
വിപ്ലവം വിജയിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ഞങ്ങളുടെ ദേശീയ അതിര്‍ത്തിക്കുള്ളില്‍ സായുധ ആക്രമണം നടന്നു-മുന്‍ ഏകാധിപതി ബാത്തിസ്റ്റയുടെ സൈനികരും ഭൂവുടമകളുടെയും ദേശീയ ബൂര്‍ഷ്വാസിയുടെയും കൂലിപ്പടയാളികളും ചേര്‍ന്ന് അമേരിക്കയുടെ സഹായത്തോടെ നടത്തിയ ആക്രമണം. അമേരിക്കന്‍ നാവികപ്പടയുടെ വിമാനവാഹിനി കപ്പലുകള്‍ ഇവര്‍ക്ക് അകമ്പടി സേവിച്ചു. എന്നാല്‍ , 72 മണിക്കൂറിനുള്ളില്‍ ഇവരെ പലായനം ചെയ്യിച്ച് സാമ്രാജ്യത്വത്തിനും ലാറ്റിനമേരിക്കയിലെ അവരുടെ കൂട്ടാളികള്‍ക്കും ക്യൂബന്‍ജനതയുടെ പോര്‍വീര്യം ബോധ്യമാക്കിക്കൊടുത്തു. അമേരിക്കയില്‍നിന്ന് ഞങ്ങള്‍ക്ക് എണ്ണ നല്‍കുന്നതും ഇവിടെനിന്ന് അവര്‍ പഞ്ചസാര ഇറക്കുമതിചെയ്യുന്നതും നിര്‍ത്തിവച്ചു. 100 വര്‍ഷത്തിലേറെയായി തുടര്‍ന്നുവന്ന സമ്പ്രദായമാണ് അമേരിക്ക അവസാനിപ്പിച്ചത്. ഇതിനോടുള്ള പ്രതികരണമായി സോവിയറ്റ് യൂണിയന്‍ ഇവിടെനിന്ന് പഞ്ചസാര വാങ്ങുകയും പകരം എണ്ണ നല്‍കുകയുംചെയ്തു. മറ്റ് രാജ്യങ്ങളില്‍നിന്ന് ഞങ്ങള്‍ക്ക് ലഭിക്കാത്ത ആയുധങ്ങളും സോവിയറ്റ് യൂണിയന്‍ നല്‍കി. തുടര്‍ന്ന്, സിഐഎ ആസൂത്രണംചെയ്ത അട്ടിമറിശ്രമങ്ങളും ആക്രമണങ്ങളും ഞങ്ങളുടെ മണ്ണില്‍ നിരന്തരമായി നടന്നു. മാനവരാശിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന വിധത്തില്‍ ആണവയുദ്ധത്തിനുള്ള സാധ്യതയില്‍വരെ സംഭവഗതികള്‍ എത്തി. ആ ഘട്ടത്തില്‍ നികിത ക്രൂഷ്ചേവ് ഞങ്ങള്‍ക്ക് നല്‍കിയ സഹായം മറക്കാനാകില്ല.
അതേസമയം, അന്ന് ക്യൂബയ്ക്കുണ്ടായ ധാര്‍മികവിജയത്തിന് സോവിയറ്റ് യൂണിയന്‍ രാഷ്ട്രീയമായി കനത്തവില നല്‍കേണ്ടി വന്നു. സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ഒരു നിമിഷംപോലും പാഴാക്കാതെയാണ് ക്യൂബയില്‍നിന്ന് മിസൈലുകള്‍ തിരിച്ചുകൊണ്ടുപോകാനുള്ള തീരുമാനം ക്രൂഷ്ചേവ് കൈക്കൊണ്ടത്. ഞങ്ങളെ കടന്നാക്രമിക്കില്ലെന്ന ഉറപ്പ് യാങ്കികള്‍ രഹസ്യമായി അദ്ദേഹത്തിന് നല്‍കിയിരുന്നു. ദുര്‍ഘടമായ പ്രതിസന്ധിയില്‍ ഞങ്ങള്‍ക്ക് അനിതരസാധാരണമായ പിന്തുണ നല്‍കിയ ക്രൂഷ്ചേവിനെ വിസ്മരിക്കുന്നത് നന്ദികേടാണ്. ഇതിനുശേഷവും അമേരിക്ക ക്യൂബയ്ക്കെതിരെ കുറ്റകൃത്യങ്ങളും ശിക്ഷാര്‍ഹമായ ഉപരോധവും തുടര്‍ന്നു. എന്നിട്ടും യാങ്കികളുടെ മടിത്തട്ടിലേക്ക് ക്യൂബയെന്ന പഴം അടര്‍ന്നു വീണില്ല.
ഇപ്പോള്‍ സ്പെയിന്‍ , ഫ്രാന്‍സ്, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ , പാകിസ്ഥാന്‍ , ഇറാന്‍ , സിറിയ, ഇംഗ്ലണ്ട് എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രാജ്യങ്ങളില്‍നിന്നുള്ള വാര്‍ത്തകള്‍ ആശങ്കാജനകമാണ്; അമേരിക്കയുടെയും സഖ്യകക്ഷികളുടെയും വിഡ്ഢിത്തങ്ങളുടെ ഫലമായ രാഷ്ട്രീയ-സാമ്പത്തികദുരന്തങ്ങള്‍ ഈ വാര്‍ത്തകളിലൂടെ വെളിപ്പെടുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ഇപ്പോള്‍ നടക്കുന്ന പ്രക്രിയ ഞാന്‍ ഇതുവരെ കേട്ടിട്ടുള്ളില്‍ വച്ചേറ്റവും വലിയ വിഡ്ഢിത്തത്തിന്റെയും അജ്ഞതയുടെയും പ്രകടനമാണ്.
മറ്റൊരു പ്രധാന വിഷയം. ക്യൂബന്‍ ജയിലില്‍ 50 ദിവസം നിരാഹാരം നടത്തിയ "രാഷ്ട്രീയത്തടവുകാരന്‍" മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. തടവുകാരന്‍ മരിച്ചുവെന്നത് ശരിയാണ്. എന്നാല്‍ , ഭാര്യയുടെ മുഖം അടിച്ചുപൊളിച്ചതിന് നാലുവര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ആളാണ് മരിച്ചത്. ഭാര്യാമാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്. എല്ലാ നിയമനടപടികളും സ്വീകരിച്ചാണ് ഇയാളുടെ വിചാരണ നടത്തിയതും ശിക്ഷിച്ചതും. ശിക്ഷ അനുഭവിക്കവെ ശ്വാസകോശത്തില്‍ അണുബാധയുണ്ടായി. മികച്ച ചികിത്സാ സൗകര്യം നിലവിലുള്ള ക്യൂബയില്‍ സാധ്യമായ എല്ലാ പരിചരണവും ഇയാള്‍ക്ക് നല്‍കി. കിഴക്കന്‍ ക്യൂബയില്‍ എറ്റവും മികച്ച ആശുപത്രിയിലാണ് ചികിത്സിച്ചത്. പക്ഷേ, ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച് മരണം സംഭവിക്കുകയായിരുന്നു. ഇതെല്ലാം തടവുകാരന്റെ ബന്ധുക്കള്‍ക്ക് ബോധ്യമുള്ളതാണ്.
അന്‍പത് വര്‍ഷമായി സാമ്രാജ്യത്വത്തിന്റെ ഉപരോധം നേരിടുന്ന ക്യൂബ ലോകത്ത് ഏറ്റവും മികച്ച ആതുരസേവന സൗകര്യമുള്ള രാജ്യങ്ങളില്‍ ഒന്നാണ്. ക്യൂബയില്‍ എല്ലാവിധ ചികിത്സയും പൂര്‍ണമായും സൗജന്യവുമാണ്. അതേസമയം, അമേരിക്കന്‍ ജയിലുകളില്‍ എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. ദശലക്ഷക്കണക്കിന് തടവുകാരാണ് അമേരിക്കന്‍ ജയിലുകളില്‍ യാതന അനുഭവിക്കുന്നത്. ക്യൂബയ്ക്കെതിരെ പരമ്പരാഗതമായിത്തന്നെ കുത്തിത്തിരിപ്പ് നടത്തിവരുന്ന ചില പാശ്ചാത്യസര്‍ക്കാരുകളുടെ കുപ്രചാരണം ലജ്ജാകരമാണ്. വിപ്ലവത്തിന്റെ ആദ്യഘട്ടത്തില്‍ രാജ്യത്തുണ്ടായിരുന്ന ജീവിതനിലവാരവും ഇപ്പോള്‍ കൈവരിച്ച നേട്ടങ്ങളും തമ്മിലുള്ള അന്തരം ജനങ്ങള്‍ക്ക് ബോധ്യമുള്ളതാണ്. അവരെ തെറ്റിദ്ധരിപ്പിക്കാനോ പ്രലോഭിപ്പിക്കാനോ കഴിയില്ല. പക്ഷേ, ഞങ്ങളുടെ രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതുണ്ട്.
ഒരു കാര്യം വ്യക്തമായിത്തന്നെ പറയേണ്ടതുണ്ട്. സ്പെയിന്‍ സര്‍ക്കാരും യൂറോപ്യന്‍ യൂണിയന്‍ പൊതുവിലും കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ്. എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ ആദ്യം തിരിച്ചറിയണം. ക്യൂബയ്ക്കുനേരെ ഇവര്‍ നടത്തുന്ന ആക്രമണം ലജ്ജാകരമാണ്. ഇവര്‍ ആദ്യം യൂറോയെ രക്ഷിക്കട്ടെ; തൊഴിലില്ലായ്മയില്‍നിന്ന് യുവജനങ്ങളെ രക്ഷിക്കട്ടെ; പൊലീസ് അതിക്രമങ്ങളില്‍നിന്ന് സ്വന്തം ജനതയെ രക്ഷിക്കട്ടെ. സോവിയറ്റ് യൂണിയനെ ആക്രമിക്കാന്‍ നാസികള്‍ക്കൊപ്പം ബ്ലൂ ഡിവിഷന്‍ സൈന്യത്തെ വിട്ട ഫ്രാങ്കോയുടെ ആരാധകരാണ് ഇപ്പോള്‍ സ്പെയിന്‍ ഭരിക്കുന്നതെന്ന വസ്തുത ഞങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയില്ല. അരലക്ഷത്തോളം സ്പാനിഷ് സൈനികരാണ് അന്നത്തെ രക്തരൂഷിത ആക്രമണങ്ങളില്‍ പങ്കെടുത്തത്. അന്ന് ഇവരുടെ ആക്രമണത്തില്‍നിന്ന് ലെനിന്‍ഗ്രാഡിനെ സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടത്തില്‍ പത്ത് ലക്ഷം റഷ്യക്കാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഈ കുറ്റകൃത്യം റഷ്യന്‍ജനത ഒരിക്കലും പൊറുക്കില്ല.
ലോകത്ത് ആധിപത്യം പുലര്‍ത്താനും വിഭവങ്ങള്‍ കൊള്ളയടിക്കാനുമായി സാമ്രാജ്യത്വം മാധ്യമങ്ങളെ ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമത്തിലാണ്. ലാറ്റിനമേരിക്കന്‍ -കരീബിയന്‍ മേഖലയില്‍ കഴിയുന്ന ഏഴ് കോടിയോളം വരുന്ന ജനത അമേരിക്കയുടെ നോട്ടപ്പുള്ളികളാണ്. ഞങ്ങളുടെ സഹോദരരാജ്യമായ വെനസ്വേല അമേരിക്കയുടെ മുഖ്യലക്ഷ്യങ്ങളില്‍ ഒന്നാണ്. കാരണം വ്യക്തമാണ്. വെനസ്വേലയെ ദുര്‍ബലപ്പെടുത്തിയാല്‍ യാങ്കികള്‍ക്ക് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കുമേല്‍ സ്വതന്ത്രവ്യാപാര കരാര്‍ അടിച്ചേല്‍പ്പിക്കാം. ഭൂമി, ശുദ്ധജലം, ധാതുസമ്പത്ത് എന്നിവയടക്കമുള്ള വിഭവങ്ങള്‍ സ്വന്തമാക്കാം. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ ക്യൂബ അധികകാലം നിലനില്‍ക്കില്ലെന്ന് അമേരിക്ക കരുതി. ക്യൂബയ്ക്കുവേണ്ടി പ്രതിവിപ്ലവ സര്‍ക്കാരിനെത്തന്നെ ജോര്‍ജ് ബുഷ് ഒരുക്കി. ബുഷും അദ്ദേഹത്തിന്റെ വിഡ്ഢിത്തങ്ങളും എട്ടുവര്‍ഷം മാത്രമേ നിലനിന്നുള്ളൂ. എന്നാല്‍ , വിപ്ലവക്യൂബ അരനൂറ്റാണ്ടിലേറെയായി ജൈത്രയാത്ര തുടരുന്നു. വിളഞ്ഞ പഴം ഒരിക്കലും സാമ്രാജ്യത്വത്തിന്റെ മടിത്തട്ടില്‍ പതിച്ചില്ല. മാര്‍ട്ടി ചൊരിഞ്ഞ രക്തം പാഴായില്ല.
*
ഫിദല്‍ കാസ്ട്രോ ദേശാഭിമാനി 29 ഫെബ്രുവരി 2012
No comments:
Post a Comment