Friday, February 17, 2012

തൊഴിലാളികളുടെ സ്വന്തം സ്വാമി

കൊച്ചി: അരനൂറ്റാണ്ട് മുമ്പുള്ള കാര്യമാണ്. "വിമോചന" സമരം കഴിഞ്ഞതേയുള്ളൂ. തൊഴിലാളികളെ ജാതി-മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ചവരുടെ പ്രചാരണത്തിനെതിരെ കമ്യൂണിസ്റ്റ് പാര്‍ടി പോരാട്ടത്തില്‍ . അക്കാലത്ത് ആലുവയില്‍ യോഗം വിളിച്ചു. തൊഴിലാളികളും സഖാക്കളും സ്നേഹത്തോടെ "സ്വാമി" എന്നു വിളിക്കുന്ന ഇ ബാലാനന്ദന്‍ പ്രധാന പ്രസംഗകന്‍ . യോഗം കഴിഞ്ഞപ്പോള്‍ രാത്രി പത്തര. തൊഴിലാളികളും നേതാക്കളും സംഘമായി ബസ് കാത്തുനില്‍ക്കുകയാണ്. തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള ട്രാന്‍സ്പോര്‍ട് ബസ് മാത്രമാണ് ആശ്രയം. അതില്‍ ടിക്കറ്റ് ചാര്‍ജ് കൂടുതലും. എല്ലാവരുടെയും കൈയിലുള്ള തുട്ടുകള്‍ കൂട്ടി എണ്ണിനോക്കി. നാലണ കുറവ്.

അപ്പോഴാണ് "ഭ്രാന്തന്‍" നാരായണന്റെ വരവ്. പ്രണയ പരാജയത്താലോ മറ്റോ മനോനില തെറ്റി അലഞ്ഞുതിരിയുന്ന അയാളെ കാണുമ്പോള്‍ പലരും അകന്നുമാറും. ഏറെക്കാലമായി ബാലാനന്ദനുമായി അടുപ്പത്തിലാണ്. കാണുമ്പോഴെല്ലാം ഒരണ ചോദിക്കും. എത്രയെന്ന് നോക്കാതെ കൈയിലുള്ളത് കൊടുക്കും. ഇത്തവണ അതിനു കഴിഞ്ഞില്ല. നാരായണന്‍ തിരിച്ചുനടക്കാന്‍ തുടങ്ങിയപ്പോഴാണ് സ്വാമിക്ക് ഒരു ബുദ്ധി തോന്നിയത്. നാരായണനെ തിരിച്ചുവിളിച്ച് നാലണ ചോദിച്ചു. ഉടുത്ത കീറച്ചാക്കിന്റെ കോന്തലയില്‍നിന്ന് നാലണയെടുത്ത് സന്തോഷത്തോടെ നല്‍കി. സാധാരണ തൊഴിലാളികളോട് മാത്രമല്ല, സമൂഹം അകറ്റി നിര്‍ത്തുന്നവരോടുപോലും ബാലാനന്ദനുണ്ടായിരുന്ന ഹൃദയബന്ധത്തിലെ ഒരേട് മാത്രമാണിത്.

കൊല്ലം ശക്തികുളങ്ങരയിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച ബാലാനന്ദന്റെ ബാല്യം കഷ്ടപ്പാടിന്റേതായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം പോവാന്‍ സാഹചര്യം അനുവദിച്ചില്ല. കള്ളുഷാപ്പ് തൊഴിലാളിയായി. പിന്നെ പല നാടുകളില്‍ പല വേലകള്‍ . ഊട്ടിക്കടുത്ത് അരവന്‍കാട്ട് ഇന്ത്യയിലെ ആദ്യ ആയുധനിര്‍മാണശാലയില്‍ , കോയമ്പത്തൂരിനടുത്ത് പോത്തന്നൂരില്‍ കരാറുകാരുടെ കീഴില്‍ കൂലിപ്പണി. പിന്നെ എറണാകുളം ജില്ലയില്‍ ഏലൂര്‍ കുറ്റിക്കാട്ടുകരയില്‍ പുതിയ ഫാക്ടറി തുടങ്ങുന്നതറിഞ്ഞ് അവിടെ എത്തിയതോടെയാണ് തൊഴിലാളി പ്രവര്‍ത്തകനായത്. കനേഡിയന്‍ മുതലാളി കാമറോണ്‍ ആരംഭിച്ച അലുമിനിയം കമ്പനിയില്‍ ചുരുങ്ങിയ കാലം കൊണ്ട് വിദഗ്ധ തൊഴിലാളിയായി പേരെടുത്ത ബാലാനന്ദന് അവിടെ മികച്ച ഭാവിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ , ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ ഫലമായി അവിടെനിന്ന് പുറത്തായി. പ്രശസ്ത സാഹിത്യകാരന്‍ പോഞ്ഞിക്കര റാഫി അവിടെ തൊഴിലാളിയായിരുന്നു. അദ്ദേഹത്തിന്റെ "ഭാവി"യില്‍ പ്രധാന കഥാപാത്രം ബാലാനന്ദനാണ്.

ഇക്കാലത്ത് ആലുവ മേഖലയിലെ പ്രധാന തൊഴിലാളി പ്രവര്‍ത്തകനായി മാറിയ അദ്ദേഹത്തെ മുതലാളിമാരും പൊലീസും നിരന്തരം വേട്ടയാടി. പുന്നപ്ര-വയലാര്‍ ഗൂഢാലോചനാ കേസില്‍ 32-ാം പ്രതിയാക്കി. ഇക്കാലത്ത് കര്‍ണാടകയിലെ പാര്‍ടിയുമായി ബന്ധപ്പെട്ട് മൈസൂരിലും ഷിമോഗയിലും ബംഗളൂരുവിലും മറ്റും ഒളിവില്‍ കഴിയുമ്പോഴും പല തൊഴിലുകള്‍ ചെയ്തു. 1948ലെ കൊല്‍ക്കത്ത പാര്‍ടി കോണ്‍ഗ്രസിനെ തുടര്‍ന്ന് ആലുവയില്‍ പാര്‍ടി സംസ്ഥാന കേന്ദ്രം രഹസ്യമായി പ്രവര്‍ത്തിക്കുമ്പോള്‍ ഇ എം എസ് അടക്കമുള്ളവര്‍ക്ക് ഒളിവിടങ്ങള്‍ ഒരുക്കുന്നതിലും സന്ദേശങ്ങള്‍ എത്തിക്കുന്നതിലും പ്രധാനിയായിരുന്നു ബാലാനന്ദന്‍ . തൊഴിലാളികളോട് സ്വാമിക്കുണ്ടായിരുന്ന സഹാനുഭൂതി പ്രസിദ്ധമാണ്. പാര്‍ലമെന്റംഗമായിരിക്കെ അദ്ദേഹം ഒപ്പിട്ടുവച്ച ചെക്ക് മുറി വൃത്തിയാക്കുന്നയാള്‍ എടുത്ത് പണം മാറി. ചോദിച്ചപ്പോള്‍ തെറ്റു സമ്മതിച്ച തൊഴിലാളിയെ പൊലീസില്‍ ഏല്‍പ്പിക്കണമെന്ന് പലരും ഉപദേശിച്ചെങ്കിലും ബാലാനന്ദന്‍ വഴങ്ങിയില്ല. സര്‍ക്കാര്‍ ജീവനക്കാരനായ അവന്റെ തൊഴില്‍ നഷ്ടപ്പെടുമെന്നും ആവശ്യമുണ്ടായതുകൊണ്ട് എടുത്തതാകാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

1970ല്‍ സിഐടിയു രൂപീകരിച്ചപ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായത് ബാലാനന്ദന്‍ . ട്രഷററായും ബി ടി ആറിനുശേഷം പ്രസിഡന്റായും മൂന്നു പതിറ്റാണ്ടോളം ദേശീയതലത്തില്‍ പ്രവര്‍ത്തിച്ച ഘട്ടത്തില്‍ തൊഴിലാളി സംഘടനകളുടെ അഖിലേന്ത്യാ ഫെഡറേഷനുകള്‍ രൂപീകരിക്കാനും മുന്‍കൈയെടുത്തു. ഇ എം എസിനും എ കെ ജിയ്ക്കും ശേഷം കേരളത്തില്‍നിന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗമായ ബാലാനന്ദന്‍ 27 വര്‍ഷം പി ബിയില്‍ തുടര്‍ന്നു. നിയമസഭയിലും പാര്‍ലമെന്റിന്റെ ഇരുസഭകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. വിവിധ തൊഴില്‍മേഖലകളെക്കുറിച്ച് ആഴത്തിലുള്ള അറിവ് സ്വായത്തമാക്കിയ അദ്ദേഹം ഇംഗ്ലീഷ് അയത്നലളിതമായി കൈകാര്യം ചെയ്യുന്നതിലും മിടുക്കുകാട്ടി. ഐക്യരാഷ്ട്ര സംഘടനയടക്കം വിവിധ അന്താരാഷ്ട്ര വേദികളിലും മുഴങ്ങി സ്വാമിയുടെ ശബ്ദം.

*
എ ശ്യാം ദേശാഭിമാനി 15 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...