"എട്ട് കൊല്ലമേ ഒപ്പമുണ്ടായിരുന്നുള്ളൂ... പക്ഷേങ്കില് ഞങ്ങളിന്നും ഒരുമിച്ചാ... ജൂലൈയിലെ മഴനിറഞ്ഞുപെയ്ത ഒരു ശനിയാഴ്ച എന്റെ കൈയീന്ന് ചായയും വാങ്ങിക്കുടിച്ച് പോയതാ... പിന്നെ..." കുടുംബത്തേക്കാളുപരി തൊഴിലാളികള്‍ക്കും പ്രസ്ഥാനത്തിനും നാടിനുംവേണ്ടി ജീവിച്ച കുഞ്ഞാലിയുടെ സഹധര്‍മിണി സൈനബയുടെതാണ് ഈ വാക്കുകള്‍ . "രാത്രിയോ പകലോ ഇല്ലാതെ ജനങ്ങള്‍ക്കൊപ്പം നടക്കും. എന്ത് കേസുണ്ടായാലും ഇടപെടും"- ഇടവപ്പാതിപോലെ ഓര്‍മകളുടെ കുത്തൊഴുക്ക്. ജീവിച്ച് കൊതിതീരുംമുമ്പേ രാഷ്ട്രീയ ശത്രുക്കള്‍ വെടിവെച്ചുകൊന്ന പ്രിയതമനെപ്പറ്റി...
നാടിന്റെ പ്രിയങ്കരനായ കുഞ്ഞാലിയെക്കുറിച്ച് കോഴിക്കോട് ആഴ്ചവട്ടത്തെ വീട്ടിലിരുന്ന് അവര്‍ ഓര്‍ത്തെടുത്തു. "ഇളയ കുട്ടിക്ക് ഒരു വയസ് മാത്രം. മൂത്തവള്‍ക്കേ ബാപ്പയുടെ മുഖം ഓര്‍മയുണ്ടായിരുന്നുള്ളൂ. അന്നിറങ്ങിപ്പോയ ആ വഴികളിലേക്ക് ഞാന്‍ നോക്കിനില്‍ക്കാറുണ്ട്. വെറുതേ... മക്കള്‍ക്ക് മധുരവുമായി ഇനി കടന്നുവരില്ലെന്നറിഞ്ഞിട്ടും..." സൈനബയുടെ വാക്കുകള്‍ ഇടറി. അനുഭവങ്ങളുടെ നെരിപ്പോടുമായി നാല് പതിറ്റാണ്ടിലേറെ പിന്നിട്ട അവര്‍ കോഴിക്കോട് ആഴ്ചവട്ടത്ത് മക്കള്‍ക്കൊപ്പമാണ് താമസം.
ജീവിതംതന്നെ പോരാട്ടമാക്കിയ ധീര വിപ്ലവകാരിയുടെ അണയാത്ത ഓര്‍മകളാണ് ഏറനാടിന്റെ സിരകളെ ഇന്നും ചൂടുപിടിപ്പിക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി കൊലചെയ്യപ്പെട്ട നിയമസഭാസാമാജികന്‍ . അതും അഹിംസയുടെ അവതാരങ്ങളെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസുകാരുടെ കൈകളാല്‍ . "ചോറ് കൊടുത്തിട്ടുണ്ട്. എന്റെ മോന് ഞാനല്ലാതെ പിന്നെ ആരാ ചോറ് വിളമ്പാന്‍ . പിന്നെ ഒളിവില്‍ പാര്‍പ്പിച്ചെന്നാണ് കുറ്റമെങ്കില്‍ ഞാനവനെ പത്തുമാസം എന്റെ വയറ്റില്‍ ഒളിവില്‍ താമസിപ്പിച്ചിട്ടുണ്ട്. അതിനുള്ള ശിക്ഷകൂടി അറിയിക്കണം". കുഞ്ഞാലിയുടെ മാതാവ് ആയിഷുമ്മയുടെ വാക്കുകളാണിത്. പിടികിട്ടാപ്പുള്ളിയായ മകനെ താമസിപ്പിച്ചിരുന്നോ എന്ന കോടതിയുടെ ചോദ്യം. ധീരനായ മകന്റെ അതിധീരയായ മാതാവ് ചാട്ടുളിപോലെ നല്‍കിയ മറുപടിയില്‍ കോടതി നടുങ്ങി.
കല്‍ക്കത്ത തീസിസിന്റെ പേരില്‍ കമ്യൂണിസ്റ്റ് പാര്‍ടി നിരോധിച്ച കാലം- 1948. ഒളിവില്‍ കഴിഞ്ഞ കുഞ്ഞാലിയെ അറസ്റ്റ്ചെയ്ത പൊലീസ് കൂടെ ഉമ്മയെയും കോടതിയില്‍ ഹാജരാക്കി. അവിടത്തെ ചോദ്യത്തിനാണ് ആ ഗ്രാമീണ സ്ത്രീ ഈ മറുപടി നല്‍കിയത്. കൊണ്ടോട്ടിയില്‍ കരിക്കാടന്‍ കുഞ്ഞിക്കമ്മദിന്റെയും അമ്പലവന്‍ ആയിഷയുടെയും മകനായി 1924ലാണ് കുഞ്ഞാലിയുടെ ജനനം. ഹൈസ്കൂള്‍ പഠനത്തിനുശേഷം വായുസേനയില്‍ചേര്‍ന്നു. യുദ്ധം അവസാനിച്ചതോടെ തിരിച്ചെത്തി. വിമുക്തഭടന്മാരെ സംഘടിപ്പിച്ച് സാമൂഹ്യബന്ധം തുടങ്ങിയ അദ്ദേഹം പിന്നെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി.
തൊഴിലാളികളെ അടിമകളെപ്പോലെ കണക്കാക്കി, ഗുണ്ടകളെക്കൊണ്ട് അടിച്ചമര്‍ത്തിയ തോട്ടം മുതലാളിമാരോട് ചെറുത്തുനില്‍ക്കാന്‍ മനക്കരുത്ത് പകര്‍ന്ന കുഞ്ഞാലിയുടെ പ്രവര്‍ത്തനശൈലി അനുപമമായിരുന്നു. കേരളമാകെ അലയടിച്ച തരിശ് പ്രക്ഷോഭവും അറുപതുകളിലെ ഭൂസമരവും ഏറനാട്ടിലും ശക്തമായിരുന്നു. കുടിയിറക്കലിനെതിരായ ചെറുത്തുനില്‍പ്പിലും നിലമ്പൂരിലും പരിസരങ്ങളിലും കര്‍ഷകര്‍ക്ക് മനക്കരുത്ത് പകര്‍ന്നത് കുഞ്ഞാലി. പാര്‍ടി നിര്‍ദേശപ്രകാരം കാളികാവിലേക്ക് താമസം മാറ്റിയ അദ്ദേഹം അനീതിക്കും അരുതായ്മകള്‍ക്കുമെതിരെ ഇഞ്ചോടിഞ്ച് പൊരുതി 1969 ജൂലൈ 28ന് രക്തസാക്ഷിത്വം വരിക്കുംവരെ കാട്ടിയ പോരാട്ടവീര്യം സമാനതകളില്ലാത്തത്. 1952ല്‍ കിഴക്കനേറനാട്ടില്‍ നടന്ന തരിശുഭൂമി പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തതിന് ജയിലിലടച്ച കുഞ്ഞാലിയെ അതേ കേസിന് 54ല്‍ വീണ്ടും തടവിലിട്ടു. ശിക്ഷ കഴിഞ്ഞിറങ്ങിയ അദ്ദേഹം ഇരട്ടി ആവേശത്തില്‍ കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ചു. തങ്ങളുടെ സൈ്വരവിഹാരത്തിന് കുഞ്ഞാലി തടസമാവുകയാണെന്ന് തിരിച്ചറിഞ്ഞ വന്‍കിട ഭൂവുടമകളും ജന്മിമാരും അദ്ദേഹത്തെ വകവരുത്താന്‍ സമയം പാര്‍ത്തിരിക്കുകയായിരുന്നു. കോണ്‍ഗ്രസുകാരുടെ സഹായത്തോടെയാണ് അവര്‍ വെടിവെച്ചുകൊന്നത്. മരിക്കുമ്പോള്‍ നിലമ്പൂരിനെ രണ്ടാം തവണ നിയമസഭയില്‍ പ്രതിനിധാനം ചെയ്യുകയായിരുന്നു കുഞ്ഞാലി. 1965ലെ തെരഞ്ഞെടുപ്പില്‍ ജയിലില്‍ കിടന്നാണ് ജയിച്ചതെന്നതും ചരിത്രം.
*
ദേശാഭിമാനി 28 ഫെബ്രുവരി 2012
Subscribe to:
Post Comments (Atom)
1 comment:

Post a Comment