Sunday, February 5, 2012

രണ്ടാം യു.പി.ഏ ഭരണം = പെരുകുന്ന അസമത്വം + പട്ടിണി + അഴിമതി

നമ്മുടെ നാട്ടിലെ കുട്ടികളുടെ ദയനീയ സ്ഥിതിയെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ലജ്ജാകരമായ അവസ്ഥയാണിതെന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി പ്രതികരിച്ചു. The Hunger and Malnutrition Survey Report - 2011 ലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പകുതിയിലധികം കുട്ടികള്‍ പോഷകാഹാരക്കുറവും, ഭാരക്കുറവും അനുഭവിക്കുന്നു. സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് രാജ്യത്തിനകത്തും വിദേശത്തും പോയി മേനി നടിക്കുന്ന പ്രധാനമന്ത്രി ഗ്രാമജീവിതത്തിന്റെ ദൈനത്യകള്‍ക്കു മുന്നില്‍ കണ്ണടക്കുകയാണ്. ഇവിടെ ജനിച്ചുവീഴുന്ന കുട്ടികള്‍ക്ക് നല്‍കാന്‍ വേണ്ടതിലധികം പോഷകാഹാരം ലഭ്യമാണ്. ഗ്രാമീണജനങ്ങളുടെ വാങ്ങല്‍ ശേഷി (Purchasing power) ഭരണാധികാരികള്‍ കവര്‍ന്നെടുത്തതാണ് കാരണം. നവലിബറല്‍ നയങ്ങള്‍ ജനജീവിതം അതീവദുസ്സഹമാക്കുമ്പോള്‍ മറുഭാഗത്ത് കോര്‍പറേറ്റുകള്‍ക്ക് തടിച്ചുകൊഴുക്കാന്‍ സൌജന്യങ്ങള്‍ നല്‍കിയത് എത്രയാണെന്ന് നോക്കുക.
7 വര്‍ഷം കൊണ്ട് 23,19,323 കോടി രൂപാ നികുതി ഇളവുകള്‍ നേടി കോര്‍പറേറ്റുകള്‍ വളര്‍ച്ച കൈവരിച്ചതിനെയാണ് രാജ്യത്തിന്റെ വളര്‍ച്ചയായി ഭരണകൂടം പാടിനടക്കുന്നത്. ഈ തുകയുടെ വലിപ്പം എത്രയാണെന്ന് നാം തിരിച്ചറിയണം. 2009-10 വര്‍ഷത്തെ ദേശീയഉല്പാദനം (GDP) 65,50,271 കോടി രൂപയാണെന്ന് ബജറ്റ് രേഖകള്‍ പറയുന്നു. അതിന്റെ മൂന്നിലൊന്നിലും കൂടുതലാണ് കോര്‍പറേറ്റുകള്‍ തട്ടിയത്.

ഇന്ത്യയിലെ 77 ശതമാനം ജനങ്ങളുടെ ദിവസവരുമാനം കേവലം 20 രൂപയാണെന്ന് ഔദ്യോഗിക രേഖകള്‍ പറയുന്നു. അവരുടെ ജീവിതം അല്പമെങ്കിലും മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിനു പകരം കുട്ടികളുടെ ദയനീയമായ അവസ്ഥയില്‍ ലജ്ജിക്കാനാണ് പ്രധാനമന്ത്രി തയ്യാറായത്. നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമയി വര്‍ധിക്കുകയാണ്. ജനങ്ങളുടെ ദുരിതങ്ങള്‍ വളര്‍ത്തുന്ന നയങ്ങളാണ് സര്‍ക്കാര്‍ തുടരുന്നത്. അമേരിക്കയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും സാമ്പത്തിക പ്രതിസന്ധി പരിഹാരം കാണാതെ ആഴത്തിലേക്ക് പതിക്കുമ്പോള്‍ ഈ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുത്തനെ കുറഞ്ഞു. കയറ്റുമതി കുറയുകയും ഇറക്കുമതി വര്‍ധിക്കുകയും ചെയ്യുമ്പോള്‍ വ്യാപാരകമ്മി (trade deficit) കൂടും . ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ വ്യാപാരകമ്മി 150 ബില്യന്‍ ഡോളര്‍ ആകുമെന്ന് ഈ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. 1991 ല്‍ ഈ നയങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങുമ്പോള്‍ പറഞ്ഞത് വ്യാപാരകമ്മി ഇല്ലാതാക്കാനാണ് പരിഷ്കാരങ്ങള്‍ തുടങ്ങുന്നതെന്നാണ്. പരിഷ്കാരങ്ങളുടെ ബാക്കിപത്രം വിലയിരുത്തുമ്പോള്‍ പരിഷ്കാരവാദികള്‍ മാളങ്ങളില്‍ ഒളിക്കുകയാണ്.

Global Financial Integrity പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം ഒരു ദിവസം ചുരുങ്ങിയത് 400 കോടിരൂപാ കള്ളപ്പണമായി പുറത്തേക്ക് ഒഴുകുന്നു. സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയതിനു ശേഷം നടന്ന അഴിമതികള്‍ താഴെ ശ്രദ്ധിക്കുക.
ഈ സംഖ്യ ഇന്ത്യയുടെ GDP യുടെ പത്തിരട്ടിയാണ്. മുഴുവന്‍ ഇന്ത്യക്കാരുടേയും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇത് ധാരാളം മതിയാകും.

നമ്മുടെ സമ്പദ്ഘടന അതിഗുരുതരമായ പ്രതിസന്ധിയിലാണ്. അന്താരാഷ്ട്രനാണയനിധിയും ലോകബാങ്കും പുറത്തിറക്കിയ രേഖകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ഈ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ പ്രേരണ നല്‍കിയതും ഈ സാമ്രാജ്യത്വസ്ഥാപനങ്ങള്‍ തന്നെ. അടിസ്ഥാനമേഖലകള്‍ തളരുകയാണ്. വളര്‍ച്ചാനിരക്ക് താഴുകയാണ്. വര്‍ധിക്കുന്നത് പട്ടിണിയും അഴിമതിയും. രണ്ടാം യു.പി.ഏ ഭരണം തുടരുമ്പോള്‍ അസമത്വവും പട്ടിണിയും അഴിമതിയും പെരുകുന്നു.

ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗം എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിവെച്ച് ദേശീയ പണിമുടക്കിന് ഒരുങ്ങുന്നത്. 2012 ഫിബ്രവരി 28 ന് നടക്കുന്ന ഈ പണിമുടക്ക് ഇന്ത്യാചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറ്റാന്‍ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങുക.

*
കെ.ജി.സുധാകരന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നമ്മുടെ നാട്ടിലെ കുട്ടികളുടെ ദയനീയ സ്ഥിതിയെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ലജ്ജാകരമായ അവസ്ഥയാണിതെന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി പ്രതികരിച്ചു. The Hunger and Malnutrition Survey Report - 2011 ലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പകുതിയിലധികം കുട്ടികള്‍ പോഷകാഹാരക്കുറവും, ഭാരക്കുറവും അനുഭവിക്കുന്നു. സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് രാജ്യത്തിനകത്തും വിദേശത്തും പോയി മേനി നടിക്കുന്ന പ്രധാനമന്ത്രി ഗ്രാമജീവിതത്തിന്റെ ദൈനത്യകള്‍ക്കു മുന്നില്‍ കണ്ണടക്കുകയാണ്. ഇവിടെ ജനിച്ചുവീഴുന്ന കുട്ടികള്‍ക്ക് നല്‍കാന്‍ വേണ്ടതിലധികം പോഷകാഹാരം ലഭ്യമാണ്. ഗ്രാമീണജനങ്ങളുടെ വാങ്ങല്‍ ശേഷി (Purchasing power) ഭരണാധികാരികള്‍ കവര്‍ന്നെടുത്തതാണ് കാരണം.