Monday, February 27, 2012

തളരാത്ത പോരാട്ടവീര്യവുമായി

ഗുജറാത്ത് മുന്‍ പൊലീസ് മേധാവി ആര്‍ ബി ശ്രീകുമാര്‍ , ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട്, പൗരാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാഡ്, നര്‍ത്തകിയും സാമൂഹ്യപ്രവര്‍ത്തകയുമായ മല്ലിക സാരാഭായ്... രാജ്യം കണ്ട ഏറ്റവും പൈശാചികമായ വംശഹത്യക്ക് നേതൃത്വം കൊടുത്ത നരേന്ദ്രമോഡിയെയും സംഘപരിവാറിനെയും തുറന്നുകാട്ടാന്‍ ധീരമായി പോരാടിയവര്‍ . ന്യൂനപക്ഷങ്ങളെ കൂട്ടത്തോടെ ഉന്മൂലനംചെയ്യാനുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള പ്രയത്നത്തിനിടെ ഇവര്‍ക്ക് ഏറ്റുവാങ്ങേണ്ടിവന്നത് തുടര്‍ച്ചയായ പീഡനങ്ങള്‍ . മോഡി സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ വകവയ്ക്കാതെ ഇവര്‍ പോരാട്ടം തുടരുകയാണ്.

തിരുവനന്തപുരം സ്വദേശിയായ ആര്‍ ബി ശ്രീകുമാര്‍ 1972ലാണ് ഗുജറാത്ത് പൊലീസില്‍ ചേരുന്നത്. 2002ല്‍ ഗുജറാത്ത് വംശഹത്യ നടക്കുമ്പോള്‍ എഡിജിപിയായിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവന്‍കൂടിയായിരുന്ന ഇദ്ദേഹത്തിന്റെ പിന്നീടുള്ള വെളിപ്പെടുത്തലുകളാണ് വംശഹത്യയുടെ കാലത്ത് മോഡി പൊലീസിനെ എത്രമാത്രം നിഷ്ക്രിയമാക്കിയെന്ന് പുറംലോകത്തെ അറിയിച്ചത്. 2004ല്‍ നാനാവതി കമീഷന്‍മുമ്പാകെ ശ്രീകുമാര്‍ നല്‍കിയ മൊഴി മോഡിസര്‍ക്കാരിനെ പിടിച്ചുകുലുക്കി. ഇതിന്റെ പ്രതികാരം മോഡിസര്‍ക്കാര്‍ തീര്‍ത്തത് ശ്രീകുമാറിന് അര്‍ഹമായ സ്ഥാനക്കയറ്റം റദ്ദാക്കിയാണ്. 1987ല്‍ കച്ച് എസ്പി ആയിരുന്ന കാലത്തെ ഒരു സംഭവം കുത്തിപ്പൊക്കി കള്ളക്കേസ് ചമച്ചാണ് സ്ഥാനക്കയറ്റം തടഞ്ഞത്. പിന്നീട് സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന്‍ ട്രിബ്യൂണ്‍ ശ്രീകുമാറിനെ കുറ്റവിമുക്തനാക്കി. 2007ലാണ് ശ്രീകുമാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചത്. പിന്നീട് നീണ്ട നിയമയുദ്ധത്തിനുശേഷം 2008ല്‍ മുന്‍കാല പ്രാബല്യത്തോടെ ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചു. മോഡിസര്‍ക്കാരിന്റെ നെറികേടുകള്‍ക്കെതിരെ ഇപ്പോഴും പോരാട്ടം തുടരുകയാണ് ഇദ്ദേഹം.

ഗുജറാത്ത് വംശഹത്യക്ക് മുഖ്യമന്ത്രി നരേന്ദ്രമോഡി നിര്‍ദേശം നല്‍കിയെന്ന് വെളിപ്പെടുത്തിയതിനാണ് ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് സര്‍വീസില്‍നിന്ന് സസ്പെന്‍ഷനും പിന്നീട് ജയില്‍വാസവും നല്‍കിയത്. ഒരു കോണ്‍സ്റ്റബിളിനെ ഭീഷണിപ്പെടുത്തിയെന്ന കാരണം പറഞ്ഞായിരുന്നു ഭട്ടിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ്ചെയ്തത്. മുംബൈയില്‍ ജനിച്ച് ഗുജറാത്തില്‍ പഠിച്ച് അവിടത്തെ കേഡറില്‍ ഐപിഎസുകാരനായ ഭട്ട് വംശഹത്യ നടക്കുമ്പോള്‍ ഇന്റലിജന്‍സ് ഡെപ്യൂട്ടി കമീഷണറായിരുന്നു. മോഡിക്കെതിരായ ശക്തമായ തെളിവുകള്‍ കൈവശമുണ്ടായിരുന്ന ഭട്ട് ഇവ സുപ്രീംകോടതി മുമ്പാകെ വെളിപ്പെടുത്തി. വംശഹത്യ നടക്കുന്ന സമയത്ത് പ്രതികാരത്തിന് ഇറങ്ങിയ സംഘപരിവാറുകാരെ തടയരുതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മോഡി നിര്‍ദേശിച്ചിരുന്നുവെന്ന് അന്നത്തെ യോഗത്തില്‍ പങ്കെടുത്ത സഞ്ജീവ് ഭട്ട് സുപ്രീംകോടതിയെ അറിയിച്ചു. വംര്‍ഗീയ സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയുള്ള തന്റെ ഫാക്സ് സന്ദേശവും മോഡി അവഗണിച്ചതായി ഭട്ട് മൊഴി നല്‍കി. ഇതോടെ പ്രതിക്കൂട്ടിലായ മോഡി, ഭട്ടിനോട് പ്രതികാരം ചെയ്യുകയായിരുന്നു. സത്യവാങ്മൂലം നല്‍കി രണ്ടാം ദിവസം ഭട്ടിനെ പൊലീസ് അറസ്റ്റ്ചെയ്തു. പിന്നീട് 18 ദിവസം തടവറയില്‍ കഴിയേണ്ടിവന്നു. ജയിലിന്റെ പൊലീസിന്റെ കടുത്ത പീഡനങ്ങള്‍ക്ക് ഇരയായി. വ്യാജകേസുകള്‍ ചമച്ചും മറ്റും മോഡി സര്‍ക്കാര്‍ ഇപ്പോഴും ഭട്ടിനെതിരെ പ്രതികാര നടപടി തുടരുകയാണ്.

ഗുജറാത്ത് വംശഹത്യയിലെ ഇരകളായവര്‍ക്ക് ധൈര്യവും ഊര്‍ജവും പകരുകയായിരുന്നു പൗരാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാഡ്. എല്ലാം നഷ്ടപ്പെട്ട് ചകിതരായി കഴിയുകയായിരുന്നവരെ സാധാരണജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും നിയമനടപടിയായി മുന്നോട്ടുപോകാന്‍ കരുത്തുനല്‍കുകയും ചെയ്തത് ടീസ്റ്റയാണ്. വംശഹത്യയുടെ ഭാഗമായിരുന്ന ബെസ്റ്റ് ബേക്കറി കേസിലെ മുഖ്യസാക്ഷി സഹീറ ഷെയ്ഖ് മൊഴിനല്‍കിയത് ടീസ്റ്റയുടെ ഇടപെടലിനെത്തുടര്‍ന്നാണ്. പക്ഷേ, പിന്നീട് ഇവര്‍ മൊഴിമാറ്റി. ഇതിനു പിന്നില്‍ മോഡി സര്‍ക്കാരിന്റെ ഇടപെടലാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. മോഡിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഇടപെടലുകള്‍ നടത്തിയ തീസ്തയ്ക്ക് ഗുജറാത്തില്‍ കായികപരായ ആക്രമണങ്ങള്‍ പലതവണ നേരിടേണ്ടിവന്നു. ഗുജറാത്ത് സര്‍ക്കാര്‍ നിരവധി കള്ളക്കേസുകള്‍ ഇവര്‍ക്കെതിരെ ചുമത്തി. ഗുജറാത്തില്‍ വംശഹത്യക്ക് ഇരയായവരുടെ മറവുചെയ്ത ശരീരങ്ങള്‍ നിയമവിരുദ്ധമായി പുറത്തെടുത്തെന്ന് ആരോപിച്ച് ഇവര്‍ക്കെതിരെ എടുത്ത കേസ് വ്യാജമാണെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. വംശഹത്യാ കേസുകളുമായി ശക്തമായി മുന്നോട്ടുപോയ ടീസ്തയെ വേട്ടയാടാന്‍ സര്‍ക്കാര്‍ കെട്ടിച്ചമച്ച കേസാണിതെന്ന് ജസ്റ്റിസുമാരായ അഫ്താബ് അലം, രഞ്ജന പ്രകാശ് ദേശായി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വംശഹത്യയുമായി ബന്ധപ്പെട്ട് ടീസ്തയ്ക്കെതിരെ ഗുജറാത്തില്‍ മറ്റു നിരവധി കേസ് നിലവിലുണ്ട്.

ഗുജറാത്ത് വംശഹത്യയില്‍ ഇരയായവരെ സംഘടിപ്പിക്കുന്നതിലും മോഡി സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുന്നതിലും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചയാളാണ് മല്ലിക സാരാഭായി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ സദ്ഭാവനാ ഉപവാസത്തിനെതിരെ ഇവര്‍ മാര്‍ച്ച് നടത്തിയ ഇവരെ പൊലീസ് അറസ്റ്റു ചെയ്തു. 2002ലെ ഗുജറാത്ത് വംശഹത്യയ്ക്കിടെ 90 പേര്‍ കൊല്ലപ്പെട്ട നരോദ പാട്യയില്‍നിന്നുള്ള 25 പേരെയും കൂട്ടിയാണ് മല്ലിക പ്രകടനം നടത്തിയത്. അര്‍ഹമായ നഷ്ടപരിഹാരം ഇവര്‍ക്ക് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. വംശഹത്യയ്ക്കുശേഷം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരാജയപ്പെടുത്താന്‍ മോഡി തന്റെ അഭിഭാഷകര്‍ക്ക് കൈക്കൂലി വാഗ്ദാനംചെയ്തുവെന്ന് മല്ലിക വെളിപ്പെടുത്തിയത് ഏറെ കോളിളക്കം സൃഷ്ടിച്ചു.

*
സി അജിത് ദേശാഭിമാനി 27 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഗുജറാത്ത് മുന്‍ പൊലീസ് മേധാവി ആര്‍ ബി ശ്രീകുമാര്‍ , ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട്, പൗരാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാഡ്, നര്‍ത്തകിയും സാമൂഹ്യപ്രവര്‍ത്തകയുമായ മല്ലിക സാരാഭായ്... രാജ്യം കണ്ട ഏറ്റവും പൈശാചികമായ വംശഹത്യക്ക് നേതൃത്വം കൊടുത്ത നരേന്ദ്രമോഡിയെയും സംഘപരിവാറിനെയും തുറന്നുകാട്ടാന്‍ ധീരമായി പോരാടിയവര്‍ . ന്യൂനപക്ഷങ്ങളെ കൂട്ടത്തോടെ ഉന്മൂലനംചെയ്യാനുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള പ്രയത്നത്തിനിടെ ഇവര്‍ക്ക് ഏറ്റുവാങ്ങേണ്ടിവന്നത് തുടര്‍ച്ചയായ പീഡനങ്ങള്‍ . മോഡി സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ വകവയ്ക്കാതെ ഇവര്‍ പോരാട്ടം തുടരുകയാണ്.