Sunday, July 31, 2011

പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പ്രതിക്കൂട്ടിലാകും

പാര്‍ലമെന്റിന്റെ നാളെ ആരംഭിക്കുന്ന സമ്മേളനം പ്രക്ഷുബ്ധമാകുമെന്നതില്‍ രണ്ടു പക്ഷമുണ്ടാവില്ല. ക്ഷോഭ ജനകമായ ഇത്രയേറെ പ്രശ്‌നങ്ങള്‍ മുഖത്തടിച്ചുനില്‍ക്കുന്ന അവസരങ്ങള്‍ അപൂര്‍വമായിരിക്കും. അഴിമതി, വിലക്കയറ്റം, കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരായ പ്രക്ഷോഭം, ചില്ലറ വ്യാപാരമേഖല ബഹുരാഷ്ട്ര കമ്പനികള്‍ക്ക് തുറന്നുകൊടുക്കല്‍, ഇന്‍ഷ്വറന്‍സ് ബാങ്കിംഗ് മേഖലകള്‍ വിദേശമൂലധനത്തിനു അടിയറവെയ്ക്കല്‍ തുടങ്ങി നാടിനെയും ജനങ്ങളെയും പിടിച്ചുലയ്ക്കുന്ന പ്രശ്‌നങ്ങളുടെ പട്ടിക നീണ്ടതാണ്. ഇവയുടെ അലയൊലി സമ്മേളനത്തിലുണ്ടാകും.

ഭരണപക്ഷവും മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ബി ജെ പിയും അഴിമതി പ്രശ്‌നത്തില്‍ ജനങ്ങളുടെ മുമ്പില്‍ ഒരുപോലെ അവമതിക്കപ്പെട്ടു നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നത്. അഴിമതി ആരോപണങ്ങള്‍ മുമ്പും പാര്‍ലമെന്റില്‍ ചൂടുപിടിച്ച തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. എന്നാല്‍ ഇന്നത്തേതുപോലെ ഭീമാകാരമായ അഴിമതിയുടെ പരമ്പരകള്‍ മുമ്പുണ്ടായിട്ടില്ല. മന്ത്രിസഭയിലെ നിരവധി അംഗങ്ങള്‍ അഴിമതി കേസുകളില്‍ കുടുങ്ങി പുറത്തുപോകേണ്ടി വന്നതും ഇത് ആദ്യമാണ്. ഡി എം കെ ക്കാരായ എ രാജയും ദയാനിധിമാരനും മാത്രമല്ല, കോണ്‍ഗ്രസുകാരനായ മുരളി ദേവ്‌റയും മന്ത്രിസഭയില്‍ നിന്നും പുറത്തായത് അഴിമതി ആരോപണത്തെ തുടര്‍ന്നാണ്. 2 ജി സ്‌പെക്ട്രം ഇടപാടിനെക്കുറിച്ചുള്ള അന്വേഷണം ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ കസേര തെറിപ്പിക്കുമെന്ന ഭയം കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. അത് അവസാനം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗില്‍ ചെന്നെത്തുമോ എന്ന ഭീതിയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ നിന്നും പ്രധാനമന്ത്രിയെ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന്റെ ഒരു കാരണം മന്‍മോഹന്‍സിംഗ് കുടുങ്ങുമോ എന്ന ഭീതിയാണ്.

കര്‍ണാടകയിലെ ബി ജെ പി മന്ത്രിസഭ അഴിമതി കേസില്‍ ആടി ഉലയുന്നത് കോണ്‍ഗ്രസിനു ആശ്വാസം പകരുന്നുണ്ട്. അഴിമതിക്കതീതമായ പാര്‍ട്ടിയാണ് ബി ജെ പി എന്ന അവകാശവാദത്തിന്റെ പൊള്ളത്തരം കര്‍ണാടക ലോകായുക്തയുടെ അന്വേഷണ റിപ്പോര്‍ട്ട് തുറന്നുകാട്ടി. യദ്യൂരപ്പയ്ക്ക് എതിരായി ലോകായുക്ത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ പുതിയതല്ല. ഖനി മാഫിയയ്ക്കും റിയല്‍ എസ്റ്റേററുകാര്‍ക്കും കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാര്‍ വഴിവിട്ടു സഹായം നല്‍കുന്നതായി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നിരവധി തവണ ആരോപണങ്ങള്‍ ഉയര്‍ന്നതാണ്. യദ്യൂരപ്പയ്ക്ക് എതിരെ ബി ജെ പിയിലെ ഒരു വിഭാഗം പരസ്യമായി രംഗത്തുവരികയും ചെയ്തു. എന്നാല്‍ യദ്യൂരപ്പയെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് ബി ജെ പി നേതൃത്വം സ്വീകരിച്ചത്. ബി ജെ പിയുടെ ദേശീയ നേതൃത്വത്തിന്റെ ഒത്താശ ഖനി മാഫിയക്കുണ്ടെന്ന് അതോടെ വ്യക്തമായി. ഇപ്പോള്‍ ഗതിമുട്ടിയാണ് യദ്യൂരപ്പയോട് രാജിവയ്ക്കാന്‍ ബി ജെ പി നേതൃത്വം ആവശ്യപ്പെട്ടത്. ലോകായുക്ത റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ബി ജെ പി നേതൃത്വത്തിന്റെ മുമ്പില്‍ മറ്റൊരു വഴിയുമില്ലാതായി.

അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒരേനാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായത്, അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്‍ലമെന്റിന്റെ മുമ്പില്‍ എത്തുമ്പോള്‍, ബി ജെ പിയുടെ ആക്രമണത്തിന്റെ മുനയൊടിക്കും.

സമ്മേളനത്തിന്റെ ആദ്യനാളുകളില്‍ തന്നെ ലോക്പാല്‍ ബില്‍ അവതരിപ്പിക്കുമെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയെ ഒഴിവാക്കികൊണ്ടുള്ള ലോക്പാല്‍ ബില്ലിനെതിരെ മിക്ക പ്രതിപക്ഷ പാര്‍ട്ടികളും അണിനിരക്കുമെന്ന കാര്യം തീര്‍ച്ചയാണ്. പ്രധാനമന്ത്രിയെ ഒഴിവാക്കുന്ന കോണ്‍ഗ്രസിന്റെ നിലപാടിനോട് യോജിപ്പു പ്രകടിപ്പിക്കുന്നത് ബി എസ് പി മാത്രമാണിപ്പോള്‍. പ്രധാനമന്ത്രിയെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും ഒഴിവാക്കുന്ന ലോക്പാല്‍ ബില്ലിലെ വ്യവസ്ഥ ഒരു സാഹചര്യത്തിലും അംഗീകരിക്കില്ലെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടതുപക്ഷം ശക്തമായി ഉന്നയിക്കുന്ന ഒരു പ്രധാന വിഷയം അഴിമതിയായിരിക്കും.

അഴിമതി എന്ന ഏകവിഷയത്തില്‍ കേന്ദ്രീകരിച്ചു ജനങ്ങളെ ബാധിക്കുന്ന മറ്റു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാത്ത സാഹചര്യം സൃഷ്ടിക്കാനായിരിക്കും കോണ്‍ഗ്രസ് ശ്രമിക്കുക. വിലക്കയറ്റത്തെയും ഭക്ഷ്യ സുരക്ഷയെയും കുറിച്ചുള്ള ചര്‍ച്ച ഒഴിവാക്കാന്‍ ഭരണപക്ഷം പരമാവധി ശ്രമിക്കും. കഴിഞ്ഞ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ആറു മാസത്തിനകം വിലക്കയറ്റവും നാണയപ്പെരുപ്പവും നിയന്ത്രണവിധേയമാകുമെന്നായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ധനമന്ത്രി പ്രണബ് മുഖര്‍ജിയും ഉറപ്പുനല്‍കിയത്. വിലക്കയറ്റം, പ്രത്യേകിച്ച് ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റം തുടരുന്നു. നാണയപ്പെരുപ്പം പിടികിട്ടാത്ത തലത്തിലേക്ക് ഉയരുന്നുവെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. കഴിഞ്ഞ പതിനൊന്നു മാസങ്ങള്‍ക്കിടയില്‍ 16 തവണ റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ ഉയര്‍ത്തിയത് ഇതിന്റെ ഏറ്റവും നല്ല തെളിവാണ്. വായ്പാനിരക്ക് ഇനിയും ഉയര്‍ത്തേണ്ടിവരുമെന്നാണ് പ്രണബ് മുഖര്‍ജി മുന്നറിയിപ്പു നല്‍കിയത്. വ്യാവസായിക കാര്‍ഷിക വളര്‍ച്ചാനിരക്ക് ഇടിഞ്ഞുകൊണ്ടിരിക്കുന്നത് സാമ്പത്തിക രംഗത്ത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

രണ്ടാം യു പി എ സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ അവതരിപ്പിക്കുമെന്നു വാഗ്ദാനം ചെയ്ത ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം ഈ സമ്മേളനത്തിലും വെളിച്ചം കാണുമെന്നതിന് ഉറപ്പില്ല.
പാര്‍ലമെന്റ് സമ്മേളനത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വഴിവെയ്ക്കുന്ന മറ്റൊരു വിഷയം ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടതായിരിക്കും. കൃഷി ഭൂമി വ്യാപകമായ തോതില്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയയുടെയും കോര്‍പറേറ്റു സ്ഥാപനങ്ങളുടെയും താല്‍പര്യങ്ങള്‍ക്കായി കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷകര്‍ പല ഭാഗങ്ങളിലും പ്രക്ഷോഭം നടത്തിവരികയാണ്. യു പിയില്‍ ഈ പ്രക്ഷോഭത്തിനു പിന്തുണ നല്‍കുന്ന കോണ്‍ഗ്രസ് ഹരിയാനയില്‍ കൃഷിഭൂമി ഏറ്റെടുക്കുന്നതില്‍ മൗനം പാലിക്കുന്നു. ഭൂമി ഏറ്റെടുക്കുന്നത് 1894 ല്‍ ബ്രിട്ടീഷ് ഭരണകാലത്തു പ്രാബല്യത്തില്‍ വന്ന നിയമമനുസരിച്ചാണ്. ഇത് അടിമുടി പൊളിച്ചെഴുതണമെന്ന് ഇടതുപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളും ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരികയാണ്. ഇപ്പോള്‍ കൂടുതല്‍ പാര്‍ട്ടികളും സംഘടനകളും ഈ ആവശ്യത്തെ അനുകൂലിക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ചില്ലറ വ്യാപാര രംഗം ബഹുരാഷ്ട്ര കമ്പനികള്‍ക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ ശക്തമായി എതിര്‍ക്കും. മറ്റു പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കും.

ഇന്‍ഷ്വറന്‍സ്-ബാങ്കിംഗ് മേഖലകള്‍ വിദേശമൂലധനത്തിനായി തുറന്നിടുന്നതിന് ഇന്‍ഷ്വറന്‍സ്-ബാങ്കിംഗ് നിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള ബില്ലുകള്‍ അവതരിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിക്കും. ഇതിന് ബി ജെ പിയുടെ പിന്തുണ നേടാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കഴിഞ്ഞ സമ്മേളനത്തില്‍ പെന്‍ഷന്‍ പരിഷ്‌കരണ ബില്‍ അവതരിപ്പിക്കാന്‍ ബി ജെ പി പിന്തുണ നല്‍കിയത് കോണ്‍ഗ്രസിന് ധൈര്യം പകരുന്നുണ്ട്. ബാങ്കിംഗ് രംഗത്തെ പരിഷ്‌കാരങ്ങള്‍ക്ക് എതിരെ ബാങ്ക് ജീവനക്കാര്‍ ഓഗസ്റ്റ് അഞ്ചിന് നടത്തുന്ന പണിമുടക്കിന്റെ അലയൊലികള്‍ പാര്‍ലമെന്റില്‍ പ്രതിഫലിക്കും.

പാര്‍ലമെന്റ് പാസാക്കിയ ആണവ ബാധ്യത ബില്ലിനെതിരെ അമേരിക്ക പരസ്യമായി രംഗത്തുവന്നതും സമ്മേളനത്തില്‍ സജീവ ചര്‍ച്ചയ്ക്ക് ഇടയാക്കും. ആണവദുരന്തമുണ്ടായാല്‍ ആണവ റിയാക്ടറുകള്‍ സപ്ലൈ ചെയ്ത കമ്പനികളും നഷ്ടപരിഹാരം നല്‍കണമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമം മാറ്റണമെന്നാണ് ഈയിടെ ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെ ഒരക്ഷരം പറയാന്‍ ഇതുവരെ യു പി എ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സര്‍ക്കാരിന്റെ മനസ്സ് അമേരിക്കയോടൊപ്പമാണ്. പാര്‍ലമെന്റിന്റെയും പൊതുസമൂഹത്തിന്റെയും വികാരം മാനിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും. അമേരിക്കയുടെ ധാര്‍ഷ്ട്യവും ആണവനിലയങ്ങള്‍ക്കെതിരെ ലോകവ്യാപകമായി ഉയരുന്ന പ്രതിഷേധവും ആണവ കരാറിനെതിരെ ഇടതുപക്ഷം സ്വീകരിച്ച നിലപാട് ശരിവെയ്ക്കുന്നുണ്ട്.

രണ്ടാം യു പി എ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ പ്രഖ്യാപിച്ച നൂറു ദിന പരിപാടിയിലെ ഒരു പ്രധാന ഇനമായ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്തവണയും ബില്‍ വെളിച്ചം കാണാന്‍ സാധ്യത കുറവാണ്.

സര്‍ക്കാര്‍ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സന്നദ്ധത കാണിക്കുകയും ചെയ്തില്ലെങ്കില്‍ സമ്മേളന നടപടികള്‍ സ്തംഭിക്കാനുള്ള സാധ്യത ഏറെയാണ്.

*
എം പി അച്യുതന്‍ ജനയുഗം 31 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പാര്‍ലമെന്റിന്റെ നാളെ ആരംഭിക്കുന്ന സമ്മേളനം പ്രക്ഷുബ്ധമാകുമെന്നതില്‍ രണ്ടു പക്ഷമുണ്ടാവില്ല. ക്ഷോഭ ജനകമായ ഇത്രയേറെ പ്രശ്‌നങ്ങള്‍ മുഖത്തടിച്ചുനില്‍ക്കുന്ന അവസരങ്ങള്‍ അപൂര്‍വമായിരിക്കും. അഴിമതി, വിലക്കയറ്റം, കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരായ പ്രക്ഷോഭം, ചില്ലറ വ്യാപാരമേഖല ബഹുരാഷ്ട്ര കമ്പനികള്‍ക്ക് തുറന്നുകൊടുക്കല്‍, ഇന്‍ഷ്വറന്‍സ് ബാങ്കിംഗ് മേഖലകള്‍ വിദേശമൂലധനത്തിനു അടിയറവെയ്ക്കല്‍ തുടങ്ങി നാടിനെയും ജനങ്ങളെയും പിടിച്ചുലയ്ക്കുന്ന പ്രശ്‌നങ്ങളുടെ പട്ടിക നീണ്ടതാണ്. ഇവയുടെ അലയൊലി സമ്മേളനത്തിലുണ്ടാകും.