മൊറാഴയും മാങ്ങാട്ടുപറമ്പും
മൊറാഴയും മാങ്ങാട്ടുപറമ്പും സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ പോരാട്ട ചരിത്രത്തിലെ രണ്ട് സംഭവങ്ങളാണ്. മൊറാഴ, സമരം ചെയ്യാനുള്ള അവകാശം മര്‍ദ്ദനോപാധികള്‍ കൊണ്ട് തടയാനുള്ള അധികാര ഭീകരതയ്‌ക്കെതിരെയുള്ള ചെറുത്തു നില്‍പ്പിനെ അടയാളപ്പെടുത്തുന്നുവെങ്കില്‍ മാങ്ങാട്ടുപറമ്പ് സമരം തരിശിടുന്ന ഭൂമികളില്‍ കൃഷിയിറക്കാനുള്ള കര്‍ഷകന്റെ അവകാശത്തെയാണ് അടയാളപ്പെടുത്തിയത്. രണ്ടു സംഭവങ്ങള്‍ക്കപ്പുറം നിരവധി ചരിത്ര സമ്മേളനങ്ങള്‍ക്ക് വേദിയായത് മാങ്ങാട്ടുപറമ്പിന്റെയും മൊറാഴയുടെയും വിവിധ പ്രദേശങ്ങളിലായിരുന്നു. ഈ പ്രദേശങ്ങളുടെ പല ഭാഗങ്ങളിലുമുള്ള വീടുകള്‍ കൃഷ്ണപ്പിള്ള, ഇ എം എസ്, കേരളീയന്‍, ടി സി നാരായണന്‍ നമ്പ്യാര്‍, കെ പി ആര്‍ ഗോപാലന്‍, കാന്തലോട്ട് കുഞ്ഞമ്പു തുടങ്ങിയ നിരവധി നേതാക്കള്‍ക്ക് സുരക്ഷിതമായ ഒളി സങ്കേതങ്ങള്‍ കൂടിയായി. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ അധികാരത്തിലെത്തിയപ്പോഴും ഐക്യകേരളത്തില്‍ ആദ്യ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയപ്പോഴും കമ്മ്യൂണിസ്റ്റുകാര്‍ സമരകാലത്തുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ സാധാരണ ജനങ്ങളുടെ ഉന്നമനത്തിനായി യാഥാര്‍ഥ്യമാക്കിയ പരീക്ഷണശാലകള്‍ കൂടിയായി പിന്നീട് ഈ പ്രദേശങ്ങള്‍. കൃഷിഭൂമി കര്‍ഷകന് എന്ന ജന്മിത്വ വിരുദ്ധപോരാട്ടകാലത്തെ മുദ്രാവാക്യം യാഥാര്‍ഥ്യമാക്കിക്കൊണ്ട് 1970 ല്‍ സി അച്യുതമേനോന്റെ മന്ത്രിസഭ സമഗ്രമായ കാര്‍ഷിക പരിഷ്‌കരണം നടപ്പിലാക്കിയപ്പോള്‍ ഈ പ്രദേശങ്ങളില്‍ നിന്ന് ലഭിച്ച നൂറുകണക്കിന് ഏക്കര്‍ മിച്ചഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കാനും വികസനത്തിനുമായി ഉപയോഗിച്ചപ്പോള്‍ സമര വിജയത്തിന്റെ നിരവധി സ്മാരകങ്ങളുള്ള പ്രദേശങ്ങള്‍ കൂടിയായി മൊറാഴയും ബക്കളവും.
മൊറാഴയുടെ ചെറുത്തുനില്‍പ്പും മാങ്ങാട്ടുപറമ്പിന്റെ വര്‍ത്തമാനവും
മാങ്ങാട്ടുപറമ്പ് ഇന്നൊരു സ്ഥലപ്പേരല്ല. പല പേരുകളിലേക്ക് പരിണാമം സംഭവിച്ച പണ്ടത്തെ ഒരു വലിയ ഭൂപ്രദേശത്തിന്റെ പേരായിരുന്നു. സര്‍വ്വേ റിക്കാര്‍ഡുകളില്‍ മൊറാഴ, കല്ല്യാശ്ശേരി, ആന്തൂര്‍ വില്ലേജുകളിലായി പടര്‍ന്നു കിടക്കുന്ന 400 ഏക്കറോളം ഭൂമി ഉള്‍പ്പെടുന്ന സ്ഥലത്തിന്റെ പേരാണത്. പ്രസ്തുത പ്രദേശം ചരിത്രത്തില്‍ ഒരു സമരത്തിന്റെ പേരില്‍ മാത്രമാണ് രേഖപ്പെടുത്തപ്പെട്ടതെങ്കിലും ചരിത്രസംഭവങ്ങള്‍ പലതിനും രംഗഭൂമികയായത് മറ്റു പേരുകളില്‍ മാങ്ങാട്ടുപറമ്പ് തന്നെയായിരുന്നു. ഒരു കാലത്ത് സമരങ്ങളുടെയും ചരിത്ര സംഭവങ്ങളുടെയും വേദിയായിരുന്ന പ്രസ്തുത പ്രദേശം ആ സമരങ്ങളുടെയും സംഭവങ്ങളുടെയും ലക്ഷ്യപ്രാപ്തിയുടെ വിജയസ്മാരകങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമായി ഇന്ന് നിലക്കൊള്ളുന്നു. കണ്ണൂരില്‍ നിന്നും ദേശീയപാതയിലൂടെ തളിപ്പറമ്പിലേക്ക് പോകുമ്പോള്‍ പിന്നിടുന്ന സ്ഥലങ്ങളിലൊന്നാണ് മാങ്ങാട്ടുപറമ്പ്. ഇത് വഴി കടന്നു പോകുമ്പോള്‍ പുതിയ തലമുറ അതൊന്നുമോര്‍ക്കുന്നുണ്ടാവില്ല.
ഏറ്റവും ആദ്യം പരാമര്‍ശിക്കേണ്ടത് തീര്‍ച്ചയായും മൊറാഴ സംഭവം തന്നെയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വം ഏകപക്ഷീയമായി രണ്ടാം ലോകയുദ്ധത്തില്‍ ഇന്ത്യയെ പങ്കാളിയാക്കി. ഇതിനെതിരെ എല്ലാവിഭാഗം ജനങ്ങളും പ്രതിഷേധവുമായി രംഗത്തിറങ്ങി. പോലീസ് അറസ്റ്റുള്‍പ്പെടെയുള്ള മര്‍ദ്ദനമുറകള്‍ തുറന്നുവെച്ചു. ഇടതുപക്ഷനേതൃത്വത്തിലായിരുന്ന കെ പി സി സി, മര്‍ദ്ദനത്തിനെതിരെ പ്രതിഷേധദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തു. 1940 മെയ് 20ന് നിശ്ചയിച്ച മര്‍ദ്ദന പ്രതിഷേധദിനം ഗാന്ധിജിയുടെ അഭ്യര്‍ഥനപ്രകാരം ജൂലായ് 21ലേക്ക് മാറ്റി. അന്ന് മലബാറിലാകെ പ്രതിഷേധമിരമ്പി. പിന്നീട് ഓഗസ്റ്റ് 18ന് പൗരസ്വാതന്ത്ര്യദിനമാചരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആഹ്വാനം നടത്തിയെങ്കിലും അതിന് ജില്ലാ മജിസ്‌ട്രേറ്റ് നിരോധനം ഏര്‍പ്പെടുത്തി.
1940 സെപ്തംബര്‍ 8ന് ചേര്‍ന്ന കെ പി സി സി, സെപ്തംബര്‍ 15ന് പ്രതിഷേധദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തു. മലബാര്‍ കലക്ടര്‍ ഇതിന് നിരോധനം പ്രഖ്യാപിച്ചു. കെ പി സി സി സെക്രട്ടറി കെ ദാമോദരന്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ആഹ്വാനം ചെയ്തു. നിരോധനം ലംഘിച്ചുകൊണ്ട് മലബാറിലാകെ ജനങ്ങള്‍ പ്രതിഷേധിച്ചു. പലയിടങ്ങളിലും പ്രകടനത്തെ പോലീസ് നിഷ്ഠൂരമായാണ് നേരിട്ടത്.
ചിറക്കല്‍ താലൂക്കിലെ കീച്ചേരിയില്‍ പ്രതിഷേധ ദിനാചരണത്തോടൊപ്പം കര്‍ഷകസമ്മേളനവും നടത്താന്‍ തീരുമാനിച്ചിരുന്നു. സപ്തംബര്‍ 15ന് രാവിലെ മുതല്‍തന്നെ ചെറുജാഥകള്‍ കീച്ചേരിയിലേക്ക് പുറപ്പെട്ടു. വളപട്ടണം പോലീസ് എസ് ഐ കുട്ടികൃഷ്ണമേനോനും സംഘവും കീച്ചേരിയിലെത്തി, തുടര്‍ന്ന് നിരോധന ഉത്തരവുണ്ടായി. നേതാക്കള്‍ ഉത്തരവ് ബാധകമല്ലാത്ത മൊറാഴ വില്ലേജിലെ അഞ്ചാംപീടികയിലേക്ക് പ്രകടനവും സമ്മേളനവും മാറ്റി. വിഷ്ണുഭാരതീയന്റെ അധ്യക്ഷതയില്‍ 4 മണിയോടെ അഞ്ചാംപീടികയില്‍ പൊതുയോഗം ആരംഭിച്ചു. ഈ സമയം വളപട്ടണം എസ് ഐ കുട്ടികൃഷ്ണമേനോന്‍ തളിപ്പറമ്പ് മജിസ്‌ട്രേറ്റിനെയും കൂട്ടി അവിടെയെത്തി. പ്രകടനവും പൊതുയോഗവും നിരോധിച്ചതായി പ്രഖ്യാപിച്ചു. എന്നിട്ടും ജനം പിരിഞ്ഞുപോകാതെവന്നപ്പോള്‍ എസ് ഐ യുടെ നേതൃത്വത്തില്‍ ലാത്തിചാര്‍ജ്ജ് തുടങ്ങി. പൊറുതിമുട്ടിയ ജനം കയ്യില്‍ കിട്ടിയ കല്ലും വടികളുമായി ചെറുത്തുനിന്നു. ജനങ്ങള്‍ക്കുനേരെ രണ്ടുതവണ പോലീസ് വെടിവെച്ചു. ജനം പിരിഞ്ഞുപോകാതെ ഉറച്ചുനിന്നു. ഇതിനിടയില്‍ കല്ലേറുകൊണ്ട് കുഴഞ്ഞുവീണ എസ് ഐ കുട്ടികൃഷ്ണമേനോന്‍ അവിടത്തന്നെ മരിച്ചു. പരിക്കേറ്റ ഹെഡ് കോണ്‍സ്റ്റബിള്‍ ഗോപാലന്‍ നമ്പ്യാര്‍ പിന്നീട് ആശുപത്രിയില്‍വെച്ചും മരിച്ചു. 40 പേരെ പ്രതിചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തത്. 34 പേരെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞു. ഒരു കൊല്ലത്തോളം നീണ്ടുനിന്ന കേസില്‍ മദ്രാസ് ഹൈക്കോടതി 14 പേരൊഴികെ എല്ലാവരെയും വിട്ടയച്ചു. കെ പി ആര്‍ ഗോപാലനെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും ജനകീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. സംഘബോധവും ഇച്ഛാശക്തിയുമായി ഒത്തുചേരുന്നവര്‍ ഏത് മര്‍ദ്ദനമുറകളിലും തളരില്ലെന്ന് തെളിയിച്ച സംഭവമായിരുന്നു മോറാഴയില്‍ 1940 സപ്തംബര്‍ 15ന് നടന്നത്.
ഭീകരമായ പൊലീസ് നരനായാട്ടാണ് മൊറാഴ സംഭവത്തെ തുടന്ന് അരങ്ങേറിയതെങ്കിലും കേസില്‍ പ്രതിയാക്കപ്പെട്ട കെ പി ആര്‍ ഗോപാലന്‍ ഉള്‍പ്പെടെ പലര്‍ക്കും സുരക്ഷിതമായ ഒളിത്താവളങ്ങളൊരുക്കിയത് മാങ്ങാട്ടുപറമ്പിന്റെ പരിസരങ്ങളില്‍ തന്നെയുള്ള വീടുകളായിരുന്നുവെന്നത് അദ്ഭുതകരമാണ്. ബക്കളത്തിനടുത്ത് കാനൂലില്‍ മിസിസ് ആമണിന്റെ വീട്ടിലായിരുന്നു കെ പി ആര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഒമ്പതുമാസത്തോളം കെ പി ആര്‍ ഇവിടെയാണ് സുരക്ഷിതമായി താമസിച്ചത്.
1937 ഡിസംബര്‍ 5ന് പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റികളുടെ സംയുക്തസമ്മേളനത്തിനും ബക്കളം ആതിഥേയത്വമരുളുകയുണ്ടായി. ബക്കളം എന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതെങ്കിലും പ്രസ്തുത സംഭവം നടന്നത് മാങ്ങാട്ടുപറമ്പില്‍ തന്നെയായിരുന്നു.
മൊറാഴ സംഭവത്തിലേക്കു നയിച്ച കെ പി സി സി യുടെ 10 ാം രാഷ്ട്രീയ സമ്മേളനത്തിന് വേദിയൊരുങ്ങിയതും ബക്കളത്തായിരുന്നു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബായിരുന്നു ബക്കളം സമ്മേളനത്തില്‍ അധ്യക്ഷം വഹിച്ചിരുന്നത്. പി കൃഷ്ണപിള്ള, ഇ എം എസ്, കേരളീയന്‍ തുടങ്ങിയ പ്രമുഖരെല്ലാം പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി. കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാരുടെ നേതൃത്വത്തിലുള്ള കെ പി സി സി യുടെ പ്രസ്തുത സമ്മേളനമാണ് സംസ്ഥാനമാകെ പ്രതിഷേധ ദിനമാചരിക്കാന്‍ ആഹ്വാനം നല്‍കിയത്. മഹാത്മാഗാന്ധിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് മാറ്റിവെച്ച പ്രസ്തുത പ്രതിഷേധദിനമാണ് മൊറാഴ സംഭവത്തിലേക്ക് നയിച്ച സപ്തംബര്‍ 15 ന് നടന്നത്. പ്രസ്തുത ബക്കളം സമ്മേളനവും പേരില്‍ അങ്ങിനെയാണ് അറിയപ്പെടുന്നതെങ്കിലും മാങ്ങാട്ടുപറമ്പിന്റെ ഭാഗമായ നീലിയാര്‍ കോട്ടത്തിനരികിലുള്ള വിശാലമായ സ്ഥലത്താണ് ചേര്‍ന്നത്.
ജന്മിത്തത്തിനെതിരായ സമരങ്ങളുടെ ആദ്യപട്ടികയില്‍പെടുത്താവുന്ന ഒന്നായിരുന്നു കരക്കാട്ടിടത്തേക്ക് 1936 ല്‍ നടന്ന കര്‍ഷകമാര്‍ച്ച്. ആയിരക്കണക്കിനാളുകള്‍ അണിചേര്‍ന്ന പ്രസ്തുത മാര്‍ച്ച് ആരംഭിച്ചതും മാങ്ങാട്ടുപറമ്പില്‍ നിന്നായിരുന്നു. 7000 ത്തോളം പേര്‍ ഈ മാര്‍ച്ചില്‍ പങ്കെടുക്കുന്നതിന് എത്തിച്ചേര്‍ന്നിരുന്നു എന്ന് കെ എ കേരളീയന്‍ എഴുതിയിട്ടുണ്ട്.
1943 ല്‍ തൂക്കുശിക്ഷക്കു വിധിക്കപ്പെട്ട കയ്യൂര്‍ സഖാക്കളെ കാണാന്‍ കണ്ണൂരിലെത്തിയ സി പി ഐ ജനറല്‍ സെക്രട്ടറി പി സി ജോഷി അക്കാലത്ത് പുരോഗമന പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്ന മാങ്ങാട്ടുപറമ്പിന്റെ പരിസര പ്രദേശങ്ങളിലും പറശ്ശിനിക്കടവിലും മറ്റും സന്ദര്‍ശനം നടത്തുകയുണ്ടായി.
ജന്മിമാരുടെയും ഭൂപ്രഭുക്കന്മാരുടെയും കൈവശത്തിലായിരുന്ന കൃഷിയിടങ്ങള്‍ തരിശിടുന്നതിനെതിരെ 1946 ല്‍ കര്‍ഷക സംഘവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആരംഭിച്ച തരിശുഭൂമിയില്‍ കൃഷിയിറക്കല്‍ സമരം ജില്ലയുടെ പലഭാഗങ്ങളിലും നടന്നപ്പോള്‍ മാങ്ങാട്ടുപറമ്പിലും സംഘടിതമായി കൃഷിയിറക്കുകയുണ്ടായി. 300 ഓളം ഏക്കര്‍ വരുന്ന സ്ഥലത്ത് കപ്പ കൃഷിക്ക് യോഗ്യമായ 240 ഏക്കര്‍ സ്ഥലത്താണ് വളണ്ടിയര്‍മാര്‍ കൃഷിയിറക്കിയത്. കെ പി ആര്‍ രയരപ്പന്‍ കണ്‍വീനറും കെ വി മൂസ്സാന്‍കുട്ടി മാസ്റ്റര്‍, സി കുഞ്ഞമ്പുപണിക്കര്‍, പി പി അച്ചുതന്‍ മാസ്റ്റര്‍, പി ഗോവിന്ദന്‍ നായര്‍, സി കോരന്‍മാസ്റ്റര്‍, പി എം ഗോപാലന്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കോണ്‍ഗ്രസുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് കൃഷിയിറക്കിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കേസെടുക്കുകയും ശിക്ഷിക്കുകയും ചെയ്തു. ഈയൊരു സമരം മാത്രമാണ് പക്ഷേ മാങ്ങാട്ടുപറമ്പ് സമരമെന്ന പേരില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.
പിന്നീടുള്ള ചരിത്രത്തില്‍ പല പേരുകളില്‍ മാങ്ങാട്ടുപറമ്പും മൊറാഴയും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. അത് കേരളം ഒറ്റക്കെട്ടായി നടത്തിയ ജന്മിത്ത വിരുദ്ധ സമരത്തിന്റെ വിജയത്തിന്റെ പേരിലാണ്. തരിശിടങ്ങള്‍ കൃഷിയുക്തമാക്കുന്നതിന് വേണ്ടി സമരത്തിനിറങ്ങിയ കര്‍ഷക - കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രതിനിധികള്‍ 1957 ല്‍ കേരളത്തില്‍ അധികാരമേറ്റപ്പോള്‍ കുടിയിറക്കു തടയല്‍ നിയമം പാസ്സാക്കിയതിനെ തുടര്‍ന്ന് മാങ്ങാട്ടുപറമ്പിലെ 50 ഓളം വരുന്ന കൈവശക്കാര്‍ക്ക് ഭൂമിയുടെ പട്ടയം നല്‍കുന്ന സുപ്രധാനമായ തീരുമാനമെടുത്തു.
1970 ല്‍ കേരളത്തില്‍ സി പി ഐ നേതാവ് സി അച്ചുതമേനോന്‍ നേതൃത്വം നല്‍കിയ സര്‍ക്കാര്‍, സമഗ്രമായ ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കിയതിനെ തുടര്‍ന്ന് 500 ഓളം ഏക്കര്‍ ഭൂമിയാണ് മാങ്ങാട്ടുപറമ്പില്‍ നിന്ന് സര്‍ക്കാരിന് മിച്ചഭൂമിയായി ലഭിച്ചത്. പാവപ്പെട്ടവര്‍ക്ക് പതിച്ചു നല്‍കുന്നതിനോടൊപ്പം പ്രസ്തുത ഭൂമി വികസനത്തിനും വ്യവസായവല്‍ക്കരണത്തിനുമായി വിനിയോഗിക്കപ്പെട്ടതിന്റെ നിരവധി സ്മാരകങ്ങള്‍ ഇന്ന് മാങ്ങാട്ടുപറമ്പില്‍ തലയുയര്‍ത്തി നില്‍പ്പുണ്ട്. അച്ചുതമേനോന്‍ ഭരണ കാലത്ത് ടി വി തോമസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കെല്‍ട്രോണ്‍ തന്നെയാണ് ഏറ്റവും പ്രധാനം. കെല്‍ട്രോണിന്റെ സുപ്രധാനമായ നാലു യൂണിറ്റുകള്‍ ഇവിടെ സ്ഥിതി ചെയ്യുന്നു. ആ സ്ഥലം കെല്‍ട്രോണ്‍ നഗര്‍ എന്നറിയപ്പെടുകയും ചെയ്യുന്നു. അതിനു പുറമേ മാങ്ങാട്ടുപറമ്പില്‍ തന്നെയാണ് ആന്തൂര്‍ വ്യാവസായിക മേഖലയുടെ ഭാഗമായുള്ള നിരവധി ചെറുകിട - വന്‍കിട വ്യവസായ സംരംഭങ്ങളും സ്ഥിതി ചെയ്യുന്നത്. കണ്ണൂര്‍ ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളജും കണ്ണൂര്‍ സര്‍വ്വകലാശാല ആസ്ഥാനവും കേന്ദ്രീയ വിദ്യാലയവും കെ എ പി നാലാം ബറ്റാലിയന്‍ ആസ്ഥാനവുമെല്ലാം സ്ഥിതി ചെയ്യുന്നത് പഴയ മാങ്ങാട്ടുപറമ്പില്‍ സര്‍ക്കാറിന് ലഭിച്ച മിച്ചഭൂമിയില്‍ തന്നെയാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാതൃ ശിശു സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതും മാങ്ങാട്ടു പറമ്പില്‍ തന്നെയാണ്. ഈ പ്രദേശം ചരിത്രസംഭവങ്ങളുടെയും സമരങ്ങളുടെയും മാത്രം ഓര്‍മ്മപ്പെടുത്തലല്ല, സംഘടിത ശക്തി സമരം നടത്തി നേടിയ വിജയത്തിന്റെ നിത്യ സ്മാരകങ്ങള്‍ കൂടിയാണ്.
*
അബ്ദുള്‍ ഗഫൂര്‍ ജനയുഗം 02 ഫെബ്രുവരി 2012
Subscribe to:
Post Comments (Atom)
1 comment:
മൊറാഴയും മാങ്ങാട്ടുപറമ്പും സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ പോരാട്ട ചരിത്രത്തിലെ രണ്ട് സംഭവങ്ങളാണ്. മൊറാഴ, സമരം ചെയ്യാനുള്ള അവകാശം മര്‍ദ്ദനോപാധികള്‍ കൊണ്ട് തടയാനുള്ള അധികാര ഭീകരതയ്‌ക്കെതിരെയുള്ള ചെറുത്തു നില്‍പ്പിനെ അടയാളപ്പെടുത്തുന്നുവെങ്കില്‍ മാങ്ങാട്ടുപറമ്പ് സമരം തരിശിടുന്ന ഭൂമികളില്‍ കൃഷിയിറക്കാനുള്ള കര്‍ഷകന്റെ അവകാശത്തെയാണ് അടയാളപ്പെടുത്തിയത്.
Post a Comment