ഭാരതമെന്നുകേട്ടാല്‍ അഭിമാന പൂരിതമാവണം; കേരളമെന്നു കേട്ടാല്‍ ചോര നമുക്ക് തിളയ്ക്കണം എന്നൊക്കെ പാടിയ കവിയെ പ്രണമിക്കുന്നു. പക്ഷേ, ഇതു രണ്ടും സംഭവിക്കാത്ത നിസ്സഹായാവസ്ഥ വന്നാലോ. ഡല്‍ഹിയിലെ തുറുങ്കുകള്‍ കഥ പറയുമ്പോള്‍ അഭിമാനമാണോ, അപമാനമാണോ അന്തരംഗത്തില്‍ നിറയുക. ഇപ്പോഴത്തെ കേരളത്തിലെ കിഞ്ചനവര്‍ത്തമാനങ്ങള്‍ കേട്ടാല്‍ ചോര ശരിക്കും തിളയ്ക്കും. പണ്ട് വി ടി ഭട്ടതിരിപ്പാട് പറഞ്ഞപോലെ, ''അധമരേ എന്നാക്രോശിച്ച്'' തിരുവനന്തപുരത്തേയ്ക്ക് അലറിയടുക്കാന്‍ തോന്നും.
ആരാണ് നമ്മുടെ നാടിന് ''ദൈവത്തിന്റെ സ്വന്തം നാട്'' എന്ന ഒട്ടും ചേരാത്ത പേരിട്ടത്. കവിയും എഴുത്തുകാരനും സീനിയര്‍ ഐ എ എസ് കാരനുമായ കെ ജയകുമാര്‍ ചെയ്തതാണിതെന്നാണ് കേള്‍വി. അദ്ദേഹം, ആ മുഖംപോലെ സുന്ദരമായ മനസ്സുള്ള വ്യക്തിയാണ്. കവിത്വ സമൃദ്ധിയില്‍ പിറന്ന ഈ രൂപകം, നമ്മുടെ നാടിന് ഇന്ന് ഒട്ടും ചേരാത്തതായിപോയില്ലേ. ഈയിടെ വായിക്കുന്നതെല്ലാം അതിനു ചേര്‍ന്നതാണ്.
തുരുതുരാ ഭരണപരമായ മണ്ടത്തരങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ആദ്യത്തേത് പഞ്ചമ മന്ത്രിപുംഗമ പ്രശ്‌നം. അക്കിടി ആദ്യം പറ്റിയത് മുസ്ലീംലീഗിനുതന്നെ. പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ വനവാസത്തിനുശേഷമുള്ള തുടക്കം നന്നായില്ല. മന്ത്രിസ്ഥാനങ്ങളൊക്കെ ഒരു വക ഭാഗിച്ച് കുട്ടകളിലാക്കി കഴിഞ്ഞപ്പോഴാണ്, പാണക്കാട് നിന്ന് ലീഗിന്റെ അഞ്ചാം പുറപ്പാടുണ്ടായത്. ലീഗിന് അഞ്ചാം മന്ത്രിയുണ്ടാവുമെന്നും അത് ഇടതുവശത്തുകൂടെ മറുകണ്ടം ചാടിയ അലിയാവുമെന്നും പാണക്കാട്ട് തങ്ങള്‍ പ്രസ്താവിച്ചുകളഞ്ഞു.
ഒരു മുന്നണിയില്‍ അതൊക്കെ ആവാമോ എന്നൊന്നും ആരും ചിന്തിച്ചില്ല.
വെട്ടിലായത് മുസ്‌ലീം ലീഗിന്റെ സമസ്തകരാറും എടുത്ത വക്താവ് 'കുഞ്ഞാക്ക' തന്നെ, സാക്ഷാല്‍ കുഞ്ഞാലിക്കുട്ടി സാഹിബ്. ഇനി അതിന് ന്യായീകരണം കണ്ടെത്തണം. എന്തായാലും തങ്ങള് പറഞ്ഞതല്ലേ നടക്കാതിരുന്നാല്‍ എന്തൊരു അപമാനം. ഒരു മുന്നണിയുടെ ഘടകകക്ഷി പ്രസിഡന്റായ അദ്ദേഹം, മുന്‍കരുതലില്ലാതെ പറഞ്ഞകാര്യം ഭരണത്തിന്റെ ആദ്യനാളിലേ കുളം കലക്കി. മാണിസാഹിബും ചൂണ്ടയിട്ടു. ചാണ്ടിയോ ചെന്നിത്തലയോ കൊത്തിയാലായില്ലേ. കൊത്തിയില്ല. കാര്യം ചീഫ് വിപ്പിലൊതുക്കി. പ്രശ്‌നം പിന്നെയും ഉണ്ടായി.
തങ്ങള്‍ മുഖ്യമന്ത്രിയുമായി സംഭാഷണത്തിന് പോയത്രെ. അതു മതനിന്ദയാവുമെന്ന് അണികള്‍. മുഖ്യന്‍ തങ്ങളുടെ അടുത്തേയ്ക്കല്ലേ വരേണ്ടത്. ലീഗ് നേതൃത്വത്തിന് ഇതും പൊല്ലാപ്പ്. തുടക്കം തന്നെ ശരിയായില്ല.
കാര്യങ്ങള്‍ ഒരുവക ഒതുക്കാമെന്നായപ്പോഴാണ് മാണിസാറിന്റെ ബജറ്റ് പാലം പാലായ്ക്ക് പോയത്. കുറെയൊക്കെ കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറത്തിനും കിട്ടി. കെ എം ബജറ്റ്, അഥവാ കോട്ടയം മലപ്പുറം ബജറ്റ്. എല്ലാം കുശാലായെന്നു കരുതി ചിരിച്ചപ്പോഴാണ് പ്രതാപനും സതീശനുമൊക്കെ പെരുക്കാന്‍ തുടങ്ങിയത്. ഇതെന്ത് ബജറ്റെന്നായി അവര്‍. കോണ്‍ഗ്രസ്, ഘടകകക്ഷിക്കെതിരെയോ. ബജറ്റിനെതിരെയോ ഉള്ളില്‍തന്നെവിമര്‍ശനം. ഒരു ബജറ്റിന്റെ യാതൊരു ഘടനയുമില്ലാത്തതായിരുന്നു ഏതാണ്ട് രണ്ടു ദശാബ്ദങ്ങള്‍ക്കപ്പുറം ബജറ്റ് അവതരിപ്പിച്ച മാണി വീണ്ടും കൊണ്ടുവന്ന ബജറ്റ്. അന്ന് മാണി ഒരു കമ്മി ബജറ്റിനെ മിച്ചബജറ്റാക്കി. 'ബജട്രിക്‌സ്' അവതരിപ്പിച്ചത് സകല ബജറ്റ് സിദ്ധാന്തങ്ങളെയും കാറ്റില്‍പ്പറത്തിയായിരുന്നു.
ഇത്തവണത്തേത് ഒരു പിള്ളര് കളിയായിരുന്നു. പ്രാദേശിക പക്ഷപാതിത്വം ആരോപിച്ച് വന്‍ എതിര്‍പ്പ് ഉള്ളില്‍ നിന്നുയര്‍ന്നപ്പോള്‍, ബജറ്റ് തിരുത്താമെന്നായി ധനമന്ത്രി. അതതിലും കേമം. 1986 ലെ ബജറ്റിലെ കമ്മി-മിച്ചമാക്കിയ മുതുകാട് കളിയെ ഡോ കെ എന്‍ രാജും, ഡോ പി കെ ഗോപാലകൃഷ്ണനും എതിര്‍ത്തിരുന്നു. ഈ ലേഖകനും മാതൃഭൂമിയില്‍ ഒരു ലേഖനമെഴുതിയിരുന്നു. അന്ന് മാണി മറുപടി പറഞ്ഞില്ല. ഇന്നും മാണി മിണ്ടുന്നില്ല. തിരുത്താം എന്നൊക്കെയുള്ള ആശ്വാസ വചനങ്ങളാണ്. ഞാനും ഒരു ധനശാസ്ത്ര വിദ്യാര്‍ഥിയാണ്. സത്യം പറഞ്ഞാല്‍ മാണിയുടെ ബജറ്റ് ഒരന്തവും കുന്തവുമില്ലാത്ത കോമാളിത്തമായിപ്പോയി.
അങ്ങനെ തുടക്കത്തിലേ ഒരു ബജറ്റ് ദുരന്തവുമായി. പിന്നെയും പ്രശ്‌നങ്ങളുണ്ടായത് ചില തോട്ടവിളകളുടെ പരിധി എടുത്തുകളഞ്ഞതും അവയെ ഭൂപരിഷ്‌ക്കരണ നിയമത്തില്‍ നിന്ന് എടുത്തുമാറ്റിയതുമായിരുന്നു. ഇവിടെയും ''വ്രതാവാദികള്‍'' കൊത്തി, ഭൂമിമാഫിയയെ പോറ്റാനും ലാഭമടിക്കാനുമുള്ള തന്ത്രമാണെന്ന് കോണ്‍ഗ്രസുകാരും പറഞ്ഞു.
തോട്ടങ്ങളിലെ കുറേഭാഗം മറ്റാവശ്യങ്ങള്‍ക്കുമാവാമെന്ന പരിഷ്‌ക്കാരം വന്നാല്‍ പിന്നെ എസ്റ്റേറ്റല്ല, റിയല്‍ എസ്റ്റേറ്റാവും തഴച്ചുവളരുക. അത് മാണി മുന്‍കൂട്ടി കണ്ടതാണോ? അപ്പോഴദ്ദേഹം പറഞ്ഞ മറുപടി, ഇതൊക്കെ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശത്തോടെയാണെന്നായിരുന്നു. അതോടെ പ്രശ്‌നം പിന്നെയും നാറി. കോണ്‍ഗ്രസ് വെട്ടിലായി. എന്തുമറുപടി പറയും. കുഞ്ഞുകുഞ്ഞ് കൊച്ചുമാണിക്ക് ഇക്കാര്യത്തില്‍ കൂട്ടോ. എന്തായാലും കോണ്‍ഗ്രസ് വക്താവിന്, ഒരു മറുപടി പറയേണ്ടിവരും. അത് മാണിക്ക് അനുകൂലമാവാനും വയ്യ. എതിരാളികളില്‍ നിന്നുമാത്രം രക്തസാക്ഷികളെ കണ്ടെത്തുന്നതാണ് ജനാധിപത്യ സ്വഭാവം. ഇവിടെ അത് സ്വന്തം കൂട്ടത്തില്‍ നിന്നാവുമ്പോഴോ?
പൊല്ലാപ്പുകള്‍ തീരാനുള്ളതല്ല. അതിനിടയിലായിരുന്നു കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി സി പ്രശ്‌നം. ''ആലായാല്‍ തറവേണം, അടുത്തൊരമ്പലം വേണം'' എന്ന് പാട്ടില്‍ പറഞ്ഞമാതിരി, യൂണിവേഴ്‌സിറ്റിയായാല്‍ ഒരു വി സി വേണം. മുമ്പൊക്കെ കൊള്ളാവുന്നവരെയും തികഞ്ഞവരെയുമായിരുന്നു വി സിമാരാക്കിയിരുന്നത്. മെല്ലെ മെല്ലെ അതില്‍ വെള്ളം ചേര്‍ക്കാന്‍ തുടങ്ങി. വി സിയും മത-ജാതി പരിഗണന പ്രകാരമായി. കോട്ടയത്തൊരു നസ്രാണി, തിരുവനന്തപുരത്തൊരു നായര്, കോഴിക്കോട്ടൊരു മുസ്‌ലീം, പിന്നെ കണ്ണൂരും കൊച്ചിയിലുമൊക്കെ തരംപോലെ. അങ്ങനെയാണ് ഒരു മുസ്‌ലീം വി സി യെ തേടി മുസ്‌ലീം ലീഗ് നേതൃത്വം ചര്‍ച്ചതുടങ്ങിയത്. അവസാനം അത് പഴയൊരു പഞ്ചായത്ത് പ്രസിഡന്റിലെത്തി. കക്ഷി സ്വന്തം പിതാവിന്റെ ഹൈസ്‌ക്കൂളില്‍ അധ്യാപകനായിരുന്നു. യൂണിവേഴ്‌സിറ്റിക്കടുത്ത് ഒരു പഞ്ചായത്ത്. പിന്നെ സ്വകാര്യമായി പഠിച്ച് ''വൈദ്യരായി'' അതായത് ഡോക്ടറേറ്റ്. കോളജ് പടികണ്ടിട്ടില്ല - പഠിച്ചും പഠിപ്പിച്ചും. പക്ഷേ മുസ്‌ലീം ലീഗ് നേതൃത്വത്തിനതുമതി. ചീഫ് സെക്രട്ടറി അടങ്ങുന്ന പാനല്‍ ഈ പേര് നിര്‍ദേശിച്ചത്രെ.
ഈ ചീഫ് സെക്രട്ടറി പ്രഭാകരനെന്തു പറ്റി എന്നാണ് ഞാന്‍ ചിന്തിച്ചത്. ഇടയില്‍ അഷ്‌റഫ് എന്ന പാനലംഗം ഉടക്കിയിരുന്നില്ലെങ്കില്‍, ഈ മുന്‍പഞ്ചായത്ത് പ്രസിഡന്റ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി സി ആയേനെ. ഈ ലേഖകനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പരിസരത്ത് ജനിച്ചു വളര്‍ന്നവനാണ്. അവിടെ കൊള്ളാവുന്ന ഒരുപാടുപേരുണ്ട്. നാലാള് കേട്ടാല്‍ അയ്യേ എന്നു പറയാത്ത ഒരാളെ ഈ വമ്പന്‍ നേതൃത്വത്തിനു കിട്ടിയില്ലെന്നോ. അതല്ല മണ്ണിന്റെ മകന്‍ തന്നെ വേണമെന്നുവെച്ച് ഇടിമുഴിക്കല്‍, ചേലേമ്പ്ര, പാണമ്പ്ര, തേഞ്ഞിപ്പാലം പ്രദേശം തപ്പി കക്ഷിയെ കണ്ടുപിടിച്ചതാണോ.
ഇത്ര വഷളാവാന്‍ എന്തേകാര്യം. എന്തായാലും നേതൃത്വം മാറി. ഉടനെ ഈ കക്ഷിയെ മൊഴിചൊല്ലി, മറ്റൊരു പുയ്യാപ്ല വി സി യെ കൊണ്ടുവരാനായി കുഞ്ഞാലിക്കുട്ടിയും ഇ ടി യും റബ്ബ് മന്ത്രിയുമൊക്കെ കൂടിയിരിക്കാന്‍ പോകുന്നു. മുസ്‌ലീം തന്നെ വേണം അവിടെ വി സി യാവാന്‍. ഗാനിസാഹിബും ജലീല്‍ സാഹിബും ഒക്കെ ഇരുന്ന കസേരയാണെന്ന് ഓര്‍ത്തില്ലല്ലോ എന്റെ റബ്ബേ.
എന്തായാലും അണികള്‍ ഇപ്പോള്‍ ലീഗ് നേതൃത്വത്തെയാണ് പഴിക്കുന്നത്. കോണ്‍ഗ്രസ് മാണിയെയും. ആകെ മൊത്തം വിമ്മിട്ടവും എക്കിട്ടവുമായാണ് തുടക്കം. ഇനിയും ഇങ്ങനെ തുടരാനാണോ ഭാവം.
ജനത്തിനു സൈ്വര്യം തരില്ലെന്നാണോവാശി. അറിയില്ല.
ദൈവത്തിന്റെ സ്വന്തം നാടിന്റെ ഒരു ഗതികേട്!
*
പി എ വാസുദേവന്‍ ജനയുഗം 23 ജൂലൈ 2011
Subscribe to:
Post Comments (Atom)
1 comment:
ഭാരതമെന്നുകേട്ടാല്‍ അഭിമാന പൂരിതമാവണം; കേരളമെന്നു കേട്ടാല്‍ ചോര നമുക്ക് തിളയ്ക്കണം എന്നൊക്കെ പാടിയ കവിയെ പ്രണമിക്കുന്നു. പക്ഷേ, ഇതു രണ്ടും സംഭവിക്കാത്ത നിസ്സഹായാവസ്ഥ വന്നാലോ. ഡല്‍ഹിയിലെ തുറുങ്കുകള്‍ കഥ പറയുമ്പോള്‍ അഭിമാനമാണോ, അപമാനമാണോ അന്തരംഗത്തില്‍ നിറയുക. ഇപ്പോഴത്തെ കേരളത്തിലെ കിഞ്ചനവര്‍ത്തമാനങ്ങള്‍ കേട്ടാല്‍ ചോര ശരിക്കും തിളയ്ക്കും. പണ്ട് വി ടി ഭട്ടതിരിപ്പാട് പറഞ്ഞപോലെ, ''അധമരേ എന്നാക്രോശിച്ച്'' തിരുവനന്തപുരത്തേയ്ക്ക് അലറിയടുക്കാന്‍ തോന്നും.
Post a Comment