എത്രപേര്‍ക്ക് ഈ മനുഷ്യനെ അറിയും എന്നറിയില്ല.. എന്റെ എഴുത്തിനു ഈയൊരു കഥ പറയാനുള്ള ശക്തി ഉണ്ടെന്നും തോന്നുന്നില്ല..ഇത് രാജേട്ടന്‍.. കണ്ണൂരില്‍ ജീവിച്ച ഒരാള്‍ക്ക് ഇയാള്‍ വെറും രാജനല്ല..മാവോ രാജന്‍ എന്നാണു ഇദ്ദേഹത്തെ ഞങ്ങള്‍ വിളിക്കാറ്..എല്ലാവരോടും ചിരിച്ച് സംസാരിച്ച് എന്നാല്‍ ഉള്‍വലിഞ്ഞു നടക്കുന്ന ഒരു സാധു മനുഷ്യന്‍..
പക്വത എത്തുന്ന പ്രായത്തിനു മുന്പ് അച്ഛന്റെ കൂടെ വൈകീട്ടുള്ള ഒരു നടത്തത്തിനിടെയിലാണ് രാജേട്ടനെ ആദ്യമായി കാണുന്നത്..കണ്ടപ്പോള്‍ ഫുട്ബാളിനെക്കുറിച്ച് സംസാരിച്ച വാര്‍ധക്യത്തിലെതിയ യുവാവ് ! രാജേട്ടന് എന്നോടും സംസാരിക്കാന്‍ വിഷയങ്ങള്‍ ഉണ്ടായിരുന്നു.. പിന്നീട് അച്ഛന്റെ സുഹൃത്ത് എന്ന രീതിയില്‍ പലപ്പോഴും സംസാരിച്ചു..സംസാരിച്ചപ്പോഴൊക്കെ രാജേട്ടന് പല വിഷയങ്ങളുണ്ടായിരുന്നു.. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷവും പ്രായത്തിനനുസരിച്ച് തന്റെ സംസാരം മാറ്റാന്‍ രാജേട്ടന്‍ മറന്നില്ല..
വൈകീട്ട് ലക്ഷ്യമില്ലാതെ കണ്ണൂരിലെ ഓരോ വഴികളെകുറിച്ചും ഗവേഷണം നടത്തുമ്പോള്‍ യാദൃശ്ചികമായി രാജേട്ടന്‍ കടന്നുവരും.. ചിലപ്പോള്‍ തലയില്‍ ഒരു ചുമടുമായി..മറ്റു ചിലപ്പോള്‍ ആരുടെയെങ്കിലും ഒപ്പം സൌഹൃദ സംഭാഷണവുമായ് നടന്നുപോവുന്ന ആരോഗ്യവാനായ മനുഷ്യന്‍..പലപ്പോഴും ഹോട്ടലിലെ മേശയ്ക്കപ്പുറവുമിപ്പുറവുമിരുന്നു ചായ വാഗ്ദാനം ചെയ്തു ദാഹമകറ്റിയ ഹൃദയവിശാലന്‍..ചിലപ്പോള്‍ മാര്‍ക്കറ്റില്‍ തൊഴിലാളികള്‍ക്കിടയില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു വഴികാട്ടി..ഇടയ്ക്ക് മുനീശ്വരന്‍ കോവിലിലെ പൂക്കച്ചവടക്കാരില്‍ ഒരാളായി..
ആരായിരുന്നു രാജേട്ടന്‍ എന്ന് അന്വേഷിക്കാന്‍ അപ്പോഴൊന്നും ഞാന്‍ മുതിര്‍ന്നില്ല..ഒരുപാട് മുഖങ്ങള്‍ക്കിടയില്‍ ചിരിച്ചു ചായക്ക് ക്ഷണിക്കുന്ന മറ്റൊരു പരിചിതന്‍..അത്ര മാത്രം..പിന്നീട് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിലെ കോംപ്ലെക്സിലെ കുടുസ്സു വാടക മുറിയില്‍ ഒരു സന്ദര്‍ശകനായി കയറി ചെന്നു.. ഒരു ചെറിയ മേശയും രണ്ടു കസേരയും ഒരുപാട് പത്രങ്ങളും ഉള്ള മുറി...അവിടെയുള്ള സന്ദര്‍ശനങ്ങള്‍ക്കിടയില്‍ പഴയ പത്രങ്ങള്‍ വിരിച്ച് കിടക്കുന്ന ക്ഷീണിതനായ തൊഴിലാളിയായി
ഏറെ വര്‍ഷത്തെ പരിചയത്തിനു ശേഷമാണ് രാജേട്ടന്‍ ആദ്യമായി എന്നെ ഫോണ്‍ വിളിക്കുന്നത്..
"ജീവ..നീ ബസ്‌സ്റ്റാന്റിലെ എന്റെ റൂമിലേക്ക് വാ.. കുറച്ച കാര്യങ്ങള്‍ സംസാരിക്കാനുണ്ട്.. "
താണയില്‍ ലൈബ്രറി മുറിയില്‍ നിന്ന് ബസ് സ്റ്റാന്റിലേക്ക് നടന്നു..
വാ ഇരിക്ക്..രാജേട്ടന്റെ ശബ്ദം ഇടറിയപോലെ തോന്നി..പിന്നീട് ഒരുപാട് നേരം മനസ്സില്‍ വന്നതൊക്കെ സംസാരിച്ചു തീര്‍ത്ത്..
ജീവിതം,പ്രണയം,അമ്മ,രാഷ്ട്രീയം,ആതുരസേവനം,അടിയന്തിരാവസ്ഥ..പീഡനങ്ങള്‍..രാഷ്ട്രീയവും അനുഭവിച്ച പീഡനങ്ങളും പറയുമ്പോള്‍ കൂടുതല്‍ കരുത്തോടെ ഉച്ചത്തില്‍ സംസാരിക്കുന്ന രാജേട്ടന്റെ കണ്ണുകള്‍ക്ക് തിളക്കം കൂടി.. അമ്മയും പ്രണയവും ആതുരസേവനം നടത്തിയ അനുഭവങ്ങളും ആ മനുഷ്യനെ വല്ലാതെ തളര്‍ത്തിയപോലെ തോന്നി..സംഭാഷണം റൂമില്‍ നിന്ന് മാറി നൂര്‍ മഹല്‍ പള്ളിക്കപ്പുരമുള്ള ഇന്ത്യന്‍ ഹൌസ് ചായക്കടയില്‍ നിന്ന് പിരിയുമ്പോള്‍ രാജേട്ടന്‍ പറഞ്ഞു..
"ഭാര്യയുടെ സ്ഥിതി മോശമാണ്..ഷുഗര്‍ വല്ലാതെ കൂടിയിരിക്കുന്നു..ഞാന്‍ സാധാരണ ആരോടും മനസ്സ് തുറക്കാറില്ല..എന്റെ ജീവിതവും ഞാന്‍ എന്തേലും കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ടെങ്കില്‍ അതും മറ്റൊരാളോട് പറഞ്ഞു സ്വയം ചരിത്രത്തിന്റെ ഭാഗമാവാനും എനിക്കാഗ്രഹമില്ല..പക്ഷെ നിന്നെപോലുള്ളവര്‍ ഞങ്ങളുടെ കഥ അറിയണം..ഞങ്ങള്‍ക്ക് മുന്‍പെയും ഒരു തലമുറയുണ്ടായിരുന്നു..അവരുടെ ത്യാഗമാണ് ഞങ്ങളെ സൃഷ്ടിച്ചത്..അതുപോലുള്ള എന്തെങ്കിലും ഒരു ഓര്‍മ്മ നിങ്ങള്‍ക്കും ഉണ്ടാവണം..അതിനാല്‍ ഇത് പങ്കുവച്ചില്ലെങ്കില്‍ ഞാന്‍ ചരിത്രത്തോട് ചെയ്യുന്ന ഒരു തെറ്റാണ്. എന്നും ഉള്ള ഒരു ചോദ്യം സംശയം എന്നെ അലട്ടുന്നു..ജീവിതത്തില്‍ പോയ വഴികളെകുറിച്ചും..എന്നും പാലിച്ചിട്ടുള്ള ആശയങ്ങളെക്കുറിച്ചും ഞാന്‍ ഇന്നും അഭിമാനിക്കുന്നു.. അതൊന്നും തെറ്റായിപോയി എന്ന് എനിക്ക് തോന്നിയിട്ടില്ല..ഒരിക്കലും എന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ ഞാന്‍ കരയേണ്ടി വന്നിട്ടില്ല..കൂടെ നടന്നവര്‍ ചതിച്ചു എന്ന് തോന്നിയപ്പോള്‍ ആത്മഹത്യ ചെയ്യണം എന്ന് വരെ ചിന്തിച്ചിട്ടുണ്ട്...അന്നും എനിക്ക് താങ്ങായി എവിടെയോ കണ്ടു മറന്ന മുഖങ്ങള്‍ കൂടെ എത്തിയിട്ടുണ്ട്.."
രാജേട്ടന്റെ കഥ എന്റെ നാടിന്റെ കൂടി കഥയാണ്..
ചിറക്കല്‍.. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം ചൂടുപിടിക്കുന്നത് ചിറക്കലില്‍ നിന്നാണ്..കെ.പി.ആറിന്റെ നേതൃത്വത്തില്‍ പഴയ ചിറക്കലിലെ സഖാക്കള്‍ നടത്തിയ മൊറാഴ സമരം മുതല്‍ ചിറക്കല്‍ തമ്പുരാനെതിരെ കരിവെള്ളൂരിലെ ധീരര്‍ നടത്തിയ ചെറുത്ത് നില്‍പ്പും..കാന്നൂരിലും പിന്നെ കേരളത്തിലുടനീളവും തീപ്പാറുന്ന പോരാട്ടങ്ങള്‍ക്ക് വിത്ത് പാകിയ നാട്..ഈ പോരാട്ടങ്ങള്‍ കണ്ടു വളര്‍ന്ന ഒരു തലമുറയുടെ ഭാഗമാണ് രാജേട്ടനും..
അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചു..ജാതിയുടെ പേരില്‍ തഴയപ്പെട്ട ഒരു മനുഷ്യ വിഭാഗത്തില്‍ പിറന്നതിനാല്‍ ചെറുപ്പത്തിലെ പല യാതനകളും അനുഭവിച്ചു..അമ്മ വീട്ടു തൊഴില്‍ ചെയ്താണ് മക്കളെ പോറ്റിയത്..അതിനാല്‍ സാമ്പ്രദായിക സ്കൂള്‍ വിദ്യാഭ്യാസം പകുതിക്ക് വച്ച് നിന്നു..ചെറുപ്പത്തിലേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായി സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെട്ടുതുടങ്ങി..പിന്നീട് നക്സല്‍ മൂവ്മെന്റില്‍ പങ്കു ചേര്‍ന്ന് കേരളത്തിലെ സി.പി.എം.എല്ലിന്റെ ആദ്യ വില്ലേജ് കമ്മിറ്റി ചിറക്കലില്‍ തുടങ്ങുന്നതില്‍ പങ്കുവഹിച്ചു..തൊഴിലാളി സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിച്ചു..കുറേകാലം ജയില്‍ വാസം..രാജേട്ടന് നിരാശ തോന്നിയിട്ടില്ല..പിന്നിട്ട വഴികളെക്കുറിച്ചോര്‍ത്ത്..
പിന്നീട് സി.പി.എം.എല്ലില്‍ വന്ന രാഷ്ട്രീയമാറ്റം സ്വാഭാവികമായി രാജേട്ടനെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നകറ്റി..
ഇപ്പോള്‍ രാജേട്ടനെ ഞങ്ങളുടെ നാട്ടുകാര്‍ക്കരിയുന്നത് ഒരു മിട്ടായി കച്ചവടക്കാരനായിട്ടാണ്.. മംഗലാപുരം-കണ്ണൂര്‍ റൂട്ടിലെ സ്ഥിരം ട്രെയിന്‍ സഞ്ചാരി.. രാവിലെ മിട്ടായി കെട്ടുകളുമായി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി തിരിച്ചുപോവുമ്പോള്‍ നാട്ടിലുള്ള രോഗികളുമായി മംഗലാപുരത്തെ ആശുപത്രികളിലേക്ക് യാത്ര ചെയ്യുന്ന അപരിചിതന്‍.. ഉപേക്ഷിക്കപ്പെട്ടവരും അവഗണിക്കപ്പെട്ടവര്‍ക്കും അവസാനത്തെ പ്രതീക്ഷയായി.. ആരോരുമല്ലാത്തവര്‍ക്കായി ലാഭാമോഹമില്ലാതെ ജീവിതം ഉഴിഞ്ഞുവച്ചുകൊണ്ട് സ്വന്തം ജീവിതം കൊണ്ട് വിപ്ലവം സൃഷ്ടിക്കുന്ന ഒരുപാട് മനുഷ്യരില്‍ ഒരാള്‍ മാത്രമാണ് രാജേട്ടന്‍..
രാജേട്ടനെക്കുറിച്ച് എഴുതണം എന്ന് വിചാരിച്ചിട്ടില്ല..ആരുടേയും പരസ്യത്തിനായി എഴുതാനും ശ്രമിക്കുന്നില്ല..എന്നാല്‍ ഇങ്ങനൊരു ജീവിതം നിങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കില്‍ നിങ്ങളെയും രാജേട്ടന്റെ ലോകത്തേക്ക് ക്ഷണിക്കുന്നു..! എന്റെ വാക്കുകള്‍ രാജേട്ടന്റെ ജീവിതത്തിനു മുന്‍പില്‍ ഒന്നുമല്ലാതാവുന്നു.. പരാജയപ്പെട്ട ഈ കുറിപ്പിനൊടുവിലും ഹൃദയത്തിന്റെ ഭാഷയില്‍ ഇങ്ങനെ എഴുതുന്നു..
സഖാവേ..നിങ്ങളാണ് മാതൃകാ കമ്മ്യൂണിസ്റ്റ് ! സ്വജീവിതം മറ്റുള്ളവര്‍ക്കായ് സമര്‍പ്പിച്ചു കൊണ്ട് എന്നെപോലെ എത്രയോ സാധാരണക്കാരുടെ വെളിച്ചമായ കമ്മ്യൂണിസ്റ്റ്..!
*
ജീവന്‍ ഫീനിക്സ് ഫേസ്‌ബുക്കില്‍ എഴുതിയ കുറിപ്പ്
പ്രസിദ്ധീകരിക്കുവാന്‍ അനുവാദം തന്നെ ജീവനു നന്ദി.
Saturday, February 18, 2012
സഖാവേ.......
Subscribe to:
Post Comments (Atom)
1 comment:
എത്രപേര്‍ക്ക് ഈ മനുഷ്യനെ അറിയും എന്നറിയില്ല.. എന്റെ എഴുത്തിനു ഈയൊരു കഥ പറയാനുള്ള ശക്തി ഉണ്ടെന്നും തോന്നുന്നില്ല..ഇത് രാജേട്ടന്‍.. കണ്ണൂരില്‍ ജീവിച്ച ഒരാള്‍ക്ക് ഇയാള്‍ വെറും രാജനല്ല..മാവോ രാജന്‍ എന്നാണു ഇദ്ദേഹത്തെ ഞങ്ങള്‍ വിളിക്കാറ്..എല്ലാവരോടും ചിരിച്ച് സംസാരിച്ച് എന്നാല്‍ ഉള്‍വലിഞ്ഞു നടക്കുന്ന ഒരു സാധു മനുഷ്യന്‍..
Post a Comment