ചിലിയിലെ കവിയും രാഷ്ട്രീയക്കാരനുമായ നെഫ്താലി റിക്കാഡോ റയസ് ബസാള്‍ട്ടോ, ആദ്യം തൂലികാ നാമമായും പിന്നീട് നിയമപരമായ നാമധേയവുമായി സ്വീകരിച്ച പേരാണ് പാബ്ലോ നെരൂദ. ചെക്കോസ്ലോവാക്യയിലെ പത്രപ്രവര്‍ത്തകനും കവിയും എഴുത്തുകാരനും റിയലിസ്റ്റിക് കവിതയുടെ പ്രയോക്താവും May School അംഗവുമായ യാന്‍ നെപ്പോമുക്കി (Jan Nepomuk)ല്‍നിന്നാണ് പാബ്ലോ നെരൂദ ഈ പേര് കണ്ടെത്തിയത്. തന്റെ തലമുറയിലെ സര്‍വമുഖമായ സാംസ്കാരിക രാഷ്ട്രീയ പോരാട്ടങ്ങളില്‍ പ്രാഗിലെ പെറ്റി ബൂര്‍ഷ്വാ മേധാവിത്തത്തിനെതിരെ ശബ്ദിച്ചയാളാണ് യാന്‍ നെരൂദ. അതുകൊണ്ടുതന്നെയായിരിക്കണം ചിലിയിലെയും സ്പെയിനിലെയും തന്റെ രാഷ്ട്രീയ ജീവിതത്തെ ചരിത്രവുമായി ബന്ധിപ്പിക്കുവാന്‍ ആ പേര് തന്നെ അദ്ദേഹം കണ്ടെത്തിയത്.
1904 ജൂലൈ 12നാണ് സാന്റിയാഗോവില്‍നിന്ന് ഏകദേശം മുന്നൂറ്റിഅമ്പത് കിലോമീറ്റര്‍ തെക്കുള്ള ലിനാറസ് പ്രവിശ്യയിലെ പാറന്‍ എന്ന സ്ഥലത്ത് പാബ്ലോ നെരൂദ ജനിച്ചത്. പിതാവായ ജോസെ ദല്‍ കാര്‍മെന്‍ റയസ് മൊറാലസ് റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. അമ്മ റോസാ ബൊസാള്‍ട്ടോ അധ്യാപികയും. നെരൂദ ജനിച്ച് രണ്ട് മാസം കഴിയുമ്പോഴേക്കും അമ്മ മരിച്ചു. നെരൂദയും പിതാവും റ്റെമുക്കോ എന്ന സ്ഥലത്തേക്ക് താമസം മാറുകയും പിതാവ് രണ്ടാം വിവാഹം കഴിക്കുകയും ചെയ്തു. കവിതയോടുള്ള മകന്റെ കമ്പം നെരൂദയുടെ പിതാവ് നിരുത്സാഹപ്പെടുത്തിയിരുന്നു.
പതിമൂന്നാമത്തെ വയസിലാണ് നെരൂദയുടെ ആദ്യത്തെ സാഹിത്യ സംഭാവന പുറത്തുവന്നത്. "അത്യുത്സാഹവും കഠിനാധ്വാനവും" എന്ന പ്രബന്ധമായിരുന്നു അത്. 1918നും 20നുമിടയില്‍ നെരൂദ ഒരുപാട് കവിതകളെഴുതി. നെരൂദ എന്ന പേര് സ്വീകരിച്ചതും 1920ല്‍ ആയിരുന്നു. നെരൂദയുടെ കവിതാബോധത്തെ സ്വാധീനിച്ചവരില്‍ ആദ്യത്തേത് ഫ്രഞ്ച് കവിയായ പോള്‍ വെര്‍ലിയിനാണെന്ന് പറയാം. ഒരുപാട് റഷ്യന്‍ കവികളും ലാറ്റിന്‍ അമേരിക്കന്‍ കവികളും സ്വാധീനം ചെലുത്തിയെങ്കിലും അമേരിക്കന്‍ കവിയായ വാള്‍ട്ട് വിറ്റ്മാന്‍ തന്റെ വലിയൊരു സ്വാധീനമായിരുന്നെന്ന് നെരൂദ സമ്മതിക്കുന്നുണ്ട്.
കവി, രാജ്യതന്ത്രജ്ഞന്‍ , രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലെല്ലാം ഇരുപതാം നൂറ്റാണ്ട് മുഴുവനും ലാറ്റിനമേരിക്കയില്‍ ചിരപരിചിതമായ പേരായിരുന്നു പാബ്ലോ നെരൂദയുടേത്. ഇരുപതാം വയസില്‍ തന്നെ സ്പാനിഷ് കവിതകളിലൂടെ പ്രശസ്തനായിത്തീര്‍ന്നിരുന്നു നെരൂദ. വിഷാദവും പ്രണയവും രതിയുമെല്ലാം ഇഴചേര്‍ന്ന കവിതകളായിരുന്നു അത്. (ഇരുപത് കവിതകളും ഒരു വിഷാദ ഗീതവും). ചിലിയിലെ ഉന്നത ഉദ്യോഗസ്ഥനായി സര്‍ബ, സിലോണ്‍ , ജാവ, അര്‍ജന്റിന, സ്പെയിന്‍ , ഫ്രാന്‍സ്, മെക്സിക്കോ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴും നെരൂദയിലെ കവിതയുടെ വേലിയേറ്റം തുടര്‍ന്നു കൊണ്ടേയിരുന്നു.
ചിലിയിലെ ദാരിദ്ര്യവും സ്പെയിനിലെ ആഭ്യന്തര സമരങ്ങളുമാണ് നെരൂദയെ രാഷ്ട്രീയ കവിയാക്കി മാറ്റിയത്. ചിലിയിലെ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 1943ല്‍ നെരൂദ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. നാല്‍പ്പത്തിയെട്ടില്‍ ഒളിവിലും പിന്നീട് നാല്‍പ്പതിയൊമ്പതില്‍ അര്‍ജന്റിനയിലേക്കും പോവേണ്ടിവന്നു. ലാറ്റിനമേരിക്കന്‍ പോരാട്ട വീര്യത്തിന്റെ സൗന്ദര്യം മുഴുവന്‍ ആവാഹിച്ച കാന്റോ ജനെറല്‍ 1950ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. സര്‍ഗാത്മക വികാരങ്ങളെ സ്വാതന്ത്ര്യത്തിലേക്കുള്ള തീപ്പാട്ടുകളാക്കി മാറ്റിയ തന്റെ കാവ്യ സപര്യയുടെ സാഫല്യമായി 1971ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നെരൂദയെ തേടിയെത്തി.
എങ്കിലും വളരെ ലളിതമായി കരഗതമായ ഒന്നായിരുന്നില്ല ആ നൊബേല്‍ സമ്മാനം. റഷ്യയിലെ സ്റ്റാലിനിസ്റ്റ് ഭരണകൂടത്തെ നെരൂദ പുകഴ്ത്തിയിരുന്നത് നോബല്‍ സമ്മാന സമിതിയിലെ പലര്‍ക്കും അനിഷ്ടമുണ്ടാക്കിയ വിഷയമായിരുന്നു. നെരൂദയുടെ സ്വീഡിഷ് തര്‍ജമക്കാരനായ ആര്‍തര്‍ ലുണ്‍ട്കിവിസ്റ്റിന്റെ വലിയൊരു പ്രവര്‍ത്തനംകൂടിയുള്ളതുകൊണ്ടാണ് ചിലിയിലേക്ക് നൊബേല്‍ സമ്മാനം എത്തപ്പെട്ടത്. നൊബേല്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് സ്റ്റോക്ക്ഹോമില്‍ നെരൂദ നടത്തിയ പ്രസംഗത്തില്‍ ഇങ്ങനെ പറയുകയുണ്ടായി, "ഒരു കവി ഒരേസമയം ഐക്യദാർഢ്യത്തിന്റേയും (Solidarity) ഏകാന്തതയുടെയും (Solitude) പ്രേരകശക്തിയാണ്".
1973ല്‍ ചിലിയില്‍ ചുരുള്‍ നിവര്‍ത്തിയ അഭ്യന്തര അസ്വാസ്ഥ്യം അലന്‍ഡെയെ അട്ടിമറിക്കാനുള്ള കലാപമായിരുന്നു. 1973 സെപ്തംബര്‍ പതിനൊന്നിന് ഒരു "മാര്‍ക്സിസ്റ്റ് ചിലി"യെന്ന നെരൂദയുടെ ചിരകാല സ്വപ്നം ജനറല്‍ പിനോഷയുടെ നേതൃത്വത്തിലെത്തിയ സായുധ സൈന്യം തകര്‍ത്തു തരിപ്പണമാക്കി. അതിനുശേഷം നെരൂദയുടെ വീട് പരിശോധിക്കാനെത്തിയ ചിലിയിലെ ആയുധധാരികളായ പട്ടാളക്കാരോട് നെരൂദ നിര്‍ഭയം പറഞ്ഞതിങ്ങനെയാണ് -"ചുറ്റും നോക്കിക്കൊള്ളൂ... ഇവിടെ നിങ്ങള്‍ക്ക് അപകടകരമായ ഒന്നേ കാണാനാവൂ.... അത് കവിതയാണ്".
1973 സെപ്തംബര്‍ 23ന് വൈകുന്നേരം സാന്റിയാഗോവിലെ സാന്റാ മറിയ ക്ലിനിക്കില്‍ ഹൃദയാഘാതം മൂലമാണ് നെരൂദ മരണമടഞ്ഞത്. പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ വേദനയില്‍ കഴിഞ്ഞിരുന്ന നെരൂദയുടെ അന്ത്യം അങ്ങനെയായിരുന്നു. അതിവിപുലമായ പൊലീസ് കാവലിലായിരുന്നു നെരൂദയുടെ ശവസംസ്കാരച്ചടങ്ങുകള്‍ നടന്നത്. അക്ഷരവിരോധിയായ പിനോഷെ നെരൂദയുടെ വീട് പൂര്‍ണമായി തകര്‍ക്കുകയും കവിതയും പുസ്തകങ്ങളുമെല്ലാം നശിപ്പിക്കുകയും ചെയ്തു. നെരൂദയുടെ മരണത്തിന് കൃത്യം പന്ത്രണ്ട് ദിവസംമുന്നെയാണ് മൊനീസ കൊട്ടാരം തകര്‍ത്തുകൊണ്ട് പിനോഷെയും മറ്റു ജനറല്‍മാരും കൂടി അലന്‍ഡെയെ വധിച്ചത്.
1974ല്‍ നെരൂദയുടെ ആത്മകഥാപരമായ, ഭാവഗീത സാന്ദ്രതയുള്ള ഓര്‍മക്കുറിപ്പുകള്‍ (Memoirs) പ്രസിദ്ധീകരിക്കപ്പെട്ടു. "ഞാന്‍ തുറന്നുപറയുന്നു, ഞാന്‍ ജീവിച്ചിരുന്നു " (I Confess, I have lived) എന്ന തലക്കെട്ടോടുകൂടിയാണ് ആ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. മരണത്തിന്റെ അന്ത്യനിമിഷങ്ങള്‍ വരെ, നെരൂദ തന്റെ ഓര്‍മകള്‍ പകര്‍ത്തിയിരുന്നു. ഞശഴവേ “Right Comrade, It''s the Hour of Garden" എന്ന അവസാന കവിതയടക്കമാണ് ആ പുസ്തകം പുറത്തുവന്നത്.
നെരൂദയുടെ കാമിനിയായ മെറ്റില്‍ഡ ഉറേഷ്യയാണ് ഓര്‍മക്കുറിപ്പുകളെല്ലാം അടുക്കിപ്പെറുക്കി അക്ഷരമുദ്രകളാക്കി മാറ്റിയത്. ചിലിയുടെ പൊതുബോധത്തില്‍നിന്ന് നെരൂദയെ മായ്ച്ചുകളയാന്‍ ശ്രമിച്ച പിനോഷെയുടെ എതിര്‍പ്പുകളെ അതുകൊണ്ടുതന്നെ അവര്‍ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. 1986ല്‍ മരണാനന്തരം അവരുടെ ഓര്‍മക്കുറിപ്പായ "പാബ്ലോ നെരൂദയുടെ കൂടെയുള്ള എന്റെ ജീവിതം" (My life with Pablo Neruda) പുറത്തുവന്നു. നെരൂദയുടെ കവിതകളുടെ മലയാള വിവര്‍ത്തന ഗ്രന്ഥത്തിന്റെ മുഖവുരയില്‍ സച്ചിദാനന്ദന്‍ ഇങ്ങനെ പറയുന്നു- "പ്രപഞ്ചോല്‍പ്പത്തിയേയും പ്രാണി പരിണാമത്തെയും മനുഷ്യേതിഹാസത്തേയും കുറിച്ചുള്ള മൗലികവും കാവ്യാത്മകവുമായ ഒരു സമഗ്രദര്‍ശനം, ചരാചര പ്രകൃതിയുമായുള്ള യോഗാത്മക ലയം, ധര്‍മാനുഷ്ഠാനത്തെയും നൈതിക മൂല്യങ്ങളെയും കുറിച്ചുള്ള പ്രകാശപൂര്‍ണമായ ആകാംക്ഷ - ഇവയെല്ലാമാണ് മഹാകവികളെ വെറും കവികളില്‍നിന്ന് ഉയര്‍ത്തി നിര്‍ത്തുന്നതെങ്കില്‍ പാബ്ലോ നെരൂദ നിസ്സംശയമായും മഹാകവിയാണ്. ബൈബിളിനും മഹാഭാരതത്തിനും ജന്മം നല്‍കിയ അതേ പ്രവചനോന്മുഖമായ ഭാവന, അതേ ചടുലമായ അന്തര്‍ദര്‍ശനം, അതേ ഉദാത്തമായ ഉദ്വിഗ്നത, നെരൂദയുടെ വേരുകളെയും കുളിര്‍പ്പിക്കുന്നു. ഈ അനാത്മവാദി, ഋഷികവികളെപ്പോലെതന്നെ ഏകാന്തതയുടെ മൂര്‍ധന്യത്തെ മനുഷ്യരാശിയിലുള്ള വിലയനവുമായി ഇണക്കിച്ചേര്‍ക്കുന്നു" എന്നാണ്.
കാന്റോ ജനറലില്‍ നെരൂദയുടെ മാനവിക സ്നേഹം സ്ഥലകാല പരിമിതികളില്‍നിന്ന് ഉദാത്തമായി മനുഷ്യത്വ ത്തിലേക്കുയരുന്ന സന്ദര്‍ഭം, "എന്റെ രാഷ്ട്രീയ കക്ഷിക്ക്" എന്ന കവിതയില്‍ സ്പഷ്ടമായി കാണാം.
അറിയപ്പെടാത്ത മനുഷ്യരുമായി
നീ എനിക്ക് സാഹോദര്യം നല്‍കി -
എന്ന വരികളിലൂടെ കവിത അവസാനിക്കുന്നത്, ഇനിമേല്‍ ഞാന്‍ എന്നില്‍തന്നെ ഒടുങ്ങുന്നില്ല-എന്ന് പറഞ്ഞുകൊണ്ടാണ് (വിവ: സച്ചിദാനന്ദന്‍)
മുതലാളിത്തത്തിന്റേയും സാമ്രാജ്യത്വത്തിന്റേയും അരാജകത്വപരമായ കാലാവസ്ഥ, ലോകത്ത് പതുക്കെ ശക്തി പ്രാപിക്കയാണ് എന്ന തിരിച്ചറിവില്‍നിന്നാണ് നെരൂദ തന്റെ കവിതയുടെ പ്രതിരോധ മുഴക്കങ്ങള്‍ തീര്‍ക്കുന്നത് എന്ന് കാണാം. ഗബ്രിയല്‍ ഗാര്‍സിയ മാര്‍ക്വിസ് ഇരുപതാം നൂറ്റാണ്ടിലെ മഹാനായ കവിയായാണ് നെരൂദയെ വിശേഷിപ്പിച്ചത്. വിദേശ ഭാഷയിലെഴുതിയ ഒരു കവിക്ക് ഇന്ത്യയില്‍ അത്രയേറെ വായനക്കാരും തര്‍ജമകളും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നെരൂദയ്ക്കാണെന്ന് കാണാം. ലാറ്റിന്‍അമേരിക്കയിലെ മിക്കവാറും കഥകളില്‍ പാബ്ലോ നെരൂദ ഒരു കഥാപാത്രമായി വരുന്നത് കാണാം. മാര്‍ക്വിസിന്റെ പന്ത്രണ്ട് തീര്‍ഥാടക കഥകള്‍ (Twelve Pilgrim Stories 1992) എന്ന സമാഹാരത്തില്‍ ഉള്‍പ്പെട്ട കഥയാണ് "ഞാന്‍ എന്റെ സ്വപ്നങ്ങള്‍ വില്‍ക്കുന്നു. (I Sell my Dreams). ഈ കഥയില്‍ ഒരു കഥാപാത്രമായി വന്ന് നെരൂദ പറയുന്നത് ഉള്‍ക്കാഴ്ച കൊണ്ടും ക്രാന്തദര്‍ശനം കൊണ്ടും കവിതപോലെ മറ്റൊന്നും അനുഗ്രഹിക്കപ്പെട്ടിട്ടില്ല എന്നാണ്.
നെരൂദയുടെ ആയിരക്കണക്കിന് കവിതകള്‍ ലാറ്റിനമേരിക്കയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് മനഃപാഠമായിരുന്നു. അതുകൊണ്ട്തന്നെയാവണം നെരൂദ പറഞ്ഞത്, "ചിലിയിലെ മുക്കിലും മൂലയിലും സഞ്ചരിച്ച് കവിതയുടെ വിത്തുകളെ ജനങ്ങളുടെ മനസ്സില്‍ വിതറിയവനാണ് ഞാന്‍ എന്ന്". രണ്ടായിരത്തി ഒന്നില്‍ പുറത്തുവന്ന അന്റോണിയോ സ്കര്‍മറ്റാസിന്റെ നെരൂദയുടെ തപാല്‍കാരന്‍ (Nerudas'' Post Man) നെരൂദയിലെ യഥാര്‍ഥ മനുഷ്യന്റെ ഹൃദയസ്പൃക്കായ വിവരണമാണ്. ഈ നോവല്‍ പിന്നീട് മൈക്കല്‍ റെഡ്ഫോര്‍ഡ് റെഡ്ഫോര്ഡ് The Postman (1995) എന്ന പേരില്‍ സിനിമയാക്കുകയും അക്കാദമി അവാര്‍ഡ് നോമിനേഷന് പരിഗണിക്കപ്പെടുകയുമുണ്ടായി. നെരൂദയും അമേരിക്കന്‍ സംസ്കാര വ്യവസായവും (Neruda and American Culture Industy) എന്ന പുസ്തകത്തില്‍ ഗുപപ്ലെ ബെല്ലിനി നെരൂദയെ അവതരിപ്പിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ വ്യാഖ്യാതാവ് (Pablo Neruda Interpreter of Our Century) എന്ന നിലയിലാണ്.
മനുഷ്യന്റെ ഭൂമിയിലെ വിഷമകരമായ ജീവിതത്തിന് കാവലാളായി നില്‍ക്കേണ്ടവനാണ് കവിയെന്ന് നെരൂദക്കറിയാമായിരുന്നു. പ്രതിസന്ധികളിലെല്ലാം അതിജീവനത്തിന്റെ ഊര്‍ജം പകര്‍ന്ന് വരാനിരിക്കുന്ന ഒരു സാഹോദര്യത്തിന്റെ ഭാവിയെ നെരൂദ വരവേറ്റിരുന്നു. മാഡ്രിഡ് സര്‍വകലാശാലയില്‍ തന്റെ യുവസുഹൃത്തായ നെരൂദയെ പരിചയപ്പെടുത്തിക്കൊണ്ട് ലോര്‍ക പറഞ്ഞതും ഇതാണ്- "നെരൂദ തന്റെ കാര്‍ക്കശ്യവും തരളതയും കൊണ്ട് എന്നും വിശ്വസിച്ചിരുന്നത് ഒരു ആഹ്ലാദകരമായ നാളയിലാണ്" എന്നാണ്. പാബ്ലോ നെരൂദയുടെ കവിതകളേയും രാഷ്ട്രീയത്തേയും അപഗ്രഥിച്ചുകൊണ്ട് ഗ്രഗ് ഡേവ്സ് (Gred Dawes) എഴുതിയ പുസ്തകത്തിന്റെ പേര് "അന്ധകാരത്തിനെതിരെയുള്ള കവിതകള്‍ (Verses Against Darkness) എന്നാണ്.
രാഷ്ട്രീയത്തിന്റെ തീര്‍ച്ചയും മൂര്‍ച്ചയുമുള്ള നെരൂദയുടെ കവിതകള്‍ സാമ്രാജ്യത്വത്തിന്റെ മസ്തിഷ്കങ്ങളെ അസ്വസ്ഥമാക്കിയിരുന്നു എന്നതിന് തെളിവുകള്‍ ധാരാളമുണ്ട്. The CIA and the world of Arts and Letters എന്ന പുസ്തകത്തില്‍ ഫ്രാന്‍സിസ് സ്റ്റോന്നര്‍ സോന്‍ഡേര്‍സ് (Frances Stoner Saunders) ഇക്കാര്യം എടുത്തുപറയുന്നുണ്ട്. സിഐഎ യുടെ ധനസഹായത്തോടെ സാംസ്കാരിക സംഘടനയുടെ പേരിലാണ് കമ്യൂണിസ്റ്റ് എഴുത്തുകാരനായ നെരൂദയെ പോലുള്ളവരെ നേരിടാന്‍ ഗൂഢാലോചനകള്‍ നടന്നത്. മനുഷ്യന്റെ ദൈനംദിന ഭാഷയിലൂടെ രാഷ്ട്രീയ ഘോഷയാത്രയിലും ട്രേഡ് യൂണിയന്‍ സമ്മേളനങ്ങളിലും "കാന്റോ ജനറെല്‍" വായിച്ച് ജനങ്ങളെയുണര്‍ത്തിയ നെരൂദയെ ജനങ്ങള്‍ ഹൃദയത്തിലാണ് സംരക്ഷിച്ചത്. പിനോഷെമാരുടെ ഗര്‍ജനങ്ങളില്‍ വാടിപ്പോകാതെ തളിര്‍ത്തും തളിരിട്ടും അത് ഇന്നും അതിര്‍ത്തികളില്ലാത്ത മാനവികതയുടെ വരമ്പിലൂടെ തലയെടുപ്പോടെ മുന്നോട്ട്തന്നെ പൊയ്ക്കൊണ്ടിരിക്കുന്നു.
നെരൂദയുടെ ഓര്‍മപുസ്തകം (Memoirs) ഹൃദ്യമായ ഒരനുഭവമാണ്. അതില്‍ നെരൂദ പറയുന്നുണ്ട് "തന്റെ പല ഓര്‍മകളും അവ്യക്തമായിപ്പോയിട്ടുണ്ട്... ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പെറുക്കിയെടുക്കാന്‍ കഴിയാത്ത ചില്ലുകഷ്ണങ്ങളെപ്പോലെ അവയെല്ലാം ചിതറിപ്പോയിട്ടുണ്ട്"-എങ്കിലും മരണമില്ലാത്ത ഓര്‍മയായി നെരൂദ കവിതയുടെ ശക്തിഗോപുരങ്ങളില്‍ കാവല്‍ നില്‍ക്കുന്നു എന്നതാണ് പരമാര്‍ഥം. "നിക്സണ്‍ വധത്തിന് പ്രേരണയും ചിലിയന്‍ വിപ്ലവത്തിന് സ്തുതിയും" എന്ന കവിതയില്‍ , "ഞാനിവിടത്തന്നെ നില്‍ക്കും" എന്ന ഭാഗം ചരിത്രപരമായി നെരൂദയുടെ അസ്ഥിത്വത്തെ മനുഷ്യരും ഭൂമിയുമായി വിളക്കിച്ചേര്‍ക്കുന്നു.
എന്റെ രാജ്യം വിഭജിക്കപ്പെടുന്നതോ
ഏഴു കത്തികള്‍കൊണ്ട് അതിന്റെ ചോര വാര്‍ന്നുപോകുന്നതോ
എനിക്കിഷ്ടമല്ല.
പുതുതായി പണിതീര്‍ന്ന വീടിന്റെ മുകളില്‍
ചിലിയുടെ പ്രകാശം പരത്തുകയാണെന്റെ ആവശ്യം.
എന്റെ നാട്ടില്‍ എല്ലാവര്‍ക്കും ഇടമുണ്ട്.
തൊഴിലാളികളോടൊത്തു ചേര്‍ന്നു പാടാന്‍
ഞാനിവിടെത്തന്നെ നില്‍ക്കും.
ഈ പുതിയ ചരിത്രത്തിന്‍ ഭൂമിശാസ്ത്രത്തില്‍ -
പാബ്ലോ നെരൂദ ചിലിക്കും സ്പെയിനിനും അപ്പുറത്ത് കാലാതീതമായി അധിനിവേശത്തിനെതിരായ കവിതയുടെ ഊര്‍ജവും താളവുമായി ഇന്നും സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു.
*
പ്രമോദ് വെള്ളച്ചാല്‍, കടപ്പാട്:ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
1 comment:
ചിലിയിലെ കവിയും രാഷ്ട്രീയക്കാരനുമായ നെഫ്താലി റിക്കാഡോ റയസ് ബസാള്‍ട്ടോ, ആദ്യം തൂലികാ നാമമായും പിന്നീട് നിയമപരമായ നാമധേയവുമായി സ്വീകരിച്ച പേരാണ് പാബ്ലോ നെരൂദ. ചെക്കോസ്ലോവാക്യയിലെ പത്രപ്രവര്‍ത്തകനും കവിയും എഴുത്തുകാരനും റിയലിസ്റ്റിക് കവിതയുടെ പ്രയോക്താവും May School അംഗവുമായ യാന്‍ നെപ്പോമുക്കി (Jan Nepomuk)ല്‍നിന്നാണ് പാബ്ലോ നെരൂദ ഈ പേര് കണ്ടെത്തിയത്. തന്റെ തലമുറയിലെ സര്‍വമുഖമായ സാംസ്കാരിക രാഷ്ട്രീയ പോരാട്ടങ്ങളില്‍ പ്രാഗിലെ പെറ്റി ബൂര്‍ഷ്വാ മേധാവിത്തത്തിനെതിരെ ശബ്ദിച്ചയാളാണ് യാന്‍ നെരൂദ. അതുകൊണ്ടുതന്നെയായിരിക്കണം ചിലിയിലെയും സ്പെയിനിലെയും തന്റെ രാഷ്ട്രീയ ജീവിതത്തെ ചരിത്രവുമായി ബന്ധിപ്പിക്കുവാന്‍ ആ പേര് തന്നെ അദ്ദേഹം കണ്ടെത്തിയത്.
Post a Comment