Tuesday, February 21, 2012

ഇടതുപക്ഷ ഐക്യം

ഗൗരവമേറിയ രാഷ്ട്രീയ ചര്‍ച്ചയുടെ വേദിയായിരുന്നു സിപിഐ എമ്മിന്റെ സംസ്ഥാന സമ്മേളനം. എന്നാല്‍ , സമ്മേളനത്തെ വിവാദങ്ങളില്‍ തളച്ചിടാനായിരുന്നു ചില മാധ്യമങ്ങള്‍ ബോധപൂര്‍വം ശ്രമിച്ചത്. അതില്‍ ആദ്യത്തേത് ചരിത്ര പ്രദര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നു. മൂന്നു ലക്ഷത്തിലധികംപേര്‍ ചരിത്രത്തെ സംബന്ധിച്ച ഒരു പ്രദര്‍ശനം കാണാന്‍ വരുന്നത് ഒരുപക്ഷേ ലോകത്തുതന്നെ അപൂര്‍വ സംഭവമായിരിക്കും. ലോകത്തിലെ രക്തസാക്ഷികളുടെ കൂട്ടത്തില്‍ യേശുക്രിസ്തുവിനെ ഉള്‍പ്പെടുത്തിയതാണ് ചില മാധ്യമങ്ങളെയും ഒരു ചെറുവിഭാഗം പുരോഹിതരെയും ചൊടിപ്പിച്ചത്. വേണമെങ്കില്‍ ഗൗരവമായ സംവാദത്തിലേക്ക് വാതില്‍ തുറക്കാവുന്ന വിഷയമായിരുന്നു അത്. അതിനെ വിവാദത്തിലേക്ക് തള്ളിയിട്ട് വിശ്വാസികളില്‍ സിപിഐ എം വിരുദ്ധത സൃഷ്ടിക്കാനായിരുന്നു ശ്രമം. ഇതു സംബന്ധിച്ച നിരീക്ഷണങ്ങള്‍ കഴിഞ്ഞ ലക്കം കാഴ്ചവട്ടത്തില്‍ സൂചിപ്പിച്ചിരുന്നു. രണ്ടാമത്തെ വിവാദം സിപിഐ എം-സിപിഐ ബന്ധത്തെയും ഇടതുപക്ഷ ഐക്യത്തെയും കുറിച്ചായിരുന്നു. അതിനു സഹായകരമായ നിലപാട് ഇടതുപക്ഷത്തുള്ള ചിലര്‍ തന്നെ സ്വീകരിച്ചുവെന്നതും യാഥാര്‍ഥ്യമാണ്.

സിപിഐയുമായുള്ള തര്‍ക്കം ഒഴിവാക്കാനാകുമായിരുന്നില്ലേയെന്ന് ചിന്തിക്കുന്നവരും ഇടതുപക്ഷത്തുണ്ട്. അനാവശ്യമായ തര്‍ക്കങ്ങള്‍ ഒഴിവാക്കേണ്ടതാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. സിപിഐ എം നേതൃത്വം സ്വീകരിച്ച നിലപാടും അതുതന്നെയാണ്. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി പാര്‍ടി സെക്രട്ടറി പിണറായി വിജയന്‍ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനവും മറ്റു ചില മാധ്യമങ്ങളില്‍വന്ന അഭിമുഖങ്ങളിലും ഇടതുപക്ഷ ഐക്യത്തിനെതിരായ ഒരു ചെറു സൂചനപോലും കണ്ടെത്താന്‍ കഴിയില്ല. കമ്യൂണിസ്റ്റ് പാര്‍ടി സമ്മേളനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗൗരവമായ രാഷ്ട്രീയ വിഷയങ്ങളില്‍ കേന്ദ്രീകരിച്ച പ്രതികരണങ്ങളായിരുന്നു അവ. ഇടതുപക്ഷ ഐക്യത്തിന്റെ അനിവാര്യത തന്നെയാണ് അതിലെല്ലാം വരച്ചുകാണിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ , സിപിഐയുടെ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിനു നല്‍കിയ അഭിമുഖം വായിക്കുന്നൊരാള്‍ അമ്പരന്നുപോകും. സിപിഐ എമ്മാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് തോന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ മാത്രമേ ആ അഭിമുഖത്തിലുള്ളു. കവല പ്രസംഗത്തില്‍ രാഷ്ട്രീയ ശത്രുക്കള്‍ പറയുന്നതിനേക്കാളും തരം താണ പരാമര്‍ശങ്ങളും അദ്ദേഹം നടത്തുകയുണ്ടായി. പാര്‍ടിയുടെ അഭ്യന്തര കാര്യങ്ങളില്‍വരെ അഭിപ്രായം പറയുന്ന ഒട്ടും മര്യാദയില്ലാത്ത സമീപനം സാധാരണഗതിയില്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയില്‍നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പതിനായിരക്കണക്കിനു പാര്‍ടി സഖാക്കള്‍ സമര്‍പ്പണമനസോടെ പ്രവര്‍ത്തിച്ച് സംഘടിപ്പിച്ച സമ്മേളനം ഇവന്റ് മാനേജ്മെന്റ് ടീം ആണ് നടത്തുന്നതെന്നുവരെ പറയാനും മടിച്ചില്ല. ഈ പരാമര്‍ശങ്ങളോട് പ്രതികരിക്കേണ്ടത് ഒരു രാഷ്ട്രീയപാര്‍ടിയെന്ന നിലയില്‍ സിപിഐ എമ്മിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. അതു നിര്‍വഹിക്കുമ്പോഴും പരമാവധി സഹിഷ്ണുത കാണിക്കാനാണ് സിപിഐ എം നേതൃത്വം ശ്രമിച്ചത്.

സിപിഐ എമ്മിനെ അധിക്ഷേപിക്കാന്‍ ശ്രമിച്ച അഭിമുഖത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ പരാമര്‍ശങ്ങളൊന്നുമില്ലാത്തത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. സിപിഐ എമ്മിനെ തോല്‍പ്പിച്ചാണ് താന്‍ പണ്ട് ജയിച്ചതെന്ന കാര്യം ഇന്നത്തെ കാലത്ത് എന്തിനാണ് ചന്ദ്രപ്പന്‍ ഓര്‍മിപ്പിക്കാന്‍ ശ്രമിച്ചത്? എ കെ ജിയുടെ നേതൃത്വത്തില്‍ നടന്നതും കേരളത്തിന്റെ സമരചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നുമായ മിച്ചഭൂമി സമരത്തെ പുച്ഛത്തോടെ അധിക്ഷേപിക്കാന്‍ ഇന്നത്തെ കേരളത്തില്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ചിന്തയെന്താണ്? ഇത്തരം ചോദ്യങ്ങള്‍ സ്വഭാവികമാണ്. അപ്പോഴാണ് ശക്തനായ ഡാങ്കേയിസ്റ്റായിരുന്നു ചന്ദ്രപ്പന്‍ എന്ന കാര്യം ഓര്‍മിപ്പിക്കേണ്ടിവന്നത്. സിപിഐ സ്വീകരിച്ച രാഷ്ട്രീയ ലൈനിനെ എതിര്‍ക്കുകയും കോണ്‍ഗ്രസിന്റെ വക്താവായി അധഃപതിക്കുകയും ചെയ്തതുകൊണ്ടാണ് ഡാങ്കേയെ സിപിഐക്കു തന്നെ പുറത്താക്കേണ്ടിവന്നത്. എന്താണ് ഡാങ്കേയുടെ കുറവെന്ന് സി ദിവാകരന്‍ പൊതുയോഗത്തില്‍ ഉറക്കെ ചോദിക്കുന്നതുകണ്ടപ്പോള്‍ അദ്ദേഹത്തെ പുറത്താക്കിയത് സിപിഐ എമ്മാണ് എന്നു തോന്നിപോകും. കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിക്കുകയും സിപിഐയുടെ നയത്തെ വെല്ലുവിളിക്കുകയും ചെയ്തതിന് അവരു തന്നെ പുറത്താക്കിയ ഡാങ്കേ ഇപ്പോള്‍ സ്വീകാര്യനായെങ്കില്‍ അതിനു മറുപടി പറയേണ്ടത് സി ദിവാകരന്‍ തന്നെയാണ്.

ഡാങ്കേയെ പുറത്താക്കിയ കൂട്ടത്തില്‍ സിപിഐയുടെ കേന്ദ്ര എക്സിക്യൂട്ടിവിലുണ്ടായിരുന്നൊരാളെ ദേശീയ കൗണ്‍സിലിലേക്ക് തരംതാഴ്ത്തിയ കാര്യം സി കെ ചന്ദ്രപ്പന്‍ മറന്നിട്ടുണ്ടാകില്ല. അന്ന് ഡാങ്കേക്കും ചന്ദ്രപ്പനുമൊപ്പം നിലപാട് സ്വീകരിച്ചയാളാണ് പഞ്ചാബ് സംസ്ഥാന സെക്രട്ടറിയായിരുന്ന യോഗീന്ദര്‍സിങ് ദയാല്‍ . അദ്ദേഹം സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴാണ് ദേശീയതലത്തിലുള്ള കോണ്‍ഗ്രസ് വിരുദ്ധ നിലപാടിനു വിരുദ്ധമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ കോണ്‍ഗ്രസ് മുന്നണിയില്‍ മത്സരിച്ചത്. ആ മുന്നണി ബന്ധം കൊണ്ട് സിപിഐക്ക് ഗുണമുണ്ടായി! രണ്ട് എംഎല്‍എമാരെ വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞു. അവര്‍ക്ക് പിന്നീട് എന്തു സംഭവിച്ചെന്ന പഞ്ചാബ് പാഠം പലര്‍ക്കും പഠിക്കാവുന്നതാണ്. ഈ രണ്ട് എംഎല്‍എമാരും ഒടുവില്‍ അഭയം തേടിയത് കോണ്‍ഗ്രസിലാണ്. ഇതെല്ലാം ഉള്‍ക്കൊണ്ടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബ്രേക്കപ്പ്; ഒഴിവാക്കി വീണ്ടും ഇടതുപക്ഷ ഐക്യം എന്ന ശരിയായ നിലപാട് സ്വീകരിക്കാന്‍ അവിടെ നിര്‍ബന്ധിതമായത്.

സിപിഐയുടെ സമ്മേളനത്തിനു മാധ്യമശ്രദ്ധ കിട്ടാത്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു അഭിമുഖത്തിനു ചന്ദ്രപ്പന്‍ തയ്യാറായതെന്ന് ചിലര്‍ പറയുന്നുണ്ട്. ഇടതുപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്നതിലൂടെ ഏതു മാധ്യമ ശ്രദ്ധകിട്ടിയിട്ടും എന്താണ് കാര്യം. അതെല്ലാം അനല്‍പ്പമായ സന്തോഷം മാത്രം നല്‍കുന്നതാണ്.

കൂടുതല്‍ ശക്തമായ ഇടതുപക്ഷ ഐക്യത്തിനാണ് സിപിഐ എമ്മിന്റെ കരട് രാഷ്ട്രീയ നയം പ്രാധാന്യം നല്‍കുന്നത്. അതുതന്നെയാണ് സിപിഐയുടേയും അഖിലേന്ത്യാ നയം. സിപിഐ എമ്മിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയും ഇടതുപക്ഷ ഐക്യം ഊട്ടിയുറപ്പിച്ചും മാത്രമേ മറ്റു മതനിരപേക്ഷ പാര്‍ടികളെ കൂടി അണിനിരത്തി ഇടതുപക്ഷ ജനാധിപത്യ ബദല്‍ രൂപപ്പെടുത്താന്‍ സാധ്യമാവുകയുള്ളു. ഇന്നത്തെ രാഷ്ട്രീയ മണ്ഡലത്തില്‍ ഇടതുപക്ഷത്തിനു പഴയതുപോലെ വിലപേശല്‍ കഴിവില്ല. ഇരുപാര്‍ടികളുടേയും സ്വാധീനത്തിനുണ്ടായ കുറവുകള്‍ കണ്ടറിഞ്ഞ് പരിഹരിക്കുകയും കരുത്ത് സമാഹരിക്കാന്‍ ശ്രമിക്കുകയുമാണ് ഈ ഘട്ടത്തില്‍ അത്യാവശ്യമായിട്ടുള്ളത്. പ്രധാന പാര്‍ടിയെന്ന നിലയില്‍ ഇടതുപക്ഷ ഐക്യത്തിനായി നേതൃത്വപരമായ പങ്ക് വഹിക്കുന്നതിനാണ് സിപിഐ എം ശ്രമിക്കുന്നത്. താല്‍ക്കാലിക ആഹ്ലാദത്തിനായി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നവര്‍ ഇതെല്ലാം തിരിച്ചറിയേണ്ടതുണ്ട്.

*
പി രാജീവ് ദേശാഭിമാനി 21 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഗൗരവമേറിയ രാഷ്ട്രീയ ചര്‍ച്ചയുടെ വേദിയായിരുന്നു സിപിഐ എമ്മിന്റെ സംസ്ഥാന സമ്മേളനം. എന്നാല്‍ , സമ്മേളനത്തെ വിവാദങ്ങളില്‍ തളച്ചിടാനായിരുന്നു ചില മാധ്യമങ്ങള്‍ ബോധപൂര്‍വം ശ്രമിച്ചത്. അതില്‍ ആദ്യത്തേത് ചരിത്ര പ്രദര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നു. മൂന്നു ലക്ഷത്തിലധികംപേര്‍ ചരിത്രത്തെ സംബന്ധിച്ച ഒരു പ്രദര്‍ശനം കാണാന്‍ വരുന്നത് ഒരുപക്ഷേ ലോകത്തുതന്നെ അപൂര്‍വ സംഭവമായിരിക്കും. ലോകത്തിലെ രക്തസാക്ഷികളുടെ കൂട്ടത്തില്‍ യേശുക്രിസ്തുവിനെ ഉള്‍പ്പെടുത്തിയതാണ് ചില മാധ്യമങ്ങളെയും ഒരു ചെറുവിഭാഗം പുരോഹിതരെയും ചൊടിപ്പിച്ചത്. വേണമെങ്കില്‍ ഗൗരവമായ സംവാദത്തിലേക്ക് വാതില്‍ തുറക്കാവുന്ന വിഷയമായിരുന്നു അത്. അതിനെ വിവാദത്തിലേക്ക് തള്ളിയിട്ട് വിശ്വാസികളില്‍ സിപിഐ എം വിരുദ്ധത സൃഷ്ടിക്കാനായിരുന്നു ശ്രമം. ഇതു സംബന്ധിച്ച നിരീക്ഷണങ്ങള്‍ കഴിഞ്ഞ ലക്കം കാഴ്ചവട്ടത്തില്‍ സൂചിപ്പിച്ചിരുന്നു. രണ്ടാമത്തെ വിവാദം സിപിഐ എം-സിപിഐ ബന്ധത്തെയും ഇടതുപക്ഷ ഐക്യത്തെയും കുറിച്ചായിരുന്നു. അതിനു സഹായകരമായ നിലപാട് ഇടതുപക്ഷത്തുള്ള ചിലര്‍ തന്നെ സ്വീകരിച്ചുവെന്നതും യാഥാര്‍ഥ്യമാണ്.