Thursday, February 23, 2012

ജേക്കബ് മറന്നില്ല ആ പുറത്താക്കല്‍

മന്ത്രിസഭയില്‍നിന്ന് പുറത്തുനിര്‍ത്തി ടി എം ജേക്കബ്ബിനോട് രാഷ്ട്രീയ പകപോക്കല്‍ നടത്തിയ നേതാവാണ് ഉമ്മന്‍ചാണ്ടി. 2004 സെപ്തംബറില്‍ ആന്റണിസര്‍ക്കാരിന്റെ രാജിയെത്തുടര്‍ന്ന് അധികാരമേറ്റ ഉമ്മന്‍ചാണ്ടി ടി എം ജേക്കബ്ബിനെയും ആര്‍ ബാലകൃഷ്ണപിള്ളയെയും പുറത്താക്കിയാണ് അധികാരമേറ്റത്. കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ആന്റണിയെ പിന്തുണച്ചതും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മാണിയുടെ മകന്‍ മൂവാറ്റുപുഴയില്‍ തോറ്റതുമാണ് ജേക്കബ്ബിനെ വഴിയില്‍ ഇറക്കിവിടാന്‍ ഉമ്മന്‍ചാണ്ടിയെ പ്രേരിപ്പിച്ചത്.

ഉമ്മന്‍ചാണ്ടിയുടെ കരുനീക്കം ജേക്കബ്ബിന്റെ പൊതുജീവിതം തന്നെ തകിടം മറിച്ചു. കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിച്ച് ഡിഐസിയില്‍ ചേര്‍ന്നതും പിറവത്ത് 2006ല്‍ പരാജയം ഏറ്റുവാങ്ങിയതുമെല്ലാം ചരിത്രം. രാഷ്ട്രീയജീവിതത്തിലെ കറുത്ത ദിനങ്ങളാണ് ഉമ്മന്‍ചാണ്ടി തനിക്ക് സമ്മാനിച്ചതെന്നാണ് അദ്ദേഹം ഇതേക്കുറിച്ച് പിന്നീട് പറഞ്ഞത്. ജേക്കബ്ബിനെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കാന്‍ ആസൂത്രിതമായ നീക്കമാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും അന്ന് നടത്തിയത്. പുതിയ മന്ത്രിസഭയില്‍ താനുണ്ടാകില്ലെന്ന് ജേക്കബ്ബിന് സൂചന കിട്ടിയത് അവസാന നിമിഷമായിരുന്നു. ഡല്‍ഹിയില്‍ നടന്ന മന്ത്രിസഭാ രൂപീകരണ ചര്‍ച്ചയില്‍ ജേക്കബ്ബിനെയും പിള്ളയെയും തഴയുന്ന കാര്യം ഉരുത്തിരിഞ്ഞെങ്കിലും പകവീട്ടല്‍ തലസ്ഥാനത്ത് തന്നെ മതിയെന്ന് ഉമ്മന്‍ചാണ്ടി കരുതിവച്ചു. ക്ളിഫ്ഹൌസില്‍ നടന്ന അവസാനവട്ട ചര്‍ച്ചയിലാണ് ജേക്കബ്ബിന് സ്ഥാനം ഇല്ലെന്ന് പ്രഖ്യാപിച്ചത്. അന്ന് രാത്രിയില്‍ ക്ളിഫ് ഹൌസിന്റെ പടിയിറങ്ങിയ ജേക്കബ് കരഞ്ഞുകലങ്ങിയ കണ്ണുകളോടെയാണ് മടങ്ങിയത്. ഉമ്മന്‍ചാണ്ടിക്കെതിരെ രാഷ്ട്രീയക്കൊടുങ്കാറ്റായി നിയമസഭയിലും പുറത്തും ആഞ്ഞടിച്ച ജേക്കബ്ബിനെയാണ് പിന്നീട് കേരളം കണ്ടത്.

തന്നെ മന്ത്രിസഭയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ടി എം ജേക്കബ് അന്ന് ആരോപിച്ചു. കെ എം മാണിക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് അദ്ദേഹം പൊട്ടിത്തെറിച്ചു. എന്തുകാരണത്തിനാണ് തന്നെ മന്ത്രിസഭയില്‍നിന്ന് മാറ്റിയതെന്ന് ജേക്കബ് അന്ന് ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല. മാണിയുടെ മകന്റെ തോല്‍വിക്ക് താന്‍ ഉത്തരവാദിയല്ലെന്നും പാലായിലും കാഞ്ഞിരപ്പള്ളിയിലും ജോസ് കെ മാണി മൂന്നാം സ്ഥാനത്തായതിന് താനെങ്ങനെ ഉത്തരവാദിയാകുമെന്നും ജേക്കബ് അന്ന് ചോദിച്ചു.

ഉമ്മന്‍ചാണ്ടിയും മാണിയും ചേര്‍ന്ന കോക്കസ് ആണ് അന്ന് ജേക്കബ്ബിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ചത്. മന്ത്രിസഭയില്‍നിന്ന് പുറത്തായ ജേക്കബ് ഉമ്മന്‍ചാണ്ടിക്കെതിരെ നിയമസഭയില്‍ അതിശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചു. പിന്നീട് യുഡിഎഫ് പാളയം വിട്ട് കെ കരുണാകരന്റെ ഡിഐസിയില്‍ ചേര്‍ന്ന ജേക്കബ് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം പാര്‍ടി പുനരുജ്ജീവിപ്പിച്ചു. 2006ല്‍ ഡിഐസിയും യുഡിഎഫും ചേര്‍ന്ന് മത്സരിച്ചപ്പോള്‍ പിറവത്ത് ജേക്കബ് ജനിവിധി തേടിയെങ്കിലും കനത്ത പരാജയം ഏറ്റുവാങ്ങി. 2011ല്‍ നേരീയ ഭൂരിപക്ഷത്തില്‍ വിജയിക്കുകയുംചെയ്തു. രാഷ്ട്രീയത്തില്‍നിന്ന് തുടച്ചുനീക്കാന്‍ ഉമ്മന്‍ചാണ്ടിയും മാണിയും ചേര്‍ന്ന് നടത്തിയ നീക്കങ്ങളില്‍ അവസാന നിമിഷംവരെ ആ മനസ്സ് വേദനിച്ചിരുന്നു.

മന്ത്രിയാക്കില്ലെന്ന് അറിഞ്ഞ് ക്ളിഫ് ഹൌസ് വിട്ട അദ്ദേഹത്തിന് പിന്നീട് ഒരിക്കലും ആ കവാടം കടക്കാനും അവസരമുണ്ടായില്ല. 2004ല്‍ മാറ്റിനിര്‍ത്തിയ ജേക്കബ്ബിനെ 2011ല്‍ അതേ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്ക് സ്വീകരിച്ചെങ്കിലും നൂലിഴ ഭൂരിപക്ഷത്തിന്റെ പേടിപ്പനിയായിരുന്നു അതിന്റെ പ്രധാനകാരണം.

*
ദേശാഭിമാനി 23 ഫെബ്രുവരി 2012

No comments: