നവതിച്ചുവപ്പില്‍ സിപിസി
വിപ്ലവ ചൈനയെ ലോകശക്തിയാക്കി വളര്‍ത്തിയ കമ്യൂണിസ്റ്റ് പാര്‍ടി പിറവിയെടുത്തിട്ട് 90 വര്‍ഷം തികയുകയാണ് ഇന്ന്. 1921 ജൂലൈ ഒന്നിനാണ് ചൈനയിലെ വിവിധ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെ പ്രതിനിധാനംചെയ്ത് ഷാങ്ഹായില്‍ ഒത്തുകൂടിയ 12 വിപ്ലവകാരികള്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ചൈന(സിപിസി) രൂപീകരിച്ചത്. പിറവിയെടുത്ത് 28 വര്‍ഷത്തിനകം ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് ഭരണാധികാരത്തിലെത്താന്‍ കഴിഞ്ഞ സിപിസിയുടെ ത്രസിപ്പിക്കുന്ന പോരാട്ടങ്ങള്‍ വിപ്ലവചരിത്രങ്ങളിലെ വീരേതിഹാസമാണ്.
ദാര്‍ശനിക ഗരിമയും സൈനികതന്ത്രജ്ഞതയും ഒത്തിണങ്ങിയ മൗ സെ ദൊങ്ങിന്റെ അനുപമനേതൃത്വമാണ് ജാപ്പനീസ് സാമ്രാജ്യത്വത്തിന്റെയും ചിയാങ് കൈഷക്കിന്റെ ക്വോമിന്താങ് പടയുടെയും ആക്രമണങ്ങളെ ചെറുത്ത് തൊഴിലാളിവര്‍ഗത്തിന്റെ വിജയപതാക പാറിക്കാന്‍ സിപിസിയെ പ്രാപ്തമാക്കിയത്. ഒന്നാം ലോകയുദ്ധത്തെയും റഷ്യന്‍ വിപ്ലവത്തെയും 1919 മെയ് 4 പ്രസ്ഥാനത്തെയും തുടര്‍ന്ന് വേഴ്സയില്‍സ് സാമ്രാജ്യത്വ സന്ധിക്കെതിരായി, പൊതുവില്‍ സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും എതിരായാണ് സിപിസി രൂപീകരിച്ചത്. ഹുനാന്‍ സംസ്ഥാനത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ പ്രതിനിധിയായി മൗ സെ ദൊങ് രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണം രാജ്യത്തെങ്ങും തൊഴിലാളിവര്‍ഗത്തില്‍ പുത്തനുണര്‍വുണ്ടാക്കി. അടുത്തവര്‍ഷം പാര്‍ടിയുടെ രണ്ടാം കോണ്‍ഗ്രസ് തൊഴിലാളി സംഘടനകള്‍ കെട്ടിപ്പടുക്കാന്‍ ആഹ്വാനം ചെയ്തതിനെത്തുടര്‍ന്ന് വിവിധ വിഭാഗം തൊഴിലാളികളുടെ സംഘടനകള്‍ക്ക് കമ്യൂണിസ്റ്റുകാര്‍ മുന്‍കൈയെടുത്ത് രൂപം നല്‍കി. തുടര്‍ന്ന് ഉയര്‍ന്നുവന്ന വന്‍ സമര മുന്നേറ്റങ്ങള്‍ തൊഴിലാളി വര്‍ഗത്തിനിടയില്‍ പാര്‍ടിയുടെ യശസ്സുയര്‍ത്തി.
ജനസംഖ്യയില്‍ 80 ശതമാനം വരുന്ന കര്‍ഷകരെയും പെറ്റിബൂര്‍ഷ്വാ വിഭാഗത്തെയും ദേശീയ ബൂര്‍ഷ്വാസിയെയും ചേര്‍ത്ത് വിശാലമായ സാമ്രാജ്യത്വവിരുദ്ധ-നാടുവാഴിത്തവിരുദ്ധ സഖ്യം സ്ഥാപിക്കാന്‍ പാര്‍ടി മുന്‍കൈയെടുത്തു. ഇതിന്റെ ഭാഗമായാണ് ജനാധിപത്യവാദിയായ സണ്‍ യാത്സെന്നിന്റെ നേതൃത്വത്തിലെ ക്വോമിന്താങ്ങുമായി സഖ്യമുണ്ടാക്കിയതും കമ്യൂണിസ്റ്റുകാര്‍ അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതും. സണ്‍യാത്സെന്നിന്റെ മരണശേഷം ക്വോമിന്താങ് നേതൃത്വം പിടിച്ച ചിയാങ് കൈഷക് കമ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ മുന്‍ഗണന നല്‍കിയപ്പോഴാണ് അവരുമായുള്ള സഖ്യം പൊളിഞ്ഞത്. ആദ്യ ഒന്നര പതിറ്റാണ്ടിനിടെ ഇടത്-വലതു പാളിച്ചകളില്‍ കുടുങ്ങിക്കിടന്ന സിപിസിയില്‍ ഈ പിഴവുകള്‍ക്കെതിരെ പോരാടിയാണ് മൗ സെ ദൊങ് അനിഷേധ്യ നേതാവായി മാറിയത്.
കമ്യൂണിസ്റ്റുകാരെ സംഹരിക്കാന്‍ ചിയാങ് കൈഷക്കിന്റെ സേന നടത്തിയ ചുറ്റിവളയല്‍ യുദ്ധത്തില്‍നിന്ന് സംഘടനയെ രക്ഷിക്കാന്‍ മൗ നയിച്ച ലോങ് മാര്‍ച്ച് വിശ്വപ്രസിദ്ധമാണ്. വിപ്ലവത്തിന്റെ വിവിധ ഘട്ടങ്ങളില്‍ മൗ നടത്തിയ സര്‍ഗാത്മക ഇടപെടലുകള്‍ തൊഴിലാളിവര്‍ഗ വിജയത്തില്‍ നിര്‍ണായകമായി. സാമ്രാജ്യത്വവുമായി സന്ധിചെയ്ത ചിയാങ്ങിന്റെ ക്വോമിന്താങ്ങുമായി രൂക്ഷമായ ആഭ്യന്തരയുദ്ധം നടത്തിയ സിപിസി തന്നെ ജപ്പാന്റെ ആക്രമണം ചെറുക്കാന്‍ അവരുമായി അനുരഞ്ജനത്തിന് സന്നദ്ധമായതും ജാപ്പ് സൈന്യത്തെ ചെറുക്കാതെ ക്വോമിന്താങ്ങുകള്‍ കമ്യൂണിസ്റ്റുകാരെ വേട്ടയാടിയപ്പോള്‍ അതിനെ നേരിട്ടതും സിപിസിയെ ചൈനീസ് ജനതയുടെ പിന്തുണയുള്ള അജയ്യശക്തിയാക്കി. ഗറില്ലാ സായുധപോരാട്ടവും സഞ്ചരിച്ചുകൊണ്ടുള്ള സായുധപോരാട്ടവും അവശ്യഘട്ടങ്ങളില്‍ പിന്‍വാങ്ങലും സന്ധിയും ഐക്യമുന്നണിയും തുടങ്ങി മാവോയുടെ തന്ത്രങ്ങളാണ് തങ്ങളേക്കാള്‍ ഏറെ ശക്തമായിരുന്ന ക്വോമിന്താങ് പടയെ തുരത്തി അന്തിമവിജയം നേടാന്‍ ചുവപ്പുസേനയെ സഹായിച്ചത്.
1921ല്‍ രൂപീകരണ വേളയില്‍ അന്‍പതോളം അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന സിപിസിയുടെ അംഗബലം 49ല്‍ വിപ്ലവ വിജയവേളയില്‍ 45 ലക്ഷത്തിലധികമായിരുന്നു എന്നതില്‍നിന്ന് പാര്‍ടി ആര്‍ജിച്ച ജനപിന്തുണ വ്യക്തമാണ് ഇന്ന് സിപിസിയുടെ അംഗബലം എട്ട് കോടിയിലധികമാണ്. കഴിഞ്ഞ വര്‍ഷാവസാനം വരെയുള്ള കണക്കനുസരിച്ച് 8.026 കോടി അംഗങ്ങള്‍ . വിപ്ലവവേളയില്‍ ചൈനയിലുണ്ടായിരുന്ന എട്ട് കമ്യൂണിസ്റ്റ് ഇതര കക്ഷികളും ഇന്നും സജീവമായുണ്ട്. അവയ്ക്കെല്ലാം കൂടി അന്ന് പതിനായിരം അംഗങ്ങളായിരുന്നെങ്കില്‍ ഇപ്പോള്‍ 8.40 ലക്ഷമാണ് അംഗസംഖ്യ. സിപിസി അവയെ സുഹൃദ്കക്ഷികളായാണ് കാണുന്നത്. ഇവയെ കൂടാതെ ഒരു കക്ഷിയോടും രാഷ്ട്രീയാഭിമുഖ്യം പുലര്‍ത്താത്തവര്‍ക്കും രാജ്യത്തിന്റെ വളര്‍ച്ചയില്‍ പങ്കുവഹിക്കാന്‍ ജനകീയ ജനാധിപത്യ ചൈനയില്‍ ഇടമുണ്ട്. ഇത്തരക്കാരില്‍ ചൈനീസ് സര്‍ക്കാരില്‍ മന്ത്രിസ്ഥാനം വഹിക്കുന്നവര്‍ പോലുമുണ്ട്. ഭിന്നാഭിപ്രായങ്ങളെ ഉള്‍ക്കൊള്ളുന്നതിലും അവയ്ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതിലും സിപിസി മൗ സെ ദൊങ് തെളിച്ച പാതയില്‍തന്നെയാണ്.
എ ശ്യാം
വളര്‍ച്ചയുടെ ലോങ്മാര്‍ച്ച്
ഇന്ന് അമേരിക്ക കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയാണ് ചൈന. മൊത്തം ദേശീയവരുമാനത്തിന്റെ കാര്യത്തില്‍ എട്ടുവര്‍ഷത്തിനകം അമേരിക്കയെയും ചൈന മറികടക്കുമെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. ലോകത്തിന്റെ പണിപ്പുരയെന്നാണ് ഇപ്പോള്‍ ചൈനയുടെ വിളിപ്പേര്. നിര്‍മാണരംഗത്ത് ചൈനയെ വെല്ലാന്‍ ആരുമില്ല. ബ്രിട്ടന്റെയും ജര്‍മനിയുടെയും ജപ്പാന്റെയും പ്രാഗത്ഭ്യം പഴങ്കഥയായി. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ എല്ലാ ദിവസവും സ്വന്തം നാട്ടിലെ കുട്ടികളോട് ഉരുവിടുന്നത് ചൈനീസ് യുവജനങ്ങളെ മാതൃകയാക്കാനാണ്. ലോകത്തെ ഫോട്ടോ കോപ്പിയറുകള്‍ , ഷൂ, മൈക്രോവേവ് ഉപകരണങ്ങള്‍ എന്നിവയുടെ മൂന്നില്‍ രണ്ടും ചൈനയിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. കളിപ്പാട്ടങ്ങളുടെ 75 ശതമാനം. മൊബൈല്‍ ഫോണുകളുടെ 60 ശതമാനം. ഡിജിറ്റല്‍ ക്യാമറകളുടെ പകുതി. ഡിവിഡിയുടെ പകുതിയിലേറെ. ഇങ്ങനെ പോകുന്നു ഇലക്ട്രോണിക്സ് രംഗത്ത് ചൈനീസ് മികവ്.
ആധുനിക സാങ്കേതികവിദ്യയെ സാമ്പത്തികമേഖലകളില്‍ പ്രയോജനപ്പെടുത്തിയാണ് ചൈനയുടെ മുന്നേറ്റം. 2011-15 കാലത്ത് ആഭ്യന്തര മൊത്തവരുമാനത്തില്‍ ശരാശരി ഏഴ് ശതമാനം വാര്‍ഷികവളര്‍ച്ചയാണ് ചൈന ലക്ഷ്യമിടുന്നത്. എന്നാല്‍ , കേവലം കണക്കുകളുടെ അടിസ്ഥാനത്തിലുള്ള സാമ്പത്തികവളര്‍ച്ച ചൈന അംഗീകരിക്കുന്നില്ല. ജനജീവിതത്തിലുണ്ടാകുന്ന പുരോഗതിയാണ് യഥാര്‍ഥ വികസനമെന്ന് ജനകീയ ജനാധിപത്യ ചൈന കരുതുന്നു. രാജ്യത്തിന്റെ വളര്‍ച്ച നിര്‍ണയിക്കുന്നത് ജീവനില്ലാത്ത സ്ഥിതിവിവരക്കണക്കുകളല്ല, സന്തോഷം നിറഞ്ഞ ജനതയാണ് രാജ്യത്തിന്റെ ശക്തി എന്നതാണ് ചൈനയുടെ പുതിയ മുദ്രാവാക്യം. ഇക്കൊല്ലം തുടക്കത്തില്‍ ചേര്‍ന്ന ചൈനീസ് പാര്‍ലമെന്റുതന്നെ ഇത് പ്രഖ്യാപിച്ചു. ദാരിദ്ര്യനിര്‍മാര്‍ജനംതന്നെയാണ് പരമപ്രധാന ലക്ഷ്യം. പരിഷ്കാരങ്ങള്‍ 20 കോടി ജനങ്ങളെ പട്ടിണിയില്‍നിന്ന് മോചിപ്പിച്ചു. നാലുവര്‍ഷത്തിനകം 3.6 കോടി വീടുകൂടി നിര്‍മിക്കും. 20 കോടിയില്‍പ്പരം ചൈനീസ് കുട്ടികള്‍ സ്കൂളുകളില്‍ പഠിക്കുന്നു. രണ്ടരക്കോടിയോളംപേര്‍ ഉന്നതവിദ്യാഭ്യാസം നേടുന്നു. എട്ടുകോടിയില്‍പ്പരം കമ്യൂണിസ്റ്റ് പാര്‍ടി അംഗങ്ങള്‍ മികച്ച വിദ്യാഭ്യാസം ലഭിച്ചവരാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ചൈനയിലാണ്- 30 കോടിയില്‍പ്പരം. ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എടുത്തിട്ടുള്ളവര്‍തന്നെ 27 കോടിയോളമാണ്. ചൈനയിലെ 130 കോടി ജനസംഖ്യയില്‍ 120 കോടിയും ആരോഗ്യപരിരക്ഷ സംവിധാനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
കഴിഞ്ഞവര്‍ഷം സാമൂഹികസുരക്ഷ മേഖലയില്‍ ചെലവിട്ടത് രണ്ടുലക്ഷം കോടിയില്‍പ്പരം രൂപയാണ്. ആഗോളമാന്ദ്യം മറികടക്കാനുള്ള പദ്ധതിയുടെ ഭാഗമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഭവനനിര്‍മാണമേഖലയിലും സാംസ്കാരികവളര്‍ച്ചയ്ക്കുമായി അഞ്ചുലക്ഷം കോടി രൂപ ചെലവിട്ടു. ലോകത്തെ ഏറ്റവും വേഗം കൂടിയ റെയില്‍വേ സംവിധാനം ചൈനയില്‍ നിലവില്‍വന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ 90-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, ചൈനയുടെ വിപ്ലവപൈതൃകവും സാംസ്കാരികത്തനിമയും പുതുതലമുറയെ നേരിട്ട് ബോധ്യപ്പെടുത്താന്‍ "അരുണയാത്ര" എന്ന പേരില്‍ വിനോദസഞ്ചാരപദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. മൗ സെ ദൊങ് ഉള്‍പ്പെടെയുള്ളവരുടെ സ്മാരകങ്ങളിലേക്കും ചരിത്രസ്ഥലങ്ങളിലേക്കും സംഘടിപ്പിക്കുന്ന യാത്രകള്‍ക്ക് ആവേശകരമായ പ്രതികരണമാണ്. മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയാണ് ഇത്തരം പ്രദേശങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നത്. എല്ലാ കാര്യത്തിലും ചൈനീസ് മികവിന്റെ കൈയൊപ്പ് കാണാം.
ചൈനയുടെ ഈ മുന്നേറ്റം പലരിലും സംശയം ജനിപ്പിക്കുന്നു. കമ്യൂണിസ്റ്റ് ചൈന മുതലാളിത്തവികസന പാതയാണോ സ്വീകരിച്ചിട്ടുള്ളത്? കമ്പോളം നിയന്ത്രിക്കുന്ന സമ്പദ്ഘടനയാണോ ചൈനയിലും നിലനില്‍ക്കുന്നത്? ബഹുഭൂരിപക്ഷം ജനതയുടെയും ജീവിതാവസ്ഥ എങ്ങനെയാണ്? ലോക മുതലാളിത്തം ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന കാലത്തുതന്നെയാണ് ചൈനയെ ഇത്തരത്തില്‍ സംശയത്തോടെ കാണുന്നതെന്നത് മറ്റൊരു വിരോധാഭാസം. ചൈനയുടെ വികസനത്തിന് പ്രചോദനമാകുന്നത് മുതലാളിത്തമാണെന്ന് പരിഹസിക്കുന്നവര്‍ ഈ മുന്നേറ്റത്തിന്റെ അടിത്തറയെക്കുറിച്ച് മൗനംപാലിക്കുന്നു.
ഭൂപരിഷ്കരണത്തിലും ഭരണകൂട നിയന്ത്രിത വ്യവസായവല്‍ക്കരണത്തിലും പൊതുപണം മുടക്കിയുള്ള വിദ്യാഭ്യാസസമ്പ്രദായത്തിലും പരിഷ്കാരങ്ങള്‍ക്ക് ശേഷിയുള്ള സാമൂഹികമേഖലയിലുമാണ് മൗ സെ ദൊങ്ങിന്റെ നേതൃത്വത്തില്‍ ആധുനിക ചൈന പടുത്തുയര്‍ത്തിയത്. ഇതുവഴി ആര്‍ജിച്ച സാമൂഹിക- രാഷ്ട്രീയ സ്ഥിരതയും ജനപിന്തുണയുമാണ് കഴിഞ്ഞ 30 വര്‍ഷം സാമ്പത്തികരംഗത്ത് വന്‍കുതിപ്പിന് ചൈനയെ പ്രാപ്തമാക്കിയത്. 1978ല്‍ ചേര്‍ന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ 11-ാം കേന്ദ്രകമ്മിറ്റിയുടെ പ്ലീനറി സമ്മേളനമാണ് ഇക്കാര്യത്തില്‍ നിര്‍ണായകതീരുമാനങ്ങള്‍ കൈക്കൊണ്ടത്. വിപ്ലവത്തിന്റെ കാലത്തുനിന്ന് ആധുനിക സോഷ്യലിസ്റ്റ് സമ്പദ്ഘടനയില്‍ എത്താന്‍തന്നെ നൂറുവര്‍ഷം വേണ്ടിവരുമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി (സിപിസി) കണക്കാക്കി. ഈ പ്രക്രിയയെയാണ് അവര്‍ "ചൈനീസ് സവിശേഷതകളോടെയുള്ള സോഷ്യലിസ്റ്റ് നിര്‍മാണം" എന്ന് വിളിച്ചത്. പരിവര്‍ത്തനം സാധ്യമാക്കാന്‍ ചൈനയില്‍ സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ചരക്ക് കമ്പോള സമ്പദ്ഘടന സൃഷ്ടിക്കാനാണ് ശ്രമിച്ചത്. ഈ കാഴ്ചപ്പാട് മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് ദര്‍ശനത്തില്‍നിന്നുള്ള വ്യതിയാനമല്ല. വിപ്ലവശേഷം ചൈനയില്‍ ഉല്‍പ്പാദനോപാധികളെല്ലാം പൊതുഉടമസ്ഥതയില്‍തന്നെ തുടരുന്നു. ചൈനീസ് സവിശേഷതകളോടെ നടപ്പാക്കിയ പരിഷ്കാരങ്ങളുടെ ഫലമായി രാജ്യം വന്‍പുരോഗതി നേടി. 1978നെ അപേക്ഷിച്ച് ചൈനയുടെ ഇന്നത്തെ അവസ്ഥ അസൂയാവഹമാണ്. ചൈനീസ് ജനത അവരുടെ വസന്തം ആഘോഷിക്കുന്നു.
സാജന്‍ എവുജിന്‍
കുതിപ്പിന് സാക്ഷ്യമായി വമ്പന്‍ കടല്‍പ്പാലം; ബുള്ളറ്റ് ട്രെയിന്‍
ബീജിങ്: ലോകത്തെ ഏറ്റവും നീളമുള്ള കടല്‍പ്പാലം ചൈനയില്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തു. ലോകത്തെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ ബീജിങ്-ഷാങ്ഹായ് റൂട്ടില്‍ സര്‍വീസ് ആരംഭിക്കുകയുംചെയ്തു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ 90-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് അഭിമാനപദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. ഏറ്റവും ദൈര്‍ഘ്യമുള്ള പ്രകൃതിവാതകക്കുഴലും വ്യാഴാഴ്ച പ്രവര്‍ത്തനസജ്ജമായി. കിഴക്കന്‍ തീരനഗരമായ ക്വിങ്ദാവോയില്‍നിന്ന് പ്രാന്തപ്രദേശമായ ഹ്വാങ്ദാവോയിലേക്ക് നിര്‍മിച്ച 42.4 കിലോമീറ്റര്‍ നീളമുള്ള കടല്‍പ്പാലമാണ് ഉദ്ഘാടനംചെയ്തത്. 155 കോടി ഡോളര്‍ ചെലവിട്ട പാലം നാലുവര്‍ഷമെടുത്താണ് നിര്‍മിച്ചത്. 5,200 സ്തംഭങ്ങളിലാണ് പാലം നില്‍ക്കുന്നത്. അമേരിക്കയിലെ ലൂസിയാനയിലുള്ള കടല്‍പ്പാലത്തിനാണ് ഇതുവരെ ഏറ്റവും ദൈര്‍ഘ്യമുള്ളതെന്ന സ്ഥാനം ഉണ്ടായിരുന്നത്. ഇതിന്റെ ദൈര്‍ഘ്യം 38 കിലോമീറ്ററാണ്.
ബീജിങ്മുതല്‍ ഷാങ്ഹായ്വരെയുള്ള 1318 കിലോമീറ്റര്‍ ദൈര്‍ഘ്യം നാലര മണിക്കൂറില്‍ താണ്ടാന്‍ കഴിയുന്ന അതിവേഗ ട്രെയിനാണ് ഓടിത്തുടങ്ങിയത്. കന്നിയാത്ര ബീജിങ്ങില്‍ ഫ്ളാഗ്ഓഫ് ചെയ്തശേഷം ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോ ട്രെയിനില്‍ ഷാങ്ഹായ്വരെ സഞ്ചരിച്ചു. 3250 കോടി ഡോളറാണ് ഈ പാതയുടെ നിര്‍മാണച്ചെലവ്. ഇതില്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. തുര്‍ക്ക്മെനിസ്ഥാനെയും ദക്ഷിണചൈനയെയും ബന്ധിപ്പിച്ച് നിലവില്‍വന്ന 8,700 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രകൃതിവാതകക്കു ഴല്‍ പദ്ധതിയാണ് മറ്റൊരു ബഹൃദ്സംരംഭം. ചൈനയുടെ വ്യാവസായിക മേഖലകളായ ഷാങ്ഹായ്, ഹോങ്കോങ്, ഗ്വാങ്ഷൂ എന്നിവിടങ്ങളില്‍ വന്‍നേട്ടമുണ്ടാക്കുന്ന പദ്ധതിയാണിത്. 50 കോടി ആളുകള്‍ക്ക് 30 വര്‍ഷത്തേയ്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനിടെ രാജ്യമെങ്ങും കമ്യൂണിസ്റ്റ് പാര്‍ടിയുടെ 90-ാം വാര്‍ഷികാഘോഷത്തിന്റെ ആവേശത്തിലാണ്. വിവിധ നഗരങ്ങളില്‍ വെള്ളിയാഴ്ച വിപുലമായ പരിപാടികള്‍ നടക്കും. ജനങ്ങള്‍ ആഘോഷവേദികളിലേക്ക് പ്രവഹിക്കുകയാണ്.
*
ദേശാഭിമാനി 01 ജൂലൈ 2011
Subscribe to:
Post Comments (Atom)
1 comment:
വിപ്ലവ ചൈനയെ ലോകശക്തിയാക്കി വളര്‍ത്തിയ കമ്യൂണിസ്റ്റ് പാര്‍ടി പിറവിയെടുത്തിട്ട് 90 വര്‍ഷം തികയുകയാണ് ഇന്ന്. 1921 ജൂലൈ ഒന്നിനാണ് ചൈനയിലെ വിവിധ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെ പ്രതിനിധാനംചെയ്ത് ഷാങ്ഹായില്‍ ഒത്തുകൂടിയ 12 വിപ്ലവകാരികള്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ചൈന(സിപിസി) രൂപീകരിച്ചത്. പിറവിയെടുത്ത് 28 വര്‍ഷത്തിനകം ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് ഭരണാധികാരത്തിലെത്താന്‍ കഴിഞ്ഞ സിപിസിയുടെ ത്രസിപ്പിക്കുന്ന പോരാട്ടങ്ങള്‍ വിപ്ലവചരിത്രങ്ങളിലെ വീരേതിഹാസമാണ്.
Post a Comment