Thursday, February 9, 2012

വികസനത്തിന് ബദല്‍ രാഷ്ട്രീയ സംവിധാനം ഉണ്ടാവണം

ഭാരതത്തിന്റെ വികസനതന്ത്രമെന്താണ്? പുത്തന്‍ സാമ്പത്തികനയത്തിന്റെ വക്താക്കള്‍ ഇന്നും ഊന്നല്‍ നല്‍കുന്നത് ആഗോളവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനും കമ്പോളവല്‍ക്കരണത്തിനുമാണ്. വികസനത്തില്‍ ആഗോളവല്‍ക്കരണംകൊണ്ട് ഉദ്ദേശിക്കുന്നത് മൂലധനം വിദേശത്തുനിന്നും പ്രവഹിക്കുമെന്നും ആഗോളവ്യാപാരത്തില്‍നിന്നും വ്യാവസായിക വികസനം ത്വരിതഗതിയില്‍ പുരോഗമിക്കുമെന്നുമാണ്. ലോകത്തൊട്ടാകെ വിദേശവ്യാപാരത്തിലൂടെയുള്ള വളര്‍ച്ച പ്രതീക്ഷയ്ക്ക് വകനല്‍കുന്നില്ലെന്ന് മാത്രമല്ല, പ്രത്യാശയ്ക്ക് വകനല്‍കാന്‍ ഉതകുന്നതുമല്ല. ലോകബാങ്കിന്റെ ഗ്ലോബല്‍ എക്കണോമിക് പ്രോസ്‌പെറ്റസ് - 2012 ല്‍ വികസ്വരരാഷ്ട്രങ്ങളോട് ഉപദേശിച്ചിരിക്കുന്നത്, അവരുടെ കുഴപ്പങ്ങളെക്കുറിച്ച് പരിശോധിക്കുമ്പോള്‍, ആഗോളസാമ്പത്തിക തളര്‍ച്ചയും യൂറോപ്പിന്റെ കടബാധ്യതയും ഗൗരവമായി പരിഗണിക്കണമെന്നാണ്. വിദേശവ്യാപാരത്തെ ആശ്രയിച്ചുള്ള വികസനപ്രതീക്ഷകള്‍ അസ്ഥാനത്തായിരിക്കുന്നു. ഏഷ്യന്‍ വികസനബാങ്കിന്റെ 2012 ലെ ലോകവീക്ഷണത്തിലും യൂറോപ്യന്‍ കടബാധ്യതയുടെ പ്രത്യാഘാതം ചൈന ഉള്‍പ്പെടെയുള്ള ആസിയന്‍ രാജ്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നും വിദേശ കയറ്റുമതി കുറവുള്ള രാജ്യങ്ങളെ കൂടുതലായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.

വിദേശവ്യാപാരരംഗത്ത് ഇന്ത്യയ്ക്ക് വളരെ ചെറിയൊരു സ്ഥാനമേ ഉള്ളൂ. 2010-11 ലെ സാമ്പത്തിക സര്‍വേ അനുസരിച്ച് ലോകവ്യാപാരത്തില്‍ ഇന്ത്യയുടെ ഓഹരി 1.3 ശതമാനമായിരുന്നു. അതേസമയം 2009 ല്‍ ചൈനയുടേത് 9.7 ശതമാനമായിരുന്നു. 2009 ല്‍ ഇതാണ് സ്ഥിതിയെങ്കില്‍ ആഗോളസാമ്പത്തിക കുഴപ്പം രൂക്ഷമായിരിക്കുന്ന 2012 ല്‍ വിദേശവ്യാപാരം വര്‍ധിക്കില്ലെന്ന് മാത്രമല്ല, ചുരുങ്ങാനാണ് സാധ്യത. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ചൈന ആഗോളവ്യാപാരതന്ത്രം പുനഃപരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിഷയം ഇന്ത്യയുടെ പത്താം പദ്ധതിയുടെ സമീപനരേഖ പരിശോധിച്ചിരുന്നു. പത്താം പദ്ധതിയുടെ സമീപനരേഖ പേജ് അഞ്ചില്‍ പറഞ്ഞിരിക്കുന്നത്, നമ്മുടെ സമ്പദ്ഘടനയുടെ വലിപ്പവും വിദേശവ്യാപാരത്തിന്റെ അളവും പരിശോധിച്ചാല്‍ വലിയതോതിലുള്ള വളര്‍ച്ചയ്ക്കുള്ള ആവശ്യകത ആഭ്യന്തര സമ്പദ്ഘടനയില്‍ തന്നെ ഉണ്ടാവണം. അതായത് വിദേശ കമ്പോളത്തെ ആശ്രയിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയെന്ന തന്ത്രം മാറ്റിവച്ച് ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള കഴിവ് വര്‍ധിപ്പിക്കണം. പത്താം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖയിലെ ഈ സൂചനകള്‍ പന്ത്രണ്ടാം പദ്ധതിയുടെ കരട് രേഖ പാടെ വിസ്മരിച്ചിരിക്കുന്നു.

ആഭ്യന്തര കമ്പോളം വികസിപ്പിക്കണമെങ്കില്‍ അതിന് ബോധപൂര്‍വമായ പരിശ്രമവും നയപരിപാടികളും ആവശ്യമാണ്. ഇന്ന് രാജ്യത്തെ ജനസംഖ്യയില്‍ പത്ത്-ഇരുപത് ശതമാനം പേര്‍ക്ക് എന്തും വാങ്ങാനുള്ള കഴിവുണ്ട്. യൂറോപ്പിലെ പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യ വലിയൊരു കമ്പോളമാണ്. രാജ്യത്തെ പത്ത് കോടിക്കും ഇരുപത് കോടിക്കും മധ്യേ വരുന്ന ജനങ്ങളാണ് ആ കമ്പോളം. ഇവരില്‍ ഭൂരിഭാഗവും ആകൃഷ്ടരാവുന്നത് ആഭ്യന്തര ഉല്‍പ്പന്നങ്ങളിലല്ല. ഇവരെ കൂടുതല്‍ ആകര്‍ഷിക്കുന്നത് വിദേശനിര്‍മിത ആഡംബരവസ്തുക്കളാണ്.

ആഭ്യന്തര കമ്പോളം വികസിപ്പിക്കുകയെന്ന് പറഞ്ഞാല്‍ രാജ്യത്തെ 120 കോടി ജനങ്ങള്‍ക്ക് വാങ്ങാനുള്ള കഴിവുണ്ടാവുകയെന്നാണ്. ഉദാഹരണത്തിന് രാജ്യത്തെ ഒരു വര്‍ഷം രണ്ട് വസ്ത്രങ്ങള്‍ വീതം വാങ്ങാന്‍ തീരുമാനിച്ചാല്‍ അതിന് അവര്‍ക്ക് കഴിവുണ്ടായാല്‍ ഇന്നുള്ളതിന്റെ എത്രയോ മടങ്ങ് ടെക്‌സ്റ്റൈല്‍ മില്ലുകള്‍ വേണ്ടിവരും. ഇതുവഴി എത്രയോ പേര്‍ക്ക് പുതുതായി ജോലി ലഭിക്കും. ഭക്ഷണത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. രാജ്യത്തെ എല്ലാവരും നേരാവണ്ണം ഭക്ഷണം കഴിച്ചാല്‍ ഭക്ഷ്യോല്‍പ്പാദനം ഇന്നുള്ളതിന്റെ ഇരട്ടിയിലധികം വേണം. രാജ്യത്ത് ഇപ്പോഴത്തെ ഭക്ഷ്യോല്‍പ്പാദനം ശരാശരി 200 ദശലക്ഷത്തിലും അല്‍പ്പം കൂടുതലാണ്. അതേസമയം ചൈനയുടെ ഭക്ഷ്യോല്‍പ്പാദനം ഇന്ത്യയുടേതിനേക്കാള്‍ ഇരട്ടിയിലധികമാണ്. എന്നിട്ടും അവരുടെ ഉപഭോഗത്തിന് തികയുന്നില്ല. അപ്പോള്‍ നമ്മുടെ ഭക്ഷ്യോല്‍പ്പാദനം ഇരട്ടിയിലധികം ആകുകയാണ് വേണ്ടത്. അത് വാങ്ങാനുള്ള കഴിവ് സാധാരണക്കാര്‍ക്ക് ഉണ്ടാവുകയെന്നതാണ്. ഇതേ പംക്തിയില്‍ നേരത്തെ സൂചിപ്പിച്ചിട്ടുള്ളതുപോലെ രാജ്യത്ത് ആളോഹരി ഭക്ഷ്യലഭ്യത വര്‍ഷംതോറും കുറഞ്ഞുവരുന്നു. 2010-11 സാമ്പത്തികസര്‍വേ അനുസരിച്ച് (എ22), 1991 ല്‍ പ്രതീശീര്‍ഷ ഭക്ഷ്യലഭ്യത 468.5 ഗ്രാം ആയിരുന്നത്, 2009 ല്‍ 394.28 ഗ്രാം ആയി. ഹങ്കര്‍ ആന്‍ഡ് മാല്‍ന്യൂട്രീഷ്യന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചത് ദേശീയ അപമാനമെന്നാണ്. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞത്, അഞ്ച് വയസിനുതാഴെ പ്രായമുള്ള 42 ശതമാനം കുട്ടികള്‍ക്കും ഭക്ഷണമില്ലാതെ വളര്‍ച്ച മുരടിച്ചിരിക്കുന്നുവെന്നാണ്. രാജ്യത്തെ പകുതിയിലേറെപ്പേര്‍ക്കും സ്വന്തം കുഞ്ഞുങ്ങള്‍ക്ക് വിശപ്പടക്കാന്‍ ഭക്ഷണം നല്‍കാന്‍ കഴിയാതിരിക്കുമ്പോള്‍ ആഭ്യന്തര കമ്പോളം എങ്ങനെ വികസിപ്പിക്കും?

2011 ലെ സെന്‍സസ് അനുസരിച്ച് രാജ്യത്തെ 823 ദശലക്ഷം ജനങ്ങള്‍ ഗ്രാമങ്ങളിലാണ്. പ്രധാനമായും കൃഷിയെയും അനുബന്ധ വ്യവസായങ്ങളെയും ആശ്രയിച്ച് ജീവിക്കുന്നവരാണിവര്‍. പുത്തന്‍ സാമ്പത്തികനയം ഈ മേഖലയെ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണ്. 1995 മുതല്‍ 2010 വരെ കടഭാരംകൊണ്ട് 2,56,910 കൃഷിക്കാര്‍ ആത്മഹത്യ ചെയ്തു. ഈ പ്രശ്‌നം 12-ാം പദ്ധതിയുടെ കരട് രേഖയില്‍ പരാമര്‍ശിക്കുന്നതേ ഇല്ല. ആഭ്യന്തര കമ്പോളം വികസിക്കണമെങ്കില്‍ ഗ്രാമീണ ജനങ്ങളുടെ വാങ്ങാനുള്ള കഴിവ് വര്‍ധിക്കണം. ഇതിന് ഒരു നടപടിയും പദ്ധതിരേഖയില്‍ ഇല്ല.

ഇതുതന്നെയാണ് തൊഴില്‍മേഖലയുടെയും സ്ഥിതി. സംഘടിതമേഖലയില്‍ തൊഴിലില്ലായ്മാനിരക്ക് വര്‍ധിക്കുന്നു. 2010-11 സാമ്പത്തികസര്‍വെ അനുസരിച്ച് (എ52) സംഘടിതമേഖലയില്‍ 1991 ല്‍ മൊത്തം 267.38 ലക്ഷം പേര്‍ പണിയെടുത്തിരുന്നു. 2008 ല്‍ 275.10 ലക്ഷം പേരാണ് സംഘടിത തൊഴില്‍മേഖലയില്‍ ഉള്ളത്. 1983 മുതല്‍ 1994 വരെ തൊഴില്‍മേഖലയിലെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 1.2 ശതമാനമായിരുന്നത് 1994 മുതല്‍ 2008 വരെ 0.05 ദശലക്ഷമായി. തൊഴിലാളികളുടെ ക്രയശക്തി പരിമിതപ്പെട്ടുകൊണ്ടിരിക്കുകയാണ്.

കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രഫ സെന്‍ഗുപ്ത അധ്യക്ഷനായ അസംഘടിതമേഖലയെക്കുറിച്ച് പഠിച്ച ദേശീയ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ 77 ശതമാനം ജനങ്ങളുടെ പ്രതിദിനം വരുമാനം 20 രൂപയ്ക്ക് താഴെയാണെന്നതാണ്. ഇവര്‍ക്ക് എന്ത് വാങ്ങാനുള്ള കഴിവാണുള്ളത്.

ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിന്റെയും ക്രയശക്തി നശിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍നിന്നും രാജ്യത്തെ രക്ഷിക്കണമെങ്കില്‍ കോണ്‍ഗ്രസും ബി ജെ പിയും പിന്തുടരുന്ന പുത്തന്‍ സാമ്പത്തികനയത്തിന് ബദലായി ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കാനുതകുന്ന ഒരു നയം നടപ്പാക്കണം. പൊതുമേഖലയ്ക്ക് നിര്‍ണായക സ്വാധീനമുള്ളൊരു സമ്പദ്ഘടന കെട്ടിപ്പടുക്കണം.

ഇന്നത്തെ നയം രാജ്യത്ത് നാല് ലക്ഷം കോടീശ്വരന്‍മാരെ സൃഷ്ടിച്ചു. എന്നാല്‍ ഇന്ത്യ വികസിക്കണമെങ്കില്‍ മഹാഭൂരിപക്ഷത്തിന്റെയും വരുമാനം വര്‍ധിക്കാന്‍ ഉതകുന്നതരത്തില്‍ നീതിപൂര്‍വമായൊരു വിതരണക്രമം ഉണ്ടാവണം. ഇത്തരുമൊരു നയം നടപ്പിലാക്കണമെങ്കില്‍ ഇടതുപക്ഷശക്തികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഒരു ബദല്‍ രാഷ്ട്രീയ സംവിധാനം രാജ്യത്ത് ഉണ്ടാവണം.

*
ഇ ചന്ദ്രശേഖരന്‍ നായര്‍ ജനയുഗം 07 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഭാരതത്തിന്റെ വികസനതന്ത്രമെന്താണ്? പുത്തന്‍ സാമ്പത്തികനയത്തിന്റെ വക്താക്കള്‍ ഇന്നും ഊന്നല്‍ നല്‍കുന്നത് ആഗോളവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനും കമ്പോളവല്‍ക്കരണത്തിനുമാണ്. വികസനത്തില്‍ ആഗോളവല്‍ക്കരണംകൊണ്ട് ഉദ്ദേശിക്കുന്നത് മൂലധനം വിദേശത്തുനിന്നും പ്രവഹിക്കുമെന്നും ആഗോളവ്യാപാരത്തില്‍നിന്നും വ്യാവസായിക വികസനം ത്വരിതഗതിയില്‍ പുരോഗമിക്കുമെന്നുമാണ്. ലോകത്തൊട്ടാകെ വിദേശവ്യാപാരത്തിലൂടെയുള്ള വളര്‍ച്ച പ്രതീക്ഷയ്ക്ക് വകനല്‍കുന്നില്ലെന്ന് മാത്രമല്ല, പ്രത്യാശയ്ക്ക് വകനല്‍കാന്‍ ഉതകുന്നതുമല്ല. ലോകബാങ്കിന്റെ ഗ്ലോബല്‍ എക്കണോമിക് പ്രോസ്‌പെറ്റസ് - 2012 ല്‍ വികസ്വരരാഷ്ട്രങ്ങളോട് ഉപദേശിച്ചിരിക്കുന്നത്, അവരുടെ കുഴപ്പങ്ങളെക്കുറിച്ച് പരിശോധിക്കുമ്പോള്‍, ആഗോളസാമ്പത്തിക തളര്‍ച്ചയും യൂറോപ്പിന്റെ കടബാധ്യതയും ഗൗരവമായി പരിഗണിക്കണമെന്നാണ്. വിദേശവ്യാപാരത്തെ ആശ്രയിച്ചുള്ള വികസനപ്രതീക്ഷകള്‍ അസ്ഥാനത്തായിരിക്കുന്നു. ഏഷ്യന്‍ വികസനബാങ്കിന്റെ 2012 ലെ ലോകവീക്ഷണത്തിലും യൂറോപ്യന്‍ കടബാധ്യതയുടെ പ്രത്യാഘാതം ചൈന ഉള്‍പ്പെടെയുള്ള ആസിയന്‍ രാജ്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നും വിദേശ കയറ്റുമതി കുറവുള്ള രാജ്യങ്ങളെ കൂടുതലായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.