യാഥാസ്ഥിതിക മുസ്ലിംകുടുംബത്തിലെ ജീവിതത്തില്‍നിന്ന് എഴുത്തുകാരിയിലേക്കുള്ള ദൂരം ഓര്‍മകളാല്‍ അളക്കുകയാണ് മലയാളിയായ ഉര്‍ദു നോവലിസ്റ്റ് സുലൈഖ ഹുസൈന്‍
"വിവാഹത്തിനുമുമ്പുള്ള എന്റെ ജീവിതത്തെ ഞാനൊട്ടും ഇഷ്ടപ്പെടുന്നില്ല. സമ്പന്നതയ്ക്കുനടുവിലും ജയിലില്‍ പിടിച്ചിട്ടതുപോലെയായിരുന്നു. മതപാഠശാലയിലെ ക്ലാസുകള്‍ കഴിഞ്ഞാല്‍പ്പിന്നെ ഒറ്റയ്ക്ക് വീട്ടില്‍ ചുറ്റിത്തിരിയും. അക്കാലത്ത് ഉര്‍ദു മാസികകളുടെ രൂപത്തിലാണ് സാഹിത്യത്തിലേക്കുള്ള വഴി തുറക്കുന്നത്. വിവാഹശേഷമാണ് നിബന്ധനകള്‍ക്കു വിധേയമായിട്ടാണെങ്കിലും എഴുതാന്‍ സ്വാതന്ത്ര്യമുണ്ടായത്". യാഥാസ്ഥിതിക കുടുംബത്തിലെ മുസ്ലിംപെണ്‍കുട്ടിയുടെ ജീവിതത്തില്‍നിന്ന് എഴുത്തുകാരിയിലേക്കുള്ള ദൂരം ഓര്‍മകളാല്‍ അളക്കുകയാണ് സുലൈഖ ഹുസൈന്‍ എന്ന മലയാളിയായ ഉര്‍ദു നോവലിസ്റ്റ്. മുപ്പത്തഞ്ചോളം നോവല്‍ എഴുതിയിട്ടും എണ്‍പത്തിരണ്ടാമത്തെ വയസ്സിലും വേണ്ടത്ര അംഗീകരിക്കപ്പെടാതെ മുഖ്യധാരയില്‍നിന്നകന്ന് എറണാകുളം വടുതലയിലെ വീട്ടില്‍ ദുരിതജീവിതം തള്ളുകയാണിവര്‍ .
1930ല്‍ മട്ടാഞ്ചേരിയിലെ കച്ചവടക്കാരനായ ഹാജി അബ്ദുല്ല അഹമ്മദ് സേഠിന്റെയും മറിയംബീവിയുടെയും മകളായി കച്ചി മേമന്‍ കുടുംബത്തിലാണ് സുലൈഖയുടെ ജനനം. വീടിനുള്ളിലെ അസ്വാതന്ത്ര്യം വല്ലാതെ അലട്ടി. ഉറക്കെ ചിരിക്കാന്‍പോലും വിലക്ക്. വീട്ടില്‍ കച്ചിഭാഷ സംസാരിച്ചിരുന്ന അവര്‍ ചെറുപ്പത്തില്‍ത്തന്നെ മദ്രസയില്‍നിന്ന് ഉര്‍ദുവിലും അറബിയിലും മലയാളത്തിലും പ്രാവീണ്യം നേടി. നേടിയ ഏക വിദ്യാഭ്യാസവും ഇതുതന്നെ. ഒരുകണക്കിന് വീട്ടിലെ "തടവില്‍"നിന്നുള്ള മോചനമായിരുന്നു ഈ ക്ലാസ്. കുഞ്ഞു സുലൈഖ കുത്തിക്കുറിച്ച കവിതകളില്‍ കഥയുണ്ടെന്ന് ആദ്യം കണ്ടെത്തിയത് മാതൃപിതാവായ ജാനി സേഠായിരുന്നു. പതിനഞ്ചാമത്തെ വയസ്സില്‍ എറണാകുളം സ്വദേശി ഹുസൈന്‍ സേഠിനെ വിവാഹംകഴിച്ചതോടെയാണ് ജീവിതത്തില്‍ വഴിത്തിരിവുണ്ടായത്. സാഹിത്യതല്‍പ്പരനായ ഭര്‍ത്താവ് കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിച്ചതോടെ സുലൈഖ എന്ന എഴുത്തുകാരിക്ക് ചിറകു മുളച്ചു. തന്റെ സൃഷ്ടിയുടെ ആദ്യവായനക്കാരിലൊരാള്‍ ഭര്‍ത്താവായിരുന്നു. കുടുംബത്തില്‍നിന്നുണ്ടായ എതിര്‍പ്പിനെ അതിജീവിക്കാന്‍ സുലൈഖയ്ക്ക് കരുത്തായി മരിക്കുന്നതുവരെ അദ്ദേഹം ഒപ്പംനിന്നു.
മുസ്ലിംസ്ത്രീകള്‍ക്ക് എഴുത്ത് നിഷിദ്ധമായിരുന്ന കാലത്താണ് സുലൈഖയുടെ സൃഷ്ടികള്‍ പുറംലോകമറിയുന്നത്. 1950ല്‍ ഇരുപതാമത്തെ വയസ്സില്‍ ഡല്‍ഹി ആസ്ഥാനമായുള്ള ചമന്‍ ബുക്ക് ഡിപ്പോയാണ് "മേരേ സനം" (എന്റെ പ്രിയതമ) എന്ന ആദ്യനോവല്‍ പ്രസിദ്ധീകരിച്ചത്. പുസ്തകത്തില്‍ മേല്‍വിലാസവും ഫോട്ടോയും കൊടുക്കരുതെന്ന വല്യുമ്മ ആസിയാബായിയുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്ന് അതൊഴിവാക്കി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. "തന്റെ നോവല്‍ അച്ചടിച്ചുകാണുന്നതിലുള്ള സന്തോഷത്തില്‍ എന്തു വിട്ടുവീഴ്ചയ്ക്കും ഒരുക്കമായിരുന്നു"വെന്ന് സുലൈഖ. വടക്കേ ഇന്ത്യയുടെ പശ്ചാത്തലത്തില്‍ സ്ത്രീയുടെ പ്രണയവും വിരഹവും ഏകാന്തതയും പ്രമേയമാക്കി രചിച്ച പുസ്തകം വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടതോടെയാണ് ആത്മവിശ്വാസം ലഭിച്ചതെന്ന് സുലൈഖ.
നോവലുകള്‍ പ്രശസ്തമായതോടെ പുരസ്കാരങ്ങളും തേടിയെത്തി. ഒരിക്കല്‍ പുരസ്കാരം സ്വീകരിക്കാനായി ഡല്‍ഹിയിലേക്കുള്ള യാത്രയുടെ അവസാനഘട്ടംവരെ എത്തിയെങ്കിലും കുടുംബത്തിലെ എതിര്‍പ്പിനെത്തുടര്‍ന്ന് ആ മോഹവും ഉപേക്ഷിക്കേണ്ടിവന്നു. തന്റെ സര്‍ഗസൃഷ്ടികള്‍ക്ക് പശ്ചാത്തലമൊരുക്കിയ സ്വപ്നഭൂമികയിലേക്ക് യാത്രപോകാന്‍ പിന്നീടൊരിക്കലും അവര്‍ക്കായില്ല. സംഘാടകര്‍ അയച്ചുകൊടുത്ത ടിക്കറ്റ് മടക്കിയയച്ചുകൊടുക്കേണ്ടിവന്നത് നോവായി ഇന്നും ശേഷിക്കുന്നു.
1950 മുതല്‍ 1990 വരെയാണ് ഇവരുടെ എഴുത്തുകാലം. ഭര്‍ത്താവൊഴികെ കുടുംബത്തിലാരും ഇവ വായിച്ചിട്ടില്ല. മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊന്നും ഉര്‍ദു അറിയാത്തതാണ് പ്രശ്നം. നോവലുകള്‍ മലയാളത്തില്‍ വിവര്‍ത്തനംചെയ്തു പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും ഭാഷ തടസ്സമാകുന്നു. 1970ല്‍ രചിച്ച ഏറെ ശ്രദ്ധേയമായ "താരീഖിയോം കെ ബാദ്" (ഇരുട്ടിനുശേഷം) പ്രശസ്ത പരിഭാഷകന്‍ രവിവര്‍മ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതാണ് ഏക അപവാദം. 1981ല്‍ വിദ്യാര്‍ഥിമിത്രം പബ്ലിക്കേഷന്‍സ് "ഇരുട്ടിനുശേഷം" എന്ന പേരിലാണ് അതു പ്രസിദ്ധീകരിച്ചത്. "നസീബ് നസീബ് കി ബാത്തേ" (ഭാഗ്യത്തിന്റെ കാര്യങ്ങള്‍) എന്ന നോവലില്‍ ആലപ്പുഴയെയും കേരളത്തെയും കുറിച്ചുള്ള പരാമര്‍ശമുണ്ട്.
1989ല്‍ പ്രസിദ്ധീകരിച്ച രാഹ് അകേലി (ഏകാന്ത പഥിക)യാണ് ഏറ്റവും ഇഷ്ടപ്പെട്ട നോവല്‍ . ഒറ്റപ്പെട്ട ഇപ്പോഴത്തെ ജീവിതാവസ്ഥയോടുള്ള സാമ്യതയാണ് ഈ പ്രിയത്തിനു കാരണം. ചെറുപ്പത്തില്‍ത്തന്നെ മാനസികരോഗിയായ ഇളയമകള്‍ ശമാബായി സുലൈഖയ്ക്ക് എന്നും ഒരു നോവായിരുന്നു. മകന്റെയും മൂത്തമകളുടെയും വിവാഹശേഷം ഭര്‍ത്താവും ഇളയമകളും സുലൈഖയുമൊത്തായിരുന്നു താമസം. പത്തുവര്‍ഷം മുമ്പ് അദ്ദേഹം മരിച്ചതോടെ അമ്മയും മകളും വീട്ടില്‍ തനിച്ചായി. ഏകമകന്‍ ഫറൂഖിന്റെയും മകളുടെയും മരണവുംകൂടിയായതോടെ ജീവിതം പൂര്‍ണ ഏകാന്തതയിലാഴ്ന്നു. വടുതല ഡോണ്‍ബോസ്കോയ്ക്കുസമീപമുള്ള വീട്ടില്‍ നാല്‍പ്പതാം വയസ്സിലും നാലുവയസ്സിന്റെ വാശികാണിക്കുന്ന ശമയെ പരിചരിച്ചും ഇടറിയിടറി നടന്ന് വീട്ടുജോലികള്‍ ചെയ്തും ഇടയ്ക്കിടയ്ക്ക് പഴയ ഹിന്ദിസിനിമകള്‍ കണ്ടും ഇവര്‍ ജീവിക്കുകയാണ്. തന്റെതന്നെ നോവലിലെ ഒരു ദുരന്തനായികയെപ്പോലെ.
*
അനിത പ്രഭാകരന്‍ ദേശാഭിമാനി
Sunday, February 5, 2012
Subscribe to:
Post Comments (Atom)
1 comment:

Post a Comment