സംയുക്തമായ ഒരു സാമ്പത്തിക പരിപാടിക്ക് രൂപം നല്‍കുന്നതിനുവേണ്ടി, ബൊളിവിയന്‍ അലയന്‍സ് ഫോര്‍ ദി പീപ്പിള്‍സ് ഓഫ് ഔവര്‍ അമേരിക്ക (അല്‍ബ) യുടെ പതിനൊന്നാമത് സമ്മേളനം ഫെബ്രുവരി 5 ന് വെനിസ്വലന്‍ തലസ്ഥാനമായ കാരകസില്‍ ചേര്‍ന്നു. അതിഥികളായെത്തിയ പുതിയ രണ്ട് രാഷ്ട്രങ്ങളെ അല്‍ബ സ്വാഗതം ചെയ്തു. ഹെയ്തിയെ സംഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു.
2004 ലാണ് 'അല്‍ബ' യ്ക്ക് രൂപം നല്‍കുന്നത്. ക്യൂബയും വെനിസ്വലയും മാത്രമായിരുന്നു അന്ന് അംഗങ്ങള്‍. ഇന്ന് എട്ട് രാഷ്ട്രങ്ങള്‍ അതില്‍ അംഗങ്ങളായുണ്ട് - ക്യൂബ, വെനിസ്വല, ഇക്വഡൊര്‍, ബൊളിവിയ, നിക്കരഗ്വ, ആന്റിഗ്വ, ഡൊമിനിക്ക, സെന്റ് വിന്‍സന്റ് ആന്‍ഡ് ഗ്രഹഡൈന്‍സ്. ഫെബ്രുവരി 5 ന് ചേര്‍ന്ന യോഗത്തില്‍ രണ്ട് ചെറിയ രാഷ്ട്രങ്ങള്‍കൂടി അതിഥികള്‍ എന്ന നിലയില്‍ പങ്കെടുത്തു. സെന്റ് ലൂസിയയും സുറിനാമും. അല്‍ബയില്‍ അവര്‍ക്ക് പൂര്‍ണ അംഗത്വം നല്‍കുന്നതിലേയ്ക്കുള്ള ഒരു ചുവടുവയ്പാണിത്. ഹോണ്ടുറാസ് അല്‍ബയില്‍ അംഗമായിരുന്നു. എന്നാല്‍ ഇടതുപക്ഷക്കാരനായ പ്രസിഡന്റ് മാനുവല്‍ സലായ അട്ടിമറിക്കപ്പെട്ടതിനെതുടര്‍ന്ന് 2009 നുശേഷം പിന്മാറി.
അമേരിക്ക (യു എസ് എ) യേയോ യൂറോപ്പിനേയോ ആശ്രയിക്കാതെയും അവരുടെ ഇടപെടല്‍ കൂടാതെയും ലാറ്റിനമേരിക്കയുടെ പുരോഗതി കൈവരിക്കാന്‍ കഴിയുംവിധം മേഖലയുടെ ഏകീകരണം എന്ന ദക്ഷിണ അമേരിക്കന്‍ വിമോചനനായകന്‍ സൈമന്‍ ബൊളീവറുടെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുകയാണ് 'അല്‍ബ'യുടെ ലക്ഷ്യം. വ്യാപാര കരാറുകള്‍ക്ക് അത് ഊന്നല്‍ നല്‍കുന്നു. അന്താരാഷ്ട്ര നാണയനിധി (ഐ എം എഫ്) പരിപോഷിപ്പിക്കുന്ന സ്വകാര്യവല്‍ക്കരണത്തിന്റെയും ചിലവുചുരുക്കലിന്റെയും നയങ്ങളില്‍ നിന്നും വ്യത്യസ്തമായി വിദ്യാഭ്യാസത്തിനും ഭവനനിര്‍മാണത്തിനും ആരോഗ്യസംരക്ഷണത്തിനും വേണ്ടിയുള്ള ചിലവുകള്‍ വര്‍ധിപ്പിക്കുന്നതിനെ സംഘടന പ്രോത്സാഹിപ്പിക്കുന്നു. ബഹുരാഷ്ട്ര കുത്തകകളുടെയും സമ്പന്നരാജ്യങ്ങളുടെയും ആധിപത്യമല്ല, ജനങ്ങള്‍ക്കിടയിലെ ഐക്യദാര്‍ഢ്യമാണ് അല്‍ബയെ നയിക്കുന്ന തത്വശാസ്ത്രം.
കഴിഞ്ഞവര്‍ഷം വിവാദപൂര്‍ണമായ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഹെയ്തിയിലെ പ്രസിഡന്റ് മൈക്കല്‍ മാര്‍ട്‌ലി ഒരു നിരീക്ഷകനെന്ന നിലയില്‍ അല്‍ബ സമ്മേളനത്തില്‍ പങ്കെടുത്തത് പലരെയും അമ്പരപ്പിച്ചു. ഹെയ്തിയിലെ ഏറ്റവും ജനസമ്മതിയുള്ള പാര്‍ട്ടിയാണ് മുന്‍ പ്രസിഡന്റ് ഴാന്‍ബര്‍ട്രന്റ് അരിസ്റ്റിദെ നയിക്കുന്ന ഹാമ്‌നിലവാല്‍സ്. ആ പാര്‍ട്ടിയുടെയും സ്ഥാനമൊഴിയുന്ന പ്രസിഡന്റ് റെനെപ്രഖാലിന്റെ സ്ഥാനാര്‍ഥിയായിരുന്ന ജുഡ്‌സെലസ്റ്റിനെയും പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള രണ്ടാംവട്ട വോട്ടെടുപ്പില്‍ മത്സരിക്കുന്നതിന് അനുവദിച്ചില്ല. അമേരിക്കയുടെയും സഖ്യശക്തികളുടെയും കനത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു അത്. അമേരിക്കന്‍ പാവകളായി മാറിയ ഹെയ്തിയിലെ സ്വേച്ഛാധിപതികളായിരുന്ന മുന്‍ പ്രസിഡന്റുമാരായ ഫ്രാങ്കെയുടെയും ദുവലിയറിന്റെയും ക്യാമ്പില്‍പ്പെട്ട ആളായിരുന്നു മാര്‍ട്‌ലി.
അരിസ്റ്റിദെ നിരോധിച്ചിരുന്ന സൈന്യത്തെ പുനഃസ്ഥാപിച്ചതായിരുന്നു മാര്‍ട്ട്‌ലിയുടെ ആദ്യ നടപടി. അപകടകാരിയായ ഒരു വലതുപക്ഷക്കാരന്‍ എന്ന നിലയിലാണ് മാര്‍ട്‌ലിയെ ഏവരും പരിഗണിച്ചിരുന്നത്. അല്‍ബ സമ്മേളനത്തില്‍ നിരീക്ഷകനായി മാര്‍ട്‌ലി പങ്കെടുത്തത്, സംഘടനയില്‍ ഹെയ്ത് അംഗമാകുമെന്നതിന്റെ ശക്തമായ സൂചന തന്നെയാണ്.
മാര്‍ട്‌ലിയും വെനിസ്വലയിലെ ഇടതുപക്ഷക്കാരനായ പ്രസിഡന്റ് ഹുഗൊഷാവെസും പുതിയ ഉഭയകക്ഷികരാറുകള്‍ പ്രഖ്യാപിച്ചു. ഹെയ്തിക്ക് ഇപ്പോള്‍ത്തന്നെ വെനിസ്വല വന്‍തോതില്‍ നല്‍കിവരുന്ന സഹായത്തെ കൂടുതല്‍ ശക്തമാക്കുന്നവയാണ് പ്രഖ്യാപിക്കപ്പെട്ട കരാറുകള്‍. 2010 ലെ വന്‍ദുരന്തം വിതച്ച ഭൂകമ്പത്തിനുശേഷം ഹെയ്തിയുടെ കടങ്ങള്‍ വെനിസ്വല റദ്ദാക്കിയിരുന്നു. ഭൂകമ്പത്തിനുമുമ്പും പിമ്പും വെനിസ്വലയും ക്യൂബയും നല്‍കിയ സഹായങ്ങളെ, കാരകസ് സമ്മേളനവേദിയില്‍ മാര്‍ട്‌ലി വളരെ പുകഴ്ത്തി. ഒരു സുഹൃത്തിനെ ഉപേക്ഷിക്കാന്‍ കഴിയാത്ത ഹെയ്തിയുടെ നിലപാട് അമേരിക്ക മനസ്സിലാക്കുമെന്നും ദേഷ്യപ്പെടുകയില്ലെന്നും മാര്‍ട്‌ലി പ്രത്യാശിച്ചു.
മാര്‍ട്‌ലിക്ക് തെറ്റുപറ്റിയോ, അതോ അധികാരമേറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ രൂപാന്തരമെന്തെങ്കിലും സംഭവിച്ചുവൊ? ഹെയ്തി ഒരു അഗതിയാണിന്ന്. അതിന്റെ ഘടനയാകെത്തന്നെ തരിപ്പണമായിരിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ നിന്നും കിട്ടുന്ന സംഭാവനകളെ വന്‍തോതില്‍ ആശ്രയിക്കുകയാണ് ആ രാഷ്ട്രം. വിദേശങ്ങളിലുള്ള ഗവണ്‍മെന്റിതര സംഘടനകളാണ് അവിടെ യഥാര്‍ഥത്തില്‍ ഭരണം നടത്തുന്നത്. ഭൂകമ്പത്തെ തുടര്‍ന്ന് സഹായവാഗ്ദാനങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും പലതും ലഭിച്ചില്ല. ലഭിച്ച സഹായങ്ങളാകട്ടെ ഒട്ടേറെ ചരടുകളോട് കൂടിയതുമായിരുന്നു.
അമേരിക്കയും കാനഡയും മറ്റ് സമ്പന്നരാഷ്ട്രങ്ങളും ഹെയ്തിയുടെ ഭാവിവികസനത്തിന് ചില പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. രാഷ്ട്രാന്തര കുത്തകകള്‍ക്ക് ചിലവുകുറഞ്ഞ അധ്വാനശക്തിയെ ഹെയ്തിയില്‍ നിന്നും എത്തിച്ചുകൊടുക്കുകയെന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണവ. പ്രത്യേകിച്ചും തുണിയുല്‍പ്പാദനത്തിലും വസ്ത്രനിര്‍മാണത്തിലും നേരിട്ടുള്ള വിദേശനിക്ഷേപമാണ് വികസനത്തിന്റെ 'ചാലകശക്തി'. ഹെയ്തിയിലെ ചിലവുകുറഞ്ഞ അധ്വാനശക്തിയെയാണ് രാഷ്ട്രാന്തര കുത്തകകള്‍ നോട്ടമിട്ടിട്ടുള്ളത്. ഭൂകമ്പം, വെള്ളപ്പൊക്കം എന്നിവയെ തുടര്‍ന്ന് ഗ്രാമീണ സമ്പദ്ഘടനയില്‍ നിന്നും പുറത്തായ ആയിരക്കണക്കിന് ഹെയ്തിക്കാര്‍ക്ക് അവര്‍ തൊഴില്‍ നല്‍കും. അമേരിക്കയില്‍ നിന്നും വന്‍ സബ്‌സിഡി നല്‍കിയ അരി ഹെയ്തിയിലേയ്ക്ക് ഇറക്കുമതി ചെയ്യും. അതോടെ ഹെയ്തിയിലെ നെല്‍കര്‍ഷകര്‍ക്ക് കമ്പോളത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെയാകും.
ഹെയ്തിയിലെ സാഹചര്യങ്ങള്‍ ആകര്‍ഷകമായി നിലനില്‍ക്കുന്നിടത്തോളം സമയംവരെ മാത്രമെ വിദേശനിക്ഷേപം അവിടെ തുടരുകയുള്ളു. വേതനം വര്‍ധിക്കുന്ന സാഹചര്യം വരുമ്പോള്‍ വിദേശ നിക്ഷേപം മറ്റ് സ്ഥലങ്ങളിലേയ്ക്ക് കുടിയേറ്റം. ഹെയ്തി അതോടെ നിത്യദാരിദ്ര്യത്തിലുമാകും. സാമ്പത്തിക വികസനത്തിനുള്ള ബദല്‍മാര്‍ഗങ്ങളുടെ അന്വേഷണമാണ് അല്‍ബയിലേയ്ക്ക് ഹെയ്തിയെ ആകര്‍ഷിച്ചിട്ടുള്ളത്. പ്രത്യേകിച്ചും വെനിസ്വലയില്‍ നിന്നും ലഭിക്കുന്ന എണ്ണ രാജ്യത്തിന് വളരെ അനുകൂലമായ വ്യവസ്ഥകളിലാണ്.മാര്‍ച്ച് മാസത്തില്‍ 'അല്‍ബ' വിദേശ മന്ത്രിമാരുടെ സമ്മേളനം ഹെയ്തിയിലെ ജാക്‌മെലില്‍ നടക്കും. ഹെയ്തിയെ കരകയറ്റാന്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ എങ്ങനെ ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതായിരിക്കും ചര്‍ച്ചാവിഷയം.
ഹെയ്തി ഉള്‍പ്പെടുന്ന കരീബിയന്‍ മേഖലയുടെ സാമ്പത്തികവികസനത്തിനായി ഒരു സംയുക്ത പരിപാടി ആവിഷ്‌ക്കരിക്കുന്നതിന് കാരകസില്‍ സമ്മേളിച്ച അല്‍ബ രാഷ്ട്രത്തലവന്മാര്‍ സമ്മതിച്ചു. അല്‍ബ രാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാര കാര്യങ്ങള്‍ക്കായി സുക്രെ എന്ന പൊതുനാണയം വികസിപ്പിക്കുന്നതിനും തീരുമാനമായി. മേഖലാവികസനത്തിനും സഹായത്തിനുമുള്ള നിധിയിലേയ്ക്കായി ഓരോ രാഷ്ട്രവും അതിന്റെ അന്താരാഷ്ട്ര കറന്‍സി ശേഖരത്തില്‍ നിന്നും ഒരു ശതമാനം വീതം പ്രതിവര്‍ഷം സംഭാവന നല്‍കാനും തീരുമാനമായി. അമേരിക്കയിലെ തടവറയില്‍ കഴിയുന്ന അഞ്ച് ക്യൂബന്‍ പൗരന്മാരെ മോചിപ്പിക്കുക, പ്യൂര്‍ട്ടോറിക്കയുടെ വിമോചനം നടപ്പിലാക്കുക, സിറിയയില്‍ ബാഹ്യ ഇടപെടല്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രമേയങ്ങള്‍ കാരകസിലെ സമ്മേളനം അംഗീകരിച്ചു. മാല്‍വിനാസ് (ഫാക്‌ലാന്റ്) ദ്വീപുകളുടെ കാര്യത്തില്‍ അര്‍ജന്റീനയുമായി കൂടിയാലോചിച്ച് ഒരു കരാറിലെത്താന്‍ വിസമ്മതിക്കുന്ന ബ്രിട്ടന്റെ നിലപാടിനെ സമ്മേളനം അപലപിച്ചു.
*
എമിലി ഷെപെഴ്‌സ് (കടപ്പാട്: പീപ്പിള്‍സ് വേള്‍ഡ്)
ജനയുഗം 10 ഫെബ്രുവരി 2012
Friday, February 10, 2012
Subscribe to:
Post Comments (Atom)
1 comment:
സംയുക്തമായ ഒരു സാമ്പത്തിക പരിപാടിക്ക് രൂപം നല്‍കുന്നതിനുവേണ്ടി, ബൊളിവിയന്‍ അലയന്‍സ് ഫോര്‍ ദി പീപ്പിള്‍സ് ഓഫ് ഔവര്‍ അമേരിക്ക (അല്‍ബ) യുടെ പതിനൊന്നാമത് സമ്മേളനം ഫെബ്രുവരി 5 ന് വെനിസ്വലന്‍ തലസ്ഥാനമായ കാരകസില്‍ ചേര്‍ന്നു. അതിഥികളായെത്തിയ പുതിയ രണ്ട് രാഷ്ട്രങ്ങളെ അല്‍ബ സ്വാഗതം ചെയ്തു. ഹെയ്തിയെ സംഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു.
Post a Comment