ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ ഒന്നൊന്നായി തുറക്കുമ്പോള്‍ അമൂല്യമായ നിധികളിലേക്ക് മാത്രമല്ല, വെളിച്ചം വീശുന്നത്; ചരിത്രത്തിന്റെ അടരുകളിലേക്കുമാണ്. സ്വര്‍ണവും തങ്കവും വെള്ളിയുമടക്കം ഒരു ലക്ഷമോ അതിലേറെയോ കോടികളുടെ സമ്പത്തിന്റെ അപാരവും അപൂര്‍വവുമായ നിധിശേഖരമാണ് ക്ഷേത്രത്തിലെ രഹസ്യ അറകളില്‍ സൂക്ഷിച്ചുവച്ചതെന്നത് വിസ്മയാവഹമാണ്. കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയമായി ഇത് മാറി. സാര്‍വദേശീയമായിത്തന്നെ അത്ഭുതാദരങ്ങളോടെയാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ സ്വീകരിക്കുന്നത്. മറ്റ് നിധികളുടെ പിറകിലെന്നപോലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറകള്‍ക്കുള്ളിലെ സ്വര്‍ണവിഗ്രഹങ്ങളുടെയും സ്വര്‍ണക്കയറുകളുടെയും തങ്ക അങ്കികളുടെയും ആയിരക്കണക്കായ സ്വര്‍ണനാണയങ്ങളുടെയും തിളക്കത്തിനു പിറകില്‍ കണ്ണീരും ജനലക്ഷങ്ങളുടെ വിയര്‍പ്പും അദൃശ്യമായി തളംകെട്ടി നില്‍പ്പുണ്ടാവും.
പരാജയത്തിന്റെയും ഭീതിയുടെയും മരണത്തിന്റെയും ചുടുകണ്ണീരും, ഭക്തിയുടെ ആനന്ദകണ്ണീരും. കീഴടക്കലുകളുടെയും പിടിച്ചെടുക്കലുകളുടെയും പാപമോചനത്തിനായുള്ള കാണിക്കകളും പത്മനാഭപാദങ്ങളില്‍ ഭക്ത്യാദരപൂര്‍വം അര്‍പ്പിക്കപ്പെടുന്ന കാണിക്കകളും ഇതില്‍ ഉള്‍പ്പെടും. പുതിയ കാലഘട്ടത്തില്‍ പഴയ രാജസ്വത്തെയും ദേവസ്വത്തെയും കുറിച്ചറിയാനുള്ള വിസ്മയകരമായ അവസരമാണ് കേരളീയര്‍ക്ക് ലഭിച്ചിരിക്കുന്നത്. നിലവറകള്‍ തുറന്നപ്പോള്‍ കണ്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഔദ്യോഗിക വിശദീകരണങ്ങളല്ല. സുപ്രീംകോടതി നിയോഗിച്ച റിട്ടയേര്‍ഡ് ജസ്റ്റിസുമാര്‍ ഉള്‍പ്പെട്ട ഏഴംഗ ഉന്നതതല കമ്മിറ്റി അറകളില്‍ തങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞ സ്വത്തുക്കള്‍ സംബന്ധിച്ച വിശദമായ സ്റ്റേറ്റ്മെന്റ് കോടതിയില്‍ സമര്‍പ്പിക്കേണ്ടതാണ്. അപ്പോള്‍മാത്രമേ എത്ര രൂപയുടെ സമ്പാദ്യം ഉണ്ട് എന്ന് വ്യക്തമാവൂ.
അങ്ങനെ കൂട്ടിയെടുക്കുന്ന കണക്കാകട്ടെ തികച്ചും യാന്ത്രികവുമായിരിക്കും. കാരണം, ചരിത്ര പ്രാധാന്യവും വിശ്വാസത്തിന്റെ പരിവേഷവുമുണ്ടാവുമ്പോള്‍ വസ്തുവിന്റെ മൂല്യം തിട്ടപ്പെടുത്തുക അസാധ്യമാണ്. പത്മനാഭസ്വാമി ക്ഷേത്ര നിലവറകളിലെ നിധിശേഖരം സംബന്ധിച്ച കണക്കെടുപ്പിന്റെ ഒരുഘട്ടംപോലും പൂര്‍ത്തിയായിട്ടില്ല. ഡോക്യുമെന്റേഷന്‍ പൂര്‍ത്തിയാവുകയും സുപ്രീംകോടതി അത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്. ഒരു തരിപോലും നഷ്ടപ്പെടില്ലെന്ന് ഉറപ്പ് വരുത്തി ഡോക്യുമെന്റേഷന് സൂക്ഷ്മപരിശോധന ഇനിയും ആവശ്യമായി വന്നേക്കാം. ചരിത്രപ്രാധാന്യമുള്ളതും മതപരമായതും കലാമേന്മയുള്ളതും, അതൊന്നുമല്ലാത്തതുമായ വസ്തുവകകള്‍ വേര്‍തിരിക്കുകയും കേടുപാട് വരാതെ സൂക്ഷിക്കാന്‍ സംവിധാനമുണ്ടാക്കുകയും വേണം. അതോടൊപ്പം ഈ മഹാസമ്പത്ത് അന്യാധീനപ്പെടാതെ കാത്തുസൂക്ഷിക്കുക എന്ന പ്രശ്നവുമുണ്ട്. പ്രത്യേക സായുധ പോലീസ് വിഭാഗങ്ങളോ സൈനിക യൂണിറ്റ് തന്നെയോ ഇതിനാവശ്യമായി വരും.
നിലവറകളിലെ രഹസ്യം സുപ്രീംകോടതി മനസിലാക്കിക്കഴിയുന്നതോടെ കോടതിതന്നെ അതിനുള്ള എല്ലാ നടപടികളും ശാസ്ത്രീമായി സ്വീകരിക്കുമെന്ന് കരുതാം. പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ അതിന്റെ സൂക്ഷിപ്പും കൈവശാവകാശവും പ്രയോജനവും ഉപയോഗവും സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. വര്‍ഗീയവും സാമുദായികവുമായ മുതലെടുപ്പിനുള്ള തീവ്രശ്രമങ്ങളുമുണ്ട്. ഇപ്പോള്‍ നിലവറകള്‍ തുറന്നു പരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത് ഏതു സാഹചര്യത്തിലാണ് എന്ന് പരിശോധിക്കാതെ, അതിലേക്ക് നയിച്ച കോടതിവിധികളും ആ വിധികള്‍ക്കാധാരമായ ക്ഷേത്രചരിത്രവും തിരുവിതാംകൂര്‍ ചരിത്രവും പരിശോധിക്കാതെ, നിധി കണ്ട് കണ്ണുമഞ്ഞളിച്ചവര്‍ വൈകാരികമായി പ്രതികരിക്കുകയാണ്. സ്വത്തുക്കള്‍ എങ്ങനെയുണ്ടാകുന്നു, നിധികള്‍ എങ്ങനെയുണ്ടാകുന്നു, അത് ആരുണ്ടാക്കുന്നു, അത് സംഭരിച്ചു കുന്നുകൂട്ടാന്‍ കഴിയുന്നതെന്തുകൊണ്ട് എന്നീ തികച്ചും ലളിതമായ അടിസ്ഥാന തത്വങ്ങള്‍ പരിശോധിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നതേയില്ല. നിധികള്‍ സംബന്ധിച്ചും പുരാവസ്തുക്കള്‍ സംബന്ധിച്ചും ഇന്ത്യന്‍ ഭരണഘടന എന്തുപറയുന്നുവെന്നും പരിശോധിക്കപ്പെടുന്നേയില്ല. അതിന്റെ ന്യായാന്യായങ്ങള്‍ ഇഴകീറി പരിശോധിച്ച് പരമോന്നത നീതിപീഠം ഒരു തീരുമാനത്തിലെത്തട്ടെ. കോടതിയിലുള്ള ഈ കേസില്‍ ഇപ്പോള്‍ അഭിപ്രായപ്രകടനത്തിന് പ്രസക്തിയില്ല. എന്നാല്‍ , ഇപ്പോഴത്തെ സംഭവവികാസങ്ങളിലേക്ക് നയിച്ച കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നത് വലിയ തെറ്റാണ്. തിരുവിതാംകൂറിന്റെ അവസാനത്തെ രാജാവായിരുന്ന ശ്രീ ചിത്തിരതിരുന്നാള്‍ അന്തരിച്ചശേഷം ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ വലിയ പാകപ്പിഴകളുണ്ടാകുന്നുവെന്നും ക്ഷേത്രത്തിലെ ജംഗമ വസ്തുക്കള്‍ അല്‍പ്പാല്‍പ്പം അന്യാധീനപ്പെടുന്നുവെന്നും കോടതിയില്‍ പരാതികള്‍ വന്നത് തൊണ്ണൂറുകളുടെ ആദ്യമാണ്.
ഇന്ത്യ പരമാധികാരത്തിലെത്തിയതോടെ തിരുവിതാംകൂറിലും രാജഭരണത്തിന് പൂര്‍ണമായി അന്ത്യം കുറിച്ചു. നാളതുവരെ രാജാവായി തുടര്‍ന്ന വ്യക്തിക്ക് ചില പദവികള്‍ കല്‍പ്പിച്ചുനല്‍കിയെന്നു മാത്രം. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ പ്രസ്തുത പദവികള്‍ അനന്തരാവകാശി എന്നനിലയില്‍ കൈയാളിക്കൊണ്ട് പത്മനാഭസ്വാമി ക്ഷേത്ര ഭരണാധികാരിയായി സ്വയം അവരോധിതനായി. ക്ഷേത്രഭരണത്തില്‍ അതോടെ പല പ്രശ്നങ്ങളുണ്ടാവുകയും സ്വത്തുകളുടെ വിനിയോഗം സംബന്ധിച്ച ആരോപണമുയരുകയും ചെയ്തപ്പോഴാണ് വിശ്വാസികളായ ചിലര്‍ കേസുകളുമായി വന്നത്. ആ ഘട്ടത്തിലാണ് ഹിന്ദുത്വവാദികളും ശിവസേനക്കാരും അമ്പലത്തിന്റെ സംരക്ഷണത്തിന് എന്ന വ്യാജേന ക്ഷേത്രഭരണത്തില്‍ ഇടപെടാന്‍ തുടങ്ങിയത്. പരാതിക്കാരായ ഭക്തന്മാരെയും അവരുടെ അഭിഭാഷകരെയും ഇക്കൂട്ടര്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നിടംവരെ അതെത്തി. "റൂളര്‍" എന്ന വാക്കിന്റെ ബലത്തില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയ്ക്ക് പത്മനാഭസ്വാമി ക്ഷേത്രഭരണം കൈയാളാന്‍ അധികാരമില്ലെന്നാണ് 2007ല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി വിധിച്ചത്. കാരണം ഭരണഘടനാപരമായി സംസ്ഥാന സര്‍ക്കാരിനാണ് സ്റ്റേറ്റിലെ പരമാധികാരം. മറ്റ് റൂളര്‍ ആരുമില്ല.
പണ്ട് രാജാവും പിന്നീട് രാജപ്രമുഖനുമായിരുന്ന ചിത്തിര തിരുനാളിന്റെ സഹോദരന് റൂളര്‍ ആയി അവകാശപ്പെടാനാവില്ലെന്നും കോടതി വിധിച്ചു. കഴിഞ്ഞ ജനുവരി 31ന് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും അസന്ദിഗ്ധമായി വിധി അംഗീകരിച്ചു. ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണം പൂര്‍ണമായും സ്റ്റേറ്റില്‍ നിക്ഷിപ്തമാണെന്നും ഗുരുവായൂര്‍ ക്ഷേത്രഭരണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതുപോലുള്ള സംവിധാനം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തിലും ഏര്‍പ്പെടുത്തണമെന്നുമാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. വിവിധ കോടതികളില്‍ നടന്ന കേസുകളില്‍ ക്ഷേത്രഭരണാധികാരപ്രശ്നം മാത്രമല്ല അവിടത്തെ സുരക്ഷ, സ്വത്തുവകകള്‍ , നിലവറകളിലെ സ്വര്‍ണനിധികള്‍ , അതിന്റെ ദുരുപയോഗമുണ്ടാകുന്നുണ്ടോ, ചട്ടവിരുദ്ധമായി എന്തെങ്കിലും നടക്കുന്നുണ്ടോ എന്നിവയെല്ലാം പരിശോധിക്കപ്പെടുന്നുണ്ട്. ഹൈക്കോടതി വിധിക്കെതിരെ ശ്രീ മാര്‍ത്താണ്ഡവര്‍മ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഈ കേസിന്റെ പരിഗണനയുമായി ബന്ധപ്പെട്ടാണ് മെയ് ആദ്യം ഏഴംഗ പരിശോധനാ സമിതിയെ സുപ്രീം കോടതിയെ നിയോഗിച്ചത്. ഒമ്പതാം നൂറ്റാണ്ടുമുതല്‍ അറിയപ്പെടുന്നതാണ് പത്മനാഭസ്വാമി ക്ഷേത്രം.
1750ല്‍ മാര്‍ത്താണ്ഡവര്‍മ രാജ്യം തൃപ്പടിത്താനം നടത്തി പത്മനാഭദാസന്‍ എന്ന നിലയില്‍ ഭരണം തുടങ്ങി. കൊച്ചിവരെയും തമിഴ്നാടിന്റെ ഭാഗങ്ങളിലേക്കും നീണ്ട വിജയകരമായ പടയോട്ടങ്ങളിലൂടെയും ശത്രുക്കളെ നിഗ്രഹിച്ചും പിഴയും മറ്റുമായി പിരിച്ചുമെല്ലാം ഉണ്ടാക്കിയ ധനമുള്‍പ്പെടെ നിലവറകളില്‍ സ്വരുക്കൂട്ടിയിട്ടുണ്ടാവാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യഘട്ടത്തില്‍ രാജഭരണത്തിനായി അഞ്ചുലക്ഷം രൂപ കടം കൊടുക്കാന്‍മാത്രം കഴിവുള്ള സമ്പന്നത ക്ഷേത്രത്തിനുണ്ടായിരുന്നുവെന്നാണ് ചരിത്രം. ക്ഷാമമകറ്റാനും വികസനത്തിനുമെല്ലാം പലപ്പോഴായി ക്ഷേത്രസ്വത്ത് ഉപയോഗപ്പെടുത്തിയതും ചരിത്രം. പത്മനാഭസ്വാമി ക്ഷേത്രം രാജകുടുംബത്തിന്റേതാണെന്ന് ശ്രീ ചിത്തിര തിരുനാള്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ വില്‍പത്രത്തില്‍ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശിച്ചതേയില്ല.
1750ലെ തൃപ്പടിത്താനം ഐതിഹ്യമോ വാക്കാലുള്ളതോ അല്ല. രേഖാമൂലമുള്ളതാണ്. രാജാവെന്ന നിലയില്‍ കൈകാര്യംചെയ്യുന്ന വസ്തുവകകളെല്ലാം ക്ഷേത്രത്തിന്റേതാണെന്ന് വ്യക്തമാക്കുകയാണ് ചെയ്തത്. ക്ഷേത്രം രാജകുടുംബത്തിന്റെ സ്വത്താണെന്ന് അവകാശപ്പെടുന്ന പ്രശ്നമേ ഉദിച്ചില്ല. അങ്ങനെയെല്ലാമുള്ള ക്ഷേത്രത്തിലെ മഹത്തായ നിധിയാണിപ്പോള്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം പരിശോധിച്ച് രേഖപ്പെടുത്തുന്നത്. അത് ഏറ്റവും നന്നായി സംരക്ഷിക്കപ്പെടണം. അത് പരിപാലിക്കുന്നതിന് പഴയ രാജകുടുംബത്തിന്റെ പ്രതിനിധിയും സര്‍ക്കാര്‍ പ്രതിനിധിയുമെല്ലാം ഉള്‍പ്പെട്ട നിയമാനുസൃതമുള്ള ട്രസ്റ്റുണ്ടാകണമെന്ന അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഹൈക്കോടതിവരെയുള്ള കോടതി വിധിയും അതാണ്. ക്ഷേത്രാചാരങ്ങളാകട്ടെ വിശ്വാസികളുടെ താല്‍പ്പര്യാനുസരണം തുടരുകയും വേണം. നിരവധി കുടുംബങ്ങള്‍ക്ക് ക്ഷേത്ര ട്രസ്റ്റുകളില്‍ പാരമ്പര്യ ട്രസ്റ്റി എന്ന നിലയില്‍ അംഗത്വമുണ്ട്. അതുമാത്രമേ പത്മനാഭസ്വാമി ക്ഷേത്രകാര്യത്തിലും പ്രസക്തമാകൂ.
പത്മനാഭസ്വാമി ക്ഷേത്ര നിലവറയിലെ നിധി അന്യാധീനപ്പെടരുത്. അദൃശ്യമായ ചോര്‍ച്ചയുണ്ടെങ്കില്‍ അത് തടയാനും കഴിയണം. കോടതിയുടെതന്നെ നിരീക്ഷണത്തില്‍ നിയമാനുസൃതമുള്ള ഭരണ സംവിധാനമുണ്ടായിക്കഴിഞ്ഞാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടെ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. കരുതല്‍ നിധിയായും ചരിത്രവസ്തുക്കള്‍ എന്ന നിലയിലുമെല്ലാമുള്ള സൂക്ഷിപ്പിനുശേഷമുള്ള ധനം പ്രത്യുല്‍പ്പാദനപരമായി എങ്ങനെ വിനിയോഗിക്കാന്‍ കഴിയുമെന്ന് പിന്നീട് ചര്‍ച്ച ചെയ്യപ്പെടട്ടെ. ആദ്യം കുറ്റമറ്റ കണക്കെടുപ്പും ഡോക്യുമെന്റേഷനും സംരക്ഷണ പദ്ധതികളും നടക്കട്ടെ. സുപ്രീംകോടതി വിധി വരുംവരെ ക്ഷമകാണിക്കുകയാണ് ആദ്യം വേണ്ടത്. ക്ഷേത്രത്തിലെ നിധിയെക്കുറിച്ചുള്ള വിവരണവുമായി ബന്ധപ്പെട്ട് അതിശയോക്തിയും നാടുവാഴിത്ത സംസ്കാരപ്രകീര്‍ത്തനവും വന്‍തോതില്‍ ഉണ്ടാകുന്നുണ്ടെന്നും കാണാതിരുന്നുകൂടാ. അനാവശ്യമായ ഒട്ടേറെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവസരമായി നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ ഇത് ഉപയോഗപ്പെടുത്തുകയാണ്. വിവാദങ്ങളുണ്ടാക്കി സാമുദായിക വികാരമിളക്കിവിടാനുള്ള എല്ലാ ശ്രമങ്ങള്‍ക്കുമെതിരെ ജാഗ്രത വേണം.
*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 07 ജൂലൈ 2011
Thursday, July 7, 2011
Subscribe to:
Post Comments (Atom)
1 comment:
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ ഒന്നൊന്നായി തുറക്കുമ്പോള്‍ അമൂല്യമായ നിധികളിലേക്ക് മാത്രമല്ല, വെളിച്ചം വീശുന്നത്; ചരിത്രത്തിന്റെ അടരുകളിലേക്കുമാണ്. സ്വര്‍ണവും തങ്കവും വെള്ളിയുമടക്കം ഒരു ലക്ഷമോ അതിലേറെയോ കോടികളുടെ സമ്പത്തിന്റെ അപാരവും അപൂര്‍വവുമായ നിധിശേഖരമാണ് ക്ഷേത്രത്തിലെ രഹസ്യ അറകളില്‍ സൂക്ഷിച്ചുവച്ചതെന്നത് വിസ്മയാവഹമാണ്. കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയമായി ഇത് മാറി. സാര്‍വദേശീയമായിത്തന്നെ അത്ഭുതാദരങ്ങളോടെയാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ സ്വീകരിക്കുന്നത്. മറ്റ് നിധികളുടെ പിറകിലെന്നപോലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറകള്‍ക്കുള്ളിലെ സ്വര്‍ണവിഗ്രഹങ്ങളുടെയും സ്വര്‍ണക്കയറുകളുടെയും തങ്ക അങ്കികളുടെയും ആയിരക്കണക്കായ സ്വര്‍ണനാണയങ്ങളുടെയും തിളക്കത്തിനു പിറകില്‍ കണ്ണീരും ജനലക്ഷങ്ങളുടെ വിയര്‍പ്പും അദൃശ്യമായി തളംകെട്ടി നില്‍പ്പുണ്ടാവും.
Post a Comment