Thursday, February 16, 2012

കോര്‍പറേറ്റുകളെ ചെറുക്കുക പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കുക

"സാമ്രാജ്യത്വം തുലയട്ടെ, ജന്മിത്വം അവസാനിപ്പിക്കുക, മാനേജ്മെന്റ് സമ്പ്രദായം അവസാനിപ്പിക്കുക" തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി 1931ല്‍ മലബാറില്‍ ആരംഭിച്ച അധ്യാപകപ്രസ്ഥാനം 80 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. സാമ്രാജ്യത്വ വിരുദ്ധപോരാട്ടത്തിന്റെ പൈതൃകം ഉള്‍ക്കൊള്ളുന്ന ഏക അധ്യാപകപ്രസ്ഥാനം കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷനാണ് (കെഎസ്ടിഎ). സാമൂഹികവളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനും ആഗോളവല്‍ക്കരണനയങ്ങള്‍ അതിവേഗം നടപ്പാക്കാനുമുള്ള യുഡിഎഫ് നയത്തിനെതിരെ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുന്നതാകും ഫെബ്രുവരി 16 മുതല്‍ 18 വരെ കോട്ടയത്ത് നടക്കുന്ന കെഎസ്ടിഎയുടെ 21-ാം സംസ്ഥാന സമ്മേളനം.

എട്ടാം ക്ലാസുവരെയുള്ള സ്കൂള്‍വിദ്യാഭ്യാസം കേന്ദ്രസര്‍ക്കാര്‍ അവകാശമായി പ്രഖ്യാപിക്കുന്നതിന് അരനൂറ്റാണ്ട് മുമ്പ് 10-ാം തരംവരെയുള്ള വിദ്യാഭ്യാസം സൗജന്യവും സാര്‍വത്രികവുമാക്കിയ സംസ്ഥാനമാണ് കേരളം. കേരളം രൂപീകരിക്കുമ്പോള്‍തന്നെ പ്രൈമറി വിദ്യാഭ്യാസം ഏറെക്കുറെ സൗജന്യവും സാര്‍വത്രികവുമായികഴിഞ്ഞിരുന്നു. 1957ല്‍ ഇ എം എസ് സര്‍ക്കാര്‍ കൊണ്ടുവന്ന കേരള വിദ്യാഭ്യാസനിയമവും ചട്ടങ്ങളുമാണ് (കെഇഎആര്‍) ഇന്ത്യക്കാകെ മാതൃകയായി നമ്മുടെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന് അടിത്തറയിട്ടത്. 1967ലെ സര്‍ക്കാര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമാക്കി. 1980ല്‍ അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാരാണ് എല്ലാ പഞ്ചായത്തുകളിലും ഹൈസ്കൂള്‍ ഉറപ്പാക്കിയത്. 1996-2001ലും 2006-2011ലും അധികാരത്തിലിരുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ 12-ാം തരംവരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കി. ഏറെക്കുറെ എല്ലാ പഞ്ചായത്തുകളിലും ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങള്‍ ആരംഭിച്ചു. 12-ാംതരംവരെയുള്ള വിദ്യാഭ്യാസം അവകാശമായി പ്രഖ്യാപിക്കാന്‍ കഴിയുന്ന സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്.

അഞ്ച് വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് വിദ്യാഭ്യാസരംഗത്ത് നടപ്പാക്കിയ പരിഷ്കരണങ്ങളുടെ ഭാഗമായി ഗുണനിലവാരത്തില്‍ പിന്നിലാണെന്ന വിമര്‍ശത്തിന് പരിഹാരമുണ്ടാക്കാനും മറ്റേതൊരു സംസ്ഥാനത്തേക്കാളും മുന്നിലെത്താനും കഴിഞ്ഞു. "ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം" (ക്യുഇപിആര്‍) എന്ന പദ്ധതിയിലൂടെ പിന്നോക്കംനിന്നിരുന്ന സ്കൂളുകളുടെ പഠനനിലവാരം മെച്ചപ്പെടുത്താനും എസ്എസ്എല്‍സി പരീക്ഷാവിജയം 90 ശതമാനത്തിന് മുകളിലാക്കാനും കഴിഞ്ഞിട്ടുണ്ട്. പൊതുവിദ്യാലയങ്ങളില്‍ 50 ലക്ഷം കുട്ടികള്‍ക്ക് പഠിക്കാന്‍ ക്ലാസ് മുറികളും 1,61,000 അധ്യാപകരുമുള്ള കേരളത്തില്‍ പുതിയ സ്കൂളുകള്‍ ആവശ്യമില്ല എന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
എന്‍സിഇആര്‍ടി-സിബിഎസ്ഇ സിലബസിനേക്കാള്‍ ഉള്ളടക്കത്തിലും പഠന പ്രവര്‍ത്തനത്തിലും മികവാര്‍ന്ന നിലയില്‍ സിലബസും പാഠപുസ്തകങ്ങളും തയ്യാറാക്കാന്‍ കഴിഞ്ഞു. 12-ാം തരംവരെയുള്ള കുട്ടികള്‍ക്ക് ആവശ്യമായ പാഠപുസ്തകങ്ങള്‍ സര്‍ക്കാര്‍തന്നെ കുറഞ്ഞ നിരക്കില്‍ അച്ചടിച്ചുനല്‍കുന്ന (8-ാം ക്ലാസുവരെ എല്ലാ കുട്ടികള്‍ക്കും സൗജന്യം) ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ഐടി അധിഷ്ഠിത പഠനം നിലനില്‍ക്കുന്നതും എസ്എസ്എല്‍സിക്ക് ആദ്യമായി ഗ്രേഡിങ് സമ്പ്രദായം നിലവില്‍വന്നതും കേരളത്തിലാണ്. കുട്ടികളുടെ പഠനത്തിനുമാത്രം ഒരു സമ്പൂര്‍ണചാനല്‍ 18 മണിക്കൂറും സംപ്രേഷണം നടത്തുന്ന ഏക സംസ്ഥാനവും കേരളമാണ്. കഴിഞ്ഞ മൂന്നുവര്‍ഷക്കാലമായി കേരളത്തിലെ വിദ്യാലയങ്ങളില്‍ ഹൈസ്കൂള്‍ ക്ലാസില്‍ കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്. 2009-10ല്‍ 5000 കുട്ടികളും 2010-11ല്‍ 8000 കുട്ടികളും 2011-12ല്‍ 11,234 കുട്ടികളും അധികമായി പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നു.

പൊതുവിദ്യാലയങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയിരുന്ന എല്ലാ പദ്ധതികളും കഴിഞ്ഞ എട്ടുമാസമായി കേരളം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. സിബിഎസ്ഇ സ്കൂളുകള്‍ക്ക് യഥേഷ്ടം എന്‍ഒസി കൊടുക്കുകയാണ്. 2012 ജൂണ്‍വരെ അപേക്ഷ സ്വീകരിക്കാനും വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടായിരത്തോളം സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാനും തീരുമാനിച്ചു. ചരിത്രത്തില്‍ ആദ്യമായി എവറോണ്‍ , വിപ്രോ തുടങ്ങിയ വന്‍കിട കോര്‍പറേറ്റു സ്ഥാപനങ്ങള്‍ക്ക് കേരളത്തില്‍ സ്കൂളുകള്‍ തുടങ്ങാന്‍ അവസരം നല്‍കിയിരിക്കുകയാണ്. പൊതു-സ്വകാര്യപങ്കാളിത്തത്തോടെ കേന്ദ്രസര്‍ക്കാര്‍ 12-ാം പദ്ധതിക്കാലത്ത് 2500 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ കേരളത്തില്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പകുതിയും അടച്ചുപൂട്ടേണ്ടിവരും എന്നതാണ് ഇതിന്റെ ഫലം. 100 കുട്ടികളില്ലാത്ത നാലായിരത്തോളം സ്കൂളുകള്‍ ഇപ്പോള്‍തന്നെ നിലവിലുണ്ട്. അനധികൃതവിദ്യാലയങ്ങള്‍ക്ക് അംഗീകാരം കിട്ടുന്നതോടെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ വന്‍കുറവുണ്ടാകും.

പാക്കേജിന്റെ പേരില്‍ കുട്ടികളുടെ തലയെണ്ണല്‍ അവസാനിപ്പിച്ചു എന്ന പ്രഖ്യാപനം കുട്ടികളുടെ കുറവ് പ്രത്യക്ഷത്തില്‍ അറിയാതിരിക്കാനുള്ള സര്‍ക്കാരിന്റെ കബിളിപ്പിക്കല്‍ തന്ത്രമാണ്. യുഐഡി കണക്കെടുപ്പിന്റെ മുന്നോടിയായി നടക്കുന്ന വിവരശേഖരണത്തില്‍തന്നെ കുട്ടികളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. 40 ലക്ഷം കുട്ടികളുണ്ടായിരുന്ന പൊതുവിദ്യാലയങ്ങളില്‍ 2013-14ല്‍ തസ്തിക നിര്‍ണയം വരുമ്പോള്‍ 30 ലക്ഷത്തിന് താഴെയായി കുറയാനാണു സാധ്യത. അധ്യാപകര്‍ക്ക് നിലവിലുണ്ടായിരുന്ന പ്രൊട്ടക്ഷന്‍ ആനുകൂല്യം പാക്കേജിലൂടെ നിര്‍ത്തലാക്കി. സ്പെഷ്യലിസ്റ്റ് അധ്യാപകരെ സ്കൂളുകളില്‍നിന്നും പുറത്താക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിനനുയോജ്യമായി വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കാനുള്ള സബ്റൂളുകള്‍ വിജ്ഞാപനംചെയ്തതിന്റെ ഫലമായിട്ടാണ് അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറഞ്ഞത്. അതിന്റെ ഫലമായുണ്ടാകുന്ന അയ്യായിരത്തോളം തസ്തികകളില്‍ നാലായിരത്തിലധികവും മാനേജര്‍മാര്‍ക്ക് വന്‍കോഴപ്പണം വാങ്ങി നിയമനം നടത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുകയാണ്. ഘടനാപരമായ മാറ്റം ഒറ്റയടിക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാന്‍ പോവുകയാണ്.

നല്ലനിലയില്‍ നടന്നിരുന്ന പരീക്ഷകളെ ഓണപ്പരീക്ഷയുടെ പേരില്‍ പ്രഹസനമാക്കി. ഗ്രേഡിങ് രീതിയും എസ്എസ്എല്‍സി പൊതുപരീക്ഷയും നിര്‍ത്തലാക്കാനുള്ള ആലോചനയിലാണ്. അക്കാദമിക രംഗത്തെ പ്രഗത്ഭമതികള്‍ അംഗങ്ങളായിരുന്ന കരിക്കുലം കമ്മിറ്റി പിരിച്ചുവിട്ടു. അനര്‍ഹരെയും പാര്‍ശ്വവര്‍ത്തികളെയും ഉള്‍പ്പെടുത്തി കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പ്രൊഫ. ഹൃദയകുമാരി കമ്മിറ്റിയില്‍നിന്ന് പ്രതിഷേധിച്ച് രാജിവച്ചു. ജാതി-മത ശക്തികള്‍ക്ക് വഴങ്ങി ചരിത്രപാഠപുസ്തകങ്ങളിലെ മതനിരപേക്ഷ ഉള്ളടക്കം അട്ടിമറിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഏകീകൃത സിലബസിന്റെ പേരില്‍ എന്‍സിഇആര്‍ടി അഭിനന്ദിച്ച പാഠ്യപദ്ധതി അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നടത്തുന്നത്. വിദ്യാഭ്യാസത്തില്‍ നിശ്ചിതയോഗ്യതയില്ലാത്തയാളെ ഡയറക്ടറാക്കി എസ്സിഇആര്‍ടിയെ നിലവാരമില്ലാത്തതാക്കി. പരിശീലനം ഉള്‍പ്പെടെ എല്ലാ അക്കാദമികപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വംകൊടുത്തിരുന്ന എസ്സിഇആര്‍ടിയെ നോക്കുകുത്തിയാക്കി ടാറ്റാ കണ്‍സള്‍ട്ടിങ് സര്‍വീസിനെ (ടിസിഎസ്) അധ്യാപകപരിശീലനത്തിന്റെ ചുമതല ഏല്‍പ്പിച്ചു. സര്‍വശിക്ഷാ അഭിയാന്റെ പ്രവര്‍ത്തനം മരവിപ്പിക്കുകയും അഴിമതിക്ക് വഴിതുറക്കുകയുംചെയ്തു. 9-12 ക്ലാസുകളില്‍ അക്കാദമിക് പിന്തുണ നല്‍കേണ്ട ആര്‍എംഎസ്എ (രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍) ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഹയര്‍സെക്കന്‍ഡറി- വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മേഖലയെ ദുര്‍ബലപ്പെടുത്തുന്ന നടപടികളാണ് സ്വീകരിക്കുന്നത്. അധ്യാപകരുടെ ഓണ്‍ലൈന്‍ സ്ഥലംമാറ്റം മരവിപ്പിക്കുകയും അഴിമതിക്ക് വഴിയൊരുക്കുന്ന സ്പെഷ്യല്‍ ഓര്‍ഡര്‍ സമ്പ്രദായം പുനഃസ്ഥാപിക്കുകയും ചെയ്തു. അണ്‍ -എയ്ഡഡ് സ്കൂളുകള്‍ക്ക് എംപി ഫണ്ട് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്.

വിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ കൈക്കൊള്ളുന്ന പ്രതിലോമനയങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്താന്‍ കെഎസ്ടിഎ 21-ാം സംസ്ഥാന സമ്മേളനം തീരുമാനമെടുക്കും.
*
എം ഷാജഹാന്‍ (കെഎസ്ടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

ദേശാഭിമാനി 16 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"സാമ്രാജ്യത്വം തുലയട്ടെ, ജന്മിത്വം അവസാനിപ്പിക്കുക, മാനേജ്മെന്റ് സമ്പ്രദായം അവസാനിപ്പിക്കുക" തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി 1931ല്‍ മലബാറില്‍ ആരംഭിച്ച അധ്യാപകപ്രസ്ഥാനം 80 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. സാമ്രാജ്യത്വ വിരുദ്ധപോരാട്ടത്തിന്റെ പൈതൃകം ഉള്‍ക്കൊള്ളുന്ന ഏക അധ്യാപകപ്രസ്ഥാനം കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷനാണ് (കെഎസ്ടിഎ). സാമൂഹികവളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനും ആഗോളവല്‍ക്കരണനയങ്ങള്‍ അതിവേഗം നടപ്പാക്കാനുമുള്ള യുഡിഎഫ് നയത്തിനെതിരെ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുന്നതാകും ഫെബ്രുവരി 16 മുതല്‍ 18 വരെ കോട്ടയത്ത് നടക്കുന്ന കെഎസ്ടിഎയുടെ 21-ാം സംസ്ഥാന സമ്മേളനം.