Thursday, February 9, 2012

ദരിദ്രമാകുന്ന സമ്പദ്ഘടന

ആഗോളവല്‍ക്കരണവും അതിന് ശക്തിപകരാന്‍ നടപ്പാക്കിയ നവലിബറല്‍ നയങ്ങളും രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും അത് ജനജീവിതം മത്സരാധിഷ്ഠിതമാക്കി മെച്ചപ്പെടുത്തുമെന്നുമൊക്കെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഇക്കാലമത്രയും പറഞ്ഞുകൊണ്ടിരുന്നത്. വളര്‍ച്ചയുടെയും വികസനത്തിന്റെയും പുതിയ ഉയരങ്ങള്‍ സ്വന്തമാക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കുമെന്നും കൊട്ടിഘോഷിച്ചിരുന്നു. എന്നാല്‍ , ഈ നയങ്ങള്‍ രാജ്യത്തെ സാമ്പത്തികത്തകര്‍ച്ചയിലേക്ക് നയിക്കുകയും ജനജീവിതം ദുരിതപൂര്‍ണമാക്കുകയും ചെയ്യുമെന്ന് സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും മുന്നറിയിപ്പുനല്‍കിയിരുന്നു. സാമ്പത്തികത്തകര്‍ച്ച, ഭക്ഷ്യപണപ്പെരുപ്പം, നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവയായിരിക്കും ഇതിന്റെ ഫലമായി രൂപപ്പെടുകയെന്നും ഇത് ആത്യന്തികമായി ജനജീവിതം ദുസ്സഹമാക്കുമെന്നും സിപിഐ എമ്മും മറ്റും ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം അക്ഷരാര്‍ഥത്തില്‍ ശരിയാണെന്ന് സര്‍ക്കാരിന് ഔദ്യോഗികമായിത്തന്നെ സമ്മതിക്കേണ്ടിവരുന്നുവെന്നാണ് സമീപകാല സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.

2011-12 വര്‍ഷം രാജ്യത്തെ പ്രതീക്ഷിത സാമ്പത്തികവളര്‍ച്ച ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴുമെന്നും ഇത് 6.90 ശതമാനമായിരിക്കുമെന്നുമുള്ള കേന്ദ്ര സ്ഥിതിവിവര സംഘടന(സിഎസ്ഒ)യുടെ കണക്കാണ് സമ്പദ്ഘടനയുടെ ദുര്‍ബലാവസ്ഥയെപ്പറ്റി വീണ്ടും ആശങ്കപ്പെടാന്‍ ഇടയാക്കുന്നത്. 2010-11 സാമ്പത്തികവര്‍ഷം 8.40 ശതമാനമായിരുന്ന സാമ്പത്തികവളര്‍ച്ച 6.90ലേക്ക് കൂപ്പുകുത്തിയത് ഉല്‍പ്പന്നനിര്‍മാണം, കൃഷി, ഖനനം എന്നീ മേഖലകളിലുണ്ടായ പിന്നോട്ടടി കാരണമാണെന്നാണ് സിഎസ്ഒ നിരീക്ഷിക്കുന്നത്. കൃഷിയിലും അനുബന്ധമേഖലകളിലുമാണ് ഗണ്യമായ ഇടിവുണ്ടായതെന്നും റിപ്പോര്‍ട്ട് പറയുന്നു. പോയ സാമ്പത്തികവര്‍ഷം ഏഴ്ശതമാനമായിരുന്ന കാര്‍ഷികവളര്‍ച്ച 2011-12ല്‍ രണ്ടരശതമാനത്തിലേക്ക് താഴ്ന്നു. അതുപോലെ ഉല്‍പ്പന്നനിര്‍മാണ മേഖലയിലെ 7.60 ശതമാനം വളര്‍ച്ച 3.90 ശതമാനമായി കുറഞ്ഞു. ഖനനമേഖലയില്‍ അഞ്ച് ശതമാനമായിരുന്ന വളര്‍ച്ചയില്‍ 2.20 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചു.

നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നതിന്റെ രണ്ടാംഘട്ടത്തിന്റെ പ്രാരംഭദിശയാണിപ്പോള്‍ . ഒന്നാംഘട്ട പരിഷ്കാരങ്ങളുടെ നേട്ടം ഈ ഘട്ടത്തില്‍ അനുഭവപ്പെടുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം(ജിഡിപി) രണ്ടക്കവളര്‍ച്ചയിലേക്കെത്തുമെന്നും അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ , ഇങ്ങനെയൊന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല, ജിഡിപി ഗണ്യമായി കുറയുകയും ചെയ്തു. 2009-10 ലും 2010-11 ലും 8.40 ശതമാനമായിരുന്ന ജിഡിപി യാണ് ഈ വര്‍ഷം 6.90 ലേക്ക് താഴ്ന്നിരിക്കുന്നത്. പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ഏതാണ്ട് മൂന്നു ശതമാനത്തിന്റെ കുറവുണ്ടായി എന്നര്‍ഥം. മുന്‍വര്‍ഷങ്ങളില്‍ ഒമ്പത് ശതമാനം വളര്‍ച്ച കൈവരിക്കാതിരുന്നതിന് കാരണം ആഗോള സാമ്പത്തികമാന്ദ്യമാണെന്നായിരുന്നു പറഞ്ഞിരുന്നത്. നടപ്പുസാമ്പത്തികവര്‍ഷം സ്ഥിതി മെച്ചപ്പെടുമെന്നും ഒമ്പതു ശതമാനം വളര്‍ച്ച സാധ്യമാകുമെന്നുമായിരുന്നു യുപിഎ നേതൃത്വവും ആസൂത്രണ കമീഷനും പറഞ്ഞിരുന്നത്. അത് ഏഴിലും താഴ്ന്നു എന്നത് സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ മുഴുവന്‍ പൊള്ളയാണെന്ന് തെളിയിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സമ്പദ്സ്ഥിതി ഒട്ടും ഭദ്രമല്ലെന്നും സൂചിപ്പിക്കുന്നു. ഇത്തരമൊരു തകര്‍ച്ചയിലേക്ക് രാജ്യത്തെ കൊണ്ടെത്തിച്ചത് കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നുവരുന്ന ജനവിരുദ്ധനയങ്ങളും നടപടികളുമാണെന്ന് കണ്ടെത്താന്‍ വിഷമമില്ല.

2008ലെ ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ആഘാതത്തില്‍ നിന്ന് രാജ്യത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത് പ്രധാനമായും പൊതുമേഖലയുടെ കരുത്തിലായിരുന്നു. അന്ന് പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനും അവയെ സ്വകാര്യവല്‍ക്കരിക്കാനും നടത്തിയ നീക്കങ്ങളെ ചെറുത്തുതോല്‍പ്പിച്ചത് കേന്ദ്രഭരണത്തെ പുറത്തുനിന്ന് പിന്തുണച്ച ഇടതുപക്ഷമായിരുന്നു. എന്നാല്‍ , ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതോടെ ഓഹരിവില്‍പ്പനയും സ്വകാര്യവല്‍ക്കരണവും വര്‍ധിതവീര്യത്തോടെ നടപ്പാക്കിത്തുടങ്ങി. ഓഹരിവില്‍പ്പന വഴി ബജറ്റില്‍ വിഭവസമാഹരണത്തിന് ശ്രമിച്ചു. 2009ല്‍ മാത്രം 47,500 കോടിയുടെ പൊതുമേഖലാ ഓഹരികളാണ് വിറ്റഴിച്ചത്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന എല്ലാ പൊതുമേഖലാസ്ഥാപനങ്ങളോടും 10 ശതമാനം ഓഹരി സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശിച്ചു. എണ്ണ-വാതക മേഖലകള്‍ സ്വകാര്യവല്‍ക്കരിച്ചതിലൂടെ പ്രകൃതിവാതക ഉല്‍പ്പാദനത്തില്‍ സ്വകാര്യമേഖല പൊതുമേഖലയെ കടത്തിവെട്ടി. ഖനനമേഖലയും ദേശീയ-വിദേശ കോര്‍പറേറ്റുകള്‍ക്ക് തുറന്നുകൊടുത്തു. ഇന്‍ഷുറന്‍സ്-ബാങ്കിങ് മേഖലകളില്‍ പ്രത്യക്ഷ വിദേശനിക്ഷേപ(എഫ്ഡിഐ)ത്തിന് നീക്കങ്ങള്‍ ആരംഭിച്ചു. ധനകമ്മി കുറയ്ക്കാനെന്ന് പറഞ്ഞാണ് വിദേശനിക്ഷേപത്തെ സ്വാഗതം ചെയ്തത്. ഇതിനൊപ്പം പെന്‍ഷന്‍ഫണ്ട് സ്വകാര്യവല്‍ക്കരിക്കാനും ശ്രമം തുടങ്ങി. ഇതിനായി പിഎഫ്ആര്‍ഡിഎ ബില്‍ പാസാക്കാന്‍ യുപിഎയ്ക്കൊപ്പം ബിജെപിയും ചേര്‍ന്നു. ഇത് സാമ്പത്തികമേഖലയില്‍ കോര്‍പറേറ്റുകള്‍ക്കും ധനമൂലധന ശക്തികള്‍ക്കും കൂടുതല്‍ ആധിപത്യമുണ്ടാക്കി. കോര്‍പറേറ്റുകള്‍ക്ക് വന്‍തോതില്‍ ഇളവുകള്‍ നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറായി. 2008-11 കാലത്ത് 2,28,045 കോടിയുടെ ഇളവുകളാണ് നല്‍കിയത്.

പണപ്പെരുപ്പവും വിലക്കയറ്റവും തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടതാണ് സാമ്പത്തികത്തകര്‍ച്ചയ്ക്ക് ആധാരമായ മറ്റൊരു വസ്തുത. 2011 നവംബറില്‍ 9.10 ശതമാനമായിരുന്നു പണപ്പെരുപ്പം. 2008 സെപ്തംബര്‍ മുതല്‍ 2011 ഒക്ടോബര്‍ വരെയുള്ള 38 മാസക്കാലം പണപ്പെരുപ്പം 10 ശതമാനത്തിലേറെയായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭക്ഷ്യപണപ്പെരുപ്പം രണ്ടക്കത്തിലെത്തിയത് അന്ന് ആദ്യമായിട്ടായിരുന്നു. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും ഊഹക്കച്ചവടവും തലതിരിഞ്ഞ വിദേശനയവുമൊക്കെയായിരുന്നു ഇതിന് കാരണം. 2010 ജൂണില്‍ പെട്രോളിന്റെ വിലനിയന്ത്രണാധികാരം സര്‍ക്കാര്‍ കൈയൊഴിഞ്ഞതും സ്ഥിതിഗതികള്‍ രൂക്ഷമാക്കി. രൂപയുടെ മൂല്യത്തകര്‍ച്ചയും റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിച്ചതും വിലവര്‍ധനയ്ക്ക് കാരണമായി. തൊഴില്‍ വളര്‍ച്ചനിരക്ക് കുറഞ്ഞതും പ്രശ്നമായി. 2000-2005 ല്‍ 2.70 ശതമാനമായിരുന്ന തൊഴില്‍ വളര്‍ച്ചനിരക്ക് 2005-2010 ല്‍ 0.80 ശതമാനമായി കുറഞ്ഞു. ജിഡിപിയിലെ കുറവ് തൊഴില്‍ വളര്‍ച്ചനിരക്ക് വീണ്ടും ഇടിയാന്‍ ഇടയാക്കും. ഈ പ്രവണതകളൊക്കെ സൂചിപ്പിക്കുന്നത് സമ്പദ്ഘടന കൂടുതല്‍ തകര്‍ച്ചയിലേക്ക് ഇനിയും നീങ്ങുമെന്നുതന്നെയാണ്. അത്തരമൊരു ദുരന്തം സംഭവിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളിലും നടപടികളിലും മൗലികമായ പൊളിച്ചെഴുത്താണ് വേണ്ടത്. അതിന് സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കാന്‍ ജനകീയപോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുക മാത്രമാണ് പോംവഴി.

*
Deshabhimani Editorial 09 February 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആഗോളവല്‍ക്കരണവും അതിന് ശക്തിപകരാന്‍ നടപ്പാക്കിയ നവലിബറല്‍ നയങ്ങളും രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും അത് ജനജീവിതം മത്സരാധിഷ്ഠിതമാക്കി മെച്ചപ്പെടുത്തുമെന്നുമൊക്കെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഇക്കാലമത്രയും പറഞ്ഞുകൊണ്ടിരുന്നത്. വളര്‍ച്ചയുടെയും വികസനത്തിന്റെയും പുതിയ ഉയരങ്ങള്‍ സ്വന്തമാക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കുമെന്നും കൊട്ടിഘോഷിച്ചിരുന്നു. എന്നാല്‍ , ഈ നയങ്ങള്‍ രാജ്യത്തെ സാമ്പത്തികത്തകര്‍ച്ചയിലേക്ക് നയിക്കുകയും ജനജീവിതം ദുരിതപൂര്‍ണമാക്കുകയും ചെയ്യുമെന്ന് സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും മുന്നറിയിപ്പുനല്‍കിയിരുന്നു. സാമ്പത്തികത്തകര്‍ച്ച, ഭക്ഷ്യപണപ്പെരുപ്പം, നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവയായിരിക്കും ഇതിന്റെ ഫലമായി രൂപപ്പെടുകയെന്നും ഇത് ആത്യന്തികമായി ജനജീവിതം ദുസ്സഹമാക്കുമെന്നും സിപിഐ എമ്മും മറ്റും ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം അക്ഷരാര്‍ഥത്തില്‍ ശരിയാണെന്ന് സര്‍ക്കാരിന് ഔദ്യോഗികമായിത്തന്നെ സമ്മതിക്കേണ്ടിവരുന്നുവെന്നാണ് സമീപകാല സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.