Thursday, February 9, 2012

ഉന്നത വിദ്യാഭ്യാസം: കടവും കച്ചവടവും

എന്തെങ്കിലുമൊരു തുടര്‍വിദ്യാഭ്യാസ കോഴ്‌സ് ചെയ്യാമെന്നു കരുതിയാണ് ചില കോളജുകള്‍ക്ക് മേല്‍വിലാസവും ഫോണ്‍ നമ്പരും മറ്റും കൊടുത്തത്. അതിപ്പോള്‍ വിനയായി. അവരുടെ പരസ്യങ്ങളടങ്ങിയ കത്തുകളും പുസ്തകങ്ങളും കൊണ്ട് തപാല്‍പെട്ടിയും ഈമെയില്‍ ഇന്‍ബോക്‌സും നിറഞ്ഞു. ദിനപത്രത്തില്‍, 'ഈ ആഴ്ച കോഴ്‌സിനു ചേര്‍ന്നാല്‍ വന്‍ ഫീസ് ഇളവ്' എന്നും മറ്റും കോളജുകളും യൂണിവേഴ്‌സിറ്റികളും പരസ്യം ചെയ്യുന്നു. പോരാത്തതിന് ഫോണില്‍ അജ്ഞാത സ്ത്രീ ശബ്ദങ്ങള്‍ കോളജുകളുടെ മാര്‍ക്കറ്റിംഗ് തകൃതിയായി നടത്തുന്നു.

ഉന്നതവിദ്യാഭ്യാസം ഒരു വലിയ കച്ചവടം ആയി മാറിയതിന്റെ ഭവിഷ്യത്തുകള്‍ അമേരിക്ക ഇന്ന് അനുഭവിക്കുകയാണ്. തൊഴില്‍ സാധ്യത ഇല്ലാതെ കോളജില്‍ ചേരാന്‍ വിമുഖരായി യുവാക്കള്‍ മാറി നില്‍ക്കുമ്പോള്‍ രാജ്യത്തിന് സാങ്കേതിക വിദ്യാഭ്യാസം ലഭിച്ചവരെ കിട്ടാന്‍ പ്രയാസമാവുന്നു.

കുറച്ചു കാലം മുമ്പ് എന്നെ ലോസ് ആഞ്ചലസ് നഗരം ചുറ്റിക്കാണിച്ച ജെന്നയോട് ചോദിച്ചു: 'എന്തുകൊണ്ടാണ് അമേരിക്കയില്‍ ഇത്രയും തൊഴില്‍മല്‍സരം? ഇത്രയും പ്രൊഫഷണലിസം? 'തിരക്കഥാരചന പഠിച്ച ജെന്ന യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയുടെ ക്യാമ്പസിലൂടെ കാറോടിച്ചു പോകവേ പറഞ്ഞു: 'കോളജ് ഡിഗ്രിയെ നല്ല ശമ്പളം കിട്ടുന്ന ജോലിയിലേയ്ക്കുള്ള സ്വര്‍ഗവാതില്‍ ആയിട്ടാണ് ഇവിടെ കൂടുതല്‍ പേരും കാണുന്നത്. കുട്ടികളെ കോളജില്‍ അയയ്ക്കുക എന്നത് ഓരോ അമേരിക്കന്‍ മാതാപിതാക്കളുടെയും ഒരു വലിയ സ്വപ്‌നവും ഉത്തരവാദിത്തവും ഭയവും ആണ്. തങ്ങള്‍ക്കു താങ്ങാന്‍ പറ്റുന്ന ഫീസ് അല്ല എന്നതിനാല്‍ കുട്ടികളെക്കൊണ്ട് പലരും ലോണ്‍ എടുപ്പിക്കുന്നു. കോളജ് വിടുമ്പോള്‍ ഭൂരിഭാഗം അമേരിക്കന്‍ യുവതീയുവാക്കള്‍ക്കും വലിയ തോതില്‍ വിദ്യാഭ്യാസക്കടബാധ്യത ഉണ്ടാവും. അത് വീട്ടാനുള്ള പരക്കം പാച്ചിലാണ് പിന്നെ. തൊഴില്‍ രംഗത്ത് 'കഴുത്തറുപ്പന്‍' മല്‍സരം തുടങ്ങുകയായി. അങ്ങനെ ഇവിടെ പലരും കരിയറിസ്റ്റ്കള്‍ ആയി മാറുന്നു.' 1970-80 കാലത്ത് എടുത്ത കടംപോലും ഇപ്പോഴും കൊടുത്തു തീര്‍ത്തുകൊണ്ടിരിക്കുന്ന പ്രൊഫഷനലുകള്‍ ഉണ്ടത്രേ.

ഉന്നതപഠനത്തിന്റെ മെക്ക ആയ അമേരിക്കയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പരസ്യം ചെയ്യുന്നത് അത്ഭുതമല്ല. പക്ഷെ ഈ മാര്‍ക്കറ്റിംഗ് മല്‍സരങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യം, ഇന്ന് കോളജുകളില്‍ പോകുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നതാണ്. സാമ്പത്തികമാന്ദ്യം വന്നപ്പോള്‍ തൊഴില്‍ നേടാനുള്ള 'എലിപ്പന്തയത്തില്‍' തോറ്റ പലര്‍ക്കും വിദ്യാഭ്യാസകടം വീട്ടാന്‍ പറ്റാതെവന്നു.

ഇന്ന് അമേരിക്കയുടെ ഏറ്റവും വലിയ കടം ക്രെഡിറ്റ് കാര്‍ഡ് കടമല്ല, വിദ്യാഭ്യാസ ലോണ്‍ തിരിച്ചടയ്ക്കാതെ വന്ന കടമാണ്. അധികം വൈകാതെ ഇത് ഒരു ട്രില്യന്‍ ഡോളര്‍ കടക്കും എന്ന് കണക്കാക്കപ്പെടുന്നു. ട്രില്യന്‍ എന്നുവച്ചാല്‍ ഒന്നും പന്ത്രണ്ടു പൂജ്യവും.

എങ്കിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫീസ് വര്‍ധന മാറ്റമില്ലാതെ തുടരുന്നു. ഈയിടെ കാലിഫോര്‍ണിയയിലെ ഒരു യൂണിവേഴ്‌സിറ്റി അവരുടെ മാര്‍ക്കറ്റിംഗ് ബ്രോഷര്‍ അയച്ചു. ഒമ്പത് മാസം മാത്രം നീണ്ട ഒരു പത്രപ്രവര്‍ത്തന കോഴ്‌സിന്റെ ഫീസ് കണ്ടു ഞെട്ടി: 70000 ഡോളര്‍! എന്നുവച്ചാല്‍ ഏതാണ്ട് 35 ലക്ഷം രൂപ. ഇല്ലിനോയി യൂണിവേഴ്‌സിറ്റി കഴിഞ്ഞ ആഴ്ച ഫീസ് വര്‍ധിപ്പിച്ചു. ആദ്യ വര്‍ഷം കോളജില്‍ പോകുന്നവര്‍ക്ക് പുതിയ ഫീസ് 24000 ഡോളര്‍. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തേക്കാള്‍ 4.5 ശതമാനം വര്‍ധന. പലരും ആശ്വസിക്കുന്നത് അതിനു മുമ്പത്തെ രണ്ടു വര്‍ഷങ്ങളേക്കാള്‍ കുറവാണ് ഈ വര്‍ധനവ് എന്നാണ്: 6.9 ശതമാനവും 9.5 ശതമാനവും. ഈ അവസ്ഥയില്‍, ഹൈസ്‌കൂള്‍ വിട്ട പലരും കോളജില്‍ പോകാന്‍ മടിക്കുന്നു.

ഇതിനേക്കാള്‍ കഷ്ടമാണ് പ്രൈവറ്റ് കോളജുകളുടെ കാര്യം. ഇവിടെ 'ഫോര്‍ പ്രോഫിറ്റ്' കോളജ്' എന്നറിയപ്പെടുന്ന ഈ സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലെ മാനേജ്‌മെന്റ് കോളജുകളുടെ 'പുണ്യപിതാമഹന്മാര്‍' ആവാന്‍ യോഗ്യരാണ്. വിദ്യാഭ്യാസം കടിഞ്ഞാണ്‍ ഇല്ലാതെ സ്വകാര്യവല്കരിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ ചൂണ്ടിക്കാട്ടുന്നതാണ് ഈ കോളജുകളുടെ ഇപ്പോഴത്തെ അവസ്ഥ. രാജ്യത്തു പലയിടത്തായി 17 ക്യാമ്പസുകള്‍ ഉള്ള വെസ്റ്റ്‌വുഡ് കോളജ്, തങ്ങളുടെ വിദ്യാര്‍ഥികളുടെ ജോലിനേടല്‍ നിരക്ക് അഥവാ ജോബ് പ്ലെയ്‌സ്‌മെന്റ് കണക്കുകള്‍ തെറ്റായി കാട്ടിയതിന് ഇപ്പോള്‍ അന്വേഷണ നടപടി നേരിടുകയാണ്. വന്‍തുക ലോണ്‍ ആയി എടുത്തു ഇവിടുന്നു പഠിച്ചിറങ്ങിയ കുട്ടികള്‍, തങ്ങളുടെ ഡിഗ്രി കൊണ്ട് തൊഴില്‍ നേടാന്‍ പറ്റില്ല എന്ന് മനസ്സിലാക്കിയപ്പോഴാണ് കേസ് കോടതിയില്‍ എത്തിയത്. വലിയ തൊഴില്‍ വാഗ്ദാനവുമായി പ്രവേശനം കൊടുക്കുന്ന ഇത്തരം പല കോളജുകളും ലോണ്‍ കൊടുക്കുന്ന കമ്പനികളുമായി ചങ്ങാത്തത്തില്‍ ആയിരിക്കും. അവര്‍ പറയുന്നിടത്തു നിന്ന് ലോണ്‍ എടുത്തു പഠിക്കുന്ന വിദ്യാര്‍ഥികള്‍ പിന്നീട് വിഡ്ഢികളാവുന്നു. ഡിഗ്രി എടുക്കാതെ കോളജ് വിടേണ്ടിവരുന്നവരുടെ കാര്യമാണ് ഇതിലും കഷ്ടം. ഡിഗ്രി എടുത്താലും ഇല്ലെങ്കിലും ലോണ്‍ തിരിച്ചടച്ചേ പറ്റൂ. ജോലി ഇല്ലാതെ എവിടുന്നു കടം വീട്ടാന്‍?

വിവിധ പ്രൈവറ്റ് കോളജുകള്‍ നടത്തുന്ന കരിയര്‍ എജ്യുക്കേഷന്‍ കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിനെതിരെ അതിന്റെ ഓഹരി വാങ്ങിയവര്‍ ഇതേ വിഷയത്തിനു കേസ് കൊടുത്തുവെന്നു വാര്‍ത്ത വന്നപ്പോള്‍ എന്റെ അത്ഭുതം 'ഇവരൊക്കെ ഷെയര്‍ മാര്‍ക്കറ്റിലും ഉണ്ടോ' എന്നായിരുന്നു. ഇന്ത്യയില്‍ കോളജുകളും സ്‌കൂളുകളും ഒക്കെ ഷെയര്‍മാര്‍ക്കറ്റില്‍ ഇറങ്ങുന്ന ഒരു ഭാവിയെപ്പറ്റി ആലോചിച്ചുനോക്കൂ. ഉന്നതവിദ്യാഭ്യാസരംഗത്ത് വിദേശനിക്ഷേപത്തിന് വേണ്ടി കാലാകാലങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന കരുനീക്കങ്ങള്‍!, മറ്റൊരു കച്ചവടമായി വിദ്യാഭ്യാസവും മാറിയ ഒരു രാജ്യത്തുനിന്ന് നോക്കി കാണുമ്പോള്‍ ആണ് ചിത്രം കൂടുതല്‍ വ്യക്തമാവുക.

'ഐവി ലീഗ്' എന്ന് ഇവിടെ അറിയപ്പെടുന്ന സുപ്രസിദ്ധ യൂണിവേഴ്‌സിറ്റികളിലും കോളജുകളും പഠിക്കാന്‍ പണം കടമെടുത്ത് ലോണ്‍ തിരിച്ചടയ്ക്കാന്‍ പറ്റിയ ജോലി കിട്ടാതെ വന്നപ്പോള്‍ തെരുവില്‍ ഇറങ്ങിയവര്‍ ഇന്ന് വാള്‍സ്ട്രീറ്റ് ഉപരോധപ്രസ്ഥാനത്തിന്റെ ഭാഗമാണ്. അവരുടെ രോഷം എന്തെന്ന് ഭരണകൂടത്തിനും നന്നായി അറിയാം. ഇവരില്‍ 44 ശതമാനം പേരുടെ പ്രായം 25 നും 44നും ഇടയില്‍ ആയിരുന്നു എന്ന് ഒരു പഠനത്തില്‍ കണ്ടെത്തി.

കുറഞ്ഞ ഫീസ് കൊടുത്തു സാങ്കേതികവിദ്യാഭ്യാസം നേടാന്‍ സാധാരണക്കാരെ പ്രോത്സാഹിപ്പിക്കാന്‍ ആണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമം.ഇതിനു മറ്റൊരു കാരണവും ഉണ്ട്. രാജ്യം എട്ടര ശതമാനം തൊഴിലില്ലായ്മ നേരിടുമ്പോഴും പല സാങ്കേതിക ജോലികളും ചെയ്യാന്‍ തക്ക വിദ്യാഭ്യാസം ഉള്ള അമേരിക്കക്കാര്‍ ഇല്ല. അമേരിക്കയില്‍ മൊത്തം 13 മില്ല്യന്‍ പേര്‍ തൊഴില്‍ അന്വേഷിക്കുമ്പോഴും ഏതാണ്ട് 3.5 മില്ല്യന്‍ ഒഴിവുകള്‍ നികത്താനാവാതെ കിടക്കുന്നു. (ഒരു മില്യന്‍ = പത്തു ലക്ഷം). ചിക്കാഗോയില്‍ 10 ശതമാനത്തില്‍ കവിഞ്ഞു നില്‍ക്കുന്ന തൊഴിലില്ലായ്മയ്ക്ക് ഒപ്പം ഒരു ലക്ഷത്തില്‍ ഏറെ ജോലി ഒഴിവുകളും ഉണ്ട്. ഇങ്ങനെ ഒഴിവുവരുന്ന എന്‍ജിനീയര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റും ജോലികളാണ് ഇന്ത്യാക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ചെയ്യുന്നത്.എന്‍ജിനീയറിംഗ്, മെഡിക്കല്‍ വിദ്യാഭ്യാസം ഇവിടെ സാധാരണക്കാരന് അപ്രാപ്യമാണ്. അത്ര വലുതാണ് ഫീസ്. ലോണ്‍ എടുക്കാതെ തരമില്ല.

ഈ സാഹചര്യത്തില്‍, ഒബാമ ഭരണകൂടം ഇതുവരെ അവഗണിക്കപ്പെട്ട് കിടന്നിരുന്ന കമ്മ്യൂണിറ്റി കോളജുകളെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നമ്മുടെ നാട്ടില്‍ പണ്ട് ഒട്ടേറെ പാവപ്പെട്ടവര്‍ക്ക് സാങ്കേതികവിദ്യയും അതുവഴി തൊഴിലും നേടിക്കൊടുത്ത ഐ ടി ഐ, പൊളിടെക്‌നിക് പോലെയുള്ള സ്ഥാപനങ്ങളാണ് ഫീസ് കുറവുള്ള കമ്മ്യൂണിറ്റി കോളജുകള്‍. ഇക്കഴിഞ്ഞ ദിവസത്തെ ഒബാമയുടെ വാര്‍ഷിക 'സ്‌റ്റേറ്റ് ഓഫ് ദി യൂണിയന്‍' പ്രസംഗത്തില്‍, ജോലി നഷ്ടപ്പെട്ടതിനുശേഷം കമ്മ്യൂണിറ്റി കോളജില്‍ പഠിച്ചു വീണ്ടും തൊഴില്‍ കണ്ടെത്തിയ ഒരു സ്ത്രീയെപ്പറ്റി വിവരിക്കുകയുണ്ടായി. സദസ്സില്‍ പ്രഥമ വനിത മിഷേല്‍ ഒബാമയുടെ കൂടെ ഇരുന്നു പ്രസംഗം കേട്ട ആ സ്ത്രീയെ ഒരു മാതൃക ആക്കാന്‍ ആണ് ഒബാമ പറഞ്ഞത്.

ഒരുകാലത്ത് തീരെ പാവപ്പെട്ടവര്‍ മാത്രം പോയിരുന്നതും അതുകൊണ്ട് തന്നെ വളരെ കുറച്ചു പേര്‍ മാത്രം പഠനം പൂര്‍ത്തിയാക്കിയതുമായ സ്ഥാപനങ്ങള്‍ ആയിരുന്നു കമ്മ്യൂണിറ്റി കോളജുകള്‍. പക്ഷെ ഇന്ന്, തുടര്‍വിദ്യാഭ്യാസത്തിലൂടെ തൊഴില്‍രംഗത്ത് കൂടുതല്‍ ഉപയോഗപ്പെടുന്ന, ജോലി കിട്ടാന്‍ ഉതകുന്ന കോഴ്‌സുകള്‍. തുടങ്ങാന്‍ കമ്മ്യൂണിറ്റി കോളജുകളെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍!

ഒബാമ തന്റെ പ്രസംഗത്തില്‍ പറഞ്ഞ മറ്റൊരു കാര്യവും ശ്രദ്ധേയമാണ്. അമേരിക്കയില്‍ ഉന്നത പഠനത്തിന് പോകുന്നതില്‍ നല്ലൊരു ശതമാനവും വിദേശികളാണ് പ്രധാനമായും ഇന്ത്യാക്കാരും ചൈനക്കാരും. ഇന്ന് ഇവരില്‍ പലരും സ്വന്തം നാട്ടില്‍ തിരിച്ചു പോയി ജോലി നോക്കുകയോ സ്ഥാപനങ്ങള്‍ തുടങ്ങുകയോ ചെയ്യുന്നു. അങ്ങനെ വിപരീതദിശയിലെയ്ക്കുള്ള 'മസ്തിഷ്‌കച്ചോര്‍ച്ച' അനുഭവിക്കുകയാണ് അമേരിക്ക.

ഉന്നത വിദ്യാഭ്യാസരംഗത്ത് തങ്ങള്‍ക്കുവന്ന പാളിച്ചകള്‍ മനസ്സിലാക്കി വേണ്ട പ്രതിവിധികള്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് അമേരിക്ക. എന്നാല്‍ ഇന്ത്യയിലോ? കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഡിഗ്രി-ഡിപ്ലോമ 'വെന്‍ഡിംഗ് മെഷീന്‍' കോളജുകള്‍ കൂണ് പോലെ വളരുമ്പോള്‍, വിദേശ നിക്ഷേപം ഈ രംഗത്ത് വരണമെന്ന് ചിലര്‍ പ്രസംഗിക്കുമ്പോള്‍, ഇന്ന് അമേരിക്ക നേരിടുന്ന പ്രശ്‌നങ്ങളുടെ തനിയാവര്‍ത്തനം നാളെ ഇന്ത്യയിലും ഉണ്ടാവുമോ എന്ന് ആലോചിച്ചുപോകുന്നു.

ആ രീതിയില്‍ വിദ്യാഭ്യാസം കച്ചവടമായാല്‍, മുമ്പ് കാര്‍ ലോണിനും വീട് ലോണിനുമൊക്കെ ശല്യം ചെയ്തിരുന്ന ഫോണ്‍ മാര്‍ക്കറ്റിംഗുകാര്‍ ഇനി ചോദിക്കും: 'സാറേ നല്ല ഒന്നാന്തരം ഒരു കോളജില്‍ അഡ്മിഷന്‍ ഉണ്ട്. ഒരെണ്ണം എടുക്കട്ടെ?'.

*
ഡോ. വിനോദ് ജനാര്‍ദ്ദനന്‍ ജനയുഗം 07 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എന്തെങ്കിലുമൊരു തുടര്‍വിദ്യാഭ്യാസ കോഴ്‌സ് ചെയ്യാമെന്നു കരുതിയാണ് ചില കോളജുകള്‍ക്ക് മേല്‍വിലാസവും ഫോണ്‍ നമ്പരും മറ്റും കൊടുത്തത്. അതിപ്പോള്‍ വിനയായി. അവരുടെ പരസ്യങ്ങളടങ്ങിയ കത്തുകളും പുസ്തകങ്ങളും കൊണ്ട് തപാല്‍പെട്ടിയും ഈമെയില്‍ ഇന്‍ബോക്‌സും നിറഞ്ഞു. ദിനപത്രത്തില്‍, 'ഈ ആഴ്ച കോഴ്‌സിനു ചേര്‍ന്നാല്‍ വന്‍ ഫീസ് ഇളവ്' എന്നും മറ്റും കോളജുകളും യൂണിവേഴ്‌സിറ്റികളും പരസ്യം ചെയ്യുന്നു. പോരാത്തതിന് ഫോണില്‍ അജ്ഞാത സ്ത്രീ ശബ്ദങ്ങള്‍ കോളജുകളുടെ മാര്‍ക്കറ്റിംഗ് തകൃതിയായി നടത്തുന്നു.