Sunday, February 5, 2012

പരേതാത്മാവ്

മരണത്തില്‍ ഒരു നിഗൂഢതയുണ്ട്. സ്വന്തം മരണം അയാളൊഴികെ മറ്റെല്ലാവരും അറിയുന്നു എന്നതാണത്. അതുകൊണ്ട് പരേതനെ ഒരു തരത്തിലും വിഷമിപ്പിക്കാതെ സര്‍വാഡംബര വിഭൂഷിതനായാണ് പരലോക യാത്ര. ഒരാള്‍ സ്വന്തം മരണം അറിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ? അതിലേക്കൊരു സാഹസികമായ അന്വേഷണമാണിത്. പതിവുപോലെ ഇതിലെ കഥാപാത്രങ്ങള്‍ വ്യാജവും സംഭവങ്ങള്‍ നിര്‍വ്യാജവുമാണ്.

ചാനലുകാരാണ് എന്നെ എന്റെ മരണവിവരമറിയിച്ചത്. കുറച്ചു ദിവസമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ചെറിയ പനി, ഛര്‍ദി, വയറിളക്കം എന്നീ ചില്ലറ രോഗങ്ങളുമായി സസുഖം കഴിഞ്ഞുകൂടുകയായിരുന്നു ഞാന്‍ . ജീവിതത്തിന് ഒരു ചലനം കിട്ടിയ മുഹൂര്‍ത്തങ്ങള്‍ ആഹ്ലാദപൂര്‍വം ആസ്വദിക്കുകയായിരുന്നു ഞാന്‍ . ഇതിനിടയില്‍ ചാനല്‍ തീവ്രവാദികള്‍ വിളിച്ചു. അവര്‍ക്ക് ഒറ്റക്കാര്യം അറിഞ്ഞാല്‍ മതി. "തട്ട്വോ?" "തട്ടില്ല" എന്നാണ് മറുപടിയെങ്കില്‍ ജോലി നീണ്ടുപോകുന്നതിലെ അസ്വസ്ഥത പ്രകടിപ്പിച്ച് അവര്‍ ഫോണ്‍ താഴെ വയ്ക്കും.

ആകാംക്ഷകൊണ്ട് സഹിക്കാന്‍ കഴിയാതിരുന്ന ധര്‍മിഷ്ഠനായ ഒരു ചാനല്‍കാരന്‍ സ്നേഹപൂര്‍വം ചോദിച്ചു. "ഈയിടെയെങ്ങാനും വല്ല സാധ്യതയുമുണ്ടോ ആശാനെ?" ഞാന്‍ ചിരിച്ചു. ഞാന്‍ മരിച്ചാല്‍ സാഹിത്യത്തിന്റെ കൂമ്പടയുമെന്ന് ഉറച്ച വിശ്വാസമുള്ള ഞാന്‍ മരണത്തിന്റെ എല്ലാ നീക്കങ്ങളെയും തന്ത്രപൂര്‍വം ചെറുത്തു. ഞാന്‍ സൃഷ്ടിക്കുന്ന വിടവ് നികത്താനാവാത്തതാകുമെന്ന് ഉത്തമ വിശ്വാസമുള്ള ഞാന്‍ അത്തരമൊരു ദുര്‍ഗതി സാഹിത്യത്തിന് വരാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു. അതിരുകളില്ലാത്ത അനന്തസാഹിത്യ ആകാശവിസ്മയം, അതില്‍ എന്റെ സര്‍ഗാത്മകത.... വിനയപൂര്‍വം ഞാന്‍ അഹങ്കരിച്ചു. ഞാന്‍ മരിച്ചാല്‍ പിന്നെ ഈ സാഹിത്യ സിംഹാസനത്തില്‍ ആരാണ് കയറിയിരിക്കുക?. ഞാന്‍ ഞെട്ടിപ്പോയി. "ഞാനിരുന്നേടത്തോ ഈ ശ്മശ്രുക്കള്‍ ..? വയ്യ എനിക്കു താങ്ങാന്‍ വയ്യ..."

അങ്ങനെ നാനാവിധത്തിലും ഖിന്നനായിരിക്കവെയാണ് ചാനല്‍തീവ്രവാദികള്‍ മരണക്കൊതിയോടെ എനിക്കു ചുറ്റും മണത്തു നടക്കുന്നത്. എന്നാല്‍ ഒരിക്കല്‍ അത് സംഭവിച്ചു. രാവിലെ ടിവി തുറന്ന ഞാന്‍ എന്റെ മരണവാര്‍ത്ത വായിച്ചു. ഒറ്റ നിമിഷം!. ഞാന്‍ എന്റെ നാഡി പരിശോധിച്ചു. ശ്വാസം ആഞ്ഞു വലിച്ചു. കാഴ്ചശക്തി പരിശോധിച്ചു. ഒന്നിനും കുഴപ്പമില്ല. ഞാന്‍ മരിച്ചെന്ന് എനിക്കു ബോധ്യമായില്ല. പക്ഷെ ചാനലുകാര്‍ സമ്മതിക്കുന്നില്ല. ഞാന്‍ മരിച്ചെന്ന് അവര്‍ ഉറപ്പിച്ചു പ്രഖ്യാപിച്ചു. ഞാന്‍ ചാനലിലേക്ക് വീണ്ടും നോക്കി. ഒഴുകുകയാണ് എന്റെ വിശേഷണങ്ങള്‍ . ".....കവി, എഴുത്തുകാരന്‍ . സാമൂഹ്യപ്രവര്‍ത്തകന്‍ , സാംസ്കാരിക നായര്‍ സര്‍വീസ് യൂണിയന്‍ പ്രസിഡന്റ്, കലാകാര കരയോഗം ട്രഷറര്‍ , അനീതി നിര്‍വാരണ സെക്രട്ടറി എന്നിങ്ങനെ നമ്മുടെ സാഹിത്യ- സാംസ്കാരിക ചക്രവാളത്തിലെ ശുക്രനക്ഷത്രം പൊലിഞ്ഞു...കേരളഭൂമി വീണു കരയുന്നു..." മരിച്ചില്ലെങ്കിലും എനിക്കു സന്തോഷമായി. സ്വന്തം ചരമ വാര്‍ത്ത വായിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്?. ആരാണ് അതിനു കൊതിക്കാത്തത്?

അലങ്കാരങ്ങള്‍ ... ഉപമകള്‍ .. ഉല്‍പ്രേക്ഷകള്‍ ...മഞ്ജരി കേക കാകളികള്‍ ...ഉടുത്തൊരുങ്ങിയ നതോന്നതകള്‍ ..ഇടയ്ക്കിടക്ക് ശാര്‍ദൂല വിക്രീഡിതങ്ങളുടെ എത്തിനോട്ടങ്ങള്‍ ..ഹായ്! കൊതിയാവ്ണൂ! ജീവിതത്തില്‍ ഇതെല്ലാം ജീവനോടെ കേള്‍ക്കാന്‍ കഴിഞ്ഞ ഞാനെത്ര ഭാഗ്യവാന്‍! ഒരു അനുശോചന യോഗത്തിലെ ആദ്യത്തെ രണ്ടു വാചകങ്ങളെങ്കിലും കേള്‍ക്കാതെ മരിക്കുന്നവര്‍ എത്ര നിര്‍ഭാഗ്യവാന്മാര്‍! സത്യത്തില്‍ നമ്മുടെ ശത്രുക്കള്‍ നമ്മളെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന് അറിയണമെങ്കില്‍ ഒന്ന് മരിച്ചു നോക്കണം. അപ്പോഴേ സ്നേഹത്തിന്റെ വിലയറിയൂ. യഥാര്‍ഥത്തില്‍ നമ്മളെ ആത്മാര്‍ഥമായി സ്നേഹിക്കുന്നത് നമ്മുടെ മിത്രങ്ങളല്ല, ശത്രുക്കളാണെന്ന് അപ്പോഴേ അറിയൂ. നമ്മളെന്താണെന്ന് സ്വയം അറിയുന്നതും മരിച്ചു കഴിയുമ്പോഴാണ്. നമ്മള്‍ ചെയ്തതെല്ലാം നന്മകള്‍ മാത്രമായിരുന്നു. നാം നടത്തിയ കുതികാല്‍ വെട്ടുകള്‍ മസൃണമായ തലോടലുകളായിരുന്നെന്ന് മരിക്കുമ്പോഴെ മനസ്സിലാവൂ. നാം സംഘടിപ്പിച്ചെടുത്ത അവാര്‍ഡുകള്‍ നമുക്കു മുന്നില്‍ ഒന്നുമല്ലെന്നറിയാനും മരിക്കണം. എല്ലാം മറക്കാനും മറയ്ക്കാനും മരണത്തിനേ കഴിയൂ. അത് ജീവനോടുകൂടി കേട്ടുനില്‍ക്കാന്‍ അവസരമുണ്ടാക്കിത്തന്ന ചാനല്‍ദൈവങ്ങളേ...നന്ദി!.

ചത്തവന്റെ സുവിശേഷം വായിക്കുകയാണ് വാര്‍ത്താവതാരകന്‍ . പരേതനായ ഞാന്‍ അത് ജീവനോടെ കേട്ടുനിന്നു. ജീവിതത്തിലെ അസുലഭ സുന്ദരമുഹൂര്‍ത്തം!. "...അദ്ദേഹത്തിന്റെ കവിതകള്‍ മലയാളത്തിന്റെ സ്വര്‍ണഖനികളാണ്. ആ തൂലിക ചലിച്ചില്ലായിരുന്നെങ്കില്‍ സരസ്വതീദേവിയുടെ തൊണ്ട വരണ്ടുപോവുമായിരുന്നു. വരികളില്‍ അഗ്നി പാകിയിരുന്നു അദ്ദേഹം. അദ്ദേഹം കൊരുത്തെടുത്തത് ദിവ്യാക്ഷരങ്ങളുടെ തങ്കമാലകളായിരുന്നു..."- തകര്‍ക്കുകയാണ് ഒരുത്തന്‍ . വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി ശ്വാസം മുട്ടിയ ആ പുമാനെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചാണ് ജീവന്‍ രക്ഷിച്ചത്. "ഢാ.." ഞാന്‍ പെട്ടെന്ന് പറഞ്ഞു പോയി. മരിച്ച കാര്യം ഞാന്‍ ഒരു നിമിഷം മറന്നുപോയി. എന്റെ കവിത മുതുകുരങ്ങന്‍ പൃഷ്ഠം ചൊറിയുന്ന പോലെയാണെന്ന് പറഞ്ഞയാളാണ് അത്. ഓടക്കുഴലെടുത്ത കാട്ടുപോത്താണ് അയാള്‍ എന്ന് ഞാന്‍ പറഞ്ഞപ്പോഴുണ്ടായ സ്വാഭാവികമായ തിരിച്ചടിയായിരുന്നു അത്.

എത്ര പെട്ടെന്നാണ് കുരങ്ങനും കാട്ടുപോത്തും മരണത്തിന്റെ മുന്നില്‍ മാടപ്പിറാവുകളായി മാറിയത്. മറ്റൊരു സുഹൃത്ത് ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ടാണ് സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. കരയാന്‍ കൂടുതല്‍ സമയമെടുക്കുന്നതു കണ്ടപ്പോള്‍ വാര്‍ത്താവതാരകന്‍ ഓര്‍മിപ്പിച്ചു. " പെട്ടെന്ന് കരയൂ....നമുക്ക് സമയമില്ല...അടുത്തയാള്‍ തിരുവനന്തപുരം സ്റ്റുഡിയോയില്‍ കരയാനിരിക്കുന്നുണ്ട്. എല്ലാവര്‍ക്കും അവസരം കൊടുക്കേണ്ടേ...പ്ലീസ്..." സമയക്കുറവ് ബോധ്യപ്പെട്ട അദ്ദേഹം പെട്ടെന്ന് വിഷയത്തിലേക്കു വന്നു. "...

ആ മഹാനുഭാവന്റെ തൂലികത്തുമ്പില്‍ പിടിച്ചാണ് ഞാന്‍ സാഹിത്യ നഭസ്സില്‍ ആദ്യ ചുവടു വച്ചത്. എന്തൊരു വാത്സല്യമായിരുന്നു എന്നോട്. ഒരു പിതാവിനെപ്പോലെ എന്നെ സ്നേഹിച്ചിരുന്നു. എന്റെ പിന്നാലെ ഒരു രക്ഷിതാവിന്റെ കണ്ണുകളുമായി എപ്പോഴുമുണ്ടായിരുന്നു. എന്റെ ഈ തൂലിക എനിക്ക് ഇനി ധൈര്യമായി നിന്നെ ഏല്‍പിക്കാമെന്ന് അദ്ദേഹം പറയുമായിരുന്നു..എന്നോടൊന്നും ചോദിക്കരുത്...ഈ വേര്‍പാട് എനിക്ക് സഹിക്കാനാവുന്നില്ല എന്നെ കരയാനനുവദിക്കൂ.." കൊള്ളാം, മികച്ച അഭിനയം! "കവിതയുടെ അന്തകവിത്താണ് നീ" എന്ന് പരസ്യമായി അവനെപ്പറഞ്ഞതാണ് ഞാന്‍!. "ചുടലമുത്തി" എന്നായിരുന്നു അവന്റെ തിരിച്ചടി. അന്നുമുതല്‍ ഞങ്ങള്‍ തമ്മില്‍ കണ്ടാല്‍ മിണ്ടാറില്ല. മരണം എത്ര പെട്ടെന്നാണ് ഞങ്ങളെ തമ്മിലടുപ്പിച്ചത്. ചാനല്‍ വിശ്രമരഹിതമായി പ്രകീര്‍ത്തനങ്ങള്‍ തുടരവെ ഫോണടിച്ചു.

"..ഹലോ.." "..ഹലോ.." "....ന്റെ വീടല്ലെ..?" "..അതെ.." "..എപ്പ്ളാ മരിച്ചെ..?" "..രാവിലെ.." "..എപ്പ്ളാ സംസ്കാരം..?" "..തീരുമാനിച്ചില്ല" "..

തീരുമാനിക്കുമ്പോ അറിയിക്കണെ.." ഇനി മരിക്കാതെ രക്ഷയില്ല. ജനസഹസ്രങ്ങള്‍ ഒഴുകി വരും. അവര്‍ക്കാവശ്യം ജീവിച്ചിരിക്കുന്ന എന്നെയല്ല. എന്തിന് ഞാന്‍ അവരെ നിരാശരാക്കണം. മുറിയിലെ തറയില്‍ വെള്ളവിരിച്ച് ഞാന്‍ കിടന്നു; മരിച്ചവനായിത്തന്നെ. ഓരോരുത്തരായി അടുത്തു വന്നു. കൈകൂപ്പി. പുഷ്പഹാരങ്ങള്‍ സമര്‍പ്പിച്ചു. ഒരു മിനിറ്റ് നോക്കിനിന്നു. കണ്ണുകള്‍ ബാഷ്പാര്‍ദ്രമായി. എനിക്കും സങ്കടം വന്നു.

"കരയരുത് അനിയാ കരയരുത്". ചിലര്‍ എന്റെ കാലില്‍ തൊട്ടു വന്ദിച്ചു. കൂട്ടത്തില്‍ ഒന്നു നുള്ളിയോ എന്നും സംശയമുണ്ട്. ഉറപ്പാക്കിയതാവും. പുറത്ത് പ്രതികരണക്കാരെ അന്വേഷിച്ച് മാധ്യമക്കാരും മാധ്യമക്കാരെ അന്വേഷിച്ച് പ്രതികരണക്കാരും കറങ്ങിക്കൊണ്ടിരുന്നു. അങ്ങനെയും ഭൂമി ഉരുണ്ടതാണെന്ന് തെളിയിക്കപ്പെട്ടു. കിട്ടിയ അവസരം സമര്‍ഥമായി ഉപയോഗിച്ച് എട്ട് പ്രതികരണം വരെ തരപ്പെടുത്തിയവരുണ്ട്. എന്നിട്ടും തൃപ്തി വരാതെ കൊണ്ടു വാ, കൊണ്ടു വാ എന്ന് കല്‍പ്പിക്കുകയായിരുന്നത്രെ. കാല്‍ , അര, മുക്കാല്‍ ബുദ്ധിജീവികള്‍ കുറച്ചുകൂടി ബുദ്ധിപരമായി നീങ്ങി. അന്തര്‍ഗതം ആംഗ്യത്തിലൂടെ വിനിമയം ചെയ്ത് മലയാള ഭാഷയുടെ അപര്യാപ്തതയക്കുറിച്ച് സൂചിപ്പിച്ചു. തങ്ങള്‍ അനുഭവിക്കുന്ന തീവ്രവികാരങ്ങളെ പ്രകടിപ്പിക്കാന്‍ പരുവത്തില്‍ ഭാഷ വളരാത്തതില്‍ ഈ സന്ദര്‍ഭത്തില്‍ അവര്‍ ഖേദം പ്രകടിപ്പിച്ചു.

ഞങ്ങള്‍ക്കൊപ്പം വളരാത്ത ഭാഷയുടെ മുരടിപ്പിനെക്കുറിച്ച് അവര്‍ പരിതപിക്കുകയും ചെയ്തു. അവസരം ഫലപ്രദമായി ഉപയോഗിച്ച് കാല്‍ അരയിലേക്കും അര മുക്കാലിലേക്കും സ്ഥാനക്കയറ്റം നേടുകയും ചെയ്തു. ഒരു "ഫുള്‍" മേടിച്ച് നാലാക്കിപ്പകുത്ത് ബുദ്ധിയുടെ സങ്കടങ്ങളെ സോഡയില്‍ ലയിപ്പിച്ച് ഇല്ലാതാക്കുകയും ചെയ്തു. സ്വയം പ്രഖ്യാപിത അരാജക വാദികള്‍ മറ്റൊരു വഴിക്കാണ് നീങ്ങിയത്. അവരാണ് കുറച്ചുകൂടി നന്നായി അഭിനയിച്ചത്. പ്രത്യേകതരം ഉച്ചാരണവും ആംഗ്യവും സമന്വയിപ്പിച്ചുകൊണ്ടായിരുന്നു തത്രഭവാന്മാരുടെ മുന്നേറ്റം. കിട്ടാത്ത മുന്തിരിങ്ങക്ക് ചാടിത്തോറ്റ ചമ്മല്‍ അറിയാതിരിക്കാന്‍ എല്ലാത്തരം എസ്റ്റാബ്ലിഷ്മെന്റുകളെയും നോട്ടം കൊണ്ട് പുച്ഛിച്ചു. അപ്പോഴും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെയായിരുന്നു. എന്തെങ്കിലും തരപ്പെടുത്താന്‍ ഈ വേഷമാണ് പറ്റിയത്!.പ്രകടനാത്മകതകളെ എതിര്‍ത്തുകൊണ്ട് അവര്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചു. അരനിമിഷത്തിനു വേണ്ടി ചാനലുകാരോട് അരാജകമായി കെഞ്ചി. അവസാനം ഇതെന്റെ രക്തം എന്ന മട്ടില്‍ അവരും ഫുള്ളിന്റെ കഴുത്തിനു പിടിച്ചു. പക്ഷെ ബുദ്ധിജീവികളും അരാജകരും തമ്മില്‍ ഇതില്‍ ചില വ്യത്യാസമുണ്ട്.

അരാജകര്‍ക്ക് അച്ചാര്‍ നിര്‍ബന്ധമില്ല. ബുദ്ധിജീവികള്‍ കഴിക്കുന്തോറും നിശബ്ദരാവുമ്പോള്‍ അരാജകര്‍ കൂടുതല്‍ സാമൂഹ്യബോധമുള്ളവരായി മാറും. ലാസ്റ്റ് ബസ് വരുമ്പോള്‍ എല്ലാം മറന്ന് അതില്‍ ഓടിക്കയറുകയും ചെയ്യും. ബാക്കി സാമൂഹ്യപ്രതിബദ്ധത അതിലായിരിക്കും. എന്റെ മൃതദേഹത്തിന് ചുറ്റും ജനങ്ങള്‍ കൂടിക്കൂടി വന്നു. എന്നെ പൊതുപ്രദര്‍ശനത്തിനു വേണ്ടി കുളിപ്പിച്ചു റെഡിയാക്കി. അങ്ങനെ ഞാനൊരു പൊതുസ്വത്തായി പൊതുവേദിയില്‍ കിടന്നു. പൂക്കള്‍ കൊണ്ട് എന്നെ മൂടി. പൂക്കള്‍ തേടി വണ്ടുകള്‍ വന്നു. വണ്ടുകള്‍ എന്റെ ചെവിയില്‍ മൂളി. ഞാന്‍ അവ കേള്‍ക്കെ പാടി"...

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ...". വണ്ടുകള്‍ എന്നോടു പറഞ്ഞു. "..എല്ലാം ഒരു കുലത്തൊഴില്‍ . വര്‍ണാശ്രമ ധര്‍മങ്ങള്‍ അവസാനിച്ചിട്ടില്ല..എഴുത്തുകാരാ..." സമയം കഴിയുന്തോറും ഓരോരുത്തരും തിരക്കുകളിലായി. വാച്ച് നോക്കിത്തുടങ്ങി. മരിച്ചവര്‍ക്ക് അനുവദിച്ച സമയം അതിക്രമിച്ചു. മരണം അല്ലെങ്കിലും ഒരു സമയക്രമം ആണല്ലൊ!. എന്റെ അന്ത്യ ചടങ്ങുകളായി. വികാര നിര്‍ഭരമാണ് അന്തരീക്ഷം. ചാനല്‍ തീവ്രവാദികള്‍ എകെ 47 ഉപയോഗിച്ച് നിരന്തരമായി നിറയൊഴിച്ച് തുടങ്ങി. ഇനി ഇതുപോലൊരു അവസരമില്ല. ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയിലൂടെ ഞാന്‍ എല്ലാ വിവരക്കേടും ആസ്വദിച്ചു.

എന്തായിരുന്നു ഞാന്‍ എന്നാലോചിച്ച് എന്റെ മൃതശരീരം കോരിത്തരിച്ചു. കൂട്ടത്തില്‍ ഒരു ചാനല്‍ തീവ്രവാദി എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. അവനാണ് എന്റെ മരണവാര്‍ത്ത ആദ്യം പുറത്തുവിട്ടത്. അവനെ ഞാന്‍ കണ്ണുകാട്ടി വിളിച്ചു. ആദ്യം അവന്‍ അമ്പരന്നു. ഞാന്‍ വീണ്ടും വിളിച്ചു. ഒരു എക്സ്ക്ലൂസീവ് മണത്ത് അവന്‍ എന്റെയടുത്ത് അണഞ്ഞു. "...ഞാന്‍ ചത്തെന്ന് നിന്നോടാരാ പറഞ്ഞെ..?" ഒട്ടും കൂസലില്ലാതെ അവന്‍ പറഞ്ഞു. "....ഒന്നടിച്ചുനോക്കിയതാ മാഷേ... സംഗതി ഏറ്റില്ലേ....വേണങ്കി ഒരു തിരുത്തു കൊടുക്കാം മാഷേ... ഗംഭീരമാവും... മാഷ് മരിച്ചിട്ടില്ലെന്ന് ഇപ്പോള്‍ കൊടുത്താല്‍ ഇരമ്പും.....പൂശട്ടെ....?" "വേണ്ട.... ഇനി ആരെയും ഞാന്‍ നിരാശപ്പെടുത്തുന്നില്ല. ഞാന്‍ ശരിക്കും മരിക്കുകയാണ്. നിന്നോടെനിക്ക് അകമഴിഞ്ഞ നന്ദിയുണ്ട്. പിന്നെ കാണാം. ഗുഡ് ബൈ...."

*
എം എം പൗലോസ് ദേശാഭിമാനി വാരിക 06 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചാനലുകാരാണ് എന്നെ എന്റെ മരണവിവരമറിയിച്ചത്. കുറച്ചു ദിവസമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ചെറിയ പനി, ഛര്‍ദി, വയറിളക്കം എന്നീ ചില്ലറ രോഗങ്ങളുമായി സസുഖം കഴിഞ്ഞുകൂടുകയായിരുന്നു ഞാന്‍ . ജീവിതത്തിന് ഒരു ചലനം കിട്ടിയ മുഹൂര്‍ത്തങ്ങള്‍ ആഹ്ലാദപൂര്‍വം ആസ്വദിക്കുകയായിരുന്നു ഞാന്‍ . ഇതിനിടയില്‍ ചാനല്‍ തീവ്രവാദികള്‍ വിളിച്ചു. അവര്‍ക്ക് ഒറ്റക്കാര്യം അറിഞ്ഞാല്‍ മതി. "തട്ട്വോ?" "തട്ടില്ല" എന്നാണ് മറുപടിയെങ്കില്‍ ജോലി നീണ്ടുപോകുന്നതിലെ അസ്വസ്ഥത പ്രകടിപ്പിച്ച് അവര്‍ ഫോണ്‍ താഴെ വയ്ക്കും.