ജോണ്‍ എബ്രഹാം ഒരിക്കല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓഫീസില്‍ കയറിച്ചെന്നു. കാനം ഉണ്ടോ എന്നു ചോദിച്ചു. കാനം രാജേന്ദ്രനെ കണ്ടപ്പോള്‍ കുറച്ചു പണം ചോദിച്ചു. എത്ര രൂപയെന്നു തിരിച്ചു ചോദിച്ചപ്പോള്‍ ഫിഫ്ടി-ഫിഫ്ടി എന്നായിരുന്നു മറുപടി. കാനം രാജന്ദ്രന്‍ പോക്കറ്റിലുള്ള പണം മുഴുവന്‍ എടുത്തു മേശപ്പുറത്തുവയ്ക്കുന്നു. ജോണ്‍ അത് എണ്ണി തിട്ടപ്പെടുത്തുന്നു. നേര്‍പകുതിത്തുക എടുത്തിട്ട് ബാക്കി സഖാവിനു തിരിച്ചു നല്‍കുന്നു. ഈയിടെ പ്രകാശനം ചെയ്ത ടി ജി വിജയകുമാറിന്റെ മഴ പെയ്തു തോരുമ്പോള്‍ എന്ന പുസ്തകത്തിലാണ് ഈ സംഭവം രേഖപ്പെടുത്തിയിട്ടുള്ളത്.
ജോണ്‍ എബ്രഹാം എന്ന വിസ്മയത്തിന് സമൂഹത്തിലെ സമ്പന്ന വിഭാഗത്തില്‍ പെടാത്തതും മറ്റെല്ലാ ശ്രേണികളില്‍ പെട്ടതുമായ ആളുകളോട് ഇത്തരത്തില്‍ ആധികാരികത പുലര്‍ത്തുന്ന ഒരു അടുപ്പമുണ്ടായിരുന്നു. കവി എ അയ്യപ്പനുമാത്രമാണ് ഇങ്ങനെ സ്‌നേഹത്തിനു മേല്‍കൈയ്യുള്ള ആധികാരികത സൃഷ്ടിക്കാന്‍ പിന്നീട് കഴിഞ്ഞിട്ടുള്ളത്.
കോളജ് അധ്യാപകര്‍ മുതല്‍ തെരുവിലെ ലൈംഗികത്തൊഴിലാളികളോടുവരെ കൈനീട്ടിക്കാശുവാങ്ങാമെന്ന ധൈര്യമാണ് അമ്മയറിയാന്‍ എന്ന ചലച്ചിത്രമെടുക്കാന്‍ ജോണിനു തുണയായത്. അസംഖ്യം ജനങ്ങളുടെ വിയര്‍പ്പില്‍ ചാലിച്ച സൗന്ദര്യബോധം കൊണ്ട് ചലച്ചിത്ര കാന്‍വാസില്‍ കവിതയെഴുതാന്‍ ജോണിനു കഴിഞ്ഞത് അതുകൊണ്ടാണ്.
ടിക്കറ്റിനുള്ള പണം ആദ്യം വാങ്ങുക. അങ്ങനെ കിട്ടുന്ന പണംകൊണ്ട് സിനിമ നിര്‍മിക്കുക. അതിനുശേഷം സിനിമ സൗജന്യമായി ജനങ്ങളെ കാണിക്കുക. ഇതായിരുന്നു ജോണിന്റെ ആശയം.
ഇന്ന് ദിനംപ്രതി മരണപ്പെട്ടുകൊണ്ടിരിക്കുന്ന സിനിമാക്കൊട്ടകകളിലൂടെ മാത്രമേ ദീര്‍ഘചിത്രങ്ങള്‍ അക്കാലത്തു പ്രദര്‍ശിപ്പിക്കുമായിരുന്നുള്ളൂ. അമ്മ അറിയാന്‍ അങ്ങനെ കാണിക്കാന്‍ നിര്‍വാഹമില്ലായിരുന്നു. ടിക്കറ്റ് ചാര്‍ജ് ചില്ലിക്കാശുകളായി മുന്‍കൂര്‍ വാങ്ങിയതിനാല്‍ പ്രൊജക്ടറും ചുമന്ന് ഓരോ കവലയിലുമെത്തി സിനിമ പ്രദര്‍ശിപ്പിക്കുകയായിരുന്നു ഒഡേസയുടെ പ്രവര്‍ത്തകര്‍.
അമ്മ അറിയാന്‍ സംഭവിക്കുന്നതിനു മുമ്പ് യാത്രാനുഭവങ്ങളുമായി ബന്ധപ്പെട്ട ചില ചലച്ചിത്രങ്ങള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. കൊച്ചിന്‍ എക്‌സ്പ്രസ്, കണ്ണൂര്‍ ഡീലക്‌സ് തുടങ്ങിയ പൈങ്കിളി സിനിമകള്‍. ആ സിനിമകളിലെ ഗാനങ്ങള്‍ മാത്രമാണ് കാലത്തെ അതിജീവിച്ചു പുതിയ തലമുറയുടെ കാതുകങ്ങളിലെത്തിയത്.
അമ്മ അറിയാന്‍ സമഗ്രതയുള്ള ഒരു ചലച്ചിത്രമായിരുന്നു. മരണം, പ്രണയം, വിശപ്പ്, സമരോത്സുകത, സൈദ്ധാന്തിക വിശകലനങ്ങള്‍ തുടങ്ങിയവയെല്ലാം ഈ സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സിനിമയുടെ സാമൂഹിക പ്രതിജ്ഞാബദ്ധത കമ്മ്യൂണിസത്തിന്റെ കൈപിടിച്ചുകൊണ്ട് ഉറപ്പിച്ചുപറഞ്ഞു. ഈ സിനിമയിലെ ഒരു പ്രധാന കഥാപാത്രമായ ബാലേട്ടന്‍ പറഞ്ഞത് മാര്‍ക്‌സിസം എന്റെ ദര്‍ശനവും മദ്യം എന്റെ ഒരു ഇതും ആണെന്നാണ്. പരിമിത മദ്യപാനിയായ ബാലേട്ടന് ജനകീയ പ്രശ്‌നങ്ങളിലിടപെടാനോ അതിനായി ഇറങ്ങിത്തിരിക്കാനോ ഒരു ആലസ്യവും ഒരിക്കലും ഉണ്ടാകുന്നില്ല. ബാലേട്ടന്‍ ബോധരഹിതനായി ഒരിടത്തും കിടക്കുന്നുമില്ല.
ആയിരത്തിത്തൊള്ളായിരത്തിഎഴുപതുകളിലും എണ്‍പതുകളിലും കേരളത്തിലുണ്ടായ ചലനങ്ങളും കേരളത്തില്‍ പ്രതിധ്വനിച്ച അന്താരാഷ്ട്ര പ്രശ്‌നങ്ങളും അമ്മ അറിയാനില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഉണരുവിന്‍ പട്ടിണിയുടെ തടവുകാരെ എന്ന അന്തര്‍ദേശീയ കമ്മ്യൂണിസ്റ്റ് ഗാനം ഈ സിനിമയില്‍ ഉണര്‍ത്തപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ വിമോചനവുമായി ബന്ധപ്പെട്ട് മനുഷ്യത്വമുള്ളവരെല്ലാം ലോക വ്യാപകമായി മുഴക്കിയ ഫ്രീ ഫ്രീ നെല്‍സണ്‍ മണ്ടേല എന്ന പരിശുദ്ധസൂക്തം സൗന്ദര്യബോധത്തോടെ ആവിഷ്‌കരിക്കപ്പെട്ടു.
വയനാട്ടില്‍ നിന്നും ആരംഭിച്ച് മട്ടാഞ്ചേരിയില്‍ അവസാനിക്കുന്ന യാത്രയാണ് അമ്മ അറിയാനിലുള്ളത്. വയനാട്ടിലെ മലഞ്ചെരുവില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ഒറ്റമരത്തില്‍ കാണപ്പെട്ട ഒരു യുവാവിന്റെ തൂങ്ങിമരിച്ച നിലയിലുള്ള മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ വച്ചു തിരിച്ചറിയപ്പെടുകയും മരണവിവരം മട്ടാഞ്ചേരിയിലെ അമ്മയെ അറിയിക്കുകയും ചെയ്യുന്നു. വയനാട്ടില്‍ നിന്നും ഒറ്റയാളിലാരംഭിച്ച് മട്ടാഞ്ചേരിയിലെത്തുമ്പോഴേക്കും ഒരു ആള്‍ക്കൂട്ടം തന്നെയുണ്ടാകുന്നു. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന നന്മ നിറഞ്ഞ മനുഷ്യരുടെ ഒരുകൂട്ടം. പോകുന്നവഴിയിലെ ആളുകളുടെ അനുഭവവിവരണമാണ് ഈ ചിത്രത്തെ കാലത്തെ അടയാളപ്പെടുത്തുന്ന സാക്ഷ്യപുസ്തകമാക്കി മാറ്റുന്നത്.
കരിഞ്ചന്തയില്‍ വിറ്റ റേഷനരിയും പഞ്ചസാരയും കോട്ടപ്പുറത്തെ ജനങ്ങള്‍ പിടിച്ചെടുത്ത് ന്യായവിലയ്ക്ക് വിതരണം ചെയ്ത് പണം കടക്കാരനു നല്‍കുന്നത്, പാറമടയിലെ അപകടത്തില്‍ കാലറ്റുപോയ കറുപ്പസ്വാമിക്കുവേണ്ടി ജനരോഷമുയരുന്നത്, വൈപ്പിന്‍ മദ്യദുരന്തത്തില്‍ കാഴ്ച നഷ്ടപ്പെട്ട വര്‍ഗീസേട്ടന്‍ കരകൗശല വസ്തുക്കള്‍ നിര്‍മിച്ചു ജീവിക്കുന്നത്.. അങ്ങനെ എത്രയോ സംഭവങ്ങള്‍. ചിത്രസംയോജകയായ ബീനാ പോളും ഛായാഗ്രാഹകനായ വേണുവും ഈ ചിത്രം നമ്മുടെ ശ്രദ്ധയില്‍ പിടിച്ചുനിര്‍ത്താനുള്ള അവരുടെ സംഭാവനകള്‍ പൂര്‍ണമാക്കി.
ജോണ്‍ എബ്രഹാമിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ പൂന്തോട്ട ശ്രീനാരായണ ലൈബ്രറിയില്‍ വച്ച്, സിനിമാ സംവിധായകനായ അവിരാ റബേക്കയോടും കവികളായ മണര്‍കാട് ശശികുമാര്‍, ദിലീപ് പൂന്തോട്ട, ഹരിയേറ്റുമാനൂര് എന്നിവരോടുമൊപ്പമാണ് അമ്മ അറിയാന്‍ അടുത്തകാലത്ത് കണ്ടത്. ഈ സിനിമയില്‍ ഇനിയും വായിക്കാന്‍ പാഠങ്ങളുണ്ട് എന്നു തോന്നി. കയ്യൂര്‍ സമരത്തെക്കുറിച്ചുള്ള സിനിമയും ഇ എം എസിനെക്കുറിച്ചുള്ള ഡോക്കുമെന്ററിയും ജോണ്‍ എബ്രഹാമിന് എടുക്കാന്‍ കഴിയാതെ പോയതില്‍ ദുഃഖവും തോന്നി.
*
കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം 02 ജൂലൈ 2011
Subscribe to:
Post Comments (Atom)
1 comment:
ജോണ്‍ എബ്രഹാം ഒരിക്കല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓഫീസില്‍ കയറിച്ചെന്നു. കാനം ഉണ്ടോ എന്നു ചോദിച്ചു. കാനം രാജേന്ദ്രനെ കണ്ടപ്പോള്‍ കുറച്ചു പണം ചോദിച്ചു. എത്ര രൂപയെന്നു തിരിച്ചു ചോദിച്ചപ്പോള്‍ ഫിഫ്ടി-ഫിഫ്ടി എന്നായിരുന്നു മറുപടി. കാനം രാജന്ദ്രന്‍ പോക്കറ്റിലുള്ള പണം മുഴുവന്‍ എടുത്തു മേശപ്പുറത്തുവയ്ക്കുന്നു. ജോണ്‍ അത് എണ്ണി തിട്ടപ്പെടുത്തുന്നു. നേര്‍പകുതിത്തുക എടുത്തിട്ട് ബാക്കി സഖാവിനു തിരിച്ചു നല്‍കുന്നു. ഈയിടെ പ്രകാശനം ചെയ്ത ടി ജി വിജയകുമാറിന്റെ മഴ പെയ്തു തോരുമ്പോള്‍ എന്ന പുസ്തകത്തിലാണ് ഈ സംഭവം രേഖപ്പെടുത്തിയിട്ടുള്ളത്.
Post a Comment