പോയ നൂറ്റാണ്ടിലെ ആദ്യപകുതി യുദ്ധങ്ങളുടെയും വിപ്ലവങ്ങളുടെയും തീക്ഷ്ണകാലമായിരുന്നു. രണ്ടു ലോകയുദ്ധങ്ങള്‍ . കൊടും ദുരിതങ്ങള്‍ , റഷ്യന്‍ , ചൈനീസ് വിപ്ലവങ്ങള്‍ , കോളനി രാജ്യങ്ങളുടെ വിമോചനം. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളില്‍ ഇന്ത്യന്‍ ഗ്രാമങ്ങളും യുവത്വവും എടുത്തുചാടിയ പതിറ്റാണ്ടുകള്‍ . ബ്രിട്ടീഷുകാര്‍ നേരിട്ട് ഭരണം നടത്തിയ മലബാര്‍ മറ്റേത് പ്രദേശത്തേക്കാളും പോരാട്ടങ്ങളുടെ ജൈത്രയാത്രയിലായിരുന്നു. പല പോരാട്ടങ്ങള്‍ക്കും ഒരു മിത്തിന്റെ പരിവേഷമാണുള്ളത്. അത്തരം ഒരു ഗ്രാമമാണ് കോഴിക്കോട് ജില്ലയിലെ മൊകേരി. കുറുമ്പ്രനാട് താലൂക്കില്‍ കര്‍ഷക പ്രസ്ഥാനത്തിനും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിക്കും കമ്യൂണിസ്റ്റ് പാര്‍ടിക്കും ചങ്കുറപ്പ് കൂടിയ ഗ്രാമം. ഇവിടെ 1947 മാര്‍ച്ച് 18ന് ബ്രിട്ടന്റെ ചോറ്റുപട്ടാളം നടത്തിയ വെടിവെപ്പ് അധികം ശ്രദ്ധിക്കപ്പെടാതെപോയ ത്യാഗോജ്വല അധ്യായമാണ്. വെടിയേറ്റ് ആരും കൊല്ലപ്പെടാത്തതിനാലാവാം മൊകേരി വെടിവെപ്പിന് പൊലിമ കുറഞ്ഞത്. പക്ഷേ ക്രൂര മര്‍ദനങ്ങളില്‍ ചോരതുപ്പി ജീവച്ഛവങ്ങളായവര്‍ , ജീവിതം ഹോമിക്കപ്പെട്ടവര്‍ ഇവിടെ നിരവധി.
കമ്യൂണിസ്റ്റ് പാര്‍ടി ജനകീയ യുദ്ധമെന്ന് വിലയിരുത്തിയ രണ്ടാം ലോകയുദ്ധം അവസാനിച്ചു. ബ്രിട്ടീഷ് വിരുദ്ധ സമരം കമ്യൂണിസ്റ്റുകാര്‍ പൂര്‍വാധികം ശക്തമാക്കി. ബ്രിട്ടീഷുകാര്‍ കമ്യൂണിസ്റ്റ് വേട്ടയും പതിന്മടങ്ങാക്കി. സാമ്രാജ്യത്വ-ജന്മിത്വ വിരുദ്ധ സമരത്തോടൊപ്പം കര്‍ഷകസംഘം-കമ്യൂണിസ്റ്റ് പാര്‍ടി സാമൂഹ്യ അടിമത്തത്തിനും അയിത്തത്തിനുമെതിരായ പോരാട്ടവും ഏറ്റെടുത്തു. ഇതില്‍ പ്രധാനമാണ് കുളംകുളി. മൊകേരിക്കടുത്ത പുള്ളിനോട്ട് ക്ഷേത്രക്കുളത്തില്‍ അയിത്തജാതിക്കാരെ കുളിപ്പിച്ചു. കുഞ്ഞാപ്പുമാസ്റ്റര്‍ , എ പി കൃഷ്ണന്‍ , കെ പി കുഞ്ഞിരാമന്‍ , പി കേളപ്പന്‍ നായര്‍ , വി പി ബാലകൃഷ്ണന്‍ തുടങ്ങി ഒമ്പത് സഖാക്കളെ ജയിലിലടച്ചു.
യുദ്ധാനന്തരം മലബാര്‍ വറുതിയില്‍ നട്ടം തിരിയുകയായിരുന്നു. ജന്മിമാരും മൂപ്പന്മാരും ഭക്ഷ്യവിളകള്‍ കരിഞ്ചന്തയിലാക്കി. മനുഷ്യത്വ ഹീനമായ ഈ പ്രവൃത്തിയെ സര്‍വശക്തിയുമുപയോഗിച്ച് കര്‍ഷകസംഘം-കമ്യൂണിസ്റ്റ്പാര്‍ടി നേരിട്ടു. മൊകേരിയിലൂടെ ഒരൊറ്റ കരിഞ്ചന്തലോറിക്കും പോകാന്‍ പറ്റാതായി. രാപ്പകലെന്യേ കരിഞ്ചന്തപിടിച്ച് വിതരണം തുടങ്ങി. ഇതോടൊപ്പമാണ് കരിങ്ങാട് മലയിലെ പുനംകൃഷി സമരം ശക്തമാവുന്നത്. കേളുഏട്ടന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വളണ്ടിയര്‍മാരും സി എച്ച് കണാരന്റെ നേതൃത്വത്തില്‍ ചുവപ്പ് വളണ്ടിയര്‍മാരും സമര സഹായവുമായി വടകരയില്‍നിന്നെത്തി. മൊകേരി പ്രദേശം കേന്ദ്രീകരിച്ചായിരുന്നു കുറ്റ്യാടിവഴി മലനിരകളിലേക്കുള്ള കര്‍ഷകമുന്നേറ്റം. മൊകേരിയും പരിസര പ്രദേശങ്ങളും അങ്ങനെ അധികാരികളുടെ കണ്ണിലെ കരടായി. രേഖപ്പെടുത്താത്ത കൊടിയ മര്‍ദനങ്ങള്‍ അനവധി. പ്രദേശത്തെ കമ്യൂണിസ്റ്റ് പാര്‍ടി നേതാവും താലൂക്കിലെ പ്രധാന പ്രാസംഗികനുമായ പി കുഞ്ഞിരാമന്‍ നമ്പ്യാരുടെ പേരില്‍ നിരവധി കേസെടുത്തു. അദ്ദേഹം ഒളിവില്‍ ഒഞ്ചിയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു.
1947 മാര്‍ച്ച് 18 പാരീസ് കമ്യൂണ്‍ ദിനം ലോക തൊഴിലാളി വര്‍ഗത്തിന്റെ അവകാശ പ്രഖ്യാപന ദിനമായി ആചരിക്കാന്‍ എഐടിയുസി ആഹ്വാനം ചെയ്തു. മൊകേരിയിലെ കൃഷിക്കാര്‍ ഒരടി മുന്നോട്ടുവച്ചു. അവകാശപ്രഖ്യാപനത്തോടൊപ്പം മര്‍ദന പ്രതിഷേധദിനമായും ആചരിക്കാന്‍ തീരുമാനിച്ചു. ദീര്‍ഘകാലം ഒളിവില്‍ കഴിയുന്ന കുഞ്ഞിരാമന്‍ നമ്പ്യാര്‍ പരിപാടി ഉദ്ഘാടനം ചെയ്യുമെന്നും നിശ്ചയിച്ചു. മൊകേരിയിലെ പഴയബോര്‍ഡ് സ്കൂള്‍ ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ ജനാവലി. എ പി കൃഷ്ണന്‍ അധ്യക്ഷന്‍ . കുഞ്ഞിരാമന്‍ നമ്പ്യാര്‍ പ്രസംഗം തുടങ്ങി. നാദാപുരം എസ്ഐ (മറ്റൊരു)കുഞ്ഞിരാമന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ഇടിവണ്ടി വന്നു. വെടിവെച്ചുകൊണ്ട് ജനക്കൂട്ടത്തെ നേരിട്ട് അവര്‍ വേദിയിലേക്കിരച്ചുകയറി. പി കുഞ്ഞിരാമന്‍ നമ്പ്യാരെ പിടികൂടി. ഞൊടിയിടയില്‍ പുറത്തെത്തിച്ചു. ചാലുപറമ്പത്ത് കണാരന്‍ എന്ന കര്‍ഷകതൊഴിലാളി വെടിയേറ്റുവീണു. കുനിയില്‍ അനന്തക്കുറുപ്പിനും വെടിയേറ്റു. പെട്ടെന്നുതന്നെ സഖാക്കള്‍ പ്രതികരിച്ചു. ഹെഡ്കോണ്‍സ്റ്റബിള്‍ പത്മനാഭന്‍ അടിയോടി ഉള്‍പ്പെടെ പൊലീസുകാര്‍ക്ക് ഗുരുതര പരിക്കേറ്റു.
ആ ദിനം കഴിഞ്ഞു. കമ്യൂണിസ്റ്റ് വേട്ടയുടെ ദിനരാത്രങ്ങള്‍ ആരംഭിച്ചു. പി കുഞ്ഞിരാമന്‍ നമ്പ്യാര്‍ , എ പി കൃഷ്ണന്‍ , കൊടുവങ്ങയില്‍ അമ്പുക്കുറുപ്പ്, ടി കെ കൃഷ്ണന്‍ , എം പി മൊയ്തു, കോമത്ത് പൊയില്‍ കണ്ണന്‍ , തരിപ്പ കണ്ണന്‍ , പി കേളപ്പന്‍ നായര്‍ തുടങ്ങി 23പേരെ പ്രതിചേര്‍ത്തു. വിവിധ ലോക്കപ്പുകളിലായി എല്ലുമുറിയെ മര്‍ദനം. കമ്യൂണിസ്റ്റ്-കര്‍ഷകസംഘം പ്രവര്‍ത്തകര്‍ക്ക് വീട്ടില്‍ വരാന്‍ പറ്റാതായി. എംഎസ്പിയുടെ നരനായാട്ട്. വെടിവെപ്പു കേസിലെ പ്രതികളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന, ഒരു വര്‍ഷം ശിക്ഷിക്കപ്പെട്ട് സേലം ജയിലില്‍ കഴിഞ്ഞ ടി കെ കൃഷ്ണന്റെ വാക്കുകളിലൂടെ: "എന്നെ രണ്ടു മാസം കഴിഞ്ഞ് പുറമേരിയില്‍നിന്ന് അറസ്റ്റു ചെയ്തു. നാദാപുരം, വടകര സ്റ്റേഷനില്‍വച്ചും കുറ്റ്യാടി ഔട്ട്പോസ്റ്റില്‍ വച്ചും മൂന്നുദിവസം തുടര്‍ച്ചയായി മര്‍ദിച്ചു. നാദാപുരം സ്റ്റേഷനില്‍ വെച്ച് മരിച്ചുപോകുമെന്ന് പൊലീസുകാര്‍ക്ക് തോന്നി. പുലര്‍ച്ചെ വടകര മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വടകര സബ്ജയിലിലും കോഴിക്കോട് ജയിലിലും താമസിപ്പിച്ചു.
അപ്പോഴാണ് കോഴിക്കോട് ജയിലില്‍നിന്ന് കെ എസ് ബെന്‍ തടവുചാടിയത്. ഒളിവിലായിരുന്ന വയലാര്‍ സമര സഖാവ് ബെന്‍ മൊകേരി കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചത്. ആഗസ്ത് 15ന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ ഭാഗമായി ജാമ്യം ലഭിച്ചു." സ്വാതന്ത്ര്യം ലഭിച്ചു. കല്‍ത്ത തീസിസിലൂടെ കമ്യൂണിസ്റ്റ് പാര്‍ടി സായുധവിപ്ലവമാര്‍ഗം സ്വീകരിച്ചു. മൂഷികസ്ത്രീ വീണ്ടും മൂഷിക സ്ത്രീ. ഇന്ത്യന്‍ ഭരണകൂടം കമ്യൂണിസ്റ്റ് മര്‍ദനം ബ്രിട്ടീഷുകാരുടേതിനേക്കാള്‍ പതിന്മടങ്ങാക്കി. മരവിപ്പിച്ച മൊകേരി വെടിവെപ്പ് കേസ് പുനരുജ്ജീവിപ്പിച്ച് പ്രതികളെ സേലം ജയിലിലടച്ചു. ഇതിനിടെ മൊകേരിയില്‍ എംഎസ്പി ക്യാമ്പ് തുടങ്ങിയിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഇതൊരു നാസി ക്യാമ്പായി. സഖാക്കള്‍ ക്യാമ്പിലെ മര്‍ദനംകൊണ്ട് ചോരതുപ്പി. സഹിക്കാനാവാതെ ഒരു ദിവസം ക്യാമ്പിന് തീകൊടുത്തു. കുറുമ്പ്രനാട് താലൂക്കിലെ ഏറ്റവും വലിയ രാഷ്ട്രീയകേസായിരുന്നു "മൊകേരി എംഎസ്പി ക്യാമ്പ് തീവെപ്പു കേസ്".
ജയിലിലായിരുന്നതിനാല്‍ ഐതിഹാസികമായ മൊകേരി വെടിവെപ്പ് സംഭവത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന വി പി ബാലകൃഷ്ണന്‍ ഇങ്ങനെ പറയുന്നു: "അക്കാലത്തെ ഏറ്റവും ഉശിരന്മാരും ധീരന്മാരുമായ യുവ പ്രവര്‍ത്തകരായിരുന്ന ഞങ്ങളെ വി പി ബാലകൃഷ്ണന്‍ , ടി കെ കൃഷ്ണന്‍ , പി കേളപ്പന്‍നായര്‍ എന്നിവരെ എംഎസ്പി തീവെപ്പ്കേസില്‍ പ്രതിചേര്‍ത്തു. ഞാന്‍ വടകര സബ്ജയിലിലായി. വെടിവെപ്പുകേസില്‍ സേലം ജയിലിലായിരുന്ന ടി കെ കൃഷ്ണനെയും കേളപ്പന്‍നായരെയും വിചാരണക്കായി വടകരയില്‍ കൊണ്ടുവന്നു. വടകരയില്‍നിന്ന് എവിടെ കൊണ്ടുപോകുമ്പോഴും ആമംവെക്കും. മൂവരെയും ഒന്നിച്ചാണ് ആമം വെക്കുക. ജനങ്ങള്‍ ആരാധനയോടെ നോക്കി. അവരുടെ മുഷ്ടികള്‍ ചുരുണ്ടു. ചുണ്ടുകള്‍ വിറച്ചു. ആമം വെക്കാതെ നടക്കാനാവുന്ന ഒരു നല്ല നാളേക്കുവേണ്ടി...".
*
കെ മുകുന്ദന്‍ ദേശാഭിമാനി 25 ഫെബ്രുവരി 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment