നൂറ്റിയിരുപത് രാജ്യങ്ങളിലെ തൊഴിലാളിസംഘടനകളുടെ കൂട്ടായ്മയായ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് (ഡബ്ല്യുഎഫ്ടിയു) പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് അയച്ച കത്ത് ഇന്ത്യയിലെ തൊഴിലാളിമുന്നേറ്റത്തിനുള്ള ആഗോള പിന്തുണ തെളിയിക്കുന്നു. ഇന്ത്യയിലെ തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിതം ദുരിതപൂര്‍ണമാക്കുന്ന നയങ്ങള്‍ തിരുത്തണമെന്നാണ് ഡബ്ല്യുഎഫ്ടിയു ജനറല്‍ സെക്രട്ടറി ജോര്‍ജ് മവ്റിക്കോസ് അയച്ച കത്തിലെ മുഖ്യ ആവശ്യം. ഫെബ്രുവരി 28ന് ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തുന്ന പണിമുടക്കിന് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ലഭിക്കുന്ന പിന്തുണ, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളിമുന്നേറ്റമായി അത് മാറും എന്നതിന്റെ സൂചനയാണ്. എല്ലാ ദേശീയ ട്രേഡ് യൂണിയനുകളും പ്രധാന ഫെഡറേഷനുകളും സംയുക്തമായി ആഹ്വാനംചെയ്ത പണിമുടക്കിന് അതിലൊന്നുംപെടാത്ത ജനവിഭാഗങ്ങളും അസംഘടിത മേഖലയിലെ ദശലക്ഷക്കണക്കിന് തൊഴിലാളികളും പിന്തുണയുമായി രംഗത്തുവരുന്നു. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍ , പോസ്റ്റല്‍ ആന്‍ഡ് ടെലിഗ്രാഫ്, തുറമുഖം, കേന്ദ്ര-സംസ്ഥാനജീവനക്കാര്‍ എന്നിവരുടെ സംഘടനകളും പണിമുടക്കിന് ആഹ്വാനംചെയ്തിട്ടുണ്ട്. തൊഴിലാളികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഐക്യത്തോടൊപ്പം നവ-ലിബറല്‍ നയങ്ങള്‍ക്കെതിരായ ജനങ്ങളുടെ രോഷപ്രകടനവുമാണ് അഭൂതപൂര്‍വമായ ഈ പിന്തുണയിലൂടെ പ്രകടമാകുന്നത്.
1991 മുതല്‍ ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ ആരംഭിച്ച പ്രക്ഷോഭങ്ങളുടെ ഉയര്‍ന്ന ഘട്ടമാണ് ഈ പണിമുടക്ക്. പണിമുടക്കിനാധാരമായി സംയുക്ത സമരസമിതി ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ രാജ്യത്തിന്റെയും ജനതയുടെയും നിലനില്‍പ്പിനുതന്നെയുള്ള ഉപാധികളാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് മൂര്‍ത്ത നടപടികള്‍ , തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും സംരക്ഷിക്കലും, അടിസ്ഥാന തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കലും തൊഴില്‍ നിയമലംഘകര്‍ക്കെതിരെ കര്‍ശന ശിക്ഷയും, എല്ലാ അസംഘടിത മേഖലാ തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷയും ദേശീയ സാമൂഹ്യസുരക്ഷാനിധി രൂപീകരിക്കലും, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപന ഓഹരി വില്‍പ്പന അവസാനിപ്പിക്കല്‍ , സ്ഥിര സ്വഭാവജോലികളില്‍ കരാര്‍വല്‍ക്കരണം ഒഴിവാക്കലും കരാര്‍ തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലാളികള്‍ക്ക് തുല്യമായ സേവന-വേതന വ്യവസ്ഥ ഉറപ്പാക്കലും, പ്രതിമാസം 10,000 രൂപയില്‍ കുറയാത്ത മിനിമം വേതനം നിശ്ചയിച്ച് എല്ലാ പട്ടികയിലുംപെട്ടവര്‍ക്കും ബാധകമാക്കുംവിധം മിനിമം വേജസ് ആക്ട് ഭേദഗതി, ബോണസ്-പിഎഫ് അര്‍ഹതയ്ക്കും ലഭിക്കുന്ന തുകയ്ക്കുമുള്ള പരിധികള്‍ നീക്കംചെയ്യുകയും ഗ്രാറ്റുവിറ്റി തുക വര്‍ധിപ്പിക്കുകയും, എല്ലാപേര്‍ക്കും നിശ്ചിതതുക ഉറപ്പാക്കുന്ന പെന്‍ഷന്‍ , 45 ദിവസത്തിനകം നിര്‍ബന്ധമായും ട്രേഡ് യൂണിയന്‍ രജിസ്ട്രേഷന്‍ ; 87/98 ഐഎല്‍എ കണ്‍വന്‍ഷനുകള്‍ക്ക് അംഗീകാരം നല്‍കല്‍ എന്നിവയാണവ.
പെട്ടെന്നൊരുദിവസം ട്രേഡ് യൂണിയന്‍ സംഘടനകള്‍ പണിമുടക്കിലേക്കെത്തുകയല്ല. ജയില്‍നിറയ്ക്കലടക്കം നിരന്തരമായി നടന്ന പ്രക്ഷോഭപരിപാടികളിലൂടെ ജീവല്‍പ്രശ്നങ്ങളിലേക്ക് ഭരണാധികാരികളുടെ ശ്രദ്ധക്ഷണിച്ചതിന്റെ തുടര്‍ച്ചയായുള്ള സമരരൂപമാണിത്.
നവ ഉദാരവല്‍ക്കരണനയങ്ങള്‍ അധ്വാനിക്കുന്നവരെ കൊടുംദുരിതത്തിലേക്കും വന്‍കിട ബിസിനസുകാരെയും കോര്‍പറേറ്റുകളെയും സമൃദ്ധിയിലേക്കുമാണ് നയിക്കുന്നത്. ആഗോളധനപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കോര്‍പറേറ്റുകളെ സഹായിക്കാന്‍ അമേരിക്കയിലെന്നപോലെ ഇന്ത്യയിലും നടപ്പാക്കിയ ഉത്തേജക പാക്കേജിന് 1,86,000 കോടി രൂപയാണ് ചെലവഴിച്ചത്. 4 ലക്ഷം കോടി രൂപയുടെ നികുതി ഇളവുകള്‍ക്ക് പുറമെയാണിത്. എല്ലാറ്റിന്റെയും ഗുണം കോര്‍പറേറ്റുകള്‍ അനുഭവിച്ചപ്പോള്‍ തൊഴിലാളികള്‍ പറഞ്ഞയക്കപ്പെട്ടു. കയറ്റുമതി അധിഷ്ഠിതസ്ഥാപനങ്ങളില്‍ മാത്രം 50 ലക്ഷത്തിലധികം തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.
തൊഴിലാളികളെമാത്രം ബാധിക്കുന്ന പ്രശ്നങ്ങളല്ല സംയുക്ത സമരസമിതി ഉന്നയിക്കുന്നത്. അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ വഴങ്ങുകയും സാമ്രാജ്യത്വ ആഗോളവല്‍ക്കരണനയങ്ങള്‍ അതിവേഗം നടപ്പാക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്തെ ജനകോടികളുടെ ജീവിതദുരിതം അതിന്റെ പാരമ്യത്തിലെത്തുകയാണ്. തൊഴില്‍ വളര്‍ച്ച കുറയുന്നു. വളര്‍ച്ച ശതകോടീശ്വരന്മാരുടെ എണ്ണത്തിലും കുത്തകകളുടെ ലാഭത്തിലുമാണ്. കര്‍ഷക ആത്മഹത്യകള്‍ അനുദിനം വര്‍ധിക്കുന്നു. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമെല്ലാം സര്‍ക്കാരിന്റെ തെറ്റായ നയത്തിന്റെ ഫലമായാണ് ജീവിതദുരിതത്തിന്റെ നിലയില്ലാക്കയങ്ങളിലെത്തുന്നത്.
ഈ അവസ്ഥ മാറ്റിയേ തീരൂ എന്ന പ്രഖ്യാപനവുമായാണ് കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍തൊഴിലാളികള്‍ പണിമുടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പണിമുടക്കായി അത് മാറും എന്ന് ഉറപ്പായിട്ടുണ്ട്. ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ നിര്‍ണായക അധ്യായമായി മാറുന്ന ഈ സമരവേലിയേറ്റത്തില്‍ രാജ്യത്തെയും മാനവികതയെയും സ്നേഹിക്കുന്നവരെല്ലാം അണിചേരേണ്ടതുണ്ട്. കോണ്‍ഗ്രസ് നേതൃത്വം എതിര്‍ത്തിട്ടും കേന്ദ്രമന്ത്രിതന്നെ പിന്മാറാനാവശ്യപ്പെട്ടിട്ടും അതൊന്നും വകവയ്ക്കാതെ എല്ലാ യൂണിയനുകളിലുംപെട്ട തൊഴിലാളികള്‍ പണിമുടക്കിന്റെ പ്രചാരണരംഗത്തുണ്ട്. ആഗോളവല്‍ക്കരണത്തെ വാരിപ്പുണരുന്ന ബൂര്‍ഷ്വാ രാഷ്ട്രീയത്തെ തൊഴിലാളിവര്‍ഗം നട്ടെല്ലുനിവര്‍ത്തി ചോദ്യംചെയ്യുകയാണിവിടെ. ഈ പണലിമുടക്കിന്റെ ശോഭ വര്‍ധിപ്പിക്കാനുള്ള ഉത്തരവാദിത്തം ഓരോ ഇന്ത്യക്കാരന്റേതുമാണെന്ന് മനസിലാക്കി, അതിനായി രംഗത്തിറങ്ങേണ്ടതുണ്ട്. അതിനായി അഭ്യര്‍ഥന പുറപ്പെടുവിച്ച് പണിമുടക്കിന് ഞങ്ങള്‍ ഉറച്ച പിന്തുണ രേഖപ്പെടുത്തുന്നു.
*
ദേശാഭിമാനി മുഖപ്രസംഗം 27 ഫെബ്രുവരി 2012
Subscribe to:
Post Comments (Atom)
1 comment:

Post a Comment