Sunday, February 5, 2012

നേഴ്സുമാരുടെ സമരം

നേഴ്സിങ്ങിനെ ഒരു സ്വതന്ത്ര വിജ്ഞാന ശാഖയാക്കി മാറ്റാന്‍ മുന്‍കൈയെടുത്ത ഫ്ളോറന്‍സ് നൈറ്റിംഗേലിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ ബഹുമതി നല്‍കിയാണ് ആദരിച്ചത്. ഭിഷഗ്വരനും രോഗിയും ശുശ്രൂഷകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആയുര്‍വേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ആരോഗ്യപരിപാലനരംഗത്തെ സുപ്രധാന മേഖലയാണ് നേഴ്സിങ് എന്നിരിക്കെ ആ തൊഴിലിലേര്‍പ്പെടുന്നവരുടെ ജീവിതത്തെക്കുറിച്ചും ത്യാഗത്തെക്കുറിച്ചും സേവന-വേതന വ്യവസ്ഥകളെക്കുറിച്ചും അവശ്യം വേണ്ട സാമൂഹ്യശ്രദ്ധ നമ്മുടെ നാട്ടില്‍ ഉണ്ടാകുന്നില്ല എന്നാണ് സ്വകാര്യ ആശുപത്രികളിലെ നേഴ്സിങ് മേഖലയുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയര്‍ന്നുവന്ന നിരവധി സംഭവങ്ങള്‍ തെളിയിക്കുന്നത്. മനുഷ്യരെപ്പോലെ ജീവിക്കാനുള്ള വേതനമെങ്കിലും ലഭിക്കാനും അടിമതുല്യമായ അവസ്ഥയില്‍നിന്ന് മോചനം നേടാനുമാണ് നേഴ്സുമാര്‍ക്ക് സമരം ചെയ്യേണ്ടിവരുന്നത്. അത്തരം ആവശ്യങ്ങളോടുപോലും പുറംതിരിഞ്ഞുനില്‍ക്കുന്ന ആശുപത്രി ഉടമകളും ഡോക്ടര്‍മാരുടെ സംഘടനാനേതൃത്വവും സമരത്തിനുനേരെ ശകാരംചൊരിയുകയും ഭീഷണി മുഴക്കുകയുമാണ്.

മുംബൈയിലും ഡല്‍ഹിയിലും മറ്റുമുള്ള വന്‍കിട ആശുപത്രികളില്‍ തുടങ്ങിയ സമരം ഇന്ന് കേരളത്തിലെ സ്വകാര്യ ആശുപത്രികളിലേക്കും വ്യാപിച്ചിരിക്കുന്നു. കേരളത്തിലെ തൊഴിലില്ലായ്മാപ്രശ്നം ലഘൂകരിക്കപ്പെടുന്നതില്‍ വലിയൊരു സംഭാവന നേഴ്സിങ് മേഖലയ്ക്കുണ്ട്. രാജ്യത്തിന്റെ ഇതര മേഖലകളിലും ലോകത്താകെയും ആശുപത്രികളില്‍ മലയാളികളായ നേഴ്സുമാര്‍ ജോലിചെയ്യുന്നു. വിദേശത്ത് ആകര്‍ഷകമായ ജോലിസാധ്യതയുള്ളതിനാല്‍ നേഴ്സിങ് പഠനത്തിനെത്തുന്നവരുടെ എണ്ണവും കൂടുതലാണ്. ജീവിതവഴിയായി നേഴ്സിങ് തെരഞ്ഞെടുക്കുന്നവര്‍ ആദ്യം ചൂഷണംചെയ്യപ്പെടുന്നത് പഠനഘട്ടത്തില്‍തന്നെയാണ്. കഴുത്തറുപ്പന്‍ ഫീസിനുപുറമെ സ്വകാര്യ നേഴ്സിങ് കോളേജുകളിലെ നിര്‍ബന്ധിത സേവനവും മറ്റും അത്തരം ചൂഷണത്തിന്റെ ഭാഗമാണ്. കൂണുപോലെ മുളച്ചുപൊന്തുന്ന സ്വകാര്യ ആശുപത്രികള്‍ നടത്തിക്കൊണ്ടുപോകാന്‍ നേഴ്സുമാര്‍ വേണം. പഠനം പൂര്‍ത്തിയാക്കിയ ആയിരങ്ങള്‍ സംസ്ഥാനത്തുള്ളപ്പോള്‍ ആ ആവശ്യം നിറവേറ്റാന്‍ പ്രയാസമുണ്ടാകില്ല. മള്‍ട്ടിസ്പെഷ്യാലിറ്റി-ഹൈടെക്ക് ഇനങ്ങളില്‍ പെടുന്ന ആശുപത്രികള്‍ കൂട്ടത്തോടെ നേഴ്സിങ് ജീവനക്കാരെ നിയമിക്കുന്നു. മെച്ചപ്പെട്ട തൊഴില്‍ പ്രതീക്ഷിച്ചിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഇടത്താവളമെന്ന നിലയിലാണ് പലപ്പോഴും ഇത്തരം സ്ഥാപനങ്ങളിലെത്തുന്നത്. അമിതലാഭം കറന്നെടുക്കുന്ന കച്ചവട കേന്ദ്രങ്ങളായ ഇത്തരം ആശുപത്രികളില്‍ മിക്കതിലും നേഴ്സുമാര്‍ കൊടിയ ചൂഷണത്തിനും പീഡനത്തിനും ഇരയാവുകയാണ്.

തൊഴിലില്‍നിന്ന് സ്വയം പിരിഞ്ഞുപോകാന്‍ തൊഴിലാളിക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു എന്നതാണ് അടിമത്തത്തില്‍നിന്ന് മുതലാളിത്തത്തിനുള്ള വ്യത്യാസങ്ങളിലൊന്ന്. അടിമയെ വിലയ്ക്കെടുത്ത് ഉടമ സേച്ഛാനുസരണം തൊഴിലെടുപ്പിക്കുന്നത് അടിമത്തമാണ്. ദൗര്‍ഭാഗ്യവശാല്‍ സ്വകാര്യ ആശുപത്രിരംഗത്ത് നേഴ്സുമാര്‍ അടിമകളെപ്പോലെ കണക്കാക്കപ്പെടുന്നു. സര്‍ട്ടിഫിക്കറ്റുകള്‍പോലും പിടിച്ചുവച്ചും പിരിഞ്ഞുപോകണമെങ്കില്‍ ഭീമമായ പിഴ ഒടുക്കണമെന്ന നിബന്ധനവച്ചും ദ്രോഹത്തിന് പുതിയ തലങ്ങള്‍ കണ്ടെത്തുകയാണ്. അംഗീകൃത തൊഴില്‍നിയമങ്ങളും വ്യവസ്ഥകളും പാലിക്കപ്പെടുന്നില്ല. സംസ്ഥാനത്ത് 24 ആശുപത്രികള്‍മാത്രമാണ് മിനിമം വേജസ് നിയമപ്രകാരം വേതനവും ആനുകൂല്യങ്ങളും നല്‍കുന്നത് എന്ന് ലേബര്‍ കമീഷന്‍തന്നെ വ്യക്തമാക്കുന്നു. അങ്ങനെ നല്‍കുന്നതില്‍ മിക്കതും സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്.

ഗത്യന്തരമില്ലാതെയാണ് സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ക്ക് സമരരംഗത്തിറങ്ങേണ്ടിവന്നത്. ആ സമരത്തെ അനുഭാവപൂര്‍വം കണ്ട് പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങേണ്ട സംസ്ഥാന സര്‍ക്കാര്‍ ആശുപത്രി ഉടമകളുടെ ഭാഗത്തുനില്‍ക്കുകയാണ്. ആരോഗ്യ മേഖലയിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ ഒഴികെയുള്ള പാരാ മെഡിക്കല്‍ ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ പ്രത്യക്ഷ സമരത്തിലേക്കു കടന്നതിനെതിരെയാണ് തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ രോഷംകൊണ്ടത്. നേഴ്സുമാര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങളിലല്ല, 14 ദിവസത്തെ നോട്ടീസ് നല്‍കാത്തതിലാണ് മന്ത്രിയുടെ ശ്രദ്ധ. ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎയുടെ നേതൃത്വമാകട്ടെ, പണിമുടക്കുന്ന നേഴ്സുമാര്‍ക്കെതിരെ "എസ്മ" എന്ന കരിനിയമം പ്രയോഗിക്കണമെന്നാണാവശ്യപ്പെട്ടത്. നേഴ്സുമാരില്ലെങ്കിലും അത്യാവശ്യ ജോലികള്‍ ഡോക്ടര്‍ക്ക് ചെയ്യാനാകും. എന്നാല്‍ ,ഡോക്ടര്‍മാരുടെ ജോലി അവര്‍ക്കുമാത്രമേ ചെയ്യാനാകൂ. ആ ഡോക്ടര്‍മാര്‍ക്ക് മിന്നല്‍ പണിമുടക്കും ചട്ടപ്പടി സമരവും ഒപി ബഹിഷ്കരണവുമൊക്കെ നടത്താം. നേഴ്സുമാര്‍ സമരത്തിനിറങ്ങുമ്പോള്‍ അത് മഹാപരാധം!

ന്യായമായ വേതനത്തിനും മറ്റാനുകൂല്യങ്ങള്‍ക്കുമായി പ്രക്ഷോഭത്തിലേക്കിറങ്ങിയ നേഴ്സുമാര്‍ക്ക് നാടിന്റെയാകെ പിന്തുണ ആവശ്യമാണ്. വേതന വര്‍ധനയടക്കം നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിഷേധിച്ചതിനെതിരെ നടക്കുന്ന സമരത്തെ പൊലീസിനെയും കോടതിയെയും ഉപയോഗിച്ച് തകര്‍ക്കാനാണ് ആശുപത്രി ഉടമകള്‍ ശ്രമിക്കുന്നത്. അത് അനുവദിച്ചുകൂടാ. നേഴ്സുമാരുടെ പുരോഗമനോന്മുഖമായ കൂട്ടായ്മ അത്തരം നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കേണ്ടതുണ്ട്. സംഘടനാ നേതൃത്വത്തിന്റെ ദുര്‍വാശിയും തെറ്റും തിരുത്തി ഡോക്ടര്‍മാരുടെ സംഘടന സമരത്തോടൊപ്പം നില്‍ക്കണം. ജോലിസ്ഥിരതയോ നിയമാനുസൃത വേതനമോ ആനുകൂല്യമോ നല്‍കാതെ നേഴ്സുമാരെ ദ്രോഹിക്കുന്ന ആശുപത്രി ഉടമകള്‍ക്കെതിരായ സമരം ജനങ്ങളാണ് ഏറ്റെടുക്കേണ്ടത്.

*
ദേശാഭിമാനി മുഖപ്രസംഗം 04 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...