Friday, February 17, 2012

എന്‍ എസ് എന്നും നവസ്മരണ

സിപിഐ എം 20-ാം സംസ്ഥാനസമ്മേളനം തിരുവനന്തപുരത്ത് ചരിത്രസംഭവമായി പര്യവസാനിച്ചതിനു പിന്നാലെയാണ് സഖാവ് എന്‍ എസിന്റെ സ്മരണ ഇത്തവണ പുതുക്കുന്നത്. വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായിരിക്കുമ്പോള്‍ത്തന്നെ ഈ ലേഖകന് എന്‍ എസുമായി നേരിട്ടു പരിചയമുണ്ട്. എന്നാല്‍ , പാര്‍ടി സംസ്ഥാനകമ്മിറ്റിയില്‍ വന്നതിനുശേഷമാണ് കൂടുതല്‍ അടുത്തിടപഴകാനും മനസ്സിലാക്കാനും കഴിഞ്ഞത്. എന്നാല്‍ , പാര്‍ടി സംസ്ഥാനകമ്മിറ്റിയില്‍ വന്നതിനുശേഷമാണ് കൂടുതല്‍ അടുത്തിടപഴകാനും മനസ്സിലാക്കാനും കഴിഞ്ഞത്. എന്‍ എസ് സാധാരണ മനുഷ്യനായിരുന്നു; അസാധാരണ നേതാവും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നല്ല സംഘാടകരില്‍ ഒരാളായ എന്‍ എസ് 27 വര്‍ഷംമുമ്പ് വാഹനാപകടത്തിലാണ് നമ്മെ വിട്ടുപിരിഞ്ഞത്.

കേവുവള്ളക്കാരന്റെ മകനായി മധ്യതിരുവിതാംകൂറിലെ നാട്ടിന്‍പുറത്ത് ജനിച്ച എന്‍ ശ്രീധരന്‍ നന്നേ ചെറുപ്പത്തിലേ ദേശീയപ്രസ്ഥാനത്തിലും പിന്നീട് ഉത്തരവാദഭരണപ്രക്ഷോഭത്തിലും ആകൃഷ്ടനായി. ബീഡിത്തൊഴിലാളിയായി ജീവിതം തുടങ്ങിയ ആ പോരാളി, പിന്നീട് നാവികത്തൊഴിലാളി നേതാവും കമ്യൂണിസ്റ്റ് സംഘടനാനേതാവുമായി. മധ്യതിരുവിതാംകൂറില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് വേരോട്ടം നല്‍കുന്നതില്‍ അതുല്യസംഭാവന നല്‍കിയ ആദ്യകാല സംഘാടകരില്‍ പ്രമുഖനായിരുന്നു അദ്ദേഹം.

ബഹുജനങ്ങളെയും പാര്‍ടിയെയും രണ്ടുതട്ടിലാക്കുന്ന പ്രവണത എന്‍ എസിന്റെ കാലത്ത് തലപൊക്കിയിരുന്നു. ഇതിനെ നഖശിഖാന്തം എതിര്‍ത്ത സംഘാടകനായിരുന്നു ആ സഖാവ്. കൊല്ലത്ത് ഏറെക്കാലം താമസിച്ചിരുന്ന, പുരോഗമനസാഹിത്യപ്രസ്ഥാനത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയിരുന്ന, ഒരു പ്രമുഖ സാഹിത്യകാരന്‍ "ജനങ്ങളാദ്യം, പാര്‍ടി പിന്നെ" എന്നൊരു തീസിസ് അവതരിപ്പിച്ചിരുന്നു. അതിനോട് എന്‍ എസ് ഉള്‍പ്പെടെയുള്ളവര്‍ വിയോജിച്ചു. അത് വലിയ സംവാദമായി മാറിയപ്പോള്‍ , ഇ എം എസ് ഇടപെട്ട്, "പാര്‍ടി ന്യൂനം ജനം സമം പൂജ്യം" എന്ന മറുപടി നല്‍കി. പാര്‍ടിയെയും ജനങ്ങളെയും രണ്ട് അറകളിലാക്കുന്നത് പാര്‍ടിയെ താഴ്ത്തിക്കെട്ടാനുള്ള കൗശലമാണ്. കമ്യൂണിസ്റ്റ് പാര്‍ടിയെന്നാല്‍ , നാടിനും ജനങ്ങള്‍ക്കുംവേണ്ടിയുള്ള പ്രസ്ഥാനമാണ് എന്ന സത്യം എന്നും ഉയര്‍ത്തിപ്പിടിക്കുകയും പാര്‍ടിയെ പ്രാണനുതുല്യം സ്നേഹിക്കുകയും ചെയ്ത നേതാവായിരുന്നു എന്‍ എസ്. പ്രക്ഷോഭകാരിയെന്ന നിലയ്ക്ക് സഖാവ് അനുഭവിക്കാത്ത യാതനകളും വേദനകളും ചെയ്യാത്ത സാഹസികതകളും ഇല്ല. സ്വാതന്ത്ര്യസമരത്തിനുമുമ്പും ശേഷവുമുള്ള അനുഭവവുമുണ്ട്. അവിഭക്തകമ്യൂണിസ്റ്റ് പാര്‍ടിയിലും അതിനു തുടര്‍ച്ചയായി സിപിഐ എമ്മിലും പ്രവര്‍ത്തിച്ച അനുഭവവും ഉണ്ട്. പാര്‍ടി രണ്ടായതിനുശേഷം സിപിഐയുമായി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ അനുഭവവും ഉണ്ട്. ഈ ഘട്ടങ്ങളിലെല്ലാം സ്വന്തം സുഖദുഃഖങ്ങളും സൗകര്യങ്ങളും നോക്കാതെ ജനസേവനത്തിനുവേണ്ടി പാര്‍ടിയെ ശക്തിപ്പെടുത്താന്‍ , തന്റെ സര്‍വസ്വവും അര്‍പ്പിക്കാന്‍ സഖാവ് മുന്‍നിന്ന് പ്രവര്‍ത്തിച്ചു. മന്ത്രിയോ എംഎല്‍എയോ എന്തിന് പഞ്ചായത്ത് പ്രസിഡന്റുപോലും ആയില്ലെങ്കിലും ജനങ്ങള്‍ ഏറെ സ്നേഹിക്കുന്ന നേതാവായി മാറി. സെക്കന്‍ഡറി വിദ്യാഭ്യാസംപോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ ജീവിക്കാന്‍വേണ്ടി ബീഡിത്തൊഴിലാളിയായ സഖാവ് അവസാനം തൊഴിലാളിവര്‍ഗത്തിന്റെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും സമര്‍ഥനായ സംഘാടകനും നേതാവുമായി മാറിയ ജീവിതകഥ പുതുതലമുറയ്ക്ക് പാഠമാണ്.

ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യാഭിനിവേശവും കേരളത്തിലെ അവശജനതയുടെ മോചനത്തിനായുള്ള ദാഹവും കൂടിച്ചേര്‍ന്ന് മുക്കാല്‍ നൂറ്റാണ്ടുമുമ്പ് രൂപംകൊണ്ട വിപ്ലവാന്തരീക്ഷത്തിലായിരുന്നു എന്‍ എസിന്റെ രാഷ്ട്രീയപ്രവേശം. സ്വദേശമായ വള്ളിക്കാവില്‍ "ദിവാന്‍ ഭരണം വേണ്ട" എന്ന ബോര്‍ഡ് വച്ച് പൊലീസിനെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു തുടക്കം. 1940കളുടെ മധ്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സെല്‍സെക്രട്ടറി, പിന്നീട്, മധ്യതിരുവിതാംകൂറില്‍ രൂപീകരിച്ച കായംകുളം ഡിസിയുടെ ആദ്യത്തെ നാലംഗങ്ങളില്‍ ഒരാള്‍ , പിന്നീട് ആ ഡിസിയുടെ സെക്രട്ടറി, കാര്‍ത്തികപ്പള്ളി താലൂക്ക് സെക്രട്ടറി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, 1958ല്‍ ആലപ്പുഴ ഡിസി ആക്ടിങ് സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചു. സിപിഐ എം രൂപീകരണത്തിനുശേഷം പാര്‍ടിയുടെ ആലപ്പുഴ, കൊല്ലം ജില്ലാസെക്രട്ടറി, തുടര്‍ന്ന്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ആദ്യകാലംമുതല്‍തന്നെ വേരുറച്ച കമ്യൂണിസ്റ്റ് സാഹോദര്യം ജീവിതാവസാനംവരെ ചോര്‍ന്നുപോയില്ല.

"40കളില്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ നിരോധിച്ച ഘട്ടത്തില്‍ സഹപ്രവര്‍ത്തകനായിരുന്ന എസ് ഗോവിന്ദക്കുറുപ്പിനെ മട്ടാഞ്ചേരി പൊലീസ് തല്ലിച്ചതച്ച് ലോക്കപ്പിലിട്ടു. ആള്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാന്‍ വയ്യ. രണ്ടാംദിവസം വൈകുന്നേരം പൊലീസുകാര്‍ക്ക് ചായയുമായി ഒതുങ്ങാത്ത തലമുടിയുള്ള ഒരു ചെറുപ്പക്കാരന്‍ സ്റ്റേഷനിലെത്തി. പൊലീസുകാര്‍ക്ക് ചായ കൊടുക്കുന്നതിനിടെ, അയാള്‍ സൂത്രത്തില്‍ ഒരു ഗ്ലാസ് ചായ ലോക്കപ്പില്‍ ഇടികൊണ്ടുകിടന്ന ഗോവിന്ദക്കുറുപ്പിന് നല്‍കി. ഒറ്റവലിക്ക് ചായ അകത്താക്കി ഗ്ലാസ് കൊടുക്കുമ്പോഴാണ് കുറുപ്പ് ആളെ കാണുന്നത്. പൊലീസ് നാടെമ്പാടും തിരയുന്ന സഖാവ് എന്‍ എസ്! തന്റെ ജീവനേക്കാള്‍ വലുതാണ് സഹപ്രവര്‍ത്തകന്റെ ജീവന്‍ എന്ന അതുല്യമായ കമ്യൂണിസ്റ്റ്ബോധമാണ് അന്ന് എന്‍ എസില്‍ തെളിഞ്ഞത്. പാര്‍ടിക്കുള്ളില്‍ സാഹോദര്യബന്ധവും പരസ്പരസഹായവും വളര്‍ത്തുക, സഖാക്കളോട് സഹാനുഭൂതിയോടെ പെരുമാറി അവരുടെ തെറ്റുതിരുത്തുക, ഒറ്റപ്പെട്ട തെറ്റുകളുടെയോ സംഭവങ്ങളുടെയോ അടിസ്ഥാനത്തിലല്ലാതെ പാര്‍ടിക്ക് അവര്‍ നല്‍കിയ സേവനങ്ങളെയാകെ കണക്കിലെടുത്ത് വിലയിരുത്തുക, അങ്ങനെ പാര്‍ടി മനോഭാവവും പാര്‍ടിബോധവും വളര്‍ത്തുക- ഇക്കാര്യങ്ങളിലെല്ലാം എന്‍ എസ് പ്രകടിപ്പിച്ച ശൈലി പിന്തുടരേണ്ടതുണ്ട്.

1950കളുടെ മധ്യത്തില്‍ ആലപ്പുഴയില്‍ പട്ടിണിയും ക്ഷാമവും രൂക്ഷമായപ്പോള്‍ കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര പ്രദേശങ്ങളില്‍നിന്ന് വലിയ തോതില്‍ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് ചെങ്കൊടി കെട്ടിയ ബോട്ടില്‍ ആലപ്പുഴയിലെത്തിച്ച് വിതരണം ചെയ്യുന്നതില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചത് എന്‍ എസ് ആണ്. ജനങ്ങളുടെ സുഖദുഃഖങ്ങളില്‍ പങ്കാളിയായി അവരിലൊരാളായി മാറേണ്ടതിന്റെ പ്രാധാന്യം തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ എം സംസ്ഥാനസമ്മേളനം അംഗീകരിച്ച ഭാവി പ്രവര്‍ത്തനപരിപാടി അടിവരയിടുന്നുണ്ട്. വൈദ്യസഹായം, ആള്‍സഹായം തുടങ്ങിയവ ആവശ്യമായിവരുന്ന കുടുംബങ്ങളെ സഹായിക്കാനും ഇക്കാര്യങ്ങള്‍ക്കുവേണ്ടി ചുവപ്പുസേനാംഗങ്ങളെയടക്കം സജ്ജമാക്കാനുമുള്ള കര്‍മപരിപാടിക്ക് സമ്മേളനം രൂപംനല്‍കിയിട്ടുണ്ട്. മാര്‍ക്സിസത്തിന്റെ കാലികപ്രസക്തി ലോകം കൂടുതല്‍ അംഗീകരിക്കുന്ന ഘട്ടമാണിത്. ഈ അവസരത്തില്‍ നവഉദാരവല്‍ക്കരണനയത്തിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തേണ്ടതുണ്ട്. കേന്ദ്രത്തിലെയും കേരളത്തിലെയും കോണ്‍ഗ്രസ് നയിക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരായും ബിജെപിയുടെ വിനാശകരമായ വര്‍ഗീയനയത്തിനെതിരായും ജനങ്ങളെ കൂടുതലായി അണിനിരത്താനും സംസ്ഥാനസമ്മേളനം തീരുമാനിച്ചിട്ടുണ്ട്. വിഭാഗീയത കേരളത്തിലെ പാര്‍ടിയെ പലപ്പോഴും പ്രതിസന്ധിയിലെത്തിച്ചിട്ടുണ്ടെങ്കിലും അതിന്റെ കെടുതിയേല്‍ക്കാത്ത, വിജയകരമായ സംസ്ഥാനസമ്മേളനമായിരുന്നു തിരുവനന്തപുരത്ത് നടന്നത്. പാര്‍ടിയില്‍ അച്ചടക്കത്തിനുവേണ്ടിയും വിഭാഗീയതകള്‍ക്കെതിരായും കര്‍ശനമായ നിലപാടുകള്‍ സ്വീകരിച്ച നേതാക്കളിലൊരാളായിരുന്നു എന്‍ എസ്. സഖാവിന്റെ ജീവിതകാലത്തും അതിനുശേഷവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ വിരുദ്ധശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വലതുപക്ഷ മാധ്യമങ്ങളുടെ പങ്ക് ചെറുതല്ല. എന്നാല്‍ , സിപിഐ എമ്മിന് രാഷ്ട്രീയകാര്യങ്ങളിലും സംഘടനാകാര്യങ്ങളിലും ഇന്ന് ഒരു പ്രതിസന്ധിയുമില്ല. സംസ്ഥാനസമ്മേളനത്തില്‍ ആദ്യംമുതല്‍ അവസാനംവരെ എല്ലാ കാര്യങ്ങളിലും ഏകകണ്ഠമായ തീരുമാനമാണ് വന്നിട്ടുള്ളത്. എന്നിട്ടും, കമ്യൂണിസ്റ്റ്വിരുദ്ധ അപവാദപ്രചാരണം മാധ്യമങ്ങള്‍ തുടരുകയാണ്. ഇതിനെ തകര്‍ക്കുന്നതിന് ആശയപ്രചാരണത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ എന്‍ എസ് പുലര്‍ത്തിയിരുന്ന ശ്രദ്ധ പ്രത്യേകം സ്മരണീയമാണ്.

പാര്‍ടി പത്രമോ പാര്‍ടി കമ്മിറ്റിയുടെ പ്രമേയമോ കണ്ടില്ലെങ്കിലും സംഘടനാപ്രവര്‍ത്തനത്തിന് കോട്ടമില്ലെന്നു കരുതുന്നവര്‍ നമ്മുടെ പ്രസ്ഥാനത്തിലുണ്ട്. പക്ഷേ, ആശയപ്രചാരണത്തിന്റെ ശക്തി ശരിക്കും മനസ്സിലാക്കി പ്രവര്‍ത്തിച്ച നേതാവായിരുന്നു എന്‍ എസ്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്ന നിലയില്‍ സഖാവ് അവസാനനാളുകളില്‍ ദേശാഭിമാനിയുടെ പ്രചാരണം വര്‍ധിപ്പിക്കുന്നതിനുവേണ്ടിയുള്ള ചുമതല ഏറ്റെടുത്ത് പ്രവര്‍ത്തിച്ചു. അത് വിജയമാക്കി മാതൃക സൃഷ്ടിക്കാന്‍ സഖാവിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിനു കഴിഞ്ഞു. ഇന്ന് ദേശാഭിമാനി കേരളത്തിലെ ഏറ്റവും പ്രചാരമുള്ള മൂന്നുപത്രങ്ങളിലൊന്നാണ്. ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. അച്ചടിരംഗത്ത് മാത്രമല്ല, ദൃശ്യമാധ്യമരംഗത്തും ജനപക്ഷബദല്‍ വേണം. അതിനെയും ശക്തിപ്പെടുത്തേണ്ടതുണ്ട്. അതുപോലെ സോഷ്യല്‍ മീഡിയ എന്നറിയപ്പെടുന്ന നവമാധ്യമങ്ങളെയും പ്രയോജനപ്പെടുത്തണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ എസിനെപ്പോലുള്ള നേതാക്കളുടെ മാതൃക ആവേശം പകരുന്നതാണ്. സഖാവിന്റെ സ്മരണയ്ക്കുമുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍ .

*
പിണറായി വിജയന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സിപിഐ എം 20-ാം സംസ്ഥാനസമ്മേളനം തിരുവനന്തപുരത്ത് ചരിത്രസംഭവമായി പര്യവസാനിച്ചതിനു പിന്നാലെയാണ് സഖാവ് എന്‍ എസിന്റെ സ്മരണ ഇത്തവണ പുതുക്കുന്നത്. വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായിരിക്കുമ്പോള്‍ത്തന്നെ ഈ ലേഖകന് എന്‍ എസുമായി നേരിട്ടു പരിചയമുണ്ട്. എന്നാല്‍ , പാര്‍ടി സംസ്ഥാനകമ്മിറ്റിയില്‍ വന്നതിനുശേഷമാണ് കൂടുതല്‍ അടുത്തിടപഴകാനും മനസ്സിലാക്കാനും കഴിഞ്ഞത്. എന്നാല്‍ , പാര്‍ടി സംസ്ഥാനകമ്മിറ്റിയില്‍ വന്നതിനുശേഷമാണ് കൂടുതല്‍ അടുത്തിടപഴകാനും മനസ്സിലാക്കാനും കഴിഞ്ഞത്. എന്‍ എസ് സാധാരണ മനുഷ്യനായിരുന്നു; അസാധാരണ നേതാവും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നല്ല സംഘാടകരില്‍ ഒരാളായ എന്‍ എസ് 27 വര്‍ഷംമുമ്പ് വാഹനാപകടത്തിലാണ് നമ്മെ വിട്ടുപിരിഞ്ഞത്.