Sunday, February 26, 2012

അവര്‍ ഉടമകളായി; പിറന്നത് പുതു ചരിതം

അവകാശ സമരത്തിന്റെ സുപ്രധാന ഘട്ടത്തില്‍ ഉടമകളാകാനായിരുന്നു തൊഴിലാളികളുടെ ചരിത്ര നിയോഗം. കമ്പനിയുടെ ഓഹരി വാങ്ങാന്‍ യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ തൊഴിലാളികള്‍ അനുസരിച്ചു. അങ്ങനെ, അന്നുവരെ അടിമസമാനമായ സാഹചര്യങ്ങളില്‍ തൊഴിലെടുത്തവര്‍ പുതു പുലരിയില്‍ കമ്പനി ഉടമകളായി. ഇല്ലായ്മകളുടെ കറുത്ത മേഘപാളികള്‍ കീറിമുറിച്ച് പ്രതീക്ഷയുടെ പുതിയ സൈറണ്‍ മുഴക്കി. ടൈല്‍ വര്‍ക്കേഴ്സ് യൂണിയനും ഫറോക്കിലെ ഓട്ടുകമ്പനി തൊഴിലാളികളുമാണ് ഈ ചരിത്ര നിയോഗത്തിലെ കണ്ണികള്‍. കാലത്തിന്റെ ഒളിമങ്ങാത്ത ഏടുകളില്‍ അന്നത്തെ സമര ചരിത്രവും തീരുമാനങ്ങളും ഇന്നും ജ്വലിക്കുന്ന ഏടുകളാണ്.അന്നത്തെ തീരുമാനത്തില്‍ തൊഴിലാളി കൂട്ടായ്മയില്‍ മുന്നോട്ടുപോയ സ്റ്റാര്‍ , സ്റ്റാന്‍ഡേഡ് ടൈല്‍കമ്പനികള്‍ ഇന്നും വിജയസൈറണ്‍ ഉയര്‍ത്തി പ്രവര്‍ത്തിക്കുന്നു.

മാനേജ്മെന്റുകളുടെ പിടിപ്പുകേടു മൂലം ആസ്തിയേക്കാളേറെ കടബാധ്യതയുണ്ടായതിനെ തുടര്‍ന്ന് 1978 ലാണ് ചെറുവണ്ണൂര്‍ സ്റ്റാന്‍ഡേര്‍ഡ്, കല്ലായി സ്റ്റാര്‍ എന്നീ കമ്പനികള്‍ ലിക്വിഡേറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. നൂറുകണക്കിന് തൊഴിലാളികള്‍ വഴിയാധാരമാകുന്ന നടപടി എന്തുവിലകൊടുത്തും ചെറുക്കണമെന്ന് ടൈല്‍വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) തീരുമാനിച്ചു. ബാധ്യതയും ഭവിഷ്യത്തും എന്തായാലും പരീക്ഷണാര്‍ഥം സ്ഥാപനം തൊഴിലാളികള്‍ ഏറ്റെടുത്തു നടത്തണമെന്ന് യൂണിയന്‍ ജനറല്‍ബോഡിയില്‍ പ്രസിഡന്റ് കെ പത്മനാഭന്‍ പ്രഖ്യാപിച്ചു. കമ്പനി ഉടമകളായ ലോകനാഥന്‍ മുതലിയാര്‍ , ഷണ്‍മുഖം മുതലിയാര്‍ എന്നിവരില്‍ നിന്നും മൊത്തം ഓഹരികള്‍ തൊഴിലാളികള്‍ വാങ്ങി. കമ്പനി ഏറ്റെടുക്കുന്നത് മുതലാളിയെ രക്ഷിക്കാനാണെന്നും ഓഹരിയെടുത്താല്‍ തൊഴിലാളികളുടെ പണം നഷ്ടമാകുമെന്നും പ്രചാരണമുണ്ടായി. എന്നാല്‍ , തൊഴിലാളികള്‍ യൂണിയന്‍ തീരുമാനത്തിനൊപ്പം അടിയുറച്ചുനിന്നു. ഇന്ന് സംസ്ഥാനത്തിനാകെ മാതൃകയായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സ്റ്റാന്‍ഡേര്‍ഡ് ടൈല്‍സ്. എല്ലാ കടബാധ്യതയും വീട്ടിയ കമ്പനി ഇപ്പോള്‍ ലാഭത്തിലാണ്. 40 ശതമാനം ബോണസും സ്വകാര്യ ഓട്ടുകമ്പനികള്‍ നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നു. ഡിസംബറില്‍ ചരിത്രത്തില്‍ ആദ്യമായി 2,000 രൂപയുടെ ശമ്പള വര്‍ധന നടപ്പാക്കി. ഇത് പിന്നീട് സ്വകാര്യ ഓട്ടുകമ്പനികള്‍ക്കും നടപ്പാക്കേണ്ടി വന്നു. ഓട്ടുകമ്പനി തൊഴിലാളികള്‍ക്ക് കൃത്യമായ ശമ്പള വ്യവസ്ഥ ആദ്യം പ്രഖ്യാപിച്ചത് ഇവിടെയാണ്.

ഓട്, ഹോളോബ്രിക്സ്, റൂഫിങ് ബ്രിക്സ്, ഹുരുഡീസ് എന്നിവ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. നിലവില്‍ കമ്പനിയുടെ 95 ശതമാനം ഓഹരിയും തൊഴിലാളികളുടേതാണ്. തൊഴിലാളികള്‍ക്ക് കാന്റീനില്‍ ഭക്ഷണം സൗജന്യമാണെന്ന പ്രത്യേകതയുമുണ്ട്. കമ്പനി ഏറ്റെടുത്ത അന്നുമുതല്‍ പി സുബ്രഹ്മണ്യന്‍ നായരാണ് എംഡി. 1979ലാണ് കടബാധ്യതയെ തുടര്‍ന്ന് സ്റ്റാര്‍ ടൈല്‍ വര്‍ക്സില്‍ ഉടമയുടെ ഓഹരി ഉള്‍പ്പെടെ തൊഴിലാളികള്‍ ഏറ്റെടുത്തത്. കെ ചാത്തുണ്ണി മാസ്റ്റര്‍ ചെയര്‍മാനും ഒ കെ അപ്പുണ്ണി ഡയറക്ടറുമായാണ് കമ്പനി തുടര്‍ന്ന് പ്രവര്‍ത്തിച്ചത്. എല്ലാ കടബാധ്യതയും വീട്ടിയ ഈ കമ്പനിയും ഇപ്പോള്‍ ലാഭത്തിലാണ്. 40 ശതമാനം ബോണസാണിവിടെ. തൊഴിലാളികളുടെ ഹാജര്‍ വര്‍ധിപ്പിക്കാന്‍ ഒരു ദിവസത്തെ അറ്റന്‍ഡന്‍സിന് 30 രൂപ അധികം നല്‍കുന്നു. 185 സ്ഥിരം തൊഴിലാളികളുണ്ട്. ഏറ്റവും താഴേക്കിടയിലുള്ള തൊഴിലാളിക്കു പോലും 10,000 രൂപയ്ക്കു മുകളില്‍ ശമ്പളം. സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനാണ് നിലവില്‍ കമ്പനി ചെയര്‍മാന്‍ . വി വി ശിവനാണ് എം ഡി.

തൊഴിലാളികളുടെ അവകാശ സമരമുഖങ്ങളില്‍ താങ്ങും തണലുമായി എക്കാലവും ടൈല്‍ വര്‍ക്കേഴ്സ് യൂണിയനെന്ന പ്രസ്ഥാനമുണ്ടായിരുന്നു. നാലണ കൂലിയില്‍ നിന്നും തൊഴിലാളിയെ കമ്പനി ഉടമകളാക്കിയതിനു പിന്നില്‍ യൂണിയന്‍ നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളുണ്ട്. അച്യുതമേനോക്കി, ചമ്മിനി വാസു, കെ പത്മനാഭന്‍ തുടങ്ങിയ നിരവധി നേതാക്കളുടെ പോരാട്ടവീറുണ്ട്. പി സുബ്രഹ്മണ്യന്‍ നായര്‍ പ്രസിഡന്റും ടി കരുണാകരന്‍ ജനറല്‍ സെക്രട്ടറിയുമായ തൊഴിലാളി യൂണിയന്‍ ഈ മേഖലയിലെ 75 ശതമാനത്തെയും പ്രതിനിധീകരിക്കുന്ന പ്രസ്ഥാനമാണ്.

*
സി പ്രജോഷ്കുമാര്‍ ദേശാഭിമാനി 24 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...