Wednesday, February 8, 2012

നേഴ്സുമാരുടെ സമരവും പ്രധാന വെല്ലുവിളിയും

വന്‍കിട സ്വകാര്യ ആശുപത്രികളിലെ നേഴ്സിങ് മേഖലയില്‍ പൊട്ടിപ്പുറപ്പെടുന്ന സമരങ്ങള്‍ക്ക് ആധാരമായ പ്രശ്നങ്ങള്‍ ആധുനിക കേരളത്തിന് അപമാനകരമാണ്. ഇന്നത്തെ പരിഷ്കൃത സമൂഹത്തില്‍ ഇത്രയധികം ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന മറ്റൊരു തൊഴില്‍ സമൂഹമില്ല. തുച്ഛമായ ശമ്പളം പറ്റിക്കൊണ്ട് അടിമകളെപ്പോലെ വിശ്രമമില്ലാതെ ജോലിയെടുക്കേണ്ട ഗതികേടിലാണ് വന്‍കിട സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരും ഇതര ജീവനക്കാരും. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ദയനീയാവസ്ഥ കണ്ടിട്ടാണ് 2009ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മിനിമം വേതനനിയമം നടപ്പാക്കിയത്. എന്നാല്‍ , നാമമാത്രമായ സ്വകാര്യ ആശുപത്രികള്‍മാത്രമാണ് മിനിമം വേതനം നല്‍കാന്‍ തയ്യാറായത്. മാത്രമല്ല അമിതമായ ജോലിഭാരവും പീഡനവും വേറെയും. ഇങ്ങനെ ജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് നേഴ്സുമാര്‍ പ്രക്ഷോഭരംഗത്തേക്കിറങ്ങിയത്.

നേഴ്സുമാരെയും ഇതര ജീവനക്കാരെയും അടിമകളായി മുതലെടുക്കുന്ന കാര്യത്തില്‍ എല്ലാ വന്‍കിട സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ക്കും ഒരേ നിലപാടാണ്. സൂപ്പര്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് യഥാര്‍ഥ ശമ്പളത്തിന്റെ 75 ശതമാനംവരെ കള്ളപ്പണമായി നല്‍കുന്നതിന് മാനേജ്മെന്റുകള്‍ക്ക് മടിയില്ല. അനാവശ്യമായ സാങ്കേതിക പരിശോധനകള്‍ക്ക് നിര്‍ദേശിച്ചും വിലകൂടിയ മരുന്ന് കുറിച്ചുനല്‍കിയും അധികനാളുകള്‍ രോഗികളെ ആശുപത്രികളില്‍ നിലനിര്‍ത്തിയും ഇത്തരം ഡോക്ടര്‍മാര്‍ അവരുടെ ദൗത്യം കൃത്യമായി നടപ്പാക്കുമെന്ന് മാനേജ്മെന്റുകള്‍ ഉറപ്പുവരുത്തുന്നുണ്ട്. മാനേജ്മെന്റുകള്‍ക്ക് ഇങ്ങനെ ഉണ്ടാക്കിക്കൊടുക്കുന്ന വരുമാനത്തിന്റെ നിശ്ചിതശതമാനം ഡോക്ടര്‍മാരുടെ അക്കൗണ്ടിലേക്കാണ് പോകുന്നത്. ഡോക്ടര്‍മാരോടുള്ള സമീപനം ഇതായിരിക്കെ നേഴ്സുമാരോടും മറ്റ് ജീവനക്കാരോടും ക്രൂരമായാണ് മാനേജ്മെന്റുകള്‍ പെരുമാറുന്നത്. അവര്‍ക്ക് ന്യായമായ ശമ്പളം നല്‍കിയാല്‍ തങ്ങളുടെ പഞ്ചനക്ഷത്ര ആശുപത്രികള്‍ അമ്പേ നിലംപൊത്തുമെന്നാണ് മാനേജ്മെന്റ് വാദിക്കുന്നത്.

തലമുറകളായി നേഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ചൂഷണം സഹിക്കുകയാണ്. നേഴ്സിങ് വിദ്യാഭ്യാസരംഗം ഏതാണ്ട് പൂര്‍ണമായും സ്വാശ്രയ മേഖല കൈവശപ്പെടുത്തിയതോടെ വിദ്യാഭ്യാസച്ചെലവ് കുത്തനെ ഉയര്‍ന്നു. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് വായ്പകളെ ആശ്രയിക്കേണ്ടി വന്നു. ഇത് അവരെ വിദ്യാഭ്യാസ കാലയളവില്‍തന്നെ കടക്കെണിയിലേക്ക് തള്ളിവിടുന്നു. ജോലി കിട്ടിയാല്‍ ലഭിക്കുന്ന ശമ്പളം ബാങ്ക് വായ്പ തിരിച്ചടയ്ക്കുന്നതിനു പോലും തികയാതെ വരുന്നു. ഈ സാഹചര്യത്തിലാണ് മറ്റ് പോംവഴികളില്ലാതെ സമരത്തിലേക്ക് അവര്‍ എടുത്തുചാടിയതെന്ന് മാനേജ്മെന്റ് ഓര്‍ക്കണം. അല്ലാതെ "ബാഹ്യശക്തി"കളുടെ പിന്‍ബലത്തില്‍ സ്വകാര്യ ആശുപത്രികളെ തകര്‍ക്കാനല്ല അവര്‍ സമരത്തിനിറങ്ങിയത്. ഷൈലോക്കിന്റെ നീതിശാസ്ത്രം പിന്തുടരുന്നവര്‍ക്ക് അടിസ്ഥാന ജീവല്‍പ്രശ്നം ബോധ്യപ്പെടണമെന്നില്ല.

നേഴ്സുമാരുടെ സമരം ന്യായമാണെന്ന് ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. ആവശ്യങ്ങള്‍ ന്യായമാണെങ്കിലും നേഴ്സുമാരുടെ സമരത്തെ സാങ്കേതികത്വം പറഞ്ഞ് അടിച്ചമര്‍ത്താന്‍ നോക്കുകയാണ് തൊഴില്‍ വകുപ്പ് മന്ത്രിയും. മാനേജ്മെന്റുകളുടെ അന്യായം നടക്കില്ലെന്ന് മന്ത്രി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും വന്‍കിട സ്വകാര്യ ആശുപത്രികള്‍ ഒരു കൂസലുമില്ലാതെ സമരംചെയ്യുന്നവരെ പിരിച്ചുവിട്ടും ചാനല്‍ ചര്‍ച്ചകളില്‍ ഉളുപ്പില്ലാതെ അസത്യങ്ങള്‍ തട്ടിവിട്ടും മുന്നോട്ടുപോവുകയാണ്. ഇതിനെതിരെ ചെറുവിരല്‍പോലുമനക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
പൊതുസമൂഹവും ഹൈക്കോടതിയും ഒന്നടങ്കം പിന്തുണയ്ക്കുന്ന ഈ സമരത്തെ നേരിടുന്നതിന് വന്‍കിട സ്വകാര്യ ആശുപത്രി മാനേജ്മെന്റിനൊപ്പം നിന്ന് പ്രത്യക്ഷമായും പരോക്ഷമായും അഹോരാത്രം പണിയെടുക്കുന്നത് ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎയുടെ നേതൃത്വംമാത്രമാണെന്ന് കാണാം. ഗുണപരമായ വൈദ്യസേവനം നല്‍കുന്ന ശൃംഖലയിലെ ഒരു പ്രധാനകണ്ണിയും തങ്ങളുടെ സഹപ്രവര്‍ത്തകരുമായ നേഴ്സിങ് ജീവനക്കാര്‍ക്ക് ന്യായമായ ശമ്പളം വാങ്ങിക്കൊടുക്കുന്നതിന് ബാധ്യതയുള്ള ഐഎംഎ നേതൃത്വം ഈ സമരത്തെ അടിച്ചൊതുക്കാന്‍ മാനേജ്മെന്റുകള്‍ക്ക് ശക്തിപകരുകയാണ്. അവര്‍ അടിയന്തരമായി യോഗം ചേര്‍ന്ന് സമരക്കാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നു. സ്വന്തം ആവശ്യം നേടാന്‍ പണിമുടക്ക് അടക്കമുള്ള സമരപരിപാടികള്‍ നടത്തുന്ന ഐഎംഎ നേതൃത്വത്തിന് നേഴ്സിങ് ജീവനക്കാരുടെ സമരത്തെ എതിര്‍ക്കുന്നതിന് എന്ത് ധാര്‍മികതയാണുള്ളതെന്ന് കോടതിതന്നെ ചോദിച്ചിരിക്കുന്നു. ഐഎംഎ നേതൃത്വം എന്തുകൊണ്ട് തങ്ങളുടെ സഹപ്രവര്‍ത്തകരെ തള്ളിപ്പറഞ്ഞ് ആശുപത്രി മുതലാളിമാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് കൂട്ടുനില്‍ക്കുന്നു? ഈ ചോദ്യം ഉയരുമ്പോള്‍ ലഭിക്കുന്ന ലളിതമായ ഉത്തരം രണ്ടുകൂട്ടരും ഒന്നുതന്നെയാണെന്നതാണ്. അതായത് വന്‍കിട സ്വകാര്യആശുപത്രി മുതലാളിമാരും ഐഎംഎ നേതൃത്വവും ഒന്നുതന്നെയാണ്. ഇവര്‍ തരാതരംപോലെ ആശുപത്രി മുതലാളിമാരായും ഐഎംഎ നേതൃത്വമായും മാറിമാറി വേഷം കെട്ടുന്നവരാണ്.

ഇത്തരം വേഷപ്പകര്‍ച്ചകള്‍ ഐഎംഎ നേതൃത്വത്തിന് പണ്ടേ വശമാണ്. ഡോ. കേതന്‍ ദേശായി ഒരേ സമയം എംസിഐയിലും ഐഎംഎ നേതൃത്വത്തിലും വാണ കാലം ഓര്‍ക്കുക. സര്‍ക്കാര്‍ പാസാക്കിയ നിയമത്തിന്റെ പിന്‍ബലമുണ്ടായിട്ടും നേഴ്സുമാര്‍ക്ക് മിനിമം വേതനം ലഭിക്കാത്തതെന്തുകൊണ്ടാണെന്നത് പരിശോധിക്കപ്പെടേണ്ട കാര്യമാണ്. തികച്ചും ന്യായമായ ആവശ്യമുയര്‍ത്തി സമരം നടത്തുന്ന നേഴ്സുമാരുടെ പ്രശ്നത്തില്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണം. സ്വാധീനശക്തിയും ആജ്ഞാശക്തിയും ആര്‍ജിച്ചിട്ടുള്ള വന്‍കിട സ്വകാര്യ ആശുപത്രി മുതലാളിമാരുടെ രൂപം പൂണ്ട ഐഎംഎ നേതൃത്വത്തിലിരിക്കുന്ന ഒരു കൂട്ടം ഡോക്ടര്‍മാരുടെ സ്ഥാപിതതാല്‍പ്പര്യംതന്നെയാണ് ന്യായമായ ആവശ്യം മുന്‍നിര്‍ത്തിയുളള ഈ സമരം അവസാനിപ്പിക്കുന്നതിനുള്ള വെല്ലുവിളിയായി നില്‍ക്കുന്നത്. യഥാര്‍ഥത്തില്‍ ഐഎംഎ നേതൃത്വവുമായി ചര്‍ച്ച നടത്തി സര്‍ക്കാരിന് അനായാസേന പരിഹരിക്കാവുന്ന പ്രശ്നമാണിത്. എന്നാല്‍ , ഇത്തരമൊരു ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. മാനേജ്മെന്റോ ഐഎംഎയോ ചര്‍ച്ചയ്ക്ക് മുന്നോട്ടുവരുമെന്ന് കരുതാനാകില്ല. അതിനാല്‍ പൊതുസമൂഹത്തിന്റെ ശക്തമായ ഇടപെടല്‍ ഈ പ്രശ്നത്തില്‍ ആവശ്യമാണ്.

*
ഡോ. ആര്‍ ജയപ്രകാശ് (പീപ്പിള്‍സ് ഡോക്ടേഴ്സ് ഫോറം സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

ദേശാഭിമാനി 08 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വന്‍കിട സ്വകാര്യ ആശുപത്രികളിലെ നേഴ്സിങ് മേഖലയില്‍ പൊട്ടിപ്പുറപ്പെടുന്ന സമരങ്ങള്‍ക്ക് ആധാരമായ പ്രശ്നങ്ങള്‍ ആധുനിക കേരളത്തിന് അപമാനകരമാണ്. ഇന്നത്തെ പരിഷ്കൃത സമൂഹത്തില്‍ ഇത്രയധികം ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന മറ്റൊരു തൊഴില്‍ സമൂഹമില്ല. തുച്ഛമായ ശമ്പളം പറ്റിക്കൊണ്ട് അടിമകളെപ്പോലെ വിശ്രമമില്ലാതെ ജോലിയെടുക്കേണ്ട ഗതികേടിലാണ് വന്‍കിട സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരും ഇതര ജീവനക്കാരും. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ദയനീയാവസ്ഥ കണ്ടിട്ടാണ് 2009ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മിനിമം വേതനനിയമം നടപ്പാക്കിയത്. എന്നാല്‍ , നാമമാത്രമായ സ്വകാര്യ ആശുപത്രികള്‍മാത്രമാണ് മിനിമം വേതനം നല്‍കാന്‍ തയ്യാറായത്. മാത്രമല്ല അമിതമായ ജോലിഭാരവും പീഡനവും വേറെയും. ഇങ്ങനെ ജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് നേഴ്സുമാര്‍ പ്രക്ഷോഭരംഗത്തേക്കിറങ്ങിയത്.