Sunday, February 5, 2012

മാര്‍ക്സാണ് ശരി

കാലൊച്ചകള്‍ ; മണ്ണില്‍നിന്നും മടങ്ങാതെ

അത്രമേല്‍ ജീവിതം നടുങ്ങുന്ന തുടുത്ത വേളകളിലെല്ലാം കാലം അതിന്റെ ക്യാമറക്കണ്ണുകള്‍ മലര്‍ക്കെ തുറന്നിടും. കാഴ്ചക്കാര്‍ അതിനെ ചരിത്രം എന്നുപേരിട്ട് വിളിക്കും. തിര നിലയ്ക്കാത്ത കടല്‍തീരത്ത് പൂഴിവാരി കളിക്കുന്ന കൊച്ചുകുട്ടികളെപോലെ നാം കാഴ്ചക്കാര്‍ ചരിത്രത്തില്‍ മേയും. അവിടെ ജീവിതത്തിന്റെ ചിപ്പിക്കൂട് തുറക്കുന്ന വര്‍ണരാജികള്‍ കണ്ട് അമ്പരക്കും. ഈ ചരിത്രത്തിലല്‍പ്പം പങ്കുപറ്റിയോര്‍ നാമെത്ര ഭാഗ്യര്‍ എന്ന് ആഹ്ലാദിക്കും. അത്തരം ആഹ്ലാദത്തിന്റെ കനല്‍പ്പുറമാണ് ഇപ്പോള്‍ തലസ്ഥാനത്തെ പുത്തരിക്കണ്ടം മൈതാനം. ചരിത്രത്തിന്റെ ഉറവകള്‍ സുകൃതകരങ്ങളാല്‍ പിടിച്ചെടുത്ത ഫോട്ടോഗ്രാഫുകളായി കണ്‍മുന്നില്‍ . രേഖകള്‍ സൂര്യവെളിച്ചങ്ങളായി മനസ്സില്‍ . പുതിയ ലോകം നമ്മോട് പറയുന്ന, "മാര്‍ക്സാണ് ശരി" എന്ന വിഷയത്തില്‍ സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്ര, പുസ്തക, സിനിമാ, ഫോട്ടോപ്രദര്‍ശനം കേരളത്തിന്റെ ബൗദ്ധികനാള്‍വഴികളില്‍ തിളക്കമേറിയ അധ്യായമാകുന്നു. പ്രദര്‍ശനം കാണാനെത്തുന്ന കനത്ത ആള്‍ക്കൂട്ടമാണ് ഈ നാള്‍വഴിക്ക് ഒപ്പു ചാര്‍ത്തുന്നത്. വരൂ; ഈ ചരിത്രസത്യത്തിന്റെ അകം പങ്കിടൂ, നാം തന്നെയാണ് ഇതിന്റെ കാവല്‍ക്കാര്‍ ...

മഹാനായ ഇ എം എസിന്റെ സമ്പൂര്‍ണകൃതി 100 സഞ്ചികകളായി മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പുസ്തകം വായിക്കാന്‍ മാത്രമല്ല അനുഭവിക്കാനും ഉള്ളതാണെന്ന് ഈ സഞ്ചികകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരേ എഴുത്തുകാരന്റെ 100 പുസ്തകങ്ങള്‍ അവയുടെ 3500 പേജുകള്‍ , ഒന്നിനുമേല്‍ മറ്റൊന്നിന് സാമ്യമില്ലാത്ത നിറങ്ങളിലും വരകളിലും തയ്യാറാക്കിയ 100 മുഖചിത്രങ്ങള്‍ , ഇവ തന്നെ കാട്ടിത്തരുന്നു കേരളത്തിന്റെ രേഖീയമായ കലാചരിത്രം. പത്മഭൂഷന്‍ ആര്‍ട്ടിസ്റ്റ് എ രാമചന്ദ്രന്‍ എഴുതുന്നു- "മാറിക്കൊണ്ടിരിക്കുന്ന കാലത്തിനനുസൃതമായ നൂതന വാഗര്‍ഥങ്ങള്‍ക്കു വേണ്ടിയുള്ള കേരള കലാകാരന്മാരുടെ അന്വേഷണത്തിന്റെ സമഗ്ര രേഖയാണ് ഈ പുസ്തകച്ചട്ടകള്‍" ഭാഷയിലെ മാര്‍ക്സിസ്റ്റ് സാഹിത്യത്തില്‍ എക്കാലത്തെയും കനപ്പെട്ട സംഭാവനയായ ഈ സഞ്ചികകള്‍ക്കൊപ്പം കേരളത്തിന്റെ ദൃശ്യസംസ്കാരത്തിന്റെ മാറുന്ന രൂപമാതൃകകളെ രേഖിതമാക്കി എന്നത് ചെറിയ കാര്യമല്ലെന്ന് പ്രദര്‍ശനത്തിന്റെ കവാടത്തില്‍തന്നെ നമ്മോട് പറയുന്നുണ്ട്. പനയന്നാര്‍ കാവിലെ ചുവര്‍ചിത്രമാണ് ആദ്യ പുസ്തകത്തിന്റെ മുഖചിത്രം. ഗണപതി പൂജയില്‍ പങ്കെടുക്കാന്‍ പോകുന്ന ഭക്തരുടെ ചിത്രമാണിത്. മാര്‍ക്സിസ്റ്റ് സാഹിത്യത്തിന് അമ്പലവാസികളുടെ ചിത്രമോ എന്ന് വെപ്രാളപ്പെട്ടവരുണ്ടായിരുന്നു ഇതുപുറത്തിറങ്ങിയ കാലത്ത്. ചിത്രകലയിലെ പരിണാമദിശ കാട്ടിത്തരുന്ന ചിത്രം എന്നതിലുപരി മാര്‍ക്സിസ്റ്റ് ദര്‍ശനത്തില്‍ ഒന്നും അന്യമാകുന്നില്ല എന്ന കേവല ചിന്തയും ഈ മുഖചിത്രം സാക്ഷ്യപ്പെടുത്തുന്നു.

രവിവര്‍മ, മാതുലന്‍ രാജരാജവര്‍മ എന്നിവരുടെ ചിത്രങ്ങളും ചില സഞ്ചികകള്‍ക്ക് മുഖപ്രസാദമായിട്ടുണ്ട്. ഭാരതീയ ചിത്രകലാപാരമ്പര്യത്തിന്റെ സവിശേഷമായ വഴിത്തിരിവുകള്‍ക്ക് കാരണമായ ഈ അമ്മാവന്റെയും മരുമകന്റെയും ചിത്രങ്ങള്‍ വലിയ ക്യാന്‍വാസില്‍ നമുക്ക് അനുഭവിക്കാനാകും. രവിവര്‍മയുടെ വിഖ്യാതമായ നാടോടികള്‍ എന്ന ചിത്രമാണ് പുസ്തകത്തില്‍ ഉപയോഗിച്ചത്. കെ സി എസ് പണിക്കര്‍ , കെ ജി സുബ്രഹ്മണ്യന്‍ , കെ മാധവമേനോന്‍ , എ രാമചന്ദ്രന്‍ തുടങ്ങിയ പ്രശസ്തരുടെ ക്ലാസിക് ചിത്രങ്ങള്‍ ചിത്രപ്രദര്‍ശനത്തിലെന്ന പോലെ കാണാന്‍ കഴിയുന്നത് അപൂര്‍വാനുഭവമാണ്. കണ്ണൂര്‍ സ്വദേശിയായ പത്മവിഭൂഷന്‍ കെ ജി സുബ്രഹ്മണ്യന്റെ വിഖ്യാതമായ ജനറല്‍മാരും ട്രോഫിയും (1971) എന്ന ചിത്രവും 42-ാം സഞ്ചികയ്ക്ക് മുഖമൊഴിയാകുന്നു. എം എഫ് ഹുസൈനുപോലും പ്രേരണയായ സുബ്രഹ്മണ്യന്റെ വരകള്‍ , സാധാരണ വായനക്കാരനിലേക്ക് ഇ എം എസിന്റെ ലേഖനങ്ങള്‍പോലെ തന്നെ ആഞ്ഞിറങ്ങുന്നവയാണ്.

വരയിലെ കലാപമായിരുന്ന ഒ വി വിജയന്‍ , അബു എബ്രഹാം, ശങ്കര്‍ , ജി അരവിന്ദന്‍ , യേശുദാസന്‍ മുതല്‍പേരുടെ കാര്‍ട്ടൂണും ചില സഞ്ചികകള്‍ക്ക് മുഖചിത്രമാണ്. അടിയന്തരാവസ്ഥക്കാലത്തെ വിഖ്യാത ശങ്കര്‍ വരകളും ഇതിലുള്‍പ്പെടും. അടൂര്‍ , എം ടി, ബഷീര്‍ , പി ഭാസ്കരന്‍ എന്നിവരുടെ സിനിമാസാന്നിധ്യമാണ് പുസ്തകത്തിലെയും പ്രദര്‍ശനത്തിലെയും മറ്റൊരു സവിശേഷത. ചെമ്മീനിലെ കറുത്തമ്മയും പഴനിയും (സത്യന്‍ , ഷീല) ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തന്‍ വേലായുധന്‍ (നസീര്‍), നിര്‍മാല്യത്തിലെ വെളിച്ചപ്പാട് (പി ജെ ആന്റണി) എന്നിവരുംതിരശ്ശീലയില്‍നിന്നും പുസ്തകത്തിലൂടെ മനസ്സിലേക്ക് ഇറങ്ങിവരുന്നത് മലയാളം കാത്തുവച്ച സിനിമാ സംസ്കാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൂടിയാണ്. വയലാര്‍ , വൈലോപ്പിള്ളി എന്നിവരുടെ കാവ്യങ്ങള്‍ക്ക് നമ്പൂതിരിയടക്കമുള്ളവര്‍ വരച്ച കാവ്യരേഖകളും ഇത്തരത്തില്‍ പ്രസക്തമുള്ളവയാണ്. വി ടി ഭട്ടതിരിപ്പാടിന്റെ, അകം വേവുന്ന അടുക്കളയുടെ രേഖകളും നാടകരംഗങ്ങളും കാട്ടിത്തരുന്നത് മലയാളിയുടെ ഇന്നലെയുടെ സാമൂഹ്യാവസ്ഥയാണ്. കാനായി കുഞ്ഞിരാമന്‍ , ബി ഡി ദത്തന്‍ , രാജശേഖരന്‍നായര്‍ , എന്‍ എന്‍ റിംസണ്‍ , അശോകന്‍ പൊതുവാള്‍ , ഡഗ്ലസ് തുടങ്ങിയവരുടെ ശില്‍പ്പങ്ങളും ചില സഞ്ചികകള്‍ക്ക് മുതല്‍ക്കൂട്ടാണ്. ഇവയുള്‍പ്പെടെ മലയാളത്തിന്റെ സാമൂഹ്യപരിച്ഛേദം പുസ്തകങ്ങളുടെ മുഖചിത്രമായപ്പോള്‍ വായനക്കാരിലും ആസ്വാദകരിലും സൃഷ്ടിക്കപ്പെട്ടത് മറ്റൊരു പാഠപുസ്തകം തന്നെയാണ്.

നൂറ്റാണ്ടിനെ നൊമ്പരമായ 10 ചിത്രങ്ങള്‍ - അതും വിഖ്യാത ഛായാഗ്രാഹകന്‍ കൂടിയായ ഷാജി എന്‍ കരുണ്‍ തെരഞ്ഞെടു ത്തവ- നമ്മെയും പ്രദര്‍ശനനഗരിയില്‍ വല്ലാതെ ഉലച്ചുകളയുന്നവയാണ്. കറുപ്പിലും വെളുപ്പിലും സമ്മോട് സംവദിക്കുന്ന ഈ ചിത്രങ്ങള്‍ ആശങ്കകളുടെ കടുംജീവിതങ്ങളെ എല്ലാത്തരം തീഷ്ണ നിറത്തോടെയും നമ്മെ അനുഭവിപ്പിക്കുന്നു.
പ്രസംഗവേദിയുടെ അഴിമുഖത്ത് നമ്മെ തനിച്ചാക്കി കടന്നുപോയ അഴീക്കോടിന് ആദരവര്‍പ്പിച്ച് തയ്യാറാക്കിയ ഫോട്ടോപ്രദര്‍ശനവും പ്രദര്‍ശനനഗരിയിലെ വേറിട്ട അനുഭവം തീര്‍ക്കുന്നതാണ്. അഴീക്കോട് ഇപ്പോഴുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും തലസ്ഥാനത്തെ സമ്മേളനവേദിയില്‍ മുഖ്യപ്രാസംഗികനായി അദ്ദേഹം ഉണ്ടാകുമായിരുന്നു. ആ ഓര്‍മയ്ക്ക് ചുവന്ന അരളിപ്പൂക്കള്‍ അര്‍പ്പിച്ച് തയ്യാറാക്കിയ ഫോട്ടോപ്രദര്‍ശനം അതുകൊണ്ടുതന്നെ ജീവന്‍ തുടിക്കുന്നതാകുന്നു.

യേശു മുതല്‍ ടുണീഷ്യയില്‍ പോയവര്‍ഷം രക്തസാക്ഷിയായ മുഹമ്മദ് ബൂഅസീസീവരെയുള്ളവര്‍ ഏതുശരിക്കു വേണ്ടിയാണ് ജീവിച്ചത് എന്ന വലിയ ചോദ്യമുയര്‍ത്തും പ്രദര്‍ശനം കണ്ടിറങ്ങുമ്പോള്‍ . കാലത്തിനുമേല്‍ ആ ജീവിതനഷ്ടങ്ങള്‍ എന്താണ് അടയാളപ്പെടുത്തിയത് എന്ന ചോദ്യം സ്വയം ചോദിക്കുന്നതോടെയാണ് മാര്‍ക്സ് എന്ന വലിയ ശരി കാഴ്ചക്കാരില്‍ അനുഭവവേദ്യമാകുന്നത്.

സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പ്രദര്‍ശനമായതിനാല്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ്പാര്‍ടി സമ്മേളനങ്ങളുടെ ചരിത്രരേഖകള്‍ പ്രദര്‍ശിപ്പിച്ചതിലും രാഷ്ട്രീയവിദ്യാര്‍ഥികള്‍ക്ക് പഠിക്കാനേറെ. 1943ല്‍ മുംബൈയിലെ ആദ്യപാര്‍ടി കോണ്‍ഗ്രസിന്റെ നാള്‍വഴി മുതല്‍ 19-ാം കോയമ്പത്തൂര്‍ കോണ്‍ഗ്രസുവരെയുള്ള ചരിത്രപ്രദര്‍ശനം പങ്കുവയ്ക്കുന്നു. കൊല്‍ക്കത്തയില്‍ 1964ല്‍ ചേര്‍ന്ന സിപിഐ എം ഏഴാം പാര്‍ടി കോണ്‍ഗ്രസിന്റെ തുടിക്കുന്ന ഓര്‍മകളും ചരിത്രവിദ്യാര്‍ഥികളായ നമ്മള്‍ കുറിച്ചുവയ്ക്കേണ്ടതു തന്നെ.

മാറുമറയ്ക്കല്‍ സമരംമുതല്‍ സ്ത്രീസംവരണത്തിനു വേണ്ടിയുള്ള സമീപകാല സ്ത്രീപോരാട്ടങ്ങളുടെ ഓര്‍മ പങ്കിടലും പ്രദര്‍ശനത്തില്‍ പ്രത്യേക വിഭാഗമാണ്. അടുക്കളയില്‍നിന്നും അരങ്ങത്തേയ്ക്ക് ജീവിതത്തിന്റെ കൊടിക്കൂറയുമേന്തി വനിതകള്‍ കടന്നുവന്നതിന്റെ ചരിത്രസാക്ഷ്യങ്ങള്‍ പ്രദര്‍ശനം കണ്ടിറങ്ങി കഴിഞ്ഞാലും നമ്മോട് സംവദിക്കുമെന്നത് തീര്‍ച്ച. പ്രദര്‍ശനം സാക്ഷ്യപ്പെടുത്തിയ ഓരോ കാഴ്ചയും അതുതന്നെയാണ് വിളിച്ചു പറയുന്നതും.

*
വിനോദ് പായം
ദേശാഭിമാനി വാരാന്തപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അത്രമേല്‍ ജീവിതം നടുങ്ങുന്ന തുടുത്ത വേളകളിലെല്ലാം കാലം അതിന്റെ ക്യാമറക്കണ്ണുകള്‍ മലര്‍ക്കെ തുറന്നിടും. കാഴ്ചക്കാര്‍ അതിനെ ചരിത്രം എന്നുപേരിട്ട് വിളിക്കും. തിര നിലയ്ക്കാത്ത കടല്‍തീരത്ത് പൂഴിവാരി കളിക്കുന്ന കൊച്ചുകുട്ടികളെപോലെ നാം കാഴ്ചക്കാര്‍ ചരിത്രത്തില്‍ മേയും. അവിടെ ജീവിതത്തിന്റെ ചിപ്പിക്കൂട് തുറക്കുന്ന വര്‍ണരാജികള്‍ കണ്ട് അമ്പരക്കും. ഈ ചരിത്രത്തിലല്‍പ്പം പങ്കുപറ്റിയോര്‍ നാമെത്ര ഭാഗ്യര്‍ എന്ന് ആഹ്ലാദിക്കും. അത്തരം ആഹ്ലാദത്തിന്റെ കനല്‍പ്പുറമാണ് ഇപ്പോള്‍ തലസ്ഥാനത്തെ പുത്തരിക്കണ്ടം മൈതാനം. ചരിത്രത്തിന്റെ ഉറവകള്‍ സുകൃതകരങ്ങളാല്‍ പിടിച്ചെടുത്ത ഫോട്ടോഗ്രാഫുകളായി കണ്‍മുന്നില്‍ . രേഖകള്‍ സൂര്യവെളിച്ചങ്ങളായി മനസ്സില്‍ . പുതിയ ലോകം നമ്മോട് പറയുന്ന, "മാര്‍ക്സാണ് ശരി" എന്ന വിഷയത്തില്‍ സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്ര, പുസ്തക, സിനിമാ, ഫോട്ടോപ്രദര്‍ശനം കേരളത്തിന്റെ ബൗദ്ധികനാള്‍വഴികളില്‍ തിളക്കമേറിയ അധ്യായമാകുന്നു. പ്രദര്‍ശനം കാണാനെത്തുന്ന കനത്ത ആള്‍ക്കൂട്ടമാണ് ഈ നാള്‍വഴിക്ക് ഒപ്പു ചാര്‍ത്തുന്നത്. വരൂ; ഈ ചരിത്രസത്യത്തിന്റെ അകം പങ്കിടൂ, നാം തന്നെയാണ് ഇതിന്റെ കാവല്‍ക്കാര്‍ ...