്യാറാകാതെ കുറ്റകരമായ മൗനംകൊണ്ട് സ്വാശ്രയമാനേജ്മെന്റുകളുടെ കൊള്ളയ്ക്ക് കുടപിടിക്കുകയും ചെയ്യുന്നു.
പ്രശ്നം പരിഹരിക്കാന്‍ സമയമില്ലെന്നാണ്ഉമ്മന്‍ചാണ്ടി പറയുന്നത്. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ 2006ല്‍ ഇതേ സമയപരിധിക്കുള്ളിലാണ് പ്രശ്നം പരിഹരിച്ചതെന്ന് ഓര്‍ക്കണം. പിജി സീറ്റിന്റെ കാര്യത്തില്‍ മാത്രമല്ല, എംബിബിഎസ് പ്രവേശനത്തിലും തങ്ങള്‍ ആഗ്രിക്കുന്ന രീതിയില്‍ത്തന്നെ നടപടികള്‍ കൊണ്ടുപോകുമെന്നാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലും മറ്റ് ബഹുഭൂരിപക്ഷം സ്വാശ്രയമാനേജ്മെന്റുകളും പറയുന്നത്. സംസ്ഥാനത്തെ 11 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലായി 1100 സീറ്റുകളാണുള്ളത്. ഇതില്‍ 50 ശതമാനം (550) സീറ്റ് സര്‍ക്കാരിന് വിട്ടുനല്‍കേണ്ടതാണ്. ഇതില്‍ നിന്നാണ് പട്ടികജാതി-പട്ടികവര്‍ഗക്കാരടക്കമുള്ള ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സംവരണമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കേണ്ടത്. എന്നാല്‍ ഇപ്പോള്‍ സ്വാശ്രയമാനേജ്മെന്റുകള്‍ കോടതിയിലടക്കം ആവശ്യപ്പെടുന്നത് മുഴുവന്‍ സീറ്റിലും 3.50 ലക്ഷം രൂപ നിരക്കില്‍ ഫീസ് ഈടാക്കാന്‍ അനുവദിക്കണമെന്നാണ്. അങ്ങനെയാണെങ്കില്‍ 50 ശതമാനം സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുക്കാമെന്നാണ്. ഒപ്പം മാനേജ്മെന്റിന് അവകാശപ്പെട്ട 50 ശതമാനം സീറ്റിലേക്ക് പ്രവേശനപരീക്ഷ നടത്താനുള്ള അവകാശം മാനേജ്മെന്റുകള്‍ക്ക് നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. കോഴ വാങ്ങുന്നതും അതിന്റെ നിരക്കുമൊന്നും പരസ്യപ്പെടുത്താത്തതുകൊണ്ട് അതേപ്പറ്റി കൂടുതല്‍ കാര്യങ്ങളൊന്നും പറയുന്നില്ല.
ലക്കും ലഗാനുമില്ലാത്ത തലവരി
സ്വാശ്രയകോളജുകളുടെ ആരംഭകാലത്ത് 20-25 ലക്ഷം രൂപയായിരുന്നു എംബിബിഎസ് പ്രവേശനത്തിന് കോഴയായി വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോളത് 50-60 ലക്ഷം വരെയായിട്ടുണ്ട്. ഇങ്ങനെ നല്‍കുന്ന കോഴപ്പണത്തിന് സ്വാശ്രയമാനേജ്മെന്റുകള്‍ രസീത് നല്‍കാറുമില്ല. രസീത് നല്‍കാതെ വാങ്ങുന്ന പണമായതുകൊണ്ട് മാനേജ്മെന്റുകള്‍ ഈ പണത്തിന്റെ കണക്ക് സൂക്ഷിക്കുകയില്ലല്ലോ. അതുകൊണ്ടുതന്നെ ഈ പണം മുഴുവന്‍ കണക്കില്‍പ്പെടാത്ത കള്ളപ്പണമായി മാറുകയാണ് ചെയ്യുന്നത്. 100 സീറ്റുള്ള സ്വാശ്രയകോളജില്‍ 50 സീറ്റില്‍ ഇങ്ങനെ കോഴ വാങ്ങുമ്പോള്‍ കള്ളപ്പണമായി മാറുന്ന കോടികള്‍ എത്രയാണെന്ന് ഊഹിച്ചുനോക്കുക. സാധാരണക്കാര്‍ക്കെന്നല്ല, നിയമവിധേയമായ വരുമാനം മാത്രമുള്ളവര്‍ക്കാര്‍ക്കും തന്നെ ഇത്രയും ഭീമമായ തുക കോഴ നല്‍കി മക്കളെ പഠിപ്പിക്കാന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ ഇത്ര വലിയ തുക കണക്കില്‍പ്പെടുത്താതെ നല്‍കി പ്രവേശനം നേടുന്നവരും ഇത് നേരായ മാര്‍ഗത്തില്‍ ഉണ്ടാക്കുന്ന പണമാകാനിടയില്ല. ചുരുക്കത്തില്‍ സ്വാശ്രയപ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളിലെയും പണമിടപാടുകളില്‍ മാറിമറിയുന്നത് കള്ളപ്പണത്തിന്റെ മടിശ്ശീലകളാണ്.
എന്നാല്‍ സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ തര്‍ക്കവിതര്‍ക്കങ്ങള്‍ ആടിത്തിമിര്‍ക്കുമ്പോഴൊന്നും ഈ കള്ളപ്പണത്തിന്റെ സൈ്വര്യവിഹാരം ചര്‍ച്ചകളില്‍പ്പോലും വരാറില്ലെന്നതാണ് സത്യം. മാനേജ്മെന്റ് ക്വാട്ടയില്‍ ഇങ്ങനെ പ്രവേശനം തരപ്പെടുത്തുന്നവരുടെയും ഇത്തരം മാനേജ്മെന്റുകളുടെയും ധനസ്ഥിതിയെപ്പറ്റി ഗൗരവതരമായ അന്വേഷണം ബന്ധപ്പെട്ട ഏജന്‍സികള്‍ നടത്താന്‍ തയ്യാറായാല്‍ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കും പുറത്തുവരിക.
പൊരുത്തമില്ലാത്ത ഫീസ് നിര്‍ദേശം
അമ്പത് ശതമാനം സീറ്റ് സര്‍ക്കാരിന് വിട്ടുനല്‍കുന്നതിന് മാനേജ്മെന്റ് അസോസിയേഷനുകള്‍ വയ്ക്കുന്ന ഉപാധി മുഴുവന്‍ സീറ്റിലും ഒരേ ഫീസ് നിരക്ക് ഏര്‍പ്പെടുത്തണമെന്നാണ്. എംബിബിഎസിന് അവര്‍ ആവശ്യപ്പെടുന്ന വാര്‍ഷികഫീസാകട്ടെ 3.50 ലക്ഷം രൂപയും. ഏറ്റവും ഉയര്‍ന്ന മാര്‍ക്കുള്ള വിദ്യാര്‍ത്ഥിപോലും പ്രവേശനം ലഭിക്കുന്നത് സ്വാശ്രയകോളജിലാണെങ്കില്‍ ഈ ഉയര്‍ന്ന ഫീസ് നല്‍കണമെന്നു സാരം. ട്യൂഷന്‍ ഫീസായാണ് 3.50 ലക്ഷം രൂപ നല്‍കേണ്ടിവരുന്നതെങ്കിലും ഹോസ്റ്റല്‍ , പുസ്തകം, അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് ചെലവാക്കേണ്ടി വരുന്ന പണം കൂടി കണക്കുകൂട്ടുമ്പോള്‍ മൂന്നര ലക്ഷമെന്നത് നാലരയോ അഞ്ചോ ലക്ഷമായി ഉയര്‍ന്നെന്നു വരും. കല്‍പ്പിത സര്‍വകലാശാലാ പദവിയുള്ള അമ്യത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാകട്ടെ 5.50 ലക്ഷമാണ് ഫീസ്. അതായത് പ്രതിമാസം ശരാശരി 35,000-40,000 രൂപയെങ്കിലും മുടക്കിയാലേ ഏറ്റവും മിടുക്കനായ കുട്ടിക്കുപോലും സ്വാശ്രയമെഡിക്കല്‍കോളജില്‍ പഠിക്കാന്‍ കഴിയൂ എന്നര്‍ത്ഥം. സ്വന്തം മക്കളെ മാസം 40,000 രൂപകണ്ട് ചെലവഴിച്ച് പഠിപ്പിക്കാന്‍ കഴിയുന്ന എത്ര മാതാപിതാക്കള്‍ കേരളത്തിലുണ്ടാകും? ചുരുക്കത്തില്‍ ഈ ഫീസ് അനുവദിക്കപ്പെട്ടാല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തുനിന്ന് സാധാരണക്കാരുടെ മക്കള്‍ പൂര്‍ണമായി ആട്ടിയോടിക്കപ്പെടുന്ന സ്ഥിതിയായിരിക്കും ഉണ്ടാവുക. എന്നുമാത്രമല്ല, അവിടം സമൂഹത്തിലെ ചെറുന്യൂനപക്ഷം വരുന്ന അതിസമ്പന്നര്‍ക്കു മാത്രമായി തീറെഴുതി കൊടുക്കുന്ന അവസ്ഥയും സംജാതമാകും. ഇത് വിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യവല്‍ക്കരണത്തിന്റെയും സാര്‍വത്രികവല്‍ക്കരണത്തിന്റെയും ഗുണവശങ്ങളെയാകെ അപഹരിക്കുകയും ചെയ്യും.
പ്രവേശന പരീക്ഷയും അട്ടിമറിക്കപ്പെടുന്നു
യാഥാര്‍ത്ഥ്യബോധമില്ലാത്ത കോഴയും ഫീസും വാങ്ങി ഉന്നതവിദ്യാഭ്യാസമേഖല ലാഭക്കൊയ്ത്തിനുള്ള അരങ്ങാക്കി മാറ്റുമ്പോഴും സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് കഴിയാതിരുന്ന കാര്യം സ്വന്തമായി പ്രവേശനപരീക്ഷ നടത്തുകയെന്നതായിരുന്നു. ഏറ്റവും പുതിയ സുപ്രീംകോടതി വിധിയിലൂടെ അവര്‍ക്ക് ഇഷ്ടംപോലെ പ്രവേശന പരീക്ഷ നടത്താന്‍ കഴിയുന്ന അവസരം കൈവന്നിരിക്കുകയാണ്. മാനേജ്മെന്റിന് അവകാശപ്പെട്ട 50 ശതമാനം സീറ്റില്‍ അവര്‍ക്കു തന്നെ പരീക്ഷ നടത്തി കുട്ടികളെ പ്രവേശിപ്പിക്കാമെന്നര്‍ത്ഥം. ഈ 50 ശതമാനം സീറ്റിലും കോഴപ്പണത്തിന്റെ കനം നോക്കിയാണ് പ്രവേശനം നടത്തുന്നതെന്നിരിക്കെ മാനേജ്മെന്റുകള്‍ സ്വന്തമായി നടത്തുന്ന പ്രവേശനപരീക്ഷയുടെ നിലവാരം ഊഹിക്കാവുന്നതേയുള്ളൂ. 2001ലെ ആന്റണി ഗവണ്‍മെന്റിന്റെ കാലത്ത് പൊതുപ്രവേശന പരീക്ഷയില്‍ 10 ശതമാനത്തില്‍ താഴെ മാത്രം മാര്‍ക്ക് വാങ്ങിയ കുട്ടിയെപ്പോലും 40 ലക്ഷത്തിന്റെ കോഴയുടെ പിന്‍ബലത്തില്‍ തിരുവല്ല പുഷ്പഗിരി കോളജില്‍ പ്രവേശനം നല്‍കിയതു സംബന്ധിച്ച് വിവാദങ്ങളുയര്‍ന്നതാണ്. ഇപ്പോള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ അഞ്ച് സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളില്‍ യോഗ്യതാമാര്‍ക്കില്ലാത്ത കുട്ടികളെ പ്രവേശിപ്പിച്ചതായി സി എ ജി തന്നെ കണ്ടെത്തിയതായി വന്ന വാര്‍ത്ത ഇതുമായി കൂട്ടി വായിക്കേണ്ടതാണ്. അതായത് നാടിന്റെ ശാസ്ത്ര-സാങ്കേതിക മുന്നേറ്റങ്ങളുടെ ദിശ നിര്‍ണയിക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ ചുമതലപ്പെട്ട പ്രൊഫഷണല്‍ മേഖല കാശിന്റെ തിണ്ണമിടുക്കു മാത്രം കൈമുതലായ മണ്ടന്മാരെക്കൊണ്ടു നിറയ്ക്കുകയായിരിക്കും ചെയ്യുക. ചുരുക്കത്തില്‍ നാടിന്റെ ഭാവി തലമുറയോടുതന്നെ ചെയ്യുന്ന മഹാഅപരാധമായി ഇത് മാറാന്‍ പോവുകയാണ്.
ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സ്വന്തം മുദ്രാവാക്യങ്ങള്‍ കാറ്റില്‍ പറത്തുന്നു
ഒരു നീതിബോധവുമില്ലാത്ത തരത്തില്‍ കോഴയും ഫീസും വാങ്ങുന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റുകള്‍ സത്യത്തില്‍ അവരുടെ തന്നെ പ്രഖ്യാപിത മുദ്രാവാക്യങ്ങളും നിലപാടുകളുമാണ് മറക്കുകയും മറയ്ക്കുകയും ചെയ്യുന്നത്. കൗണ്‍സിലിന്റെ കീഴിലുള്ള നാല് മെഡിക്കല്‍ കോളജ് മാനേജ്മെന്റുകളും ക്രൈസ്തവ സഭയുമായി ബന്ധപ്പെട്ടതാണ്. ഇവരെല്ലാവരും കത്തോലിക്കാ ബിഷപ്പുമാരുടെ അഖിലേന്ത്യാ സംഘടനയായ കാത്തലിക് ബിഷപ്പ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ(സി ബി സി ഐ)യുടെ കീഴിലുള്ളവരുമാണ്. രാജ്യത്തെ 212 ബിഷപ്പുമാരുള്‍പ്പെടുന്ന സി ബി സി ഐയില്‍ അംഗങ്ങളാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റുകളെ നിയന്ത്രിക്കുന്ന കേരളത്തിലെ 29 ഇടവകകള്‍ . ഇവരെല്ലാവരും ചേര്‍ന്ന് രൂപം നല്‍കിയ ഒരു അഖിലേന്ത്യാ കത്തോലിക്കാ വിദ്യാഭ്യാസ നയമുണ്ട്. 2006 ഏപ്രിലില്‍ ബംഗളൂരുവില്‍ ചേര്‍ന്ന സി ബി സി ഐ ജനറല്‍ബോഡി യോഗത്തില്‍ രൂപം നല്‍കിയ ഈ നയം വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള സി ബി സി ഐ യുടെ സ്റ്റാന്റിങ് കമ്മിറ്റി 2007 ഏപ്രിലില്‍ അംഗീകരിക്കുകയും ചെയ്തതാണ്. ഇതനുസരിച്ചായിരിക്കണം സി ബി സി ഐ യുടെ കീഴിലുള്ള ഓരോ വിദ്യാഭ്യാസ സ്ഥാപനവും നടപടികള്‍ നീക്കേണ്ടതെന്ന് നയരേഖയുടെ ആമുഖത്തില്‍ അന്നത്തെ പ്രസിഡന്റും റാഞ്ചി ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ ടോപ്പോ അഭ്യര്‍ത്ഥിക്കുന്നുമുണ്ട്. ഈ നയത്തിന്റെ പൂര്‍ണമായ രൂപം സി ബി സി ഐ യുടെ സൈറ്റില്‍ ഇപ്പോഴും ലഭ്യമാണ്.
ഈ വിദ്യാഭ്യാസനയത്തിന്റെ തലവാചകം "കത്തോലിക്കാ വിദ്യാഭ്യാസവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കാര്യത്തില്‍ സഭയുടെ ഉത്കണ്ഠയും" (Catholic Education and the Church‘s Concern for the Poor)എന്നതാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക്, പ്രത്യേകിച്ച് ദളിതരടക്കമുള്ള പാവപ്പെട്ടവര്‍ക്ക്, ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയെന്നതാണ് തങ്ങളുടെ ദൗത്യമെന്നും പറയുന്നുണ്ട്. മാനേജ്മെന്റ് നയം എന്ന പേരിലുള്ള അധ്യായത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള വിഭവ സമാഹരണം നടത്തുന്നത് ധാര്‍മികമായ മാര്‍ഗങ്ങളിലൂടെയായിരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. ( Resource mobilisation is done through ethical ways)വിദ്യാഭ്യാസനയത്തിന്റെ എട്ടാം അധ്യായത്തിന്റെ മൂന്നാം ഖണ്ഡികയില്‍ മറ്റൊരു ശ്രദ്ധേയമായ കാര്യം പറയുന്നുണ്ട്: "വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കാനുള്ള എല്ലാ ശ്രമങ്ങളേയും ഞങ്ങള്‍ അപലപിക്കുന്നു. വിശേഷിച്ച്, ഞങ്ങള്‍ തലവരിപ്പണം വാങ്ങില്ല." (We deplore all attempts o commercialize education. In particular, we will not accept capitation fees.) ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് നേത്യത്വം കൊടുക്കുന്ന അഭിവന്ദ്യരായ ബിഷപ്പുമാരടക്കം തുല്യം ചാര്‍ത്തി പ്രഖ്യാപിച്ച നയരേഖയിലെ പ്രസക്തഭാഗങ്ങളാണ് മേലുദ്ധരിച്ചത്. നയരേഖയിലെ വചനങ്ങള്‍ ഇങ്ങനെ പ്രകാശം ചൊരിഞ്ഞു നില്‍ക്കുമ്പോഴും ബിഷപ്പുതിരുമേനിമാരുടെ കോളജുകളില്‍ നടമാടുന്ന കോഴയും കൊള്ളഫീസുമടക്കമുള്ള കാര്യങ്ങള്‍ ഏത് പാര്‍ശ്വവല്‍ക്യതര്‍ക്കു വേണ്ടിയാണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത അവര്‍ക്കു തന്നെയാണ്.
പോരാട്ടങ്ങളിലൂടെ വളര്‍ന്ന വിദ്യാഭ്യാസം
ആറ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് വരേണ്യവര്‍ഗക്കാരുടെ കുത്തകയായിരുന്ന വിദ്യാഭ്യാസ മേഖലയില്‍ പണിയെടുക്കുന്നവന്റേയും പാവപ്പെട്ടവന്റേയും മക്കള്‍ക്ക് പ്രവേശനം ലഭിക്കാന്‍ ഒത്തിരി പോരാട്ടങ്ങള്‍ നടന്ന മണ്ണാണിത്. എണ്ണമറ്റയാളുകളുടെ ചോരയും പ്രാണനും അതിനായി ബലി കൊടുക്കേണ്ടി വന്നിട്ടുമുണ്ട്. ചിറയിന്‍കീഴില്‍ സവര്‍ണജാതിക്കാരായ കുട്ടികള്‍ മാത്രം പഠിച്ചിരുന്ന പ്രൈമറി സ്കൂളില്‍ ഈഴവരായ കുട്ടികളെ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് നായര്‍ കുട്ടികള്‍ സ്കൂളില്‍ വരാതായ സംഭവം ശ്രീനാരായണഗുരുതന്നെ പറഞ്ഞിട്ടുണ്ട്. ഇതേ സ്കൂളില്‍ ഗുരു തന്നെ മുന്‍കൈയെടുത്ത് പുലയസമുദായത്തില്‍പ്പെട്ട കുട്ടികളെ ചേര്‍ത്തപ്പോള്‍ അതുവരെ അവിടെയുണ്ടായിരുന്ന ഈഴവക്കുട്ടികള്‍ പഠനം നിര്‍ത്തി പോയ കഥയും ഗുരു വര്‍ണിക്കുന്നുണ്ട്. ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി അയ്യങ്കാളി സ്വന്തമായി വിദ്യാലയം ആരംഭിച്ച കഥയും കേരളത്തിന്റെ ചരിത്രത്തിലുണ്ട്.
ഇങ്ങനെയുള്ള വിവേചനങ്ങള്‍ ആടിത്തിമിര്‍ത്തിരുന്ന സാഹചര്യത്തില്‍ നിന്ന് ഏത് ജാതിയിലും ഏത് സമുദായശ്രേണിയിലും പെട്ടവര്‍ക്ക് തുല്യതയോടെ ഒരേ ബഞ്ചിലിരുന്ന് പഠിക്കാന്‍ അവസരമൊരുക്കിയത് 1957 ലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റും അത് കൊണ്ടുവന്ന വിദ്യാഭ്യാസ നയവുമാണെന്നത് ചരിത്രത്തിന്റെ ഭാഗമാണ്. വിദ്യാഭ്യാസത്തെ ജനാധിപത്യവല്‍ക്കരിക്കുകയും സാര്‍വത്രികമാക്കുകയും ചെയ്തുവെന്നു മാത്രമല്ല, എട്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസവും പിന്നീട് പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസവും സൗജന്യമാക്കിയത് യഥാക്രമം "57ലെയും "67 ലെയും ഇ എം എസ് ഗവണ്‍മെന്റുകളുമായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മേഖലകളില്‍ വളര്‍ന്നുവന്ന പോരാട്ടങ്ങളും തുടര്‍ന്നുണ്ടായ വിദ്യാഭ്യാസ പുരോഗതിയുമൊക്കെ കേരളത്തില്‍ മാത്രമല്ല, രാജ്യത്തിന് വെളിയില്‍പ്പോലും രോമാഞ്ചത്തോടെ ഓര്‍ക്കുന്ന കാര്യമാണ്. ഇതെല്ലാം വീണ്ടും അട്ടിമറിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയെ വരേണ്യവര്‍ഗ താല്‍പ്പര്യങ്ങള്‍ക്കും വരേണ്യവര്‍ഗ അഭിരുചികള്‍ക്കും മേഞ്ഞുനടക്കാനുള്ള വേദിയാക്കി മാറ്റുകയാണ് ഷൈലക്കിയന്‍ ചിന്ത ഹ്യദയത്തില്‍ കുടിയിരുത്തുന്ന സ്വാശ്രയ മാനേജ്മെന്റുകള്‍ ചെയ്യുന്നത്. നിര്‍ഭാഗ്യവശാല്‍ അതിന് എല്ലാവിധ ഒത്താശകളും ചെയ്യുന്ന ന്യശംസത യു ഡി എഫ് ഗവണ്‍മെന്റും വാരിപ്പുണരുന്നു എന്നതാണ് സ്വാശ്രയമേഖലയിലെ നീതികേടുകളെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ ഉയര്‍ന്നുവരേണ്ടത്.
*
കെ വി സുധാകരന്‍ ചിന്ത വാരിക 08 ജൂലൈ 2011
Subscribe to:
Post Comments (Atom)
2 comments:
കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖല അനിശ്ചിതത്വങ്ങളുടെയും സംഘര്‍ഷങ്ങളുടെയും അഴിയാക്കുരുക്കിലകപ്പെട്ടിരിക്കുകയാണ്. യു ഡി എഫ് ഭരണത്തിന്റെ അനുകൂല സാഹചര്യങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി സ്വാശ്രയ കോളജ് മാനേജ്മെന്റുകള്‍ പരമാവധി കഴുത്തറുപ്പന്‍ നയങ്ങളുമായി മുന്നോട്ടുപോകുന്നു. ഷൈലോക്കിയന്‍ മനോഭാവത്തോടെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ ആടിത്തിമിര്‍ക്കുമ്പോള്‍ അവര്‍ക്കു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുകയാണ് സംസ്ഥാനത്തെ ഭരണനേത്യത്വം മെഡിക്കല്‍ രംഗത്തെ എംബിബിഎസിന്റെ കാര്യത്തിലും പിജി കോഴ്സിന്റെ കാര്യത്തിലും സര്‍ക്കാരിന് സീറ്റുണ്ടോ, ഫീസെത്രയാണ് എന്നൊന്നും ഒരു തിട്ടവും ഇപ്പോഴത്തെ സര്‍ക്കാരിനില്ല. മാനേജ്മെന്റുകളുടെ സീറ്റിന്റെ കാര്യത്തിലും അവരീടാക്കുന്ന ഫീസിന്റെ കാര്യത്തിലുമെല്ലാം സര്‍ക്കാരിനെ ഗ്രസിച്ചിരിക്കുന്നത് ഇതേ അജ്ഞതയാണ്.
വര്‍ക്കേര്‍സ് ഫോറത്തിന്റെ ആദ്യത്തേ വാചകം തന്നെ ശരിയല്ല. ഈ പ്രപഞ്ചം ആണ് മൂലധനം.മൂലധനമല്ല പ്രപഞ്ചത്തെ സ്രുഷ്ടിച്ചത്. ഇതിനെ മുന്നോട്ട്കൊണ്ടുപോകുന്നതാണ് തൊഴില്‍ അല്ലങ്കില്‍ പ്രവര്‍ത്തി.. തൊഴില്‍ ചെയ്യുന്നവരെല്ലാം തൊഴിലാളികളാണ്.റ്റാറ്റായും, അംബാനിയും,മിത്തലും ബില്‍ഗേറ്റൂം. എല്ലാം , എല്ലാം.അവര്‍ക്ക് സമ്പത്ത് കൂടുതല്‍ ഉണ്ട്.എന്നുകരുതി അവര്‍ തൊഴിലാളികള്‍ അല്ലാതാവുന്നില്ല.. പാടത്തും പറമ്പത്തും, ഫാക്ടറികളിലും പണിയെടുക്കുന്നവര്‍ മാത്രമല്ല തൊഴിലാളികള്‍..അവനവന്റെ കഴിവും,ബുധ്ദിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവരെല്ലാം. തൊഴിലാളികളാണ്.. ആരാണ് പാവപ്പെട്ടവര്‍,---ആാരാണ് പണക്കാരന്‍.എന്ന്ചിന്തിക്കൂൂൂൂ..കാലഘട്ടത്തിനനുസരിച്ച് ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും മറ്റും കഴിവുള്ള ആരോഗ്യമുള്ള ഒരു മനസ്സും, ആരോഗ്യമുള്ള ഒരു ശരീരവുമുള്ള മനുഷ്യനാണ് ശരിക്കും സമ്പന്നന്‍,പാവങ്ങല്‍ എന്നുപറഞ്ഞാല്‍. പണിയെടുക്കാന്‍ പറ്റാത്ത വര്‍,രോഗികള്‍, വികലാംഗര്‍, മനോരോഗികള്‍, മുതലായവര്‍ ആണ്.. ഒരു രൂപ യില്ലാത്തവനെ സമ്പ്ന്തിച്ച് ഒരു രൂപയുള്ളവന്‍ സമ്പന്നനാണ്...പണമുള്ളവര്‍ അതെങ്ങനെയുണ്ടാാക്കി ?. അതിനുകഴിവില്ലാത്തവന്‍ അസുയപ്പെട്ടിട്ട് ഒരു കാര്യവുമില്ല. ചിലപ്പോള്‍ മറ്റുള്ളവരെ പറ്റിച്ചിട്ടായിരിക്കും., പക്ഷേ അതെങനെ?
എന്തുകൊണ്ട്. , ചിലപ്പോള്‍ ബുധ്ധിയിലായിരിക്കാം , വാക്ക് സാമര്‍ത്യത്തിലായിരിക്കാം, എന്തിലെല്ലാാമൊ?..
സ്വാശ്രയം എന്നുപറഞ്ഞാലെന്താണ്. അതില്‍ ഫ്രീയാായി പറിക്കണമെന്ന് പറയുന്നവരുടെ ചിലവ് ആരു വഹിക്കും. സമ്പത്ത് കൂടുതലുള്ളവരാണൊ അതു വഹിക്കേണ്ടത്. ഇനി ഫ്രീയായി പറിച്ച് പുറത്ത് വന്നാല്‍ ഇവരാരെങ്കിലും,.”അവരുടെ ബോര്‍ഡില്‍ ഇവിടെ സാമ്പത്തികമായി കഴിവുകുറ്ഞ്ഞവര്‍ ഫീസ്സ് തരേണ്ടതില്ല. എന്നാരെങ്കിലും എഴുതിവെച്ചിട്ടുണ്ടോ? ആരെങ്കിലുമൊരാളെ ഇവര്‍ ഫ്രീയായി. ചികിത്സിക്കുമോ? സ്വന്തം കാര്യം നോക്കി അവര്‍ സ്വകാര്യമായി അവര്‍ പോകില്ലെ.! പിന്നെന്തിനാണ് ഫ്രീയായി ഉന്നത വിദ്യാഭ്യാസം കൊടുക്കുന്നത്.കഴിവുള്ള സാമ്പതികപിന്നൊക്കക്കാര്‍ക്ക്.അവസരം കൊടുക്കേണ്ടത് സര്‍ക്കാരല്ലെ. ഇനി സര്‍ക്കാരിനു സാമ്പത്തികമില്ലെങ്കില്‍ തന്നെ സ്വാശ്യ്രക്കാരാണോ പറിപ്പിക്കേണ്ടത്.. എങ്കില്‍ ഇതിലും നല്ലത്. സര്‍ക്കാരിനെ സമ്മര്‍ദ്ദം ചെലുത്തി പുതിയോരുനിയമം കൊണ്ടുവരാന്‍ ശ്രമിക്കുക. “ഞങ്ങള്‍ കുട്ടികളെയുണ്ടാക്കും.,സമ്പന്നര്‍ നോക്കി വളര്‍ത്തി വലുതാക്കി ഞങ്ങളെ സുഖിപ്പിച്ചോണം. എന്ന്.. അതാണ് ശരിക്കും സാമൂഹ്യനീതി.. ഇങനെ സാമൂഹ്യനീതി വളച്ചൊടിച്ച്. പണിയെടുത്ത് മിച്ചംവെച്ച് സ്വരുക്കൂട്ടി, ഉയരുന്നവന്റെ പിടിച്ച് പറിച്ച്, നമുക്ക് വീതം പറ്റി പണിയെടുക്കാതെ കുടിച്ച് വെടിപറഞ്ഞ്, ജീവിക്കാം. അതിനുവേണ്ടി സമരംചെയ്യാം.പണ മുള്ളവന്‍, കഴിവില്ലാത്തവന്‍ കാശ് കൊടുത്ത് പറി ക്കുന്ന യിടങ്ങളിലേക്കെന്തിനാണു. പറിക്കാന്‍ മിടുക്കന്മാര്‍ പൊകുന്നത്. അവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ നല്ല കോളെജുകള്‍ , തുടങ്ങട്ടെ..സര്‍ക്കാര്‍ യത്ഥാര്‍ത്തത്തില്‍ ചെയ്യേണ്ടത്. സ്വശ്രയത്തില്‍ യോഗ്യതയുള്ളവരെ തിരഞ്ഞെടുത്ത് പ്രവേശിപ്പിക്കുകയും എത്രഫീസ്സ് ഈടാക്കിയാലും ഫീസ്സിനനുസ്സരിച്ച് അതിനുള്ള സൌകര്യങ്ങള്‍ ഇവര്‍ വിദ്യാര്‍ത്തികള്‍ക്ക് കൊടുക്കുന്നുണ്ടോയെന്ന് നൊക്കുകയും., പരീഷ നടത്തുകയും മറ്റുമാണ് ചെയ്യേണ്ടത്.. പണള്ളവര്‍ തലവരിയൊ , മുടിഞ്ഞ ഫീസ്സോ കൊടുക്കട്ടേ. പണം ആരും പൂട്ടി വെക്കുന്നില്ല. അത് കറങ്ങിതിരിഞ്ഞ് പണക്കുറവുള്ളവന്റെ കൈയ്യിലെത്തും.
Post a Comment