Showing posts with label ആത്മകഥ. Show all posts
Showing posts with label ആത്മകഥ. Show all posts

Friday, June 21, 2013

വന്മരം വീണപ്പോള്‍

ഇന്ദിരാഗാന്ധിയുടെ മരണവും തുടര്‍ന്ന് ഡല്‍ഹിയില്‍ ഉണ്ടായ സംഭവങ്ങളും ഇന്ത്യാ ചരിത്രത്തില്‍ ഒരു കാലത്തും മറക്കാനാകാത്ത കാര്യങ്ങളാണ്. അന്ന് ഡല്‍ഹിയിലുണ്ടായ ഒരുപാട് അനിഷ്ട സംഭവങ്ങള്‍ക്ക് ഞാന്‍ സാക്ഷിയാണ്. ഡല്‍ഹിക്ക് പോകാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം കാത്തിരിക്കുമ്പോഴാണ് ഇന്ദിരാഗാന്ധിക്ക് വെടിയേറ്റ വാര്‍ത്ത അറിഞ്ഞത്. കെ കരുണാകരനും വിമാനത്താവളത്തില്‍ ഒപ്പമുണ്ട്. വിമാനത്തില്‍ ഞങ്ങള്‍ ഒന്നിച്ച് ഡല്‍ഹിയില്‍ എത്തി. കരുണാകരന്റെ കാറിലാണ് കേരളഹൗസിലേക്ക് പോയത്. അവിടെ ചെന്നിറങ്ങുമ്പോള്‍ രാജീവ് ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുന്നു എന്ന വാര്‍ത്തയറിഞ്ഞു. ഇന്ദിരാ വധത്തിന് പിന്നാലെ നഗരം കത്തിത്തുടങ്ങിയിരുന്നു. സിക്കുകാരെ കണ്ടാല്‍ അപ്പോള്‍ കശാപ്പ് ചെയ്യും. ആകെ അരക്ഷിതാവസ്ഥ.

ഇന്ദിരക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ പോയ സുര്‍ജിത്തിന് നേരെ കലാപകാരികള്‍ ഓടിയടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത് ഞാനുണ്ട്. സുര്‍ജിത്തിന് ഒപ്പമല്ല ഞങ്ങള്‍ അവിടേക്ക് പോയത്. പക്ഷേ ഈ സംഭവം നടക്കുമ്പോള്‍ ഞാന്‍ അടുത്തെത്തി. തലേക്കെട്ട് കണ്ടതോടെ കലാപകാരികള്‍ കൊല്ലവനെ എന്നു വിളിച്ച് പാഞ്ഞടുക്കുകയായിരുന്നു. പൊലീസൊക്കെ ഓടിക്കൂടി തടഞ്ഞിട്ടും കലാപക്കാര്‍ ഒതുങ്ങിയില്ല. അവസാനം പട്ടാളം സുര്‍ജിത്തിനെ വാഹനത്തില്‍ കയറ്റി അവിടെനിന്ന് പോകുകയായിരുന്നു. ഞാന്‍ താമസിക്കുന്ന തല്‍ക്കത്തോറ റോഡിലെ പതിനഞ്ചാം നമ്പര്‍ വീടിനടുത്ത് ഒരു ഗുരുദ്വാരയുണ്ട്. അത് നിറയെ സിക്കുകാരായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ അഭയം തേടിയിരുന്നു. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ ഭയമായിരുന്നു. ആയിരക്കണക്കിന് നിസ്സഹായരായ സിക്കുകാര്‍ അഭയം തേടിയ ഈ ഗുരുദ്വാരക്ക് ചുറ്റും മെഷീന്‍ ഗണ്ണുമായി പട്ടാളം നില്‍പ്പുണ്ട്. അതിലൊരു പട്ടാളക്കാരനോട് ഞാന്‍ ചോദിച്ചു. നിങ്ങളെന്തിനാണ് തോക്കുമായി ഇവിടെ നില്‍ക്കുന്നതെന്ന്. ഗുരുദ്വാരയില്‍ അഭയം തേടിയ നിരപരാധികള്‍ കലാപത്തിന് പുറത്തിറങ്ങാതെ നോക്കാനാണ് തോക്കുമായി കാവല്‍ നില്‍കുന്നതെന്നാണ് അയാള്‍ പറഞ്ഞത്. എന്റെ വീടിനുമുന്നില്‍ കപ്പലണ്ടി കച്ചവടം ചെയ്തിരുന്ന ഒരു സര്‍ദാര്‍ജിയുണ്ടായിരുന്നു. എന്നും അയാളുടെ കൈയില്‍ നിന്ന് കപ്പലണ്ടി വാങ്ങാറുണ്ടായിരുന്നു. ഇന്ദിരാഗാന്ധിക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് തിരിച്ചുവരുമ്പോള്‍ ഈ സര്‍ദാര്‍ജിയുടെ ജഡം കര്‍പ്പൂരം കത്തുന്നതു പോലെ ആ തെരുവില്‍ കിടന്ന് കത്തുന്ന കാഴ്ചയാണ് കണ്ടത്. ആ രണ്ടുരാവും പകലും ഡല്‍ഹി കലാപക്കാരുടെ കൈയിലായിരുന്നു. ആയിരക്കണക്കിന് ആളുകളെയാണ് കൊന്നുതള്ളിയത്.

മൂന്നാം ദിവസം എന്നെയും സത്യശരണ്‍ ചക്രവര്‍ത്തിയെയും മറ്റ് ഒരു എംപിയെയും വിളിച്ച് പഞ്ചാബിലേക്ക് പോകാന്‍ സുര്‍ജിത് പറഞ്ഞു. ജീവന്‍ പണയപ്പെടുത്തിയാണ് ഞങ്ങള്‍ പോയത്. കര്‍ണാലിലും മറ്റും ചെല്ലുമ്പോള്‍ ഭയങ്കരമായ കാഴ്ചകളായിരുന്നു. തകര്‍ക്കപ്പെട്ട ഗുരുദ്വാരകള്‍ സന്ദര്‍ശിച്ചു. കലാപത്തിനിരയായവരെ സമാധാനിപ്പിച്ചു. പിന്നെ അമൃത്സറില്‍ പോയി. ആദ്യത്തെ രണ്ട് മൂന്ന് മണിക്കൂര്‍ ഭരണമെന്ന് പറയുന്നത് ഇല്ലായിരുന്നു. കലാപകാരികള്‍ അഴിഞ്ഞാടുകയായിരുന്നു. വീണ്ടും പത്രാധിപസ്ഥാനത്ത് നായനാരുടെ മന്ത്രിസഭ പോയ ഉടനെ എന്നെ വീണ്ടും ദേശാഭിമാനിയിലേക്ക് വിളിച്ചു. അങ്ങനെ വന്ന് ചുമതലയെടുത്തതിന് പിന്നാലെയാണല്ലോ രാജ്യസഭയിലേക്ക് പോയത്. 1988 ലാണ് രാജ്യസഭയില്‍ നിന്ന് തിരിച്ച് വീണ്ടും ദേശാഭിമാനിയിലെത്തിയത്. അപ്പോള്‍ തിരുവനന്തപുരം എഡിഷന്‍ തുടങ്ങിയിരുന്നു. ആ സ്ഥലം വാങ്ങി. പഴയ മെഷീന്‍ ഉണ്ടായിരുന്നു. കോഴിക്കോടും കൊച്ചിയിലും നിന്നു ഏതാനും പേരെ അവിടേക്ക് കൊണ്ടുവന്നാണ് പുതിയ എഡിഷന്‍ തുടങ്ങിയത്. അക്കാലത്താണ് ഡിടിപി വരുന്നത്. തിരുവനന്തപുരത്ത് ഡിടിപി കൊണ്ടുവന്നെങ്കിലും അത് എന്താണെന്ന് പോലും നമുക്കൊന്നുമറിഞ്ഞു കൂടാ. പുതിയ കമ്പോസിങ് സംവിധാനത്തിന്റെ തുടക്കത്തില്‍ വളരെ കഷ്ടപ്പെട്ടു. മോഡം വന്നിട്ടില്ല. മോഡം ഉണ്ടെങ്കിലല്ലേ എല്ലായിടത്തേക്കും കൊടുക്കാന്‍ പറ്റൂ. ഓഫ്സെറ്റ് പ്രിന്റിങ്ങും വേണം. തിരുവനന്തപുരത്ത് മാത്രം പഴയ ഓഫ്സെറ്റുണ്ട്. കൊച്ചിയിലുണ്ടായിരുന്നത് പ്ലമാഗ് റോട്ടറി മെഷീനായിരുന്നു. അത് വാങ്ങിയപ്പോഴാണ് എന്നെ കൊച്ചിയിലേക്ക് കൊണ്ടുവന്നത്. ഇപ്പോഴത്തെ സ്ഥലത്തേക്ക് രവിപുരത്തു നിന്ന് മാറിയപ്പോഴാണ് ആ പ്രസ് വാങ്ങിയത്. നമുക്ക് അന്ന് പ്രിന്റിങ്ങിന്റെ സാങ്കേതിക കാര്യങ്ങളോ പുതിയവയുടെ വരവോ ഒന്നുമറിയില്ലായിരുന്നു. ഡിടിപിയില്‍ മുഴുവനായി ചെയ്ത് മലയാളത്തില്‍ ആദ്യം പത്രമിറക്കിയത് ദേശാഭിമാനിയാണ്. തിരുവന്തപുരത്താണ് അടിച്ചത്. അതിനു മുമ്പ് മാതൃഭൂമി അവരുടെ ഒരു വാരാന്ത്യ പതിപ്പ് ഡിടിപിയില്‍ അച്ചടിച്ചിരുന്നു. അവരൊക്കെ പിന്നീട് വിദേശത്തു നിന്നെല്ലാം മികച്ച മെഷീനുകള്‍ കൊണ്ടുവന്നു. പക്ഷേ ആദ്യം അച്ചടിച്ചതിന്റെ റെക്കോര്‍ഡ് നമുക്കായിരുന്നു. അത് കെ എം മാത്യു എപ്പോഴും പറയുമായിരുന്നു. നിങ്ങള്‍ കുത്തകകള്‍ എന്ന് വിളിക്കുന്നത് ഞങ്ങളെയാണ്. പക്ഷേ പുതിയ ടെക്നോളജി എന്ത് വന്നാലും ആദ്യം പ്രയോഗിക്കുന്നത് ദേശാഭിമാനിയായിരിക്കുമെന്ന്. ദേശാഭിമാനിയില്‍ ആദ്യമായി തസ്തികകള്‍ നിലവില്‍ വന്നപ്പോള്‍ ഏറ്റവും സീനിയര്‍ മോസ്റ്റ് എന്ന നിലയില്‍ ചീഫ് റിപ്പോര്‍ട്ടര്‍ തസ്തികയാണ് എനിക്ക് കിട്ടിയത്. പിന്നീട് പടിപടിയായി ജനറല്‍ എഡിറ്റര്‍ വരെയായി. ഒരു കാലത്തും ഇത്തരം തസ്തികകളിലൊന്നും ഞാന്‍ താല്‍പ്പര്യം കാണിച്ചിട്ടില്ല. പാര്‍ടി ചുമതല നിര്‍വഹിക്കുന്നതു പോലെയായിരുന്നു പത്രത്തിലെ ജോലിയും കണ്ടത്. തിരുവനന്തപുരം എഡിഷന്‍ തുടങ്ങുമ്പോഴാണ് എന്നെ റസിഡന്റ് എഡിറ്ററാക്കിയത.് 1998 ലാണ് ജനറല്‍ എഡിറ്ററായി ചുമതലയേറ്റത്. പിന്നീട് രണ്ട് വര്‍ഷത്തിനകം വിരമിക്കുന്ന സമയം വരെ ദേശാഭിമാനിയുടെ ഡസ്ക് യോഗം വരെയുള്ള കാാര്യങ്ങളില്‍ ഞാന്‍ നേരിട്ട് പങ്കെടുത്ത് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. 2000ല്‍ പാര്‍ടി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിയുന്നതു വരെ പാര്‍ടിയുടെ ദേശാഭിമാനി സബ്കമ്മിറ്റിയിലും ഉണ്ടായിരുന്നു. ദേശാഭിമാനിയുടെ കെട്ടിലും മട്ടിലും മാറ്റം വരുത്താനുളള ശ്രമങ്ങള്‍ 1970 കളോടെ തന്നെ തുടങ്ങിയിരുന്നു. ദേശാഭിമാനിയെ എല്ലാത്തരം വായനക്കാര്‍ക്കും സ്വീകാര്യമായ സമ്പൂര്‍ണ ദിനപ്പത്രം എന്ന നിലയിലേക്ക് വളര്‍ത്തുന്നതു സംബന്ധിച്ച ചര്‍ച്ച ഏതാണ്ട് 15 വര്‍ഷത്തിലേറെ പാര്‍ടിയില്‍ സജീവമായി തുടര്‍ന്നു. ഒടുവില്‍ ഇ എം തന്നെ അതുസംബന്ധിച്ച് ഒരു രേഖയുണ്ടാക്കി. എല്ലാ വായനക്കാര്‍ക്കും സ്വീകാര്യമായതും എന്നാല്‍ പാര്‍ടി താല്‍പ്പര്യം സംരക്ഷിക്കുന്നതുമായ പത്രമായി ദേശാഭിമാനി മാറണം. അല്ലാതെ പാര്‍ടി ഗസറ്റ് മാത്രമായി പോകരുത് എന്നതായിരുന്നു ഇ എം തയ്യാറാക്കിയ രേഖയുടെ സത്ത. ഈ തീരുമാനത്തിലേക്ക് എത്താന്‍ പാര്‍ടിക്കുള്ളിലും ദേശാഭിമാനിയിലും ഭയങ്കരമായി പോരാടേണ്ടിവന്നു. ഒരു ക്ഷേത്രോത്സവ വാര്‍ത്ത ദേശാഭിമാനിയില്‍ വരുന്നതില്‍പോലും ആദ്യകാലത്ത് വലിയ എതിര്‍പ്പുണ്ടായിരുന്നു. അതൊക്കെ മോശമാണ് എന്നായിരുന്നു അഭിപ്രായം. ആറ്റുകാല്‍ പൊങ്കാലയെക്കുറിച്ചോ ശബരിമലയെക്കുറിച്ചോ പോലും ഒരു വാര്‍ത്ത നല്‍കുന്നതിനോട് വലിയൊരു വിഭാഗത്തിന് വിമുഖതയുണ്ടായിരുന്നു. അമ്പലത്തിലും പള്ളിയിലുമൊക്കെ പോകുന്നവര്‍ നമ്മുടെ ജനതയാണ്. അവര്‍ ഏതു ദേവാലയത്തില്‍ പോയാലും പിക്കറ്റിങ്ങും ജാഥയും വരുമ്പോള്‍ കൊടിയും പിടിച്ച് നമ്മോടൊപ്പമുണ്ടാകും. അവരെ തള്ളിക്കളഞ്ഞ് മുന്നോട്ട് പോകാനാവില്ല എന്നതായിരുന്നു എന്റെ നിലപാട്. പടിപടിയായി ഇതിലൊക്കെ മാറ്റം വന്നു.

പിന്നീട് ഒരു വര്‍ഷം മണ്ഡലകാലത്ത് ശബരിമലയില്‍ ദേശാഭിമാനിയുടെ സ്റ്റാള്‍ തുറക്കാനും തീരുമാനിച്ചു. ക്ഷേത്രമാതൃകയില്‍ തീര്‍ത്ത സ്റ്റാള്‍ തിരുവനന്തപുരത്ത് തയ്യാറാക്കി അവിടേക്ക് കൊണ്ടു പോവുകയായിരുന്നു. ആദ്യം ദേവസ്വം ബോര്‍ഡുകാര്‍ സ്ഥലം തന്നില്ല. നമ്മള്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. കോടതി ആവശ്യം അംഗീകരിച്ചു. എന്നാല്‍ കോടതി വിധിക്ക് കാക്കാതെ ഒമ്പതിനായിരം രൂപ വാടകകൊടുത്ത് വണ്ടന്‍മേടില്‍ സ്റ്റാള്‍ സ്ഥാപിക്കാനുള്ള സ്ഥലമെടുത്തിരുന്നു. അവിടെയാണ് സ്റ്റാള്‍ ഇട്ടത്. അങ്ങനെ തുറന്ന സ്റ്റാളില്‍ അരമണിക്കൂറോളം ഞാന്‍ ഇരുന്നപ്പോള്‍ തന്നെ പത്തഞ്ഞൂറ് അയ്യപ്പന്മാരെങ്കിലും അവിടെ വന്നു പോയിട്ടുണ്ട്. സഖാവെ നന്നായി, നമുക്ക് മാത്രമാണ് ഇത് ഇവിടെ ഇല്ലാതിരുന്നത്. മറ്റു പത്രങ്ങള്‍ക്കെല്ലാം ഈ സംവിധാനമുണ്ട്. ഏതായാലും നന്നായി എന്ന് അവര്‍ വലിയ സന്തോഷത്തോടെ അഭിപ്രായവും പ്രകടിപ്പിച്ചു. മറ്റു പത്രങ്ങള്‍ അയ്യപ്പ ഭക്തര്‍ക്ക് നല്‍കിയ എല്ലാ സേവനങ്ങളും സൗകര്യങ്ങളും നമ്മുടെ സ്റ്റാളിലും ലഭ്യമാക്കി. ആ നടപടി പാര്‍ടിയില്‍ മാത്രമല്ല ദേശാഭിമാനിയുടെ യൂണിറ്റുകളിലും എതിര്‍പ്പുണ്ടാക്കി. കാര്യങ്ങള്‍ വിശദീകരിച്ച് ഞാന്‍ തന്നെ നേരിട്ട് എല്ലാ യൂണിറ്റിലുമെത്തി. പാര്‍ടി യോഗങ്ങളിലും വിശദീകരിച്ചു. തുടക്കത്തില്‍ പാര്‍ടി നേതാക്കളില്‍ ചിലര്‍ക്കുണ്ടായിരുന്ന എതിര്‍പ്പ് നമ്മുടെ സ്റ്റാളിന് അയ്യപ്പ ഭക്തര്‍ക്കിടയിലുണ്ടായ സ്വീകാര്യത കണ്ടപ്പോള്‍ മാറി.

വയലാര്‍ രവിയുടെ പേര് അങ്ങനെ അച്ചടിക്കാതെ അയാളുടെ ഇനിഷ്യല്‍ വച്ച് "എം കെ രവി" എന്ന് കുറേക്കാലം അച്ചടിച്ചിരുന്നു. കോണ്‍ഗ്രസുകാരുടെ പ്രസ്താവനയും പേരും കൊടുക്കുന്നതിന് പോലും ഒരുകാലത്ത് എതിര്‍പ്പുണ്ടായിരുന്നു. സ്പോര്‍ട്സിന് ഒരു പേജ് അനുവദിച്ചതിനെതിരെയും ചിലര്‍ രംഗത്തുവന്നു. ദേശാഭിമാനിയിലെ സ്പോര്‍ട്സ് റിപ്പോര്‍ട്ടിങ് എക്കാലത്തും ഏറെ പ്രശംസിക്കപ്പെട്ടതായിരുന്നു. മോഹന്‍ദാസും രവീന്ദ്രദാസും അവരുടെ പരിശ്രമത്തില്‍ ആ പേജ് മികച്ചതാക്കി നിലനിറുത്തി. അപ്പോഴാണ് ഈ വിമര്‍ശനം. ആ കാഴ്ചപ്പാടൊക്കെ മാറ്റിയെടുക്കാന്‍ നന്നായി പണിയെടുക്കേണ്ടി വന്നു. പുരുഷായുസ്സ് മുഴുവന്‍ ദേശാഭിമാനിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന്റെയും അതിന്റെ ഭാഗമായി പത്രത്തിന്റെ കെട്ടിലും മട്ടിലും സ്വീകാര്യതയിലും ഗുണപരമായ നിരവധി മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതിന്റെയും തൃപ്തിയോടെയാണ് ഞാന്‍ ദേശാഭിമാനിയില്‍നിന്ന് പിരിഞ്ഞത്.

ഇക്കാലത്തിനിടെ ഒരിക്കല്‍ മാത്രമാണ് എനിക്ക് പാര്‍ടിയില്‍നിന്ന് ശിക്ഷാ നടപടി നേരിടേണ്ടിവന്നത്. അത് കരുണാകരനെ കുറിച്ചുള്ള ഒരു എഡിറ്റോറിയല്‍ എഴുതിയതിന്റെ പേരിലാണ്. സോണിയാ ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റാക്കുന്നതിനെതിരെ കരുണാകരന്‍ നടത്തിയ പ്രസ്താവനയെ കുറിച്ചായിരുന്നു എഡിറ്റോറിയല്‍. സോണിയക്കെതിരായ കരുണാകരന്റെ പ്രസ്താവന കോണ്‍ഗ്രസില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കരുണാകരനെ പിന്തുണച്ചായിരുന്നു എന്റെ എഡിറ്റോറിയല്‍. അത് എഴുതരുതായിരുന്നെന്ന് പറഞ്ഞ് പാര്‍ടി എന്നെ പരസ്യമായി ശാസിച്ചു. ദേശാഭിമാനിയില്‍ അതിന്റെ വാര്‍ത്തയും വന്നു. കരുണാകരന്‍ അന്ന് നമ്മുടെ ഏറ്റവും വലിയ ശത്രുവാണ്. പാര്‍ടി അദ്ദേഹത്തിനെതിരെ എല്ലാ ആയുധവും എടുത്ത് പ്രയോഗിക്കുന്ന കാലം. അപ്പോഴാണ് കരുണാകരനെ പ്രകീര്‍ത്തിച്ച് പാര്‍ടി പത്രത്തില്‍ എഡിറ്റോറിയല്‍ വരുന്നത്. തെറ്റായിരുന്നു എന്നല്ല, അതിപ്പോള്‍ വേണ്ടായിരുന്നു എന്നാണ് പാര്‍ടിയുടെ വിലയിരുത്തല്‍. പതിനെട്ടാമത്തെ വയസ്സില്‍ പാര്‍ടിയില്‍ വന്ന എനിക്ക് ഇക്കാലത്തിനിടെ നേരിടേണ്ടിവന്ന ഏക ശിക്ഷാനടപടി അതായിരുന്നു. വിരമിക്കുന്ന ദിവസം വരെ ഞാന്‍ എഡിറ്റോറിയല്‍ എഴുതിയിരുന്നു. (അവസാനിച്ചു)

*
കെ മോഹനന്‍ ദേശാഭിമാനി വാരിക

Thursday, June 13, 2013

രാജ്യസഭയിലെ പ്രസംഗങ്ങള്‍

നായനാരുടെ മന്ത്രിസഭയുടെ കാലം കഴിഞ്ഞ് വീണ്ടും ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെത്തി ചുമതലയേറ്റ ഞാന്‍ 1982ല്‍ രാജ്യസഭാംഗമായി. ഒരു ദിവസം രാത്രി സംസ്ഥാന കമ്മിറ്റി ഓഫീസില്‍നിന്ന് എന്നെ തിരക്കി തിരുവനന്തപുരത്തെ വീട്ടിലേക്ക് ഫോണ്‍ വന്നു. ഞാനന്ന് കൊച്ചിയിലാണ്. വീട്ടിലെത്തിയപ്പോള്‍ പത്മ എന്നോട് ഫോണ്‍ വന്ന കാര്യം പറഞ്ഞു. പിറ്റേന്ന് രാവിലെ ഓഫീസില്‍ എത്താന്‍ പറഞ്ഞു. ചെന്നു. പുത്തലത്തിനെ കണ്ടു. അദ്ദേഹം പറഞ്ഞു, രാജ്യസഭയിലേക്ക് നോമിനേഷന്‍ കൊടുക്കാന്‍. രണ്ട് ദിവസം മുമ്പ് ചേര്‍ന്ന സെക്രട്ടറിയറ്റിെന്‍റ തീരുമാനമാണ്. അപ്പോള്‍ എം കെ കൃഷ്ണനും അവിടെയുണ്ട്. പുത്തലത്ത് എം കെയെ വിളിച്ചിട്ട് പറഞ്ഞു. ഒരു എംഎല്‍എയെ കൂടി കൂട്ടി മോഹനനെ കൊണ്ടുപോയി നോമിനേഷന്‍ കൊടുപ്പിക്കണമെന്ന്. അങ്ങനെ നോമിനേഷന്‍ കൊടുത്തു. നോമിനേഷെന്‍റ സൂക്ഷ്മ പരിശോധന നടക്കുന്ന ദിവസം നിയമസഭ പിരിച്ച് വിടുന്നതായി വാര്‍ത്തപരന്നു. സുക്ഷ്മപരിശോധനക്ക് ചെന്നിരുന്നപ്പോള്‍ അല്‍പ്പം ഇരിക്കൂ എന്നായി ഓഫീസര്‍മാര്‍. മറ്റൊന്നും പറയുന്നില്ല. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ രാജ്ഭവനില്‍നിന്ന് നോട്ടിഫിക്കേഷന്‍ വന്നു. നിയമസഭ പിരിച്ചു വിട്ടിരിക്കുന്നു എന്ന്. പിന്നെ ഇലക്ഷനില്ലല്ലോ.

ഇലക്ഷന്‍ കമ്മീഷെന്‍റ ഒരു നോട്ടിഫിക്കേഷനുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ കോടതിക്ക് പോലും അതില്‍ ഇടപെടാനാവില്ലെന്ന തരത്തില്‍. അതുവച്ചു ഒരു കേസ് കൊടുക്കാമെന്ന് തീരുമാനിച്ചു. കേസിെന്‍റ കാര്യത്തിന് ഞാന്‍ എറണാകുളത്തെത്തി. ബാലചന്ദ്രനെയും കൂട്ടി അഡ്വ. ഈശ്വരയ്യരുടെ അടുത്ത് പോയി. കാര്യങ്ങള്‍ ആലോചിച്ചു. സ്വാമി പറഞ്ഞു. ഇത് കേസും കൂട്ടവുമൊക്കെയായാല്‍ വര്‍ഷങ്ങള്‍ കഴിയും തീരാന്‍. ഭരണഘടനാ ബഞ്ചില്‍ വരെ പോയേക്കും എന്ന്. അപ്പോള്‍ ബാലചന്ദ്രന്‍ പറഞ്ഞു. എന്തായാലും രണ്ട് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കും. ഒരാളെ രാജ്യസഭയിലേക്ക് അയക്കാനുള്ള അംഗബലമൊക്കെ നമുക്കുണ്ടാകും. അതുവരെ കാത്തിരിക്കാമെന്ന്. സ്വാമിയും അത് ശരിവച്ചു. അതുകൊണ്ട് കേസിനൊന്നും പോയില്ല. കണക്കുകൂട്ടിയതു പോലെ തന്നെ കാര്യങ്ങള്‍ നടന്നു. ഇലക്ഷന്‍ കഴിഞ്ഞു. നമുക്ക് ആവശ്യത്തിന് എംഎല്‍എമാരുണ്ടായിരുന്നു. 1982 ജൂലൈ 6ന് രാജ്യസഭാംഗമായി ഞാന്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭയിലെത്തുമ്പോള്‍ പാര്‍ലമെന്ററി നടപടി ക്രമങ്ങള്‍ എനിക്കത്ര പുതുമയൊന്നുമായിരുന്നില്ല. നിയമസഭാ റിപ്പോര്‍ട്ടിങ്ങിലുണ്ടായിരുന്ന പരിചയമൊക്കെ സഹായകമായി. രണ്ടിടത്തേയും നടപടിക്രമങ്ങളില്‍ ചില്ലറ വ്യത്യാസമുണ്ടായിരുന്നു എന്നതല്ലാതെ എങ്ങനെയാണ് ഒരു സഭ നടന്നുപോകുന്നത് എന്നൊക്കെ ധാരണയുണ്ടായിരുന്നു. ഒ ജെ ജോസഫും എന്റൊപ്പം രാജ്യസഭയിലുണ്ടായിരുന്നു. എന്റെ പിന്നാലെയാണ് എം എ ബേബി വരുന്നത്. പിന്നെയുള്ളത് ബംഗാളില്‍ നിന്നുള്ള സഖാക്കളാണ്. ഹര്‍കിഷന്‍ സിങ് സുര്‍ജിത് നല്ല പിന്തുണ എനിക്ക് നല്‍കിയിരുന്നു. സുര്‍ജിത്തിന് വരുന്ന എണ്ണമറ്റ നിവേദനങ്ങളിലൊക്കെ നടപടിയുണ്ടാക്കുന്നതിന് ഞാനും സഹായിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെയടുത്ത് സിക്കുകാരുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തില്‍ വളരെയധികം നിവേദനങ്ങള്‍ എത്തുമായിരുന്നു.

പഞ്ചാബില്‍ കുഴപ്പം നടക്കുന്ന സമയമാണ്. വിദേശങ്ങളില്‍നിന്ന് ഇന്ത്യയിലെത്തുന്ന സിക്കുകാര്‍ക്ക് നാട്ടില്‍ പോകാന്‍ പാസ്പോര്‍ട്ട് മാത്രം കാണിച്ചാല്‍ പോര. ആഭ്യന്തര വകുപ്പില്‍ നിന്നുള്ള ഒരു പാസ് എടുക്കണം. വിശ്വാസമുള്ളവര്‍ പറഞ്ഞാലേ അത് വേഗം കിട്ടൂ. ആ വക കാര്യങ്ങള്‍ക്കൊക്കെ എന്നെയാണ് ചുമതലപ്പെടുത്തുക. ഒരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് ചുമതലക്കാരന്‍. ഒരുകെട്ട് അപേക്ഷയുമായാണ് അയാള കാണാന്‍ പോകുന്നത്. അപേക്ഷ നോക്കിയിട്ട് അയാള്‍ പറയും. ഇവനൊക്കെ തീവ്രവാദിയാണോ നല്ലവനാണോ എന്ന് എനിക്കുമറിയില്ല, സുര്‍ജിത്തിനുമറിയില്ല, താങ്കള്‍ക്കുമറിയില്ല. എന്തുമാകട്ടെ. ഇതും പറഞ്ഞാണ് അയാള്‍ പാസില്‍ ഒപ്പിടുക. ബൂട്ടാസിങ് സുര്‍ജിത്തിെന്‍റ ശിഷ്യനാണ്.അയാളാണ് ആഭ്യന്തരവകുപ്പില്‍. ഗുരുജി എന്നാണ് സുര്‍ജിത്തിനെ വിളിക്കുന്നത്. അവിടത്തെ കര്‍ഷകസംഘം ഓഫീസിലെ സെക്രട്ടറിയായിരുന്നു ബൂട്ടാസിങ്. സുര്‍ജിത് പറഞ്ഞുവിട്ടതാണെന്ന് പറഞ്ഞാല്‍ പിന്നെ ചോദ്യവും പറച്ചിലുമില്ല. ചെയ്തുതരും. പാര്‍ലമെന്ററി കമ്മിറ്റി ചെയര്‍മാന് വലിയ അധികാരമായിരുന്നു. ആദ്യം പാര്‍ലമെന്റ് അഷ്വറന്‍സ് കമ്മിറ്റിയുടെയും പിന്നീട് കമ്മിറ്റി ഓണ്‍ പേപ്പേഴ്സ് ലെയ്ഡ് ഓണ്‍ ദ ടേബിള്‍ എന്നൊരു ഉപസമിതി ഉണ്ടാക്കിയപ്പോള്‍ അതിെന്‍റയും ചെയര്‍മാനായിരുന്നിട്ടുണ്ട്.

അഞ്ചുലക്ഷത്തില്‍ കൂടുതല്‍ മുതല്‍മുടക്കുള്ള ഏതു പൊതുമേഖലാ സ്ഥാപനവും അവരുടെ വാര്‍ഷിക റിപ്പോര്‍ട്ട് പാര്‍ലമെന്റിന് അയച്ചിരിക്കണം എന്നൊരു നിയമമുണ്ട്. അവര്‍ അയക്കുന്നതൊക്കെ വായിക്കാനും മനസ്സിലാക്കാനും ആരും ശ്രമിച്ചിരുന്നില്ല. അയക്കുന്നതൊന്നും അംഗങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്നും അത് ഒരു റിപ്പോര്‍ട്ടാക്കി ഒരു കമ്മിറ്റിയുടെ ശുപാര്‍ശയോടെ സഭയില്‍ വയ്ക്കണമെന്നുമുള്ള പ്രമേയം പാര്‍ലമെന്റില്‍ വന്നു. ആ പ്രമേയം പാസാക്കിക്കൊണ്ടാണ് കമ്മിറ്റി ഓണ്‍ പേപ്പേഴ്സ് ലെയ്ഡ് ഓണ്‍ ദ ടേബിള്‍ എന്ന കമ്മിറ്റിയുണ്ടാക്കിയത്. ആ കമ്മിറ്റിയുടെ രണ്ടാമത് ചെയര്‍മാനായിരുന്നു ഞാന്‍. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയോളം അധികാരമുള്ള കമ്മിറ്റിയായിരുന്നു അത്. ഞാന്‍ ചെയര്‍മാനായിരിക്കെയാണ് ബാങ്കിങ് മേഖലയെക്കുറിച്ച് ഒരു വിശദമായ പഠനം നടന്നത്. പലയിടത്തും പോയി താമസിച്ച് തെളിവുകളെടുത്തു.

ആറുവര്‍ഷത്തെ കാലാവധിക്കിടയില്‍ അഞ്ചര വര്‍ഷവും ഏതെങ്കിലും കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നു. പ്രാസംഗികനെന്ന നിലയില്‍ പാര്‍ലമെന്റിലും എനിക്ക് മികച്ച പ്രകടനം നടത്താനായ സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. അതില്‍ ഒന്നാമതായി ഓര്‍ക്കുന്നത് ഓര്‍ഡിനന്‍സുകളുമായി സംബന്ധിച്ച ഒരു പ്രശ്നത്തില്‍ പ്രമേയം നല്‍കി നടത്തിയ പ്രസംഗമാണ്. ഓര്‍ഡിനന്‍സുകള്‍ യഥാസമയം നിയമമാക്കാതെ നീട്ടിക്കൊണ്ടു പോകുന്നതിനെതിരെയായിരുന്നു(റീ പ്രൊമല്‍ഗേഷന്‍ ഓഫ് ഓര്‍ഡിനന്‍സസ്). ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചാല്‍ രണ്ടാഴ്ചക്കകം അല്ലെങ്കില്‍ അടുത്ത സഭ ചേരുമ്പോള്‍ ആ സമ്മേളനത്തില്‍ വച്ച് അത് നിയമമാക്കണമെന്നുണ്ട്. അതു ചെയ്യാതെ സഭ ചേരുന്നതിന് തൊട്ടുമുമ്പായി ഓര്‍ഡിനനന്‍സ് റീപ്രൊമല്‍ഗേറ്റ് ചെയ്യും. ബിഹാറിലൊക്കെ 51 തവണ വരെ ഓര്‍ഡിനന്‍സുകള്‍ റീപ്രൊമല്‍ഗേറ്റ് ചെയ്ത സംഭവമുണ്ടായിട്ടുണ്ട്. ഇതൊരു വലിയ പ്രശ്നമാണ്. സഭയില്‍ ചോദ്യരൂപേണയും മറ്റുമായി മുമ്പും പ്രശ്നം ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും വ്യക്തമായ മറുപടിയും തീരുമാനങ്ങളുമൊന്നുമുണ്ടായിട്ടില്ല. ആ സാഹചര്യത്തിലാണ് ഞാന്‍ നോട്ടീസ് നല്‍കിയത്. ഇതേ പ്രമേയത്തിന് എല്‍ കെ അദ്വാനിയും നോട്ടീസ് നല്‍കിയിരുന്നു. ഒന്നിലധികം പേര്‍ വന്നാല്‍ നറുക്കെടുത്താണ് പ്രമേയം അവതരിപ്പിക്കേണ്ടയാളെ നിശ്ചയിക്കുക.

ഞാന്‍ സഭയിലെത്തിയിട്ട് രണ്ടര മാസമേ ആയിട്ടുളളൂ. എന്തായാലും പ്രമേയാവതരണത്തിന് എനിക്ക് നറുക്ക് വീണു. ഞാന്‍ ചെന്ന് അദ്വാനിയെ കണ്ടു. എന്റെ അടുത്താണ് അദ്ദേഹം ഇരിക്കുന്നത്. പ്രഗല്ഭനായ പാര്‍ലമെന്റേറിയനാണ്. ആ സഭയില്‍ അദ്ദേഹത്തോട് കിടപിടിക്കാവുന്നവര്‍ ഇല്ല. വിഷയം ഏതായാലും വിവരങ്ങള്‍ അദ്ദേഹത്തിന്റെ വിരല്‍തുമ്പിലുണ്ടാകും. അദ്ദേഹത്തോട് വിഷയം സംബന്ധിച്ച് വിവരങ്ങള്‍ ആരാഞ്ഞു. മറ്റൊരു പ്രസംഗം മുസ്ലിം വനിതാബില്‍ സംബന്ധിച്ചുള്ളതായിരുന്നു. മൊഴി ചൊല്ലിയ മുസ്ലിം യുവതിക്ക് നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച് സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി മറികടക്കാന്‍ കൊണ്ടുവന്ന ബില്ലായിരുന്നു. വെളുക്കുവോളം നീണ്ടു ചര്‍ച്ച. പുലര്‍ച്ചെ രണ്ടര മണിയോടെയാണ് ഞാന്‍ പ്രസംഗിക്കുന്നത്. ചര്‍ച്ച നീളുന്നത് കണ്ട് പാര്‍ലമെന്ററി കാര്യമന്ത്രി പറഞ്ഞു അംഗങ്ങള്‍ക്ക് ഭക്ഷണമെല്ലാം ഇവിടെ കരുതിയിട്ടുണ്ടെന്ന്. മുസ്ലിം സഹോദരിമാരുടെ കണ്ണുനീരുകൊണ്ട് ഉപ്പു ചേര്‍ത്ത ഭക്ഷണമാണത്. അതു ഞങ്ങള്‍ക്ക് വേണ്ട എന്ന് ഞാന്‍ മറുപടി പറഞ്ഞു. സഭ ആ പ്രയോഗത്തെ നന്നായി വരവേറ്റു. മാധ്യമങ്ങളും അതിന് നല്ല പ്രാധാന്യം നല്‍കി. ശ്രദ്ധേയമായ മറ്റൊരു പ്രസംഗം ഗോവധ നിരോധനം സംബന്ധിച്ച ചര്‍ച്ചയിലായിരുന്നു. മുരളീമനോഹര്‍ ജോഷിയുണ്ട് സഭയില്‍. എെന്‍റ അടുത്താണ് ഇരിക്കുന്നത്. വാജ്പേയിയും അദ്വാനിയും കഴിഞ്ഞ്. അയാളും ഞാനും ഡെപ്യൂട്ടി ലീഡര്‍മാരാണ്. എെന്‍റ അപ്പുറത്തെ സീറ്റിലാണ് ജയലളിത. ഗോവധ നിരോധനത്തെ അനുകൂലിച്ച് ബിജെപി നേതാക്കള്‍ വലിയ ആവേശത്തില്‍ സംസാരിച്ചു. എന്റെ ഊഴമായി. അവര്‍ പറഞ്ഞതിലെല്ലാം തൊട്ടായിരുന്നു എന്റെ പ്രസംഗം. എന്താണ് ഇവര്‍ പറയുന്ന ഹിന്ദുവിെന്‍റ അര്‍ഥം. ഞാന്‍ ഹിന്ദുവോ മറ്റാരെങ്കിലുമോ അല്ല. മനുഷ്യനാണ്. ഞാനെന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. നിങ്ങളല്ല എന്ന് കൂടി പറഞ്ഞു.

അപ്പോള്‍ മുരളീമനോഹര്‍ ജോഷി ചോദിച്ചു. ആര്‍ യു എ ബീഫ് ഈറ്റര്‍? യെസ് ഐ ആം എന്ന് ഒട്ടും ആലോചിക്കാനില്ലാതെ ഞാന്‍ മറുപടി നല്‍കി. സഭ അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചതു പോലെയായി. ഡല്‍ഹിയില്‍ ചെന്ന് കാലിയിറച്ചി കഴിക്കുന്നവനാണ് എന്നു പരസ്യമായി പറഞ്ഞാലത്തെ സ്ഥിതി ആലോചിച്ചു നോക്കണം. സഭയില്‍ ആകെ ബഹളം. നമ്മുടെ ആളുകളും വിട്ടുകൊടുക്കാതെ ഏറ്റുപിടിച്ചു. പിറ്റേന്നത്തെ ഹിന്ദുസ്ഥാന്‍ ടൈംസിെന്‍റ ഒന്നാം പേജിലെ എട്ട് കോളം വാര്‍ത്തയും അതായി. ഐ ആം എ ബീഫ് ഈറ്റര്‍ എന്നായിരുന്നു വെണ്ടയ്ക്കാ തലക്കെട്ട്. ഡല്‍ഹിയില്‍ കൃഷ്ണ പോള്‍ജിസ് എന്നൊരു സംഘമുണ്ട്. വലിയ പൈസക്കാരാണ്. പിറ്റേന്ന് മുതല്‍ അവരുടെ കത്ത് എനിക്ക് വരാന്‍ തുടങ്ങി. ഭീഷണിയാണ് പലതിലും. ഗോവധത്തെ അനുകൂലിച്ചതിന്. ഗോപാല സ്വാമി എന്ന വൈകോ അന്ന് സഭയിലുണ്ട്. വിദഗ്ധനാണ്. എനിക്ക് വന്ന ഒന്നുരണ്ട് കത്ത് അയാളെ കാണിച്ചു. വൈക്കോ അതില്‍ ചിലത് സഭയില്‍ വായിച്ചു. അതോടെ വീണ്ടും പ്രശ്നമായി.

വൈക്കോയുടെ പ്രസംഗം വലിയ ആവേശത്തിലാണ്. അതു കൂടി കഴിഞ്ഞതോടെ നല്ല പിന്തുണ നേടാന്‍ എനിക്കായി. ഈ സംഭവം നടക്കുന്ന ദിവസം ബജറ്റ് ചര്‍ച്ചയില്‍ നമ്മുടെ അംഗം നിര്‍മല്‍ ചാറ്റര്‍ജി നടത്തിയ പ്രസംഗം ഓര്‍ക്കുന്നു. എക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് ഇന്‍സ്റ്റിറ്റ്യൂട്ടിെന്‍റ പ്രൊഫസറായിരുന്നയാളാണ്. എനിക്ക് ഗുരുവിനെ പോലെയായിരുന്നു. നമ്മുടെ അംഗസംഖ്യ പ്രകാരം 14 മിനുട്ട് മാത്രമേ പ്രസംഗിക്കാനാകൂ. നിര്‍മല്‍ ചാറ്റര്‍ജിയുടെ പ്രസംഗം അപാരമാണ്. നജ്മ ഹെപ്തുള്ളയാണ് ചെയറില്‍. അവര്‍ പോലും ബജറ്റ് നിര്‍ദേശങ്ങളുടെ സാമൂഹ്യ സാമ്പത്തിക വശങ്ങള്‍ വിശകലനം ചെ്ത് അദ്ദേഹം നടത്തിയ പ്രസംഗം കേട്ട് സമയ പരിധിയൊക്ക ഓര്‍മിപ്പിക്കാന്‍ മറന്ന് ഇരുന്നുപോയി. 14 മിനുട്ട് പ്രസംഗിക്കാന്‍ എഴുന്നേറ്റ നിര്‍മല്‍ ചാറ്റര്‍ജി അന്ന് പ്രസംഗിച്ചത് 54 മിനുട്ട്. എന്നിട്ടും പിറ്റേന്നത്തെ പത്രത്തില്‍ നിര്‍മലിെന്‍റ പ്രസംഗം ഒരുവരി പോലുമില്ല. പത്രങ്ങളിലെല്ലാം എന്റെ രണ്ട് മിനുട്ട് പ്രകടനമാണ് വെണ്ടക്കയില്‍. എടാ ഞാനെന്തിനാടാ ഈ പാടുപെട്ടത് എന്നായിരുന്നു പിറ്റേന്നത്തെ പത്രങ്ങള്‍ കണ്ടിട്ട് നിര്‍മലിെന്‍റ പ്രതികരണം. ബംഗാളില്‍നിന്നുള്ള ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവുമായി ഒരു ഉടക്കും ഇക്കാലത്ത് ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ രണ്ടാളും പറയാവുന്നതും പറയരുതാത്തതും പരസ്പരം വിളിച്ചു പറഞ്ഞു. വഴക്ക് മൂത്തപ്പോള്‍ ചെയറില്‍നിന്ന് നജ്മ ഹെപ്ത്തുള്ള പറഞ്ഞു. നിങ്ങള്‍ സഭക്ക് നിരക്കാത്തത് പറഞ്ഞിട്ടുള്ളത് പിന്‍വലിക്കണമെന്ന്. ഞാന്‍ അത് അനുസരിച്ചു. എെന്‍റ ഭാഗത്തു നിന്ന് ഈ സഭയുടെ അന്തസിന് യോജിക്കാത്ത എന്തെങ്കിലും പരാമര്‍ശം ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നും നിരുപാധികം പിന്‍വലിച്ച് മാപ്പ് അപേക്ഷിക്കുന്നു എന്നും പറഞ്ഞു. സഭ അത് സ്വീകരിച്ചു. അപ്പോള്‍ എല്ലാവരുംകൂടി മറ്റേയാളോടും മാപ്പ് പറയണമെന്ന് പറഞ്ഞു. അയാള്‍ അനുസരിച്ചില്ല. ഞാന്‍ പറയില്ല എന്ന് തീര്‍ത്തു പറഞ്ഞു. അയാള്‍ ഒരു റൗഡിയാ. എല്ലാം കഴിഞ്ഞപ്പോള്‍ നജ്മ ഹെപ്തുള്ള എന്നെ അഭിനന്ദിച്ച് ഒരു കത്ത് കൊടുത്തയച്ചു. അവരുടെ വീട്ടില്‍ അത്താഴം കഴിക്കാനുള്ള ക്ഷണവും ഉണ്ടായിരുന്നു. നിര്‍മല്‍ ചാറ്റര്‍ജിയും ഞാനും ഒന്നിച്ചാണ് നടപ്പ്. ഒരിക്കല്‍ ഇ എം ഡല്‍ഹിയില്‍ വന്നപ്പോള്‍ നിര്‍മലിനോടു ചോദിച്ചു, മോഹനന്‍ എങ്ങനെയുണ്ടെന്ന്. അദ്ദേഹം പറഞ്ഞു കൊള്ളാം, ഇംഗ്ലീഷില്‍ പ്രസംഗിക്കാനൊക്കെ ആദ്യം അല്‍പ്പം മടിയുണ്ടായിരുന്നു. ഞങ്ങള്‍ അതൊക്കെ മാറ്റിയെടുത്തിട്ടുണ്ട് എന്ന്.

ഞാന്‍ താമസിച്ചിരുന്നത് ആദ്യം നോര്‍ത്ത് അവന്യുവിലെ ഒരു കെട്ടിടത്തിലായിരുന്നു. പിന്നീട് പാര്‍ലമെന്റിന് അടുത്ത് ബംഗ്ലാവ് കിട്ടി. പ്രണബ് മുഖര്‍ജിക്കായിരുന്നു വാസസ്ഥലം അനുവദിക്കുന്നതിെന്‍റ ചുമതല. കമ്മിറ്റി ചെയര്‍മാനൊക്കെ ആയപ്പോഴാണ് അവിടേക്ക് മാറിയത്. മിനിസ്റ്റേഴ്സ് സ്റ്റാറ്റസിലുള്ള ഒരു ബംഗ്ലാവായിരുന്നു. ജ്യോതിര്‍മയി ബസുവാണ് മുമ്പ് അവിടെ താമസിച്ചിരുന്നത്. വലിയ ബംഗ്ലാവില്‍ നമ്മുടെ പാര്‍ടി ഓഫീസിലെ ജീവനക്കാരൊക്കെ വന്നു താമസിച്ചിരുന്നു. പി രാമമൂര്‍ത്തി അദ്ദേഹത്തിന്റെ അവസാന കാലം മുഴുവന്‍ എന്റെയൊപ്പമായിരുന്നു. അദ്ദേഹം സംസ്കൃതത്തിലടക്കം പ്രസംഗിക്കും. രാജ്യസഭയില്‍ അദ്ദേഹം സംസാരിക്കാന്‍ തുടങ്ങിയാല്‍ ഇടയ്ക്കുകയറി ആരും ചോദ്യം പോലും ചോദിക്കില്ലായിരുന്നു. അത്ര ആദരവും ബഹുമാനവുമാണ്. ഏതു വിഷയത്തിലും സംസാരിക്കും. സുഖമില്ലാതായപ്പോഴും സഭയില്‍ പ്രസംഗിക്കാന്‍ കിട്ടുന്ന അവസരം അദ്ദേഹം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പകരക്കാരനായി എന്നെ സംസാരിക്കാന്‍ നിയോഗിച്ച അവസരമുണ്ടായിട്ടുണ്ട്.

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച ചര്‍ച്ച നടക്കുമ്പോള്‍ അദ്ദേഹമാണ് പ്രസംഗിക്കാന്‍ തീരുമാനിച്ചിരുന്നത്. പക്ഷേ അപ്പോഴേക്കും രക്തസമ്മര്‍ദം കൂടി സംസാരിക്കാന്‍ പറ്റില്ലെന്ന സ്ഥിതി വന്നു. തനിക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാമോ എന്ന് ചോദിച്ചു. ഞാന്‍ തയ്യാറെടുത്തിട്ടില്ല. ഇ എംഎസ് ഡല്‍ഹിയിലുണ്ട്. ഇഎമ്മിനോട് ചോദിക്കട്ടെ എന്ന് ഞാന്‍ പറഞ്ഞു. ഇ എം പറഞ്ഞു, സംവരണം സംബന്ധിച്ച് പാര്‍ടിക്ക് നിലപാടുണ്ടല്ലോ? അതങ്ങോട്ട് പ്രസംഗിച്ചാല്‍ മതി എന്ന്. സംവരണ വിഭാഗങ്ങളെ എന്നും പൊതുധാരയില്‍നിന്ന് അകറ്റി നിറുത്താനാണ് ശ്രമിച്ചിട്ടുള്ളതെന്നും മഹാത്മജി പോലും അവരെ പൊതുധാരയിലെത്തിക്കാനല്ല, ഹരിജനങ്ങള്‍ എന്ന് വേര്‍തിരിച്ച് നിറുത്താനാണ് ശ്രമിച്ചിട്ടുള്ളത് എന്നും ഇന്നും ഈ സംവരണത്തിന്റെ ആവശ്യം വരുന്നത് അതുകൊണ്ടാണ് എന്നതായിരുന്നു പ്രസംഗിച്ചതിെന്‍റ സാരം.

ബംഗാളില്‍ നിന്ന് നമ്മുടെ പിന്തണയോടെ ജയിച്ചുവന്ന ശങ്കര്‍ജി എന്നൊരാളുണ്ടായിരുന്നു. അദ്ദേഹം പ്രസംഗം കഴിഞ്ഞപ്പോള്‍ എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. എന്റെ പ്രസംഗത്തില്‍ മഹാത്മജിയെ വിമര്‍ശിച്ച ഭാഗമാണ് അദ്ദേഹത്തിന് ബോധിച്ചത്. മികച്ച പ്രാസംഗികര്‍ ഒരുപാട് പേര്‍ അന്ന് സഭയിലുണ്ടായിരുന്നു. ജയലളിത നന്നായി ഹോംവര്‍ക്ക് ചെയ്ത് പ്രസംഗിക്കുമായിരുന്നു. വലിയ പടയുടെ അകമ്പടിയിലാണ് ജയലളിതയുടെ വരവ്. അവര്‍ ഡെപ്യൂട്ടി ലീഡറാണ്. ലീഡര്‍ വേറൊരുത്തനുണ്ട്. അയാളാണ് ഇവരുടെ പെട്ടിയും ചുമന്ന് വരിക. സഭയില്‍ ജയലളിതയുടെ പിന്നിലാണ് ഈ ലീഡര്‍ ഇരിക്കുന്നത്. എന്റെ അടുത്താണ് ജയലളിതയുടെ സീറ്റ്. നമ്മുടെ ലീഡര്‍ പി രാമമൂര്‍ത്തിയായിരുന്നു. ബിമന്‍ ഘോഷാണ് ഡെപ്യൂട്ടി ലീഡര്‍. പിന്നീട് ഞാനായി. ഡിഫന്‍സ് ആയിരുന്നു എന്റെ പാര്‍ലമെന്ററി കമ്മിറ്റി. അഞ്ചര വര്‍ഷവും ഏതെങ്കിലും കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നതുകൊണ്ട് സാമ്പത്തിക നഷ്ടവുമുണ്ടായിട്ടുണ്ട്്. കമ്മിറ്റി ചെയര്‍മാന്‍ ആഴ്ചയിലൊരിക്കല്‍ ഡല്‍ഹിയിലുണ്ടാകണം എന്നാണ്. സിറ്റിങ്ങുണ്ടാകും. അത് ചേരാന്‍ വെളുപ്പിന് വിമാനത്തില്‍ പോയി രാത്രി തിരിച്ചു വന്നിട്ടുണ്ട്. വിമാന ടിക്കറ്റ് ആവശ്യം പോലെ ഉപയോഗിക്കാം. പക്ഷേ ടിഎ ഒന്നും കിട്ടില്ല. ഇന്‍സിഡന്‍ഷ്യല്‍ എക്സ്പന്‍സ് എന്ന പേരില്‍ 25 രൂപയോ മറ്റോ കിട്ടും. അത് ടാക്സിക്കൂലിക്ക് പോലും തികയില്ല.

അതേസമയം ട്രെയിനില്‍ യാത്ര ചെയ്യുകയാണെങ്കില്‍ ഒരു ഫസ്റ്റ് ക്ലാസ്ഫെയറും സെക്കന്‍ഡ് ക്ലാസ് ഫെയറും ചേര്‍ന്ന തുക ടിഎയായി കിട്ടുമായിരുന്നു. നാലായിരം രൂപയോളമുണ്ടാകും. പക്ഷേ നാലഞ്ച് ദിവസമെടുക്കും പോയി വരാന്‍. എനിക്കാണെങ്കില്‍ മറ്റ് തിരക്കുകള്‍ കാരണം ആഴ്ചയില്‍ ഒരു ദിവസമേ ഇതിനായി മാറ്റിവയ്ക്കാനുണ്ടായിരുന്നുള്ളൂ. അല്ലാത്ത ദിവസങ്ങളില്‍ ടൂറും വിമാനത്തില്‍ തന്നെയാണ്. ഈ നാമമാത്ര ടിഎയും 125 രൂപയോളം സിറ്റിങ് ഫീയും മാത്രമാണു കിട്ടുന്നത്. അലവന്‍സ് അപ്പടി പാര്‍ടിക്കുള്ളതാണ്. പിന്നെ അവിടെ കൂടെ താമസിക്കാന്‍ വരുന്നവര്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെയും വെള്ളത്തിന്റെയും പണമൊക്കെ നമ്മുടെ പറ്റിലാണ്. ചുരുക്കത്തില്‍ പാര്‍ലമെന്റ് അംഗത്വ കാലാവധി പൂര്‍ത്തിയാക്കി തിരിച്ചു വരുമ്പോള്‍ മുപ്പത് രൂപ മാത്രമാണ് സമ്പാദ്യം എന്നുപറയാന്‍ ഉണ്ടായിരുന്നത്. വി പി സിങ്ങുമായി നല്ല ബന്ധമുണ്ടായിരുന്നു. കോണ്‍ഗ്രസ് വിട്ട് നില്‍ക്കുന്ന കാലത്ത് ഞങ്ങളൊക്കെ അദ്ദേഹവുമായി എന്നും അടുത്തു പെരുമാറാറുണ്ട്. പ്രധാനമന്ത്രിയായ ശേഷം അദ്ദേഹം തിരുവന്തപുരത്ത് വന്ന സമയത്ത് എല്ലാവരെയും പരിചയപ്പെടുന്ന കൂട്ടത്തില്‍ എന്റെ സമീപമെത്തിയപ്പോള്‍ എന്നെ ഓര്‍ക്കുന്നോ എന്ന് ഞാന്‍ ചോദിച്ചു. വൈ നോട്ട് മോഹന്‍ എന്ന് തിരിച്ച് ചോദിച്ച് അദ്ദേഹം എന്നെ ആശ്ലേഷിച്ചു. (തുടരും)

*
കെ മോഹനന്‍ ദേശാഭിമാനി വാരിക

Saturday, May 18, 2013

സ്മൃതിരേഖകള്‍

അമ്മയുടെ അച്ഛന്‍ എണ്ണയ്ക്കാട് കൊട്ടാരത്തിലെ വലിയ തമ്പുരാനായിരുന്നു. അമ്മൂമ്മ പല്ലന പാണ്ടവത്ത് കുടുംബാംഗവും. ടിപ്പുവിന്റെ പടയോട്ടകാലത്ത് മലബാറില്‍നിന്ന് തിരുവിതാംകൂറില്‍ അഭയംപ്രാപിച്ച കുടുംബമാണ്. അങ്ങനെ തിരുവിതാംകൂറിലേക്ക് പലായനം ചെയ്ത കുടുംബക്കാരെ അച്ചന്‍കോവിലാറിന്റെ ഇരുകരകളിലായി എണ്ണയ്ക്കാട്, മാവേലിക്കര കൊട്ടാരങ്ങളിലായി തിരുവിതാംകൂര്‍ രാജാക്കന്മാര്‍ പാര്‍പ്പിച്ചു. അതില്‍ എണ്ണയ്ക്കാട് കൈവഴിയിലാണ് ഞങ്ങളുടെ കുടുംബം. അപ്പൂപ്പനും അമ്മൂമ്മയ്ക്കും എന്റെ അമ്മയടക്കം ആറ് പെണ്ണുങ്ങളും നാല് ആണുങ്ങളുമാണ് മക്കള്‍. ആദ്യ നിയമസഭയിലെ സ്പീക്കര്‍ ആയിരുന്ന ആര്‍ ശങ്കരനാരായണന്‍ തമ്പിയായിരുന്നു ആണ്‍മക്കളില്‍ ഏറ്റവും മൂത്തയാള്‍. കരുനാഗപ്പള്ളി മുതല്‍ അമ്പലപ്പുഴ വരെയുള്ള പ്രദേശം ഉള്‍പ്പെടുത്തി രൂപീകരിച്ച മധ്യതിരുവിതാംകൂര്‍ ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു അമ്മാവന്‍. പഠനത്തിന് ശേഷം കുറേക്കാലം മലബാറിലായിരുന്നു. അക്കാലത്ത് പി കൃഷ്ണപിള്ളയുമായൊക്കെ ബന്ധപ്പെട്ട് അമ്മാവന്‍ കമ്യൂണിസ്റ്റായി. സര്‍ സി പിക്കെതിരായ സമരങ്ങളില്‍ യൂത്ത് ലീഗ് എന്ന സംഘടനയുടെ ഭാഗമായാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചത്. പൊന്നറ ശ്രീധരന്‍, എന്‍ സി ശേഖര്‍ എന്നിവരായിരുന്നു നേതൃത്വത്തില്‍. പിന്നീട് അമ്മാവന്‍ തിരുവനന്തപുരത്ത് ബിഎലിന് ചേര്‍ന്നു. രാഷ്ട്രീയ പ്രവര്‍ത്തനം കാരണം ബിഎല്‍ തോറ്റു. പിന്നെ അപ്പൂപ്പനും അമ്മൂമ്മയും തിരുവനന്തപുരത്ത് പോയി വീടെടുത്ത് അമ്മാവന്റെയൊപ്പം താമസിച്ച് പഠിപ്പിച്ച് ബിഎല്‍ പാസാക്കി. തുടര്‍ന്ന് അദ്ദേഹം മുഴുവന്‍ സമയ പ്രവര്‍ത്തകനായി.

അദ്ദേഹത്തിന്റെ അനുജനാണ് രാജശേഖരന്‍ തമ്പി. അദ്ദേഹം ജയിലിലായിരുന്നു. മറ്റൊരു അനുജന്‍ വേലായുധന്‍ തമ്പി. അദ്ദേഹം ഒരു പൊലീസുകാരനെ കുത്തിക്കൊന്ന കേസില്‍ പ്രതിയായി ജയിലിലായി. അതിെന്‍റ താഴെയാണ് സുഭദ്രാമ്മ തങ്കച്ചി(ചടയം മുറിയെ രണ്ടാമത് വിവാഹം കഴിച്ചു)യും രാധമ്മ തങ്കച്ചി(ഉണ്ണിരാജയുടെ ഭാര്യ) യും. അവരും പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഏറ്റവും മൂത്ത വല്യമ്മ ചെല്ലമ്മ കെട്ടിലമ്മയുടെ മകളെയാണ് തോപ്പില്‍ഭാസി വിവാഹം കഴിച്ചത്. അമ്മിണിയമ്മ. എന്റെയമ്മയാണ് മറ്റൊരു സഹോദരി. കുട്ടിയമ്മ. എന്റെ അച്ഛന്‍ കലവറ കൃഷ്ണപിള്ള. ഞങ്ങള്‍ നാല് ആണുങ്ങളും ഒരു പെണ്ണുമാണ് മക്കള്‍. 1940 ഏപ്രില്‍ 5നാണ് എന്റെ ജനനം. മൂത്ത ജ്യേഷ്ഠന് 12-13 വയസു മുതല്‍ പാര്‍ടിയുമായി ബന്ധപ്പെട്ട് മിക്കവാറും ഒളിവിലായിരുന്നു. അമ്മാവന്‍ ശങ്കരനാരായണന്‍ തമ്പി മധ്യ തിരുവിതാംകൂര്‍ കമ്മിറ്റിയുടെ സെക്രട്ടറിയായിരിക്കെയാണ് ശൂരനാട് സംഭവം. അതില്‍ അദ്ദേഹം രണ്ടാംപ്രതിയായി ഒളിവില്‍ പോയി. 1953 ല്‍ ഒളിവിലിരുന്ന് മത്സരിച്ചു. അതിന് മുമ്പ് ശ്രീമൂലം അസംബ്ലിയിലേക്ക്് മത്സരിച്ച് ജയിച്ചിട്ടുണ്ട്. 28 ാം വയസ്സില്‍. 1953 ല്‍ മാവേലിക്കരയില്‍ നിന്നും ജയിച്ചു. കൊച്ചിക്കല്‍ ബാലകൃഷ്ണന്‍ തമ്പിയായിരുന്നു എതിരാളി. അമ്മാവന്റെ ഭാര്യയുടെ ചേച്ചിയുടെ ഭര്‍ത്താവ് കൂടിയായിരുന്നു. തിരുവിതാംകൂറിലെ പ്രധാന കോണ്‍ഗ്രസ് നേതാവാണ് അദ്ദേഹം.

ആ മത്സരം നടക്കുമ്പോള്‍ ഞാന്‍ നാലാം ഫോറത്തിലാണ്. അമ്മാവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഞാന്‍ സജീവമായി പങ്കെടുത്തു. പ്രസംഗത്തിനും മറ്റ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി. പ്രാസംഗികനായി തെളിഞ്ഞത് ആ തെരഞ്ഞെടുപ്പുകാലത്താണ്. 1957 ല്‍ അദ്ദേഹം ചെങ്ങന്നൂരിലാണ് മത്സരിച്ചത്. പഠനം, വിദ്യാര്‍ഥി രാഷ്ട്രീയം പതിമൂന്നാമത്തെ വയസ്സിലാണ് സ്റ്റുഡന്റ്്സ് സെല്ലില്‍ വരുന്നത്. എസ്എസ്എല്‍സി പാസായ ശേഷം കൊല്ലം എസ്എന്‍ കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നു. എസ്എന്‍ കോളേജ് ഇടതുപക്ഷത്തിന്റെ ഒരു ഞാറ്റടിയാണ്. തിരുവിതാംകൂറിലെ രാഷ്ട്രീയ നേതാക്കളില്‍ ഏറിയകൂറും ഇവിടെ നിന്ന് പഠിച്ചിറങ്ങിയവരാണ്. ഇടതുപക്ഷ അന്തരീക്ഷമാണ് അവിടെ. എനിക്ക് ആര്‍ ശങ്കര്‍ നേരിട്ടാണ് അഡ്മിഷന്‍ തന്നത്. ഞാനന്ന് ചെറുതാണ്. നിക്കറിട്ട് നടക്കുന്ന പ്രായം. ഒറ്റക്കാണ് കോളേജില്‍ അഡ്മിഷന്‍ വാങ്ങാന്‍ പോയത്. വീട്ടില്‍ നിന്ന് കൂടെ വരാന്‍ ആരുമുണ്ടായിരുന്നില്ല. അഡ്മിഷന്‍ കാര്യത്തിന് പ്രിന്‍സിപ്പാളിനെ കണ്ടു. താനല്ല മാനേജരാണ് തീരുമാനിക്കേണ്ടതെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു. അന്ന് ക്വാട്ടയൊന്നുമില്ല. എല്ലാം മാനേജരാണ് തീരുമാനിക്കുക. പ്രിന്‍സിപ്പാളിന്റെ മുറിയില്‍ നിന്ന് ഞാന്‍ പുറത്തേക്ക് വരുമ്പോള്‍ മാനേജര്‍ ആര്‍ ശങ്കര്‍ കാറിലേക്ക് കയറാന്‍ പോകുകയാണ്.ശങ്കര്‍ കോണ്‍ഗ്രസിന്റെ വലിയ നേതാവാണ്. ഓടിച്ചെന്ന് കാര്യം പറഞ്ഞു. അഡ്മിഷന്‍ കാര്യങ്ങള്‍ പ്രിന്‍സിപ്പാളാണ് തീരുമാനിക്കുന്നതെന്നായി മാനേജര്‍ ഇതും പറഞ്ഞ് അദ്ദേഹം കാറില്‍ കയറി. എന്നിട്ട് ഉടനെ അദ്ദേഹം കാറില്‍നിന്ന് തിരിച്ചിറങ്ങി. അപേക്ഷ കാണട്ടെ എന്ന് പറഞ്ഞു. എന്റെ കൈയില്‍ നിന്ന് ഫോം വാങ്ങി. അതില്‍ പാണ്ടവത്ത് എന്ന വീട്ടുപേര് കണ്ട് തമ്പി സാറിെന്‍റ ആരാണെന്ന് ചോദിച്ചു. ശങ്കരനാരായണന്‍ തമ്പിയുടെ അനന്തിരവനാണെന്ന് പറഞ്ഞു. എന്താ വേറാരും വീട്ടില്‍ നിന്ന് കൂടെ വന്നില്ലേ എന്നായി അദ്ദേഹം. ഇല്ല പ്രായമാരവരെല്ലാം ജയിലിലോ ഒളിവിലോ ആണ്. ഞാന്‍ മറുപടി നല്‍കി. അതു കേട്ടു കഴിഞ്ഞപ്പോള്‍ അദ്ദേഹം അവിടെ നിന്നുകൊണ്ടു തന്നെ ഫോമില്‍ അഡ്മിറ്റ് ഹിം എന്നെഴുതി. അങ്ങനെ എനിക്ക് പ്രവേശനം കിട്ടി.

ആര്‍ ശങ്കറിന് തന്നെ എന്നെ കോളേജില്‍ നിന്ന് സസ്പെന്‍ഡു ചെയ്യേണ്ടിയും വന്നത് പിന്നത്തെ കഥ. സമരം ചെയ്തതിനായിരുന്നു സസ്പെന്‍ഷന്‍. യു എന്‍ ദേവാറാണ് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ്. 1957 ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള കാലം. ദേവാറിനെ കോളേജില്‍ കൊണ്ടുവന്ന് പ്രസംഗിപ്പിക്കാന്‍ ശങ്കര്‍ തീരുമാനിച്ചു. എസ്എഫ് സമ്മതിക്കില്ലെന്ന് പറഞ്ഞു. വലിയ പ്രതിഷേധവും സമരവും തുടങ്ങി. അതു തന്നെ സംഭവിച്ചു. ദേവാറിനെ പ്രസംഗിപ്പിച്ചില്ല. സമരത്തിെന്‍റയും പ്രതിഷേധത്തിന്റെയും പേരില്‍ ഞാനടക്കം 12 പേരെ അന്ന് സസ്പെന്‍ഡു ചെയ്തു. പഠനം കഴിഞ്ഞിട്ടേ രാഷ്ട്രീയം ആകാവൂ എന്ന് പറഞ്ഞതല്ലേ എന്നൊക്കെ ശങ്കര്‍ ഉപദേശിച്ചു. പിന്നീടത് ഒത്തുതീര്‍പ്പായി. ഞാന്‍ എസ്എന്‍ കോളേജില്‍ ചെല്ലുമ്പോള്‍ വി സാംബശിവനാണ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍. പുള്ളി ബിഎക്കാണ്. സംസ്കൃതം ഉപാധ്യായപരീക്ഷയൊക്കെ എഴുതിയ ശേഷമാണ് ബിഎക്ക് ചേര്‍ന്നത്. ഞാന്‍ ഇന്റര്‍മീഡയറ്റിന് തോറ്റു. ഒരു പാര്‍ട്ട് പോയി. ഒന്നുരണ്ട് തവണ ശ്രമിച്ചിട്ടും പാസായില്ല. സയന്‍സായിരുന്നു വിഷയം. നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ പഠിക്കാന്‍ പറ്റില്ല. രാഷ്ട്രീയമായിരുന്നല്ലോ പ്രധാനം. പ്രവര്‍ത്തനം കോളേജില്‍ മാത്രമല്ല പുറത്തുമുണ്ട്. യുവജന സംഘത്തിന്റെയെല്ലാം പ്രവര്‍ത്തനമാണ് നാട്ടില്‍. അവിടെയെത്തിയാല്‍ യുവാക്കളെ സംഘടിപ്പിക്കലും കലാസമിതിയുടെ പ്രവര്‍ത്തനവുമായിരുന്നു പ്രധാനം.

ഇന്റര്‍മീഡിയറ്റിന്റെ അവസാന ബാച്ചായിരുന്നു അത്. തുടര്‍ന്ന് പ്രീഡിഗ്രി കോഴ്സ് അവതരിപ്പിക്കപ്പെട്ടു. പിന്നീട് സര്‍വകലാശാലയുടെ ഒരു തീരുമാനം വന്നു. ഇന്റര്‍മീഡിയറ്റിന് മൊത്തം മാര്‍ക്കിന്റെ 20ശതമാനം കിട്ടിയിട്ടുള്ളവര്‍ക്ക് ഡിഗ്രിക്ക് ചേരാമെന്ന്. സയന്‍സ് വിഷയങ്ങള്‍ കിട്ടില്ല. ആര്‍ട്സ് വിഷയങ്ങള്‍ മാത്രം. അങ്ങനെയാണ് 1961 ല്‍ ഇക്കണോമിക്സ് ബിരുദ പഠനത്തിന് ഞാന്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ചേരുന്നത്. സിപിഐ നേതാവ് ഉണ്ണിരാജയെ വിവാഹം ചെയ്ത എന്റെ കുഞ്ഞമ്മയുടെ വീട് തിരുവനന്തപുരത്താണ്. സിപിഐ സെന്‍ട്രല്‍ എക്സിക്യൂട്ടീവ് അംഗമാണ് അപ്പോള്‍ ചിറ്റപ്പന്‍. അവരുടെ കൂടെ താമസിച്ചാണ് പഠിക്കാന്‍ ചേര്‍ന്നത്. 1962 വരെ അവരുടെ കൂടെ താമസിച്ചു. പിന്നീട് പാര്‍ടി ഓഫീസിലേക്ക് താമസം മാറ്റി. സോവിയറ്റ് യൂണിയനിലെ ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന് അദ്ദേഹം പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ ഒപ്പമുള്ള താമസം വലിയ രാഷ്ട്രീയ വിദ്യാഭ്യാസമാണ് എനിക്ക് നല്‍കിയത്. വലതുപാര്‍ടിയുടെ വക്താവെന്ന നിലയില്‍ അദ്ദേഹവും ഇടതുപക്ഷാഭിമുഖ്യം പുലര്‍ത്തുന്ന ആളെന്ന നിലയില്‍ ഞാനും തമ്മില്‍ പതിവായി വാദപ്രതിവാദങ്ങള്‍ നടക്കുമായിരുന്നു. പുള്ളിക്ക് പെട്ടെന്ന് ദേഷ്യമൊന്നും വരില്ല. അതുകൊണ്ട് എന്തും ചോദിക്കുകയും പറയുകയുമാകാം. വായനയൊക്കെ അക്കാലത്ത് നന്നായി നടന്നിരുന്നു. ചിറ്റപ്പന്റെ വീട്ടില്‍ വമ്പന്‍ ലൈബ്രറിയാണ്. ഗ്രേറ്റ് ഡിബേറ്റ് എന്ന പേരില്‍ ചൈനയും റഷ്യയും തമ്മില്‍ നടന്ന തര്‍ക്കം സംബന്ധിച്ച ഒരു പുസ്തകം അദ്ദേഹം എനിക്ക് വായിക്കാന്‍ തന്നിരുന്നു. അപൂര്‍വമായ പുസ്തകം. നയങ്ങളിലെ വൈരുദ്ധ്യമൊക്കെ മനസ്സിലായത് അത് വായിച്ചപ്പോഴാണ്. മറ്റൊരാള്‍ ആ പുസ്്തകം എന്റെ പക്കല്‍ നിന്ന് കൊണ്ടു പോയിട്ട് തിരിച്ചുതന്നില്ല.

തിരുവനന്തപുരത്ത് ആദ്യം വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തനമായിരുന്നു. പിന്നീട് പാര്‍ടിയുമായി ബന്ധപ്പെട്ടപ്പോള്‍ പാര്‍ടി ജില്ലാ കമ്മിറ്റിയംഗവും പ്രഭാത് ബുക് ഹൗസ് മാനേജരുമായി. പാര്‍ടി രണ്ടാകാനുള്ള സാഹചര്യമൊക്കെ ഉരുത്തിരിഞ്ഞു കഴിഞ്ഞിരുന്നു. യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ് വളരെ ദുര്‍ബലമാണ്. ഞാന്‍ യൂണിറ്റ് സെക്രട്ടറിയായിരുന്നു. കോളേജ് യൂണിയന്‍ സെക്രട്ടറിയായി മത്സരിച്ചെങ്കിലും തോറ്റു. പിന്നീട് മന്ത്രിയൊക്കെയായ സി ദിവാകരന്‍ എന്റെ ബാച്ചാണ്. ദിവാകരനൊക്കെ വലതുപക്ഷത്തെ വലിയ നേതാവാണ്. ചന്ദ്രപ്പനും ആന്റണി തോമസുമാണ് എഐഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും. ഇരുവരും യൂണിവേഴ്സിറ്റി കോളേജില്‍ പതിവായി വരുമായിരുന്നു. പാര്‍ടിയിലെ ഭിന്നത എസ്എഫിനെയും ബാധിച്ചു കഴിഞ്ഞിരുന്നു. അതിെന്‍റ തുടര്‍ച്ചയില്‍ 1964 ല്‍ ഇടപ്പള്ളി സ്കൂളില്‍ ഒരു സംസ്ഥാന സമ്മേളനം വിളിച്ചു. അവിടെ ചേര്‍ന്ന സമ്മേളനത്തിലാണ് കെഎസ്എഫ് എന്ന നമ്മുടെ വിദ്യാര്‍ഥി സംഘടന രൂപീകരിച്ചത്.

ഇടപ്പള്ളി സമ്മേളനത്തിന് മുമ്പ് തലശേരിയില്‍ ഒരു പ്രവര്‍ത്തക യോഗം ചേര്‍ന്നിരുന്നു. ആ യോഗത്തില്‍ ഭിന്നിപ്പ് രൂക്ഷമായി. ജിഞ്ചര്‍ ഗ്രൂപ്പ് എന്നറിയപ്പെട്ട, ഞാനും നന്ദനന്‍ എന്ന കണ്ണൂര്‍ക്കാരന്‍ സഖാവും ഉള്‍പ്പെട്ട അഞ്ചംഗ സംഘമായിരുന്നു ഇടതുപക്ഷത്ത്. ഇടപ്പള്ളിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ രൂപീകരിച്ച കെഎസ്എഫിന്റെ ആദ്യ പ്രസിഡന്റായത് പിണറായി വിജയനാണ്. പിണറായി അന്ന് അറിയപ്പെടുന്ന നേതാവൊന്നുമല്ല. പാര്‍ടി ലോക്കല്‍ കമ്മിറ്റിയില്‍ പോലുമുണ്ടെന്ന് തോന്നുന്നില്ല. എനിക്ക് ഔദ്യോഗിക ചുമതലയൊന്നുമുണ്ടായിരുന്നില്ലെങ്കിലും സമ്മേളന നടത്തിപ്പിന്റെ പാര്‍ടി ചുമതല എന്നെയാണ് ഏല്‍പ്പിച്ചിരുന്നത്. അന്നൊരു സ്റ്റാന്‍ലിയുണ്ട്. പിന്നീട് പാര്‍ടിയില്‍ നിന്ന് പുറത്തായി സിഎംപിയില്‍ പോയി. ഞങ്ങള്‍ രണ്ടാള്‍ക്കുമായിരുന്നു ചുമതല. സെക്രട്ടറിയെ തീരുമാനിച്ച് കഴിഞ്ഞപ്പോഴാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആളെ അന്വേഷിച്ചത്. അപ്പോഴാണ് പിണറായി വിജയന്‍ എന്നൊരാളുണ്ട് എന്നു ആരോ പറഞ്ഞത്. ഞങ്ങള്‍ പ്രതിനിധികള്‍ താമസിക്കുന്ന സ്ഥലത്തത്തി. വിജയനെ കണ്ട് എസ്എഫിന്റെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അറിയിച്ചു. അങ്ങനെ പിണറായി എസ്എഫിന്റെ ആദ്യത്തെ പ്രസിഡന്റായി.

കെഎസ്എഫിന്റെ രൂപീകരണത്തിന് ശേഷം കൂടുതല്‍ ശ്രദ്ധ അതിലായി. അതുവരെ പാര്‍ടി ഓഫീസിലാണ് താമസിച്ചിരുന്നത്. പിന്നീട് അവിടം ഉപേക്ഷിച്ചു. പ്രഭാത് ബുക്ഹൗസിന്റെ മാനേജര്‍ സ്ഥാനവും ഉപേക്ഷിച്ചു. പ്രഭാതിലുള്ളപ്പോള്‍ ആവശ്യത്തിന് പുസ്തകമെടുക്കാമായിരുന്നു. സോവിയറ്റ് യൂണിയനില്‍ നിന്ന് കെട്ടി അയക്കുന്ന പുസ്തകമൊക്കെ തൂക്കി വില്‍ക്കുമായിരുന്നു. അതൊന്നും ആര്‍ക്കും വേണ്ടിയിരുന്നില്ല. പ്രഭാതിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഞാന്‍ കുറേ പരിശ്രമിച്ചു. പിന്നീട് വന്നവരൊക്കെ പ്രഭാതിനെ നശിപ്പിച്ചു. വെട്ടിച്ചവരാണ് അധികം. അവിടെയിരുന്ന് വേറൊരു കാര്യവും കൂടി ചെയ്തു. തെക്കന്‍ തിരുവിതാംകൂറില്‍ ഒളിവില്‍ പ്രവര്‍ത്തിക്കുന്ന സഖാക്കളുടെ കേന്ദ്രം ഞാനും പ്രഭാതിന്റെ ഓഫീസുമായിരുന്നു. എല്ലാവര്‍ക്കും ബന്ധപ്പെടാം. ആരും സംശയിക്കില്ല. ഒളിവിലിക്കുന്നവര്‍ക്ക് ലഘുലേഖകളും ചിന്തയൊക്കെ കൈമാറുക, അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക തുടങ്ങിയ കാര്യങ്ങളൊക്കെ ഞാന്‍ വഴിയാണ് ചെയ്തത്. പല നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ചതും പ്രഭാതിന്റെ മാനേജരായിരുന്നപ്പോഴാണ്. അക്കാലത്ത് ഞങ്ങള്‍ മൂന്നുപേരാണ് സിപിഐ ഓഫീസിലുളളത്. അഴീക്കോടന്‍, ചക്രന്‍ എന്നുവിളിച്ചിരുന്ന സി കെ ചക്രപാണി, ഞാന്‍. അഴീക്കോടന്‍ ആദ്യമേ ഓഫീസ് വിട്ടു. പിന്നെ ചക്രനും ഞാനുമുണ്ട്. അഴീക്കോടന്‍ ഞങ്ങളോട് അവിടം വിടാനും കോഴിക്കോട് വന്ന് ചിന്തയുടെ ഉത്തരവാദിത്തം എറ്റെടുക്കാനും പറഞ്ഞിരുന്നു. ചിന്ത അന്ന് രഹസ്യമായി അച്ചടിച്ച് ഇറക്കുന്നുണ്ട്. സിപിഐ ഓഫീസ് വിട്ട് പോരുംമുമ്പ് ഓഫീസില്‍ നിന്ന് ഒരു ഫയല്‍ പൊക്കണമെന്നും അഴീക്കോടന്‍ പറഞ്ഞു. ആ ഫയലിലാണ് വി ടി ഇന്ദുചൂഡന്‍ ദേശാഭിമാനിയില്‍ നിന്ന് രാജിവച്ചുകൊണ്ട് ഇഎംഎസിന് എഴുതിയ ഒരു കത്തുള്ളത്. ദേശാഭിമാനിയുടെ പ്രിന്ററും പബ്ലിഷറുമൊക്കെ വി ടിയാണ്. ഉടമയായ ഇ എംഎസിന് ആ സ്ഥാനം രാജിവച്ച് വി ടി ഏതാനും വര്‍ഷം മുമ്പ് എഴുതിയ ഒരു കത്താണ് ഫയലില്‍ ഉള്ളത്. ലൈബ്രറിയുടെ ചുമതലക്കാരന്‍ ചക്രപാണിയാണ്. ഓഫീസിലെ രഹസ്യങ്ങളെല്ലാം അഴീക്കോടന് അറിയാമായിരുന്നു. ലൈബ്രറിയോടനുബന്ധിച്ചുള്ള റെക്കോര്‍ഡ് റൂമില്‍ അഴീക്കോടന്‍ പറഞ്ഞുതന്ന സ്ഥാനത്തു നിന്ന് ഞങ്ങള്‍ ആ ഫയല്‍ പൊക്കി. വി ടിയെഴുതിയ ആ കത്ത് ഹാജരാക്കിയാണ് നാം ദേശാഭിമാനി നേടിയെടുത്തത്. മുന്‍ തീയതി വച്ച് ആ കത്ത് കോടതിയില്‍ ഹാജരാക്കിയതോടെ കൂടുതല്‍ വാദമൊന്നും വേണ്ടിവന്നില്ല. അച്യുതമേനോനായിരുന്നല്ലോ കേസ് കൊടുത്തത്. കുഞ്ഞിരാമപൊതുവാള്‍ നമുക്ക് വേണ്ടി ഹാജരായി. അദ്ദേഹം പറഞ്ഞു ഏറെ വാദമൊന്നും നടത്തേണ്ട കാര്യമില്ല. ഇവരൊന്നും ദേശാഭിമാനിയിലെ ജോലിക്കാരല്ല. ഉടമസ്ഥരുമല്ല. എന്നിട്ട്് ഈ കത്തങ്ങ് കാണിച്ചതോടെ അവര്‍ പൊളിഞ്ഞു.

അതു കഴിഞ്ഞ് നമ്മള്‍ ഓഹരി ഉടമകളുടെ ജനറല്‍ ബോഡി വിളിച്ചു. നമ്മുടെതല്ലാത്ത ഒരാളെയും അകത്ത് കയറ്റിയില്ല. ഡയറക്ടറായ ടി സി നാരായണന്‍ നമ്പ്യാരെ പോലും. ആ യോഗത്തില്‍ പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ തെരഞ്ഞെടുത്തു. നിയമപരമായി തന്നെ ദേശാഭിമാനി നമ്മുടെ സ്വന്തമായി. ചക്രപാണി പോയശേഷം ഞാന്‍ മാത്രമാണ് സിപിഐ ഓഫീസില്‍ ശേഷിച്ചത്. അഴീക്കോടനെ പോലെ തന്നെ പ്രഗത്ഭനായിരുന്ന എസ് കുമാരന്‍ അവിടയുണ്ട്. എസ് ദാമോദരന്റെ അനിയനാണ്. വിലിയ പാരമ്പര്യമുള്ള സംഘാടകന്‍. പാര്‍ടി ഓഫീസ് വിടാന്‍ ഒരുങ്ങുമ്പോള്‍ അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു. മോഹനന്‍ പോകരുത് എനിക്ക് വളരെ വിഷമമുണ്ട് എന്ന്. ഞാന്‍ പറഞ്ഞു, ഇല്ല, എെന്‍റ വിശ്വാസങ്ങള്‍ ഇവിടെ തുടരാന്‍ അനുവദിക്കുന്നില്ല. എന്റെ വീട്ടിലുള്ള മുഴുവന്‍ പേരും സിപിഐയാണ്. പക്ഷേ എന്റെ രാഷ്ട്രീയം എന്നെ ഇവിടെ നില്‍ക്കാന്‍ അനുവദിക്കുന്നില്ല. പോകാന്‍ അനുവദിക്കണം എന്ന്. അദ്ദേഹം ഓഫീസ് സെക്രട്ടറി ബാലകൃഷ്ണനെ വിളിച്ചു. മോഹനന് പണമെന്തെങ്കിലും വേണമെങ്കില്‍ കൊടുക്കാന്‍ പറഞ്ഞു. എനിക്ക് 150 രൂപാ തന്നു. അതുകൊണ്ട് ഒരു ലോഡ്ജില്‍ പോയി മുറിയെടുത്തു. അവിടെ താമസിച്ച് ബിഎ പഠനം പൂര്‍ത്തിയാക്കി. അങ്ങനെ നില്‍ക്കുമ്പോഴാണ് പില്‍ക്കാല ജീവിതത്തിന് തന്നെ വഴിത്തിരിവാകുന്ന ആ ടെലഗ്രാം സന്ദേശം എന്നെ തേടി വന്നത്.
ആദ്യമായി ദേശാഭിമാനിയില്‍

എംഎക്ക് ചേരാനുള്ള ഒരുക്കത്തിലായിരുന്നു ഞാന്‍. അപ്പോഴാണ് അടിയന്തരമായി എറണാകുളത്തെത്താന്‍ പറഞ്ഞ് അഴീക്കോടന്‍ രാഘവന്റെ ടെലഗ്രാം കിട്ടിയത്. എറണാകുളത്താണ് പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ്. വൈകാതെ എറണാകുളത്ത് എത്തിയ എന്നോട് എത്രയും വേഗം കോഴിക്കോട് ദേശാഭിമാനിയില്‍ ചെല്ലണമെന്ന് അഴീക്കോടന്‍ നിര്‍ദേശിച്ചു. എ കെ ജിയുടെ ഷഷ്ഠിപൂര്‍ത്തി പ്രമാണിച്ച് പാര്‍ടി ഒരു സുവനീര്‍ ഇറക്കുന്നുണ്ട്. അതിന്റെ ചുമതല ഏറ്റെടുക്കണം എന്നായിരുന്നു അഴീക്കോടന്റെ നിര്‍ദേശം. യഥാര്‍ഥത്തില്‍ എ കെ ജിക്ക് അന്ന് അറുപത് വയസ്സൊക്കെ കഴിഞ്ഞിരുന്നു. എന്നാല്‍ പാര്‍ടിക്ക് കുറച്ച് പണത്തിന്റെ ആവശ്യമുണ്ട്. അത് കണ്ടെത്താന്‍ വേറൊരു മാര്‍ഗമില്ല. എ കെ ജിയുടെ പേരിലുള്ള സുവനീര്‍ ആകുമ്പോള്‍ അതിലേക്ക് കുറച്ച് പരസ്യമൊക്കെ കിട്ടും എന്ന് പാര്‍ടി കണക്കു കൂട്ടി. ദേശാഭിമാനിയും വലിയ കടത്തിലും പ്രയാസത്തിലുമാണ്. ഞാനാണെങ്കില്‍ അതിന് മുമ്പ് ഒരു പത്രമോഫീസ് കണ്ടിട്ടില്ല.കോളേജില്‍ പഠിക്കുമ്പോള്‍ എംഎസ് മണിയോടൊപ്പം കേരളകൗമുദിയുടെ ഓഫീസില്‍ പോയിട്ടുള്ളതൊഴിച്ചാല്‍. മണി എന്റെ സീനിയറായിരുന്നു. അല്‍പ്പം ഇടതുപക്ഷ ചായ്വ് ഉണ്ട്. നമ്മുടെ അനുഭാവിയുമാണ്. കെഎസ്എഫിന് നോട്ടീസ് അടിക്കാന്‍ ന്യൂസ്പ്രിന്റ് വാങ്ങാനാണ് കൗമുദി ഓഫീസില്‍ പോകുന്നത്. മണിയുടെ അമ്മയ്ക്കാണ് കൗമുദിയിലെ ന്യൂസ് പ്രിന്റ് വില്‍പ്പനയുടെ ചുമതല. മണിയെ മണിയടിച്ച് അതുവാങ്ങും

. അങ്ങനെയുള്ള എന്നെ ദേശാഭിമാനിയില്‍ ഇതുപോലൊരു ചുമതലയേല്‍പ്പിക്കാനുണ്ടായ കാരണമെന്താണെന്ന് അറിയില്ല. ഒരുപക്ഷേ പഠനകാലത്ത് കെഎസ്എഫിലെ എന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടിട്ട് സിഎച്ചും അഴീക്കോടനും തീരുമാനിച്ചതാകാം. പാര്‍ടി കമ്മിറ്റിയിലും കുറച്ച് കാലം തിരുവനന്തപുരത്തെ പ്രഭാത് ബുക്ഹൗസിന്റെ മാനേജരായും പ്രവര്‍ത്തിച്ചിരുന്നു. സിപിഐ ഓഫീസിലായിരുന്നു താമസം. അഴീക്കോടനും സിഎച്ചും അവിടത്തെ പ്രധാന ആളുകളാണ്. വായനയും പ്രസംഗവുമൊക്കെയായി നടക്കുന്ന എന്നെ അവര്‍ക്ക് നന്നായി അറിയാം. 1965 ഡിസംബര്‍ 20നാണ് കോഴിക്കോട് ദേശാഭിമാനിയില്‍ എത്തിയത്. പാര്‍ടി രണ്ടായ ശേഷം ഇ എം എസ് ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തി പത്രത്തിെന്‍റ ചീഫ് എഡിറ്ററായി ചുമതലയേറ്റിരുന്നു. പത്രാധിപസമിതിയില്‍ ഉണ്ടായിരുന്ന വലിയൊരു വലിയ ഭാഗം വലതുപക്ഷത്തേക്ക് പോയി. പുതിയ ടീമിനെ വാര്‍ത്തെടുക്കാന്‍ സമയവുമായിരുന്നില്ല. കോഴിക്കോട് ഓഫീസില്‍ അധികം ആളൊന്നുമില്ല. മലപ്പുറം പി മൂസയും എം എന്‍ കുറുപ്പുമാണ് എഡിറ്റര്‍മാരായി ഉണ്ടായിരുന്നത്. മാനേജിങ് എഡിറ്റായി കെ പി ആര്‍ ഗോപാലന്‍. പി ഗോവിന്ദപ്പിള്ളയുമുണ്ട്. പ്രത്യേകിച്ച് പണിയൊന്നും അറിയാത്തതിനാല്‍ ആദ്യത്തെ പത്ത് ദിവസം പരിഭാഷപ്പെടുത്തലും പകര്‍ത്തിയെഴുത്തുമൊക്കെയായി അവരുടെ കൂടെ കൂടി.

വളരെ പഴയ ഒരു കെട്ടിടത്തിലാണ് ഓഫീസ്. ഒരു മുറിയാണ് ആകെയുള്ളത്. എഡിറ്റര്‍മാര്‍ ഇരിക്കുന്നതും കമ്പോസിങ്ങുമൊക്കെ ആ ഒറ്റമുറിയിലാണ്. അതിനോട് ചേര്‍ന്ന് വേറൊരു മുറിയുണ്ട്. പാര്‍ടിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസാണ്. നായനാരുടെ വാസസ്ഥലം കൂടിയാണ്. പഴയ പത്രക്കടലാസും മറ്റും കുത്തികൂട്ടിയുണ്ടാക്കിയ ഒരു കിടക്ക, രണ്ട് ബഞ്ചുകള്‍ ചേര്‍ത്തിട്ട കട്ടിലില്‍ വിരിച്ചാണ്് നായനാരുടെ കിടപ്പ്. അവിടെ കിടന്നാല്‍ എപ്പോഴും ടെലിപ്രിന്റര്‍ അടിക്കുന്ന ശബ്ദം കേള്‍ക്കാം. ആ ടെലിപ്രിന്ററിെന്‍റ ശബ്ദം കേട്ടില്ലെങ്കില്‍ ഉറങ്ങാന്‍ പറ്റില്ലെന്ന സ്ഥിതിയായിട്ടുണ്ടെന്ന് അന്ന് നായനാര്‍ പറയുമായിരുന്നു. വേസ്റ്റ് കടലാസ് കൂട്ടുന്നതും ഞങ്ങളുടെ മുറിയിലായിരുന്നു. അതിനുള്ളിലാണ് നായനാര്‍ ബീഡി ഒളിപ്പിക്കുന്നത്. മറ്റാരും എടുത്തുകൊണ്ട് പോകാതിരിക്കാനാണ് അവിടെ കൊണ്ടുവന്ന് ഒളിപ്പിക്കുന്നത്.

നായനാരെ ആദ്യമായി കാണുന്നത് ഞാന്‍ തിരുവനന്തപുരത്തുള്ളപ്പോഴാണ്. പാര്‍ടി രണ്ടായി പിരിയുന്നതിന് തൊട്ടുമുമ്പ് നടന്നൊരു യോഗത്തില്‍. ഇരുകൂട്ടരുടെയും വാദഗതികള്‍ പറയാനും അറിയാനും വേദിയൊരുക്കണമെന്നൊരു തീരുമാനം എടുത്തതിന്റെ ഭാഗമായി തിരുവനന്തപുരത്ത് സിപിഐ ഓഫീസില്‍ നടന്ന യോഗത്തില്‍ ഇടതുപക്ഷത്തെ വാദഗതികള്‍ അവതരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടത് നായനാരായിരുന്നു. സി അച്യുതമോനോന്‍ മറുവശത്തെയും. എല്ലാ ജില്ലകളിലും ഇത്തരം യോഗങ്ങള്‍ നടന്നിരുന്നു. പിളര്‍പ്പ് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നെങ്കിലും പാര്‍ടിയുടെ താത്വിക നിലപാട് സഖാക്കളിലേക്കെത്തിയതും ശക്തമായ അടിത്തറ രൂപപ്പെട്ടതും അത്തരം യോഗങ്ങളിലൂടെയായിരുന്നു. ലോക്കല്‍ കമ്മിറ്റി മുതല്‍ ജില്ലാ കമ്മിറ്റി വരെയുള്ള സഖാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. നായനാര്‍ അന്ന് അറിയപ്പെടുന്ന നേതാവായിട്ടില്ല. അച്യുതമേനോന്‍ പ്രഗത്ഭനായി അറിയപ്പെട്ടു കഴിഞ്ഞിരുന്നു. ഞങ്ങളെല്ലാം വളരെ ആശങ്കയിലായിരുന്നു. മഹാമേരുവായ അച്യുതമേനോന് മുന്നില്‍ നായനാര്‍ പിടിച്ചു നില്‍ക്കുമോ എന്ന് ഞങ്ങള്‍ ഭയന്നു. എന്നാല്‍ അത്യുഗ്രന്‍ പ്രകടനമായിരുന്നു നായനാരുടേത്. അച്യുതമേനോന്റെ വാദഗതികളെ ഓരോന്നിനെയും നായനാര്‍ എണ്ണിയെണ്ണി ഖണ്ഡിച്ചു.

കോഴിക്കോട് എത്തിയതിന്റെ പത്താം ദിവസം, ഡിസംബര്‍ 30നാണ് രാജ്യമൊട്ടാകെയുള്ള പാര്‍ടി നേതാക്കള്‍ അറസ്റ്റിലാകുന്നത്. ചൈനാ ചാരന്മാര്‍ എന്നാരോപിച്ച് വ്യാപകമായ അറസ്റ്റാണ് നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദ അതു സംബന്ധിച്ച് ഒരു ധവളപത്രമൊക്കെ ഇറക്കിയിരുന്നു. ഇ എം എസും ജ്യോതിബസുവുമൊഴികെ നേതാക്കള്‍ തൃശൂരില്‍ വച്ച് അറസ്റ്റിലായി. കേന്ദ്ര കമ്മിറ്റി യോഗം അന്ന് തൃശൂരില്‍ ചേരാന്‍ തീരുമാനിച്ചിരുന്നു. നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കാന്‍ വന്നപ്പോഴായിരുന്നു അറസ്റ്റ്. അല്ലാത്തവരെ മറ്റിടങ്ങളില്‍നിന്നും അറസ്റ്റ് ചെയ്തു. ദേശാഭിമാനിയില്‍നിന്ന് പി ജിയും കെ പി ആറും ഇക്കൂട്ടത്തില്‍ അറസ്റ്റിലായി. പിറ്റേന്നാണ് ഞാന്‍ അറസ്റ്റിന്റെ വിവരം അറിഞ്ഞത്. സാധാരണ ദേശാഭിമാനി ഓഫീസില്‍ തന്നെയാണ് കിടക്കാറ്. ഓഫീസില്‍ കാര്യമായ അസൗകര്യമുള്ളപ്പോള്‍ കുറച്ച് അകലെ കെ പി ആര്‍ താമസിക്കുന്ന ലോഡ്ജിന്റെ തിണ്ണയില്‍ പോയി കിടക്കും. അറസ്റ്റിന്റെ അന്ന് രാത്രി ലോഡ്ജിലായിരുന്നു കിടപ്പ്. അതുകൊണ്ടാണ് അറസ്റ്റിന്റെ വിവരം യഥാസമയം അറിയാതെ പോയത്. പിറ്റേന്ന് രാവിലെ ഓഫീസില്‍ എത്തുമ്പോള്‍ ആരെയും കാണുന്നില്ല. ഓഫീസ് തുറന്നിട്ടുണ്ട്. ഞാന്‍ അകത്തു കയറി നോക്കി. പി ജിയുടെ മേശപ്പുറത്ത് ഒരു കുറിപ്പു കണ്ടു. എനിക്കാണ് കുറിപ്പ്. മോഹനന്‍ ഈ ഓഫീസ് വിട്ട് എവിടേക്കും പോകരുത് എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്. പിന്നീട് അറസ്റ്റിന്റെ വിവരവും അറിഞ്ഞു.

അഞ്ചുപത്ത് ദിവസം കൊണ്ട് സുവനീറിന്റെ പണി തീര്‍ത്ത് പോകാനാണ് ഞാന്‍ വന്നത്. നേതാക്കന്മാരുടെ കൈയില്‍ നിന്ന് ലേഖനമൊക്കെ എഴുതി വാങ്ങി ആ പണി തീര്‍ക്കാമെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നിട്ട് തിരിച്ച് പോകാം. ഈ സാഹചര്യത്തില്‍ അതൊന്നും നടക്കില്ല. കോഴിക്കോട് തങ്ങാന്‍ തന്നെ തീരുമാനിച്ചു. സുവനീര്‍ ഇറക്കാനുള്ള പണികള്‍ ആരംഭിക്കാനും തീരുമാനിച്ചു. നേതാക്കളെല്ലാവരും ജയിലിലാണ്. എന്തെങ്കിലും പറഞ്ഞുതരാന്‍പോലും ആരും പുറത്തില്ല. സുവനീറിന് വേണ്ട വിവരങ്ങള്‍ സ്വയം ശേഖരിക്കുകയല്ലാതെ വഴിയില്ല. എനിക്കാണെങ്കില്‍ എ കെ ജിയെ കുറിച്ച് കാര്യമായൊന്നും അറിയില്ല. ജയിലില്‍ കിടക്കുന്ന സഖാക്കളില്‍നിന്ന് ചില ലേഖനങ്ങള്‍ ആവശ്യപ്പെട്ട് കുറിപ്പ് കൊടുത്തയച്ചു. ആദ്യം എല്ലാവരും വിയ്യൂരിലായിരുന്നു. പിന്നെ കുറേപ്പേരെ കണ്ണൂരിലേക്ക് മാറ്റി. കുറിപ്പ് കിട്ടി അധികം വൈകാതെ ഇ എം എസ് ഒരു ലേഖനംകൊടുത്തയച്ചു. പി ജിയും തന്നു. അതുകൊണ്ട് മാത്രം മതിയാവില്ലല്ലോ. വിവരങ്ങള്‍ ശേഖരിക്കാന്‍ ഓഫീസിലെ പഴയ പത്ര ഫയലുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. എ കെ ജിയെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും അതില്‍ നിന്ന് കണ്ടെടുത്തു. ദേശാഭിമാനിക്ക് ഫണ്ട് ശേഖരിക്കാന്‍ എ കെ ജി പലയിടത്തും പോയതിന്റെയും തെലുങ്കാന സമരത്തോടെ തകര്‍ന്ന് പോയ ആന്ധ്രയിലെ പാര്‍ടിയെ പുനരുജ്ജീവിപ്പിക്കാന്‍ എ കെ ജി നടത്തിയ പ്രവര്‍ത്തനങ്ങളുമൊക്കെ പഴയ ഫയലില്‍ ഉണ്ടായിരുന്നു. പ്രഭാതം പത്രത്തിന് ഫണ്ട് ശേഖരിക്കാന്‍ എ കെ ജി സിലോണില്‍ പോയതും അദ്ദേഹം തന്നെ പത്രം കൊണ്ടു നടന്നു വിറ്റതും പോലുള്ള വാര്‍ത്തകളും സംഘടിപ്പിച്ചു. എ കെ ജിയുടെ കുട്ടിക്കാലം സംബന്ധിച്ച് ചിലര്‍ പറഞ്ഞറിഞ്ഞതും അദ്ദേഹം പാര്‍ടിയിലേക്ക് കടന്നുവന്നതുമെല്ലാം സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു. ഇതെല്ലാം വച്ച് പല സഖാക്കളുടെയും പേരില്‍ ഞാന്‍ തന്നെ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങി. പാര്‍ടി രണ്ടാകാനുണ്ടായ സാഹചര്യം വിശദീകരിച്ച് ഒരു ലേഖനം എന്റെ പേരിലും എഴുതി. അതാകുമ്പോള്‍ എനിക്ക് നേരിട്ട് അറിയാവുന്ന കാര്യങ്ങളായിരുന്നു. നായനാരുടെ ലേഖനവും ഇതിനിടെ കിട്ടി. അത് വലിയ സഹായമായി. പാര്‍ടിയുടെ രുപീകരണവും ആദ്യകാലത്തെ പ്രവര്‍ത്തനവും സംബന്ധിച്ചായിരുന്നു ലേഖനം. അക്കാര്യങ്ങളൊക്കെ അറിയാന്‍ ലേഖനം ഉപകാരപ്പെട്ടു.

ഏതാണ്ട് രണ്ടുമാസം കൊണ്ട് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ഇതോടൊപ്പം ദിവസവും പത്രമിറക്കുന്ന ജോലിയിലും ഞാന്‍ കാര്യമായി സഹായിച്ചു പോന്നിരുന്നു. പല വൈഷമ്യങ്ങള്‍ ഉണ്ടായിട്ടും ഒരു ദിവസംപോലും പത്രം മുടങ്ങാതെ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിരുന്നു. നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്നാണ് ദേശാഭിമാനിയിലെ എന്റെ ആദ്യത്തെ എഡിറ്റോറിയല്‍ എഴുതിയത്. അതും ഒരു പ്രത്യേക സാഹചര്യത്തിലാണ് സംഭവിച്ചത്. കവിതയൊക്കെ എഴുതുന്ന എംഎന്‍ കുറുപ്പ് എന്നെക്കാള്‍ സീനിയറാണെങ്കിലും അടിസ്ഥാന രാഷ്ട്രീയ വിദ്യാഭ്യാസമൊന്നുമുള്ള ആളായിരുന്നില്ല. വിമോചന സമരകാലത്ത് ആലപ്പുഴയില്‍ നിന്ന് കേരളഭൂമി എന്ന പേരില്‍ ഇറക്കിയിരുന്ന സായാഹ്ന പത്രത്തിന്റെ എഡിറ്റായി പ്രവര്‍ത്തിച്ചിരുന്നതാണ് അദ്ദേഹത്തിെന്‍റ പത്രപ്രവര്‍ത്തന പരിചയം. പിന്നെ കവിതയെഴുതും.

രാഷ്ട്രീയ കാര്യങ്ങള്‍ അത്ര നന്നായി കൈകാര്യം ചെയ്യാന്‍ അറിയാത്തതുകൊണ്ട് തന്നെ നേതാക്കളുടെ അറസ്റ്റ് നടന്നപ്പോള്‍ കുറുപ്പ് ആകെ അന്തം വിട്ടു. എന്തെഴുതും എന്നോര്‍ത്ത്. അറസ്റ്റ് നടന്നതിന്റെ പിറ്റേന്ന് പത്രത്തില്‍ നേതാക്കളുടെ അറസ്റ്റ് സംബന്ധിച്ച് എഡിറ്റോറിയല്‍ എഴുതണമല്ലോ. അതില്ലാതെ പത്രമിറങ്ങുന്നത് മോശമല്ലേ. അപ്പോള്‍ ആരെഴുതും എന്നായി ചോദ്യം. ഞാന്‍ എഴുതാമെന്ന് പറഞ്ഞു. അങ്ങനെ എന്റെ ആദ്യത്തെ എഡിറ്റോറിയല്‍ എഴുതി. "സ്വര്‍ണ സിംഹാസനത്തില്‍ പട്ടിക്കുട്ടി" എന്നായിരുന്നു തലക്കെട്ട്്. നേതാക്കളുടെ അറസ്റ്റും ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളുമാണ് വിശകലനം ചെയ്തത്. ആ എഡിറ്റോറിയല്‍ നന്നായി സ്വീകരിക്കപ്പെട്ടു. ജയിലിലെ സഖാക്കള്‍ക്കിടയിലും പുറത്തും.

അന്ന് വൈകിട്ട് മുതലക്കുളം മൈതാനത്തില്‍ ഒരു പൊതുയോഗവും വച്ചിരുന്നു. അറസ്റ്റ് സംബന്ധിച്ച് വിശദീകരിക്കാന്‍ തന്നെ. അതില്‍ പ്രസംഗിക്കാനൊന്നും ആരുമില്ല. എഡിറ്റോറിയല്‍ എഴുതിയതിന്റെ പേരില്‍ ഓഫീസിലെ സഖാക്കള്‍ എന്നെ പ്രസംഗിക്കാന്‍ നിര്‍ബന്ധിച്ചു. ഞാന്‍ പ്രാസംഗികനൊന്നുമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. സി പി ബാലന്‍ വൈദ്യരാണ് അധ്യക്ഷന്‍. അദ്ദേഹം പറഞ്ഞു മോഹനന്‍ ഇങ്ങു പോരേ എന്ന് പറഞ്ഞു. അതോടെ മൂസ എന്നെ പിടിച്ച് അവിടേക്ക് കൊണ്ടു പോയി. അങ്ങനെ ആ വേദിയില്‍ മലബാറിലെ എന്റെ ആദ്യ പ്രസംഗം നടത്തി. എനിക്കും കോഴിക്കോട്ടുകാര്‍ക്കും ഒരിക്കലും മറക്കാനാകാത്ത പ്രസംഗമായിരുന്നു അത്. ഒന്നര മണിക്കുറോളം നീണ്ടു. പ്രസംഗം കേട്ട് ആവേശത്തിലായ ജനം ഞാന്‍ നിറുത്താന്‍ ഒരുങ്ങുമ്പോഴൊക്കെ നിറുത്തല്ലേ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. നിറുത്തണ്ട തുടര്‍ന്നോളാന്‍ അധ്യക്ഷനും പറഞ്ഞു. പ്രാസംഗികന്‍ എന്ന നിലയില്‍ മലബാറില്‍ കാലുറപ്പിച്ചത് മുതലക്കുളം മൈതാനത്തെ ആ പ്രസംഗത്തോടെയാണ്.

ഒരുവിധം പരസ്യമൊക്കെ സംഘടിപ്പിച്ച് സുവനീര്‍ പുറത്തിറക്കി. ആ വര്‍ഷം മാര്‍ച്ചില്‍ തെരഞ്ഞെടുപ്പുവന്നു. പത്രത്തില്‍ നല്ലപോലെ ജോലിയുണ്ടാകും. ഇതിനിടെ മൂസക്കും വാറണ്ടുവന്നു. അയാളും ഒളിവില്‍ പോയതോടെ ജോലിയെടുക്കാന്‍ ആരുമില്ലാതായി. ലോക്കലില്‍ എഴുത്തു പണിയൊക്കെ അത്യാവശ്യം അറിയാവുന്നവരെ വിളിച്ചു നിറുത്തി. അബ്ദുറഹ്മാന്‍ ചിന്തയില്‍ ജോലിചെയ്തിരുന്നു. അദ്ദേഹം പലകാര്യത്തിലും സഹായിച്ചു. അന്നവിടെ പത്മനാഭന്‍ നായര്‍ എന്നൊരു ഫോര്‍മാനുണ്ട്. അദ്ദേഹമാണ് പത്രത്തിലെ ലേ ഔട്ടും കാര്യങ്ങളുമൊക്കെ എന്നെ പഠിപ്പിച്ചത്. പത്രം എങ്ങനെ കെട്ടാമെന്നും ഇറക്കാമെന്നുമൊക്കെ എന്നെ പഠിപിച്ച ഗുരു അദ്ദേഹമാണ്. ഹാന്‍ഡ് കമ്പോസിങ്ങാണല്ലോ. വളരെ പ്രയാസമാണ് അത് ചെയ്യാനൊക്കെ. ദിവസവും രാവിലെ രണ്ടുകൈയിലും ഓരോ ചായയുമായി പത്മനാഭന്‍ നായര്‍ വരും. അപ്പോള്‍ ഞാന്‍ എണീറ്റിട്ടുണ്ടാകുമെങ്കിലും കസേരയില്‍ കുത്തിയിരുന്നു ഉറങ്ങുകയായിരിക്കും.

പത്മനാഭന്‍ നായര്‍ കൊണ്ടുവന്ന രണ്ട് ചായയും കുടിച്ചു കഴിഞ്ഞാല്‍ പിന്നെ അന്നത്തെ പണി തുടങ്ങുകയായി. പത്രങ്ങള്‍ വായിച്ചു കഴിഞ്ഞാല്‍ ഉടനെ എഡിറ്റോറിയല്‍ എഴുതും. ഇംഗ്ലീഷ് പത്രങ്ങളും ചന്ദ്രിക, മാതൃഭൂമി പത്രങ്ങളുമൊക്കെ വായിച്ചാണ് എഡിറ്റോറിയലിനുള്ള വിവരങ്ങള്‍ ശേഖരിക്കുക. എഡിറ്റോറിയല്‍ രാവിലെ എഴുതിയില്ലെങ്കില്‍ നേരത്തിന് പത്രമിറക്കാനാവില്ല. അന്നത്തെ സാഹചര്യത്തില്‍ വൈകിട്ട് നാലുമണിക്കെങ്കിലും പത്രം അടിച്ച് തുടങ്ങണം. രാത്രി പന്ത്രണ്ട് മണിയോടെയെങ്കിലും അച്ചടി തീര്‍ത്ത് നേരത്തിന് എല്ലായിടത്തും നേരത്തിന് എത്തിക്കണമെങ്കില്‍ അതു വേണം. വളരെ വേഗം കുറഞ്ഞ പ്രസാണ്. മണിക്കൂറില്‍ മൂവായിരം കോപ്പി മാത്രമാണ് അച്ചടിക്കാന്‍ കഴിഞ്ഞിരുന്നത്. സ്പോര്‍ട്സ് ലേഖകനായ എ എന്‍ മോഹന്‍ദാസ് അന്ന് കോഴിക്കോടുണ്ട്. വളരെ കഷ്ടപ്പെട്ട് ജീവിക്കുകയാണ്. രാത്രി പണിയൊക്കെ കഴിഞ്ഞ് അയാള്‍ വരും. പരിഭാഷപ്പെടുത്താനൊക്കെ വശമുണ്ടായിരുന്നു. അയാളുടെ താല്‍പ്പര്യവും കഴിവും കണ്ട് എല്ലാക്കാര്യത്തിലും മോഹന്‍ദാസിനെ സഹകരിപ്പിച്ചു. തെരഞ്ഞെടുപ്പു വന്നപ്പോള്‍ കൂടുതല്‍ ജോലിയുണ്ട്. ഇമ്പിച്ചിവാവ സെക്രട്ടറിയായി ഒളിവില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയുടെയും ഇ എം എസിന്റെയും സഹായം പത്രത്തിന് കിട്ടിയിരുന്നു. അപ്പക്കുട്ടിയാണ് ജില്ലാ സെക്രട്ടറി. (തുടരും)

*
കെ മോഹനന്‍ ദേശാഭിമാനി വാരിക 19 മേയ് 2013

Thursday, February 9, 2012

എം ബി എസ്: പാടുന്ന പന്തം

പാടുന്ന പന്തം എന്ന് പി ഭാസ്കരന്‍ വിശേഷിപ്പിച്ച വിഖ്യാത സംഗീതജ്ഞന്‍ എം ബി ശ്രീനിവാസനും ഞാനുമായുള്ള ബന്ധം സമാനതകളില്ലാത്തതായിരുന്നു. ഹൃദയബന്ധം സൂക്ഷിച്ച സുഹൃത്ത്, വഴികാട്ടി, ഗുരുതുല്യന്‍ എന്നുവേണ്ട ഞങ്ങളുടെ ബന്ധത്തെ നിര്‍വചിക്കുക അസാധ്യം. സിനിമാ സംവിധായകന്‍ എന്ന നിലയില്‍ എന്നെ രൂപപ്പെടുത്തുന്നതില്‍ എം ബി എസിന് പങ്കുണ്ട്. സംഗീതജ്ഞന്‍ എന്നതിനപ്പുറത്ത് വ്യാപരിച്ച അദ്ദേഹത്തിന്റെ മനുഷ്യസ്നേഹത്തില്‍ അധിഷ്ഠിതമായ ധിഷണയുടെയും വ്യക്തിവൈശിഷ്ട്യത്തിന്റെയും സ്പര്‍ശം അനുഭവിക്കാത്തവര്‍ അക്കാലത്ത് സിനിമാലോകത്തുണ്ടായിരുന്നില്ല.

സിനിമയില്‍ വളരെ ജൂനിയറായ ഞാനുമായി എം ബി എസിന് വലിയ പ്രായവ്യത്യാസമുണ്ടായിരുന്നു. അതൊന്നും ഞങ്ങളുടെ ഹൃദയബന്ധത്തിന് വിഘാതമായില്ല. സിനിമയെക്കുറിച്ച് മാത്രമല്ല സിനിമക്കുപുറത്തുള്ള കാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ ദീര്‍ഘമായ ഭാഷണങ്ങളിലേര്‍പ്പെട്ടിരുന്നു. രാഷ്ട്രീയം, വായന, ജീവിതാദര്‍ശങ്ങള്‍ എല്ലാം അവിടെ വിഷയമായി. അത്തരം ചര്‍ച്ചകള്‍ കലാകാരനെന്ന നിലയില്‍ എനിക്ക് വലിയ ഉള്‍ക്കാഴ്ചകള്‍ നല്‍കി. അതിനു പുറമെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതികളും എന്നെ ആകര്‍ഷിച്ചു. ജീവിതത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അറിവും അച്ചടക്കവും സംഗീതത്തിലും അദ്ദേഹം സൂക്ഷിച്ചു. ഇടതുപക്ഷാശയങ്ങളോട് കടുത്ത അനുഭാവം പുലര്‍ത്തിയ ആള്‍ എന്ന നിലയില്‍ സംഗീതരംഗത്തുള്ളവരുടെ കൂട്ടായ്മ രൂപപ്പെടുത്തിയത് എം ബി എസാണ്. ഇന്ന് സിനിമാ രംഗത്ത് എല്ലാ വിഭാഗത്തിനും സംഘടനകളുണ്ട്. പില്‍ക്കാലത്ത് രൂപപ്പെട്ട ഇത്തരം കൂട്ടായ്മകള്‍ക്ക് ആദ്യ വഴി വെട്ടിയത് എം ബി എസാണെന്നത് ഇന്നുള്ള പലര്‍ക്കുമറിയില്ല. അതുപോലെ ട്രാക്ക് സംഗീതത്തിന് തുടക്കമിട്ടതും കോറല്‍ മ്യൂസിക്കിന് പ്രത്യേകമായ സ്ഥാനം ഉണ്ടാക്കിയെടുത്തതുമെല്ലാം ആ പ്രതിഭാശാലിയാണ്. സിനിമാ സംഗീതത്തെ മറ്റാരും പരീക്ഷിക്കാത്ത അര്‍ഥ, ഭാവതലങ്ങളിലേക്ക് സന്നിവേശിപ്പിക്കാനും എം ബി എസിന് കഴിഞ്ഞു.

കാല്‍പ്പാടുകള്‍(1962) എന്ന തന്റെ ആദ്യ സിനിമയിലൂടെ യേശുദാസിനെ മലയാള സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയതും മറ്റാരുമല്ല. എല്ലാതരത്തിലും എന്നെ സ്വാധീനിച്ച മഹാനായ മനുഷ്യസ്നേഹിയും കലാകാരനുമെന്ന നിലയില്‍ ഇന്നും ഹൃദയത്തില്‍ അദ്ദേഹത്തിന് പ്രത്യേക സ്ഥാനം സൂക്ഷിക്കുന്നു. രാമു കാര്യാട്ടിന്റെ അസിസ്റ്റന്റായി മദിരാശിയില്‍ എത്തുന്ന കാലത്താണ് എം ബിഎസിനെ പരിചയപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ മദിരാശിയിലെത്തിയെങ്കിലും കാര്യാട്ടിലേക്ക് എത്തുംമുമ്പ് ജോണ്‍ എബ്രഹാമിനെപ്പോലുള്ളവരുടെ ക്യാമ്പില്‍ തങ്ങിയ കാലത്ത്. ജോണിന്റെ അഗ്രഹാരത്തിലെ കഴുതൈയിലെ നായകന്‍ എം ബി എസാണ്. ഞാനപ്പോള്‍ ഏറെക്കുറെ ജോണിന്റെ അസിസ്റ്റന്റിനെപ്പോലെയാണ്. വളരെ ഡിസിപ്ലിന്‍ഡ് ആയ എം ബി എസും അങ്ങനെയല്ലാത്ത ജോണും തമ്മിലുള്ള കോമ്പിനേഷന്‍ ഏറെ പ്രയാസം പിടിച്ചതായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എങ്കിലും ഇരുവരും തമ്മില്‍ വലിയ മാനസിക ഐക്യമുണ്ടായിരുന്നു. ജോണിനോട് എം ബി എസിന് പ്രത്യേക വാത്സല്യവും ആദരവുമായിരുന്നു. ജോണിന്റെ രീതിയനുസരിച്ച് കഴുതൈയുടെ ചിത്രീകരണം സ്വാഭാവികമായും മാസങ്ങളോളം നീണ്ടു. ഒട്ടും അലോസരമില്ലാതെ എം ബിഎസ് അതുമായി ആദ്യവസാനം സഹകരിച്ചു. ചിത്രീകരണ കാലത്ത് മദ്യപിക്കില്ലെന്ന് ജോണിനെക്കൊണ്ട് ഉറപ്പു വാങ്ങിച്ചാണ് എംബി എസ് വേഷമിടാന്‍ തയ്യാറായത്. പലതവണ ജോണ്‍ വാക്കുതെറ്റിച്ചു. എന്നാലും ജോണിനോടുള്ള ഇഷ്ടംകൊണ്ട് സംഗീതമൊക്കെ മാറ്റിവച്ച് വിളിക്കുന്ന സമയത്തൊക്കെ എം ബി എസ് കഴുതൈയില്‍ അഭിനയിക്കാനെത്തി.

സ്വപ്നാടനത്തില്‍ ഗാനങ്ങളില്ലായിരുന്നു. അതിലെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചത് ഭാസ്കര്‍ ചന്ദവാര്‍ക്കറായിരുന്നു. പിന്നീട് ചെയ്ത ഓണപ്പുടവയാണ് എം ബി എസ് സംഗീത സംവിധാനം നിര്‍വഹിച്ച എന്റെ ആദ്യ ചിത്രം. എം ബി എസുമായുള്ള അടുപ്പംകൊണ്ടുമാത്രമായിരുന്നില്ല ആ തീരുമാനം. പിന്നീടുണ്ടായ ചിത്രങ്ങളിലും ഞങ്ങളുടെ കൂട്ടുകെട്ട് തുടര്‍ന്നു. സിനിമയിലെ സംഗീതത്തെക്കുറിച്ചും സംഗീതത്തിന്റെ വ്യാപ്തിയെയും അര്‍ഥതലങ്ങളെയുംകുറിച്ചും ബോധവാനായിരുന്ന എന്നെപ്പോലൊരു സംവിധായകന് അന്ന് എം ബിഎസ് അല്ലാതെ മറ്റൊരു തെരഞ്ഞെടുപ്പ് സാധ്യമല്ലായിരുന്നു. ഒ എന്‍ വി- എം ബി എസ് കൂട്ടുകെട്ടിന്റെ തുടക്കവും ഓണപ്പുടവയിലാണ്. ആ കോമ്പിനേഷനില്‍ മലയാളം എന്നുമോര്‍ക്കുന്ന എണ്ണമറ്റ ഹിറ്റുകള്‍ പിറക്കുന്നത് പില്‍ക്കാലത്ത്് കണ്ടു. എംബി എസുമായുള്ള തന്റെ ബന്ധത്തിലെ പ്രധാന കണ്ണി ജോര്‍ജായിരുന്നെന്ന് ഒ എന്‍ വി പറഞ്ഞിട്ടുണ്ട്. സെല്‍മയെ വിവാഹം ചെയ്യുംമുമ്പ് അവര്‍ പാടിയ എന്റെ ആദ്യ ചിത്രവും ഓണപ്പുടവയാണ്. എം ബി എസുമായി നിരവധി ചിത്രങ്ങളില്‍ വിവാഹത്തിനുമുമ്പും ശേഷവും സഹകരിച്ചിട്ടുള്ള സെല്‍മക്ക് അദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ്. അപ്ലൈഡ് മ്യൂസിക് എന്ന എന്റെ ആശയത്തോട് നൂറു ശതമാനം യോജിപ്പാണ് എം ബി എസിനുണ്ടായിരുന്നത്. സിനിമയില്‍ സംഗീതത്തിന് സ്വതന്ത്രമായ നിലനില്‍പ്പില്ലെന്നും അത് സിനിമയിലെ സന്ദര്‍ഭത്തിനനുസരിച്ച് പ്രയോഗിക്കുന്ന കല മാത്രമാണെന്നും എം ബി എസ് ആവര്‍ത്തിക്കുമായിരുന്നു. ഏതെങ്കിലും പ്രത്യേക ഈണം പ്രയോഗിക്കുന്നതിനെക്കാള്‍ ആ സിനിമയിലെ സന്ദര്‍ഭത്തിനും മൊത്തത്തിലുള്ള ഭാവത്തിനും ഇണങ്ങുന്ന സംഗീതം രചിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. എന്റെ കാഴ്ചപ്പാടുമായി ഏറ്റവും യോജിച്ച അഭിപ്രായമായിരുന്നു അത്. സിനിമയില്‍ ഒന്നും ആവര്‍ത്തിക്കരുതെന്ന അഭിപ്രായക്കാരനായ എനിക്ക് വ്യത്യസ്തമായ സംഗീതം ഓരോ ചിത്രത്തിലൂടെയും അദ്ദേഹം നല്‍കി. അതുകൊണ്ടുതന്നെ പലതും ആവര്‍ത്തിക്കാതിരിക്കാന്‍ എം ബി എസിന്റെ സംഗീതം എനിക്ക് ആവര്‍ത്തിക്കേണ്ടിവന്നു.

ഉള്‍ക്കടലിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ എം ബി എസ് തിരുവനന്തപുരത്ത് വന്നപ്പോഴുണ്ടായ അങ്ങേയറ്റം ദുഃഖകരമായ ഒരു സംഭവം ഓര്‍ക്കുന്നു. കോഴിക്കോട്ടുനിന്ന് ട്രെയിനിലാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് പോന്നത്. യാത്രക്കിടയില്‍ അദ്ദേഹം കയറിയ കമ്പാര്‍ട്ടുമെന്റില്‍നിന്ന് റെയില്‍‌വേ പൊലീസ് കഞ്ചാവ് ചാക്ക് പിടിച്ചു. അത് റെയില്‍വേ പൊലീസിന് കാണിച്ചുകൊടുത്തത് എം ബി എസാണ്. പക്ഷേ പൊലീസിന് എം ബി എസിനെയായി സംശയം. പൊലീസിന് അദ്ദേഹത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നത് പോകട്ടെ, ഒരടിസ്ഥാനവുമില്ലാതെ നിരപരാധിയായ അദ്ദേഹത്തെ ക്രൂശിക്കുകയും ചെയ്തു. ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് എംബി എസിനെ പിടിച്ച് പുറത്തിറക്കി സ്റ്റേഷനില്‍ ഇരുത്തി. പിന്നീടങ്ങോട്ട് വിരട്ടലും ചോദ്യം ചെയ്യലുമായിരുന്നു. ഭേദ്യത്തിനും മുതിര്‍ന്നു. ഇതുപോലുള്ള അനുഭവങ്ങളെയൊക്കെ നേരിടാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ടായിരുന്നങ്കിലും അപ്പോള്‍ അദ്ദേഹം ആ മാനസികാവസ്ഥയിലായിരുന്നില്ല. അദ്ദേഹത്തിന്റെ മകന്‍ മയക്കുമരുന്നിന് അടിപ്പെട്ട വിഷമത്തില്‍ തകര്‍ന്നിരിക്കുന്ന സമയമായിരുന്നു അത്. ഇതിനിടെ സംഭവം കോഴിക്കോട്ടുനിന്ന് എം ബി എസിനെ തീവണ്ടിയില്‍ യാത്രയാക്കിയ എം ടി വാസുദേവന്‍നായര്‍ അറിഞ്ഞു. എം ബി എസിനെ തിരിച്ചറിഞ്ഞ ട്രെയിന്‍ യാത്രികരാരോ ആണ് വിവരം എം ടിയെ അറിയിച്ചത്. തിരുവനന്തപുരത്ത് എം ബി എസിനെ കാത്തുനിന്ന ഞങ്ങളെ വിളിച്ച് എം ടി കാര്യം പറഞ്ഞു. അപ്പോള്‍തന്നെ ഞാനും ഒ എന്‍ വിയും എം ടിയും മുഖ്യമന്ത്രി പി കെ വിയെ വിവരമറിയിച്ചു. അദ്ദേഹം വേഗം പ്രശ്നത്തില്‍ ഇടപെട്ടു. ഞങ്ങള്‍ പോയി പി കെ വിയെ കാണുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തെ വലിയ പോറലേല്‍ക്കാതെ പൊലീസിന്റെ കൈയില്‍നിന്ന് രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. അടുത്ത ട്രെയിനില്‍ തിരുവനന്തപുരത്തെത്തിയ എം ബി എസ് തൊട്ടുമുമ്പുണ്ടായ പ്രശ്നങ്ങളെല്ലാം വേഗത്തില്‍ മറന്ന് സംഗീതം ചിട്ടപ്പെടുത്തുന്ന ജോലിയില്‍ വ്യാപൃതനാകുന്നതാണ് പിന്നീട് കണ്ടത്.

ലാളിത്യമാര്‍ന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. സംഗീതത്തെക്കുറിച്ച് അതില്‍ താല്‍പ്പര്യമുള്ള ആരുമായും ചര്‍ച്ചചെയ്യുമായിരുന്നു. പുതിയ പാട്ടുകാര്‍ക്ക് എപ്പോഴും അവസരം നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എം ബി എസിന് മലയാളം നന്നായി വഴങ്ങിയിരുന്നില്ല. എങ്കിലും വരികളുടെ അര്‍ഥമറിയണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. ചിട്ടപ്പെടുത്തുന്നതിന് മുന്നോടിയായി അത് ചോദിച്ചറിയും. കഥാസന്ദര്‍ഭവും മനസിലാക്കും. സിനിമയുടെ സംവിധായകനുമായി വിശദമായ ചര്‍ച്ചയും നടത്തിയിരുന്നു. ഇതൊക്കെക്കൊണ്ടാകണം എം ബി എസ് ഈണം നല്‍കിയ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ സംഗീതത്തിന്റെ അനന്തമായ അര്‍ഥതലങ്ങളെക്കുറിച്ച് നാം ബോധവാനാകുന്നത്. ഉള്‍ക്കടലിലെ ഗാനങ്ങളാണ് എം ബി എസിലെ സംഗീതപ്രതിഭയെ ആദ്യം മലയാളത്തിന് പരിചയപ്പെടുത്തിയത്. അതില്‍ സെല്‍മ ആലപിച്ച "ശരദിന്ദു മലര്‍ദീപ നാളം നീട്ടീ.." എന്ന ഗാനം എന്റെ ഇഷ്ട സിനിമാ ഗാനവുമായി. കൃഷ്ണ തുളസി കതിരുകള്‍ ചൂടിയൊരശ്രു കുടീരം ഞാന്‍ , നഷ്ടവസന്തത്തില്‍ തപ്ത നിശ്വാസമേ, എന്റെ കടിഞ്ഞൂല്‍ പ്രണയ കഥയിലെ പെണ്‍കൊടീ തുടങ്ങിയ പാട്ടുകള്‍ ഇന്നും പ്രണയത്തിന്റെ ആര്‍ദ്ര ഭാവങ്ങളിലേക്ക് ഗാനാസ്വാദകരെ ഉയര്‍ത്തുന്നു.

സമ്പന്നമായ നാടക കാലത്തിന്റെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഈണമാണ് യവനികയിലെ "ഭരതമുനിയൊരു കളം വരച്ചൂ.." എന്ന ഗാനത്തിന്. ഒരു കാലത്ത് കെപിഎസിയുമായി സഹകരിച്ചിട്ടുള്ള എംബിഎസിന്റെ ആ ഗാനത്തിന് പ്രശസ്തമായ ബലികുടീരങ്ങളെ എന്ന പാട്ടിന്റെ പാറ്റേണ്‍ വന്നത് യാദൃച്ഛികമല്ല. ഗാനങ്ങള്‍ക്ക് ട്രാക്ക് പാടിക്കുന്ന രീതി അദ്ദേഹം കൊണ്ടുവന്നത് സംഗീതലോകത്തേക്ക് കടന്നുവരാന്‍ ആഗ്രഹിച്ച പുതിയ ഗായകര്‍ക്ക് പ്രോത്സാഹനമായിരുന്നു. അത് പിന്നീട് മലയാളത്തില്‍ എല്ലാ സംഗീതജ്ഞരും പിന്തുടര്‍ന്നു. എന്റെ സിനിമകളില്‍ ഗാനങ്ങള്‍ക്ക് വ്യത്യസ്തമായ സംഗീതം പകര്‍ന്നതോടൊപ്പം ശ്രദ്ധേയമായ പശ്ചാത്തല സംഗീതവും എം ബി എസ് നിര്‍വഹിച്ചു. കഥാപാത്രങ്ങളുടെ സ്വഭാവത്തിനും കഥാസന്ദര്‍ഭത്തിനും യോജിച്ച തീം മ്യൂസിക് എന്ന സിനിമയില്‍ വളരെ അപൂര്‍വമായി മാത്രം പ്രയോഗിച്ചു വന്നിരുന്ന ഒരു സമ്പ്രദായത്തെ അദ്ദേഹം ചിട്ടപ്പെടുത്തിയത് പശ്ചാത്തല സംഗീതത്തിന് പുതിയ ഭാവവും അര്‍ഥവും നല്‍കി. സംവിധായകനെന്ന നിലയില്‍ ഞാനുമായി കൂടി ചര്‍ച്ച ചെയ്താണ് തീം മ്യൂസിക് തയ്യാറാക്കിയിരുന്നത്. സമൂഹത്തിലെ മൂന്നു വ്യത്യസ്ത തലങ്ങളില്‍ ജീവിക്കുന്ന മൂന്നു സ്ത്രീകളുടെ കഥ പറയുന്ന ആദാമിന്റെ വാരിയെല്ലില്‍ മൂവര്‍ക്കും വ്യത്യസ്ത തീമുകള്‍ എം ബിഎസ് കൊണ്ടുവന്നു. വാരിയെല്ലില്‍ സൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന് സിംപതറ്റിക് നോട്ടും സുഹാസിനിയുടെ കഥാപാത്രത്തോടൊപ്പം ഇന്ത്യന്‍ - പാശ്ചാത്യ ഇലക്ട്രോണിക് സംഗീതോപകരണങ്ങള്‍ സമന്വയിപ്പിച്ച ഫ്യൂഷനുമാണ് എം ബി എസ് സന്നിവേശിപ്പിച്ചത്.

ശ്രീവിദ്യ അവതരിപ്പിച്ച കഥാപാത്രത്തിന് ഏറ്റവും ഇണങ്ങിയ കൂള്‍ ജാസ് എന്ന് അദ്ദേഹം വിശേഷിപ്പിച്ച സംഗീത ശകലങ്ങളായിരുന്നു അകമ്പടിയായത്. അത് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. എന്നാല്‍ ഇരകളില്‍ എന്റെകൂടി അഭിപ്രായം പരിഗണിച്ച് അദ്ദേഹം തയ്യാറാക്കിയ പശ്ചാത്തല സംഗീതം അത്ര നന്നായില്ലെന്ന് സിനിമ കണ്ടപ്പോള്‍ തോന്നി. സംഗീതത്തിലെ പുരോഗമന ചിന്ത അദ്ദേഹം തന്റെ ജീവിതത്തിലും പകര്‍ത്തി. ആന്ധ്രയിലെ ബ്രാഹ്മണ കുടുംബാംഗമായ എം ബി എസ് വിവാഹം ചെയ്തത് ഒരു മുസ്ലിം പെണ്‍കുട്ടിയെയാണ്. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന കിച്ച്ഡുവിന്റെ മകള്‍ സഹീദയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. ഇവരുടെ ഏക മകനായിരുന്നു കബീര്‍ . അച്ഛന്റെ സംഗീത പാരമ്പര്യം കുറെയൊക്കെ മകന് കിട്ടിയെങ്കിലും അതൊന്നും ഫലപ്രദമായി പ്രയോജനപ്പെടുത്താനായില്ല. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിനിടെ കബീര്‍ മയക്കുമരുന്നിന് അടിമയായി മാനസിക രോഗിയായി മാറി. അത് എം ബിഎസിനെ കുറച്ചൊന്നുമല്ല വേട്ടയാടിയിരുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെയും ഇന്ത്യയില്‍ ശക്തിപ്രാപിച്ച ഇടത് മുന്നേറ്റത്തിന്റെയും ഭാഗമായി വളര്‍ന്ന എം ബി എസ് പുരോഗമന കലയുടെ വക്താവായി നല്‍കിയ അതുല്യ സംഭാവനകളെ ഓര്‍ത്താകണം പി ഭാസ്കരന്‍ അദ്ദേഹത്തെ പാടുന്ന പന്തം എന്ന് വിശേഷിപ്പിച്ചത്. എന്റെ സിനിമാ-വ്യക്തി ജീവിതത്തെ സ്വാധീനിച്ച ആ മഹാപ്രതിഭക്ക് നമോവാകം.

*
കെ ജി ജോര്‍ജ് /തയ്യാറാക്കിയത് എം എസ് അശോകന്‍

ദേശാഭിമാനി വാരിക 12 ഫെബ്രുവരി 2012

Friday, January 27, 2012

അഭിനയത്തിന്റെ ശരീരം

ഇതിനു മുന്‍പ് പ്രസിദ്ധീകരിച്ച ഭാഗങ്ങള്‍

മലയാള സിനിമ വേണ്ടപോലെ പ്രയോജനപ്പെടുത്താതെപോയ നടനാണ് ഗോപി. വെള്ളിത്തിരയില്‍ നാടക വേദിയുടെ കരുത്ത് സന്നിവേശിപ്പിച്ച തിലകനെയും നെടുമുടി വേണുവിനെയും പ്രയോജനപ്പെടുത്തിയ അത്രയുംപോലും ഗോപിയുടെ പ്രതിഭയെ ഉപയോഗിച്ചില്ല. മറ്റ് രണ്ടുപേരെയും അപേക്ഷിച്ച് അഭിനയ സിദ്ധിയും അറിവുമുണ്ടായിരുന്നത് ഗോപിക്കായിരുന്നെന്നതില്‍ സംശയമില്ല. ഞങ്ങള്‍ പരസ്പരം ആശാനേ എന്നാണ് വിളിക്കാറ്. അത് തിരുവല്ലാക്കാരുടെ രീതിയാണ്. ഗോപിയെയും തിലകനെയും ആശാനേയെന്നു വിളിച്ച് എളുപ്പത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിരുന്നു.

ക്യാമറക്കു മുന്നില്‍ അവരുടെ പ്രകടനം കഴിഞ്ഞാല്‍ തിരിച്ചും അങ്ങനെ വിളിച്ച് പോരെ എന്ന് ചോദിക്കും. അഭിനയത്തിന്റെ തിയററ്റിക്കല്‍ ബേസ് ഗോപിക്ക് നന്നായുണ്ടായിരുന്നു. തിലകനും മോശമല്ല. പക്ഷേ, തിലകനേക്കാള്‍ ഒരുപടി മുന്നിലാണ് ഗോപി. അദ്ദേഹം അക്കാര്യത്തില്‍ ജീനിയസ് തന്നെയായിരുന്നെന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നുന്നു. ഗോപി അഭിനയിക്കുമ്പോള്‍ അഭിനയമാണെന്ന് തോന്നില്ല. സ്വാഭാവികമായിരിക്കും പ്രകടനം. അത്തരം എത്രയോ മുഹൂര്‍ത്തങ്ങള്‍ .

തിലകെന്‍റ കാര്യത്തില്‍ അങ്ങനെയല്ല. അദ്ദേഹത്തിന്റെ അഭിനയവും ഡയലോഗ് ഡെലിവറിയുമൊക്കെ വളരെ കള്‍ച്ചേഡ് ആണ്. ഗോപിയെപ്പോലെ അഭിനയത്തിന്റെ സൂക്ഷ്മാംശത്തില്‍ പോലും ശ്രദ്ധകാണിച്ച നടന്‍ വേറെയില്ല. എന്റെ സിനിമയില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ സൂക്ഷ്മാംശത്തെ കുറിച്ചൊക്കെ അദ്ദേഹത്തോട് പറയുമായിരുന്നു. നാം ഉദ്ദേശിച്ചതു പോലെത്തന്നെ ചെറു ചലനം കൊണ്ടോ നോട്ടംകൊണ്ടോ പോലും അത് സാധിക്കാന്‍ ഗോപിക്ക് കഴിഞ്ഞിരുന്നു. ആദാമിെന്‍റ വാരിയെല്ലില്‍ അദ്ദേഹത്തിന്റെ കഥാപാത്രം സൂര്യയെ വ്യഭിചരിച്ച ശേഷം വീട്ടില്‍ വന്നിറങ്ങുമ്പോള്‍ അവളെ കാണുന്ന രംഗത്തില്‍ സൂര്യക്കുനേരെ അയയ്ക്കുന്ന ഒരു നോട്ടമുണ്ട്. വളരെ അര്‍ഥഗര്‍ഭമായൊരു നോട്ടം. ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സകല സ്വഭാവ സവിശേഷതകളും ആ ഒരൊറ്റ നോട്ടത്തില്‍ നിന്ന് പ്രേക്ഷകന് വായിച്ചെടുക്കാം.

മറ്റൊരു രംഗത്തില്‍ മുട്ട കഴിച്ചുകൊണ്ടു നില്‍ക്കുന്ന മാമച്ചന്‍ മുതലാളി പിന്നില്‍ ഗോവണിയിറങ്ങി വരുന്ന ശ്രീവിദ്യയെ അവിടേക്ക് നോക്കാതെതന്നെ അവരുടെ സാന്നിധ്യം അറിയുന്ന ഒരു രംഗമുണ്ട്. അസാമാന്യ അഭിനയ ശേഷിയുള്ളവര്‍ക്കു മാത്രം സാധിക്കുന്ന പ്രകടനമാണതെന്ന് ഞാന്‍ കരുതുന്നു. ഗോപിയോടു മാത്രമാണ് അത്തരം സൂക്ഷ്മ ഭാവ പ്രകടനത്തെ കുറിച്ച് പറഞ്ഞിരുന്നത്. ഗോപിയുടെ അഭിനയം മുഖത്ത് മാത്രമല്ല ശരീരം കൊണ്ടുകൂടിയാണ്. വളരെ സുന്ദരമായ ശരീരമായിരുന്നു. അത് പ്രത്യേക രീതിയില്‍ ഫലപ്രദമായി ഉപയോഗിക്കാനും ഗോപിയ്ക്കറിയാമായിരുന്നു.

വാരിയെല്ലില്‍ ശ്രീവിദ്യയുടെ ഭര്‍ത്താവിെന്‍റ വേഷമായിരുന്നു ഗോപിക്ക്. ശരീര പ്രകൃതത്തില്‍ ശ്രീവിദ്യയുമായി മാച്ചല്ലാത്ത ഗോപി അസാമാന്യ പ്രകടനമൊന്നുകൊണ്ടു മാത്രം ആ പരിമിതിയെ മറികടന്നു. ഗോപി അഭിനയിച്ച മറ്റു സംവിധായകരുടെ ചിത്രങ്ങളില്‍ കൊടിയേറ്റവും എലിപ്പത്തായവും ഓര്‍മയ്ക്കായിയും മികച്ചതായി തോന്നി. എന്നാല്‍ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളെക്കുറിച്ച് അത്ര നല്ല അഭിപ്രായമില്ല. അങ്ങനെ സൂക്ഷ്മമായി കണ്ടിട്ടുമില്ല. ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. എന്റെ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ അഭിനയ ശേഷി നല്ലയളവില്‍ പ്രയോജനപ്പെടുത്തിയെങ്കിലും അംഗീകാരമൊന്നും അര്‍ഹമായ അളവില്‍ കിട്ടിയില്ല. എങ്കിലും മറ്റു പല ചിത്രങ്ങളിലായി ഗോപിക്ക് അംഗീകാരങ്ങള്‍ കിട്ടി. അഭിനയ ശേഷിയുടെ അപാരതയില്‍ അദ്ദേഹത്തിന്റെ വളര്‍ച്ചക്ക് സാക്ഷിയാകാന്‍ എനിക്കു കഴിഞ്ഞു.

യവനികയില്‍ അഭിനയിച്ച ശേഷമാണ് ഗോപി ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിക്കുന്നത്. പിന്നീട് അദ്ദേഹത്തിന് തുടര്‍ച്ചയായി ചിന്ദി ചിത്രങ്ങളില്‍ അവസരം കിട്ടി. ബോംബെയില്‍ പോയി വരുമ്പോള്‍ ആ വിശേഷങ്ങളൊക്കെ പറയാന്‍ വരുമായിരുന്നു. ആ ചിത്രങ്ങളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രകടനത്തെ പുകഴ്ത്തി പറഞ്ഞിരുന്നു. അത് ഗോപി നന്നായി ആസ്വദിക്കുകയും ചെയ്യുമായിരുന്നു. നടനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച അടുത്തു നിന്നു കാണാന്‍ അവസരം കിട്ടിയതില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്റെ കുടുംബവുമായി അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായി.

മദിരാശിയില്‍ ഗോപിക്ക് വീടില്ലായിരുന്നു. കരമനയിലായിരുന്നു കുടുംബമൊക്കെ. മദിരാശിയില്‍ വരുമ്പോള്‍ അദ്ദേഹം ഞങ്ങളോടൊപ്പം താമസിച്ചിട്ടുണ്ട്. വീട്ടില്‍ വിരുന്നുകള്‍ പോലുള്ളവ നടക്കുമ്പോള്‍ പ്രധാനയാളായി ക്ഷണിച്ചിരുന്നു. "പാമ്പുകള്‍ക്ക് മാളമുണ്ട്" എന്ന കെ എസ് ജോര്‍ജിന്റെ പാട്ട് ഗോപിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. എല്ലാവരും ഒത്തുചേരുന്ന കൂട്ടായ്മകളില്‍ കെ എസ് ജോര്‍ജ് പാടുന്ന അതേ ശൈലിയില്‍ ആ ഗാനം ഗോപി ഭംഗിയായി ആസ്വദിച്ച് ആലപിക്കുമായിരുന്നു. ഞാനും ഗോപിയും പരസ്പരം സംസാരിക്കാത്ത കാര്യങ്ങളില്ല. പുതിയ ലൈംഗിക അനുഭവങ്ങളുണ്ടാകുന്നതു പോലും ഞങ്ങള്‍ പങ്കുവയ്ക്കുമായിരുന്നു. മദ്യപിച്ചിരുന്നെങ്കിലും അമിതമായിരുന്നില്ല. എന്റെ ചിത്രങ്ങളില്‍ വേഷമിട്ട മറ്റു നടന്മാരില്‍ ഓര്‍മിക്കേണ്ട വേറെയും നിരവധിപേരുണ്ട്.

സിനിമകളിലെല്ലാം പുതിയ ഒരു നടനോ നടിക്കോ അവസരം നല്‍കുന്നത് ഞാനറിഞ്ഞോ അറിയാതെയോ എല്ലാ ചിത്രങ്ങളിലും തുടര്‍ന്നുപോന്ന രീതിയാണ്. അങ്ങനെ അവതരിപ്പിച്ചവരില്‍ പ്രധാനപ്പെട്ടയാളുകളാണ് വേണു നാഗവള്ളിയും രതീഷും ഗണേശനുമൊക്കെ. നടന്‍ മുരളിക്ക് ഏറെ ശ്രദ്ധേയമായ പഞ്ചാഗ്നിയിലെ ആദ്യ വേഷം ലഭിക്കുന്നതില്‍ എന്റേതായ ഒരു പങ്കുവഹിച്ചു. അതുപോലെ നമ്മള്‍ ഇന്നു കാണുന്ന മമ്മൂട്ടി മുതല്‍ വലിയ ശ്രീനിവാസന്‍ വരെയുള്ളവരുടെ ആദ്യകാലത്ത് എന്റെ പ്രോത്സാഹനമുണ്ടായിരുന്നു. എന്റെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം തേടിയെത്തിയ ആരെയും നിരാശരാക്കിയില്ല എന്നു പറയാനാകും. സെറ്റുകളില്‍ അവസരം തേടിയെത്തുന്നവരോട് പിന്നീട് വാ, പരിഗണിക്കാം എന്നൊന്നും പറയാറില്ലായിരുന്നു. പറ്റുന്ന വേഷം, ചെറുതാണെങ്കില്‍ പോലും കഴിയുന്നത് അപ്പോള്‍ തന്നെ നല്‍കിയിരുന്നു. അല്ലെങ്കില്‍ ഒരു വേഷമുണ്ട് അല്‍പ്പം കാത്തിരിക്കൂ എന്നു പറയും. എന്തായാലും അവസരം തേടിവന്നവര്‍ , അവര്‍ക്ക് സിനിമക്ക് പറ്റിയ എന്തെങ്കിലുമുള്ളവരാണെങ്കില്‍ ഒരവസരമെങ്കിലും നല്‍കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.

സ്വപ്നാടനത്തില്‍ നായകനായ ഡോ. മോഹന്‍ദാസ് എന്റെ മറ്റു ചിത്രങ്ങളിലൊന്നും അഭിനയിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ പ്രധാന വേഷമായി അതുമാറി. മികച്ച അഭിനേതാവ് എന്ന നിലയിലല്ല മോഹന്‍ദാസിനെ സ്വപ്നാടനത്തില്‍ കാസ്റ്റ് ചെയ്തത്. മറിച്ച് അദ്ദേഹത്തിന്റെ രൂപവും പ്രൊഫഷണല്‍ പശ്ചാത്തലവും ആ കഥാപാത്രത്തിന് ഇണങ്ങുമെന്നതുകൊണ്ടാണ്. അതങ്ങനെ തന്നെ സംഭവിച്ചു. എന്റെ വേറെ ചിത്രങ്ങളിലൊന്നും അദ്ദേഹം അഭിനയിച്ചിട്ടില്ല. ഇണക്കമുള്ള വേഷമില്ലാതിരുന്നതു തന്നെ കാരണം. ഇപ്പോള്‍ അദ്ദേഹം എവിടെയാണെന്നറിയില്ല. അദ്ദേഹത്തെ ബന്ധപ്പെടാനുള്ള നമ്പറോ വിലാസമോ കൈവശമില്ല. ഒടുവില്‍ കണ്ടതുപോലും വളരെ മുമ്പാണ്. തിരുവനന്തപുരത്ത് ഓള്‍ സെയിന്റ്സ് കോളേജിലെ ലക്ചററെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. എവിടെയാണെങ്കിലും ഞാന്‍ ഇപ്പോഴും കാണണമെന്നാഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. സ്വപ്നാടനത്തിന് മുഹമ്മദ് ബാപ്പുവിനെ നിര്‍മാതാവായി കിട്ടിയ ശേഷം അന്വേഷിച്ചു കണ്ടെത്തിയത് ചിത്രത്തിലെ നായകനായ ഡോ. മോഹന്‍ദാസിനെയാണ്. അദ്ദേഹം അതിനു മുമ്പ് ചില സിനിമകളിലൊക്കെ അഭിനയിച്ചു. അരവിന്ദന്റെ ഉത്തരായനത്തില്‍ നല്ല വേഷമായിരുന്നു. അത് ഇഷ്ടപ്പെട്ടാണ് ഞാന്‍ സ്വപ്നാടനത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ നിശ്ചയിച്ചത്. ഞാനും ലത്തീഫും കൂടി അദ്ദേഹം കാഞ്ഞിരപ്പള്ളിയിലുണ്ടെന്നറിഞ്ഞ് കാര്‍ വിളിച്ച് അവിടേക്കു പോയി. ഒരു ലോഡ്ജില്‍ അദ്ദേഹത്തെ കണ്ടെത്തി. വിവരം പറഞ്ഞു. സിനിമയില്‍ നായക വേഷത്തില്‍ അഭിനയിക്കാനുള്ള ക്ഷണം അത്രയൊന്നും ആഹ്ലാദത്തോടെയല്ല മോഹന്‍ദാസ് സ്വീകരിച്ചത്. അല്പം നിര്‍ബന്ധിച്ചുകൂടിയാണ് സമ്മതിപ്പിച്ചത്. ഞാന്‍ പുതുമുഖ സംവിധായകനായതുകൊണ്ടായിരുന്നില്ല അത്. അദ്ദേഹത്തിന്റെ രീതി അതാണ്. താനൊരു നടനാണെന്ന് അദ്ദേഹം ഒരിക്കലും കരുതിയിട്ടില്ല. കറുത്ത് ഉയരത്തില്‍ , ഉരുക്കു പോലുള്ള ശരീരമായിരുന്നു ഡോ. മോഹന്‍ദാസിന്റേത്. അതിെന്‍റ ഭംഗി കഴിയുന്നത്ര നന്നായി ചിത്രത്തില്‍ ഉപയോഗിച്ചിട്ടുമുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഒരു യുവാവിെന്‍റ പൂര്‍വകാല ജീവിതത്തിലൂടെയാണ് സ്വപ്നാടനം വികസിക്കുന്നത്. നാര്‍കോ അനാലിസിസിലൂടെയാണ് അദ്ദേഹത്തിന്റെ പൂര്‍വകാലം വെളിപ്പെടുന്നത്. മെഡിക്കല്‍ പ്രാക്ടീഷണറായ മോഹന്‍ദാസിന് അത് നന്നായി തന്നെ ഫലിപ്പിക്കാനായി. നാര്‍കോ അനാലിസിസിന് ഇന്നത്തെ പോലെ പ്രചാരമായിട്ടില്ലാത്ത കാലമാണ്. ചിത്രത്തില്‍ കുത്തിവയ്പിെന്‍റ ഒരു രംഗമുണ്ട്. നീണ്ട ഒരു രംഗം. സിനിമയില്‍ അത്രയും വിസ്തരിച്ച് മുമ്പ് അത്തരം രംഗം വന്നിട്ടില്ല. സൂചി കൈയില്‍ കുത്തിയിറക്കുന്നതു മുതല്‍ മരുന്ന് ഇഞ്ചക്ട് ചെയ്യുന്നതും സൂചി വലിച്ചൂരുന്നതും വരെയുള്ള ആ രംഗം പ്രേക്ഷകന് അങ്ങേയറ്റം അനുഭവവേദ്യമാക്കാന്‍ മോഹന്‍ദാസിെന്‍റ ഭാവങ്ങള്‍ക്കായി.

അദ്ദേഹം ഡോക്ടറായിരുന്നതു കൊണ്ട് വേറെയും ഗുണങ്ങളുണ്ടായി. വൈദ്യശാസ്ത്രവും മനശാസ്ത്രവുമായി ബന്ധപ്പെട്ട് പലതും സിനിമയിലുണ്ടായിരുന്നതിനാല്‍ അത്തരം കാര്യങ്ങളിലെ സംശയങ്ങള്‍ക്ക് മോഹന്‍ദാസ് നിവൃത്തിയുണ്ടാക്കി. ചിലതൊക്കെ മറ്റു ഡോക്ടര്‍മാരുമായി കണ്‍സള്‍ട്ട് ചെയ്തു പോലും അദ്ദേഹം സഹായിച്ചു. നടനെന്ന നിലയില്‍ വലിയ പ്രതിഭയൊന്നുമായിരുന്നില്ലെങ്കിലും കഴിവുറ്റ സംവിധായകന് നന്നായി വഴങ്ങുന്ന പലതും അദ്ദേഹത്തിലുണ്ടായിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ആവശ്യപ്പെടുന്നത് ക്യാമറക്കു മുന്നില്‍ നല്‍കാന്‍ മോഹന്‍ദാസിന് കഴിഞ്ഞു എന്ന് സംശയമില്ലാതെ പറയാം. ആ സിനിമയില്‍ അദ്ദേഹത്തിന്റെ പ്രകടനം വളരെയധികം പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു. സ്വപ്നാടനം കണ്ട ശേഷം അക്കാലത്ത് ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞ ഒരു അഭിപ്രായം ജോണ്‍ പോള്‍ എന്നോടു പറഞ്ഞിട്ടുണ്ട്. അവര്‍ ഒരുമിച്ച് കൊച്ചിയില്‍ ഈ സിനിമ കണ്ടിരുന്നു. ഡോ.മോഹന്‍ദാസിന്റെ അഭിനയം തന്നെ വല്ലാതെ ഇംപ്രസ് ചെയ്തെന്നും അദ്ദേഹത്തിന്റെ ശരീരം കൊണ്ടുള്ള പ്രകടനം വളരെ മികച്ചതാണെന്നുമാണ് അഴീക്കോട് ജോണ്‍ പോളിനോടു പറഞ്ഞത്. ചിത്രത്തില്‍ നായികയായിരുന്ന റാണി ചന്ദ്രയുമായും സിനിമ ചിത്രീകരണ കാലത്ത് അദ്ദേഹത്തിന് നല്ല അടുപ്പമുണ്ടായി. ആ ബന്ധം സിനിമക്ക് ഗുണമുണ്ടാക്കി. അവരുടെ സൗഹൃദം റാണിചന്ദ്രയുടെ മരണംവരെ നന്നായി നിലനിന്നു. റാണി വിമാനാപകടത്തില്‍ കൊല്ലപ്പെട്ട് മൃതദേഹം മദ്രാസിലെത്തിച്ചപ്പോള്‍ കേരളത്തില്‍നിന്ന് കാണാന്‍ വന്നവരില്‍ ഒരാളായി മോഹന്‍ദാസുണ്ടായിരുന്നു. അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധത്തിന്റെ സൂചനയായി അതിനെ കാണാം.

റാണിയും കുടുംബവും ആ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. കുറെ മരപ്പെട്ടികളാണ് മദ്രാസില്‍ കൊണ്ടുവന്നത്. വെള്ളത്തുണിയില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. ഓരോന്നിലും മരിച്ചവരുടെ പേരുകള്‍ എഴുതിയിരുന്നു. ഒന്നില്‍ കറുത്ത മഷികൊണ്ട് റാണിചന്ദ്ര എന്ന് എഴുതി വച്ചിരുന്നത് ഞാനും കണ്ടു. മൃതദേഹം സംസ്കരിക്കുന്നതു വരെയുള്ള എല്ലാ കാര്യങ്ങളിലും സഹായിയായി അവസാനംവരെ മോഹന്‍ദാസുമുണ്ടായിരുന്നു. എന്റെ പിന്നീടുള്ള ചിത്രങ്ങളിലൊന്നും അദ്ദേഹത്തിനു പറ്റിയ വേഷമില്ലായിരുന്നു. ഒരു ചിത്രം കഴിഞ്ഞാല്‍ പിന്നെ അതിെന്‍റ എക്സ്റ്റന്‍ഷനിലേക്ക് പോകുന്ന രീതിയില്ലായിരുന്നു. ഒന്നും ആവര്‍ത്തിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. എന്റെ തുടര്‍ന്നുള്ള ചിത്രത്തില്‍ വേഷമൊന്നും അദ്ദേഹവും ആവശ്യപ്പെട്ടില്ല. അഭിനയം പ്രധാന മേഖലയായി മോഹന്‍ദാസ് കരുതാതിരുന്നതാവാം കാരണം. മോഹന്‍ദാസിനെ പോലെയായിരുന്നില്ലെങ്കിലും ഉള്‍ക്കടലില്‍ ഞാന്‍ അവതരിപ്പിച്ച നടനാണ് വേണു നാഗവള്ളി. ഉള്‍ക്കടലിനു ശേഷം സിനിമയില്‍ അദ്ദേഹം Link പലതുമായി. തിരുവനന്തപുരത്തെ രാജധാനി ഹോട്ടലില്‍ ഞാനും പത്മരാജനും ഒന്നിച്ചിരുന്ന ഒരു രംഗത്തിലേക്ക് ഒരു വൈകുന്നേരത്തെ മഴയത്ത് ബൈക്കോടിച്ച് കയറി വന്ന ആ ചെറുപ്പക്കാരനെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. പില്‍ക്കാലത്ത് എനിക്കും മലയാള സിനിമക്കും ഒരുപോലെ പ്രിയപ്പെട്ടവനായി മാറി വേണു.

*
കെ ജി ജോര്‍ജ് /തയ്യാറാക്കിയത് എം എസ് അശോകന്‍

Sunday, January 1, 2012

ശേഷം വെള്ളിത്തിരയില്‍

മറ്റൊരാളുടെ ആത്മകഥ വായിക്കുമ്പോള്‍, അത് എന്റേതു തന്നെയല്ലേ എന്ന തോന്നല്‍ വായനക്കാരില്‍ പലര്‍ക്കുമുണ്ടാവുന്നത് അപൂര്‍വമായ അനുഭവമല്ല. എന്നാല്‍, ആ അനുഭവവും കടന്ന് വായനക്കാരന്‍ അവന്റെ സമാനവും വിഭിന്നവുമായ ആത്മകഥ ഓര്‍ത്തെടുക്കുന്ന അസാധാരണമായ അനുഭവം അടുത്തിടെ ഇറങ്ങിയ സവിശേഷമായ ഒരു പുസ്തകം വായിച്ചപ്പോള്‍ എനിക്കുണ്ടായി. കവിയും അധ്യാപകനും സാംസ്ക്കാരിക വിമര്‍ശകനുമായ കല്‍പറ്റ നാരായണന്റെ നിഴലാട്ടം - ഒരു ചലച്ചിത്രപ്രേക്ഷകന്റെ ആത്മകഥ എന്ന പുസ്തകമാണ് എനിക്കീ അനുഭവം തന്നത്.

കുട്ടിക്കാലം മുതലേ സിനിമാഭ്രാന്തന്റെ ജീവിതം ജീവിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഞാനനുഭവിച്ച പല ജീവിതങ്ങളും അഭിനയിച്ച പല കള്ളത്തരങ്ങളും ഓര്‍മ്മയില്‍ തള്ളിത്തള്ളി വരുന്നു. കോഴിക്കോട്ടെ ദേവഗിരി കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ്; വീട്ടുകാരറിയാതെ നഗരത്തിലുള്ള തിയറ്ററുകളില്‍ നൂണ്‍ഷോയും മാറ്റിനിയും കണ്ട് ഒന്നുമറിയാത്തതു പോലെ വീടണഞ്ഞിരുന്നത്. വൈകുന്നേരങ്ങളില്‍ സിനിമ വിട്ടതിനു ശേഷം ടൌണ്‍ സ്റാന്റില്‍ നിന്ന് ചന്തപ്പറമ്പിലേക്ക്(ചേവായൂര്‍) പച്ച നിറമുള്ള സിറ്റി ബസില്‍ കണ്‍സഷന്‍ ലഭിക്കാനായി കോവൂരിലെ ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റിറ്റ്യൂട്ടിന്റെ പേരില്‍ ഒരു കണ്‍സഷന്‍ കാര്‍ഡ് ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. (അതു കൊണ്ടെന്തുണ്ടായി. ടൈപ്പ് റൈറ്റിംഗ് ലോവര്‍ എന്ന കെ ജി ടി ഇ പരീക്ഷ പാസായി). ഹോളിവുഡ് ചിത്രങ്ങള്‍ മാത്രം കളിച്ചിരുന്ന മാനാഞ്ചിറയിലെ ക്രൌണ്‍ തിയറ്ററിലെ സിനിമാ പോസ്ററുകള്‍ ഇപ്പോഴെന്നതു പോലെ നഗരത്തിലും പരിസരത്തും അക്കാലത്ത് നിരത്തി ഒട്ടിച്ചിരുന്നില്ല. അത്രയധികം പോസ്ററുകള്‍ വിതരണക്കാര്‍ വിട്ടു കൊടുത്തിട്ടുണ്ടാവില്ല. ചില പ്രത്യേക സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സ്ഥിരം ബോര്‍ഡുകളിലാണ് ക്രൌണ്‍ തിയറ്ററിലെ പോസ്റര്‍ പതിക്കുക. അതു കാണാനായി ക്രൌണ്‍ തിയറ്ററിലെ പതിവുകാര്‍ തേടിപോവുകയാണ് ചെയ്യുക. സിനിമാശാലയിലേക്കുള്ളതു തന്നെ ഒരു തീര്‍ത്ഥാടനമാണ്. അതിനും മുമ്പുള്ള ഒരു മിനി-തീര്‍ത്ഥാടനം എന്നു വിളിക്കാവുന്നതായിരുന്നു ഈ പോസ്റര്‍ തേടി പോവല്‍. വെള്ളിയാഴ്ചകളില്‍ ഉറക്കമുണരുക തന്നെ അന്നത്തെ പോസ്റര്‍ കാണുന്നതിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ മനസ്സില്‍ അങ്കുരിപ്പിച്ചു കൊണ്ടാണ്. മെഡിക്കല്‍ കോളേജില്‍ നിന്ന് ടൌണിലേക്കുള്ള ബസ് സ്റോപ്പിന്റെ സമീപത്തുള്ള ഒരു രണ്ടു നിലക്കെട്ടിടത്തിന്റെ മുകള്‍ നിലയിലെ തയ്യല്‍പീടികയുടെ മുമ്പിലായിരുന്നു ഇത്തരമൊരു ബോര്‍ഡുണ്ടായിരുന്നത്. വെള്ളിയാഴ്ചകളിലും പിന്നെ മിക്കവാറും ചൊവ്വാഴ്ചകളിലും കോണിപ്പടി കയറി ഈ ബോര്‍ഡിന്റെ സമീപത്തു ചെന്ന് അന്നത്തെ സിനിമയുടെ വിശദാംശങ്ങള്‍(പോസ്റര്‍ ശിവകാശിയിലെ ഏതു പ്രസ്സിലാണ് അച്ചടിച്ചത് എന്നു വരെ) കാണാപ്പാഠമാക്കിയിട്ടേ മറ്റു കാര്യമുണ്ടായിരുന്നുള്ളൂ. അന്ന് വിക്കിപ്പീഡിയയും ഐ എം ഡി ബിയും റോട്ടണ്‍ ടുമറ്റോസും നോക്കാന്‍ ഇന്റര്‍നെറ്റ് കണ്ടു പിടിച്ചിട്ടുണ്ടായിരുന്നില്ല. ഇതു പോലെ എന്തൊക്കെ ഓര്‍മ്മകള്‍. ഞാനും എന്നെങ്കിലും എഴുതും ഒരു സിനിമാഭ്രാന്തന്റെ ആത്മകഥ.

ഒരു യഥാര്‍ത്ഥ ചലച്ചിത്രപ്രേക്ഷകനായിരിക്കുക എന്ന ധീരമായ ശ്രമം കാഴ്ചയുടെ മാനവികതയെ തൊട്ടറിയാനുള്ള ശ്രമം കൂടിയാണെന്ന് വിളിച്ചുപറയുന്നുണ്ട് നിഴലാട്ടം എന്നാണ് പുറം ചട്ടയിലെ ബ്ളര്‍ബ് വിശേഷിപ്പിക്കുന്നത്. സിനിമയുടെ ഭാവുകത്വവും സംസ്കാരവും അനുഭൂതിയുടെ ചരിത്രമായി മാറുന്നതെങ്ങനെയെന്ന് ലളിതമായി കാണിച്ചുതരുന്ന പുസ്തകം, സിനിമയിലെ ജീവിതവും ജീവിതത്തിലെ സിനിമയും തമ്മിലുള്ള നിഴലാട്ടമായി ഇടവേളകളില്ലാതെ നമ്മെ വശീകരിക്കുന്നു എന്നാണ് അവകാശവാദം. കാവ്യഭാഷയിലായതുകൊണ്ട് ഒറ്റ ഇരുപ്പില്‍ വായിച്ചു പോകാവുന്ന സുവ്യക്തമായ ഓര്‍മകളാണ് കല്പറ്റ മാഷിനുള്ളത്. പലതും അതിശയോക്തി കലര്‍ത്തിയും ഇത്തിരി അതിഭാവുകത്വത്തോടെയും വിവരിക്കുന്നുണ്ടാവും. സാരമില്ല. കാരണം, അന്ധരല്ലാത്തവര്‍ക്ക് മാത്രമായി സൃഷ്ടിക്കപ്പെട്ട സിനിമ എന്ന കലാമാധ്യമം തന്നെ ലാളിച്ച് ലാളിച്ച് ദുഷിപ്പിച്ച് ഇമ്മാതിരിയാക്കി എന്നാണ് മാഷ് വേദന നിറഞ്ഞ സുഖത്തോടെ പറയുന്നത്.
ആയിരത്തി തൊള്ളായിരത്തി അമ്പത്തിരണ്ടിലാണ് മാഷ് ജനിക്കുന്നത്. ഈ വര്‍ഷത്തിന്റെ പ്രത്യേകതകളായി രേഖപ്പെടുത്തുന്നത് സിനിമാചരിത്രത്തിലെ സംഭവങ്ങളാണ്. മലയാള സിനിമയില്‍ സത്യനും നസീറും പ്രത്യക്ഷപ്പെട്ട വര്‍ഷം; കുറോസാവയുടെ റാഷോമോണ്‍ വെനീസില്‍ ഇരമ്പിയ വര്‍ഷം; ഇന്ത്യയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളകളാരംഭിച്ച വര്‍ഷം എന്നിങ്ങനെയാണ് തന്റെ തിരുപ്പിറവിയെ ഗ്രന്ഥകാരന്‍ ചരിത്രത്തില്‍ സ്ഥാനപ്പെടുത്തുന്നത്. ടി വി ചന്ദ്രന്റെ സിനിമകളില്‍ ചരിത്രഘട്ടങ്ങള്‍ ഇപ്രകാരം അടയാളപ്പെടുത്തുന്ന പ്രവണതയുണ്ട്. നിഴലാട്ടത്തിലെ രണ്ടാം അധ്യായമായ 'ഭൂമിയിലെ പുതിയ വാഗ്ദാന'ത്തില്‍ സത്യനും നസീറും യഥാക്രമം മമ്മൂട്ടിയും മോഹന്‍ലാലും ആയി പരിണമിച്ചതിന്റെ രസകരമായ താരചരിത്രമാണ് വിവരിക്കുന്നത്. പരസ്പരപൂരകമായ അഭിനയം/അഭിനയരാഹിത്യം എന്നീ ദ്വന്ദ്വങ്ങളിലൂടെയാണ് സത്യനും നസീറും ആരംഭിക്കുന്നത്. സത്യന്റെ പാരമ്പര്യം; സുകുമാരന്‍, സോമന്‍, മുരളി എന്നിവരിലൂടെയാണ് മമ്മൂട്ടിയിലെത്തുന്നത്. പൌരുഷം, ധിക്കാരം, ആഭിജാത്യം എന്നിങ്ങനെയുള്ള പെഴ്സണാലിറ്റികളാണ് ഈ പാരമ്പര്യം. മറുപുറത്താകട്ടെ; പരാജയം, അപമാനം, ഉപേക്ഷ, വഞ്ചന, അനുകമ്പ, ലാളന എന്നിവക്ക് വിധേയനാകാന്‍ വിധിക്കപ്പെടുന്ന സസ്യശ്യാമളകോമള നായകനാണുള്ളത്. നസീറില്‍ നിന്ന് പോന്ന് വിന്‍സന്റ്, രാഘവന്‍, വേണു നാഗവള്ളി, ശങ്കര്‍ എന്നിവരിലൂടെയാണ് ആ പാരമ്പര്യം മോഹന്‍ലാലിലെത്തുന്നത്. എന്നാല്‍, മോഹന്‍ലാല്‍ ഒരു നിലക്ക് ചരിത്രം തിരുത്തിക്കുറിക്കുന്നുണ്ടെന്ന് കല്‍പറ്റ എഴുതുന്നു. അത് അഭിനയത്തിന്റെ കാര്യത്തിലാണ്. മുന്‍ഗാമികള്‍ക്കറിയാതെ പോയിരുന്നതും അവരിലാരും ആരോപിക്കാനിടയില്ലാത്തതുമായ ആ കഴിവ് ലാലിന് ധാരാളമുണ്ടല്ലോ.

'ശേഷം വെള്ളിത്തിരയില്‍' എന്ന തുടര്‍ന്നുള്ള അദ്ധ്യായത്തിലാണ് ലേഖകന്റെ ഞടുക്കുന്ന ഒരനുഭവം വിവരിക്കുന്നത്. അതിപ്രകാരമാണ്. സിനിമ കാരണം കത്തിനശിച്ച ഒരു വീടിന് പകരം ഉണ്ടാക്കിയ, മണ്ണും ചാണകവും മണക്കുന്ന, തൊഴുത്തിരുന്നിടത്ത് നിര്‍മ്മിച്ച, ഒരു താത്ക്കാലിക കുടിലില്‍ ആണ് എന്റെ സുവ്യക്തമായ ഓര്‍മകള്‍ തുടങ്ങുന്നത്. മുന്‍പുള്ള ഓര്‍മകളൊക്കെ ആ പുരയോടൊപ്പം കത്തിപ്പോയി. ആറു നാഴിക അകലെ കല്പറ്റയിലെ ഇരുമ്പുപാലത്തിനടുത്തുണ്ടായിരുന്ന ഗോപാല്‍ ടാക്കീസില്‍ നിന്ന് സിനിമ കണ്ട് അര്‍ധരാത്രിക്ക് വീട്ടില്‍ കയറി വന്നപ്പോള്‍ വീടുണ്ടായിരുന്നിടത്ത് വീടില്ല. കാല് കഴുകി കയറാന്‍, ഊണു കഴിച്ച് ഉറങ്ങാന്‍ വീടു കാണുന്നില്ല. ഞങ്ങള്‍ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഇവിടെ ഞങ്ങളുടെ വീട് കത്തുകയായിരുന്നു. ടാക്കീസില്‍ ഞങ്ങള്‍ പൊട്ടിച്ചിരിച്ചപ്പോഴോ കണ്ണീര്‍ തൊണ്ടയില്‍ പ്രയാസങ്ങളുണ്ടാക്കിയപ്പോഴോ അത് സംഭവിച്ചു. ഇത്തരത്തിലുള്ള എന്തെങ്കിലും അത്യാപത്ത് നാം പങ്കിടുന്ന ഓരോ സിനിമാ പ്രദര്‍ശനത്തിനു ശേഷവും സംഭവിക്കുമെന്ന പേടിയോടെയാണ് നാമോരോരുത്തരും യഥാര്‍ത്ഥത്തില്‍ സിനിമ കണ്ടു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍, മൊബൈലുള്ളതുകൊണ്ട് കുഴപ്പമില്ല. അല്ലെങ്കിലാലോചിച്ചു നോക്കൂ. വീട്ടിലാര്‍ക്കെങ്കിലും രോഗം മൂര്‍ഛിക്കുകയോ ആരെങ്കിലും മരിക്കുകയോ അല്ലെങ്കില്‍ കല്പറ്റക്കു സംഭവിച്ചതു പോലെ, വീടു കത്തുകയോ മറ്റോ ചെയ്യുന്നത് നാം സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണെങ്കില്‍; പിതാവ് അത്യാസന്ന നിലയില്‍ കിടക്കുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ ഭാര്യയുമൊത്ത് ശയിക്കുകയായിരുന്ന ഗാന്ധിക്ക് സംഭവിച്ച ലൈംഗികവിരാമം പോലുള്ള ഒരു സ്തംഭനാവസ്ഥ നമ്മുടെ കാര്യത്തിലുമുണ്ടാവും എന്ന പേടിയോടെയാണ് സത്യത്തില്‍ എല്ലാവരും സിനിമ കണ്ടു തീര്‍ക്കുന്നത്. അത്യാവശ്യമില്ലാത്ത ഒരു പ്രവൃത്തി, ചോദിച്ചാല്‍ മാന്യമായ ഉത്തരം കൊടുക്കാനാവാത്ത ഒരു നേരമ്പോക്ക് അതായിട്ട് സിനിമക്കു പോക്കിനെ വിഭാവനം ചെയ്യുന്നവരാണ് മിക്കവരും. നിഗൂഢമായ ഒരു സാഹസികത സിനിമയെ വലയം ചുറ്റി എപ്പോഴും സ്ഥിതി ചെയ്യുന്നുണ്ട്.

സിനിമയിലഭിനയിക്കാനുള്ള മോഹത്തിനായി സ്വത്തുക്കള്‍ വിറ്റു തുലച്ച പത്മപ്രഭഗൌഡരോട് താദാത്മ്യം പ്രാപിക്കുന്നുണ്ട് ഗ്രന്ഥകാരന്‍. സിനിമയുടെ ഒരു നിലക്ക് ആകര്‍ഷകവും മറ്റൊരു നിലക്ക് ആത്മഹത്യാപരവുമായ ഇക്കണോമി, ഈ അധ്യായത്തില്‍ സ്പര്‍ശിച്ചുപോകുന്നത്, നിരാശാജനകവും അതേ സമയം കുഴിച്ചുമൂടപ്പെട്ടതുമായ എത്രയോ സിനിമാ-ഈയാമ്പാറ്റകളുടെ കൂട്ടമരണങ്ങളെ ഓര്‍മയിലേക്ക് കൊണ്ടുവരുന്നു. മലയാള സിനിമ കേവലം ശബ്ദരേഖയില്‍ നിന്ന് ദൃശ്യകലയായി പരിണമിച്ചതിന്റെ പ്രയാണങ്ങളാണ്; റേഡിയോ ശബ്ദരേഖകളുടെ കാലത്തു നിന്ന് ആദ്യം ഓളവും തീരവുമിലേക്കും പിന്നീട് സ്വയംവരത്തിലേക്കും വളര്‍ന്ന കഥ വിവരിക്കുന്ന 'ശബ്ദലഹരി' എന്ന അദ്ധ്യായത്തിലുള്ളത്. അധ്യാപിക പോലുള്ള ഹിറ്റ് സിനിമകളിലെന്നതു പോലെ അശുഭകരമായ അന്ത്യങ്ങളുമുണ്ടായിരുന്ന പഴയ സുവര്‍ണേതര(!) കാലത്തെ, പുതിയ ശുഭാന്ത്യമാത്ര കാലത്തില്‍ നിന്നു കൊണ്ട് ഓര്‍ത്തെടുക്കുന്ന 'ശുഭാശുഭങ്ങള്‍' എന്ന അധ്യായത്തില്‍ കല്‍പറ്റ എഴുതുന്നു: 'അന്ന് അയല്‍പക്കത്തെ നായികാനായകന്മാരുടെ കല്യാണത്തില്‍ അവസാനിക്കുന്ന ചലച്ചിത്രങ്ങളെ നാം പരിഹസിച്ചു. ഭീരുക്കള്‍ എന്ന് ചിരിച്ച് മറിഞ്ഞു'. തമിഴ് സിനിമയിലെ നായികാ നായകന്മാരുടെ കല്യാണത്തോടെ അവസാനിക്കുന്ന പരിഹാസ്യമായ അന്ത്യങ്ങളെക്കുറിച്ചാണ് ഗ്രന്ഥകാരന്‍ പരാമര്‍ശിക്കുന്നത്. കല്യാണത്തിനു പുറകെയുള്ള ഗ്രൂപ്പ് ഫോട്ടോയും അന്ന് പതിവായിരുന്നു. സിനിമാശാലകള്‍ പലതും പൂട്ടി കല്യാണമണ്ഡപമാക്കുന്നതിനെക്കുറിച്ചുള്ള (വൈത്തിരിയിലോ മറ്റോ ഒരു സിനിമാശാല കൃസ്ത്യന്‍ പള്ളിയാക്കിയും മാറ്റിയിട്ടുണ്ട്) പത്രങ്ങളിലെ നിരാശാ ഫീച്ചറുകള്‍ വായിക്കുമ്പോള്‍, കല്യാണം/ഗ്രൂപ്പ് ഫോട്ടോയിലവസാനിക്കുന്ന ഈ തമിഴ് സിനിമകളെക്കുറിച്ചോര്‍ത്ത് എനിക്ക് ചിരി വരാറുണ്ടായിരുന്നു. കാരണം, സിനിമകളില്‍ ഭാവന ചെയ്തിരുന്ന കല്യാണങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടത്തിക്കൊടുക്കുന്ന വിശ്വാസ്യ സ്ഥാപനങ്ങളായി സിനിമാശാല പരിണമിക്കുന്നത് തികച്ചും സ്വാഗതാര്‍ഹമായ കാര്യമാണെന്നല്ലേ ഈ ഫീച്ചറെഴുത്തുകാര്‍ എഴുതേണ്ടിയിരുന്നത്. കൊല്ലം ജില്ലയില്‍ ഒരു ഹാള്‍, ഉച്ചക്കു രണ്ടര വരെ കല്യാണ മണ്ഡപമായും പിന്നീട് മാറ്റിനി മുതല്‍ മൂന്നു കളികള്‍ സിനിമാപ്രദര്‍ശനശാലയായും പ്രവര്‍ത്തിക്കുന്നുണ്ട്. എന്തെല്ലാം വിചിത്ര ഉലകങ്ങള്‍!

1982ല്‍ ബംഗളൂരുവില്‍ ഗ്രന്ഥകാരന്‍ പങ്കെടുത്ത ചലച്ചിത്രാസ്വാദനക്യാമ്പിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പാണ് 'ലോകത്തെ ഞാന്‍ ഫ്രെയിമുകൊണ്ടളന്നു തുടങ്ങി' എന്ന അധ്യായത്തിലുള്ളത്. കവിതാ/സാഹിത്യ ക്യാമ്പുകള്‍ക്ക് കവികളെയോ എഴുത്തുകാരെയോ സൃഷ്ടിക്കാന്‍ കഴിയുമോ എന്ന് നിശ്ചയമില്ല. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്. ചലച്ചിത്രാസ്വാദനക്യാമ്പുകള്‍ക്ക് നല്ല കാണികളെയും, ഫിലിം സൊസൈറ്റി പ്രവര്‍ത്തകരെയും നിരൂപകരെയും സൃഷ്ടിക്കാന്‍ കഴിയുക തന്നെ ചെയ്യുമെന്നത് എന്റെ സ്വന്തം അനുഭവമാണ്. ഈ അധ്യായത്തിലുള്ള സവിശേഷമായ ഒരു നിരീക്ഷണമാണ്, ബംഗളൂരു ക്യാമ്പില്‍ പൂനെ ഇന്‍സ്റിറ്റ്യൂട്ട് മേധാവി മൂര്‍ത്തി നടത്തിയ പ്രസംഗത്തില്‍; സിനിമയില്‍ ശബ്ദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തു പറഞ്ഞ ഉദാഹരണം. ബാറ്റില്‍ഷിപ്പ് പൊട്ടെംകിന് ജര്‍മനിയില്‍ പ്രദര്‍ശനസ്വാതന്ത്ര്യം അനുവദിക്കാതിരുന്ന ഹിറ്റ്ലര്‍ വേണമെങ്കില്‍ പശ്ചാത്തല സംഗീതമുപേക്ഷിച്ച് പ്രദര്‍ശിപ്പിച്ചോട്ടെ എന്ന് നിര്‍ദേശിച്ചുവത്രെ. പശ്ചാത്തല സംഗീതത്തിന്റെ അഭാവത്തില്‍ ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍ നിരുപദ്രവകരമാകുമെന്ന്, അതിലെ ചടുലചലനങ്ങള്‍ അസംബന്ധമാവുമെന്ന്, അതിലെ വിപ്ളവം കോമാളിത്തമാവുമെന്ന്, മൊണ്ടാഷുകള്‍ ദുരൂഹമാവുമെന്ന് ഹിറ്റ്ലര്‍ മനസ്സിലാക്കി എന്നാണ് കല്‍പറ്റ വിശദീകരിക്കുന്നത്. സിനിമ ഒരു ദൃശ്യകലയാണ് എന്നാരംഭിക്കുന്ന അധ്യാപകര്‍ ഈ അധ്യായമെങ്കിലുമൊന്ന് വായിക്കുന്നത് നല്ലതാണ്.

വ്യാപാര സിനിമ എന്ന ഒളിഞ്ഞു നോട്ടക്കാരന്റെ കാമന സഫലമാകുന്ന ഇടത്തെക്കുറിച്ചുള്ള ഖണ്ഡമാണ് 'ഏകാകികളായ പ്രേക്ഷകര്‍' എന്ന അദ്ധ്യായം. നല്ല ചിത്രങ്ങളും മുഖ്യധാരാ ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസം ഈ ഒളിഞ്ഞുനോട്ടക്കാരനെ സത്ക്കരിക്കുന്നതില്‍ കാട്ടുന്ന വിമുഖതയോ ആഭിമുഖ്യമോ അല്ലേ എന്ന കല്‍പറ്റയുടെ സംശയത്തോട് മുഴുവനായി യോജിക്കാന്‍ പറ്റില്ലെന്നതു മറ്റൊരു കാര്യം. സിനിമാക്കാര്‍ എഴുത്തുകാരെക്കാള്‍ പ്രശസ്തരും പ്രസക്തരും ആയി തീരുന്ന പ്രവണതയെക്കുറിച്ചെഴുതിയ 'ഇനിയോര്‍ക്ക് സുഖാവ്വോ' എന്ന അധ്യായം വായിച്ചപ്പോള്‍, അറുപതുകളിലോ മറ്റോ സമസ്ത കേരള സാഹിത്യ പരിഷത്ത് പാസാക്കിയതായി കേട്ടിട്ടുള്ള ഒരു പ്രമേയമാണോര്‍മ്മ വന്നത്. തകഴിയും ബഷീറും വര്‍ക്കിയും ദേവുമടക്കം മലയാള സാഹിത്യത്തിലെ തലയെടുപ്പുള്ളവര്‍ മുതല്‍ സാധാരണക്കാര്‍ വരെ സിനിമയിലേക്ക് ചേക്കേറിയതായിരുന്നു ആ കാലം. അവിടെ അത്യാവശ്യം ദമ്പിടിയും തരാവുമല്ലോ! സാഹിത്യകാരന്‍ ബസില്‍ സഞ്ചരിക്കുമ്പോള്‍ സിനിമാക്കാര്‍ കാറില്‍ പായുന്നു. ഈ പ്രവണത, മലയാള സാഹിത്യം തന്നെ ഇല്ലാതാക്കുമോ എന്നായിരുന്നു പരിഷത്തിന്റെ ഭയം. അതുകൊണ്ട്, സാഹിത്യകാര•ാര്‍ എല്ലാവരും സിനിമയിലേക്ക് പ്രവേശിക്കുന്നതിനെതിരെയായിരുന്നുവത്രെ ആ പ്രമേയം.

ഈ സ്ത്രീ, എല്ലാ സിനിമാശാലകളില്‍ നിന്നും വ്യക്തിപരമായി സമൂഹത്തെ അഭിസംബോധന ചെയ്ത് കേരളീയ പുരുഷന്മാരുടെ സ്ത്രീയെ നിര്‍ണ്ണയിക്കുകയും, പെണ്‍കുട്ടികളുടെ ചലനങ്ങളെയും ഭാവങ്ങളെയും വസ്ത്ര ധാരണത്തെയും സ്വാധീനിക്കുകയും ചെയ്യുന്നത് സിനിമ മുഖ്യമാധ്യമമായതോടെയാണ് എന്നും ആധുനിക സ്ത്രീയുടെ മോഡലായിരിക്കുക എന്നതായിരുന്നു സിനിമയിലെ നായകനടിയുടെ മുഖ്യ ചുമതല എന്നുമുള്ള കേരളത്തിന്റെ ആധുനികീകരണം എന്ന സിനിമയിലൂടെ പ്രത്യക്ഷമായതും സാധ്യമായതുമായ പ്രതിഭാസത്തെക്കുറിച്ചുള്ള ആഴത്തിലുള്ള നിരവധി നിരീക്ഷണങ്ങളും ഈ പുസ്തകത്തിലുണ്ട്. മലയാള സിനിമയുടെ കാണി എന്ന രാക്ഷസാകാരം പൂണ്ട മഹാഖ്യാനത്തെ പുതുക്കിപ്പണിയുന്നതിലൂടെ മാത്രമേ മലയാള സിനിമയെയും നവീകരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തില്‍ വേണം കാണിയുടെ ആത്മകഥയായ നിഴലാട്ടം വായിക്കാന്‍. വിഗതകുമാരനില്‍ ദളിത്/ആംഗ്ളോ ഇന്ത്യന്‍/കറുത്ത തൊലിനിറമുള്ള നായികയഭിനയിച്ചതിനാല്‍ തിരശ്ശീല തന്നെ കത്തിച്ചു ചാമ്പലാക്കിയവരാണ് മലയാള സിനിമയിലെ കാണി. ആ കാണിയുടെ ചാരത്തില്‍ നിന്ന് പുനര്‍ജ്ജനിക്കുന്ന പുതിയ കാണിയെ സൃഷ്ടിക്കുന്നതിലൂടെ തന്നെയേ മലയാള സിനിമ മാറുകയുള്ളൂ. നമ്മള്‍ പ്രധാനമെന്ന് കരുതുന്നത് പ്രധാനമെന്ന് കരുതുന്നവര്‍ മാത്രമുള്ള ഒരു നഗരം എന്ന ഉട്ടോപിയ സാധ്യമാകുന്ന ഫെസ്റിവല്‍ കാലത്തിനുള്ളിലിരുന്നുകൊണ്ട് ഈ പുസ്തകം വായിക്കാന്‍ കഴിഞ്ഞതും അതിനെക്കുറിച്ചിവിടെ എഴുതാന്‍ കഴിഞ്ഞതും ധന്യമായ കാര്യമായി കരുതുന്നു.

*
ജി പി രാമചന്ദ്രന്‍

Saturday, December 17, 2011

തിരക്കഥയുടെ കഥ

ആദ്യഭാ‍ഗങ്ങള്‍

സിനിമാ പ്രതിസന്ധി എന്ന പേരില്‍ ഇന്ന് മലയാള സിനിമാ രംഗത്ത് നടക്കുന്ന ചര്‍ച്ചകളില്‍ മികച്ച തിരക്കഥകളുടെ അഭാവത്തെ ചൊല്ലിയുള്ള ആശങ്കകളും പ്രകടിപ്പിക്കപ്പെട്ട് കണ്ടു. നല്ല സിനിമക്ക് നല്ല തിരക്കഥ വേണമെന്നതില്‍ സംശയമില്ല. മേന്മയുള്ള തിരക്കഥയില്‍ നിന്നാണ് മികച്ച ഒരു സിനിമയുടെ തുടക്കം. എന്റെ സിനിമകളില്‍ ഇരകളും കോലങ്ങളും മാത്രമാണ് മറ്റുള്ളവരുമായി സഹകരിക്കാതെ സ്വതന്ത്രമായി എഴുതിയിട്ടുള്ള തിരക്കഥകള്‍ . അല്ലാത്തവ മറ്റു തിരക്കഥാകൃത്തുക്കളുമായി ചേര്‍ന്ന് എഴുതുകയോ എന്റെതായ ഇടപെടലുകള്‍ നടത്തുകയോ ചെയ്തിട്ടുള്ളതാണ്. ഈ തിരക്കഥകളെല്ലാം മികച്ചതെന്ന് വിലയിരുത്തപ്പെട്ടു. ആറ് സിനിമകള്‍ക്ക് സംസ്ഥാന അവാര്‍ഡുകള്‍ കിട്ടിയതോടൊപ്പം തിരക്കഥക്കും പുരസ്കാരം ലഭിച്ചു. സിനിമയിലെത്തും മുമ്പ് ഒരു ചെറുകഥ പോലും എഴുതിയിട്ടില്ലാത്തയാള്‍ തിരക്കഥാ രചനയില്‍ കാണിച്ച മികവ് പലരെയും അമ്പരപ്പിച്ചിട്ടുണ്ട്. എന്നാല്‍ കഥപറയലിന് ജന്മസിദ്ധമായ ഒരു കഴിവ് എനിക്കുണ്ടെന്ന് കരുതുന്നു. ഒരു പക്ഷേ സിനിമാ സംവിധായകനായില്ലെങ്കില്‍ എഴുത്താകുമായിരുന്നു എന്റെ വഴി.

സിനിമയെ ഗൗരവമായി സമീപിച്ച് തുടങ്ങിയ കാലത്തു തന്നെ സംവിധായക്നറെ ജോലി സിനിമയുടെ രചനയില്‍ തുടങ്ങുന്നുവെന്ന് മനസിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ തിരക്കഥ സംവിധായകന്‍ തന്നെയെഴുതണമെന്ന കാര്യത്തില്‍ തുടക്കം മുതല്‍ ഞാന്‍ നിര്‍ബന്ധം പുലര്‍ത്തി. തിരക്കഥയെ കുറിച്ച് ഏറ്റവും കൂടുതല്‍ ചിന്തിക്കേണ്ടതും അതിനെ അടിസ്ഥാനമാക്കി സിനിമക്ക് സംഭാവന നല്‍കേണ്ടതും സംവിധായകനാണ് എന്നതു തന്നെ കാരണം. തിരക്കഥാ രചനക്ക് ഇറങ്ങിപ്പുറപ്പെടും മുമ്പ് സിനിമാ സംബന്ധിയായ നിരവധി പുസ്തകങ്ങള്‍ വായിച്ച് പഠിച്ചിരുന്നു. അതില്‍ ലോകോത്തരമെന്ന് വിശേഷിപ്പിക്കപ്പെട്ട തിരക്കഥകളുമുണ്ടായിരുന്നു. കഥയൊന്നും എഴുതിയിട്ടില്ലെങ്കില്‍ പോലും കഥകളും രചനാ സംബന്ധിയായവയും പരക്കെ വായിച്ചിരുന്നു. അങ്ങനെ വായിച്ച തിരക്കഥകളില്‍ പ്രധാനപ്പെട്ടവ ഏറെയുണ്ട്.

1953ല്‍ ഇറങ്ങിയ ജോര്‍ജസ് അര്‍നോഡിന്റെ ഫ്രഞ്ച് ത്രില്ലറായ "വേജസ് ഓഫ് ഫിയര്‍" ആവര്‍ത്തിച്ചുവായിച്ചിട്ടുള്ള സിനിമാ തിരക്കഥകളില്‍ ഒന്നാണ്. അതുപോലെ ഫെല്ലിനിയുടെയും കുറസോവയുടെയും തിരക്കഥകള്‍ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. ഇതില്‍ ഫെല്ലിനിയുടെ തിരക്കഥകള്‍ അന്നും ഇന്നും ആവേശം കൊള്ളിക്കുന്നു. അസാമാന്യമാണ് അദ്ദേഹത്തിന്റെ രചന. ഓരോ സിനിമാ സന്ദര്‍ഭത്തിലും ജീവിച്ചുകൊണ്ട് തന്നെയാണ് അദ്ദേഹം എഴുതിയതെന്ന് ആ തിരക്കഥകള്‍ നമ്മെ ബോധ്യപ്പെടുത്തും. നല്ല തിരക്കഥയില്‍ എല്ലാം മികച്ച ദൃശ്യാനുഭവങ്ങളായി മാറും. കടല്‍ , മനുഷ്യര്‍ , അവരുടെ പെരുമാറ്റം എല്ലാം സിനിമാ ഭാഷയില്‍ സന്നിവേശിപ്പിക്കപ്പെട്ടിട്ടുണ്ടാകും. ഫെല്ലിനി എഴുതിയ "ലാ ഡോള്‍സ വിറ്റ"യില്‍ സാധാരണ മനുഷ്യരുടെ തെരുവിലെ ജീവിതത്തെ അദ്ദേഹം തിരക്കഥയില്‍ വരച്ചിരിക്കുന്നത് അസാമാന്യമായ വൈഭവത്തോടെയാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം വസ്ത്രം എന്നത് പ്രധാന കാര്യമൊന്നുമല്ലെന്ന് അദ്ദേഹം പറയുന്നു. ആ ചിന്ത തന്നെ അസാമാന്യമാണ്. ആ കൃതികളെല്ലാം എന്നെക്കൊണ്ട് ചിന്തിപ്പിക്കുകയും ഒരുപാട് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയുള്ളൊരു പശ്ചാത്തലത്തില്‍ നിന്നാണ് തിരക്കഥാ രചനയിലേക്ക് ഞാന്‍ എത്തുന്നത്. പില്‍ക്കാലത്ത് സിനിമാ സംരംഭങ്ങളില്‍ ഞാന്‍ ചിന്തിച്ചതും അതേ രീതിയിലാണെന്നത് എന്റെ പ്രത്യേകതയായി കരുതുന്നു.

നമുക്ക് ചുറ്റും വിഷയങ്ങള്‍ ഒരുപാടുണ്ട്. അതില്‍ നിന്ന് കഥയുണ്ടാക്കല്‍ മാത്രമല്ല, അത് വ്യത്യസ്തമായി പറയാനും ആവിഷ്കരിക്കാനുമുള്ള കഴിവ് സിനിമാക്കാരന് വേണം. ഇങ്ങനെയൊക്കെയാണെങ്കിലും നല്ല തിരക്കഥ എങ്ങനെയായിരിക്കണമെന്ന് പറഞ്ഞറിയിക്കാന്‍ എനിക്ക് ഇപ്പോഴും അറിയില്ല. പക്ഷേ ഞാന്‍ ചെയ്തതെല്ലാം മികച്ചതാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ തിരക്കഥ എഴുതുന്നതില്‍ ഞാനൊരു എക്സ്പര്‍ട്ടാണെന്ന് അല്‍പ്പം അഹങ്കാരത്തോടെ തന്നെ സ്വയം വിലയിരുത്തുന്നു. എന്തായാലും തിരക്കഥാ രചന എളുപ്പമുള്ള പണിയല്ലെന്ന് പറയാം. നാം ചെയ്യാന്‍ പോകുന്ന സിനിമയുടെ ബ്ലൂപ്രിന്‍റാണ് തിരക്കഥയില്‍ സൃഷ്ടിക്കുന്നത്. അതിന് കഴിയണമെങ്കില്‍ എന്താണ് സിനിമയെന്നും അതിന്റെ ഭാഷയെന്നും അറിഞ്ഞിരിക്കണം. എന്താണ് സിനിമയിലൂടെ പറയേണ്ടതെന്ന ധാരണ വേണം. നല്ല സിനിമകള്‍ കാണുകയും പഠിക്കുകയും വേണം. ഞാന്‍ സ്വതന്ത്രമായി എഴുതിയിട്ടുള്ളതല്ലെങ്കിലും എന്റെ സിനിമയില്‍ ഉപയോഗിച്ച മറ്റുള്ളവരുടെ തിരക്കഥയില്‍ ക്രിയാത്മകമായി ഇടപെടാന്‍ ശ്രമിച്ചിട്ടുണ്ട്. അത്തരം ഇടപെടലുകള്‍ എല്ലാവരും സഹിച്ചിരുന്ന കാലമായിരുന്നു അത്. സിനിമയുടെ മേന്മയെ കരുതിയായിരുന്നു ഇടപെടലുകള്‍ എന്നതാവാം സഹനത്തിന് പ്രേരിപ്പിച്ചത്. സംവിധായകനെന്ന നിലയില്‍ മറ്റുള്ളവരുടെ ഇടപെടലിനെ ഞാനും സഹിഷ്ണുതയോടെ കണ്ടിരുന്നു. 1978ല്‍ ഇറങ്ങിയ മണ്ണ് എന്ന സിനിമയുടെ തിരക്കഥ എഴുതിയത് ഡോ. പവിത്രനാണ്. പക്ഷേ ആ തിരക്കഥ അതേ രൂപത്തില്‍ ഞാന്‍ ഉപയോഗിച്ചില്ല. സിനിമയില്‍ നാടകത്തിന്റെ ചില അംശങ്ങളുണ്ട്. നാടകം എങ്ങനെ സിനിമയില്‍ വരണമെന്ന് എനിക്കറിയാം. അപ്പോള്‍ എന്റേതായ ഇടപെടല്‍ ആ ചിത്രത്തിന്റെ രചനയില്‍ ഉണ്ടായത് സ്വാഭാവികം.

ഞാനെഴുതിയ തിരക്കഥകളില്‍ ഏറ്റവും മികച്ചതെന്ന് കരുതുന്നത് യവനികയും ആദാമിന്റെ വാരിയെല്ലുമാണ്. ഇരകളും പ്രധാനപ്പെട്ടതാണ്. യവനികയുടെ സംഭാഷണം എസ് എല്‍ പുരം സദാനന്ദനും വാരിയെല്ലിന്റേത് കള്ളിക്കാട് രാമചന്ദ്രനുമാണ് എഴുതിയത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി തിരക്കഥാ രചന പഠിച്ചയാളാണ് കള്ളിക്കാട്. എസ് എല്‍ പുരവും മികച്ച രചയിതാവ്. യവനികയുടെ തിരക്കഥയില്‍ നിന്നുകൊണ്ട് നന്നായി കോണ്‍ട്രിബ്യൂട്ട് ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആദ്യം സംഭാഷണമെഴുതാന്‍ ഏല്‍പ്പിച്ചത് കെ ടി മുഹമ്മദിനെയായിരുന്നു. കെ ടിയുടെ എഴുത്ത് എന്തുകൊണ്ടോ എനിക്ക് ബോധിച്ചില്ല. അദ്ദേഹം മികച്ച എഴുത്തുകാരനല്ലാത്തതുകൊണ്ടല്ല അത്. എന്തുകൊണ്ടോ അദ്ദേഹത്തിന് യവനികയില്‍ കാര്യമായ സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ല എന്നു മാത്രം. എന്റെ എഴുത്തിന് പ്രത്യേക രീതിയൊന്നുമില്ല. എവിടെയിരുന്നും എപ്പോഴും എഴുതാന്‍ കഴിഞ്ഞിട്ടുണ്ട്. വീടായാലും സിനിമാ സെറ്റായാലും എഴുത്തിന് ഭംഗമുണ്ടാകാറില്ല. ഷൂട്ടിങ്ങിനിടയില്‍ പോലും എഴുതി ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്നു. ആദാമിന്റെ വാരിയെല്ലിന്റെ തിരക്കഥ അങ്ങനെ പൂര്‍ണമായതാണ്. എഴുത്തുകാര്‍ പറഞ്ഞതും എഴുതിയതും ചെറിയ കുറിപ്പായി കൂടെ കരുതും. അതില്‍ നിന്ന് ഷൂട്ടിങ്ങിനിയിലും തിരക്കഥ വികസിപ്പിക്കുന്നതിന് പ്രയാസമുണ്ടായിട്ടില്ല. ഇരകള്‍ ഒരു പ്രത്യേക ചുറ്റുപാടില്‍ എഴുതി അവസാനിപ്പിച്ച തിരക്കഥയാണ്. സീന്‍ ഒന്ന് എന്നെഴുതി ആരംഭിച്ച എഴുത്ത് അവസാനത്തെ സീന്‍ വരെ തുടര്‍ച്ചയായി ഒറ്റയടിക്ക് തീര്‍ന്നുവെന്ന് പറയാം. അതു പോലെ എഴുതിയ വേറൊന്നില്ല. 1985 ലെ വേനല്‍ക്കാലത്ത് ഈ സിനിമയുടെ നിര്‍മാതാവ് കൂടിയായ നടന്‍ സുകുമാരെന്‍റ ഊട്ടിയിലെ വീട്ടിലിരുന്നായിരുന്നു എഴുത്ത്. ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ച സംഭവവും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും എന്നിലുണര്‍ത്തിയ ചിന്തകളായിരുന്നു ഇരകളുടെ വിത്ത് പാകിയത്. മദ്രാസ് വാസക്കാലത്താണ് ഇന്ദിരഗാന്ധി കൊല്ലപ്പെട്ടത്. ടെലിവിഷനില്‍ അവരുടെ മരണാന്തര ചടങ്ങുകള്‍ ആവര്‍ത്തിച്ച് കാഴ്ചയായതും സിക്ക് കൂട്ടക്കൊല പോലുള്ളവ അരങ്ങേറിയതും എന്റെ മനസിനെ ഉലച്ചു. ആ സംഭവങ്ങളുടെയെല്ലാം ഉത്തരവാദിത്തം ആര്‍ക്കാണെന്ന ചിന്തയോടൊപ്പം സമൂഹത്തിലുണ്ടാകുന്ന ഹിംസാത്മകാന്തരീക്ഷവും മാനുഷിക മൂല്യങ്ങളുടെ ച്യുതിയും മറ്റൊരു തലത്തിലേക്ക് വികസിച്ചു. അവിടെ നിന്നാണ് ഇരകളില്‍ പറയുന്ന പാലക്കുന്നേല്‍ മാത്തുക്കുട്ടി മുതലാളിയും അയാളുടെ മകന്‍ ബേബിയും പിറവിയെടുത്തത്. അടിമുടി രാഷ്ട്രീയ സിനിമയാണ് ഇരകള്‍ . അതെത്രത്തോളം അത്തരത്തില്‍ വിലയിരുത്തപ്പെട്ടു എന്ന് പറയാനാവില്ല. അന്നത്തെ രാഷ്ട്രീയാവസ്ഥയെ ഒരു കുടുംബത്തിെന്‍റ കഥയിലേക്ക് ആവാഹിക്കുകയായിരുന്നു ഇരകള്‍ . അടിയന്തരാവസ്ഥക്ക് സാക്ഷിയാകേണ്ടിവന്ന തലമുറയുടെ പ്രതിനിധിയാണ് ഞാന്‍ . സഞ്ജയ്ഗാന്ധിയുടെ ചെയ്തികള്‍ അദ്ദേഹത്തിന് വില്ലന്‍ പരിവേഷം നല്‍കിയിട്ടുണ്ടായിരുന്നു. സഞ്ജയ് ഗാന്ധിയുടെ മനോവിഭ്രമത്തിെന്‍റ അംശം ഇരകളിലെ ബേബിയുടെ വയലന്‍സില്‍ കാണാം. ഹിംസാത്മകമായ ഒരു കാലത്തെയാണ് ഇരകളിലൂടെ അവതരിപ്പിച്ചതും വിചാരണ ചെയ്യാന്‍ ശ്രമിച്ചതും. ഞങ്ങളുടെ തലമുറയുടെയെല്ലാം യൗവനകാലത്തില്‍ നിന്ന് വ്യത്യസ്തമായി പ്രതീക്ഷകള്‍ നശിച്ച, മൂല്യ ത്തകര്‍ച്ച ബാധിച്ച ഒരു യുവത്വത്തെയും ഇരകളില്‍ കാണാം. കോലങ്ങളുടെ തിരക്കഥയെ കുറിച്ചും പ്രത്യേകം പറയണമെന്ന് തോന്നുന്നു.

1980ലാണ് കോലങ്ങള്‍ ഇറങ്ങിയത്. പി ജെ ആന്റണി ഒരു ഗ്രാമത്തിന്റെ കഥ എന്ന പേരില്‍ നോവലായും നാല് പെണ്ണുങ്ങളും കുറെ നാട്ടുകാരും എന്ന പേരില്‍ നാടകവുമാക്കിയിട്ടുള്ള കഥയാണ് കോലങ്ങള്‍ എന്ന പേരില്‍ സിനിമയായത്. കഥ മാത്രമാണ് ഞാന്‍ വായിച്ചിട്ടുള്ളത്. നാടകം കാണാനോ വായിക്കാനോ കഴിഞ്ഞിരുന്നില്ല. നിര്‍മാതാവ് ഡി ഫിലിപ്പും സംഘവും കഥ സിനിമയാക്കാന്‍ പി ജെ ആന്റണിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം ഞാന്‍ നേരെ എഴുത്തിലേക്ക് കടക്കുകയായിരുന്നു. തിരക്കഥാ രചനയും ചിത്രീകരണവും ഉള്‍പ്പെടെ വളരെ ഈസിയായി ചെയ്ത സിനിമയായിരുന്നു അത്. പി ജെ ആന്റണിയുടെ കഥയിലെ സംഭാഷണങ്ങള്‍ അതേപടി സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹം ഒരുക്കിയ നിറക്കൂട്ടുകള്‍ കൂടുതല്‍ പൊലിമയോടെ തീക്ഷ്ണമായി സിനിമയില്‍ സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞു. എനിക്ക് പരിചയമുള്ള കഥാപാത്രങ്ങളും പശ്ചാത്തലവുമാണ് ഒരു ഗ്രാമത്തിന്റെ കഥയില്‍ ഉണ്ടായിരുന്നത് എന്നതാവാം കാരണം. പി ജെ ആന്റണിയുമായി ഒരുവട്ടമെങ്കിലും ചര്‍ച്ച ചെയ്യാതെയാണ് കോലങ്ങളുടെ തിരക്കഥ എഴുതിയതെന്ന കാര്യം പലരെയും പിന്നീട് അമ്പരപ്പിച്ചു.

മറ്റൊരു സംവിധായകന് വേണ്ടി ഞാന്‍ തിരക്കഥയെഴുതിയിട്ടില്ല. അതിന് കാരണം സിനിമാകാരനെന്ന നിലക്കുള്ള ചില ശാഠ്യങ്ങളാകാം. എനിക്ക് സിനിമ ചെയ്യാന്‍ വേണ്ടി ഞാന്‍ കഥ തെരഞ്ഞെടുക്കുന്നതും അത് എനിക്ക് ബോധ്യപ്പെടുന്ന രീതിയില്‍ മാറ്റിത്തീര്‍ക്കുന്നതും മറ്റൊരാള്‍ക്ക് വേണ്ടി സ്വാതന്ത്രത്തോടെ ചെയ്യാന്‍ കഴിയില്ല. എന്റെ സിനിമയുടെ കഥ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് മാത്രമാണ്. അക്കാര്യത്തില്‍ സംവിധായകനെന്ന നിലയില്‍ ഒരാളുടെയും ഇടപെടല്‍ ഞാന്‍ സഹിച്ചിരുന്നില്ല. അങ്ങനെ ഞാന്‍ കണ്ടെത്തുന്ന കഥ നിര്‍മാതാവിനോട് പറയും അദ്ദേഹം അംഗീകരിച്ചാല്‍ തിരക്കഥയെഴുതും. നിര്‍മാതാവിന് ബോധ്യപ്പെടും വരെ. അദ്ദേഹത്തെ തൃപ്തിപ്പെടുത്താന്‍ എന്തും ചെയ്യും എന്നു വേണമെങ്കിലും പറയാം. അതുപോലെ ഒരേ എഴുത്തുകാരെ സ്ഥിരമായി ഉപയോഗിക്കുന്ന ശീലമില്ലായിരുന്നു. ഓരോ എഴുത്തിനും ഏറ്റവും അനുയോജ്യരായവരെ പ്രയോജനപ്പെടുത്തുന്നതാണ് രീതി. ഒരേ പോലെയുള്ള സിനിമകള്‍ എടുക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. അത് എന്റെ സിനിമകള്‍ പരിശോധിച്ചാല്‍ കാണാം.

ഒരു പ്രമേയം ഏറ്റവും നന്നായി എഴുതാന്‍ പറ്റിയ ആളെയാണ് ആ ജോലി ഏല്‍പ്പിച്ചിട്ടുള്ളത്. പുതിയ പുതിയ എഴുത്തുകാരെ പരീക്ഷിച്ചുകൊണ്ടിരുന്നു. ഓണപ്പുടവ എന്ന കഥ എഴുതിതന്നത് അടുത്തിടെ അന്തരിച്ച കാക്കനാടനാണ്. മറ്റൊരാള്‍ എന്നോട് പറഞ്ഞ കഥയെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ എഴുതാമെന്ന് അദ്ദേഹമേറ്റു. നന്നായി ചെയ്യുകയും ചെയ്തു. പഞ്ചവടിപ്പാലത്തിന്റെ കഥ വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെതാണ്. തിരക്കഥയാകട്ടെ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റേതും. യവനികയിലും ഫ്ളാഷ്ബാക്കിലും നാടക പശ്ചാത്തലമുളള എസ് എല്‍ പുരത്തെയാണ് ഏല്‍പ്പിച്ചത്. മലയാളത്തില്‍ എഴുത്തിലെ ക്രാഫ്റ്റ്സ്മാന്‍ഷിപ്പിെന്‍റ കാര്യത്തില്‍ എംടിയാണ് മികച്ച തിരക്കഥാകാരന്‍ . നോവലിലായാലും തിരക്കഥയിലായാലും അദ്ദേഹം പുലര്‍ത്തിയിരുന്ന മികവിനോട് ആരാധന തോന്നിയിട്ടുണ്ട്. അക്കാര്യത്തില്‍ എം ടിക്ക് പകരക്കാരില്ലായിരുന്നു. എന്നാല്‍ മുന്‍ കാലത്തെ രചനകളുടെ സൗന്ദര്യവും ഉറപ്പും അദ്ദേഹത്തിെന്‍റ പില്‍ക്കാല രചനകളില്‍ കാണാനായിട്ടില്ലെന്നും പറയേണ്ടിവരും.

എം ടിയുടെ ഒരുപാട് തിരക്കഥകള്‍ സിനിമയാക്കിയിട്ടുള്ള സംവിധായകനാണ് ഐ വി ശശി. അദ്ദേഹം സിനിമയാക്കുമ്പോള്‍ എം ടിയുടെ തിരക്കഥ വ്യത്യസ്തമായി മാറും. മറ്റുള്ള സംവിധായകര്‍ എം ടിയെ സ്വീകരിച്ചിരുന്നത് പോലെയല്ല ഐ വി ശശി സ്വീകരിച്ചിരുന്നത്. അദ്ദേഹത്തിന്റെതായ കോണ്‍ട്രിബ്യൂഷന്‍ സിനിമയില്‍ ഉണ്ടാകും. പ്രിയദര്‍ശന്റെ തിരക്കഥയിലും ആ ക്രാഫ്റ്റ് ഉണ്ട്. ശ്രീനിവാസനും തിരക്കഥ എഴുത്തില്‍ വിജയിച്ചയാളാണ്. അദ്ദേഹത്തെ ആദ്യം തിരക്കഥയെഴുതാന്‍ പ്രേരിപ്പിച്ചതും എഴുതിച്ചതും ഞാനാണ്. മേള എന്ന ചിത്രം ചെയ്യുമ്പോള്‍ കഥാപാത്രങ്ങളെ, മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരെ പരിചയപ്പെടുത്തിയത് ശ്രീനിവാസനാണ്. ശ്രീനിവാസന് എഴുതാന്‍ കഴിയുമെന്ന് തോന്നിയപ്പോള്‍ ചിലതൊക്കെ അദ്ദേഹത്തെ കൊണ്ട് എഴുതിച്ചു. അതും വളരെ നിര്‍ബന്ധിച്ച്. എഴുതാന്‍ പറഞ്ഞാല്‍ മടിപറയുമായിരുന്നു. ആ ശ്രീനിവാസനെ പിന്നീട് വളരെ തിരക്കുള്ള തിരക്കഥാകൃത്തായാണ് കാണുന്നത്. വളരെ ജനപ്രിയനായ പരാജയപ്പെടാത്ത തിരക്കഥാകൃത്തായി അദ്ദേഹം മാറി. എന്നാല്‍ ക്രാഫ്റ്റിന്റെ കാര്യത്തില്‍ പൂര്‍ണത നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതിന് ശ്രമിക്കാത്തതാകാം കാരണം.

*
കെ ജി ജോര്‍ജ് / തയ്യാറാക്കിയത് എം എസ് അശോകന്‍

ദേശാഭിമാനി വാരിക 17 ഡിസംബര്‍ 2011

Wednesday, November 23, 2011

ആദാമിന്റെ വാരിയെല്ല്

മറ്റു ഭാഗങ്ങള്‍ ഇവിടെ

ആദാമിന്റെ വാരിയെല്ല് മലയാള സിനിമാ ചരിത്രത്തില്‍ എന്നും വേറിട്ട് നില്‍ക്കുന്ന ഒരു സൃഷ്ടിയാണെന്ന് കരുതുന്നു. അത്തരം ഒരു സിനിമ അതിന് മുമ്പോ ശേഷമോ സംഭവിച്ചിട്ടില്ലെന്ന് തീര്‍ത്തു പറയാം. ഇറാഖി സിനിമകളില്‍ ചിലത് നിഷ്പക്ഷമായി ഇത്തരം വിഷയം കൈകാര്യം ചെയ്ത് പിന്നീട് കണ്ടിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ അത്തരമൊരു സ്ത്രീപക്ഷ സിനിമയെടുക്കാന്‍ നമ്മുടെ സിനിമക്കാര്‍ ധൈര്യപ്പെടുമോ എന്നുപോലും സംശയമാണ്. കാരണം സിനിമയോടുള്ള നമ്മുടെ സമീപനം മാറി. സിനിമ എടുത്താല്‍ തന്നെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നും കണ്ടറിയണം. ആദാമിന്റെ വാരിയെല്ല് എടുക്കാന്‍ പ്രത്യേകിച്ച് കാരണമെന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ പറയാനാകില്ല. എന്നാല്‍ , അത്തരമൊരു സിനിമ ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അതിന് കാരണം എന്റെ കുടുംബ പശ്ചാത്തലവും എന്റെ ജീവിതത്തിലും എഴുത്തിലും വായനയിലും കൂടി പരിചയപ്പെട്ടിട്ടുള്ള സ്ത്രീകളുമാണ്. കുടുംബ സാഹചര്യങ്ങളില്‍ ഞാന്‍ പരിചയിച്ചിട്ടുള്ള സ്ത്രീകള്‍ ഒരു പരിഗണനയും കിട്ടാതെ വീടുകളില്‍ ഒതുങ്ങിക്കൂടിയിരുന്നവരാണ്. പൊതുവായ കാര്യങ്ങളിലൊന്നും അവരുടെ അഭിപ്രായമോ സാന്നിധ്യമോ അനിവാര്യമായി കരുതപ്പെട്ടിരുന്നില്ല. സ്ത്രീയെന്നാല്‍ വെറുതെ അഭിപ്രായം ചോദിക്കാന്‍ മാത്രമുള്ള ഒരാള്‍ എന്ന നിലയ്ക്കേ പരിഗണിച്ചിരുന്നുള്ളൂ. അവരുടെ ഭാഗം ഒരിക്കലും ഗൗരവമായി കേള്‍ക്കുന്ന പതിവില്ലായിരുന്നു. പക്ഷേ ഞാന്‍ ജീവിതത്തില്‍ ആ രീതി പിന്തുടര്‍ന്നിട്ടില്ല. മറിച്ച് അവര്‍ക്ക് അര്‍ഹമായ സ്ഥാനവും പരിഗണനയും നല്‍കി. അതിനുള്ള കപ്പാസിറ്റി എനിക്കുണ്ടായിരുന്നതാണ് കാരണം.

ഞാനൊരു തികഞ്ഞ സ്ത്രീവാദിയൊന്നുമല്ല. എന്നാല്‍ സ്ത്രീകളുടെ സാമൂഹ്യ, കുടുംബാവസ്ഥകളെ എപ്പോഴും നിരീക്ഷിച്ചിട്ടുണ്ട്. സ്വാതന്ത്ര്യബോധത്തോടെ കുതറുന്ന, എന്നാല്‍ പരാജയപ്പെട്ടു പോകുന്ന സ്ത്രീ കഥാപാത്രങ്ങള്‍ നമ്മുടെ സമൂഹത്തിലെയും കുടുംബത്തിലെയും മോശം അവസ്ഥയുടെ പരിഛേദങ്ങളായി എന്റെ പല സിനിമകളിലും കടന്നുവരുന്നുണ്ട്. ആദാമിന്റെ വാരിയെല്ലിലെ മൂന്ന് സ്ത്രീകളും ഫ്ളാഷ്ബാക്കിലെ ലേഖയും മറ്റൊരാളിലെ ഭാര്യയുമെല്ലാം ഉദാഹരണം. എന്നാല്‍ ഞാന്‍ കണ്ടിട്ടുള്ള പാശ്ചാത്യ സിനിമകളിലെ സ്ത്രീകള്‍ അങ്ങനെയല്ല. അവര്‍ നന്നായി റിവോള്‍ട്ട് ചെയ്യുന്നു. ഇവിടെയാകട്ടെ പോരാട്ടത്തിനിടെ പരാജയപ്പെടുന്നവരാണ് അധികവും.സമൂഹം ഏല്‍പ്പിക്കുന്ന സമ്മര്‍ദങ്ങളില്‍ നിന്നാണ് അവരുടെ കുതറല്‍ . അതില്‍ പാശ്ചാത്യ വനിതകള്‍ വലിയൊരളവ് വരെ വിജയിക്കുന്നുമുണ്ട്. ആദാമിന്റെ വാരിയെല്ലിലെ സ്ത്രീകള്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ എനിക്ക് പരിചയമുള്ളവര്‍ തന്നെയാണ്. അതില്‍ വിജയിച്ചവരും പരാജയപ്പെട്ടവരുമുണ്ട്. വിജയം പിന്നീട് ആരോപിക്കപ്പെടുന്നതാകാം.

കഥാപാത്രങ്ങളുടെ ശാക്തീകരണത്തിന് വേണ്ടിയാണത്. വാരിയെല്ല് വളരെ വ്യത്യസ്തമായി ചെയ്ത സിനിമയായിട്ടും വേണ്ട വിധത്തില്‍ സ്വീകരിക്കപ്പെട്ടില്ലെന്ന് തോന്നിയിട്ടുണ്ട്. പ്രമേയത്തിലെന്ന പോലെ ആവിഷ്കാരത്തിലും അത് വ്യത്യസ്തത പുലര്‍ത്തി. വ്യത്യസ്തരായ മൂന്ന് സ്ത്രീകളാണ് പ്രധാന കഥാപാത്രങ്ങള്‍ . അവര്‍ ഒരുമിച്ചുവരുന്നതാകട്ടെ ഒരേ ഒരു രംഗത്തിലും. പരസ്പരം തിരിച്ചറിയപ്പെടേണ്ട ഘടകങ്ങള്‍ അവരില്‍ ഉണ്ടായിട്ടും അങ്ങനെ സംഭവിക്കുന്നില്ല. മൂന്ന് കഥകളും നരേറ്റീവ് രീതിയില്‍ പറയുകയും അതിനെ പ്രത്യേക രീതിയില്‍ കോര്‍ത്തിണക്കുകയുമായിരുന്നു. മലയാളത്തില്‍ തികച്ചും പുതുമയാര്‍ന്നരു രീതിയായിരുന്നു അത്. ഏറ്റവും റിയലിസ്റ്റിക്കായി ചെയ്ത സിനിമയുടെ അന്ത്യമാകട്ടെ അങ്ങേയറ്റം സര്‍റിയലിസ്റ്റിക്കുമായി. ക്യാമറയെയും ക്യാമറമാനെയുമൊക്കെ തള്ളിയിട്ട് സ്ത്രീകള്‍ തെരുവിലേക്ക് ഓടുന്ന അവസാന രംഗം ഓര്‍ക്കുക. തിരക്കഥ മുഴുവന്‍ എഴുതി പൂര്‍ത്തിയാക്കിയിട്ടും വാരിയെല്ലിന്റെ ക്ലൈമാക്സ് എങ്ങനെയായിരിക്കണമെന്ന് രൂപമുണ്ടായിരുന്നില്ല. എന്നാല്‍ റിയലിസ്റ്റിക്കായ അന്ത്യം വേണ്ടെന്നും കരുതിയിരുന്നു. അങ്ങനെ വളരെ വ്യത്യസ്തമായ ഒരു ക്ലൈമാക്സ് ഉണ്ടാകുകയും ചെയ്തു. റസ്ക്യൂഹോമില്‍ നിന്ന് സ്ത്രീകള്‍ തെരുവിലേക്ക് കുതിക്കുമ്പോള്‍ തട്ടിമറിയുന്ന ക്യാമറയുടെ സമീപത്ത് സംവിധായകനുമുണ്ട്. എന്തുകൊണ്ട് ആ ചിത്രം ഓടിയില്ലെന്ന സംശയം ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല, എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നത് മാത്രമെടുക്കലല്ലല്ലോ സിനിമ എന്നായിരുന്നു അപ്പോഴൊക്കെ എന്റെ മറുപടി. ആ ചിത്രത്തിന് അത്രയും സ്വീകാര്യത പ്രതീക്ഷിച്ചാല്‍ മതി. അപ്രിയ സത്യങ്ങള്‍ കേള്‍ക്കാനും കാണാനും എല്ലാവരും ഇഷ്ടപ്പെടുന്നില്ലല്ലോ കൂടുതല്‍ .

ഇങ്ങനെയൊക്കെ ആണെങ്കിലും ആ സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്. എന്റെ സിനിമകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആദാമിന്റെ വാരിയെല്ല്. സമൂഹത്തിലെ മൂന്ന് വ്യത്യസ്ത തലങ്ങളില്‍ ജീവിതം നയിക്കുന്ന മൂന്ന് സ്ത്രീകള്‍ . വിവാഹിതരും മധ്യവര്‍ഗ കുടുംബംഗങ്ങളുമായ രണ്ട് പേര്‍ അവരുടെ പുരുഷന്മാരില്‍ നിന്ന് ദുരിതം ഏറ്റുവാങ്ങുമ്പോള്‍ അമ്മിണി എന്ന വീട്ട് വേലക്കാരി അധസ്ഥിത സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായി വേട്ടയാടപ്പെടുന്നു. ആത്യന്തികമായി അതൊരു സ്ത്രീപക്ഷ സിനിമയാണെങ്കില്‍ കൂടി സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നവരെല്ലാം ചിത്രത്തോട് യോജിക്കണമെന്നില്ല. ചിത്രത്തില്‍ സുഹാസിനി അവതരിപ്പിച്ച കഥാപാത്രം ഒടുവില്‍ മനോവിഭ്രാന്തിയിലാണ് തന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. ശ്രീവിദ്യയുടെ കഥാപാത്രം ആത്മഹത്യയിലും. പുനരധിവാസ കേന്ദ്രത്തിെന്‍റ വാതില്‍ തകര്‍ത്ത് തെരുവിലേക്ക് കുതിക്കുകയാണ് അമ്മിണി(സൂര്യ). ക്യാമറമാനെയും സംവിധായകനെയുമൊകെ തട്ടിയിട്ട് ഓടുന്ന അവസാന രംഗം ചിത്രത്തിന് വിശാല അര്‍ഥതലങ്ങള്‍ സമ്മാനിച്ചു. ആ സിനിമയിലേക്ക് എന്നെ നയിച്ച കടുത്ത യാഥാര്‍ഥ്യങ്ങള്‍ സിനിമ കാണുന്ന പ്രേക്ഷകനിലേക്കും സംക്രമിച്ചിട്ടുണ്ടാകണം. ജീവിതത്തില്‍ ഒരുപാട് സ്ത്രീകളെ പരിചയപ്പെടാനും അടുത്തറിയാനും കഴിഞ്ഞിട്ടുണ്ട്. അവരുടെയെല്ലാം ക്യാരക്ടറിെന്‍റ അംശങ്ങള്‍ ഏറിയും കുറഞ്ഞും എന്റെ എല്ലാ ചിത്രങ്ങളിലുമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം സിനിമ വ്യത്യസ്തമായി പറയുക മാത്രമായിരുന്നില്ല, സ്വീകാര്യമായി പറയുക എന്നത് കൂടി നിര്‍ബന്ധമായിരുന്നു. സ്ത്രീപക്ഷ സിനിമ എന്ന നിലയിലും അതുവരെ മലയാളത്തിന് പരിചയമില്ലാത്ത ആവിഷ്കാര രീതിയാലും വാരിയെല്ല് ശ്രദ്ധിക്കപ്പെട്ടതോടൊപ്പം മോശമല്ലാത്ത സാമ്പത്തിക നേട്ടവുമുണ്ടാക്കി. 1983ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച കഥക്കുമുള്ള സംസ്ഥാന അവാര്‍ഡ് വാരിയെല്ല് നേടി. ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിച്ചതോടൊപ്പം രാജ്യത്തെ വിവിധ ചലച്ചിത്ര മേളകളിലും ക്ഷണിക്കപ്പെട്ടു. വടക്കേയിന്ത്യയിലെ പല മേളകളിലും പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ പനോരമയില്‍ പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയതിന്റെ തുടര്‍ച്ചയായിരുന്നു അത്.

അവിടങ്ങളിലെല്ലാം സിനിമയിലെ സ്ത്രീപക്ഷപാതിത്വം ചര്‍ച്ചയായി. സ്ത്രീ കഥാപാത്രങ്ങളുടെയെല്ലാം പ്രകടനം പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. സുഹാസിനിയും ശ്രീവിദ്യയുമെല്ലാം ആ കഥാപാത്രങ്ങളെ അങ്ങേയറ്റം പൊലിപ്പിച്ചപ്പോള്‍ തന്നെ സൂര്യയുടെ വേഷം കൂടുതല്‍ പ്രശംസ നേടി. അതിന് കാരണം അവര്‍ ചെയ്തുപോന്ന വേഷങ്ങളില്‍ നിന്നെല്ലാം വാരിയെല്ലിലെ അമ്മിണി വ്യത്യസ്തമായിരുന്നതാകണം. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സ്ക്രീന്‍പ്ലേ പഠിച്ചിറങ്ങിയ കള്ളിക്കാട് രാമചന്ദ്രനുമായി ചേര്‍ന്നാണ് ആദാമിന്റെ വാരിയെല്ല് എഴുതിയത്. ആദാമിന്റെ വാരിയെല്ല് എന്ന പേര് പലരെയും ആകര്‍ഷിച്ചിട്ടുണ്ട്. അതിന് കാരണക്കാരന്‍ തിക്കുറിശിയാണ്. ചിത്രത്തിന് പേര് അന്വേഷിക്കുന്ന കൂട്ടത്തില്‍ അക്കാര്യം തിക്കുറിശ്ശിയോടും പറഞ്ഞു. സിനിമാക്കാര്‍ക്കൊക്കെ പേരിടുന്ന കാര്യത്തില്‍ വിദഗ്ധനായ തിക്കുറിശിക്ക് ഇക്കാര്യത്തിലും നിര്‍ദേശമുണ്ടായിരുന്നു. ആദാമിന്റെ വാരിയെല്ലില്‍ നിന്നാണ് സ്ത്രീയെ സൃഷ്ടിച്ചതെന്നും അത്തരത്തില്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. ആലോചിച്ചപ്പോള്‍ നന്നായിരിക്കുമെന്ന് എനിക്കും തോന്നി.

വാരിയെല്ല് ചെയ്തതിന്റെ തൊട്ടടുത്ത വര്‍ഷമാണ് (1984) പഞ്ചവടിപ്പാലം എന്ന ആക്ഷേപഹാസ്യ ചിത്രം ചെയ്തത്. ഇന്നും മോശം രാഷ്ട്രീയത്തെ കളിയാക്കിയ മികച്ച രാഷ്ട്രീയാക്ഷേപ ഹാസ്യ സിനിമയായി പഞ്ചവടിപ്പാലം പ്രേക്ഷകരും നിരൂപകരും ഓര്‍മിക്കുന്നു. പാലം അപകടത്തില്‍ എന്ന പേരില്‍ ഹാസ്യ സാഹിത്യകാരന്‍ വേളൂര്‍ കൃഷ്ണന്‍കുട്ടി എഴുതിയ കഥയാണ് ചിത്രത്തിന് സ്വീകരിച്ചത്. ഇക്കഥ നേരത്തെ വായിച്ചിട്ടുള്ളതാണ്. അതേക്കുറിച്ച് പലരോടും സംസാരിച്ചപ്പോള്‍ സിനിമയാക്കിയാല്‍ നന്നായിരിക്കുമെന്ന അഭിപ്രായമുണ്ടായി. പിന്നെ, സറ്റയര്‍ സിനിമ ചെയ്യണമെന്ന ആശയവും നേരത്തെയുണ്ടായിരുന്നതാണ്. തിരക്കഥ ഞാന്‍ തന്നെ എഴുതി. പ്രശസ്ത കാര്‍ട്ടുണിസ്റ്റ് യേശുദാസനെയാണ് സംഭാഷണമെഴുതാന്‍ ഏല്‍പ്പിച്ചത്. സറ്റയറാകുമ്പോള്‍ കാര്‍ട്ടൂണിസ്റ്റിന്റെ എഴുത്ത് ചിത്രത്തിന് മിഴിവേകുമെന്ന് തോന്നിയതിനാലായിരുന്നു അങ്ങനെ ചെയ്തത്. സമകാലിക സംഭവങ്ങളോട് വിമര്‍ശനാത്മകമായ കാഴ്ചപ്പാട് കാര്‍ട്ടൂണിസ്റ്റുകളിലാണ് കൂടുതല്‍ ഉണ്ടാകുക. പഞ്ചവടിപ്പാലത്തിലെ കഥാപാത്രങ്ങളെ ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. ഗോപിയുടെ ദുശ്ശാസനക്കുറുപ്പ്, നെടുമുടി വേണുവിന്റെ ശിഖണ്ഡിപ്പിള്ള, ശ്രീവിദ്യയുടെ മണ്ഡോദരി എന്നിവരൊക്കെ ഇന്നും രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നു. ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രമുള്‍പ്പെടെയുള്ളവ ജീവിതത്തില്‍ എനിക്ക് പരിചയമുള്ളവരുടെ കാരിക്കേച്ചര്‍ പതിപ്പായി പുനര്‍ജനിച്ചതാണ്. ഗാന്ധിമതി ബാലനായിരുന്നു പഞ്ചവടിപ്പാലത്തിെന്‍റ നിര്‍മാതാവ്. എന്റെ സിനിമകളില്‍ എറ്റവും കൂടുതല്‍ നിര്‍മാണ ചെലവു വന്നത് പഞ്ചവടിപ്പാലത്തിനാണ്. 15 ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. അന്നതൊരു വലിയ തുകയാണ്. സെറ്റിന്റെയും കൂടുതല്‍ ക്യാമറ ഉപയോഗിച്ചതിന്റെയും ചെലവും കൂടുതല്‍ സാങ്കേതിക വിദഗ്ധരുടെ സഹകരണവുമാണ് ചെലവുയര്‍ത്തിയത്. തിരുവനന്തപ്പുരത്തായിരുന്നു സെറ്റ്. പൊളിഞ്ഞ് വീഴുന്ന പാലത്തിന്റെ സെറ്റിട്ടത് പിന്നീട് ഗുരു ഉള്‍പ്പെടെ സിനിമകള്‍ സംവിധാനം ചെയ്ത രാജീവ് അഞ്ചലാണ്. പാലത്തിനരികില്‍ സ്ഥാപിച്ച ദുശാസനക്കുറുപ്പിന്റെ പ്രതിമയും അദ്ദേഹം തന്നെയാണ് നിര്‍മിച്ചത്. അതിമനോഹരമായിരുന്നു സെറ്റ്. പാലം വീഴുന്ന രംഗം വിവിധ ആംഗിളില്‍ സ്ഥാപിച്ച നാല് ക്യാമറകളിലാണ് പകര്‍ത്തിയത്. പാലം ഒരു തവണയേ പൊളിഞ്ഞു വീഴൂ. ആ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടു കൂടാ. സംവിധായകനെന്ന നിലയില്‍ ആ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. മികച്ച ദൃശ്യങ്ങളായി ക്യാമറയിലാക്കാനും കഴിഞ്ഞു. പഞ്ചവടിപ്പാലം മലയാളത്തിലുണ്ടായ രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമകളില്‍ ആദ്യത്തെതാണെന്ന് പറയാം. ഒരുപക്ഷേ അവസാനത്തേതും. ഇന്ന് കാണുമ്പോഴും ഏറ്റവും കാലികമായ പ്രമേയം എന്ന തോന്നല്‍ ആ സിനിമ പ്രേക്ഷകരിലുണ്ടാക്കുന്നു.

രാഷ്ട്രീയാക്ഷേപത്തിന്റെ കാമ്പറിഞ്ഞ ഹാസ്യം അതില്‍ ഉള്‍ച്ചേര്‍ത്തതിന്റെ ഫലമാണ്. എന്റെ ഭാഗത്തു നിന്ന് നന്നായി കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ആ സിനിമക്ക് അര്‍ഹിച്ച അംഗീകാരം അത് റിലീസായ കാലത്ത് കിട്ടിയോ എന്ന് സംശയമാണ്. സംസ്ഥാന അവാര്‍ഡിലൊന്നും പഞ്ചവടിപ്പാലത്തെ പരിഗണിച്ചില്ല. പാടേ അവഗണിച്ചു. ഇപ്പോള്‍ പലര്‍ക്കും ആ സിനിമയുടെ മഹത്വം ഇപ്പോള്‍ മനസിലായിവരുന്നുണ്ട്. പഞ്ചവടിപ്പാലത്തിെന്‍റ അനുകരണമായി പിന്നീട് ചിലതൊക്കെയുണ്ടായി. അവയൊന്നും ആ ചിത്രത്തോളം ആഴത്തില്‍ സറ്റയറിനെ ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. മലയാളത്തില്‍ സറ്റയര്‍ എന്നുപറയാവുന്ന സിനിമകള്‍ വളരെ കുറച്ചു മാത്രമെ ഉണ്ടായിട്ടുള്ളൂ. പലതും കോമഡി ചിത്രങ്ങള്‍ മാത്രമായിരുന്നു. സ്വപ്നാടനവും യവനികയും പോലുള്ള സിനിമകളെടുത്ത ഒരാള്‍ പഞ്ചവടിപ്പാലം പോലൊന്ന് ചെയ്തതിനെ കുറച്ചു കണ്ടവരും അതു വേണ്ടിയിരുന്നോ എന്ന് സംശയിച്ചവരുമുണ്ട്. ഒരേ കഥയും കഥാപാത്രങ്ങളെയും തിരിച്ചും മറിച്ചുമിട്ട് സിനിമ ചെയ്യുന്നതല്ല എന്റെ രീതി എന്നതാണ് അതിനുള്ള മറുപടി. ചെയ്ത സിനിമകളിലെല്ലാം വ്യത്യസ്ത കൊണ്ടുവരുന്നതില്‍ വലിയൊരളവ് വിജയിച്ചിട്ടുണ്ടെന്നുമാണ് എന്റെ വിശ്വാസം. ഒന്നു തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ എനിക്ക് താല്‍പ്പര്യവുമില്ലായിരുന്നു.

*
കെ ജി ജോര്‍ജ് /തയ്യാറാക്കിയത് എം എസ് അശോകന്‍
ദേശാഭിമാനി വാരിക 27 നവംബര്‍ 2011