Sunday, February 12, 2012

അരികിലാണെങ്കിലും

വിഭജനത്തിന്റെ മുറിവുകളുടെ വൈരവും വേദനയും നിറഞ്ഞൊഴുകുന്ന അതിര്‍ത്തിയാണ് വാഗ. അതിര്‍വരമ്പിലൂടെ പാകിസ്ഥാനിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ മണ്ണിലേക്ക് നോക്കി. എവിടെയെങ്കിലും ഉണങ്ങാത്ത ചോരതുള്ളികള്‍ അവശേഷിക്കുന്നുണ്ടോ? കടുത്ത മഞ്ഞില്‍ വീശിയ കാറ്റില്‍ ബാക്കി നില്‍ക്കുന്ന രോദനത്തിനായി കാതോര്‍ത്തു. വലിയ ഗേറ്റുകള്‍ക്ക് മുകളില്‍ ഇരു രാജ്യങ്ങളുടെയും പേര് എഴുതിവച്ചിരിക്കുന്നു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും അതിര്‍ത്തി വരച്ചത് മനുഷ്യന്റെ പച്ചമാംസം കൊണ്ടാണ്. ഒന്നായി ജീവിച്ചിരുന്നവര്‍ പെട്ടെന്ന് വരകളുടെ ഇരുപുറവുമായി. അര്‍ധരാത്രിയിലെ സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തില്‍ ഇരുട്ടിലേക്ക് പെട്ടെന്ന് വലിച്ചെറിയപ്പെട്ട ലക്ഷങ്ങള്‍ . എല്ലാം ഉപേക്ഷിച്ച് ജീവന്‍ മാത്രം കൈയില്‍പിടിച്ചുള്ള അനന്തമായ പ്രവാഹം. അതിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ . ഉറ്റവരെ നഷ്ടപ്പെട്ടവര്‍ . കണക്കുകള്‍ അവസാനിക്കാത്തതാണ്. കാലം മാച്ചുകളയാത്ത മുറിവുകളില്ല. എങ്കിലും പലതും മായാന്‍ എത്ര കാലമെടുക്കുമെന്ന് ആര്‍ക്കും പറയാനാകില്ല.

ചില ഓര്‍മകള്‍ പിന്നെയും വേട്ടയാടികൊണ്ടിരിക്കും. അമൃത്സര്‍ വിമാനത്താവളത്തില്‍നിന്ന് ലാഹോറിലേക്കുള്ള വാഹനയാത്ര ഈ അതിര്‍ത്തിയില്‍ തല്‍ക്കാലത്തേക്ക് അവസാനിക്കും. ഇന്ത്യയുടെ ഭാഗം അവസാനിക്കുന്ന അടാരിബാഗിലേക്ക് എത്തുന്നതിനുമുമ്പ് ലോറികളുടെ വന്‍നിര. അതിര്‍ത്തി കടക്കുന്നതിനുള്ള ഊഴം കാത്തു കിടക്കാന്‍ അവയ്ക്കാകില്ല. അതിര്‍ത്തി കടക്കാനുള്ള അവകാശം ലോറിയിലെ ചരക്കുകള്‍ക്ക് മാത്രമാണ്. ഇന്ത്യക്കാരായ ചുമട്ടുകാര്‍ ലോറിയില്‍നിന്ന് ചരക്ക് എടുത്ത് തലചുമടായി നടക്കുകയാണ്. അതിര്‍ത്തിയില്‍ രണ്ടു രാജ്യങ്ങളുടെയും പരിശോധനയുണ്ട്. അതിര്‍ത്തി അവസാനിക്കുമ്പോള്‍ പാകിസ്ഥാന്‍ ചുമട്ടുകാര്‍ ചരക്ക് തങ്ങളുടെ തലയിലേക്ക് ഏറ്റെടുക്കും. അതിര്‍ത്തിക്കപ്പുറത്ത് നിരനിരയായ കാത്തുകിടക്കുന്ന ലോറികളിലേക്ക് കയറ്റും. ആധുനിക ലോകത്ത് പരിഹാസ്യമായ കൈമാറ്റം. പാകിസ്ഥാന്‍ ലോറികള്‍ മനോഹരമായി രൂപകല്‍പ്പന ചെയ്തവയാണ്. പല രൂപങ്ങളിലും വര്‍ണങ്ങളിലുമുള്ള സുന്ദരികള്‍ . സാങ്കേതികവിദ്യയുടെ യുഗത്തില്‍ അതിര്‍ത്തിയില്‍ നടക്കുന്ന പ്രാകൃതമായ ഈ രീതി എന്നാണ് അവസാനിക്കുക?

പാകിസ്ഥാനിലേക്കുള്ള ഇന്ത്യന്‍ പാര്‍ലമെന്റ് സംഘത്തിന്റെ ഭാഗമായിട്ടായിരുന്നു യാത്ര. യശ്വന്ത് സിന്‍ഹയും മണിശങ്കര്‍ അയ്യരും ഷാനവാസ് ഹുസൈനും സുപ്രിയ സുലേയും ഹംദുള്ള സെയ്ദും ഒക്കെ ഉള്‍പ്പെടുന്ന സംഘം. അതിര്‍ത്തിയില്‍ മാധ്യമ പ്രതിനിധികള്‍ കാത്തുകിടന്നിരുന്നു. അവര്‍ക്ക് പ്രധാനമായി അറിയേണ്ടത് ഞങ്ങള്‍ ഇസ്ലാമാബാദില്‍ എത്തുമ്പോഴെക്കും പട്ടാള അട്ടിമറി നടക്കുമോ എന്നതാണ്. പട്ടാളവും സുപ്രീംകോടതിയും ഒരു വശത്തും സര്‍ക്കാര്‍ മറുവശത്തും ഏറ്റുമുട്ടലിന്റെ വഴിയിലായിരുന്നു. പ്രധാനമന്ത്രി ഗീലാനിക്കെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചതിന്റെ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നു. ഗീലാനി നേരിട്ട് ഹാജരാകണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. സംഘര്‍ഷാന്തരീക്ഷത്തില്‍ യാത്ര മാറ്റിവച്ചാലോ എന്ന് ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ , ഒടുവില്‍ നിശ്ചയിച്ച പരിപാടി നടക്കട്ടെയേന്നായി തീരുമാനം. ഞങ്ങള്‍ വാഹനത്തില്‍നിന്ന് ഇറങ്ങി നടന്നു. ഞങ്ങളുടെ പെട്ടികളുമായി ഇന്ത്യന്‍ ചുമട്ടുകാരും. ഇരു രാജ്യത്തിന്റെയും അതിര്‍ത്തിസേനയാണ് കാവല്‍ നില്‍ക്കുന്നത്. വാഗാ അതിര്‍ത്തിയില്‍ എല്ലാ ദിവസവും വൈകുന്നേരം രണ്ടു രാജ്യങ്ങളുടെയും പതാക താഴ്ത്തുന്ന ചടങ്ങുണ്ട്. വൈരവും വിദ്വേഷവും ആളിക്കത്തിക്കുന്ന വിധം രൂപകല്‍പ്പന ചെയ്ത ചടങ്ങ് കാണുന്നതിന് എല്ലാ ദിവസവും രണ്ടു രാജ്യങ്ങളുടെ അതിര്‍ത്തിയിലും ആയിരങ്ങള്‍ തടിച്ചുകൂടും. ചടങ്ങു തുടങ്ങുന്നതിനുമുമ്പ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ജനം പതാകയുമായി അങ്ങോട്ടുമിങ്ങോട്ടും ഓടാന്‍ തുടങ്ങും. അവരവരുടെ രാജ്യങ്ങള്‍ക്കായി മുദ്രാവാക്യം വിളികളും മുഴങ്ങും. അതിര്‍ത്തിയിലെ ഗേറ്റുകള്‍ കാഴ്ചക്കാരായി നില്‍ക്കും. ഇരുവശത്തുമുളള സേനയുടെ മാര്‍ച്ച് അത്യപൂര്‍വമായ കാഴ്ചയാണ്. മാര്‍ച്ച് ചെയ്യുന്നവരുടെ കണ്ണുകളില്‍ വൈരത്തിന്റെ അഗ്നി കത്തിനില്‍ക്കും. കാലുകള്‍ നെഞ്ചുയരത്തിനുപ്പുറത്തേക്ക് എത്തും. അതിര്‍വരമ്പില്‍ എത്തുമ്പോഴുള്ള ഒരു നില്‍പ്പുണ്ട്. പരസ്പരം കത്തുന്ന കണ്ണുകളുമായി. ലോകത്ത് ഒരിടത്തും ഇങ്ങനെ വൈരം കത്തിച്ചു നില്‍ക്കുന്ന പരിപാടിയുണ്ടാകില്ല. അതിരുകള്‍ ഇരുമ്പുവേലിയില്‍ തിരിച്ചിരിക്കുന്നു. ഇടക്കിടയ്ക്ക് അടയാളക്കുറ്റികള്‍ . ഒന്ന് ഇന്ത്യയുടെതാണെങ്കില്‍ അടുത്തത് പാകിസ്ഥാന്റെതാണ്. എത്രകാലം വൈരത്തിന്റെ രാഷ്ട്രീയം കത്തിച്ചുനിര്‍ത്താന്‍ കഴിയും?

പാകിസ്ഥാന്‍ ക്യാമ്പിലിരിക്കുന്ന അതിര്‍ത്തിസേനയിലെ ചെറുപ്പക്കാരന്‍ പാസ്പോര്‍ട്ടിലേക്ക് സൂക്ഷിച്ചുനോക്കി. പതുക്കെ എന്‍ട്രിയടിച്ചു. അടുത്ത വരമ്പിലേക്ക് നടന്നു. ഇനി പാകിസ്ഥാനിന്റെ മണ്ണിലേക്ക്. ലാഹോറിലേക്കുള്ള ദൂരം എഴുതിയ സൈന്‍ബോര്‍ഡ് തൊട്ടടുത്ത്. അതിര്‍ത്തിക്കപ്പുറത്തും ഇപ്പുറത്തും മണ്ണിന് ഒരു നിറം, മനുഷ്യര്‍ക്കും. അപ്പുറത്തും ഇപ്പുറത്തും മഞ്ഞിന് ഒരേ തണുപ്പുതന്നെ. നിരയായി കാത്തുകിടക്കുന്ന കാറുകളിലേക്ക്. ലഗേജുകളും എത്തിക്കഴിഞ്ഞിരുന്നു. അതിര്‍ത്തി കടന്നപ്പോള്‍ മൊബൈലെടുത്തു. റേഞ്ച് കാണിക്കുന്നില്ല. തൊട്ടപ്പുറത്ത് ഇന്ത്യന്‍ മണ്ണില്‍ നല്ല റേഞ്ച് കാണിച്ചിരുന്നതാണ്. എന്തുപ്പറ്റി? ഇന്ത്യന്‍ മൊബൈലുകളൊന്നും പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കില്ല. തിരിച്ചും അതുതന്നെ സ്ഥിതി. ഏതു ഭൂഖണ്ഡത്തില്‍ പോയാലും ഇക്കാലത്ത് അന്താരാഷ്ട്ര റോമിങ് തെളിയും. എന്നാല്‍ , ചേര്‍ന്നുകിടക്കുന്ന രണ്ടു രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ മാത്രം അതു ബാധകമല്ല. വേണമെങ്കില്‍ പാകിസ്ഥാന്‍ മൊബൈല്‍ കണക്ഷന്‍ സംഘടിപ്പിക്കണം. എന്നാല്‍ , അത് പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് മാത്രമേ അനുവദിക്കു. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ലെന്ന് പാക് സ്നേഹിതന്മാര്‍ പറഞ്ഞു. ഇന്ത്യക്കാര്‍ എത്തിയാല്‍ ആദ്യം ചെല്ലേണ്ടത് പൊലീസ് സ്റ്റേഷനിലേക്കാണ്. പാസ്പോര്‍ട്ടും വിസയും കാണിച്ച് രജിസ്റ്റര്‍ ചെയ്യണം. മൂന്നു നഗരങ്ങളില്‍ മാത്രം പോകുന്നതിനുള്ള അനുവാദമേയുള്ളു. പാകിസ്ഥാന്‍കാര്‍ ഇന്ത്യയില്‍ വരുമ്പോഴും സ്ഥിതി വ്യത്യസ്തമല്ല. മറ്റൊരിടത്തുമില്ലാത്ത അപൂര്‍വതകള്‍ . അരനൂറ്റാണ്ട് പിന്നിട്ടിട്ടും മായാതെ കിടക്കുന്ന പലതിന്റെയും ശേഷിപ്പുകള്‍ . യുദ്ധങ്ങള്‍ ആളിക്കത്തിച്ച വികാരത്തിന്റെ ബാക്കിപത്രം. പാര്‍ലമെന്റ് സംഘമായതുകൊണ്ട് പൊലീസ് കടമ്പകള്‍ ഒഴിവായി.

ലാഹോറില്‍ നിന്ന് വിമാനത്തില്‍ ഇസ്ലാമാബാദിലേക്ക് പോകാനായിരുന്നു പദ്ധതി. കടുത്ത മഞ്ഞുകാരണം ഡല്‍ഹിയില്‍നിന്ന് അമൃത്സറിലേക്കുള്ള വിമാനം ഏറെ വൈകിയാണ് പുറപ്പെട്ടത്. കണക്കുകൂട്ടലുകള്‍ തെറ്റി. അടുത്ത വിമാനം വൈകുന്നേരമേയുള്ളു. യാത്ര റോഡ് മാര്‍ഗമാക്കിയാലോ എന്നായി സംഘത്തലവന്‍ യശ്വന്ത് സിന്‍ഹ. 387 കിലോമീറ്ററാണ് ദൂരം. ടയോട്ടയുടെ കാറുകളാണ് അധികവും. എം 2 എന്ന് വിളിക്കുന്ന മോട്ടോര്‍ റോഡിലൂടെ യാത്ര. അതിമനോഹരമായ റോഡുകള്‍ . കഷ്ടി നാലു മണിക്കൂറില്‍ ഇസ്ലാമാബാദില്‍ എത്താം. കിലോമീറ്ററിന് രണ്ടു രൂപയോളമാണ് ടോള്‍ . ഏഷ്യയിലെ ഏറ്റവും ചെലവേറിയ റോഡായാണ് ഇത് അറിയപ്പെടുന്നത്. ലാഹോര്‍ നൂറ്റാണ്ടുകളോളം പഞ്ചാബിന്റെ തലസ്ഥാനമായിരുന്നു. മുഗള്‍ ഭരണകാലത്തും മറ്റും പ്രവിശ്യാതലസ്ഥാനമായിരുന്നു. വടക്കേ ഇന്ത്യന്‍ സാംസ്കാരിക ജീവിതത്തിന്റെ അവിഭാജ്യഭാഗമായിരുന്നു ഒരു കാലത്ത് ലാഹോര്‍ . സ്വാതന്ത്ര്യ സമരത്തിലും പ്രധാന കേന്ദ്രമായിരുന്നു. സൈമണ്‍ കമീഷന്‍ ബഹിഷ്കരണപോരാട്ടം നയിച്ച ലാലാ ലജ്പത് റായിയെ പൊലീസ് ക്രൂരമായി കൈകാര്യം ചെയ്തതും ഇവിടെ തന്നെ. അന്നത്തെ പഞ്ചാബ് ഭഗത്സിങ് ഉള്‍പ്പെടെയുള്ള പോരാളികളുടെ നാടായിരുന്നു. ലാഹോര്‍ ജയിലിലാണ് ഭഗത്സിങ്ങും രാജഗുരുവും സുഖ്ദേവും തൂക്കിലേറ്റപ്പെട്ടത്.

1931 മാര്‍ച്ച് 23 രാത്രി 7.30ന് അവരെ തൂക്കിലേറ്റി. എണ്ണിയാലൊടുങ്ങാത്ത പോരാളികളുടെയും നിലക്കാത്ത പോരാട്ടങ്ങളുടെയും നാടായിരുന്നു ലാഹോര്‍ . ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രമേയം പാസാക്കുന്നത് 1929 ലെ ലാഹോര്‍ സമ്മേളനത്തിലാണെന്നതും ചരിത്രത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യസമരത്തിലെ തിളക്കമേറിയ ഏടുകളായ ലാഹോര്‍ ഗൂഢാലോചന കേസ് ഒന്നിന്റെയും രണ്ടിന്റെയും ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആരംഭത്തില്‍ അതിനെ തകര്‍ക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യം കെട്ടിചമച്ച ഗൂഢാലോചന കേസുകളില്‍ പ്രധാനമാണ് പെഷാവാര്‍ . ഇന്ന് അതും പാകിസ്ഥാന്റെ ഭാഗമാണ്. വിഭജനത്തിന്റെ വേദനകളും ഏറ്റവുമധികം പേറേണ്ടി വന്ന നഗരങ്ങളിലൊന്ന് ലാഹോറാണ്. പഞ്ചാബിനെ കീറിമുറിച്ചതോടെ നാട് വര്‍ഗീയ സംഘര്‍ഷത്തിന്റേതായി മാറി. രണ്ടു രാജ്യങ്ങളും തമ്മില്‍ നടന്ന യുദ്ധത്തിലും ലാഹോര്‍ വേദിയായിരുന്നു. പഞ്ചാബിന്റെ കണ്ണീരിന് അതിര്‍ത്തികള്‍ ബാധകമല്ല. ഞങ്ങളുടെ ഡ്രൈവര്‍ നവാസിന്റെ അടുത്ത ബന്ധുക്കള്‍ ഉത്തര്‍പ്രദേശിലാണ്. മരുമകളുടെ വിവാഹത്തിന് പോകാനുള്ള ശ്രമം മാസങ്ങള്‍ക്കു മുമ്പുതന്നെ അദ്ദേഹം തുടങ്ങിയിരുന്നു. എന്നാല്‍ , അധികാരികളും വ്യവസ്ഥകളും കനിഞ്ഞില്ല. വിസ വന്നപ്പോഴെക്കും കല്യാണം കഴിഞ്ഞ് മാസങ്ങളായി. അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ അവസാനം ഒരു നോക്ക് കാണാനായി ആരും ആഗ്രഹിക്കുന്നില്ല. അത്രയ്ക്കും അകലയാണ് തൊട്ടുചേര്‍ന്നു കിടക്കുന്ന രാജ്യങ്ങള്‍ . ഏകദേശം ഒരേ കാലത്ത് വിഭജിക്കപ്പെട്ട രാജ്യങ്ങളാണ് ജര്‍മനിയും കൊറിയയും. ജര്‍മനി ഒന്നായി. കൊറിയകള്‍ തീര്‍ത്തു വ്യത്യസ്തമായ രണ്ടുവ്യവസ്ഥകളാണ്. എന്നാല്‍ , അവരും പതുക്കെ അടുക്കുകയാണ്. തകര്‍ന്ന സോവിയറ്റ് യൂണിയനിലെ പുതിയ റിപ്പബ്ലിക്കുകള്‍ ഇപ്പോള്‍ കോണ്‍ഫെഡറേഷന്റെ വഴിയിലാണ്. പതുക്കെ പതുക്കെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധവും മെച്ചപ്പെട്ടുകയാണ്. അതിന് വഴിയൊരുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഞങ്ങളുടെ യാത്ര.

(അവസാനിക്കുന്നില്ല)

*
പി രാജീവ് ദേശാഭിമാനി വാരാന്തപ്പതിപ്പ് 12 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വിഭജനത്തിന്റെ മുറിവുകളുടെ വൈരവും വേദനയും നിറഞ്ഞൊഴുകുന്ന അതിര്‍ത്തിയാണ് വാഗ. അതിര്‍വരമ്പിലൂടെ പാകിസ്ഥാനിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ മണ്ണിലേക്ക് നോക്കി. എവിടെയെങ്കിലും ഉണങ്ങാത്ത ചോരതുള്ളികള്‍ അവശേഷിക്കുന്നുണ്ടോ? കടുത്ത മഞ്ഞില്‍ വീശിയ കാറ്റില്‍ ബാക്കി നില്‍ക്കുന്ന രോദനത്തിനായി കാതോര്‍ത്തു. വലിയ ഗേറ്റുകള്‍ക്ക് മുകളില്‍ ഇരു രാജ്യങ്ങളുടെയും പേര് എഴുതിവച്ചിരിക്കുന്നു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും അതിര്‍ത്തി വരച്ചത് മനുഷ്യന്റെ പച്ചമാംസം കൊണ്ടാണ്. ഒന്നായി ജീവിച്ചിരുന്നവര്‍ പെട്ടെന്ന് വരകളുടെ ഇരുപുറവുമായി. അര്‍ധരാത്രിയിലെ സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തില്‍ ഇരുട്ടിലേക്ക് പെട്ടെന്ന് വലിച്ചെറിയപ്പെട്ട ലക്ഷങ്ങള്‍ . എല്ലാം ഉപേക്ഷിച്ച് ജീവന്‍ മാത്രം കൈയില്‍പിടിച്ചുള്ള അനന്തമായ പ്രവാഹം. അതിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ . ഉറ്റവരെ നഷ്ടപ്പെട്ടവര്‍ . കണക്കുകള്‍ അവസാനിക്കാത്തതാണ്. കാലം മാച്ചുകളയാത്ത മുറിവുകളില്ല. എങ്കിലും പലതും മായാന്‍ എത്ര കാലമെടുക്കുമെന്ന് ആര്‍ക്കും പറയാനാകില്ല.