Thursday, February 9, 2012

എം ബി എസ്: പാടുന്ന പന്തം

പാടുന്ന പന്തം എന്ന് പി ഭാസ്കരന്‍ വിശേഷിപ്പിച്ച വിഖ്യാത സംഗീതജ്ഞന്‍ എം ബി ശ്രീനിവാസനും ഞാനുമായുള്ള ബന്ധം സമാനതകളില്ലാത്തതായിരുന്നു. ഹൃദയബന്ധം സൂക്ഷിച്ച സുഹൃത്ത്, വഴികാട്ടി, ഗുരുതുല്യന്‍ എന്നുവേണ്ട ഞങ്ങളുടെ ബന്ധത്തെ നിര്‍വചിക്കുക അസാധ്യം. സിനിമാ സംവിധായകന്‍ എന്ന നിലയില്‍ എന്നെ രൂപപ്പെടുത്തുന്നതില്‍ എം ബി എസിന് പങ്കുണ്ട്. സംഗീതജ്ഞന്‍ എന്നതിനപ്പുറത്ത് വ്യാപരിച്ച അദ്ദേഹത്തിന്റെ മനുഷ്യസ്നേഹത്തില്‍ അധിഷ്ഠിതമായ ധിഷണയുടെയും വ്യക്തിവൈശിഷ്ട്യത്തിന്റെയും സ്പര്‍ശം അനുഭവിക്കാത്തവര്‍ അക്കാലത്ത് സിനിമാലോകത്തുണ്ടായിരുന്നില്ല.

സിനിമയില്‍ വളരെ ജൂനിയറായ ഞാനുമായി എം ബി എസിന് വലിയ പ്രായവ്യത്യാസമുണ്ടായിരുന്നു. അതൊന്നും ഞങ്ങളുടെ ഹൃദയബന്ധത്തിന് വിഘാതമായില്ല. സിനിമയെക്കുറിച്ച് മാത്രമല്ല സിനിമക്കുപുറത്തുള്ള കാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ ദീര്‍ഘമായ ഭാഷണങ്ങളിലേര്‍പ്പെട്ടിരുന്നു. രാഷ്ട്രീയം, വായന, ജീവിതാദര്‍ശങ്ങള്‍ എല്ലാം അവിടെ വിഷയമായി. അത്തരം ചര്‍ച്ചകള്‍ കലാകാരനെന്ന നിലയില്‍ എനിക്ക് വലിയ ഉള്‍ക്കാഴ്ചകള്‍ നല്‍കി. അതിനു പുറമെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതികളും എന്നെ ആകര്‍ഷിച്ചു. ജീവിതത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അറിവും അച്ചടക്കവും സംഗീതത്തിലും അദ്ദേഹം സൂക്ഷിച്ചു. ഇടതുപക്ഷാശയങ്ങളോട് കടുത്ത അനുഭാവം പുലര്‍ത്തിയ ആള്‍ എന്ന നിലയില്‍ സംഗീതരംഗത്തുള്ളവരുടെ കൂട്ടായ്മ രൂപപ്പെടുത്തിയത് എം ബി എസാണ്. ഇന്ന് സിനിമാ രംഗത്ത് എല്ലാ വിഭാഗത്തിനും സംഘടനകളുണ്ട്. പില്‍ക്കാലത്ത് രൂപപ്പെട്ട ഇത്തരം കൂട്ടായ്മകള്‍ക്ക് ആദ്യ വഴി വെട്ടിയത് എം ബി എസാണെന്നത് ഇന്നുള്ള പലര്‍ക്കുമറിയില്ല. അതുപോലെ ട്രാക്ക് സംഗീതത്തിന് തുടക്കമിട്ടതും കോറല്‍ മ്യൂസിക്കിന് പ്രത്യേകമായ സ്ഥാനം ഉണ്ടാക്കിയെടുത്തതുമെല്ലാം ആ പ്രതിഭാശാലിയാണ്. സിനിമാ സംഗീതത്തെ മറ്റാരും പരീക്ഷിക്കാത്ത അര്‍ഥ, ഭാവതലങ്ങളിലേക്ക് സന്നിവേശിപ്പിക്കാനും എം ബി എസിന് കഴിഞ്ഞു.

കാല്‍പ്പാടുകള്‍(1962) എന്ന തന്റെ ആദ്യ സിനിമയിലൂടെ യേശുദാസിനെ മലയാള സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയതും മറ്റാരുമല്ല. എല്ലാതരത്തിലും എന്നെ സ്വാധീനിച്ച മഹാനായ മനുഷ്യസ്നേഹിയും കലാകാരനുമെന്ന നിലയില്‍ ഇന്നും ഹൃദയത്തില്‍ അദ്ദേഹത്തിന് പ്രത്യേക സ്ഥാനം സൂക്ഷിക്കുന്നു. രാമു കാര്യാട്ടിന്റെ അസിസ്റ്റന്റായി മദിരാശിയില്‍ എത്തുന്ന കാലത്താണ് എം ബിഎസിനെ പരിചയപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ മദിരാശിയിലെത്തിയെങ്കിലും കാര്യാട്ടിലേക്ക് എത്തുംമുമ്പ് ജോണ്‍ എബ്രഹാമിനെപ്പോലുള്ളവരുടെ ക്യാമ്പില്‍ തങ്ങിയ കാലത്ത്. ജോണിന്റെ അഗ്രഹാരത്തിലെ കഴുതൈയിലെ നായകന്‍ എം ബി എസാണ്. ഞാനപ്പോള്‍ ഏറെക്കുറെ ജോണിന്റെ അസിസ്റ്റന്റിനെപ്പോലെയാണ്. വളരെ ഡിസിപ്ലിന്‍ഡ് ആയ എം ബി എസും അങ്ങനെയല്ലാത്ത ജോണും തമ്മിലുള്ള കോമ്പിനേഷന്‍ ഏറെ പ്രയാസം പിടിച്ചതായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എങ്കിലും ഇരുവരും തമ്മില്‍ വലിയ മാനസിക ഐക്യമുണ്ടായിരുന്നു. ജോണിനോട് എം ബി എസിന് പ്രത്യേക വാത്സല്യവും ആദരവുമായിരുന്നു. ജോണിന്റെ രീതിയനുസരിച്ച് കഴുതൈയുടെ ചിത്രീകരണം സ്വാഭാവികമായും മാസങ്ങളോളം നീണ്ടു. ഒട്ടും അലോസരമില്ലാതെ എം ബിഎസ് അതുമായി ആദ്യവസാനം സഹകരിച്ചു. ചിത്രീകരണ കാലത്ത് മദ്യപിക്കില്ലെന്ന് ജോണിനെക്കൊണ്ട് ഉറപ്പു വാങ്ങിച്ചാണ് എംബി എസ് വേഷമിടാന്‍ തയ്യാറായത്. പലതവണ ജോണ്‍ വാക്കുതെറ്റിച്ചു. എന്നാലും ജോണിനോടുള്ള ഇഷ്ടംകൊണ്ട് സംഗീതമൊക്കെ മാറ്റിവച്ച് വിളിക്കുന്ന സമയത്തൊക്കെ എം ബി എസ് കഴുതൈയില്‍ അഭിനയിക്കാനെത്തി.

സ്വപ്നാടനത്തില്‍ ഗാനങ്ങളില്ലായിരുന്നു. അതിലെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചത് ഭാസ്കര്‍ ചന്ദവാര്‍ക്കറായിരുന്നു. പിന്നീട് ചെയ്ത ഓണപ്പുടവയാണ് എം ബി എസ് സംഗീത സംവിധാനം നിര്‍വഹിച്ച എന്റെ ആദ്യ ചിത്രം. എം ബി എസുമായുള്ള അടുപ്പംകൊണ്ടുമാത്രമായിരുന്നില്ല ആ തീരുമാനം. പിന്നീടുണ്ടായ ചിത്രങ്ങളിലും ഞങ്ങളുടെ കൂട്ടുകെട്ട് തുടര്‍ന്നു. സിനിമയിലെ സംഗീതത്തെക്കുറിച്ചും സംഗീതത്തിന്റെ വ്യാപ്തിയെയും അര്‍ഥതലങ്ങളെയുംകുറിച്ചും ബോധവാനായിരുന്ന എന്നെപ്പോലൊരു സംവിധായകന് അന്ന് എം ബിഎസ് അല്ലാതെ മറ്റൊരു തെരഞ്ഞെടുപ്പ് സാധ്യമല്ലായിരുന്നു. ഒ എന്‍ വി- എം ബി എസ് കൂട്ടുകെട്ടിന്റെ തുടക്കവും ഓണപ്പുടവയിലാണ്. ആ കോമ്പിനേഷനില്‍ മലയാളം എന്നുമോര്‍ക്കുന്ന എണ്ണമറ്റ ഹിറ്റുകള്‍ പിറക്കുന്നത് പില്‍ക്കാലത്ത്് കണ്ടു. എംബി എസുമായുള്ള തന്റെ ബന്ധത്തിലെ പ്രധാന കണ്ണി ജോര്‍ജായിരുന്നെന്ന് ഒ എന്‍ വി പറഞ്ഞിട്ടുണ്ട്. സെല്‍മയെ വിവാഹം ചെയ്യുംമുമ്പ് അവര്‍ പാടിയ എന്റെ ആദ്യ ചിത്രവും ഓണപ്പുടവയാണ്. എം ബി എസുമായി നിരവധി ചിത്രങ്ങളില്‍ വിവാഹത്തിനുമുമ്പും ശേഷവും സഹകരിച്ചിട്ടുള്ള സെല്‍മക്ക് അദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ്. അപ്ലൈഡ് മ്യൂസിക് എന്ന എന്റെ ആശയത്തോട് നൂറു ശതമാനം യോജിപ്പാണ് എം ബി എസിനുണ്ടായിരുന്നത്. സിനിമയില്‍ സംഗീതത്തിന് സ്വതന്ത്രമായ നിലനില്‍പ്പില്ലെന്നും അത് സിനിമയിലെ സന്ദര്‍ഭത്തിനനുസരിച്ച് പ്രയോഗിക്കുന്ന കല മാത്രമാണെന്നും എം ബി എസ് ആവര്‍ത്തിക്കുമായിരുന്നു. ഏതെങ്കിലും പ്രത്യേക ഈണം പ്രയോഗിക്കുന്നതിനെക്കാള്‍ ആ സിനിമയിലെ സന്ദര്‍ഭത്തിനും മൊത്തത്തിലുള്ള ഭാവത്തിനും ഇണങ്ങുന്ന സംഗീതം രചിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. എന്റെ കാഴ്ചപ്പാടുമായി ഏറ്റവും യോജിച്ച അഭിപ്രായമായിരുന്നു അത്. സിനിമയില്‍ ഒന്നും ആവര്‍ത്തിക്കരുതെന്ന അഭിപ്രായക്കാരനായ എനിക്ക് വ്യത്യസ്തമായ സംഗീതം ഓരോ ചിത്രത്തിലൂടെയും അദ്ദേഹം നല്‍കി. അതുകൊണ്ടുതന്നെ പലതും ആവര്‍ത്തിക്കാതിരിക്കാന്‍ എം ബി എസിന്റെ സംഗീതം എനിക്ക് ആവര്‍ത്തിക്കേണ്ടിവന്നു.

ഉള്‍ക്കടലിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ എം ബി എസ് തിരുവനന്തപുരത്ത് വന്നപ്പോഴുണ്ടായ അങ്ങേയറ്റം ദുഃഖകരമായ ഒരു സംഭവം ഓര്‍ക്കുന്നു. കോഴിക്കോട്ടുനിന്ന് ട്രെയിനിലാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് പോന്നത്. യാത്രക്കിടയില്‍ അദ്ദേഹം കയറിയ കമ്പാര്‍ട്ടുമെന്റില്‍നിന്ന് റെയില്‍‌വേ പൊലീസ് കഞ്ചാവ് ചാക്ക് പിടിച്ചു. അത് റെയില്‍വേ പൊലീസിന് കാണിച്ചുകൊടുത്തത് എം ബി എസാണ്. പക്ഷേ പൊലീസിന് എം ബി എസിനെയായി സംശയം. പൊലീസിന് അദ്ദേഹത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നത് പോകട്ടെ, ഒരടിസ്ഥാനവുമില്ലാതെ നിരപരാധിയായ അദ്ദേഹത്തെ ക്രൂശിക്കുകയും ചെയ്തു. ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് എംബി എസിനെ പിടിച്ച് പുറത്തിറക്കി സ്റ്റേഷനില്‍ ഇരുത്തി. പിന്നീടങ്ങോട്ട് വിരട്ടലും ചോദ്യം ചെയ്യലുമായിരുന്നു. ഭേദ്യത്തിനും മുതിര്‍ന്നു. ഇതുപോലുള്ള അനുഭവങ്ങളെയൊക്കെ നേരിടാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ടായിരുന്നങ്കിലും അപ്പോള്‍ അദ്ദേഹം ആ മാനസികാവസ്ഥയിലായിരുന്നില്ല. അദ്ദേഹത്തിന്റെ മകന്‍ മയക്കുമരുന്നിന് അടിപ്പെട്ട വിഷമത്തില്‍ തകര്‍ന്നിരിക്കുന്ന സമയമായിരുന്നു അത്. ഇതിനിടെ സംഭവം കോഴിക്കോട്ടുനിന്ന് എം ബി എസിനെ തീവണ്ടിയില്‍ യാത്രയാക്കിയ എം ടി വാസുദേവന്‍നായര്‍ അറിഞ്ഞു. എം ബി എസിനെ തിരിച്ചറിഞ്ഞ ട്രെയിന്‍ യാത്രികരാരോ ആണ് വിവരം എം ടിയെ അറിയിച്ചത്. തിരുവനന്തപുരത്ത് എം ബി എസിനെ കാത്തുനിന്ന ഞങ്ങളെ വിളിച്ച് എം ടി കാര്യം പറഞ്ഞു. അപ്പോള്‍തന്നെ ഞാനും ഒ എന്‍ വിയും എം ടിയും മുഖ്യമന്ത്രി പി കെ വിയെ വിവരമറിയിച്ചു. അദ്ദേഹം വേഗം പ്രശ്നത്തില്‍ ഇടപെട്ടു. ഞങ്ങള്‍ പോയി പി കെ വിയെ കാണുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തെ വലിയ പോറലേല്‍ക്കാതെ പൊലീസിന്റെ കൈയില്‍നിന്ന് രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. അടുത്ത ട്രെയിനില്‍ തിരുവനന്തപുരത്തെത്തിയ എം ബി എസ് തൊട്ടുമുമ്പുണ്ടായ പ്രശ്നങ്ങളെല്ലാം വേഗത്തില്‍ മറന്ന് സംഗീതം ചിട്ടപ്പെടുത്തുന്ന ജോലിയില്‍ വ്യാപൃതനാകുന്നതാണ് പിന്നീട് കണ്ടത്.

ലാളിത്യമാര്‍ന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. സംഗീതത്തെക്കുറിച്ച് അതില്‍ താല്‍പ്പര്യമുള്ള ആരുമായും ചര്‍ച്ചചെയ്യുമായിരുന്നു. പുതിയ പാട്ടുകാര്‍ക്ക് എപ്പോഴും അവസരം നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എം ബി എസിന് മലയാളം നന്നായി വഴങ്ങിയിരുന്നില്ല. എങ്കിലും വരികളുടെ അര്‍ഥമറിയണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. ചിട്ടപ്പെടുത്തുന്നതിന് മുന്നോടിയായി അത് ചോദിച്ചറിയും. കഥാസന്ദര്‍ഭവും മനസിലാക്കും. സിനിമയുടെ സംവിധായകനുമായി വിശദമായ ചര്‍ച്ചയും നടത്തിയിരുന്നു. ഇതൊക്കെക്കൊണ്ടാകണം എം ബി എസ് ഈണം നല്‍കിയ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ സംഗീതത്തിന്റെ അനന്തമായ അര്‍ഥതലങ്ങളെക്കുറിച്ച് നാം ബോധവാനാകുന്നത്. ഉള്‍ക്കടലിലെ ഗാനങ്ങളാണ് എം ബി എസിലെ സംഗീതപ്രതിഭയെ ആദ്യം മലയാളത്തിന് പരിചയപ്പെടുത്തിയത്. അതില്‍ സെല്‍മ ആലപിച്ച "ശരദിന്ദു മലര്‍ദീപ നാളം നീട്ടീ.." എന്ന ഗാനം എന്റെ ഇഷ്ട സിനിമാ ഗാനവുമായി. കൃഷ്ണ തുളസി കതിരുകള്‍ ചൂടിയൊരശ്രു കുടീരം ഞാന്‍ , നഷ്ടവസന്തത്തില്‍ തപ്ത നിശ്വാസമേ, എന്റെ കടിഞ്ഞൂല്‍ പ്രണയ കഥയിലെ പെണ്‍കൊടീ തുടങ്ങിയ പാട്ടുകള്‍ ഇന്നും പ്രണയത്തിന്റെ ആര്‍ദ്ര ഭാവങ്ങളിലേക്ക് ഗാനാസ്വാദകരെ ഉയര്‍ത്തുന്നു.

സമ്പന്നമായ നാടക കാലത്തിന്റെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഈണമാണ് യവനികയിലെ "ഭരതമുനിയൊരു കളം വരച്ചൂ.." എന്ന ഗാനത്തിന്. ഒരു കാലത്ത് കെപിഎസിയുമായി സഹകരിച്ചിട്ടുള്ള എംബിഎസിന്റെ ആ ഗാനത്തിന് പ്രശസ്തമായ ബലികുടീരങ്ങളെ എന്ന പാട്ടിന്റെ പാറ്റേണ്‍ വന്നത് യാദൃച്ഛികമല്ല. ഗാനങ്ങള്‍ക്ക് ട്രാക്ക് പാടിക്കുന്ന രീതി അദ്ദേഹം കൊണ്ടുവന്നത് സംഗീതലോകത്തേക്ക് കടന്നുവരാന്‍ ആഗ്രഹിച്ച പുതിയ ഗായകര്‍ക്ക് പ്രോത്സാഹനമായിരുന്നു. അത് പിന്നീട് മലയാളത്തില്‍ എല്ലാ സംഗീതജ്ഞരും പിന്തുടര്‍ന്നു. എന്റെ സിനിമകളില്‍ ഗാനങ്ങള്‍ക്ക് വ്യത്യസ്തമായ സംഗീതം പകര്‍ന്നതോടൊപ്പം ശ്രദ്ധേയമായ പശ്ചാത്തല സംഗീതവും എം ബി എസ് നിര്‍വഹിച്ചു. കഥാപാത്രങ്ങളുടെ സ്വഭാവത്തിനും കഥാസന്ദര്‍ഭത്തിനും യോജിച്ച തീം മ്യൂസിക് എന്ന സിനിമയില്‍ വളരെ അപൂര്‍വമായി മാത്രം പ്രയോഗിച്ചു വന്നിരുന്ന ഒരു സമ്പ്രദായത്തെ അദ്ദേഹം ചിട്ടപ്പെടുത്തിയത് പശ്ചാത്തല സംഗീതത്തിന് പുതിയ ഭാവവും അര്‍ഥവും നല്‍കി. സംവിധായകനെന്ന നിലയില്‍ ഞാനുമായി കൂടി ചര്‍ച്ച ചെയ്താണ് തീം മ്യൂസിക് തയ്യാറാക്കിയിരുന്നത്. സമൂഹത്തിലെ മൂന്നു വ്യത്യസ്ത തലങ്ങളില്‍ ജീവിക്കുന്ന മൂന്നു സ്ത്രീകളുടെ കഥ പറയുന്ന ആദാമിന്റെ വാരിയെല്ലില്‍ മൂവര്‍ക്കും വ്യത്യസ്ത തീമുകള്‍ എം ബിഎസ് കൊണ്ടുവന്നു. വാരിയെല്ലില്‍ സൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന് സിംപതറ്റിക് നോട്ടും സുഹാസിനിയുടെ കഥാപാത്രത്തോടൊപ്പം ഇന്ത്യന്‍ - പാശ്ചാത്യ ഇലക്ട്രോണിക് സംഗീതോപകരണങ്ങള്‍ സമന്വയിപ്പിച്ച ഫ്യൂഷനുമാണ് എം ബി എസ് സന്നിവേശിപ്പിച്ചത്.

ശ്രീവിദ്യ അവതരിപ്പിച്ച കഥാപാത്രത്തിന് ഏറ്റവും ഇണങ്ങിയ കൂള്‍ ജാസ് എന്ന് അദ്ദേഹം വിശേഷിപ്പിച്ച സംഗീത ശകലങ്ങളായിരുന്നു അകമ്പടിയായത്. അത് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. എന്നാല്‍ ഇരകളില്‍ എന്റെകൂടി അഭിപ്രായം പരിഗണിച്ച് അദ്ദേഹം തയ്യാറാക്കിയ പശ്ചാത്തല സംഗീതം അത്ര നന്നായില്ലെന്ന് സിനിമ കണ്ടപ്പോള്‍ തോന്നി. സംഗീതത്തിലെ പുരോഗമന ചിന്ത അദ്ദേഹം തന്റെ ജീവിതത്തിലും പകര്‍ത്തി. ആന്ധ്രയിലെ ബ്രാഹ്മണ കുടുംബാംഗമായ എം ബി എസ് വിവാഹം ചെയ്തത് ഒരു മുസ്ലിം പെണ്‍കുട്ടിയെയാണ്. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന കിച്ച്ഡുവിന്റെ മകള്‍ സഹീദയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. ഇവരുടെ ഏക മകനായിരുന്നു കബീര്‍ . അച്ഛന്റെ സംഗീത പാരമ്പര്യം കുറെയൊക്കെ മകന് കിട്ടിയെങ്കിലും അതൊന്നും ഫലപ്രദമായി പ്രയോജനപ്പെടുത്താനായില്ല. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിനിടെ കബീര്‍ മയക്കുമരുന്നിന് അടിമയായി മാനസിക രോഗിയായി മാറി. അത് എം ബിഎസിനെ കുറച്ചൊന്നുമല്ല വേട്ടയാടിയിരുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെയും ഇന്ത്യയില്‍ ശക്തിപ്രാപിച്ച ഇടത് മുന്നേറ്റത്തിന്റെയും ഭാഗമായി വളര്‍ന്ന എം ബി എസ് പുരോഗമന കലയുടെ വക്താവായി നല്‍കിയ അതുല്യ സംഭാവനകളെ ഓര്‍ത്താകണം പി ഭാസ്കരന്‍ അദ്ദേഹത്തെ പാടുന്ന പന്തം എന്ന് വിശേഷിപ്പിച്ചത്. എന്റെ സിനിമാ-വ്യക്തി ജീവിതത്തെ സ്വാധീനിച്ച ആ മഹാപ്രതിഭക്ക് നമോവാകം.

*
കെ ജി ജോര്‍ജ് /തയ്യാറാക്കിയത് എം എസ് അശോകന്‍

ദേശാഭിമാനി വാരിക 12 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പാടുന്ന പന്തം എന്ന് പി ഭാസ്കരന്‍ വിശേഷിപ്പിച്ച വിഖ്യാത സംഗീതജ്ഞന്‍ എം ബി ശ്രീനിവാസനും ഞാനുമായുള്ള ബന്ധം സമാനതകളില്ലാത്തതായിരുന്നു. ഹൃദയബന്ധം സൂക്ഷിച്ച സുഹൃത്ത്, വഴികാട്ടി, ഗുരുതുല്യന്‍ എന്നുവേണ്ട ഞങ്ങളുടെ ബന്ധത്തെ നിര്‍വചിക്കുക അസാധ്യം. സിനിമാ സംവിധായകന്‍ എന്ന നിലയില്‍ എന്നെ രൂപപ്പെടുത്തുന്നതില്‍ എം ബി എസിന് പങ്കുണ്ട്. സംഗീതജ്ഞന്‍ എന്നതിനപ്പുറത്ത് വ്യാപരിച്ച അദ്ദേഹത്തിന്റെ മനുഷ്യസ്നേഹത്തില്‍ അധിഷ്ഠിതമായ ധിഷണയുടെയും വ്യക്തിവൈശിഷ്ട്യത്തിന്റെയും സ്പര്‍ശം അനുഭവിക്കാത്തവര്‍ അക്കാലത്ത് സിനിമാലോകത്തുണ്ടായിരുന്നില്ല.