Friday, February 17, 2012

സുരക്ഷിതമായ കുടിവെള്ളം ജനങ്ങളുടെ അവകാശമാണ്

ദേശീയ ജലനയത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന ഒരു കാര്യം മാത്രമാണുള്ളത്. എല്ലാവര്‍ക്കും സുരക്ഷിതവും ശുദ്ധവുമായ കുടിവെള്ളം ലഭ്യമാക്കും എന്ന വാഗ്ദാനമാണ് അത്. ജലവിതരണരംഗം ലാഭമോഹത്തിന്റെ ശക്തികള്‍ക്കു തീറെഴുതി കൊടുക്കുന്ന നയരേഖ ജനങ്ങളുടെ കണ്ണുകെട്ടാന്‍ വേണ്ടിത്തന്നെയാണ് സുരക്ഷിതമായ കുടിവെള്ളത്തെക്കുറിച്ച് ആ വെറുംവാക്ക് എഴുതിവച്ചത്. ഇക്കാര്യത്തില്‍ മറ്റ് പല ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ മെച്ചമാണ് കേരളത്തിന്റെ സ്ഥിതി എന്ന് പൊതുവേ കരുതപ്പെട്ടിരുന്നു. എന്നാല്‍ അത് വെറും മിഥ്യാധാരണയാണെന്ന് കുടിവെള്ളം സംബന്ധിച്ച് കേരളത്തില്‍ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നു.

കേരളീയര്‍ കുടിക്കുന്ന വെള്ളത്തില്‍ അടങ്ങിയിട്ടുള്ള മാരകമായ വിഷാംശങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ വീണ്ടും പുറത്തുവരികയാണ്. തെക്ക് എന്നോ വടക്ക് എന്നോ ഭേദമില്ലാതെ എല്ലാ ജില്ലകളിലും ഇതാണു സ്ഥിതി. ജില്ലകള്‍ തമ്മില്‍ ഏറ്റക്കുറച്ചിലുണ്ടാകാമെങ്കിലും ഈ സ്ഥിതിവിശേഷം അങ്ങേയറ്റം ഉല്‍ക്കണ്ഠ ഉളവാക്കുന്നതാണ്.

ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലെ ജനങ്ങള്‍ കുടിക്കുന്ന വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കളുടെ പട്ടിക വായിച്ചാല്‍ ആര്‍ക്കും നടുക്കമുണ്ടാകും. ഫ്‌ളൂറൈഡ്, ക്ലോറൈഡ്, പൊട്ടാസ്യം, കാഡ്മിയം, ലിഥിയം, സള്‍ഫേറ്റ്, നൈട്രേറ്റ് ഇങ്ങനെ പോകുന്നു ആ പട്ടിക. നൂറു ശതമാനവും വിഷ-മാലിന്യ മുക്തമായ വെള്ളം ഒരു സ്വപ്നം മാത്രമായിരിക്കും. കുടിവെള്ളത്തില്‍ രാസമാലിന്യങ്ങളുടെ അനുവദനീയമായ അളവ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി ഐ എസ്) നിര്‍ണയിച്ചിട്ടുള്ളതാണ്. പല സ്ഥലങ്ങളിലും ഇത് അനുവദനീയമായ അളവിന്റെ ഇരട്ടിയും അതിലേറെയും അധികരിച്ചിരിക്കുന്നു. ഭയപ്പെടുത്തുന്ന മാരകരോഗങ്ങളും പൊട്ടിപ്പുറപ്പെടുന്ന പകര്‍ച്ച വ്യാധികളും മറ്റുമാണ് ഇതിന്റെ ഫലം
സംസ്ഥാന ജല അതോറിറ്റിയുടെ കീഴിലുള്ള ലാബറട്ടറികളില്‍ തന്നെ ഇടയ്ക്കിടെ നടക്കുന്ന പരിശോധനകളുടെ ഫലങ്ങള്‍ പലപ്പോഴും പുറംലോകം അറിയുന്നില്ല. അറിയുന്ന വിവരങ്ങള്‍ തന്നെ ആരും കാര്യമായി എടുക്കാറുമില്ല. ഇതെല്ലാം ശ്രദ്ധിക്കാനും പ്രതിവിധി കാണാനും കടമയുള്ള സര്‍ക്കാരാകട്ടെ കുംഭകര്‍ണനെയും തോല്‍പ്പിക്കും വിധമുള്ള ഉറക്കത്തിലാണ്. ഈ അവസ്ഥ എല്ലാവരിലും ആശങ്കയുളവാക്കുന്നു.

കണികാശാസ്ത്രത്തില്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യം അളക്കുന്ന യൂണിറ്റ് പി പി എന്‍ (പാര്‍ട്ടിക്കിള്‍ പെര്‍ നൊട്ടേഷന്‍) എന്നാണ് അറിയപ്പെടുന്നത്. പാലക്കാട് ജില്ലയിലെ നഗരപ്രദേശങ്ങളില്‍ കുടിവെള്ള സാമ്പിളുകളില്‍ 1 മുതല്‍ 5.75 വരെ പി പി എന്‍ അളവിലാണ് ഫ്‌ളൂറൈഡ് ലവണങ്ങള്‍ കണ്ടെത്തിയത്. ഫ്‌ളൂറൈഡ് ലവണങ്ങളുടെ അമിതമായ സാന്നിദ്ധ്യം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ സി എം ആര്‍) പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു പരിധി കഴിഞ്ഞാല്‍ ഡിമന്‍ഷ്യ, അല്‍ഷിമേഴ്‌സ് തുടങ്ങിയ രോഗങ്ങള്‍ക്ക് അതു കാരണമാകുമത്രെ.

കുടിവെള്ളത്തില്‍ കലര്‍ന്നിട്ടുള്ള വിഷമയമായ രാസവസ്തുക്കളുടെ ആപത് സാദ്ധ്യത ഒരു പട്ടണത്തിലോ ജില്ലയിലോ മാത്രമായി ഒതുങ്ങുന്നില്ല. അതു കേരളത്തിലെവിടെയും വ്യത്യസ്ത അളവുകളില്‍ കുടിവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. ലേയമായ (സോല്യൂബിള്‍) അളവിലും ചെറിയ പരല്‍ (ക്രിസ്റ്റല്‍) രൂപത്തിലും അവയുടെ സാന്നിദ്ധ്യമുണ്ടെന്നാണ് സംസ്ഥാനവ്യാപകമായ പഠനങ്ങളില്‍ കാണുന്നത്.

മനുഷ്യമലത്തില്‍നിന്നു രൂപംകൊള്ളുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഇല്ലാത്ത കുടിവെള്ളം കേരളത്തില്‍ കുറവാണ്.

പുതിയ പുതിയ രോഗങ്ങള്‍ കേരളത്തിലെ ജനങ്ങളെ വ്യാപകമായി വേട്ടയാടുകയാണ്. രോഗപീഡകളില്‍ തകര്‍ന്നുവീഴുന്ന കുടുംബങ്ങളെക്കുറിച്ച് ഓരോ പ്രദേശങ്ങള്‍ക്കും ദുഃഖകരമായ അനുഭവങ്ങള്‍ പറയാനുണ്ട്. ചികിത്സാസംവിധാനങ്ങള്‍ക്കുവേണ്ടി ഗവണ്‍മെന്റ് പല പദ്ധതികളും പ്രഖ്യാപിക്കുന്നുണ്ട്. പ്രഖ്യാപിക്കപ്പെട്ട പല പദ്ധതികളും സാമ്പത്തിക ഞെരുക്കംമൂലം നടപ്പിലാക്കാന്‍ കഴിയാത്ത അനുഭവങ്ങളും കേരളത്തിലുണ്ട്.

കുടിവെള്ളജന്യമായ രോഗങ്ങളുടെ പട്ടികയിലേയ്ക്ക് മാരകരോഗങ്ങളുടെ നീണ്ടനിരയാണ് കടന്നുവരുന്നത്. ഈ രോഗങ്ങളുടെ ചികിത്സയ്ക്കുവേണ്ടി സര്‍ക്കാരും കുടുംബങ്ങളും ചിലവാക്കേണ്ടിവരുന്ന പണത്തിന്റെ അളവ് എത്രയോ വലുതാണ്. അതിന്റെ പകുതി സംഖ്യയുണ്ടെങ്കില്‍, അത് ആസൂത്രിതമായി ഉപയോഗപ്പെടുത്തുമെങ്കില്‍ ജനങ്ങള്‍ക്ക് സുരക്ഷിതമായ കുടിവെള്ളം നല്‍കാന്‍ കഴിയും. എന്നാല്‍ ആ വഴിക്ക് ചിന്തിക്കാന്‍ നമ്മുടെ ആസൂത്രണ പണ്ഡിറ്റുകളും ഭരണപ്രഭൃതികളും സന്നദ്ധമാകുന്നില്ല. മരുന്ന്, ആശുപത്രി ചികിത്സ ഇവയെല്ലാം ചേര്‍ന്ന വന്‍കിട വ്യവസായ ശൃംഖലയ്ക്കുവേണ്ടത് പുതിയ രോഗങ്ങളും ലക്ഷക്കണക്കിനു രോഗികളെയുമാണ്. സുരക്ഷിതമായ കുടിവെള്ളം ജനങ്ങള്‍ക്ക് ഉറപ്പാക്കിയാല്‍ രോഗ ചികിത്സയ്ക്കായി ചിലവഴിക്കുന്ന പണം ഗണ്യമായി കുറയ്ക്കാനാവും. അതിനുള്ള ലക്ഷ്യബോധവും ഭാവനയും രാഷ്ട്രീയ ഇച്ഛയും സംസ്ഥാനം ഭരിക്കുന്ന ഗവണ്‍മെന്റിനുണ്ടോ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.

*
ജനയുഗം മുഖപ്രസംഗം 07 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ദേശീയ ജലനയത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന ഒരു കാര്യം മാത്രമാണുള്ളത്. എല്ലാവര്‍ക്കും സുരക്ഷിതവും ശുദ്ധവുമായ കുടിവെള്ളം ലഭ്യമാക്കും എന്ന വാഗ്ദാനമാണ് അത്. ജലവിതരണരംഗം ലാഭമോഹത്തിന്റെ ശക്തികള്‍ക്കു തീറെഴുതി കൊടുക്കുന്ന നയരേഖ ജനങ്ങളുടെ കണ്ണുകെട്ടാന്‍ വേണ്ടിത്തന്നെയാണ് സുരക്ഷിതമായ കുടിവെള്ളത്തെക്കുറിച്ച് ആ വെറുംവാക്ക് എഴുതിവച്ചത്. ഇക്കാര്യത്തില്‍ മറ്റ് പല ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ മെച്ചമാണ് കേരളത്തിന്റെ സ്ഥിതി എന്ന് പൊതുവേ കരുതപ്പെട്ടിരുന്നു. എന്നാല്‍ അത് വെറും മിഥ്യാധാരണയാണെന്ന് കുടിവെള്ളം സംബന്ധിച്ച് കേരളത്തില്‍ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നു.