കുട്ടനാടന്‍ കായല്‍പ്പരപ്പും അവിടത്തെ പാവപ്പെട്ട മനുഷ്യരുടെ ജീവിതവും പുറംലോകത്തിന് എന്നും വിസ്മയമാണ്്. ജലസമൃദ്ധിയുടെ അനുഗ്രഹത്തിനൊപ്പം കലിയിളക്കങ്ങളും ജീവിതത്തിന്റെ ഇത്തിരിവട്ടത്തില്‍ ഏറ്റുവാങ്ങേണ്ടിവരുന്ന ജനത. മലയാളിയുടെ കാര്‍ഷികസംസ്കാരത്തിന്റെ പ്രകാശം ചൊരിയുന്ന ഭൂവിഭാഗം. നോക്കെത്താത്ത കായല്‍പ്പരപ്പിനെ പച്ചവിരിപ്പിന്റെ പാടങ്ങളാക്കി മാറ്റിയ മനുഷ്യാധ്വാനത്തിന്റെ തിരുശേഷിപ്പ്. കേരളത്തിന്റെ നെല്ലറയെന്ന അപരാപിധാനംകൊണ്ട് ചരിത്രകാരന്മാര്‍ കുട്ടനാടിന്റെ വിസ്മയത്തെ പാടിപ്പുകഴ്ത്തി. നാടിനെ തീറ്റിപ്പോറ്റിയ കുട്ടനാടിന്റെ ഹരിതസമൃദ്ധി ഇപ്പോള്‍ പക്ഷേ ഓര്‍മകളില്‍ താലോലിക്കാനുള്ള ഗൃഹാതുരത്വമായി മാറുകയാണ്. ഇത്തരമൊരു അന്തരാളഘട്ടത്തില്‍ , അന്യമാകുന്ന കുട്ടനാടന്‍ പച്ചപ്പിനെപ്പറ്റി ആകുലതകള്‍ ഉണ്ടാവുക സ്വാഭാവികം. മലയാളികളൊക്കെ ഹൃദയത്തില്‍ ഏറ്റുവാങ്ങേണ്ടതുമാണ് അത്തരം ആകുലതകള്‍ . ഇവ പങ്കുവയ്ക്കുമ്പോള്‍ ചരിത്രത്തെയും അത് സമ്മാനിച്ച സമ്മോഹനതകളെയും കൊഞ്ഞനം കുത്തിക്കൂടാ. അതിനുവേണ്ടി വിയര്‍പ്പൊഴുക്കിയ മനുഷ്യരെയും ദര്‍ശനങ്ങളെയും പരിഹസിച്ചുകൂടാ. അങ്ങനെ ചെയ്യുമ്പോള്‍ ചരിത്രംതന്നെ പരിഹാസ്യമാകും. ആ പരിഹാസ്യതയുടെ അഴുക്കുചാലില്‍ വീണ് പുതിയ ചരിത്രസൃഷ്ടാക്കളും അന്ധരാകും.
കുട്ടനാടന്‍ കായല്‍രാജാവായിരുന്ന മുരിക്കിന്‍ മൂട്ടില്‍ ഔതയെന്ന ജോസഫ് മുരിക്കന്റെ കഥ പറഞ്ഞുകൊണ്ട് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ തയ്യില്‍ ജേക്കബ് സണ്ണി ജോര്‍ജ് എന്ന ടി ജെ എസ് ജോര്‍ജ് നടത്തുന്ന പരാമര്‍ശങ്ങളാണ് ഇത്തരമൊരു ചിന്തയ്ക്ക് പ്രേരണ. കോട്ടയത്തെ ഡിസി കിഴക്കേമുറി ഭാഷാപഠനകേന്ദ്രം തയ്യാറാക്കിയ, ഐസിഎസ്ഇ പാഠ്യപദ്ധതിയിലുള്ള ഏഴാംക്ലാസിലെ മലയാളപാഠാവലിയില്‍ "മുരിക്കന്‍" എന്ന പേരിലുള്ള ആറാം പാഠഭാഗത്തിലാണ് ടി ജെ എസ് ജോര്‍ജ് ചരിത്രത്തെ നിഷേധിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ളത്. ഇതിനൊപ്പം എല്ലാ വലതുപക്ഷ പണ്ഡിതമ്മന്യന്മാരും ചെയ്യുന്നതുപോലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒന്ന് ഞോണ്ടാനും ജോര്‍ജ് മറന്നിട്ടില്ല. ജോര്‍ജിന്റെ വാദങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
"വേമ്പനാട്ടുകായലിലെ ചിത്തിര (ക്യു-900 ഏക്കര്‍), മാര്‍ത്താണ്ഡം (എസ്-652 ഏക്കര്‍), റാണി (ടി-600 ഏക്കര്‍) എന്നീ മൂന്നു കായലുകളില്‍ മുരിക്കന്‍ എന്ന കര്‍ഷകപ്രമാണി അത്ഭുതകരമായ രീതിയില്‍ ബണ്ട് നിര്‍മിച്ച് കൃഷിയിറക്കി. 37 വര്‍ഷം ഇവിടെ നെല്‍ക്കൃഷി ആദായകരമായി നടത്തി. 1957ലെ ഇ എം എസ് ഗവണ്‍മെന്റ് നടപ്പാക്കിയ കാര്‍ഷിക ഭൂപരിഷ്കരണ നിയമത്തിന്റെ ഫലമായി മുരിക്കന്റെ ഭൂമി ഏറ്റെടുത്ത് പാര്‍ടി അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. ഇവര്‍ക്കാകട്ടെ കൃഷി ചെയ്യാനറിയില്ലായിരുന്നു. അതുമൂലം കായല്‍ക്കൃഷി നശിച്ചു. മുരിക്കന്‍ കഞ്ഞികുടിക്കാന്‍ വകയില്ലാതെ ഹൃദയം പൊട്ടി മരിച്ചു."
കമ്യൂണിസ്റ്റ് പാര്‍ടിയെയും അതിന്റെ നേതാക്കളെയും ഭര്‍ത്സിക്കാനും ആക്രമിക്കാനും കോപ്പുകൂട്ടുന്നവര്‍ക്ക് ഇന്ധനം പകരാന്‍ കഴിയുന്ന പരാമര്‍ശങ്ങളാണ് ജോര്‍ജ് നടത്തിയിരിക്കുന്നത് എന്നതില്‍ സംശയമില്ല. വിശ്രുത മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ അറിയപ്പെടുന്ന ജോര്‍ജ് കഴിഞ്ഞ നാളുകളില്‍ പേന ഉപയോഗിച്ച് ഈ കമ്യൂണിസ്റ്റുവിരുദ്ധത ആവോളം പ്രകടിപ്പിച്ചിട്ടുമുണ്ട്. പക്ഷേ, ഇതു പ്രകടിപ്പിക്കാന്‍ ചരിത്രവസ്തുതകളെ അപ്പാടെ മറച്ചുവയ്ക്കുമ്പോഴാണ് വസ്തുനിഷ്ഠ ജേര്‍ണലിസത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നത്.
ജോര്‍ജില്‍നിന്ന് ടി ജെ എസ് ജോര്‍ജിലേക്ക്
അപ്പര്‍കുട്ടനാട്ടില്‍പ്പെട്ട പന്തളത്തെ തുമ്പമണില്‍ ജനിക്കുകയും കുട്ടനാടിന്റെതന്നെ ഭാഗമായ അമ്പലപ്പുഴയില്‍ ദീര്‍ഘകാലം താമസിക്കുകയും ചെയ്തിട്ടുള്ള ജോര്‍ജ്, ബാല്യകൗമാരയൗവനങ്ങളിലൂടെ കുട്ടനാടിന്റെ നാഡീസ്പന്ദങ്ങള്‍ അടുത്തറിഞ്ഞിട്ടുള്ളയാളാണ്. ഔദ്യോഗിക രേഖകളനുസരിച്ച് 1928ല്‍ ജനിച്ച ജോര്‍ജിന്റെ ജനനം കുടുംബരേഖകളില്‍ 1930ലാണെന്ന് അദ്ദേഹംതന്നെ ഒരഭിമുഖത്തില്‍ സമ്മതിച്ചിട്ടുള്ളതാണ്. കോട്ടയത്തും അമ്പലപ്പുഴയിലുമായി സ്കൂള്‍വിദ്യാഭ്യാസവും തിരുവനന്തപുരത്ത് ഇന്റര്‍മീഡിയറ്റും പൂര്‍ത്തിയാക്കിയശേഷം ബിഎ ഓണേഴ്സ് പഠിക്കാന്‍ മദിരാശിയിലെ താംബരത്തേക്ക് വണ്ടി കയറുകയായിരുന്നു. ബിഎ പഠനം പൂര്‍ത്തിയാക്കി 1949ല്‍ മുംബൈയിലെത്തി ഫ്രീപ്രസ് ജേര്‍ണലില്‍ പത്രപ്രവര്‍ത്തകനായി മാറിയതിനുശേഷം ജീവിതവും പ്രവര്‍ത്തനവുമൊക്കെ കേരളത്തിന് പുറത്തും വിദേശത്തുമായിരുന്നു. അതായത് 80 വയസ്സ് പിന്നിടുന്ന ജോര്‍ജിന് 20 വയസ്സിനുശേഷമുള്ള കേരളാനുഭവം വായനയില്‍നിന്നും ബൗദ്ധികസംവാദങ്ങളില്‍നിന്നും മാത്രമുള്ളതാണ്. ഈ ചര്‍ച്ചകളെല്ലാം വലതുപക്ഷരാഷ്ട്രീയക്കാരുടെയും പത്രപ്രവര്‍ത്തകരുടെയും നിരീക്ഷണങ്ങളുടെ പിന്‍ബലത്തിലുമായിരുന്നു. കുട്ടനാടന്‍ സ്പന്ദനങ്ങള്‍ അടുത്തറിഞ്ഞ ബാല്യകാലസ്മൃതികളുണ്ടെങ്കിലും 1950നുശേഷമുള്ള കുട്ടനാടിനെ അദ്ദേഹം നേരിട്ട് അറിഞ്ഞിട്ടില്ല. ജൈവപരമായ ഇത്തരമൊരനുഭവത്തിന്റെ അഭാവത്തിനൊപ്പം ബൂര്‍ഷ്വാ ജേര്‍ണലിസത്തിന്റെ രീതിശാസ്ത്രം മനസ്സിലും ചിന്തയിലും കുടിയിരുത്തുകയും ചെയ്യുന്നതുകൊണ്ടാണ് ഭൂപരിഷ്കാരനിയമവും അത് സൃഷ്ടിച്ച സാമൂഹ്യമുന്നേറ്റത്തിന്റെ പുതിയ ആകാശങ്ങളെയും അദ്ദേഹം കണ്ടില്ലെന്നു നടിക്കുന്നത്.
വസ്തുതകള്‍ വളച്ചൊടിക്കുന്നു
കര്‍ഷകപ്രമാണിയായിരുന്ന മുരിക്കന്‍ കായലുകള്‍ കൃഷിനിലങ്ങളായി പരിവര്‍ത്തിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയെന്നതും കൃഷിയിറക്കിയെന്നതും വസ്തുതതന്നെയാണ്. അതിനുശേഷം പറയുന്ന കാര്യങ്ങളെല്ലാം വസ്തുതാവിരുദ്ധവും ചരിത്രനിഷേധവുമാണ്. മുരിക്കന്‍ കൃഷിയിറക്കാന്‍ പാടുപെട്ടു എന്നു പറയുമ്പോള്‍ത്തന്നെ അതിനുവേണ്ടി സ്വന്തം ചോരയും പ്രാണനും ബലി നല്‍കിയ കുട്ടനാട്ടിലെ നിസ്വരും നിരാലംബരുമായ കര്‍ഷകത്തൊഴിലാളികളുടെ ത്യാഗം അദ്ദേഹം മറച്ചുവയ്ക്കുകയാണ്. മൂന്നു കായലുകളിലുമായുള്ള 2152 ഏക്കര്‍ പാടശേഖരം മുരിക്കന് കുടുംബസ്വത്തായി ലഭിച്ചതോ തീറാധാരപ്രകാരം അദ്ദേഹം പണം നല്‍കി വാങ്ങിയതോ ആയിരുന്നില്ല. മുരിക്കന്റെ കൈവശം ഈ കൃഷിനിലങ്ങള്‍ വന്നുചേര്‍ന്നതിനുപിന്നില്‍ ഒരു ചരിത്രമുണ്ട്. അതില്‍ കുട്ടനാട്ടിലെ ചേറിലും ചെളിയിലും ജീവിതം ഹോമിക്കുന്ന ദരിദ്രരുടെ ജീവിതസ്വപ്നങ്ങള്‍ അലിഞ്ഞുചേര്‍ന്നിട്ടുമുണ്ട്.
1930കളില്‍ തിരുവിതാംകൂറിലാകെ കടുത്ത ഭക്ഷ്യക്ഷാമമുണ്ടായപ്പോള്‍ അത് പരിഹരിക്കാന്‍ നടപടികളെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് കര്‍ഷകത്തൊഴിലാളികളും കയര്‍ത്തൊഴിലാളികളും വലിയ പ്രക്ഷോഭം നടത്തി. തുടര്‍ന്ന് അന്ന് രാജഭരണം കൈക്കൊണ്ട നടപടികളുടെ ഭാഗമായിട്ടായിരുന്നു കായല്‍ നികത്തി കൃഷിയിറക്കാനുള്ള നിര്‍ദേശങ്ങളുണ്ടായത്. ഇതിന് മുന്നിട്ട് മുരിക്കനിറങ്ങിയെന്നത് സത്യമാണ്. എന്നാല്‍ , കായലുകള്‍ കൃഷിനിലങ്ങളാക്കി പരിവര്‍ത്തിപ്പിക്കാന്‍ പണം മുടക്കിയത് അന്നത്തെ തിരുവിതാംകൂര്‍ ഗവണ്‍മെന്റായിരുന്നു. മുരിക്കന്‍ അറിയപ്പെടുന്ന കര്‍ഷകനായിരുന്നതുകൊണ്ട് ഗവണ്‍മെന്റ് ഇതിന്റെ ചുമതല മുരിക്കനെ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് ആയിരക്കണക്കിന് കര്‍ഷകത്തൊഴിലാളികളെ ഊണും ഉറക്കവുമില്ലാതെ പണിയെടുപ്പിച്ചാണ് ബണ്ടുകെട്ടി കായലുകള്‍ കൃഷിനിലങ്ങളാക്കി മാറ്റിയത്. നാലും അഞ്ചും ആള്‍ താഴ്ചയുള്ള കായലിലെ ഉപ്പുവെള്ളത്തില്‍ ദിവസവും പത്തും പന്ത്രണ്ടും മണിക്കൂര്‍ ഊളിയിട്ടിറങ്ങി ചെളി കോരിയെടുത്ത് വള്ളങ്ങളില്‍ കൊണ്ടുവന്നാണ് തൊഴിലാളികള്‍ ബണ്ടുണ്ടാക്കിയത്. അതിസാഹസികമായ ഈ ജോലിയില്‍ ഏര്‍പ്പെട്ട നിരവധി തൊഴിലാളികള്‍ രക്തസാക്ഷികളായത് ഇപ്പോഴും കുട്ടനാട്ടുകാരുടെ ഓര്‍മകളിലുണ്ട്. പലവിധ രോഗപീഡകൊണ്ട് ജീവിച്ചിരിക്കുന്ന രക്തസാക്ഷികളായവരും കുറവല്ല. പിന്നീട് ഇവിടെ പൊന്നുവിളയിച്ചതും പാവപ്പെട്ട മനുഷ്യരായിരുന്നു.
ചുരുക്കത്തില്‍ ദരിദ്രജനസഹസ്രങ്ങളുടെ ചോരയും ജീവനുംകൊണ്ട് മെനഞ്ഞെടുത്തതാണ് കായല്‍പ്പാടങ്ങള്‍ . ഇത് പിന്നീട് രാജാവ് മുരിക്കന് പതിച്ചുകൊടുത്തു. അങ്ങനെയാണ് മുരിക്കന്‍ കായല്‍നിലങ്ങളുടെ അധിപനായത്. ഇവിടെ ആദ്യം കൃഷിയിറക്കാനെത്തിയ രാജാക്കന്മാരോടുള്ള ആദരസൂചകമായാണ് കായല്‍നിലങ്ങള്‍ക്ക് ചിത്തിര, മാര്‍ത്താണ്ഡം, റാണി എന്നീ പേരുകള്‍ നല്‍കിയത്. ഇത് യഥാക്രമം ചിത്തിരതിരുനാള്‍ , മാര്‍ത്താണ്ഡവര്‍മ, റാണി സേതുലക്ഷ്മീബായി എന്നിവരുടെ ഓര്‍മകളുമായി ബന്ധപ്പെട്ടതുമാണ്. ഈ ചരിത്രമൊക്കെ മറച്ചുവച്ചാണ് ജോര്‍ജ് മുരിക്കന്റെ മാഹാത്മ്യം ആഘോഷിക്കുകയും തൊഴിലാളിപ്രസ്ഥാനത്തെ അധിക്ഷേപിക്കുകയും ചെയ്യുന്നത്.
പ്രക്ഷോഭത്തിന്റെ നാളുകള്‍
ജോര്‍ജ് പറയുന്നതുപോലെ ഭൂപരിഷ്കരണം പാസാക്കിയ 1957ലെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റല്ല മുരിക്കന്റെ ഭൂമി ഏറ്റെടുക്കുന്നത്. 1957ലെ ഗവണ്‍മെന്റ് കൊണ്ടുവന്ന കാര്‍ഷിക ഭൂപരിഷ്കരണനിയമത്തെ 1959ല്‍ ആ ഗവണ്‍മെന്റിനെ പിരിച്ചുവിട്ടതിനുശേഷം വന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റ് അട്ടിമറിക്കുകയായിരുന്നു. പിന്നീട് 1967ല്‍ വന്ന ഇ എം എസിന്റെ രണ്ടാമത്തെ ഗവണ്‍മെന്റാണ് ഇത് പരിഷ്കരിച്ച് നടപ്പാക്കാന്‍ ശ്രമിച്ചതെന്നതും അനിഷേധ്യമായ ചരിത്ര വസ്തുതയാണ്. എന്നാല്‍ , 1969ല്‍ ആ ഗവണ്‍മെന്റും പോയതിനു ശേഷം ഭൂപരിഷ്കരണനിയമം പൂര്‍ണമായി നടപ്പാകാതെ വന്നുവെന്നതും ചരിത്രമാണ്.
ഈ ഘട്ടത്തിലാണ് 1969 ഡിസംബര്‍ 14ന് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അടങ്ങുന്ന ജനലക്ഷങ്ങള്‍ ആലപ്പുഴയിലെ അറവുകാട് മൈതാനിയില്‍ ഒത്തുചേര്‍ന്ന് കുടികിടപ്പുഭൂമിക്കുവേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ പ്രഖ്യാപനം നടന്നത്. ഭൂപരിഷ്കരണനിയമം നടപ്പാക്കിയില്ലെങ്കില്‍ 1970 ജനുവരി ഒന്നുമുതല്‍ കുടികിടപ്പുഭൂമി വളച്ചുകെട്ടി അവകാശം സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം നടത്തിയ എ കെ ജി കേരളത്തോട് പറഞ്ഞത്. തുടര്‍ന്ന് സംസ്ഥാനത്താകെ വളച്ചുകെട്ടല്‍സമരം വിജയകരമായി മുന്നേറി. സമരത്തിനിടയില്‍ പൊലീസിന്റെ വെടിവയ്പില്‍ കള്ളിക്കാട്ടെ ഭാര്‍ഗവിയും നീലകണ്ഠനുമടക്കം നിരവധി തൊഴിലാളികള്‍ രക്തസാക്ഷികളായി. ഇത്തരം നിരവധിപേരുടെ രക്തസാക്ഷിത്വത്തിന് ഒടുവിലാണ് കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് കുടികിടപ്പവകാശം ലഭ്യമായത്. എന്നാല്‍ , ഈ ഘട്ടത്തിലും ജന്മിമാരില്‍നിന്ന് നിയമപ്രകാരം ഏറ്റെടുക്കേണ്ടിയിരുന്ന മിച്ചഭൂമി ഏറ്റെടുത്തിരുന്നില്ല. ഇതിനായി വീണ്ടും പാവപ്പെട്ട മനുഷ്യര്‍ സമരരംഗത്തിറങ്ങി. മുടവന്‍മുകള്‍ കൊട്ടാരവളപ്പില്‍ ചാടിക്കയറി സമരവളന്റിയര്‍മാരെ എ കെ ജി ആവേശംകൊള്ളിച്ചു. അന്ന് കര്‍ഷകത്തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന വി എസ് അച്യുതാനന്ദന്‍ കുട്ടനാട്ടിലെ കായല്‍ച്ചിറകളില്‍ സമരപതാകയുമേന്തി രംഗത്തിറങ്ങി. ഇത്തരം സമരങ്ങളുടെ ഫലമായിട്ടായിരുന്നു 1972ല്‍ സര്‍ക്കാര്‍ മുരിക്കന്റെ കൈകളില്‍നിന്നടക്കം മിച്ചഭൂമി ഏറ്റെടുത്തത്. അന്ന് അച്യുതമേനോനായിരുന്നു മുഖ്യമന്ത്രിയെങ്കിലും ഭരണം കോണ്‍ഗ്രസിന്റേതായിരുന്നു. ഏറ്റെടുത്ത മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനുവേണ്ടി കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും വീണ്ടും സമരം ചെയ്യേണ്ടിവന്നു. ഈ ചരിത്രമൊക്കെ ജോര്‍ജ് ബോധപൂര്‍വം മറച്ചുവയ്ക്കുകയാണ്.
കോണ്‍ഗ്രസ് ഭരണകാലം
ജോര്‍ജ് പറയുന്നതുപോലെ മുരിക്കന്റെ മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതുകൊണ്ടല്ല അവിടെ കൃഷി ഇല്ലാതായത്. അതിനും ചരിത്രവസ്തുതകള്‍തന്നെയാണ് സാക്ഷ്യപത്രം. ഏറ്റെടുത്ത ഭൂമി വിതരണംചെയ്യുന്നത് അടിയന്തരാവസ്ഥയുടെ കറുത്തനാളുകളിലായിരുന്നു. അതുകൊണ്ടുതന്നെ ഭരണം നിയന്ത്രിച്ചിരുന്ന കോണ്‍ഗ്രസുകാര്‍ തങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്കൊക്കെയായി ഭൂമി വീതിച്ചുനല്‍കിയതാണ് പ്രധാന പ്രശ്നം. ഐഎന്‍ടിയുസി നേതാക്കള്‍ക്കടക്കം ഭൂമി ലഭിച്ചപ്പോള്‍ യഥാര്‍ഥ ഭൂരഹിതരും കര്‍ഷകത്തൊഴിലാളികളുമായ ചുരുക്കംപേര്‍ക്കേ ഭൂമി ലഭിച്ചുള്ളൂ. അന്യായമായി ഭൂമി കൈവശപ്പെടുത്തിയവരാകട്ടെ ഇത് മറിച്ചുവില്‍ക്കുകയും ചെയ്തു. യഥാര്‍ഥ ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ ഇവിടെ കൃഷിയിറക്കാന്‍ തയ്യാറായി. ഇതിന്റെ ഫലമായിട്ടാണ് ചിത്തിര,റാണി കായലുകളില്‍ കൃഷി അന്യമായപ്പോഴും മാര്‍ത്താണ്ഡം കായലില്‍ കൃഷി നടക്കുന്നത്.
മിച്ചഭൂമി 1600 പേര്‍ക്കായാണ് വീതിച്ചുനല്‍കിയത്. സവിശേഷ ഭൂഘടനയുള്ള കായല്‍നിലങ്ങള്‍ തുണ്ടുതുണ്ടായി മാറിയപ്പോള്‍ കൃഷിയിറക്കുന്നതിന് പ്രായോഗികമായ പ്രശ്നങ്ങളും പരിമിതികളും ഉണ്ടായെന്നത് വസ്തുതയാണ്. മടവീഴ്ച നേരിടുന്ന ബണ്ടുകളുടെ ബലപ്പെടുത്തല്‍ , കുറ്റമറ്റ ജലസേചനസംവിധാനം, വൈദ്യുതി ലഭ്യത എന്നിവയൊക്കെ കൃഷിക്ക് അനിവാര്യമായിരുന്നു. ഇതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുകയായിരുന്നു ഗവണ്‍മെന്റ് ചെയ്യേണ്ടിയിരുന്നത്. അതുചെയ്യാതിരുന്ന ഗവണ്‍മെന്റിന്റെ കൃത്യവിലോപം കാണാതെ, സാമൂഹ്യപുരോഗതി ലക്ഷ്യംവച്ച് നടപ്പാക്കിയ ഭൂപരിഷ്കരണത്തെ തള്ളിപ്പറയുന്നത് ആരോഗ്യകരമായ നിരീക്ഷണമായി കാണാനാകില്ല. ഏറ്റെടുത്ത് വിതരണംചെയ്തത് കഴിച്ച് 260 ഏക്കര്‍ മിച്ചഭൂമി ഇപ്പോഴും സര്‍ക്കാരിന്റെ കൈവശമുണ്ട്. 30 കോടിയുടെ കക്കാശേഖരമുള്ളതായി കണക്കാക്കുന്ന ഇവിടെ യുഡിഎഫ് ഭരണകാലത്ത് ഡ്രഡ്ജിങ്ങിന് കൊടുക്കുകയായിരുന്നു. ലക്കുംലഗാനുമില്ലാതെ നടത്തിയ ഡ്രഡ്ജിങ്ങിലൂടെ കായല്‍നിലങ്ങളില്‍ വ്യാപകമായി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതും ഇവിടെ കൃഷി അന്യമാകാന്‍ ഇടയാക്കി.
ഇത്തരം കാര്യങ്ങള്‍ വിലയിരുത്തിയാണ് 1996ലെ നായനാര്‍ ഗവണ്‍മെന്റ് ചിത്തിര, മാര്‍ത്താണ്ഡം, റാണി കായലുകളിലെ 2229 ഏക്കറിലെ കൃഷിയും പ്രദേശത്തെ ജനങ്ങളുടെ ജീവിതവും മെച്ചപ്പെടുത്താന്‍ 36 കോടിയുടെ ബൃഹത്തായ സംയോജിത "ക്യുഎസ്ടി കായല്‍വികസനപദ്ധതി" ആവിഷ്കരിച്ചത്. എന്നാല്‍ , പിന്നീട് ഈ പദ്ധതിയും നടപ്പാക്കാനായില്ല. ക്യുഎസ്ടി പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അന്യമാകുന്ന കായല്‍ക്കൃഷിയെപ്പറ്റി പരിതപിക്കേണ്ട സ്ഥിതി ഉണ്ടാകുമായിരുന്നില്ല. അതിനുള്ള നടപടി സ്വീകരിക്കാനാകുമോയെന്ന അന്വേഷണമാണ് ആരോഗ്യകരമായ വിമര്‍ശത്തില്‍ സ്ഥാനംപിടിക്കേണ്ടത്.
കായല്‍നിലങ്ങളില്‍ പൊന്നുവിളയിച്ച് കേരളത്തിന്റെ നെല്ലറയെ സമൃദ്ധമാക്കിയ മുരിക്കന്റെ കുടുംബം ദരിദ്രനാരായണന്മാരായി മാറിയെന്നും അദ്ദേഹം ഇതില്‍ മനംനൊന്ത് ഹൃദയംപൊട്ടിയായിരിക്കാം മരിച്ചതെന്നുമുള്ള ജോര്‍ജിന്റെ നിരീക്ഷണവും വസ്തുതാപരമല്ല. ഭൂപരിഷ്കരണനിയമപ്രകാരം ഒരാള്‍ക്ക് കൈവശംവയ്ക്കാവുന്ന 15 ഏക്കര്‍ പരിധിയില്‍ നിന്നുകൊണ്ടുതന്നെ മുരിക്കന്റെ കുടുംബത്തിന് ലഭിച്ച വകയില്‍ 140 ഏക്കര്‍ ഇപ്പോഴും കുടുംബാംഗങ്ങളുടെ കൈവശമുണ്ടെന്നാണ് സര്‍ക്കാര്‍രേഖകള്‍ പറയുന്നത്. മുരിക്കന്റെ കുടുംബത്തിലെ പുതുതലമുറയില്‍പ്പെട്ടവര്‍ ആരുംതന്നെ ദരിദ്രനാരായണന്മാരായി അലയുന്നതായി കുട്ടനാട്ടുകാര്‍ക്ക് അറിവില്ല. അതുകൊണ്ട് ഭൂപരിഷ്കരണം മുരിക്കന്റെ കുടുംബം കുളംതോണ്ടിയെന്ന ജോര്‍ജിന്റെ വാദത്തിലും കഴമ്പില്ല.
ചുരുക്കത്തില്‍ അര്‍ധസത്യങ്ങളും അസത്യങ്ങളും കൂട്ടിക്കുഴച്ച് തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിക്കുകയാണ് "മുരിക്കന്‍" പാഠഭാഗത്തിലൂടെ ടി ജെ എസ് ജോര്‍ജ് ചെയ്യുന്നത്. ഇത് അദ്ദേഹത്തിന്റെ ആഘോഷിക്കപ്പെടുന്ന പത്രപ്രവര്‍ത്തനപാരമ്പര്യത്തിനുനേരെയുള്ള കൊഞ്ഞനംകുത്തല്‍കൂടിയാണ്. കാരണം പലപ്പോഴും അദ്ദേഹം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നു പറഞ്ഞ് ഉദ്ധരിക്കാറുള്ള ലോര്‍ഡ് തോംപ്സന്റെ വാക്കുകള്‍തന്നെയാണ് ഇതിന് തെളിവ്. "someone somewhere has something to hide.That is news. The rest is advertising". ഒളിപ്പിച്ചുവയ്ക്കുന്ന കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്ന് വാര്‍ത്തയാക്കുന്ന പത്രപ്രവര്‍ത്തക ധാര്‍മികത ആവര്‍ത്തിച്ച് പറഞ്ഞുറപ്പിക്കുന്ന ജോര്‍ജ,് ഇവിടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അധിക്ഷേപിക്കാനായി ചരിത്രവസ്തുതകളെത്തന്നെ ഒളിപ്പിച്ചുവയ്ക്കുന്നുവെന്നതാണ് കൗതുകകരമായ വിരോധാഭാസം.
വികലമായ പാഠം
കേരളത്തിന്റെ സാമൂഹിക, സാമ്പത്തികജീവിതത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് വഴിവച്ച നടപടിയാണ് ഭൂപരിഷ്കരണം. പരിമിതികള്‍ ഉണ്ടായിരുന്നെങ്കില്‍കൂടി കേരള സമൂഹം ഇന്നത്തെ നിലയില്‍ എത്തിനില്‍ക്കുന്നതിന് പിന്നില്‍ ഭൂപരിഷ്കരണത്തിന്റെ സ്വാധീനമുണ്ട്. കേരളത്തിലെ ഭൂപരിഷ്കരണത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നതിനെക്കുറിച്ച് രണ്ടഭിപ്രായം ഉണ്ടാകാനിടയില്ല. ഐസിഎസ്ഇ ഏഴാം ക്ലാസ്സ് പാഠപുസ്തകത്തില്‍ ഉള്‍കൊള്ളിച്ചിട്ടുള്ള ഒരു പാഠഭാഗമാണ് മുരിക്കന്‍ എന്നത് തെല്ലൊരു അത്ഭുതത്തോടെയേ നോക്കി കാണാനാകൂ. സ്കൂളില്‍ പഠിപ്പിക്കേണ്ട ഒരുപാഠത്തിന് ഉണ്ടാകേണ്ടുന്ന സ്വഭാവമല്ല ഈ ലേഖനത്തിനുള്ളത്. ഭൂപരിഷ്കരണത്തെ ടിജെഎസ് ജോര്‍ജ് അവതരിപ്പിക്കുന്നത് നിഷേധാത്മക രീതിയിലാണ്. പത്രപ്രവര്‍ത്തകനായ ജോര്‍ജ് ഈ വിഷയത്തെ സമീപിക്കുന്നത് രാഷ്ട്രീയ പക്ഷപാതിത്വത്തോടെ ഉപരിപ്ലവമായ രീതിയിലാണ്. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. പക്ഷേ, ഈ പുസ്തകം തയ്യാറാക്കിയവര്‍ കൂടുതല്‍ വിവേചനം ദീക്ഷിക്കേണ്ടതായിരുന്നു. ഭൂപരിഷ്കരണത്തെക്കുറിച്ചുള്ള ഒരുപാഠം ഒരു ജന്മിയുടെ നേട്ടങ്ങളെ വ്യാഖ്യാനിച്ചുകൊണ്ടാണ് അവതരിപ്പിക്കുന്നത് എന്നതുതന്നെ വിരോധാഭാസമാണ്. ഭൂപരിഷ്കരണത്തിലൂടെ പാടശേഖരം പാര്‍ടി അംഗങ്ങള്‍ക്ക് വീതിച്ച് നല്‍കുകയാണെന്ന അഭിപ്രായം അജ്ഞതയില്‍നിന്ന് മാത്രമേ ഉടലെടുക്കാനിടയുള്ളൂ. പാഠപുസ്തകത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നിന്ദ്യമായ നീക്കമായി വേണം ഇതിനെ കാണാന്‍ .
ഈ പുസ്തകം തയ്യാറാക്കിയത് ആരൊക്കെയാണെന്ന് പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. ഉപദേശകസമിതിയിലെ പ്രശസ്തരായ അംഗങ്ങളുടെ അറിവോടെയാണോ പുസ്തകം തയ്യാറാക്കിയത് എന്നതും വ്യക്തമല്ല. ആയിരിക്കാനിടയില്ല എന്നാണ് എനിക്ക് തോന്നുന്നത്. എട്ടാംതരംവരെയുള്ള ക്ലാസ്സുകളില്‍ പഠിപ്പിക്കുന്ന പ്രാദേശിക ഭാഷകളിലുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നത് ഐസിഎസ്ഇയുടെ നിയന്ത്രണത്തിലല്ല എന്ന് പറയപ്പെടുന്നു. ഇതിന് മുമ്പും ഐസിഎസ്ഇ മലായാള പുസ്തകങ്ങള്‍ക്കെതിരായി വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കുറച്ച് വര്‍ഷംമുമ്പ,് കേരളത്തിലെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എഴുതിയ സ്വാമി വിവേകാനന്ദന്റെ ജീവചരിത്രം പാഠപുസ്തകമായി നിര്‍ദേശിക്കപ്പെട്ടിരുന്നു. വര്‍ഗീയ ചുവയുള്ള ഈ പുസ്തകം ഐസിഎസ്ഇയുടെ അനുമതി ഇല്ലാതെയാണ് പഠിപ്പിച്ചിരുന്നത്. ആ പാഠപുസ്തകം പിന്നീട് ഐസിഎസ്ഇ പിന്‍വലിക്കുകയുംചെയ്തു. കേരള സമൂഹത്തിലെ പുരോഗമാനാത്മകമായ മുന്നേറ്റത്തെ വികലമായി അവതരിപ്പിച്ചതിനാല്‍ ഏഴാം ക്ലാസ്സിലെ മലയാള പാഠാവലിയിലെ മുരിക്കന്‍ എന്ന പാഠഭാഗം ബന്ധപ്പെട്ടവര്‍ ഉടന്‍തന്നെ പിന്‍വലിക്കുകയാണ് വേണ്ടത്.
(ഡോ. കെ എന്‍ പണിക്കര്‍ )
*
കെ വി സുധാകരന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 31 ജൂലൈ 2011
Subscribe to:
Post Comments (Atom)
2 comments:
കുട്ടനാടന്‍ കായല്‍പ്പരപ്പും അവിടത്തെ പാവപ്പെട്ട മനുഷ്യരുടെ ജീവിതവും പുറംലോകത്തിന് എന്നും വിസ്മയമാണ്്. ജലസമൃദ്ധിയുടെ അനുഗ്രഹത്തിനൊപ്പം കലിയിളക്കങ്ങളും ജീവിതത്തിന്റെ ഇത്തിരിവട്ടത്തില്‍ ഏറ്റുവാങ്ങേണ്ടിവരുന്ന ജനത. മലയാളിയുടെ കാര്‍ഷികസംസ്കാരത്തിന്റെ പ്രകാശം ചൊരിയുന്ന ഭൂവിഭാഗം. നോക്കെത്താത്ത കായല്‍പ്പരപ്പിനെ പച്ചവിരിപ്പിന്റെ പാടങ്ങളാക്കി മാറ്റിയ മനുഷ്യാധ്വാനത്തിന്റെ തിരുശേഷിപ്പ്. കേരളത്തിന്റെ നെല്ലറയെന്ന അപരാപിധാനംകൊണ്ട് ചരിത്രകാരന്മാര്‍ കുട്ടനാടിന്റെ വിസ്മയത്തെ പാടിപ്പുകഴ്ത്തി. നാടിനെ തീറ്റിപ്പോറ്റിയ കുട്ടനാടിന്റെ ഹരിതസമൃദ്ധി ഇപ്പോള്‍ പക്ഷേ ഓര്‍മകളില്‍ താലോലിക്കാനുള്ള ഗൃഹാതുരത്വമായി മാറുകയാണ്. ഇത്തരമൊരു അന്തരാളഘട്ടത്തില്‍ , അന്യമാകുന്ന കുട്ടനാടന്‍ പച്ചപ്പിനെപ്പറ്റി ആകുലതകള്‍ ഉണ്ടാവുക സ്വാഭാവികം. മലയാളികളൊക്കെ ഹൃദയത്തില്‍ ഏറ്റുവാങ്ങേണ്ടതുമാണ് അത്തരം ആകുലതകള്‍ . ഇവ പങ്കുവയ്ക്കുമ്പോള്‍ ചരിത്രത്തെയും അത് സമ്മാനിച്ച സമ്മോഹനതകളെയും കൊഞ്ഞനം കുത്തിക്കൂടാ. അതിനുവേണ്ടി വിയര്‍പ്പൊഴുക്കിയ മനുഷ്യരെയും ദര്‍ശനങ്ങളെയും പരിഹസിച്ചുകൂടാ. അങ്ങനെ ചെയ്യുമ്പോള്‍ ചരിത്രംതന്നെ പരിഹാസ്യമാകും. ആ പരിഹാസ്യതയുടെ അഴുക്കുചാലില്‍ വീണ് പുതിയ ചരിത്രസൃഷ്ടാക്കളും അന്ധരാകും.
ഐ.സി.എസ്.ഇ, ഏഴാം ക്ലാസിലെ മലയാള പാഠാവലിയില്‍ നിന്നും 'മുരിക്കന്‍' എന്ന ഭാഗം അടിയന്തരമായി മാറ്റണമെന്ന പിണറായി വിജയന്റെ ആവശ്യവും അതിനെ സാധൂകരിക്കാനുള്ള പാഠഭാഗം രചിച്ച ടി.ജെ.എസ്. ജോര്‍ജിന്റെ ശ്രമവും അടിസ്ഥാനരഹിതമാണ്.
ഇ.എം.എസിന്റെ ഭൂപരിഷ്‌ക്കരണ നിയമത്തെയും കമ്യൂണിസ്റ്റുകാരെയും പാഠഭാഗം അധിക്ഷേപിക്കുന്നു എന്നു പറയുന്ന പിണറായി വിജയനും കൂട്ടരും ഭൂപരിഷ്‌ക്കരണ നിയമത്തില്‍ കുട്ടനാട്ടിലെ പാടശേഖര ഭൂമിയെ ഒഴിവാക്കി എന്ന കാര്യം വിസ്മരിച്ചു. കായല്‍ നിലങ്ങള്‍ കൃഷിയിടമാക്കാമെന്ന മുരിക്കന്റെ ആശയത്തെ ഭൂപരിഷ്‌ക്കരണ നിയമം അട്ടിമറിച്ചു എന്നു പറയുന്ന ജോര്‍ജും ഇക്കാര്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. പാഠഭാഗ രചയിതാവ് ജന്മിത്വത്തിന് സ്തുതി പാടുന്നു എന്നു പറയുന്ന കമ്യൂണിസ്റ്റുകാര്‍ 1960 ല്‍ രൂപംകൊണ്ടതും ഒടുവില്‍ 1970 ജനുവരി ഒന്നിന് പാസാക്കിയതുമായ കേരള ലാന്‍ഡ് റിഫോമ്‌സ് ആക്ട് ഒന്നുകൂടി വായിച്ചു നോക്കണം. വിപ്ലവത്തിന്റെ മേലങ്കി അണിഞ്ഞുകൊണ്ട് ജന്മിത്വത്തിനു സ്തുതി പാടുന്ന ഇത്തരമൊരു നിയമം മറ്റൊരിടത്തും ഉണ്ടായിട്ടില്ല.
ജന്മികളെ സഹായിക്കാന്‍ ഭൂമിയെ കൃഷിഭൂമിയെന്നും തോട്ടഭൂമിയെന്നും രണ്ടായി തിരിച്ചതും കുറച്ച് തരിശു ഭൂമി മാത്രം വില വാങ്ങിക്കൊണ്ട് കുടികിടപ്പുകാര്‍ക്ക് നല്‍കിയതും, അന്ന് വഞ്ചിക്കപ്പെട്ടവരുടെ ഇന്നത്തെ തലമുറ തിരിച്ചറിയുന്നുണ്ട്. ഏഴാം ക്ലാസില്‍ മുരിക്കന്‍ ജയിച്ചപ്പോള്‍ പിണറായി തോറ്റു എന്നാണ് ഇപ്പോഴത്തെ വിവാദം ചൂണ്ടിക്കാട്ടുന്നത്.
Post a Comment