...അതിനാല്‍ ചരിത്രവല്‍ക്കരിക്കുക, എല്ലായ്പ്പോഴും ചരിത്രവല്‍ക്കരിക്കുക.
1871 വസന്തത്തില്‍ , പാരീസിലെ വ്യവസായത്തൊഴിലാളികള്‍ സ്ഥാപിച്ച പാരീസ് കമ്യൂണ്‍ ആണ് ലോകത്തിലെ ആദ്യത്തെ തൊഴിലാളവര്‍ഗ ഭരണകൂടമായി കണക്കാക്കുന്നത്. രണ്ടുമാസം മാത്രം നിലനിന്ന ആ സ്വപ്നസ്റ്റേറ്റ് ഉടന്‍തന്നെ ചോരയില്‍മുക്കി കൊല്ലപ്പെട്ടു. പാരീസിലെ തൊഴിലാളിവര്‍ഗം ഒരു വിപ്ലവം നടത്താന്‍ സജ്ജരായിട്ടില്ല എന്നാണ്, കമ്യൂണ്‍ സ്ഥാപിക്കും മുമ്പ് മാര്‍ക്സ് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ , കമ്യൂണ്‍ നിലവില്‍ വന്നപ്പോള്‍ , "അവര്‍ , ഫ്രഞ്ച് തൊഴിലാളികള്‍ സ്വര്‍ഗത്തെ കടന്നാക്രമിച്ചിരിക്കുന്നു" എന്ന് ആലപിച്ച് അദ്ദേഹം അതിനെ സ്വാഗതംചെയ്തു. തുടര്‍ന്ന് കമ്യൂണിന്റെ പരാജയത്തിനുശേഷം അതിനെ വിശകലനംചെയ്തുകൊണ്ട് അദ്ദേഹം "ഫ്രാന്‍സിലെ വര്‍ഗസമരങ്ങള്‍" എന്ന തന്റെ വ്യഖ്യാത ലഘുലേഖയെഴുതി. കുറഞ്ഞകാലത്തേക്കാണു നിലനിന്നതെങ്കിലും, തൊഴിലാളിവര്‍ഗ ഭരണകൂടം എന്ന സ്വപ്നം ലോകചരിത്രത്തില്‍ ഇതാദ്യമായി യാഥാര്‍ത്ഥ്യമായി എന്നാണ് തന്റെ പുസ്തകത്തില്‍ അദ്ദേഹം പറഞ്ഞത്. വരാനിരിക്കുന്ന സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് അത് മാതൃകയായിരിക്കുമെന്നും അദ്ദേഹം പ്രവചിച്ചു. ആ വിപ്ലവത്തിന്റെ ബാലാരിഷ്ടതകളെയും ഭരണകൂടത്തിന്റെ ദൗര്‍ബല്യങ്ങളെയും അദ്ദേഹം വിലയിരുത്തി. "നാം ഭരണകൂടത്തെ പിടിച്ചടക്കുക മാത്രമല്ല, അതിന്റെ നിലവിലുള്ള രൂപത്തെ തച്ചുടക്കുക കൂടി വേണം" എന്ന് ലെനിന്റെ ഭരണകൂടത്തെ സംബന്ധിച്ച സിദ്ധാന്തവും പാരീസ് കമ്യൂണിന്റെ പരാജയാനുഭവത്തില്‍നിന്നാണ് ഉണ്ടായത്. അരാജകവാദത്തിന്റെ ചേരിയിലായിരുന്ന വിപ്ലവധൈഷണികന്‍ മിഖായേല്‍ ബക്കുനിന്‍ മുതല്‍ , മാര്‍ക്സും എംഗല്‍സും ലെനിനും ട്രോട്സികിയും മാവോയുംവരെ, പില്‍ക്കാലത്ത് തങ്ങളുടെ "തൊഴിലാളിവര്‍ഗ വിപ്ലവം" എന്ന ആശയവും അത് നിലവില്‍ വരുത്താനുള്ള വിപ്ലവമുന്നണിയും ആവിഷ്കരിച്ചത് ആ ഫ്രഞ്ച് വസന്തത്തിന്റെ അനുഭവത്തെ പിന്തുണര്‍ന്നുകൊണ്ടാണ്.
നാലര പതിറ്റാണ്ടിനു ശേഷം ലോകത്തെ എല്ലാ വിമോചന പോരാട്ടങ്ങളെയും എന്നെന്നേക്കുമായി സ്വാധീനിച്ച, റഷ്യയിലെ ഒക്ടോബര്‍വിപ്ലവം അരങ്ങേറി. യൂറോപ്പില്‍ ചോരയിലും പ്രവാസത്തിലും മുക്കിക്കൊന്ന വിപ്ലവസ്വപ്നങ്ങള്‍ , ലെനിന്റെ നേതൃത്വത്തില്‍ ഏഷ്യയില്‍ ചിറകുകള്‍വച്ചുയര്‍ന്നു. റഷ്യന്‍വിപ്ലവം കൊളുത്തിവിട്ട തീ ലോകത്തിലെ ദേശീയവിമോചന സമരങ്ങള്‍ക്കാകെ ആവേശംപകര്‍ന്നു. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെയും നേതാക്കളെയും അതു സ്വാധീനിച്ചു. തൊള്ളായിരത്തി ഇരുപതുകളില്‍ ലോകമൊട്ടുക്കും കമ്യൂണിസ്റ്റ് ആശയഗതിക്കാരായ ബുദ്ധിജീവികളും ഗ്രൂപ്പുകളും ഉദയംചെയ്യുകയും, തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ നിന്ദിതരും പീഡിതരുമായ മനുഷ്യരുടെയാകെ ഐക്യവും വിമോചനവും സ്വപ്നം കാണാന്‍ സാധ്യമാണെന്നു വരികയുംചെയ്തു.
ഇന്ത്യയില്‍ 1920നു മുമ്പ് രൂപംകൊണ്ട ഇത്തരം കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ ഐക്യമാണ്, താഷ്കന്‍റില്‍ ലെനിന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കു ജന്മം നല്‍കുന്നതിലേക്കു നയിച്ചത്. ലെനിന്റെ പാഠശാലയില്‍ അഭ്യസിച്ചിറങ്ങിയ കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍ ഇന്ത്യയിലേക്കുമടങ്ങി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിന്റെ അല കേരളത്തിലും അടിച്ചു. മുപ്പതുകളില്‍ കേരളത്തില്‍ ആദ്യമായി കമ്യൂണിസ്റ്റുഗ്രൂപ്പുകള്‍ ഉദയം ചെയ്യുന്നത് ഈ സാഹചര്യത്തിലാണ്. തിരുവിതാംകൂറിലെ കമ്യൂണിസ്റ്റ് ലീഗ് ഇപ്രകാരം കേരളത്തില്‍ രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ്റ് കൂട്ടായ്മകളില്‍ ഒന്നായിരുന്നു. അതിലേക്കു നയിച്ചതാകട്ടെ അക്കാലത്ത് തിരുവിതാംകൂറിന്റെ മണ്ണില്‍ ശക്തിപ്പെട്ടിരുന്ന ബുദ്ധിജീവികളുടെ ധൈഷണികപ്രവര്‍ത്തനമായിരുന്നു എന്നു കാണാം. കേരളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത കമ്യൂണിസ്റ്റ് എന്ന് ഇ എം എസ് വിശേഷിപ്പിക്കുന്ന സഖാവ് കൃഷ്ണപിള്ള, വിപ്ലവത്തിന്റെയും കമ്യൂണിസ്റ്റ് സ്വപ്നങ്ങളുടെയും കളരി പഠിക്കുന്നത്, തിരുവിതാംകൂറിലെ ഈ കമ്യൂണിസ്റ്റ്-ധൈഷണിക കൂട്ടായ്മകളുടെ പാഠശാലയില്‍നിന്നാണ്. ഇ എം എസിനെയും എ കെ ജിയെയും കെ ദാമോദരനെയും എല്ലാം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ എത്തിച്ചതിലും, അതിന്റെ തുടര്‍ച്ചയെന്നോണം, കോഴിക്കോട് കല്ലായിക്കടുത്ത് തിരുവണ്ണൂരില്‍വച്ച് അഖിലേന്ത്യാ കമ്യൂണിസ്റ്റ്പാര്‍ടിയുടെ ഒരു ഘടകമെന്ന നിലയില്‍ , എന്‍ സി ശേഖര്‍ അടങ്ങുന്ന നാലംഗ കമ്യൂണിസ്റ്റ് ഫ്രാക്ഷന്‍ രൂപംകൊള്ളുന്നതിനും അടിസ്ഥാനമിട്ടത്, തിരുവിതാംകൂറിലെ സോഷ്യലിസ്റ്റ് ആശയഗതിക്കാരായ ധൈഷണികരുടെയും കമ്യൂണിസ്റ്റ് ലീഗിന്റെയുംകൂടി പ്രചോദനമാണെന്നു കാണാം.
സിപിഐ എമ്മിന്റെ സംസ്ഥാന സമ്മേളനം ഇതാദ്യമായി തിരുവനന്തപുരത്തു നടക്കുമ്പോള്‍ , കമ്യൂണിസ്റ്റ് ദര്‍ശനത്തിന്റെയും വിപ്ലവസ്വപ്നങ്ങളുടെയും ഉറവിടത്തിലേക്കുള്ള ഈ മടക്കം ഇപ്രകാരം പ്രസക്തമാണ്. തിരുവിതാംകൂറിലെ ധൈഷണികരും ബുദ്ധിജീവിഗ്രൂപ്പുകളും പാകിയ കമ്യൂണിസ്റ്റത്തിന്റെയും സോഷ്യലിസത്തിന്റെയും വിത്ത് എങ്ങനെയാണ് കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് എന്ന് ഇ എം എസ് വിശേഷിപ്പിക്കുന്ന സഖാവ് കൃഷ്ണപിള്ളയെ വാര്‍ത്തെടുത്തതെന്നും, പൊതുവേ ദേശീയപ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ആശയങ്ങളുടെ സങ്കുചിതത്വത്തില്‍ മാത്രം നിലകൊണ്ട തന്നെയും എ കെ ജിയെയും കെ ദാമോദരനെയുംപോലെയുള്ളവരെ ഉശിരന്‍ കമ്യൂണിസ്റ്റുകാരാക്കി മാറ്റിയതെന്നും, ഇ എം എസ് തന്റെ ആത്മകഥയില്‍ എഴുതുന്നതു നോക്കൂ:
"കൃഷ്ണപിള്ളക്കാകട്ടെ, തിരുവിതാംകൂറുമായി ബന്ധമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ പേരിലല്ലാതെ അവിടെ രൂപം കൊണ്ടിരുന്ന പല ഇടതുപക്ഷപ്രസ്ഥാനങ്ങളും ചിന്താഗതികളും മനസ്സിലാക്കാനുള്ള സൗകര്യം അദ്ദേഹത്തിനുണ്ടായിരുന്നു. നാട്ടുരാജ്യ പ്രജാസമ്മേളനം സംഘടിപ്പിച്ച അച്യുതമേനോന്‍ ; ആ പ്രസ്ഥാനത്തിലും പത്രപ്രവര്‍ത്തനത്തിലും മറ്റും മുന്‍നിന്നിരുന്ന സി കുട്ടന്‍നായരെപ്പോലെയുള്ളവര്‍ ; ഇവരുടെയെല്ലാം ആചാര്യനായി കണക്കാക്കപ്പെട്ടിരുന്ന കേസരി ബാലകൃഷ്ണപിള്ള; യുക്തിവാദ പ്രസ്ഥാനത്തിെന്‍റയും വിപ്ലവ ചിന്താഗതികളുടെയും പ്രചാരകനായിരുന്ന കുറ്റിപ്പുഴ; ഇടതുപക്ഷ ചിന്താഗതിക്ക് ഒരു തരത്തില്‍ രൂപം നല്‍കിയിരുന്ന സഹോദരനയ്യപ്പന്‍ ; താനൊരു കമ്യുണിസ്റ്റാണെന്ന് പ്രഖ്യാപിച്ചുകൊണ്ടിരുന്ന കേശവദേവും തിരുവനന്തപുരത്ത് കമ്യൂണിസ്റ്റ് ലീഗ് എന്ന എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്നവരും- ഇവരെല്ലാമായി ബന്ധപ്പെടാനും അവരില്‍ പലരുടെയും സൗഹാര്‍ദം നേടാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.. ജയില്‍വാസത്തിനിടയ്ക്ക് ഞങ്ങളെല്ലാം അംഗീകരിച്ചിരുന്ന ഇടതുപക്ഷ പ്രസ്ഥാനത്തെ സങ്കുചിതമായ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ -അതും മലബാറില്‍ -ഒതുക്കി നിര്‍ത്താതെ, വിപുലമായ ഒരഖില കേരളപ്രസ്ഥാനം രൂപപ്പെടുത്താനുള്ള കാഴചപ്പാട് കൃഷ്ണപിള്ളക്കുണ്ടായത് ഈ പശ്ചാത്തലത്തിലാണ്. ഇത് "സഖാവിന"ന്നല്ലാതെ മറ്റാര്‍ക്കുമില്ലായിരുന്നു." (ഇ എം എസ് നമ്പൂതിരിപ്പാട്, ആത്മകഥ, പു: 261-62)
സോഷ്യലിസത്തിനേറ്റ ഏറെ തിരിച്ചടികള്‍ക്കും, മാര്‍ക്സിസം തിരിച്ചുവരുന്നു എന്ന പ്രത്യാശകള്‍ക്കും ഇടയില്‍ ,കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു അടിത്തറയിട്ട രണ്ടുപ്രദേശങ്ങളില്‍ (തിരുവനന്തപുരവും കോഴിക്കോടും) നടക്കുന്ന രണ്ടുമഹത്തായ സംഗമങ്ങള്‍ക്ക് അതിനാല്‍ത്തന്നെ അതിയായ പ്രസക്തിയുണ്ടെന്ന് ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ് ധൈഷണികതയുടെ അന്തരീക്ഷമൊരുക്കുന്നതില്‍ സാര്‍വദേശീയവും ദേശീയവുമായ അന്തരീക്ഷം വഹിച്ച പങ്കും ഈ അവസരത്തില്‍ സ്മരണീയമാണ്. "കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍"എന്ന തന്റെ ഗ്രന്ഥത്തില്‍ ഇക്കാര്യം ഇ എം എസ് രേഖപ്പെടുത്തുന്നത് ഇങ്ങനെ:
"1937ലാണല്ലോ കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍ സ്ഥാപിച്ചത്. എന്നാല്‍ , അതിന്റെ മുന്നോടിയെന്ന നിലയ്ക്ക് ആറുവര്‍ഷം മുമ്പ് 1931ല്‍ തിരുവനന്തപുരം കേന്ദ്രമാക്കിക്കൊണ്ട് ഒരു കമ്യൂണിസ്റ്റ് ലീഗ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. അതിന്റെ പ്രവര്‍ത്തകരിലൊരാള്‍ 1937ല്‍ കമ്യൂണിസ്റ്റ്പാര്‍ടിക്ക് രൂപം നല്‍കിയ നാലുപേരില്‍പെട്ട എന്‍ സി ശേഖറായിരുന്നു താനും. ഇങ്ങനെ കമ്യൂണിസ്റ്റ് ലീഗിനുപകരം കമ്യൂണിസ്റ്റ്പാര്‍ടി രൂപം കൊള്ളുന്നതിനിടയ്ക്ക് 1934ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി നിലവില്‍ വന്നു. അതിന്റെ പ്രവര്‍ത്തകരായിരുന്നു പിന്നീട് കമ്യൂണിസ്റ്റുകാരായി മാറിയത്....ദേശീയവും സാര്‍വദേശീയവുമായ പരിവര്‍ത്തനങ്ങളുടെ ഫലമായി ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെന്നപോലെ കേരളത്തിലും സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് ആശയങ്ങള്‍ വ്യാപിക്കാന്‍ തുടങ്ങിയതിന്റെ സൂചനയാണ് കമ്യൂണിസ്റ്റ് ലീഗിന്റെ ഉത്ഭവം. ലീഗെന്ന പേരില്‍ രൂപം കൊണ്ട ആ സംഘടന തിരുവനന്തപുരത്തു മാത്രമായാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും അത് പ്രകടിപ്പിച്ച ചിന്താഗതി അഖിലകേരള വ്യാപകമായിരുന്നു (കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍ വാല്യം ഒന്ന്, പേജ് എഴ്, ചിന്ത പബ്ലിഷേഴ്സ്, 1984).
ഇപ്രകാരമുള്ള അന്തരീക്ഷത്തില്‍ , തന്നെയും കൃഷ്ണപിള്ളയെയും ദാമോദരനെയും കമ്യൂണിസ്റ്റാക്കിയത് ആന്ധ്രയില്‍നിന്ന് ഈ പ്രദേശത്തുവന്ന് പ്രവര്‍ത്തനം സംഘടിപ്പിച്ച പി സുന്ദരയ്യയാണെന്ന് ഇ എം എസ് ഓര്‍ക്കുന്നു. അതേസമയം, പി സുന്ദരയ്യ അടക്കമുള്ള ആന്ധ്രയിലെ സഖാക്കള്‍ കമ്യൂണിസ്റ്റായതിന്റെ ചരിത്രം ഇ എം എസ് തുടര്‍ന്നെഴുതുന്നതു നോക്കൂ:
"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോഷ്യലിസ്റ്റുകാരായി മാറി പിന്നീട് കമ്യൂണിസ്റ്റുകാരാകുകയാണ് കേരളത്തില്‍ നടന്നതെങ്കില്‍ ആന്ധ്രയില്‍ നേരിട്ടുതന്നെ കമ്യൂണിസ്റ്റുകാരാകുകയാണുണ്ടായത്. എന്താണിതിനുകാരണം? മീറത്ത് ഗുഢാലോചനയെത്തുടര്‍ന്ന് തകര്‍ന്നു കഴിഞ്ഞിരുന്ന കമ്യൂണിസ്റ്റ്പാര്‍ടിയുടെ സംഘടന പുനരുജ്ജീവിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നതിനുവേണ്ടി തെക്കേ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സഖാവുണ്ട്-അമീര്‍ ഹൈദര്‍ഖാന്‍ . സുന്ദരയ്യയെയടക്കം ആന്ധ്രയിലെ സഖാക്കളെ കമ്യുണിസ്റ്റുകാരാക്കിയത് അദ്ദേഹമാണ്. ആന്ധ്രയും തമിഴ്നാടും കടന്ന് കേരളത്തിലെത്തുന്നതിനുമുമ്പ് അദ്ദേഹം അറസ്റ്റുചെയ്യപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ സജീവപ്രവര്‍ത്തകനായതില്‍ പിന്നീട് എനിക്ക് ഖാനുമായി ബന്ധപ്പെടാനിടയായിട്ടുണ്ട്. തൊഴിലാളിവര്‍ഗത്തില്‍ നിന്നുയര്‍ന്നുവന്ന ആ ഊര്‍ജസ്വലനായ വിപ്ലവകാരി കേരളത്തില്‍ വന്നിരുന്നുവെങ്കില്‍ , തിരുവനന്തപുരത്തെ കമ്യൂണിസ്റ്റ് ലീഗിന്റെതിനേക്കാള്‍ അടിയുറപ്പുള്ള ഒരു കമ്യൂണിസ്റ്റ് സംഘടന കേരളത്തിലുണ്ടാകുമായിരുന്നു. ഒരുപക്ഷേ, ഞാനടക്കം പലരും നേരിട്ട് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേരുമായിരുന്നു" (കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍ , വാല്യം ഒന്ന്, പേജ് 13)
കേരളത്തില്‍ കമ്യൂണിസ്റ്റ് വിപ്ലവ പ്രവര്‍ത്തകരുടെ രണ്ട് മഹാകൂട്ടായ്മകള്‍ക്ക് 2012ലെ ഈ ആദ്യ മാസങ്ങള്‍ സാക്ഷ്യം വഹിക്കുമ്പോള്‍ ഇപ്രകാരം ചരിത്രത്തിന്റെ ഉറവിടങ്ങള്‍ തേടുന്നത് എന്തുകൊണ്ടും അഭികാമ്യമായിരിക്കും. കാരണം, അമേരിക്കന്‍ ചിന്തകന്‍ ഫ്രെഡറിക് ജെയിംസണ്‍ പറയുംപോലെ, ഒരു മാര്‍ക്സിസ്റ്റിന്റെ മൗലികമായ കടമ, "ചരിത്രവല്‍ക്കരിക്കുക, എല്ലാറ്റിനെയും എല്ലായ്പ്പോഴും ചരിത്രവല്‍ക്കരിക്കുക" എന്നതാണ്. കാരണം മാര്‍ക്സിന്റെ മൗലികമായ സംഭാവന, വ്യഖ്യാത ഫ്രഞ്ച് ചിന്തകനായിരുന്ന ല്യൂയി അല്‍ത്യൂസര്‍ ചൂണ്ടിക്കാണിക്കുംപോലെ, "അദ്ദേഹം ശാസ്ത്രത്തിന്റെ മേഖലയിലേക്ക് ചരിത്രത്തിന്റെ ഭൂഖണ്ഡത്തെ കൂട്ടിക്കൊണ്ടുവന്നു" എന്നതാണ്. "തെയ്ല്‍സ് ഗണിതശാസ്ത്രത്തിന്റെയും ഗലീലിയോ ഊര്‍ജതന്ത്രത്തിന്റെയും ഫ്രോയിഡ് മനഃശാസ്ത്രവിശകലനത്തിന്റെയും കാര്യത്തില്‍ ചെയ്തതുപോലെ." എല്ലാ വിമോചനപോരാട്ടങ്ങള്‍ക്കും അടിസ്ഥാനം ചരിത്രത്തിലുള്ള ഈ ശാസ്ത്രജ്ഞാനമാണ്. അങ്ങനെയാണ് മാര്‍ക്സിസം ഒരു ശാസ്ത്രമായിത്തീരുന്നത്.
അതിനാല്‍ ചരിത്രവല്‍ക്കരിക്കുക, എല്ലായ്പ്പോഴും ചരിത്രവല്‍ക്കരിക്കുക.
*
പി പി ഷാനവാസ് ദേശാഭിമാനി വാരാന്തപ്പതിപ്പ് 05 ഫെബ്രുവരി 2012
Subscribe to:
Post Comments (Atom)
1 comment:
1871 വസന്തത്തില്‍ , പാരീസിലെ വ്യവസായത്തൊഴിലാളികള്‍ സ്ഥാപിച്ച പാരീസ് കമ്യൂണ്‍ ആണ് ലോകത്തിലെ ആദ്യത്തെ തൊഴിലാളവര്‍ഗ ഭരണകൂടമായി കണക്കാക്കുന്നത്. രണ്ടുമാസം മാത്രം നിലനിന്ന ആ സ്വപ്നസ്റ്റേറ്റ് ഉടന്‍തന്നെ ചോരയില്‍മുക്കി കൊല്ലപ്പെട്ടു. പാരീസിലെ തൊഴിലാളിവര്‍ഗം ഒരു വിപ്ലവം നടത്താന്‍ സജ്ജരായിട്ടില്ല എന്നാണ്, കമ്യൂണ്‍ സ്ഥാപിക്കും മുമ്പ് മാര്‍ക്സ് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ , കമ്യൂണ്‍ നിലവില്‍ വന്നപ്പോള്‍ , "അവര്‍ , ഫ്രഞ്ച് തൊഴിലാളികള്‍ സ്വര്‍ഗത്തെ കടന്നാക്രമിച്ചിരിക്കുന്നു" എന്ന് ആലപിച്ച് അദ്ദേഹം അതിനെ സ്വാഗതംചെയ്തു. തുടര്‍ന്ന് കമ്യൂണിന്റെ പരാജയത്തിനുശേഷം അതിനെ വിശകലനംചെയ്തുകൊണ്ട് അദ്ദേഹം "ഫ്രാന്‍സിലെ വര്‍ഗസമരങ്ങള്‍" എന്ന തന്റെ വ്യഖ്യാത ലഘുലേഖയെഴുതി. കുറഞ്ഞകാലത്തേക്കാണു നിലനിന്നതെങ്കിലും, തൊഴിലാളിവര്‍ഗ ഭരണകൂടം എന്ന സ്വപ്നം ലോകചരിത്രത്തില്‍ ഇതാദ്യമായി യാഥാര്‍ത്ഥ്യമായി എന്നാണ് തന്റെ പുസ്തകത്തില്‍ അദ്ദേഹം പറഞ്ഞത്. വരാനിരിക്കുന്ന സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് അത് മാതൃകയായിരിക്കുമെന്നും അദ്ദേഹം പ്രവചിച്ചു.
Post a Comment