Sunday, February 26, 2012

വിദ്യാഭ്യാസ വാണിജ്യവല്‍ക്കരണം നാടിനാപത്ത്

രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിദ്യാഭ്യാസരംഗത്തെ പ്രത്യേകിച്ചും, ഉന്നതവിദ്യാഭ്യാസരംഗത്തെ വാണിജ്യവല്‍ക്കരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഇതിന് മുന്നോടിയായാണ് ആറ് ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ദി ഫോറിന്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് (റെഗുലേഷന്‍സ് ഓഫ് എന്‍ട്രി ആന്‍ഡ് ഓപ്പറേഷന്‍സ്) ബില്‍ 2010(എഫ്ഇഐ), ദി നാഷണല്‍ കമീഷന്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ബില്‍ 2010, ദി പ്രൊഹിബിഷന്‍ ഓഫ് അണ്‍ഫെയര്‍ പ്രാക്ടീസസ് ഇന്‍ ടെക്നിക്കല്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ്, മെഡിക്കല്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ആന്‍ഡ് യൂണിവേഴ്സിറ്റീസ് ബില്‍ 2010, ദി എജ്യുക്കേഷണല്‍ ട്രിബ്യൂണല്‍സ് ബില്‍ 2010, ദി നാഷണല്‍ അക്രഡിറ്റേഷന്‍ റെഗുലേറ്ററി അതോറിറ്റി ഫോര്‍ ഹയര്‍ എജ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ബില്‍ 2010. ഇതില്‍ ആദ്യ മൂന്നു ബില്ലും ഇതുവരെയും നിയമമായിട്ടില്ല.

ഉന്നതവിദ്യാഭ്യാസരംഗത്ത് മുമ്പ് യുജിസി, എഐസിടിഇ, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ എന്നിവ ഉള്‍പ്പെടെ 13 നിയന്ത്രണ ഏജന്‍സികളാണ് ഉണ്ടായിരുന്നത്. പല ഏജന്‍സികളും ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി നടത്തിയിരുന്നു. അഴിമതി തടയുന്നതിനുള്ള ഒരു നിര്‍ദേശവുമില്ലാതെയാണ് മൊത്തം അഴിമതിയും ഒരു ഏജന്‍സിയില്‍ കേന്ദ്രീകരിക്കുന്ന രീതിയില്‍ എന്‍സിഎച്ച്ഇആര്‍ (നാഷണല്‍ കമീഷന്‍ ഫോര്‍ ഹയര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്) വിഭാവനം ചെയ്തിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്ത് വിദേശസര്‍വകലാശാലകള്‍ക്ക് കടന്നുവന്ന് വിദ്യാഭ്യാസക്കച്ചവടം നടത്തുന്നതിനുള്ള എഫ്ഇഐ 2010 ബില്ലിലെ ചില വ്യവസ്ഥകള്‍ അമേരിക്കന്‍ -ബ്രിട്ടീഷ് ഭരണകൂടങ്ങള്‍ക്ക് തൃപ്തികരമായി തോന്നാത്തതുകൊണ്ടാണ് യൂണിവേഴ്സിറ്റീസ് ഫോര്‍ ഇന്നോവേഷന്‍സ് ബില്‍ കൊണ്ടുവന്നത്. പുതിയ ബില്ലില്‍ വിദേശസര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ സര്‍വകലാശാല സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള വ്യവസ്ഥയുണ്ട്. കേന്ദ്രസര്‍ക്കാര്‍തന്നെ ഇവയ്ക്ക് ഭൗതികസഹായം നല്‍കുകയും ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാന്റ് നല്‍കുകയും ചെയ്യും.

പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയില്‍ നടമാടുന്ന അഴിമതി നിയന്ത്രിക്കാനെന്ന വ്യാജേന കൊണ്ടുവന്ന നാലാമത്തെ ബില്‍ അഴിമതിയെ ന്യായീകരിക്കുന്നതായി മാറി. ഉന്നതവിദ്യാഭ്യാസ ട്രിബ്യൂണല്‍ ബില്‍ , കണ്‍കറന്റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസത്തെ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനുവേണ്ടിയുള്ളതാണ്. സര്‍വകലാശാലകളുടെയും കോളേജുകളുടെയും അക്രഡിറ്റേഷന്‍ നടത്തിയിരുന്നത് യുജിസി രൂപീകരിച്ച നാക് (നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍) ആയിരുന്നു. ഇനി അത് കമ്പനി ആക്ട് വഴി രജിസ്റ്റര്‍ചെയ്യുന്ന ഏതു സംഘടനയ്ക്കും നിര്‍വഹിക്കാന്‍ സാധിക്കും.

പതിനൊന്നാം പദ്ധതിയിലും പന്ത്രണ്ടാം പദ്ധതിയിലും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് ഉന്നതവിദ്യാഭ്യാസരംഗത്ത് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുളള സാഹചര്യമൊരുക്കുക എന്നുള്ളതാണ്. ഇതിനായി നൂറുകണക്കിന് സര്‍വകലാശാലകളും ആയിരക്കണക്കിന് കോളേജുകളും പുതുതായി സ്ഥാപിക്കണം. സര്‍ക്കാരിന്റെ കൈയില്‍ പണമില്ലാത്തതുകൊണ്ട് സര്‍ക്കാര്‍ - സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടത്തുക. ചുരുക്കിപ്പറഞ്ഞാല്‍ , കേന്ദ്രസര്‍ക്കാര്‍ ഫണ്ടോടെ സ്വകാര്യമുതലാളിമാര്‍ക്ക്, പൂര്‍ണസ്വാതന്ത്ര്യത്തോടെ വിദ്യാഭ്യാസക്കച്ചവടം നടത്താന്‍ കഴിയും.

കഴിഞ്ഞ മൂന്നുകൊല്ലക്കാലയളവില്‍ കുത്തകകള്‍ക്ക് പ്രത്യക്ഷനികുതിയിനത്തില്‍മാത്രം 13 ലക്ഷം കോടി രൂപയുടെ ഇളവനുവദിക്കുകയും നൂറുകണക്കിന് ലക്ഷംകോടിരൂപയുടെ ദേശീയസമ്പത്ത് കൊള്ളയടിക്കാന്‍ അനുവദിക്കുകയും ചെയ്ത സര്‍ക്കാരാണ് ഭാവിതലമുറയ്ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് പണമില്ല എന്ന സമീപനം സ്വീകരിച്ചിരിക്കുന്നത്. ആറാം യുജിസി ശമ്പളപരിഷ്കരണ ഉത്തരവനുസരിച്ച് സര്‍വകലാശാല- കോളേജ് അധ്യാപകര്‍ക്ക് 2006 ജനുവരി ഒന്നുമുതല്‍ 2010 മാര്‍ച്ച് 31വരെ ലഭ്യമാകേണ്ട ശമ്പളകുടിശ്ശികയുടെ 80 ശതമാനം ഇതുവരെയും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കൈമാറിയിട്ടില്ല.

കേന്ദ്രത്തിന്റെ വിദ്യാഭ്യാസക്കച്ചവടനയം നടപ്പാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും സംസ്ഥാനത്ത് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ ഇംഗിതമനുസരിച്ച് ഉന്നതവിദ്യാഭ്യാസനയങ്ങള്‍ ആവിഷ്കരിക്കുന്നതിന് ജനാധിപത്യവിരുദ്ധ ഓര്‍ഡിനന്‍സ് ഇറക്കി എല്ലാ സര്‍വകലാശാല ഭരണസമിതികളും കൈപ്പിടിയിലൊതുക്കി. കുട്ടികള്‍ പഠിക്കാനില്ലാത്ത അവസരത്തില്‍പോലും നാനൂറോളം സിബിഎസ്ഇ സ്കൂളുകള്‍ അണ്‍എയ്ഡഡ് മേഖലയില്‍ അനുവദിച്ചു. ഉന്നതവിദ്യാഭ്യാസമേഖലയില്‍ കൂടുതല്‍ അണ്‍ എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളും പ്രൊഫഷണല്‍ കോളേജുകളും അനുവദിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ഇത് ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ വര്‍ഗീയവല്‍ക്കരണത്തിനുപോലും വഴിയൊരുക്കും. സംസ്ഥാനസര്‍ക്കാരിന്റെ വികസന ഉപദേഷ്ടാവ് സാം പിട്രോഡ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം കേരളത്തില്‍ നോളജ്സിറ്റി സ്ഥാപിക്കുമെന്നും അവിടെ വിദേശസര്‍വകലാശാലകളും കുത്തകകളും നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും പ്രസ്താവിച്ചുകഴിഞ്ഞു. എന്ത് വിലകൊടുത്തും വിദ്യാഭ്യാസം നേടുക എന്ന കേരളീയന്റെ മോഹത്തെ ചൂഷണംചെയ്ത് ഇന്ത്യയിലാദ്യമായി കേരളത്തില്‍ വിദേശസര്‍വകലാശാലകള്‍ കച്ചവടം ആരംഭിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.

ആഗോളവല്‍ക്കരണ സാമ്പത്തികനയത്തിന്റെ ഭാഗമായി സാധാരണക്കാരും തൊഴിലെടുക്കുന്നവരും കൂടുതല്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണം നടപ്പാകുമ്പോള്‍ സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് മുന്നില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ എന്നന്നേയ്ക്കുമായി കൊട്ടിയടയ്ക്കപ്പെടും. ആഗോളവല്‍ക്കരണനയത്തിനെതിരെ ഇന്ത്യയിലാകമാനം തൊഴിലാളികളും ജീവനക്കാരും സാധാരണജനങ്ങളും പ്രക്ഷോഭമുയര്‍ത്തുകയാണ്. ഇത്തരം പ്രക്ഷോഭങ്ങളിലൂടെമാത്രമേ ദേശീയതലത്തില്‍ വിദ്യാഭ്യാസ വാണിജ്യവല്‍ക്കരണത്തെ തടഞ്ഞുനിര്‍ത്താനാവുകയുള്ളൂ; മതേതരശക്തികളും തൊഴിലാളികളും ജീവനക്കാരും വിദ്യാര്‍ഥികളും യുവജനങ്ങളും അടങ്ങുന്ന സംഘടിതശക്തിക്കു മാത്രമേ ഭാവിതലമുറയെ ദോഷകരമായി ബാധിക്കുന്ന പ്രസ്തുത നയങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയൂ. എകെജിസിടിയുടെ 54-ാം സംസ്ഥാനസമ്മേളനം വിശദമായി ചര്‍ച്ചനടത്തി മേല്‍പ്പറഞ്ഞ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് രൂപംകൊടുക്കും.

*
പ്രൊഫ. കെ ജയകുമാര്‍ (എകെജിസിടി ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിദ്യാഭ്യാസരംഗത്തെ പ്രത്യേകിച്ചും, ഉന്നതവിദ്യാഭ്യാസരംഗത്തെ വാണിജ്യവല്‍ക്കരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഇതിന് മുന്നോടിയായാണ് ആറ് ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ദി ഫോറിന്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് (റെഗുലേഷന്‍സ് ഓഫ് എന്‍ട്രി ആന്‍ഡ് ഓപ്പറേഷന്‍സ്) ബില്‍ 2010(എഫ്ഇഐ), ദി നാഷണല്‍ കമീഷന്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ബില്‍ 2010, ദി പ്രൊഹിബിഷന്‍ ഓഫ് അണ്‍ഫെയര്‍ പ്രാക്ടീസസ് ഇന്‍ ടെക്നിക്കല്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ്, മെഡിക്കല്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ആന്‍ഡ് യൂണിവേഴ്സിറ്റീസ് ബില്‍ 2010, ദി എജ്യുക്കേഷണല്‍ ട്രിബ്യൂണല്‍സ് ബില്‍ 2010, ദി നാഷണല്‍ അക്രഡിറ്റേഷന്‍ റെഗുലേറ്ററി അതോറിറ്റി ഫോര്‍ ഹയര്‍ എജ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ബില്‍ 2010. ഇതില്‍ ആദ്യ മൂന്നു ബില്ലും ഇതുവരെയും നിയമമായിട്ടില്ല.