Monday, July 18, 2011

മര്‍ഡോക്കിന്റെ കരങ്ങളില്‍ രക്തക്കറ

റൂപര്‍ട്ട് മര്‍ഡോക്കിനെ അദ്ദേഹത്തിന്റെ ജീവനക്കാര്‍ ടെലിഫോണ്‍ സംഭഷണം ചോര്‍ത്തിയതിനോ കൈക്കൂലി വാങ്ങിയതിനോ കുറ്റപ്പെടുത്തുന്നത് നിരപരാധികളെ പീഡിപ്പിച്ചതിന് ജോര്‍ജ് ബുഷിനെ കുറ്റപ്പെടുത്തുന്നതുപോലെയാണ്. മര്‍ഡോക്കിനെതിരെ എന്തെങ്കിലും നടപടിയുണ്ടാകുമെങ്കില്‍ അതു സന്തോഷകരമാണ്. എന്നാല്‍ അതു നടക്കുമോ എന്ന കാര്യത്തില്‍ സംശയം നില നില്‍ക്കുന്നു. എന്റെ മനസ്സിലുള്ളത് മര്‍ഡോക്ക് ചെയ്തത് കൂടുതല്‍ കടുത്തകുറ്റകൃത്യമാണ്.

പൗരാവകാശങ്ങളെയും രാഷ്ട്രീയ അവകാശങ്ങളെയും കുറിച്ചുള്ള അന്തര്‍ദേശീയ കരാറിന്റെ ഇരുപതാം ഖണ്ഡികയില്‍ പറയുന്നത് ''യുദ്ധത്തിനുവേണ്ടിയുള്ള പ്രചരണം നിയമവിരുദ്ധമാണ്'' എന്നാണ്.

മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ഫോക്‌സ് ന്യൂസ് ചാനല്‍ അവിരാമമായി യുദ്ധത്തിനുവേണ്ടിയും വിനാശകരമായ മറ്റു നയങ്ങള്‍ക്കുവേണ്ടിയും പ്രചരണം നടത്തുന്നു. റോബിന്‍ ബെസ്റ്റ് ചൂണ്ടിക്കാട്ടിയത് ഇപ്രകാരമാണ്. ''റുപര്‍ട്ട് മര്‍ഡോക്കിന്റെ പത്രങ്ങളും ടി വി ചാനലുകളും കഴിഞ്ഞ മുപ്പതു വര്‍ഷക്കാലത്തെ അമേരിക്കയുടെയും ബ്രിട്ടന്റെയും എല്ലാ യുദ്ധങ്ങളെയും പിന്തുണച്ചിട്ടുണ്ട്. 1982 ല്‍ മാര്‍ഗരറ്റ് താച്ചറുടെ കാലത്തെ ഫാക്ക്‌ലാന്‍ യുദ്ധത്തെയും ജോര്‍ജ് ബുഷിന്റെ 1990-91 ലെ ഒന്നാം ഗള്‍ഫ് യുദ്ധത്തെയും 1999 ല്‍ ബില്‍ക്ലിന്റന്റെ യുഗോസ്ലാവ്യയ്ക്ക് നേരെയുള്ള യുദ്ധത്തെയും 1998 ലെ ഇറാഖിനെതിരായ അപ്രഖ്യാപിത യുദ്ധത്തെയും അഫ്ഗാനിസ്ഥാനിലും ഇറാഖിലും ബുഷ് നടത്തിയ യുദ്ധത്തെയും ഇപ്പോള്‍ ബരാക്ക് ഒബാമ അഫ്ഗാനിസ്ഥാനില്‍ തുടരുന്ന യുദ്ധത്തെയും ലിബിയക്ക് എതിരായ ആക്രമണത്തെയുമെല്ലാം മര്‍ഡോക്ക് പിന്തുണച്ചു.''

ഇറാഖ് യുദ്ധത്തെ തന്റെ കീഴിലുള്ള മാധ്യമങ്ങള്‍ പിന്തുണച്ചതും യുദ്ധത്തിനനുകൂലമായി പൊതുജനാഭിപ്രായം വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചതും മര്‍ഡോക്ക് തുറന്നുസമ്മതിച്ചിട്ടുണ്ട്. യുദ്ധപ്രചരണത്തിന്റെ നിര്‍വചനത്തില്‍ ഇതുപെടുമെന്ന കാര്യത്തില്‍ സംശയമില്ല.

2003 ഫെബ്രുവരി മദ്ധ്യത്തില്‍ ഇറാഖ് യുദ്ധത്തെ ഐക്യരാഷ്ട്രസഭ തള്ളിപ്പറയുകയും അമേരിക്കയില്‍ ലോകത്തെ ഏറ്റവും വലിയ യുദ്ധവിരുദ്ധ പ്രകടനങ്ങള്‍ നടക്കുകയും ചെയ്ത സമയത്ത് മര്‍ഡോക്ക് പരസ്യമായി പറഞ്ഞത് യുദ്ധം അഴിച്ചുവിട്ട ബുഷിന്റെ നടപടി ധാര്‍മികമായി ശരിയാണെന്നായിരുന്നു. അതിനു പിന്തുണ നല്‍കിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണിബ്ലയര്‍ അസാധാരണമായ ധൈര്യവും ചങ്കുറപ്പും പ്രകടിപ്പിച്ചതായും മര്‍ഡോക്ക് പറഞ്ഞു. കുറഞ്ഞ ചെലവില്‍ എണ്ണ ലഭിക്കുന്നതിനും ശക്തമായ സമ്പദ്ഘടന വളര്‍ത്തുന്നതിനും യുദ്ധം സഹായിക്കുമെന്നായിരുന്നു മര്‍ഡോക്ക് പറഞ്ഞ ന്യായം. യുദ്ധം ജയിക്കുകയും അമേരിക്കന്‍ സമ്പദ്ഘടന കരുത്തോടെ നില്‍ക്കുകയും ചെയ്താല്‍ ബുഷ് വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും മര്‍ഡോക്ക് പറഞ്ഞു.

അത് വെറുമൊരു പ്രസ്താവനയായിരുന്നില്ല. മര്‍ഡോക്കിന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ നടത്തിയ പ്രചരണം മറ്റ് മാധ്യമങ്ങളെയും ബുഷിനനുകൂലമാക്കുന്നതില്‍ പങ്കുവഹിച്ചു. യാഥാര്‍ഥത്തില്‍ തിരഞ്ഞെടുപ്പില്‍ ബുഷ് പരാജയപ്പെട്ടതായിരുന്നു. മാധ്യമപ്രചരണങ്ങളുടെ ബലത്തിലാണ് ഫ്‌ളോറിഡയിലെ പരാജയം വിജയമാക്കി ബുഷ് മാറ്റിയത്.

ഇറാഖ് യുദ്ധത്തിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ മര്‍ഡോക്കും ടോണിബ്ലയറും തമ്മില്‍ യുദ്ധത്തിനനുകൂലമായി പൊതുജനാഭിപ്രായം വളര്‍ത്തുന്നതിനെകുറിച്ചു ചര്‍ച്ചകള്‍ നടത്തിയിരുന്നു. 2003 ഫെബ്രുവരിയില്‍ യുദ്ധം തുടങ്ങുന്നതിനു വളരെ മുമ്പുതന്നെ അതേക്കുറിച്ച് മര്‍ഡോക്കിന് അറിവുണ്ടായിരുന്നു. തന്റെ മാധ്യമങ്ങളെയാകെ അദ്ദേഹം യുദ്ധത്തിനുള്ള തയ്യാറെടുപ്പിന് പിന്നില്‍ സജ്ജമാക്കി നിര്‍ത്തി. ബ്ലയറുമായി മര്‍ഡോക്കിന് അടുത്ത ബന്ധമുണ്ടായിരുന്നു. യുദ്ധത്തിനുവേണ്ടി നിലകൊണ്ട നേതാക്കന്മാരോട് മര്‍ഡോക്ക് കൂറുകാണിച്ചു.

യുദ്ധത്തിന്റെ ശില്‍പ്പികളായി ജോണ്‍ നിക്കോളസ് വിശേഷിപ്പിച്ചതു മൂന്നുപേരെയാണ്. അവരെ കുറിച്ചു അദ്ദേഹം എഴുതിയത് ഇപ്രകാരമാണ്:

''ഇറാഖില്‍ യുദ്ധം തുടങ്ങിയപ്പോള്‍ അതില്‍ ഏറ്റവും ഉറച്ചു നിന്ന മൂന്ന് അന്തര്‍ദേശീയ നേതാക്കന്മാര്‍ അമേരിക്കന്‍ പ്രസിഡന്റ് ബുഷും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജോണ്‍ ഹോവാര്‍ഡുമാണ്. മൂന്നുപേരും വ്യത്യസ്ത രാഷ്ട്രീയകളിക്കാരാണെന്ന് തോന്നും. എന്നാല്‍ അവര്‍ക്കെല്ലാം പൊതുവായി ഒരു കാര്യമുണ്ടായിരുന്നു. അവരെല്ലാം റുപര്‍ട്ട് മര്‍ഡോക്കിന്റെയും അദ്ദേഹത്തിന്റെ വിശാലമായ മാധ്യമ സാമ്രാജ്യത്തിന്റെയും പിന്തുണയുള്ളവരായിരുന്നു. ഓസ്‌ട്രേലിയയില്‍ തുടങ്ങിയ മര്‍ഡോക്കിന്റെ മാധ്യമസാമ്രാജ്യം ബ്രിട്ടനിലേക്കു വ്യാപിക്കുകയും പിന്നീട് അമേരിക്കയെ വെട്ടിപ്പിടിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു ഈ മൂന്നുപേരെയും മര്‍ഡോക്കിന്റെ മാധ്യമങ്ങള്‍ നന്നായി സഹായിച്ചു. ഇറാഖിനു നേരെ ആക്രമണം നടത്തുന്നതിനു ബുഷിനും ബ്ലയര്‍ക്കും ഹോവാര്‍ഡിനും ധൈര്യം പകരുകയും പ്രോത്സാഹനം നല്‍കുകയും ചെയ്തതും മര്‍ഡോക്കാണ്. അമേരിക്കയിലെയും ബ്രിട്ടനിലെയും ഓസ്‌ട്രേലിയയിലെ മര്‍ഡോക്കിന്റെ മാധ്യമങ്ങള്‍ യുദ്ധത്തെ സഹര്‍ഷം സ്വാഗതം ചെയ്തു''.

കൈക്കൂലി നല്‍കുന്നതു ദുഷിച്ച നടപടിയാണ്. സ്വകാര്യ സംഭാഷണങ്ങളും സന്ദേശങ്ങളും ചോര്‍ത്തുന്നതും ദുഷിച്ച ചെയ്തിയാണ്. എന്നാല്‍ അതിനെക്കാളെല്ലാം ദുഷിച്ചതാണ് കൊലപാതകം. അതും വ്യാപകമായ തോതിലുള്ള കൊല - ബോധപൂര്‍വം കൂട്ടക്കൊല ആസൂത്രണം ചെയ്യുകയും അതിനു പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നതാണ് ഏറ്റവും നിന്ദ്യമായ കാര്യം. യുദ്ധം അതാണ്. അതുകൊണ്ടുതന്നെ മര്‍ഡോക്ക് വലിയൊരു കുറ്റവാളിയാണ്. യുദ്ധം വില്‍പ്പനച്ചരക്കാക്കിയ കുറ്റമാണ് മര്‍ഡോക്കിനെതിരെ ചുമത്തേണ്ടത്.

*
ഡേവിഡ് സ്വാന്‍സണ്‍ ജനയുഗം ജൂലൈ 18, 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

റൂപര്‍ട്ട് മര്‍ഡോക്കിനെ അദ്ദേഹത്തിന്റെ ജീവനക്കാര്‍ ടെലിഫോണ്‍ സംഭഷണം ചോര്‍ത്തിയതിനോ കൈക്കൂലി വാങ്ങിയതിനോ കുറ്റപ്പെടുത്തുന്നത് നിരപരാധികളെ പീഡിപ്പിച്ചതിന് ജോര്‍ജ് ബുഷിനെ കുറ്റപ്പെടുത്തുന്നതുപോലെയാണ്. മര്‍ഡോക്കിനെതിരെ എന്തെങ്കിലും നടപടിയുണ്ടാകുമെങ്കില്‍ അതു സന്തോഷകരമാണ്. എന്നാല്‍ അതു നടക്കുമോ എന്ന കാര്യത്തില്‍ സംശയം നില നില്‍ക്കുന്നു. എന്റെ മനസ്സിലുള്ളത് മര്‍ഡോക്ക് ചെയ്തത് കൂടുതല്‍ കടുത്തകുറ്റകൃത്യമാണ്.