Monday, February 27, 2012

തൊഴിലാളിവര്‍ഗത്തിന്റെ മുന്നറിയിപ്പ്

നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ചവിട്ടടിയില്‍ ഞെരിഞ്ഞമരാന്‍ മനസില്ലെന്ന പ്രഖ്യാപനവുമായി 50 കോടി ഇന്ത്യക്കാര്‍ ഇന്ന് പണിമുടക്കുന്നു.

മഹാഭൂരിപക്ഷം ജനങ്ങളേയും പട്ടിണിയുടേയും ദുരിതങ്ങളുടേയും തടവുകാരാക്കി മൂലധന ശക്തികള്‍ക്ക് രാജ്യത്തെ പണയപ്പെടുത്തുന്ന ഭരണനയങ്ങള്‍ തിരുത്തിയേ തീരുവെന്നാണ് ദേശീയ പണിമുടക്കിലൂടെ തൊഴിലാളി വര്‍ഗം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. ബി എം എസ്, ഐ എന്‍ ടി യു സി, എ ഐ ടി യു സി, എച്ച് എം എസ്, ടി യു സി ഐ, എന്‍ എല്‍ ഒ, എ ഐ യു ടി യു സി, യു ടി യു സി, സി ഐ ടി യു എന്നീ സംഘടനകള്‍ അടങ്ങുന്ന സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലാളിവര്‍ഗ മുന്നേറ്റത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നത്. 11 കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകള്‍ക്കു പുറമെ അയ്യായിരം അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടില്ലാത്ത ട്രേഡ് യൂണിയന്‍ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നു. മാസങ്ങള്‍ നീണ്ടുനിന്ന പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ ദേശീയ പണിമുടക്കിന്റെ മുദ്രാവാക്യങ്ങള്‍ നാടിന്റെ പൊതുവികാരമായി മാറുകയായിരുന്നു.
ആരേയും ഒഴിവാക്കാതെ അടിസ്ഥാനപരമായ എല്ലാ തൊഴില്‍ നിയമങ്ങളും കര്‍ശനമായി നടപ്പാക്കുക, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കുക, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഒരു പരിമിതിയും കൂടാതെ സാര്‍വത്രികമായ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുക, ദേശീയ സാമൂഹ്യ സുരക്ഷാനിധി രൂപീകരിക്കുക തുടങ്ങിയവയാണ് തൊഴിലാളികളുടെ സംയുക്ത സമരസമിതി മുമ്പോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍.

''ഞങ്ങള്‍ 99 ശതമാനം. നിങ്ങള്‍ ഒരു ശതമാനം'' മാത്രം എന്ന സമരകാഹളവുമായി ലോകത്തെമ്പാടും ജനങ്ങള്‍ പോരാട്ട ഭൂമികളിലേക്ക് ഇറങ്ങിവരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ ദേശീയ പണിമുടക്കിന് അതീവ പ്രാധാന്യമുണ്ടെന്ന് ലോക തൊഴിലാളി ഫെഡറേഷന്റെ (ഡബ്ല്യു എഫ് ടി യു) സെക്രട്ടേറിയറ്റ് ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മുഴുവന്‍ ജനങ്ങളുടെയും ജീവിതം മെച്ചപ്പെടുത്താന്‍ ഐക്യത്തിന്റെയും സമരത്തിന്റെയും പാതയില്‍ അണിനിരക്കുന്ന ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തെ ഡബ്ല്യു എഫ് ടി യു അഭിവാദ്യം ചെയ്തു.

റയില്‍വേ ഒഴികെയുള്ള എല്ലാ മേഖലകളെയും സ്തംഭിപ്പിച്ചുകൊണ്ടാണ് തൊഴിലാളികള്‍ യു പി എ സര്‍ക്കാരിന് മറുപടി നല്‍കുന്നത്. കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനെതിരെ ബാങ്കിംഗ് മേഖലയില്‍നിന്നുമാത്രം എട്ട് ലക്ഷം ജീവനക്കാര്‍ പ്രക്ഷോഭത്തില്‍ അണിനിരക്കും.

രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ തൊഴിലാളിപ്രക്ഷോഭമാണ് ഇതെന്ന് എ ഐ ടി യു സി നേതാവ് കൂടിയായ സി പി ഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത പറഞ്ഞു. റിസര്‍വ് ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗതാഗത മേഖല, ടെലികോം മേഖല, എണ്ണ കമ്പനികള്‍, എന്നിവിടങ്ങളിലെ തൊഴിലാളികള്‍ ഒന്നടങ്കം പ്രക്ഷോഭത്തില്‍ അണിചേരുമെന്നും ഗുരുദാസ് ദാസ്ഗുപ്ത പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാരിന് നന്നായി അറായമെന്നും തങ്ങളുടെ സമരം നേരത്തെ പ്രഖ്യാപിച്ചതാണെന്നും ദാസ്ഗുപ്ത പറഞ്ഞു. അതത് സമയങ്ങളില്‍ പ്രധാനമന്ത്രിയെക്കണ്ട് പ്രശ്‌നങ്ങള്‍ ധരിപ്പിച്ചിരുന്നു. ഇത് പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുമുണ്ട്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത കഴിഞ്ഞ യോഗത്തില്‍ കേന്ദ്ര തൊഴില്‍മന്ത്രി സന്നിഹിതനുമായിരുന്നു. എന്നാല്‍ സമരത്തിന് തൊട്ടുമുമ്പ് ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്ന ഇരട്ടത്താപ്പ് നയം അര്‍ഥമില്ലാത്തതാണെന്നും ഗുരുദാസ് ദാസ് ഗുപ്ത പറഞ്ഞു. എന്തായാലും ചര്‍ച്ച അനിവാര്യമാണ്. പക്ഷേ അത് സമരം കഴിഞ്ഞശേഷമേ നടക്കൂവെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികളുടെ ആവശ്യങ്ങളെല്ലാം ഗവണ്‍മെന്റ് നടപ്പിലാക്കുന്നുണ്ടെന്നും അതിനാല്‍ പണിമുടക്കില്‍ നിന്ന് പിന്‍വാങ്ങണമെന്നുമുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ആവശ്യം തൊഴിലാളി കേന്ദ്രങ്ങളിലെവിടേയും ഒരു പ്രതികരണവും ഉണ്ടാക്കിയില്ല. സമ്പന്നന്മാര്‍ക്ക് സൗജന്യങ്ങള്‍ വാരിക്കോരി കൊടുക്കുകയും പാവങ്ങളെ ദുരിതക്കയങ്ങളില്‍ ആഴ്ത്തുകയും ചെയ്യുന്ന സര്‍ക്കാരിന് ഇങ്ങനെയൊരു ആവശ്യമുന്നയിക്കാന്‍ എങ്ങനെ ധൈര്യമുണ്ടായിയെന്ന് ഐ എന്‍ ടി യു സി ജംഷഡ്പൂര്‍ ഘടകത്തിന്റെ ഒരു നേതാവ് ചോദിച്ചു.

ദേശീയ പണിമുടക്ക് കേരളത്തില്‍ സമ്പൂര്‍ണ വിജയമായിരിക്കുമെന്ന് സമരസമിതി നേതാക്കളായ കാനം രാജേന്ദ്രന്‍ (എ ഐ ടി യു സി), എം എം ലോറന്‍സ് (സി ഐ ടി യു), ആര്‍
ചന്ദ്രശേഖര്‍ (ഐ എന്‍ ടി യു സി), ടോംതോമസ് (എച്ച് എം എസ്), അഡ്വ. ഫിലിപ്പ് കെ തോമസ് (യു ടി യു സി), ചാള്‍സ് ജോര്‍ജ് (ടി യു സി ഐ), വിജയകുമാര്‍ (ബി എം എസ്), വി കെ സദാനന്ദന്‍ (എ ഐ യു ടി യു സി), അനില്‍കുമാര്‍ (ടി യു സി സി), സോണിയാ ജോര്‍ജ് (സേവ), അഹമ്മദ് കുട്ടി ഉണ്ണിക്കുളം (എസ് ടി യു), അബ്രഹാം (കെ ടി യു സി), ഉഴവൂര്‍ വിജയന്‍ (എന്‍ എല്‍ സി) എന്നിവര്‍ പ്രസ്താവിച്ചു.

ദേശീയ പണിമുടക്ക് എന്തിന്?

വിലക്കയറ്റം തടയണം

രാജ്യത്തിന്റെ ചരിത്രത്തിലിന്നേവരെയില്ലാത്ത രീതിയില്‍ അവശ്യവസ്തുക്കളുടെയും ഭക്ഷ്യോല്‍പ്പന്നങ്ങളുടെയും വില കുതിച്ചുയരുന്നു. നാണയപ്പെരുപ്പവും ഭക്ഷ്യവിലക്കയറ്റവും മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിക്കുന്നു. 2008 സെപ്തംബര്‍മുതല്‍ 2011 ഒക്ടോബര്‍വരെയുള്ള 38 മാസം ഭക്ഷ്യവിലക്കയറ്റ നിരക്ക് പത്തുശതമാനത്തിനു മുകളിലായിരുന്നു. ഭക്ഷ്യോല്‍പ്പന്നങ്ങളിലടക്കം അവധിവ്യാപാരം അനുവദിച്ചതിന്റെ ഫലമായി, ഭാവിയിലും വിലക്കയറ്റം കുറയില്ലെന്ന് ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ . കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് ഊഹക്കച്ചവടത്തിന്റെ തുക ഒന്നരലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇതിനുപുറമെയാണ് പെട്രോളിന്റെ വിലനിയന്ത്രണം നീക്കിയത്. ഡീസലിന്റെ വിലനിയന്ത്രണം അടുത്തുതന്നെ നീക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

തൊഴില്‍ സംരക്ഷണം

ആഗോള സാമ്പത്തികമാന്ദ്യം ബാധിക്കാതിരിക്കാനെന്ന പേരില്‍ വന്‍ സാമ്പത്തിക പാക്കേജുകളാണ് കോര്‍പറേറ്റുകള്‍ക്ക് നല്‍കിയത്. എന്നാല്‍ , തൊഴില്‍ സംരക്ഷിക്കുന്നതിലും തൊഴിലവസരം സൃഷ്ടിക്കുന്നതിലും ഈ പാക്കേജുകള്‍ പരാജയപ്പെടുകയാണ്. തൊഴില്‍മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2008 ഒക്ടോബര്‍മുതല്‍ ഡിസംബര്‍ വരെ അഞ്ചുലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ നിയമനങ്ങള്‍ നടത്താതായിട്ട് രണ്ടു ദശകത്തിലേറെയായി. ചെറുകിട- ഇടത്തരം വ്യവസായങ്ങളാകട്ടെ കടുത്ത പ്രതിസന്ധിയിലും. മൂലധന താല്‍പ്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമ്പോഴും തൊഴിലും കൂലിയും സംരക്ഷിക്കാന്‍ ഇടപെടുന്നില്ല. ലാഭത്തിനും കോര്‍പറേറ്റ് ധൂര്‍ത്തിനും ഉയര്‍ന്ന വേതനത്തിനും നിയന്ത്രണമേര്‍പ്പെടുത്തി, കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്ന, തൊഴിലും കൂലിയും സംരക്ഷിക്കുന്ന തരത്തില്‍ വ്യവസായ സംരംഭകര്‍ക്കുള്ള സഹായങ്ങള്‍ മാറ്റിയെടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

തൊഴില്‍ നിയമങ്ങള്‍

നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക എന്നതാണ് തൊഴിലാളികള്‍ ഉന്നയിക്കുന്ന മറ്റൊരാവശ്യം. തൊഴിലെടുക്കുന്നവരുടെ സംരക്ഷണം ലക്ഷ്യമിട്ട് നിരവധി നിയമങ്ങള്‍ രാജ്യത്ത് നിര്‍മിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ , അവ ഫലപ്രദമായി നടപ്പാക്കപ്പെടുന്നില്ല. തൊഴിലാളികള്‍ വഞ്ചിതരാകുകയും വലിയ അളവില്‍ ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു എന്നതാണിതിന്റെ അനന്തര ഫലം. വേതനം കൃത്യമായി നല്‍കണമെന്ന് നിഷ്കര്‍ഷിക്കുന്ന നിയമമാണ് പേമെന്റ് ഓഫ് വേജസ് ആക്ട് 1936. എല്ലാ മാസത്തിന്റെയും ഏഴാം ദിവസത്തിനുമുമ്പ് ശമ്പളം നല്‍കണമെന്ന് ഈ നിയമം അനുശാസിക്കുന്നു. അസംഘടിതമേഖലയില്‍ , നിരവധിയിടങ്ങളില്‍ ഇത് നടപ്പാക്കപ്പെടാതെ പോകുന്നുണ്ട്. അതുപോലെ, മിനിമം കൂലി നിയമവും തുല്യവേതന നിയമവും ഇപ്പോഴും നടപ്പാക്കപ്പെടുന്നില്ല. അസംഘടിതമേഖലയില്‍ ഇപ്പോഴും പുരുഷനും സ്ത്രീക്കും രണ്ടുതരം കൂലിവ്യവസ്ഥയാണ് നിലനില്‍ക്കുന്നത്. കൂലിച്ചെലവ് കുറയ്ക്കുന്നതിനും ലാഭം വര്‍ധിപ്പിക്കുന്നതിനുമാണ് തൊഴില്‍നിയമങ്ങള്‍ ലംഘിക്കപ്പെടുന്നത്്. അതിന് അറുതി വരുത്തണമെന്നാണ് പണിമുടക്കിലൂടെ ആവശ്യപ്പെടുന്നത്.

മിനിമം കൂലി

കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ പണിയെടുപ്പിച്ച് കടുത്ത ചൂഷണത്തിന് ഇരയാക്കുകയാണ്. കുറഞ്ഞകൂലി നിശ്ചയിച്ച് അത് കര്‍ശനമായി നടപ്പാക്കുകയാണ് തൊഴില്‍ചൂഷണം തടയാനുള്ള ഉപാധി. വിലക്കയറ്റത്തിനും രൂപയുടെ മൂല്യശോഷണത്തിനുമനുസരിച്ച് കാലാകാലം കൂലി പരിഷ്കരിക്കേണ്ടതുണ്ട്. മിനിമം കൂലി നിലവിലുണ്ടെങ്കിലും അത് നടപ്പാക്കപ്പെടുന്നില്ല. അസംഘടിത തൊഴിലാളികളുടെയും ദരിദ്ര കൃഷിക്കാരുടെയും ചെലവില്‍ മൂലധനവും ലാഭവും കുന്നുകൂട്ടുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നത്. പണിയെടുക്കുന്ന മനുഷ്യരെ കടുത്ത ചൂഷണത്തിനു വിധേയരാക്കി മൂലധന സഞ്ചയത്തിനു വഴിയൊരുക്കുന്ന പ്രക്രിയക്ക് അറുതി വരുത്താന്‍ മിനിമംകൂലി 10,000 രൂപയാക്കി ഉയര്‍ത്തണം.

പൊതുമേഖല

1991ല്‍ ആരംഭിച്ച സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി സ്വന്തമാക്കാന്‍ രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശമുണ്ട്, രാജ്യത്തിന്റെ സമ്പത്തായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ജനങ്ങളുടെ കൈകളിലിരിക്കണം എന്നീ ന്യായങ്ങളാണ് ഓഹരി വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ , ഈ ന്യായത്തിന്റെ മറവില്‍ , പൊതുമേഖലാ സ്ഥാപനങ്ങള്‍ വന്‍ കുത്തകകള്‍ക്ക് കൈമാറുകയാണ്. ജനസംഖ്യയുടെ 0.65 ശതമാനം പേര്‍ മാത്രമാണ് ഓഹരിക്കമ്പോളത്തില്‍ വാങ്ങല്‍ -വില്‍പ്പന നടത്തുന്നവര്‍ . രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും ആവശ്യമായ വിഭവങ്ങള്‍ കണ്ടെത്തുകയും വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന തെറ്റായ നടപടിക്കെതിരെ കൂടിയാണ് ഈ പോരാട്ടം.

തൊഴിലിന്റെ കരാര്‍വല്‍ക്കരണം

കരാര്‍തൊഴില്‍ സമ്പ്രദായം വ്യാപകമാവുകയും സ്ഥിരംതൊഴില്‍ മിഥ്യയായി മാറുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്ന്. തൊഴില്‍സ്ഥിരത നിലവില്‍വന്നതോടെ, തൊഴിലാളികളുടെ ജീവിതനിലവാരം ഉയരുകയും പെന്‍ഷന്‍ , ഗ്രാറ്റുവിറ്റി, പ്രോവിഡന്റ് ഫണ്ട് തുടങ്ങിയ ആനുകൂല്യങ്ങളും ആരോഗ്യസംരക്ഷണവും കുട്ടികളുടെ വിദ്യാഭ്യാസവും ഉറപ്പാക്കുകയും ചെയ്തു. എന്നാല്‍ , പുതിയ നയങ്ങള്‍ ഇവയൊക്കെ കവര്‍ന്നെടുക്കുന്നു. സ്ഥിരംതൊഴിലാളികളുടെ എണ്ണം കുറച്ച് കരാര്‍തൊഴിലാളികളുടെ എണ്ണം കൂട്ടുക എന്ന പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നത്. സ്ഥാപനങ്ങളില്‍ ആറുമാസത്തില്‍ കൂടുതല്‍ കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് സ്ഥിരംതൊഴിലിന്റെ വ്യവസ്ഥകള്‍ ബാധകമാക്കുക, 240 ദിവസം ജോലി പൂര്‍ത്തിയാക്കുന്നവരെ സ്ഥിരപ്പെടുത്തുക, തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതൊഴിവാക്കാനായി ഇടവേള നല്‍കുന്ന നടപടി അവസാനിപ്പിക്കുക, സ്ഥിരംതൊഴിലാളികളുമായി ആനുപാതികമായ നിരക്കില്‍ തുല്യത ഉറപ്പാക്കുക, അപകടപരിരക്ഷ, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസാനുകൂല്യം എന്നിവ നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് തൊഴിലാളിവര്‍ഗം മുന്നോട്ടുവയ്ക്കുന്നത്.

സാമൂഹ്യസുരക്ഷ

ഇന്ത്യയിലെ തൊഴില്‍ശേഷിയുടെ 93 ശതമാനം വരുന്ന അസംഘടിത തൊഴിലാളികള്‍ , ഒരുവിധ സാമൂഹ്യസുരക്ഷയും ഇല്ലാത്തവരാണ്. അസംഘടിതമേഖലയിലെ തൊഴിലാളികളെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട അര്‍ജുന്‍ സെന്‍ ഗുപ്ത കമ്മിറ്റി പുറത്തുകൊണ്ടുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 834 ദശലക്ഷം ജനങ്ങള്‍ പ്രതിദിനം 20 രൂപയില്‍ താഴെ വരുമാനത്തിലാണ് ജീവിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അസംഘടിതമേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യസുരക്ഷയ്ക്കായി കേന്ദ്രസര്‍ക്കാര്‍ "അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാനിയമം 2008" പാസാക്കിയിട്ടുണ്ട്. ഈ നിയമപ്രകാരം, പത്ത് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍ , ഈ പദ്ധതികള്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന തൊഴിലാളികള്‍ക്കുവേണ്ടിയുള്ളതാണ്. ഒട്ടുമിക്ക തൊഴിലാളികളും ഈ മാനദണ്ഡംകൊണ്ടുതന്നെ പദ്ധതിയില്‍നിന്ന് ഒഴിവാക്കപ്പെടും. ജീവിതം അത്യന്തം അരക്ഷിതമായിക്കൊണ്ടിരിക്കുന്ന പുതിയകാലത്ത്, സാമൂഹ്യസുരക്ഷയുടെ ചെറിയ ആശ്വാസമെങ്കിലും അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് നല്‍കണമെന്നാണാവശ്യപ്പെടുന്നത്.

എല്ലാവര്‍ക്കും ബോണസ്

ബോണസ് മാറ്റിവയ്ക്കപ്പെട്ട ശമ്പളമാണ്. അത് തൊഴിലാളിക്ക് അവകാശപ്പെട്ടതാണ്. പക്ഷേ, അതിപ്പോള്‍ നിയമംമൂലം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. തൊഴിലുടമകള്‍ക്ക് പരിധിയില്ലാതെ ലാഭം കുന്നുകൂട്ടാനനുവാദമുള്ളപ്പോള്‍ തൊഴിലാളികളുടെ ബോണസ്, പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങിയവയ്ക്ക് പരിധി നിശ്ചയിക്കുന്നത് കടുത്ത അനീതിയാണ്. ഇത് തൊഴിലുടമകളുടെ ലാഭം വര്‍ധിപ്പിക്കാനുള്ള ഉപാധിമാത്രമാണ്. പരിധിയില്ലാതെ എല്ലാവര്‍ക്കും ബോണസും ഗ്രാറ്റുവിറ്റിയും അനുവദിക്കണമെന്നാണ് തൊഴിലാളിവര്‍ഗം മുന്നോട്ടുവയ്ക്കുന്ന ആവശ്യം.

എല്ലാവര്‍ക്കും പെന്‍ഷന്‍

ഇന്ത്യയില്‍ , സംഘടിതമേഖലയിലെ ഭൂരിപക്ഷം തൊഴിലാളികള്‍ക്കും അര്‍ഹമായ പെന്‍ഷന്‍ ലഭിക്കുന്നില്ല. എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതി എന്ന പേരില്‍ നടപ്പാക്കിയ പെന്‍ഷന്‍ പദ്ധതിയില്‍നിന്ന് തുച്ഛമായ പെന്‍ഷനാണ് ലഭിക്കുന്നത്. പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള പിഎഫ്ആര്‍ഡിഎ നിയമം തൊഴിലാളികളുടെ സമ്പാദ്യം കൊള്ളചെയ്യാനുള്ള നിയമമാണ്. തൊഴിലാളികളുടെ സമ്പാദ്യമെടുത്ത് നിര്‍ബന്ധപൂര്‍വം ഓഹരിക്കമ്പോളത്തില്‍ ചൂതാട്ടത്തിന് വിടുന്നു. തൊഴിലെടുക്കുന്ന എല്ലാ ജനങ്ങളെയും തട്ടിപ്പിനിരയാക്കുന്ന പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കണം. ജീവിതകാലം മുഴുവന്‍ സ്ഥാപനത്തിനുവേണ്ടിയും സമൂഹത്തിനുവേണ്ടിയും പണിയെടുത്തവരെ പ്രായമാകുമ്പോള്‍ , ചണ്ടിപോലെ വലിച്ചെറിയാതെ, എല്ലാ തൊഴിലാളികള്‍ക്കും മാന്യമായി ജീവിക്കാനുള്ള പെന്‍ഷന്‍ നല്‍കണം.

ട്രേഡ്യൂണിയന്‍ അവകാശവും കൂട്ടായ വിലപേശലും

1948ല്‍ അന്താരാഷ്ട്ര തൊഴില്‍സംഘടന അംഗീകരിച്ച കണ്‍വന്‍ഷന്‍ 87- സംഘടിക്കാനുള്ള അവകാശം, കൂട്ടായി വിലപേശാനുള്ള അവകാശം നല്‍കുന്ന കണ്‍വന്‍ഷന്‍ 98, എന്നിവ തൊഴിലാളികളെ സംബന്ധിച്ച് പരമപ്രധാനമാണ്. ഈ രണ്ട് അവകാശവും ഇന്ത്യാഗവണ്‍മെന്റ് അംഗീകരിക്കണം. ഇപ്പോള്‍ ഇന്ത്യയില്‍ സംഘടിക്കാനും കൂട്ടായി വിലപേശാനും ഉള്ള അവകാശങ്ങള്‍ നടപ്പാക്കപ്പെടുന്നില്ല. ട്രേഡ്യൂണിയന്‍ രജിസ്ട്രേഷനുവേണ്ടി നല്‍കുന്ന അപേക്ഷകള്‍ , നിരസിക്കപ്പെടുകയോ രജിസ്ട്രാര്‍ ഓഫീസില്‍ പൊടിപിടിച്ചുകിടക്കുന്ന അവസ്ഥയോ ഇന്നും നിലനില്‍ക്കുന്നു. ഇതിനെ സഹായിക്കുന്നതരത്തിലാണ് പലപ്പോഴും തൊഴില്‍വകുപ്പും സര്‍ക്കാരും നിലപാടെടുക്കുന്നത്. തൊഴിലുടമയ്ക്ക് അനുകൂലമായ സ്ഥിതി സൃഷ്ടിക്കുന്നത് അവസാനിപ്പിക്കുന്നതിന് ഐഎല്‍ഒ കണ്‍വന്‍ഷനുകള്‍ 87, 98 എന്നിവ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ് ട്രേഡ്യൂണിയനുകള്‍ ആവശ്യപ്പെടുന്നത്.

*
ദേശാഭിമാനി/ജനയുഗം 28 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ചവിട്ടടിയില്‍ ഞെരിഞ്ഞമരാന്‍ മനസില്ലെന്ന പ്രഖ്യാപനവുമായി 50 കോടി ഇന്ത്യക്കാര്‍ ഇന്ന് പണിമുടക്കുന്നു.

മഹാഭൂരിപക്ഷം ജനങ്ങളേയും പട്ടിണിയുടേയും ദുരിതങ്ങളുടേയും തടവുകാരാക്കി മൂലധന ശക്തികള്‍ക്ക് രാജ്യത്തെ പണയപ്പെടുത്തുന്ന ഭരണനയങ്ങള്‍ തിരുത്തിയേ തീരുവെന്നാണ് ദേശീയ പണിമുടക്കിലൂടെ തൊഴിലാളി വര്‍ഗം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. ബി എം എസ്, ഐ എന്‍ ടി യു സി, എ ഐ ടി യു സി, എച്ച് എം എസ്, ടി യു സി ഐ, എന്‍ എല്‍ ഒ, എ ഐ യു ടി യു സി, യു ടി യു സി, സി ഐ ടി യു എന്നീ സംഘടനകള്‍ അടങ്ങുന്ന സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലാളിവര്‍ഗ മുന്നേറ്റത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നത്. 11 കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകള്‍ക്കു പുറമെ അയ്യായിരം അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടില്ലാത്ത ട്രേഡ് യൂണിയന്‍ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നു. മാസങ്ങള്‍ നീണ്ടുനിന്ന പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ ദേശീയ പണിമുടക്കിന്റെ മുദ്രാവാക്യങ്ങള്‍ നാടിന്റെ പൊതുവികാരമായി മാറുകയായിരുന്നു.