Sunday, July 24, 2011

പള്ളി, പള്ളിക്കൂടം, ഭരണകൂടം

ചക്രവര്‍ത്തിയെ വെല്ലുവിളിച്ചുവെന്നും രാജാക്കന്മാരുടെ രാജാവാണ് താനെന്ന് അവകാശപ്പെട്ടുവെന്നും ആരോപിച്ചാണ് യേശു ക്രിസ്തുവിനെ പീലാത്തോസ് കുരിശില്‍ തറച്ച് വധിക്കാന്‍ വിധിച്ചത്. യേശു പറഞ്ഞതൊന്നും ബോദ്ധ്യപ്പെടാത്തത് ജൂതപൗരോഹിത്യത്തിനായിരുന്നു. അതുകൊണ്ടാണ് ഈ രക്തത്തില്‍ തനിക്കു പങ്കില്ലായെന്ന് പറഞ്ഞുകൊണ്ട് പീലാത്തോസ് കൈകഴുകിയത്. പിന്നീട് ക്രിസ്തുമതം റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗികമതമായി. റോമാ സാമ്രാജ്യം തകര്‍ന്നെങ്കിലും കത്തോലിക്കാസഭ അതിനെ അതിജീവിച്ചു. ആക്രമണകാരികളെ മുഴുവന്‍ ക്രിസ്തുമതത്തില്‍ ചേര്‍ത്ത് സഭയുടെ വലിപ്പം കൂട്ടി. രാജാക്കന്മാര്‍ പലരും ചക്രവര്‍ത്തിമാരായി വളര്‍ന്നു. സഭയുടെ ഭൂസ്വത്തുക്കളും ആസ്തിയും വര്‍ദ്ധിച്ചു. ചക്രവര്‍ത്തിക്ക് തന്റെ രാജ്യത്തില്‍ മാത്രമേ പരമാധികാരമുള്ളുവെന്നും പോപ്പിന് യൂറോപ്പിലെ എല്ലാ ചക്രവര്‍ത്തിമാരുടെമേലും അധികാരമുണ്ടെന്നും പോപ്പ് വാദിച്ചു. സഭയില്‍നിന്നും പുറത്താക്കിയ ചക്രവര്‍ത്തിയെ അനുസരിക്കരുതെന്ന് വിശ്വാസികളോട് പോപ്പ് ആജ്ഞാപിച്ചു.

ചക്രവര്‍ത്തി പോപ്പിെന്‍റ മുമ്പില്‍ മുട്ടുകുത്തി. ഭരണാധികാരികള്‍ക്കെതിരെ വിശ്വാസികളെ ഇളക്കിവിട്ട് രാഷ്ട്രീയം കളിക്കുന്ന ചരിത്രം കത്തോലിക്കാസഭയുടെ ചരിത്രത്തിെന്‍റ ഭാഗമാണ്. സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് സഭ ഇങ്ങിനെ ചെയ്തിട്ടുള്ളത്. ഇത്രയും കാര്യങ്ങള്‍ വിശദീകരിച്ചത് കേരളത്തിലും ക്രൈസ്തവസഭ പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ ഭരണാധികാരികള്‍ക്കെതിരെ കലാപത്തിനൊരുങ്ങിയിട്ടുണ്ട് എന്ന് വ്യക്തമാക്കാനാണ്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ ദാനമായി നല്‍കിയ ഭൂമിയിലാണ് മിഷണറിമാരും കത്തോലിക്കാസഭയും പള്ളിയും പിന്നീട് പള്ളിക്കൂടങ്ങളും സ്ഥാപിച്ചത്. ഇതിനുപുറമെ സാമ്പത്തിക സഹായവും നല്‍കിയിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം മുതലായ നഗരങ്ങളില്‍ ക്രൈസ്തവസഭയ്ക്ക് ഇന്ന് കൈവശമുള്ള ഭൂമി മുഴുവന്‍ ഇത്തരത്തില്‍ ദാനമായോ സൗജന്യവിലയ്ക്കോ രാജഭരണം നല്‍കിയതാണ്. കോട്ടയത്തെ സിഎംഎസ് സ്കൂളിന്റെ നടത്തിപ്പിലേക്കായി 1829ല്‍ കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്ത് നൂറുകൊല്ലത്തേക്ക് പാട്ടത്തിനു നല്‍കിയിരുന്നു.

പള്ളികളാണ് പള്ളിക്കൂടങ്ങളായി മാറിയത്; സാമുദായിക സംഘടനകളും വ്യക്തികളും പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുന്നത് പിന്നീടാണ്. 1868ല്‍ തിരുവിതാംകൂര്‍ സര്‍ക്കാരും പിന്നീട് കൊച്ചിയും ക്രൈസ്തവസഭകള്‍ നടത്തിവന്നിരുന്ന വിദ്യാലയങ്ങള്‍ക്ക് ധനസഹായം ചെയ്യാന്‍ തുടങ്ങി. 1895ല്‍ ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്ത് ആദ്യത്തെ വിദ്യാഭ്യാസചട്ടം നിലവില്‍ വന്നു. (Travancore Education Code) ഗ്രാന്റ് കിട്ടുന്നതിനുള്ള വ്യവസ്ഥകളാണ് അതില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. അവ നടപ്പാക്കുന്നതിനായി സ്കൂള്‍ ഇന്‍സ്പെക്ടര്‍മാരേയും നിയമിച്ചു. നിബന്ധനകള്‍ കണിശമായി പാലിക്കാന്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആകെയുണ്ടായിരുന്ന 1265 വിദ്യാലയങ്ങളില്‍ ഗ്രാന്റിന് അര്‍ഹത നേടിയത് 472 എണ്ണം മാത്രമായിരുന്നു. മൂന്നില്‍ രണ്ടു സ്കൂളുകള്‍ക്കും അര്‍ഹതയില്ലാതായി എന്നര്‍ത്ഥം. ക്രൈസ്തവസഭകള്‍ ഇതിനെ നേരിട്ടതെങ്ങിനെയാണ്? ഹിന്ദു രാഷ്ട്രമായ തിരുവിതാംകൂറില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് അവര്‍ മദിരാശി സര്‍ക്കാരിന് പരാതി നല്‍കി. സാമുവല്‍ മറ്റീയറെപ്പോലുള്ള മിഷണറിമാരെ വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചതും ഈ ഹിന്ദുരാഷ്ട്രം തന്നെയായിരുന്നു.

അതിലൊന്നും ക്രിസ്തുമത പീഡനം കാണാത്ത ക്രൈസ്തവസഭ തിരുവിതാംകൂര്‍ എന്ന ഭരണകൂടം അതില്‍ നിക്ഷിപ്തമായിരുന്ന അധികാരമുപയോഗിച്ച് ഭരണത്തിനാവശ്യമായ ചില ചട്ടങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ അത് തങ്ങള്‍ ഇത്രയും നാള്‍ നടത്തിവന്നിരുന്ന കൃത്രിമവും ക്രമക്കേടും തുടര്‍ന്നു നടത്താന്‍ വിഘാതമാണെന്ന തിരിച്ചറിവിന്റെ ഫലമായിട്ടാണ് ക്രൈസ്തവപീഡനമെന്ന അടവ് സ്വീകരിച്ചത്. ഭരണകൂടത്തിന്റെ പരമാധികാരത്തെ ക്രൈസ്തവസഭ വെല്ലുവിളിച്ചു. സഭയുടെ സമ്മര്‍ദ്ദം മൂലം മദിരാശിയിലെ ബ്രിട്ടീഷ്സര്‍ക്കാര്‍ വിദ്യാഭ്യാസ ചട്ടങ്ങള്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ടു. തിരുവിതാംകൂറിലെ ആദ്യ വിദ്യാഭ്യാസ ചട്ടം അങ്ങനെ അലസി. തിരുവിതാംകൂറിനെ കിടുകിടെ വിറപ്പിക്കുകയും ഉത്തരവാദ ഭരണത്തിനുവേണ്ടി പ്രക്ഷോഭം നയിച്ച സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കളെ തുറുങ്കിലടയ്ക്കുകയും ചെയ്ത സര്‍ സി പി രാമസ്വാമി അയ്യര്‍ 1945ല്‍ തിരുവിതാംകൂര്‍ പ്രാഥമിക വിദ്യാഭ്യാസ നിയമം കൊണ്ടുവന്നു. എയിഡഡ് സ്കൂളുകള്‍ വിദ്യാര്‍ത്ഥികളില്‍നിന്നും പിരിക്കുന്ന ഫീസിന്റെ എണ്‍പതു ശതമാനം ഖജനാവില്‍ അടയ്ക്കണം. ബാക്കികൊണ്ട് സ്കൂള്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണം. സര്‍ക്കാരില്‍നിന്നും നല്‍കുന്ന ഗ്രാന്റ് അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം നല്‍കുന്നതിനായി വിനിയോഗിക്കണം. എന്നാല്‍ ഇതില്‍ കൃത്രിമം നടക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. അധ്യാപകര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാറില്ലായിരുന്നു.

പിരിച്ചെടുക്കുന്ന ഫീസ് കൃത്യമായി ഖജനാവില്‍ അടയ്ക്കുകയും പതിവില്ല. ഈയൊരു പശ്ചാത്തലത്തിലാണ് പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനും പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കുന്നതിനുമുള്ള നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 1945 ആഗസ്ത് മാസത്തില്‍ നിയമസഭ ബില്‍ പാസാക്കുകയും അധികം വൈകാതെ മഹാരാജാവ് അതിന് അംഗീകാരം നല്‍കുകയും ചെയ്തു. എന്നാല്‍ നിയമം നടപ്പാക്കാന്‍ സാധിച്ചില്ല. ചങ്ങനാശ്ശേരി രൂപതയുടെ ബിഷപ്പ് കാളാശ്ശേരി ഈ നിയമം നടപ്പാക്കാന്‍ സമ്മതിക്കുകയില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസ്സിനുള്ളില്‍ കുമ്പളത്ത് ശങ്കുപ്പിള്ളയെപ്പോലുള്ളവര്‍ ഇക്കാര്യത്തില്‍ സര്‍ സി പിക്ക് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു. സി പിയുമായി യുദ്ധം പ്രഖ്യാപിച്ചിരുന്ന സ്റ്റേറ്റ് കോണ്‍ഗ്രസ്സിന് അത് അംഗീകരിക്കാനായില്ല. സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്ന് പറവൂര്‍ ടി കെയുടെ മന്ത്രിസഭയില്‍ പനമ്പിള്ളി ഗോവിന്ദമേനോന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. എയിഡഡ് സ്കൂള്‍ മാനേജര്‍മാര്‍ക്ക് ഗ്രാന്റ് നല്‍കുന്നതിനുപകരം അദ്ധ്യാപകരുടെ ശമ്പളം സര്‍ക്കാര്‍ നേരിട്ടു നല്‍കാന്‍ തീരുമാനിച്ചു. പിഎസ്എസ് സ്കീം (Private School Salary Scheme) എന്നായിരുന്നു അതിന്റെ പേര്. അദ്ധ്യാപകര്‍ക്ക് ശമ്പളം നേരിട്ടുനല്‍കാനുള്ള ഉത്തരവുമിറക്കി. എന്നാല്‍ , അതും നടപ്പാക്കാന്‍ കഴിഞ്ഞില്ല. ഭരണഘടന നിലവില്‍ വരികയും മൗലികാവകാശങ്ങളില്‍ ന്യൂനപക്ഷാവകാശം ഉള്‍പ്പെടുത്തപ്പെടുകയും ചെയ്തിരുന്നു. ഇ എം എസ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുണ്ടശ്ശേരി എയിഡഡ് സ്കൂള്‍ അദ്ധ്യാപകരുടെ ശമ്പളം സര്‍ക്കാര്‍ നേരിട്ടുനല്‍കാനും അദ്ധ്യാപകനിയമനം ഒരു പൊതു ഏജന്‍സിയെ ഏല്‍പിക്കാനും നിര്‍ദ്ദേശിച്ചുകൊണ്ടുള്ള നിയമനിര്‍മാണം നടത്താന്‍ തീരുമാനിച്ചു. നിയമസഭ ബില്‍ പാസ്സാക്കിയെങ്കിലും നടപ്പാക്കാന്‍ ആ സര്‍ക്കാരിനു കഴിഞ്ഞില്ല.

"വിമോചനസമര"ത്തിന്റെ അവസാനം മന്ത്രിസഭയെ പിരിച്ചുവിട്ടു. തോമാശ്ലീഹയുടെ പ്രേരണയാല്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്ന ബ്രാഹ്മണരാണ് തങ്ങളെന്ന് അഭിമാനിച്ചിരുന്ന മദ്ധ്യ തിരുവിതാംകൂറിലെ കത്തോലിക്കാ ശ്രേഷ്ഠര്‍ , അങ്കമാലിയിലെ ദരിദ്രരുടെയും പൂവാറിലെ മല്‍സ്യത്തൊഴിലാളിയായ ഫ്ളോറിയുടെയും പേരില്‍ ക്രൈസ്തവരെ മുഴുവന്‍ ഒന്നിച്ചണിനിരത്തുകയായിരുന്നു. തിരു - കൊച്ചി പ്രദേശത്തെ കുറെ സ്കൂളുകളിലെ അദ്ധ്യാപക നിയമനം സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒരു സമിതിയെ ഏല്‍പിക്കുന്നതിനെ മറികടക്കാന്‍ . ന്യൂനപക്ഷാവകാശത്തിന്റെ പേരില്‍ വിദ്യാഭ്യാസക്കച്ചവടം സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലായെന്നതിന്റെ പേരിലാണ് ഇപ്പോള്‍ കത്തോലിക്കാസഭ ഇടഞ്ഞുനില്‍ക്കുന്നത്. അക്കാര്യത്തില്‍ അവര്‍ക്ക് ഭരണമുന്നണികള്‍ ഏതെന്ന കാര്യത്തില്‍ നോട്ടമില്ല. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ന്യൂനപക്ഷത്തിന്റെ യാതൊരുവിധ താല്‍പര്യവും കത്തോലിക്കാസഭ സംരക്ഷിക്കുന്നില്ലായെന്ന് എല്ലാവര്‍ക്കുമറിയാം. മുതലാളിമാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് അവര്‍ ശ്രമിക്കുന്നത്. അതിനുവേണ്ടിയാണ് ഭിന്നിച്ച് പരസ്പരം എതിര്‍ത്തുനിന്ന വിവിധ ക്രൈസ്തവസഭകളെ കൂട്ടിയോജിപ്പിച്ച് ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ രൂപീകരിച്ച് ഭരണകൂടത്തെ വെല്ലുവിളിക്കുന്നത്. മതാധിപത്യമാണോ ജനാധിപത്യമാണോ ഈ നാട്ടില്‍ പുലരേണ്ടത് എന്നത് ജനാധിപത്യവിശ്വാസികള്‍ തീരുമാനിക്കേണ്ട വിഷയമാണ്. അക്കാര്യത്തില്‍ രാഷ്ട്രീയാഭിപ്രായ വ്യത്യാസമില്ലാതെ ജനാധിപത്യവിശ്വാസികള്‍ യോജിക്കുകയാണ് വേണ്ടത്.

*
പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍ ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ചക്രവര്‍ത്തിയെ വെല്ലുവിളിച്ചുവെന്നും രാജാക്കന്മാരുടെ രാജാവാണ് താനെന്ന് അവകാശപ്പെട്ടുവെന്നും ആരോപിച്ചാണ് യേശു ക്രിസ്തുവിനെ പീലാത്തോസ് കുരിശില്‍ തറച്ച് വധിക്കാന്‍ വിധിച്ചത്. യേശു പറഞ്ഞതൊന്നും ബോദ്ധ്യപ്പെടാത്തത് ജൂതപൗരോഹിത്യത്തിനായിരുന്നു. അതുകൊണ്ടാണ് ഈ രക്തത്തില്‍ തനിക്കു പങ്കില്ലായെന്ന് പറഞ്ഞുകൊണ്ട് പീലാത്തോസ് കൈകഴുകിയത്. പിന്നീട് ക്രിസ്തുമതം റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗികമതമായി. റോമാ സാമ്രാജ്യം തകര്‍ന്നെങ്കിലും കത്തോലിക്കാസഭ അതിനെ അതിജീവിച്ചു. ആക്രമണകാരികളെ മുഴുവന്‍ ക്രിസ്തുമതത്തില്‍ ചേര്‍ത്ത് സഭയുടെ വലിപ്പം കൂട്ടി. രാജാക്കന്മാര്‍ പലരും ചക്രവര്‍ത്തിമാരായി വളര്‍ന്നു. സഭയുടെ ഭൂസ്വത്തുക്കളും ആസ്തിയും വര്‍ദ്ധിച്ചു. ചക്രവര്‍ത്തിക്ക് തന്റെ രാജ്യത്തില്‍ മാത്രമേ പരമാധികാരമുള്ളുവെന്നും പോപ്പിന് യൂറോപ്പിലെ എല്ലാ ചക്രവര്‍ത്തിമാരുടെമേലും അധികാരമുണ്ടെന്നും പോപ്പ് വാദിച്ചു. സഭയില്‍നിന്നും പുറത്താക്കിയ ചക്രവര്‍ത്തിയെ അനുസരിക്കരുതെന്ന് വിശ്വാസികളോട് പോപ്പ് ആജ്ഞാപിച്ചു.

മുക്കുവന്‍ said...

ഉന്നത വിദ്യഭ്യാസം ഇത്ര ലാഭമുള്ള ബിസിനസ്സ് ആയാല്‍ സര്‍ക്കാരിനെന്തേ ബിവറേജസ് കോര്‍പറേഷന്‍ പോലെ ഒരു പത്തെണ്ണം തുടങ്ങിക്കൂടാ.. അതില്ലാത്തപ്പോള്‍ ഇത് വെറും കളിപ്പീരായിട്ടേ മുക്കുവനു തോന്നൂ‍ൂ‍ൂ‍ൂ‍ൂ.. മുക്കിനും മൂലയിലും നാലു ഷാപ്പ് വയ്കുന്ന സര്‍ക്കാരിനു ഒരു ഉന്നത വിദ്യഭ്യാസ സ്ഥാപനം നടത്താ‍ാന്‍ സാധികാ‍ാത്തേ?