Monday, February 20, 2012

കൂത്താളി: നിന്നുകത്തിയ തീപ്പന്തം

കൂത്താളി ഇന്നും കെടാതെ നിന്നുകത്തുന്ന തീപ്പന്തമാണ്. സമരാവേശത്തിന്റെയും സഹനത്തിന്റെയും ഓര്‍മകളുടെയും ജ്വലിക്കുന്ന പന്തം. മണ്ണില്‍ അത്യധ്വാനം ചെയ്യുന്ന കര്‍ഷക ജനതയുടെ നിരന്തര സമരത്തിന്റെ, ഏറ്റുമുട്ടലുകളുടെ, രക്തസാക്ഷിത്വത്തിന്റെ ചോരചിന്തിയ ഏടുകള്‍ കനല്‍പോലെ. "ചത്താലും ചെത്തും കൂത്താളി" എന്ന മുദ്രാവാക്യം ഇന്നും ഒരു തലമുറയുടെ സിരകളില്‍ തിരയിളക്കുന്നു.

1943ലാണ് കൂത്താളി മലവാരത്തെ തരിശുഭൂമിയില്‍ കൃഷി ചെയ്യാനുള്ള അവകാശത്തിന് സമരം തുടങ്ങുന്നത്. ചങ്ങരോത്ത്, ചക്കിട്ടപാറ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടന്ന 30,000 ഏക്കര്‍ കുന്നുംപ്രദേശമാണ് കൂത്താളി മലവാരമായി അറിയപ്പെട്ടത്. ആറായിരത്തോളം ഏക്കര്‍ വനവും ബാക്കി കൃഷിക്ക് യോഗ്യവുമായിരുന്നു. കൂത്താളി വല്ലഭന്‍ ചാത്തന്‍ അച്ഛന്‍ മഠത്തില്‍ മൂപ്പില്‍ നായരുടെ അധീനതയിലായിരുന്നു മലവാരം. അവസാന സ്ഥാനിയുടെ കാലംവരെ മലവാരം പേരാമ്പ്ര-ബാലുശേരി ഫര്‍ക്കകളുടെ പല ഭാഗങ്ങളിലുള്ളവര്‍ക്ക് വാരം നിശ്ചയിച്ച് പുനം കൃഷിക്ക് നല്‍കിയിരുന്നു. പിന്തുടര്‍ച്ചാവകാശിയില്ലെന്ന പേരില്‍ അറ്റാലടക്ക നിയമപ്രകാരം മദിരാശി സര്‍ക്കാര്‍ ഏറ്റെടുത്തു. കൂത്താളി എസ്റ്റേറ്റ് എന്ന പേരില്‍ ഏറ്റെടുത്ത ഭൂമിയുടെ അധികാരം മലബാര്‍ കലക്ടര്‍ക്ക്. മേല്‍നോട്ടത്തിന് സ്പെഷല്‍ തഹസില്‍ദാരെ നിയമിച്ച് പേരാമ്പ്രയില്‍ ആസ്ഥാനം തുറന്നു.

മലവാരം ഏറ്റെടുക്കാനുള്ള തീരുമാനം പുനം കൃഷി മുഖ്യ ഉപജീവന മാര്‍ഗമായ കര്‍ഷകകുടംബങ്ങളെ ദുരിതക്കയത്തിലാഴ്ത്തി. വരുമാനവും ഭക്ഷണവും നിലച്ച് എന്തു ചെയ്യണമെന്നറിയാതെ പകച്ച അവര്‍ക്ക് കര്‍ഷകസംഘം തുണയായി. കര്‍ഷകരെ പട്ടിണിക്കിടുന്ന സര്‍ക്കാരിനെതിരെ സമരമാര്‍ഗങ്ങള്‍ ആലോചിച്ചു. പ്രാദേശികാടിസ്ഥാനത്തില്‍ യോഗം വിളിച്ചു. അതിനിടയിലാണ് 1943 സെപ്തംബറില്‍ കേരള കര്‍ഷകസംഘം ഭക്ഷ്യോല്‍പ്പാദന വര്‍ധന പ്രക്ഷോഭത്തിന് തീരുമാനിച്ചത്. ബാലുശേരി-പേരാമ്പ്ര ഫര്‍ക്കകളിലും പ്രക്ഷോഭം. കൂത്താളി മലവാരം ചെത്തി കൃഷിയിറക്കാന്‍ ഒരുക്കമായി. സര്‍ക്കാര്‍ വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചു. മര്‍ദനം ചെറുക്കാനുള്ള ശേഷിയില്ലായ്മമൂലം സമരക്കാര്‍ തല്‍ക്കാലം പിന്‍വാങ്ങി.

1946ല്‍ വീണ്ടും സമരം ആസൂത്രണം ചെയ്തു. എ കെ ജി, സി എച്ച് കണാരന്‍ , കേരളീയന്‍ , എ വി കുഞ്ഞമ്പു, കേളുഏട്ടന്‍ തുടങ്ങിയവര്‍ മുന്‍നിരയില്‍ . പേരാമ്പ്രയില്‍ സമരപ്രഖ്യാപനം നടത്താന്‍ തീരുമാനമായി. 1947 ഫെബ്രുവരി 22ന് കര്‍ഷകര്‍ ജാഥയായി മലവാരം ചെത്തുമെന്നായിരുന്നു പ്രഖ്യാപനം. പൊലീസ് നിരോധനാജ്ഞയും പയ്യോളിയിലും പേരാമ്പ്രയിലും മേപ്പയൂരിലും മലവാരത്തും എംഎസ്പി ക്യാമ്പുകളും. ഇതൊന്നും കൂസാതെ വളണ്ടിയര്‍മാര്‍ ജാഥയായി പേരാമ്പ്രയില്‍ ക്യാമ്പ് ചെയ്ത സബ്കലക്ടര്‍ക്ക് നിവേദനം നല്‍കി. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് സമരം തല്‍ക്കാലം നിര്‍ത്തി. ശിക്ഷിക്കപ്പെട്ട നേതാക്കള്‍ അപ്പോഴും ജയിലില്‍ . മദിരാശി എംഎല്‍സിമാര്‍ പ്രശ്നം സഭയില്‍ ഉന്നയിച്ചു. 1550 ഏക്കര്‍ പുനംകൃഷിക്ക് നല്‍കാന്‍ ഉത്തരവായി. സര്‍ക്കാര്‍ അതിന് തയ്യാറായില്ല.

കുറച്ചുകാലത്തേക്ക് കെട്ടടങ്ങിയ സമരം 1954ല്‍ വീണ്ടും. മുതുകാട്ടില്‍ ഞെരങ്ങംപാറ വേലായുധന്റെ സ്ഥലത്തായിരുന്നു ക്യാമ്പ്. പേരാമ്പ്ര സ്പെഷല്‍ തഹസില്‍ദാര്‍ ഓഫീസിനും കോഴിക്കോട് കലക്ടറേറ്റിനും മുന്നില്‍ ഒരേസമയം സമരം. 66 ദിവസത്തിനുശേഷം മദിരാശി സര്‍ക്കാര്‍ ചില ഒത്തുതീര്‍പ്പു വ്യവസ്ഥകളുണ്ടാക്കി. 1957ല്‍ അധികാരമേറ്റ ഇ എം എസ് സര്‍ക്കാരാണ് കൂത്താളി മലവാരം പതിച്ചു നല്‍കാന്‍ നടപടിയെടുത്തത്. 1962ല്‍ കേളുഏട്ടന്റെ നേതൃത്വത്തിലായിരുന്നു അവസാനഘട്ടം. "67ല്‍ വീണ്ടും ഇ എം എസ് സര്‍ക്കാരിന്റെ സമയത്ത് റവന്യൂമന്ത്രി കെ ആര്‍ ഗൗരിയമ്മയാണ് പട്ടയം കൊടുത്തത്. 1980ല്‍ നായനാര്‍ സര്‍ക്കാര്‍ ഇരുന്നൂറോളം ഭൂരഹിതര്‍ക്ക് മുതുകാട്ടില്‍ 2.5 ഏക്കര്‍ ഭൂമി നല്‍കി. 1987ലെ നായനാര്‍ സര്‍ക്കാര്‍ മുതുകാട്ടില്‍ മുന്നൂറ്റമ്പതോളം ഭൂരഹിതര്‍ക്ക് 50 സെന്റ് വീതം അനുവദിച്ചു. കൂത്താളി സമരത്തിന്റെ സദ്ഫലങ്ങള്‍ ആയിരങ്ങളാണ് ഇന്നനുഭവിക്കുന്നത്.

മിനി മലമ്പുഴ എന്നറിയപ്പെടുന്ന പെരുവണ്ണാമൂഴി ഡാമും കൂത്താളി കൃഷിഫാമും പേരാമ്പ്ര പ്ലാന്റേഷന്‍ കോര്‍പറേഷനും തുടങ്ങി വലിയൊരു പ്രദേശത്തിന്റെ വികസന ചിത്രത്തിന്റെയും തുടക്കം ഈ സമരമാണ്. ജീവിതം വഴിമുട്ടിനിന്ന ജനതയ്ക്കുവേണ്ടി മുന്നിട്ടിറങ്ങിയ പോരാളികളാണ് കൂത്താളി സമരത്തിന്റെ ചോരയും നീരും. അവരില്‍ ചിലര്‍ നേതൃനിരയിലേക്കുയര്‍ന്നു, ചിലര്‍ വാളിന്‍ വായ്ത്തലക്കിരയായി. നാലു ദശാബ്ദത്തോളം നീണ്ട സമരത്തില്‍ തലമുറകള്‍ അണിനിരന്നു. എം കെ കേളുഏട്ടന്‍ , ടി കെ കെ അബ്ദുള്ള, കെ എം കണ്ണന്‍മാസ്റ്റര്‍ , പി വി ശങ്കരന്‍ , ആര്‍ നാരായണന്‍നായര്‍ , വെങ്കല്ലില്‍ കുഞ്ഞിക്കണാരന്‍ മാസ്റ്റര്‍ , പി കെ വൈദ്യര്‍ , നാഗത്ത് ചാത്തുക്കുട്ടി നായര്‍ , ഇ സി അപ്പുനമ്പ്യാര്‍ , ഇ രാമന്‍മാസ്റ്റര്‍ , ടി സി ചാത്തു, എം കേളപ്പന്‍ , കെ ചോയി, കാപ്പുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പ്, വി വി ദക്ഷിണാമൂര്‍ത്തി, പള്ളുരുത്തി ജോസഫ് തുടങ്ങിയവര്‍ .

കല്‍പ്പത്തൂരില്‍നിന്നുള്ള കെ ചോയിയെ അരിഞ്ഞുവീഴ്ത്തിയ സവര്‍ണര്‍ക്ക് മാപ്പുകൊടുക്കാന്‍ ഇന്നും ഈ മണ്ണ് തയ്യാറായിട്ടില്ല. സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടവരെ നല്ലനടപ്പിനു വിട്ടപ്പോള്‍ പുറത്തുവന്നതായിരുന്നു ചോയി. അപ്പോഴേക്കും കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ടിരുന്നു. പിടികൊടുക്കാതെ ഒളിവില്‍ പ്രവര്‍ത്തിക്കാനായിരുന്നു പാര്‍ടി നിര്‍ദേശം. 1950 മെയ് 19ന് പുലര്‍ച്ചെ രണ്ടുമണിക്ക് ചോയിയും കണ്ണന്‍ മാസ്റ്ററും ചങ്ങരംവെള്ളിക്കുള്ള യാത്രാമധ്യേ അഞ്ചാം പീടികയിലെത്തി. തൊട്ടടുത്ത വീട്ടില്‍നിന്ന് മടങ്ങുകയായിരുന്ന സബ് ഇന്‍സ്പെക്ടറുടെയും ഹോം ഗാര്‍ഡുമാരുടെയും മുന്നില്‍ ഇരുവരും പെട്ടു. കണ്ണന്‍മാസ്റ്റര്‍ ഓടി രക്ഷപ്പെട്ടു. ചോയിയെ പൊലീസുകാര്‍ കൊന്നു.

*
ടി ആര്‍ ശ്രീഹര്‍ഷന്‍ ദേശാഭിമാനി 20 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കൂത്താളി ഇന്നും കെടാതെ നിന്നുകത്തുന്ന തീപ്പന്തമാണ്. സമരാവേശത്തിന്റെയും സഹനത്തിന്റെയും ഓര്‍മകളുടെയും ജ്വലിക്കുന്ന പന്തം. മണ്ണില്‍ അത്യധ്വാനം ചെയ്യുന്ന കര്‍ഷക ജനതയുടെ നിരന്തര സമരത്തിന്റെ, ഏറ്റുമുട്ടലുകളുടെ, രക്തസാക്ഷിത്വത്തിന്റെ ചോരചിന്തിയ ഏടുകള്‍ കനല്‍പോലെ. "ചത്താലും ചെത്തും കൂത്താളി" എന്ന മുദ്രാവാക്യം ഇന്നും ഒരു തലമുറയുടെ സിരകളില്‍ തിരയിളക്കുന്നു.