Sunday, February 26, 2012

വേണ്ട ട്രെയിനില്‍ മദ്യം; വേണം യാത്രാ സുരക്ഷ

തീവണ്ടിയാത്രയ്ക്കിടയില്‍ അടിക്കടി സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു; അപമാനിക്കപ്പെടുന്നു. യാത്രക്കാര്‍ക്കുനേരെ കൈയേറ്റവും പിടിച്ചുപറിയും ലൈംഗിക അതിക്രമങ്ങളും തുടര്‍ക്കഥയെന്നപോലെ സംഭവിക്കുന്നു. വാര്‍ത്താ പ്രാധാന്യമുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍മാത്രമാണ് ഇതേക്കുറിച്ച് ചര്‍ച്ചയും മുറവിളികളും ഉയരുന്നത്. അത്തരം ഘട്ടങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് ചില നടപടികളുണ്ടാകും. പതുക്കെ എല്ലാം പഴയപടിയിലാവുകയും ചെയ്യും. എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചറില്‍ യാത്രചെയ്യവെ 2011 ഫെബ്രുവരി ഒന്നിന് രാത്രി ഷൊര്‍ണൂര്‍ സ്വദേശിനി സൗമ്യ ട്രെയിനില്‍നിന്ന് വലിച്ചെറിയപ്പെടുകയും ക്രൂരമായ ബലാത്സംഗത്തിനിരയാവുകയുംചെയ്ത സംഭവം ട്രെയിന്‍യാത്രയില്‍ സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. പെണ്ണുകാണല്‍ ചടങ്ങിനായി ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കുപോയ പെണ്‍കുട്ടിയാണ് നിഷ്ഠുരമായ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. ആ കേസിലെ പ്രതി ഗോവിന്ദച്ചാമി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിലാണ്. സൗമ്യസംഭവത്തിനുശേഷവും നിരവധി ദുരനുഭവങ്ങള്‍ സ്ത്രീകള്‍ക്ക് ട്രെയിന്‍യാത്രകളിലുണ്ടായി.

ഗുരുതരമായ നിരുത്തരവാദിത്തം റെയില്‍വേ തുടരുകയാണ്. തുടക്കത്തില്‍ വനിതാ കംപാര്‍ട്മെന്റില്‍ ഗാര്‍ഡുമാരെ നിയോഗിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു. സൗമ്യയുടെ കുടുംബത്തിന് തുച്ഛമായ നഷ്ടപരിഹാരം നല്‍കി റെയില്‍വേ കൈയൊഴിയുകയുംചെയ്തു. സഹോദരന് വാഗ്ദാനംചെയ്ത ജോലി നല്‍കിയില്ല. റെയില്‍വേയുടെതന്നെ നിരുത്തരവാദിത്തമാണ് ഒരു അക്രമിക്ക് സ്ത്രീകളുടെ ബോഗിയില്‍ കയറി അക്രമം നടത്താന്‍ വഴിയൊരുക്കിയതെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. എല്ലായ്പ്പോഴും നിറഞ്ഞുകവിഞ്ഞോടുന്നതാണ് കേരളത്തിലൂടെയുള്ള തീവണ്ടികള്‍ . സര്‍വീസുകളില്‍നിന്ന് കിട്ടുന്ന ലാഭത്തിന്റെ തോത് അനുദിനം വര്‍ധിക്കുമ്പോള്‍ റെയില്‍വേക്ക് യാത്രക്കാരോടുള്ള ഉത്തരവാദിത്തം പടിപടിയായി ഇല്ലാതാവുകയാണ്. ഏറ്റവുമൊടുവില്‍ തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ യാത്രചെയ്ത എഴുത്തുകാരികൂടിയായ ഉദ്യോഗസ്ഥയെ മാനസികമായി പീഡിപ്പിച്ച സംഭവം സമൂഹത്തില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെടുന്നു. ആ ചര്‍ച്ചയുടെ മറപിടിച്ച് റെയില്‍വേ അധികൃതര്‍ സീസണ്‍ടിക്കറ്റ് യാത്രക്കാര്‍ക്ക് നിലവില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ഇല്ലായ്മചെയ്യാനാണ് ആദ്യം ശ്രമിച്ചത്. ഏറ്റവുമൊടുവില്‍ , മദ്യപിച്ച് ട്രെയിനിലോ സ്റ്റേഷനിലോ എത്തുന്നവരെ പിടികൂടി ജയിലിലടയ്ക്കും എന്ന പ്രഖ്യാപനമാണ് റെയില്‍വേ അധികൃതര്‍ നടത്തിയിട്ടുള്ളത്. മദ്യത്തിന് തീവണ്ടികളില്‍ കര്‍ക്കശ നിയന്ത്രണം ഏര്‍പ്പെടുത്തിയത് സ്വാഗതാര്‍ഹമായ നടപടിയാണ്. അതുസംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വേ ആക്ടില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. മദ്യപന്‍മാരാണ് ട്രെയിനിലെ ആക്രമണങ്ങളില്‍ ഭൂരിഭാഗത്തിലും ഉള്‍പ്പെട്ടത് എന്നതുകൊണ്ടുതന്നെ യാത്രാവേളകളിലെ മദ്യോപഭോഗം തടഞ്ഞേ തീരൂ. ഇത്തരത്തില്‍ നിരോധം കൊണ്ടുവരുന്നതിനൊപ്പം റെയില്‍വേ ചെയ്യേണ്ട മറ്റു ചില കാര്യങ്ങളുമുണ്ട്. ദീര്‍ഘദൂര വണ്ടിയായ രാജധാനി എക്സ്പ്രസ് പോലുള്ളവയില്‍ അതിനകത്തെ ജീവനക്കാരില്‍ ചിലര്‍തന്നെ മദ്യവില്‍പ്പനക്കാരാണ്. യാത്രക്കാര്‍ക്ക് ഏറെക്കുറെ പരസ്യമായി അവര്‍ മദ്യം നല്‍കുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബര ടൂറിസ്റ്റ് വണ്ടിയില്‍ ഔദ്യോഗികമായിത്തന്നെ മദ്യം വിളമ്പുന്നുണ്ട്. ഏതാനും ചില ടിക്കറ്റ് പരിശോധകരെങ്കിലും ട്രെയിനില്‍ സമൂഹ മദ്യപാനത്തിന് നേതൃത്വംനല്‍കാറുണ്ട്. അത്തരം കാര്യങ്ങള്‍ ആദ്യം അവസാനിപ്പിക്കണം. തീവണ്ടിയില്‍ യാത്രക്കാരായാലും ജീവനക്കാരായാലും മദ്യപിക്കില്ല എന്ന് ഉറപ്പുവരുത്തേണ്ടത് ആര്‍പിഎഫിന്റെ ചുമതലതന്നെയാണ്. എന്നാല്‍ , സംശയത്തിന്റെ പേരില്‍ യാത്രക്കാരെയാകെ ശ്വാസപരിശോധനയ്ക്ക് വിധേയമാക്കുന്നത് നല്ല കീഴ്വഴക്കമല്ല; പ്രയോഗികവുമല്ല. മദ്യപിച്ച് മദോന്മത്തരായി തീവണ്ടിയില്‍ കയറുന്നവരോടും മറ്റുള്ളവരോടും ഒരേരീതിയിലുള്ള സമീപനമുണ്ടായിക്കൂടാ. ഇത്തരം കാര്യങ്ങള്‍ മനസ്സില്‍വച്ച് അവധാനതയോടെ മാത്രമേ മദ്യപര്‍ക്കെതിരായ നടപടിയെടുക്കാവൂ. റെയില്‍വേയില്‍ യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പരിഹരിക്കപ്പെടേണ്ട ഏകപ്രശ്നം മദ്യപാനത്തിന്റേതാണ് എന്ന നിലപാടും ശരിയല്ല. വനിതാ കംപാര്‍ട്മെന്റുകളില്‍ പ്രത്യേക സുരക്ഷാ സംവിധാനം, രാത്രികാല ട്രെയിനുകളില്‍ ഓരോ ബോഗിയിലും സായുധകാവല്‍ , യാത്രക്കാര്‍ പരാതിപ്പെട്ടാല്‍ അപ്പോള്‍തന്നെ ഇടപെടാനുള്ള സംവിധാനം തുടങ്ങിയ പ്രാഥമികമായ കടമകള്‍ നിര്‍വഹിക്കുന്നതിന് റെയില്‍വേ തയ്യാറാകണം.

കുടുംബസമേതയാത്രയ്ക്കും സ്ത്രീകളുടെയും കുട്ടികളുടെയും തനിച്ചുള്ള യാത്രകള്‍ക്കും ആശ്രയിക്കാനാവുന്ന സംവിധാനം തീവണ്ടിതന്നെയാണ്. അത് അങ്ങനെതന്നെ തുടരണമെങ്കില്‍ റെയില്‍വേ അധികൃതര്‍ ഉണരണം. മദ്യപന്‍മാരെ മണപ്പിച്ചുപിടിച്ചതുകൊണ്ട് തങ്ങളുടെ ഉത്തരവാദിത്തം പൂര്‍ത്തിയായി എന്നു കരുതരുത്. പണംമുടക്കി ടിക്കറ്റെടുക്കുന്ന ഓരോ യാത്രക്കാരനും യാത്രക്കാരിയും സുരക്ഷിതമായി ലക്ഷ്യത്തിലെത്തി എന്നുറപ്പാക്കേണ്ടത് റെയില്‍വേയാണ്. ആ ഉറപ്പാണ് ഇപ്പോള്‍ ഇല്ലാത്തത്. ദുരന്തങ്ങളുണ്ടാകുമ്പോള്‍ ചുഴലിക്കൊടുങ്കാറ്റിനെ പഴിചാരി സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പരിഹാസ്യമായ അവസ്ഥയില്‍നിന്ന് ഏറെയൊന്നും റെയില്‍വേ മുന്നോട്ട് സഞ്ചരിച്ചിട്ടില്ല. ചുമതലാ ബോധത്തിന്റെയും ജനങ്ങളോടുള്ള പ്രതിബദ്ധതയുടെയും പാളമാണ് ഇനിയും നീണ്ടുപോകാനുള്ളത്്. എല്ലാറ്റിലും വലിയ പ്രശ്നം ആ പാളമിടുന്നതിന്റേതാണെന്ന് തിരിച്ചറിഞ്ഞ്, മദ്യപയാത്രക്കാര്‍ക്കെതിരെ നിയമനടപടിയെടുക്കുമ്പോഴാണ് റെയില്‍വേയുടെ യാത്ര ശരിയായ ദിശയിലാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുക.

*
ദേശാഭിമാനി മുഖപ്രസംഗം 25 ഫെബ്രുവരി 2012

No comments: