സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടുമായി ഡോ. ടി എന്‍ സീമ എംപി നടത്തിയ അഭിമുഖം
ടി എന്‍ സീമ: ഇന്ത്യയില്‍ സ്ത്രീകള്‍ക്കിടയില്‍ ഇന്ന് നിരവധി ഗ്രൂപ്പുകളും സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. സ്ത്രീകളുടെ അവസ്ഥയില്‍ മാറ്റംവരുത്താന്‍ എത്രമാത്രം പര്യാപ്തമാണ് ഈ ഇടപെടലുകള്‍ ?
വൃന്ദ കാരാട്ട്: രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥിതിയെ വെല്ലുവിളിക്കാതെ സ്ത്രീജീവിതത്തില്‍ കാതലായ മാറ്റംവരുത്താനാകില്ല. നമ്മുടെ രാജ്യത്ത് നിരവധി വനിതാ ഗ്രൂപ്പുകള്‍ സ്ത്രീകള്‍ക്കിടയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. സ്ത്രീകളെ സാമ്പത്തികസ്വാശ്രയത്വമുള്ളവരാക്കി മാറ്റാനുതകുന്ന രീതിയിലുള്ള തൊഴില്‍പരിശീലനം, ഭരണകാര്യങ്ങളില്‍ നൈപുണ്യം നേടാനായുള്ള പരിശീലനം തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനപരിപാടികള്‍ ഇവര്‍ക്കുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നുണ്ടെന്നത് അംഗീകരിക്കണം. എന്നാല്‍ , അതിന് ചില പരിമിതികളുണ്ട്. നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥിതിയിലെ സ്ത്രീവിരുദ്ധതയെ ചോദ്യംചെയ്യുന്നതോ സ്ത്രീകളുടെ അടിച്ചമര്‍ത്തലിനെ മഹത്വവല്‍ക്കരിക്കുന്ന മൂല്യങ്ങളെ തിരുത്തുന്നതോ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമല്ല. വീടിനുപുറത്ത് എന്ത് തൊഴില്‍ ചെയ്താലും കുടുംബത്തിനകത്ത് വീട്ടമ്മയെന്ന ധര്‍മങ്ങള്‍ തൃപ്തികരമായി പൂര്‍ത്തീകരിക്കുന്ന സ്ത്രീയെയാണ് നമ്മുടെ സമൂഹം ഉത്തമസ്ത്രീയായി കാണുന്നത്. ഇത്തരം ധാരണകളെ വെല്ലുവിളിക്കാതെ വ്യവസ്ഥിതിയുമായി ഒത്തുതീര്‍പ്പുണ്ടാക്കി സ്ത്രീമുന്നേറ്റം സാധ്യമല്ല.
സ്ത്രീയെന്ന നിലയില്‍മാത്രമല്ല, പൗര എന്നനിലയില്‍ സമൂഹത്തെ ബാധിക്കുന്ന ഏത് വിഷയങ്ങളിലും ഇടപെടാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യമാണ് സ്ത്രീസമൂഹത്തിന് വേണ്ടത്. പൗരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അവകാശബോധവും അതിനായുള്ള പോരാട്ടവും വളര്‍ത്തുകയെന്നതാണ് മഹിളാ അസോസിയേഷനടക്കമുള്ള ഇടതുപക്ഷ മഹിളാപ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്ന ഉത്തരവാദിത്തം. ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥിതിയില്‍ ഉദാരവല്‍ക്കരണത്തിന്റെ വൃത്തികെട്ട മുഖം പ്രതിഫലിക്കുന്നുണ്ട്. ഇത് ഏറ്റവും തീവ്രമായി ബാധിക്കുന്നത് ഇന്ത്യയിലെ ദരിദ്രരായ സ്ത്രീകളെയാണ്. അതുകൊണ്ടുതന്നെ ദരിദ്രസ്ത്രീകളുടെയും ദളിത്- ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെയും പ്രശ്നങ്ങള്‍ ഏറ്റവും മുഖ്യമാണ്.
ടി എന്‍ സീമ: ആഗോളവല്‍ക്കരണം സ്ത്രീകളെ ആധുനികവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുവെന്നാണല്ലോ ഒരു വാദം?
വൃന്ദ കാരാട്ട്: ഫ്യൂഡല്‍ പിതൃമേധാവിത്വമൂല്യങ്ങള്‍ക്കും പുരുഷാധിപത്യ അധികാരബന്ധങ്ങള്‍ക്കും എതിരായ പോരാട്ടത്തില്‍ സ്ത്രീശരീരം കേന്ദ്രവിഷയമാകാറുണ്ട്. കേരളത്തിലെ ചരിത്രപ്രസിദ്ധമായ മാറുമറയ്ക്കല്‍സമരം, മറക്കുടയ്ക്കെതിരായ സമരം എന്നിവയിലൊക്കെ സ്ത്രീയുടെ ശരീരം, സഞ്ചാരം എന്നിവ വിഷയമായി. എന്നാല്‍ , ആഗോളവല്‍ക്കരണകാലത്ത് സ്ത്രീശരീരത്തെ സ്വതന്ത്രമാക്കാന്‍വേണ്ടി ഉയര്‍ത്തുന്ന ആശയങ്ങള്‍ ചൂഷണത്തിന്റെ മറ്റൊരു കെണിയാണ്. മോഡേണായി വേഷം ധരിക്കണം, ശരീരത്തെ സ്വതന്ത്രമാക്കണം, സ്വതന്ത്രമായ ലൈംഗികബന്ധങ്ങള്‍ പുലര്‍ത്തണം തുടങ്ങിയ പുതിയ കുറിപ്പടികള്‍ അനുസരിച്ചാലേ ആധുനികസ്ത്രീയായി മാറൂ എന്നാണ് മുതലാളിത്തം പറയുന്നത്. ഇതൊന്നും ചെയ്തില്ലെങ്കില്‍ നിങ്ങള്‍ ആധുനികയല്ല, തികച്ചും സ്ത്രീവിരുദ്ധമായ വൃത്തികെട്ട തമാശകള്‍കേട്ട് ചിരിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് നര്‍മബോധം കുറവാണെന്നൊക്കെയാണ് ആക്ഷേപം. വാസ്തവത്തില്‍ ഫ്യൂഡല്‍ മൂല്യങ്ങള്‍ക്കെതിരായ പോരാട്ടമല്ല ഇത്; സ്ത്രീശരീരത്തെ ഭോഗവസ്തുവാക്കുന്ന പരമ്പരാഗത പുരുഷാധിപത്യധാരണകളുടെ മുതലാളിത്തപ്രയോഗം മാത്രമാണ്. എന്തുവേഷം ധരിക്കണം, എങ്ങനെ മറ്റുള്ളവര്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെടണം എന്നൊക്കെ തീരുമാനിക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ് സ്ത്രീകള്‍ക്കുവേണ്ടത്. ഫ്യൂഡല്‍ ഇമേജിനുപകരം കമ്പോളത്തിനനുയോജ്യമായ മുതലാളിത്ത ഇമേജ് സ്ത്രീയുടെ വളര്‍ച്ചയെയല്ല, ചൂഷണത്തിന്റെ പുതിയ കെണികളെയാണ് കാണിക്കുന്നത്.
ടി എന്‍ സീമ: മന്ത്രിമാര്‍ , എംഎല്‍എമാര്‍ തുടങ്ങി നിര്‍ണായക പദവികളിലുള്ളവര്‍ പ്രതികളാകുന്ന സ്ത്രീപീഡനങ്ങളുടെ വാര്‍ത്തകള്‍ ധാരാളമായി കേള്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തെ എങ്ങനെ നേരിടാനാകും?
വൃന്ദ കാരാട്ട്: നോക്കൂ, നമ്മുടെ രാജ്യത്ത് അതിമനോഹരമായ ഒരു പാര്‍ലമെന്റ് മന്ദിരമുണ്ട്. അത്യധികം ആകര്‍ഷകങ്ങളായ നിയമസഭാമന്ദിരങ്ങളുണ്ട്. കേരളത്തിലെ വളരെ മനോഹരമായ നിയമസഭാമന്ദിരം ഇന്നലെയാണ് ഞാന്‍ ആദ്യമായി സന്ദര്‍ശിച്ചത്. കര്‍ണാടകത്തിലെ നിയമസഭാമന്ദിരവും അതിമനോഹരമാണ്. എന്നാല്‍ , ഭരണസിരാകേന്ദ്രങ്ങളായ ഈ മനോഹരമന്ദിരങ്ങള്‍ക്കുള്ളില്‍ അത്യധികം മ്ലേച്ഛമായ കാര്യങ്ങള്‍ നടക്കുന്നുവെന്നത് നാണക്കേടുണ്ടാക്കുന്നതാണ്. കര്‍ണാടക അസംബ്ലിയില്‍ ബിജെപി മന്ത്രിസഭയിലെ മൂന്നു മന്ത്രിമാര്‍ മൊബൈല്‍ഫോണില്‍ സ്ത്രീകളുടെ നഗ്നചിത്രം കണ്ട് ആസ്വദിച്ചത് രാജികൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണോ? രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രിസഭയിലെ സീനിയര്‍ മന്ത്രി, ഒരു ദളിത്സ്ത്രീയെ ലൈംഗികമായി ചൂഷണംചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ്. യുപിയിലെ ബിഎസ്പി, സമാജ്വാദി പാര്‍ടിയിലെ പല എംഎല്‍എമാരും ചില എംപിമാരും സ്ത്രീപീഡനക്കേസുകളില്‍ പ്രതികളാണ്. ഒഡിഷയിലെ ബിജെപി മന്ത്രി ബലാത്സംഗക്കേസിലെ പ്രതിക്ക് അഭയം നല്‍കി. കേരളത്തിലെ യുഡിഎഫ് മന്ത്രിസഭയിലെ ഒരു മന്ത്രി പെണ്‍വാണിഭക്കേസില്‍ ആരോപണം നേരിടുന്നു. ജനാധിപത്യവ്യവസ്ഥയ്ക്ക് അപമാനമാണ് ഈ സ്ഥിതി. രാഷ്ട്രീയത്തിലെ വര്‍ധിക്കുന്ന ക്രിമിനല്‍വല്‍ക്കരണമാണ് ഇത് കാണിക്കുന്നത്. രാഷ്ട്രീയത്തിലെ ഇത്തരം ക്രിമിനല്‍പ്രവണതകള്‍ ഒരിക്കലും അംഗീകരിക്കാനോ ന്യായീകരിക്കാനോ ആകില്ല. രാഷ്ട്രീയവ്യത്യാസങ്ങള്‍ക്കതീതമായി, സ്ത്രീകളെ അധിക്ഷേപിക്കുന്ന പ്രവണതകള്‍ക്കെതിരെ പോരാടുന്നതിന് ഇടതുപക്ഷപാര്‍ടികള്‍ സവിശേഷ ജാഗ്രത കാണിക്കണം. ആ ഉത്തരവാദിത്തം ഇന്ത്യയില്‍ ഇടതുപക്ഷപാര്‍ടികള്‍ക്കുമാത്രമേ ഏറ്റെടുക്കാനാകൂ. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം സ്ത്രീമുന്നേറ്റത്തിനായുള്ള പോരാട്ടം സാമൂഹ്യമാറ്റത്തിനായുള്ള പോരാട്ടത്തിന്റെ ഭാഗംതന്നെയാണ്.
*
ദേശാഭിമാനി 10 ഫെബ്രുവരി 2012
Subscribe to:
Post Comments (Atom)
1 comment:

Post a Comment