പതിനഞ്ച്, പതിനാറ് വര്‍ഷങ്ങള്‍ക്കുശേഷം വടക്കുകിഴക്കന്‍ മേഖലയില്‍ വീണ്ടും യാത്ര ചെയ്യാനെത്തിയതായിരുന്നു രവീന്ദ്രന്‍ . പതിനഞ്ചു വര്‍ഷത്തെ ജരാനരകള്‍ ഗൗഹത്തിയിലെ പാന്‍ ബസാറില്‍ സൃഷ്ടിച്ച വ്യത്യാസങ്ങള്‍ . മലയാളിയായ പ്രഭാകരന്‍ നായരെന്നൊരാള്‍ അവിടെ "മലബാര്‍ ഹോട്ടല്‍" നടത്തുന്നുണ്ട്. രവീന്ദ്രന്‍ മുന്‍പ് അവിടെയാണ് തങ്ങിയിരുന്നത്. കലാപ കലുഷിതമായ അസം ഒരുപാട് മാറിപ്പോയി; പാന്‍ ബസാറും. എന്നിട്ടും, പുതിയതായി വന്ന ഒരു ഹോട്ടല്‍ കെട്ടിടത്തിന്റെ തണലില്‍ മലബാര്‍ ഹോട്ടല്‍ ദൃശ്യമാവുന്നു. വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്നു. ചായയുമായി വന്ന അസാമീസ് ചെറുപ്പക്കാരനോട് ഉടമസ്ഥന്റെ പേര് ചോദിച്ചു. "പ്രഭാകര്‍ ബറുവ" "ബറുവ എപ്പോള്‍ വരും?" "അടുക്കളയിലുണ്ട്". പിന്നെ ആ ചെറുപ്പക്കാരന്റെ അതിശയം അവഗണിച്ചുകൊണ്ട് രവീന്ദ്രന്‍ അടുക്കളയിലേക്കു നടന്നു. അവിടെ കൈലിയും ബനിയനുമായി നിന്ന് പ്രഭാകരന്‍ നായര്‍ വട ഉണ്ടാക്കുന്നു. നല്ല ഒന്നാന്തരം ഉഴുന്നുവട. സഹായിക്കാന്‍ ആരുമില്ല. കലാപത്തിന്റെ അശാന്തിയെത്തുടര്‍ന്ന് മലയാളികളായ എല്ലാ ജോലിക്കാരും നാട്ടിലേക്കു തിരിച്ചുപോയി. പ്രഭാകരന്‍ നായര്‍ കച്ചവടത്തിന്റെയും ജീവിതത്തിന്റെയും സംഭവ ബഹുലമായ ചാക്രിക സമാപ്തിയില്‍ . ഒരു ദിവസത്തേക്ക് കട പൂട്ടി പ്രഭാകരന്‍ നായര്‍ രവീന്ദ്രനേയും കൂട്ടി ഗൗഹത്തിയില്‍ കറങ്ങാനിറങ്ങി. പഴയ സൗഹൃദത്തിന്റെ ആഴം. അയാളുടെ വീടിന്റെ ഇരുപ്പു മുറിയുടെ ഭിത്തിയില്‍ രവീന്ദ്രന്റെ ഒരു പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ചില്ലിട്ട് തൂങ്ങുന്നു. അതുകണ്ട് പ്രഭാകരന്‍ നായരുടെ മുന്നില്‍ രവീന്ദ്രന് താന്‍ വല്ലാതെ ചെറുതാവുന്നതായി തോന്നുന്നു.
സൗഹൃദത്തിന്റെ, മനുഷ്യബന്ധങ്ങളുടെ യാത്രകളാണ് രവീന്ദ്രന്റേത്. ഇന്ത്യയായാലും യൂറോപ്പായാലും മെഡിറ്ററേനിയനായാലും അത് അങ്ങനെതന്നെ ആയിരുന്നു. "അപ്രതിബദ്ധവും കേവലോപചാരപരവുമായ വര്‍ത്തമാനങ്ങള്‍ക്കിടയിലൂടെ സ്ഥാപിച്ചെടുക്കാവുന്ന അന്തര്‍വിനിമയം പലപ്പോഴും പരസ്പര വിശ്വാസത്തിലേക്കും ഹൃദയ ഐക്യത്തിലേക്കും എത്തിക്കുന്നു. ഇങ്ങനെയുണ്ടായ കൂട്ടുകെട്ടുകള്‍ വഴിയാണ് ആല്‍പ്സിലെ ഇടയന്മാര്‍ക്കിടയിലും സ്വിസ് നഗരങ്ങളിലെ ഉള്‍ത്തെരുവുകളിലും സാര്‍ഡീനിയായുടെ കടപ്പുറത്തും വെനീസിലെ മാസ്മരമായ വൈകുന്നേരങ്ങളിലും റോമിലെ നിശാ തീന്‍ഗൃഹങ്ങളുടെ തിരക്കിലും നിര്‍ബാധം അലയുവാനും ഈടുള്ള ചില സൗഹൃദങ്ങള്‍ സൃഷ്ടിക്കുവാനും എനിക്കു കഴിഞ്ഞത്" -അദ്ദേഹം പറയുന്നു. ആഹ്ലാദ ഭരിതരായ ഗ്രാമീണര്‍ , ദരിദ്രമായ നാട്ടിന്‍പുറങ്ങള്‍ , കലാപം കശക്കിയെറിഞ്ഞ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ... രവീന്ദ്രന്റെ ബുദ്ധപദമെന്ന യാത്രാവിവരണം ഇതാണ്. "സദാ നനഞ്ഞും പൂപ്പല്‍ പരന്നും കാണപ്പെടുന്ന ആ ചെടിച്ച മുറിയില്‍ ഞാന്‍ മാസങ്ങളോളം താമസിച്ചിട്ടുണ്ട്.
ഒരു ദിവസം പുലര്‍ച്ചെ ഉണര്‍ന്ന് എഴുന്നേറ്റപ്പോള്‍ മുറിയില്‍ മുട്ടിനു വെള്ളം. വരാന്തയില്‍ ദോശമാസ്റ്ററും മറ്റ് അടുക്കള പയ്യന്മാരും ചേര്‍ന്ന് വടിയും വെട്ടുകത്തിയുമായി മീന്‍പിടിക്കാന്‍ ശ്രമിക്കുന്നു. ബ്രഹ്മപുത്ര തെരുവുകളിലേക്ക് കയറിവന്നു". വടക്കുകിഴക്കന്‍ ദേശങ്ങളുമായി രവീന്ദ്രന്‍ താദാത്മ്യം പ്രാപിച്ചത് ഇങ്ങനെയാവും. വിചിത്രവും ഭീതിദവുമായ പല വിദൂര പൂര്‍വദേശാചാരങ്ങളേയും നമുക്ക് പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. പ്രാകൃതമായ ഭീതിയും വിസ്മയവും ജനിപ്പിക്കുന്ന പല ആദിഗോത്ര സമ്പ്രദായങ്ങളും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പല കഷ്ണങ്ങളായി വെട്ടിനുറുക്കി കാമെങ് നദിയില്‍ തള്ളുന്ന അരുണാചലിലെ മോണ്‍പാകളുടെ ആചാരമാണ് അവയില്‍ ഒന്ന്. അവര്‍ മൃതദേഹങ്ങള്‍ വെട്ടി കഷ്ണങ്ങളാക്കി നദിയില്‍ എറിയുകയാണത്രെ പതിവ്. ജഡം എത്ര കഷ്ണങ്ങളായി വെട്ടണമെന്നും എവിടെ എറിയണമെന്നും നിശ്ചയിക്കുന്നത് ലാമമാരാണ്. പുത്രന്മാരും വെട്ടിനുറുക്കാനുള്ള ഖഡ്ഗധാരികളുമടങ്ങുന്ന ശവഘോഷയാത്ര. ഒരിക്കലും തിരിഞ്ഞുനോക്കാന്‍ അനുവാദമില്ലാത്ത യാത്രയില്‍ അവസാനം വരെ മൃതദേഹത്തെ അനുഗമിക്കുന്നത് പുത്രന്മാരാണ്. നുറുക്കാനായി ഖഡ്ഗധാരികളും.കമാങ്ങ് നദിയിലെ മത്സ്യങ്ങള്‍ക്ക് ഇതിനാലാണത്രെ രുചി കൂടുതല്‍ . മൊണ്‍പാകള്‍ കമാങ്ങിലെ വെള്ളം കുടിക്കാറില്ല. ബുദ്ധമതാനുയായികളുടെ അഹിംസക്കും ഇത്തരം ആചാരങ്ങള്‍ക്കും എന്തു വൈചിത്ര്യം! അതുപോലെയാണ് തമാങ്ങിലെ ബുദ്ധവിഹാരത്തില്‍ യാഗത്തിന്റെ ഷൂട്ടിങ്ങ് എടുക്കാന്‍ പോയതിന്റെ വിവരണവും. ബുദ്ധമതത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്ക് വിഘാതമാവും ഇവ.
രവീന്ദ്രന്റെ പല യാത്രകളും ഷൂട്ടിങ്ങ് യാത്രകളാണ്. തദ്ദേശീയരുമായി ചങ്ങാത്തത്തിലേര്‍പ്പെട്ടാവും, അദ്ദേഹം ഭാഷയുടെ മതില്‍ തരണം ചെയ്യുന്നത്. ദുര്‍ഗമങ്ങളായ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ , സാധാരണ ജീവിതം നയിക്കുന്ന ഒരാള്‍ ചെന്നുകയറാന്‍ മടിക്കുന്ന ആദിവാസി മേഖലകളില്‍ ചെന്ന് അവരുടെ സംസ്കാരവും ആചാരങ്ങളും രേഖപ്പെടുത്തിയ അപൂര്‍വം സഞ്ചാര സാഹിത്യകാരില്‍ ഒരാളാണ് രവീന്ദ്രന്‍ . സാധാരണ നാഗരികനായ ഒരാള്‍ ചെന്ന് പാര്‍ക്കാന്‍ മടികാട്ടുന്ന അനുഭവങ്ങളുടെ അനേകം അറകള്‍ ഈ പുസ്തകങ്ങള്‍ തുറന്നിടുന്നു. എല്ലാത്തിലും, പരിചയിച്ച മനുഷ്യരിലൂടെയാണ് അദ്ദേഹം യാത്രാനുഭവങ്ങള്‍ പങ്കിടുന്നത്. ഒഴിഞ്ഞ പണസഞ്ചിയും ബാക്ക് പാക്കുമായി നാടു കാണാനിറങ്ങുന്ന ഏകാന്ത പഥികന്റെ യാത്രാനുഭവങ്ങള്‍ . പരിചിത ദേശങ്ങളുടെ നന്മകളിലും ആതിഥേയത്തിലും മാത്രം വിശ്വാസമര്‍പ്പിച്ചുകൊണ്ടുള്ള യാത്ര. അതുകൊണ്ടുതന്നെ ഇതര സമൂഹങ്ങളുടെ പെരുമാറ്റ സമ്പ്രദായങ്ങളും വ്യക്തിബന്ധങ്ങളും അടയാളങ്ങളാവുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും യൂറോപ്യന്‍ നഗരങ്ങളിലും മെഡിറ്ററേനിയന്‍ തീരങ്ങളിലുമായി അദ്ദേഹം അനേകം യാത്രകള്‍ നടത്തിയിട്ടുണ്ട്. യാത്രക്കിടയില്‍ അപരനു മുന്നില്‍ അനായാസമായി സ്വയം വെളിപ്പെടുന്നതുപോലെ, യാത്രാവിവരണത്തില്‍ നമുക്കു മുന്നിലും സ്വത്വപ്രകാശനം അനായാസം അദ്ദേഹം നിര്‍വഹിക്കുന്നു.
അകലങ്ങളിലെ മനുഷ്യര്‍ , ബുദ്ധപദം, സ്വിസ് സ്കെച്ചുകള്‍ , മെഡിറ്ററേനിയന്‍ വേനല്‍ , ദിഗാരുവിലെ ആനകള്‍, എന്റെ കേരളം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന സഞ്ചാരസാഹിത്യ കൃതികള്‍ . ഇന്ത്യന്‍ ഗ്രാമജീവിതത്തിന്റെ അനുഭവാഖ്യാനം എന്നു വിശേഷിപ്പിക്കാവുന്ന "അകലങ്ങളിലെ മനുഷ്യര്‍" മാത്രം മതി അദ്ദേഹം എന്നും ഓര്‍മിക്കപ്പെടാന്‍ . ആന്ധ്ര, ഒറീസ, അസം, അരുണാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉള്‍നാടന്‍ ആദിവാസി ഗ്രാമങ്ങളില്‍ അവരോടൊപ്പം ചെലവഴിച്ചാണ് അദ്ദേഹം ഈ പുസ്തകം എഴുതിയിരിക്കുന്നത്.
"ആലംബഹീനനായ ഒരൊറ്റയാന്‍ , അയാള്‍ ഏതു ഭൂഖണ്ഡത്തില്‍ നിന്നായാലും അപകടകാരിയാവാനിടയില്ലാത്തതുകൊണ്ട്, ഒരു വലിയ അളവുവരെ സ്വീകാര്യനാവുന്നുണ്ട്. ഏത് സംസ്കൃതിയിലായാലും വ്യക്തിദൗര്‍ബല്യങ്ങളെ സംബന്ധിച്ച ഈ സാമാന്യ മനോഭാവമാണ് അന്യദേശ സമൂഹങ്ങളുടെ അകത്തളങ്ങളില്‍ പ്രവേശിക്കുവാന്‍ എനിക്ക് സഹായകമായത്. യാത്രക്കിടയില്‍ അപരനുമുന്നില്‍ ഏറ്റവും അനായാസമായും ലളിതമായും സ്വയം വെളിപ്പെടാനുള്ള കഴിവാണ് പ്രധാനം".അദ്ദേഹം തന്റെ ഹൃദയ രഹസ്യം ഇങ്ങനെ തുറന്നുപറയുന്നു.
ഇന്ത്യയിലെ ഗ്രാമങ്ങളെപ്പറ്റി ഇത്രക്ക് സത്യസന്ധമായും യഥാതഥമായും വിവരിച്ചിരിക്കുന്ന കൃതി അകലങ്ങളിലെ മനുഷ്യരെപ്പോലെ മറ്റൊന്നുണ്ടാവില്ല. കൃഷി, ആഹാരം, ആചാര മര്യാദകള്‍ , വിവാഹ സമ്പ്രദായങ്ങള്‍ എല്ലാം സ്പര്‍ശിച്ചിരിക്കുന്നു. നിര്‍ഭയം അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാനും അവരില്‍ ഒരാളായി ജീവിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. അല്ലെങ്കില്‍ ആദിവാസി ഗോത്രങ്ങളുടെ ജീവിതം ഇത്രക്ക് രേഖപ്പെടുത്താനാവുമായിരുന്നില്ല. കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന രവീന്ദ്രന്‍ തന്റെ ജന്മനിയോഗംപോലെയാണ് അധ്വാനിക്കുന്ന, പാവം താഴേക്കിടക്കാരനായ ആദിവാസി ഗ്രാമീണനെ രേഖപ്പെടുത്തിയിരിക്കുന്നത്.
"ഏതാനും നൂറുരൂപക്ക് കുടുംബത്തെ മൊത്തം ജന്മിക്ക് വിറ്റ കര്‍ഷകത്തൊഴിലാളികള്‍ . മണ്ണ് മെഴുകിയുയര്‍ത്തിയ മാളങ്ങള്‍ പോലുള്ള വീടുകള്‍ . വെള്ളവും വേലയും നോക്കി നീങ്ങുന്ന നിത്യയാത്രിക വര്‍ഗങ്ങള്‍ . നാണംകെട്ട നിരക്ഷരത. ജാതിദ്വേഷം, സംഘം പിരിഞ്ഞ് കലിതുള്ളുന്ന ഗ്രാമരാഷ്ട്രീയം, വിസ്മയിപ്പിക്കുന്ന നാടന്‍ സൗന്ദര്യാന്തര്‍ഗതങ്ങള്‍ , വാര്‍ധക്യത്തിനെയും പ്രകോപിപ്പിക്കുന്ന സ്ത്രൈണത... ആന്ധ്രപ്രദേശിലെ ഗ്രാമങ്ങളിലൂടെയുള്ള ഒരു ദീര്‍ഘിച്ച യാത്ര, ദുഃഖവും ഉത്ക്കണ്ഠയും കൗതുകവും ഉണര്‍ത്തും. ഒപ്പം സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ പാപ്പരത്തവും".
ജീവിതം, ജീവിതം മാത്രമാണ് യാത്രാവിവരണങ്ങളിലൂടെ അദ്ദേഹം അടയാളപ്പെടുത്തുന്നത്. പ്രകൃതി വര്‍ണനകളും മറ്റു കാഴ്ചകളും നേരിയ തോതിലേ ഉള്ളൂ. ഇവയെ വേണമെങ്കില്‍ വഴിവിട്ട യാത്രകളെന്നു വിളിക്കാം. പല സ്ഥലങ്ങളും ഗതാഗതം ദുഷ്കരമായതും അഗമ്യങ്ങളുമാണ്. ജീപ്പിലും ബോട്ടിലും വളളത്തിലുമാണ് യാത്ര. അതുപോലെതന്നെ സ്വന്തം അനുഭവ വിവരണങ്ങളും കുറവാണ്. അതുകൊണ്ടുതന്നെ ഇവയെല്ലാം നരവംശ ശാസ്ത്രത്തിന് മുതല്‍ക്കൂട്ടാവുന്ന രേഖകളാണ്. പലതും ഗ്രാമീണരുടെ കഷ്ടപ്പാടുകളുടെയും അതിജീവനത്തിന്റെയും നേര്‍ക്കാഴ്ചകളാവുന്നു. "കൊണ്ട റെഡ്ഡികള്‍ , രാജമുണ്ട്രിയിലെ മുക്കുവര്‍ , കലാവന്തലു എന്ന ഭോഗസമുദായം, ഒറീസയിലെ ഖോണ്ടുകള്‍" എത്രക്ക് എത്രക്ക് വിചിത്രവും വൈവിധ്യപൂര്‍ണവുമാണ് ഇന്ത്യാ മഹാരാജ്യം! "അകലങ്ങളിലെ മനുഷ്യര്‍" സാധാരണ നഗരജീവിതത്തില്‍നിന്നും ഇന്ത്യന്‍ മധ്യവര്‍ഗ ജീവിതത്തില്‍ നിന്നും അനേകം കാതം ദൂരെ കഴിയുന്നവരാണ്. സഹൃദയത്തം നിറഞ്ഞതാണ് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ .
പല ആദിഗോത്രങ്ങളുടെ ഇടയിലേയും വിവാഹ സമ്പ്രദായങ്ങളുടെ അയഞ്ഞ രീതിയെ അദ്ദേഹം വിവരിക്കുന്നുണ്ട്. വിവാഹപൂര്‍വവും ബാഹ്യവുമായ ബന്ധങ്ങള്‍ക്ക് അവര്‍ക്ക് വിലക്കില്ല. അതുപോലെതന്നെ അവരുടെ കാര്‍ഷിക നൃത്തങ്ങളും.
"ഭാര്യമാരെ തെരഞ്ഞെടുക്കുന്നതില്‍ സൗന്ദര്യ പരിഗണനകള്‍ ഖോണ്ഡുകള്‍ക്കിടയില്‍ പ്രധാനമല്ല. പ്രവൃത്തി ചെയ്യാനുള്ള മിടുക്കും ആരോഗ്യവുമാണ് പ്രധാനം. ഹിന്ദു ഭാര്യമാരെപ്പോലെയല്ലാതെ, ഭര്‍ത്താക്കന്മാര്‍ക്കൊപ്പം പാടങ്ങളില്‍ പണി ചെയ്യുന്നതില്‍ സമര്‍ഥകളാണ് ഖോണ്ഡു സ്ത്രീകള്‍ . വിവാഹപ്രായം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പതിനെട്ടു മുതല്‍ ഇരുപത്തിയൊന്നുവരെയാണ്. അന്യോന്യം സാമ്പത്തികാശ്രിതത്വം പരിമിതമായ ഖോണ്ഡുകള്‍ക്കിടയില്‍ ദാമ്പത്യം അസ്വാരസ്യങ്ങള്‍ കുറഞ്ഞതാണ്. സന്ധ്യാവേളകളില്‍ ഭര്‍ത്താക്കന്മാര്‍ക്കൊപ്പമിരുന്ന് മഹുവാ കുടിക്കുകയും ചുരുട്ടുപങ്കിടുകയും ചെയ്യുന്ന ഖോണ്ഡു ഭാര്യമാര്‍ അവരുടെ അര്‍ധപട്ടിണിയിലും ദാരിദ്ര്യസാഹചര്യത്തിലും സമതലത്തിലെ ഹിന്ദുഭാര്യമാരേക്കാളും ആഹ്ലാദവദികളാണെന്നുവേണം കരുതാന്‍".
സ്ത്രീ സൗഹൃദമായ ആദിഗോത്രങ്ങളുടെ ഈ അവസ്ഥ, സമതലത്തിലെ ഹിന്ദുക്കളുടെ കടന്നുകയറ്റം വഴി ഇല്ലാതായിക്കൊണ്ടിരിക്കുകയാണത്രെ. ദൃശ്യമാധ്യമത്തിനുവേണ്ടിക്കൂടിയാണ് സഞ്ചരിച്ചതെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് കാഴ്ചകളില്‍ ഉടക്കിനില്‍ക്കുന്നതേയില്ല. ടെലിവിഷന്‍ പരമ്പരക്കുവേണ്ടി നടത്തിയ "എന്റെ കേരളം" ചരിത്രാനുഭവമാകുന്നതായി തോന്നും. സഞ്ചാര സാഹിത്യത്തിലെ വഴിവിട്ട യാത്രക്കാരന്‍ എന്ന് രവീന്ദ്രനെ വിശേഷിപ്പിക്കാം.
*
ഗീതാഞ്ജലി കൃഷ്ണന്‍ ദേശാഭിമാനി വാരിക 17 ജൂലൈ 2011
ദേശാടനങ്ങളെ പ്രണയിച്ചവന്‍
Thursday, July 14, 2011
Subscribe to:
Post Comments (Atom)
2 comments:
പതിനഞ്ച്, പതിനാറ് വര്‍ഷങ്ങള്‍ക്കുശേഷം വടക്കുകിഴക്കന്‍ മേഖലയില്‍ വീണ്ടും യാത്ര ചെയ്യാനെത്തിയതായിരുന്നു രവീന്ദ്രന്‍ . പതിനഞ്ചു വര്‍ഷത്തെ ജരാനരകള്‍ ഗൗഹത്തിയിലെ പാന്‍ ബസാറില്‍ സൃഷ്ടിച്ച വ്യത്യാസങ്ങള്‍ . മലയാളിയായ പ്രഭാകരന്‍ നായരെന്നൊരാള്‍ അവിടെ "മലബാര്‍ ഹോട്ടല്‍" നടത്തുന്നുണ്ട്. രവീന്ദ്രന്‍ മുന്‍പ് അവിടെയാണ് തങ്ങിയിരുന്നത്. കലാപ കലുഷിതമായ അസം ഒരുപാട് മാറിപ്പോയി; പാന്‍ ബസാറും. എന്നിട്ടും, പുതിയതായി വന്ന ഒരു ഹോട്ടല്‍ കെട്ടിടത്തിന്റെ തണലില്‍ മലബാര്‍ ഹോട്ടല്‍ ദൃശ്യമാവുന്നു. വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്നു. ചായയുമായി വന്ന അസാമീസ് ചെറുപ്പക്കാരനോട് ഉടമസ്ഥന്റെ പേര് ചോദിച്ചു. "പ്രഭാകര്‍ ബറുവ" "ബറുവ എപ്പോള്‍ വരും?" "അടുക്കളയിലുണ്ട്". പിന്നെ ആ ചെറുപ്പക്കാരന്റെ അതിശയം അവഗണിച്ചുകൊണ്ട് രവീന്ദ്രന്‍ അടുക്കളയിലേക്കു നടന്നു. അവിടെ കൈലിയും ബനിയനുമായി നിന്ന് പ്രഭാകരന്‍ നായര്‍ വട ഉണ്ടാക്കുന്നു. നല്ല ഒന്നാന്തരം ഉഴുന്നുവട. സഹായിക്കാന്‍ ആരുമില്ല. കലാപത്തിന്റെ അശാന്തിയെത്തുടര്‍ന്ന് മലയാളികളായ എല്ലാ ജോലിക്കാരും നാട്ടിലേക്കു തിരിച്ചുപോയി. പ്രഭാകരന്‍ നായര്‍ കച്ചവടത്തിന്റെയും ജീവിതത്തിന്റെയും സംഭവ ബഹുലമായ ചാക്രിക സമാപ്തിയില്‍ . ഒരു ദിവസത്തേക്ക് കട പൂട്ടി പ്രഭാകരന്‍ നായര്‍ രവീന്ദ്രനേയും കൂട്ടി ഗൗഹത്തിയില്‍ കറങ്ങാനിറങ്ങി. പഴയ സൗഹൃദത്തിന്റെ ആഴം. അയാളുടെ വീടിന്റെ ഇരുപ്പു മുറിയുടെ ഭിത്തിയില്‍ രവീന്ദ്രന്റെ ഒരു പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ചില്ലിട്ട് തൂങ്ങുന്നു. അതുകണ്ട് പ്രഭാകരന്‍ നായരുടെ മുന്നില്‍ രവീന്ദ്രന് താന്‍ വല്ലാതെ ചെറുതാവുന്നതായി തോന്നുന്നു.
നന്ദി.
Post a Comment