Wednesday, February 29, 2012

ജനതയുടെ താക്കീത്

യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ ട്രേഡ്യൂണിയനുകളെല്ലാം ചേര്‍ന്ന് നടത്തിയ പണിമുടക്ക് തൊഴില്‍മേഖലകളെയാകെ സ്തംഭിപ്പിച്ചു. പത്തുകോടിയിലേറെ തൊഴിലാളികളും ജീവനക്കാരും പങ്കാളികളായി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം വന്‍ മുന്നേറ്റമായ പണിമുടക്ക് കേന്ദ്രസര്‍ക്കാരിന് താക്കീതായി. സാമ്പത്തികനയങ്ങളുടെ കാര്യത്തില്‍ തെറ്റുതിരുത്തലിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുംവിധം പണിമുടക്ക് വന്‍വിജയമാക്കിയ തൊഴിലാളികളെയും ജീവനക്കാരെയും ട്രേഡ്യൂണിയനുകളും സിപിഐ എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ടികളും അഭിനന്ദിച്ചു.

മുംബൈ, ചെന്നെ, ജയ്പുര്‍ , ബംഗളൂരു, കൊല്‍ക്കത്ത, ഗുവാഹത്തി, ഹൈദരാബാദ്, പട്ന, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളില്‍ വന്‍പ്രകടനവും നടന്നു. ബാങ്കിങ്-ഇന്‍ഷുറന്‍സ്-തപാല്‍ മേഖലകളില്‍ പണിമുടക്ക് 100 ശതമാനം വിജയമായി. റിസര്‍വ് ബാങ്കടക്കം സ്തംഭിച്ചു. പ്രമുഖ സ്വകാര്യ വ്യവസായശാലകളും പണിമുടക്കില്‍ സ്തംഭിച്ചു. ചെന്നൈയില്‍ അശോക് ലെയ്ലാന്‍ഡ്, ടിവിഎസ്, എംആര്‍എഫ്, കാര്‍ബോറാണ്ടം തുടങ്ങിയവയിലെല്ലാം തൊഴിലാളികള്‍ പണിമുടക്കി. ബംഗളൂരുവിലും സമീപത്തെ അഞ്ച് വ്യവസായകേന്ദ്രങ്ങളിലും സ്വകാര്യ തൊഴില്‍ശാലകള്‍ സ്തംഭിച്ചു. ഹൈദരാബാദില്‍ മഡോക്ക്, രംഗറെഡ്ഡി തുടങ്ങിയ വ്യവസായകേന്ദ്രങ്ങളും പ്രത്യേക സാമ്പത്തികമേഖലകളും നിശ്ചലമായി. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലും സ്വകാര്യ വ്യവസായശാലകള്‍ പ്രവര്‍ത്തിച്ചില്ല. ഗുഡ്ഗാവ്, ഫരീദാബാദ്, നരൈയ്ന തുടങ്ങി ഡല്‍ഹിയിലെയും സമീപപ്രദേശങ്ങളിലെയും വ്യവസായശാലകളിലെ തൊഴിലാളികളും പങ്കാളികളായി. രാജ്യത്തിന്റെ വാണിജ്യ ആസ്ഥാനമായ മുംബൈയില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു.

മുംബൈ പോര്‍ട് ട്രസ്റ്റ്, ജവാഹര്‍ലാല്‍ നെഹ്റു പോര്‍ട് ട്രസ്റ്റ് എന്നിവയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് തുടങ്ങിയവയുടെ പല ശാഖകളും അടഞ്ഞുകിടന്നു. എല്ലാ തുറമുഖങ്ങളിലും തൊഴിലാളികള്‍ പണിമുടക്കി പ്രകടനവും യോഗവും സംഘടിപ്പിച്ചു. കൊച്ചി, ചെന്നൈ, വിശാഖപട്ടണം, ഹാല്‍ദിയ, തൂത്തുകുടി തുറമുഖങ്ങളും സ്തംഭിച്ചു. ഇതാദ്യമായി തുറമുഖങ്ങളിലെ കരാര്‍തൊഴിലാളികളും ട്രക്ക് ഡ്രൈവര്‍മാരും പണിമുടക്കില്‍ പങ്കാളികളായി. രാജസ്ഥാനില്‍ ബാങ്കിങ്, ഗതാഗത മേഖലകളിലാണ് പണിമുടക്ക് കൂടുതല്‍ ശക്തമായത്. ജയ്പുരിലെ റോഡുകളില്‍ ബസുകളും ടാക്സികളും ഇറങ്ങിയില്ല. പെട്രോളിയം രംഗത്തും തൊഴിലാളികള്‍ പണിമുടക്കി. മഹാരാഷ്ട്രയില്‍ ഒഎന്‍ജിസി പൂര്‍ണമായി സ്തംഭിച്ചു. ഭാരത്പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ , അസമിലെ എണ്ണ ശുദ്ധീകരണശാലകള്‍ എന്നിവിടങ്ങളില്ലെല്ലാം തൊഴിലാളികള്‍ ദേശീയപ്രതിഷേധത്തില്‍ പങ്കാളികളായി. രാജ്യത്തെ പ്രധാന ഖനികളിലും പണിമുടക്ക് പൂര്‍ണമായിരുന്നു. ഊര്‍ജമേഖലയിലെ തൊഴിലാളികളും ഒരേ മനസ്സോടെ പണി നിര്‍ത്തി പ്രതിഷേധിച്ചു. പവര്‍ഗ്രിഡു പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ എല്ലാ തൊഴിലാളികളും ജീവനക്കാരും പങ്കാളികളായി. വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി ബോര്‍ഡ് ജീവനക്കാരും പണിമുടക്കി. ടെലികോം മേഖലയില്‍ രാജ്യമെമ്പാടുമുള്ള ബിഎസ്എന്‍എല്‍ , എംടിഎന്‍എല്‍ ജീവനക്കാര്‍ പണിമുടക്കില്‍ അണിനിരന്നു. പ്രതിരോധമേഖലയിലെ എല്ലാ ഉല്‍പ്പാദനശാലകളും സ്തംഭിച്ചു. പ്രതിരോധമേഖലയിലെ സിവിലിയന്‍ ജീവനക്കാരും പണിമുടക്കി. പണിമുടക്കിയ ജീവനക്കാര്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രതിഷേധയോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു. റെയില്‍വേ ജീവനക്കാര്‍ പണിമുടക്കിയില്ലെങ്കിലും പ്രകടനങ്ങളും മറ്റും സംഘടിപ്പിച്ച് ഐക്യദാര്‍ഢ്യംപ്രകടിപ്പിച്ചു. വ്യോമയാന മേഖലയെയും സമരത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു.

എല്ലാ തൊഴിലാളികളുടെയും യോജിച്ച ഐക്യവും പ്രതിഷേധവുമാണ് പണിമുടക്കിലെങ്ങും ദൃശ്യമായത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ഇതാദ്യമായി ഗതാഗതം സ്തംഭിച്ചു. ജമ്മു-കശ്മീരില്‍ ഗതാഗതം പൂര്‍ണമായി നിലച്ചു. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ , ചണ്ഡീഗഢ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, അസം, ബംഗാള്‍ എന്നിവിടങ്ങളിലും ബസുകളും ട്രക്കുകളും നിരത്തുകളില്‍നിന്ന് വിട്ടുനിന്നു. അസമില്‍ ജനജീവിതം പൂര്‍ണമായി സ്തംഭിച്ചു. ജമ്മു-കശ്മീര്‍ , അസം, ബംഗാള്‍ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശ്രീനഗറില്‍ സിഐടിയു റാലിക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. ഡല്‍ഹിയിലും ബംഗളൂരുവിലും ഓട്ടോ-ടാക്സി തൊഴിലാളികള്‍ പണിമുടക്കി. ബംഗളൂരുവില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ പൊലീസ് കൈയേറ്റംചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിയൊരുക്കി. നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് യുപിയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിരുന്നു. അസം, ബംഗാള്‍ , കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ തോട്ടംതൊഴിലാളികള്‍ പൂര്‍ണമായി പണിമുടക്കി. ഒന്നര ലക്ഷത്തോളം മെഡിക്കല്‍ റെപ്രസന്ററ്റീവുകളും സമരത്തില്‍ അണിനിരന്നു. അസംഘടിത മേഖലയിലെ തൊഴിലാളികളും പ്രക്ഷോഭത്തില്‍ അണിനിരന്നു. വിവിധ സംസ്ഥാനങ്ങളില്‍ അങ്കണവാടി ജീവനക്കാര്‍ , കെട്ടിടനിര്‍മാണ തൊഴിലാളികള്‍ , മത്സ്യതൊഴിലാളികള്‍ , ചുമട്ട് തൊഴിലാളികള്‍ എന്നിവരും പണിമുടക്കി.
(എം പ്രശാന്ത്)

സംസ്ഥാനം നിശ്ചലമായി

ദേശീയ പണിമുടക്കില്‍ സംസ്ഥാനത്ത് നാടും നഗരവും പൂര്‍ണമായും നിശ്ചലമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ഭരണാനുകൂല തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെ അണിനിരന്ന പണിമുടക്ക് സംസ്ഥാനത്തിന്റെ സമരചരിത്രത്തില്‍ പുതിയ അധ്യായമായി. മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം നിലച്ചു. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റ് ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫീസുകളിലെ 80 ശതമാനത്തിലേറെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കരിനിയമമായ ഡൈസ് നോണ്‍ ജീവനക്കാര്‍ തള്ളി. പൊതുമേഖലാ സ്ഥാപനങ്ങളും ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകളും തുറന്നില്ല. റിസവ് ബാങ്ക് പ്രവര്‍ത്തനവും നിലച്ചു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് ജീവനക്കാരും ഇതര മോട്ടോര്‍ തൊഴിലാളികളും പണിമുടക്കി. നെടുമ്പാശേരി, കരിപ്പൂര്‍ , തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാനസര്‍വീസുകളെയും പണിമുടക്ക് ബാധിച്ചു. എയര്‍ ഇന്ത്യ അടക്കം നിരവധി വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കാഷ്വല്‍ , കോണ്‍ട്രാക്ട് തൊഴിലാളികള്‍ പണിമുടക്കി.

തപാല്‍മേഖലയില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. നാലായിരത്തോളം പോസ്റ്റ് ഓഫീസും 35 ആര്‍എംഎസ് ഓഫീസും അടഞ്ഞുകിടന്നു. ഏജീസ്, ഇന്‍കംടാക്സ് ഓഫീസുകളും തുറന്നില്ല. ബിഎസ്എന്‍എല്‍ മേഖലയിലെ എല്ലാ നോണ്‍എക്സിക്യൂട്ടീവ് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തു. എക്സിക്യൂട്ടീവ് സംഘടനകള്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിരുന്നില്ലെങ്കിലും ജോലിക്ക് ഹാജരാകാതെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു. വ്യവസായ തലസ്ഥാനമായ എറണാകുളത്ത് പണിമുടക്ക് പൂര്‍ണമായിരുന്നു. കൊച്ചി കപ്പല്‍ശാലയില്‍ സ്ഥിരംതൊഴിലാളികളും കരാര്‍ത്തൊഴിലാളികളും പണിമുടക്കി. തുറമുഖത്ത് എല്ലാ തൊഴിലാളിസംഘടനകളും പണിമുടക്കി. തൊഴിലാളി യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട് നഗരത്തില്‍ പ്രകടനം നടത്തി. പ്രമുഖ വാണിജ്യ കേന്ദ്രങ്ങളായ വലിയങ്ങാടി, മിഠായിത്തെരുവ് എന്നിവിടങ്ങളില്‍ കടകളെല്ലാം അടഞ്ഞുകിടന്നു. പതിമൂന്ന് തൊഴിലാളി സംഘടനകളുടെ ആഹ്വാനമനുസരിച്ച് പണിമുടക്കിയ തൊഴിലാളികള്‍ അതത് സംഘടനകളുടെ പതാകയേന്തി ഒരേ ബാനറിനു കീഴില്‍ നാടെങ്ങും പ്രതിഷേധ റാലി നടത്തി. സംസ്ഥാനത്താകെ ലക്ഷക്കണക്കിനു തൊഴിലാളികളും ജീവനക്കാരും ബഹുജനങ്ങളുമാണ് പ്രതിഷേധറാലികളില്‍ പങ്കെടുത്തത്. പണിമുടക്കിയവരെ ട്രേഡ്യൂണിയന്‍ സംയുക്ത സമരസമിതി ഭാരവാഹികള്‍ അഭിവാദ്യം ചെയ്തു.

ബംഗാളില്‍ ബന്ദായി

കൊല്‍ക്കത്ത: വ്യാപകമായ അക്രമവും സര്‍ക്കാരിന്റെ ഭീഷണിയും ചെറുത്ത് ബംഗാള്‍ ജനതയൊന്നാകെ പണിമുടക്കില്‍ പങ്കാളികളായി. പൊതു പണിമുടക്ക് ബംഗാളില്‍ പൂര്‍ണ ബന്ദായി. പണിമുടക്കിന്റെ ആവശ്യങ്ങള്‍ക്കുപുറമെ സംസ്ഥാനത്ത് നടമാടുന്ന അക്രമത്തിനും അടിച്ചമര്‍ത്തലിനുമെതിരായ പ്രതിഷേധം കൂടിയാണ് ചൊവ്വാഴ്ച പ്രകടമായത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷം ആഹ്വാനം ചെയ്ത പണിമുടക്കുകള്‍ വിജയിക്കുന്നത് ഗവണ്‍മെന്റ് പിന്തുണയ്ക്കുന്നതിനാലാണെന്ന് ആക്ഷേപം ഉന്നയിച്ചവര്‍ക്ക് മറുപടി കൂടിയായി പണിമുടക്കിലെ ജനപങ്കാളിത്തം. ദുര്‍ഗാപുര്‍ , അസണ്‍സോള്‍ , ഹാള്‍ദിയ ,ബാരക്പൂര്‍ , ഹൗറ, റായഗല്ല് തുടങ്ങിയ വ്യവസായമേഖലകളില്‍ ബഹുരിപക്ഷം തൊഴിലാളികളും ജോലിയില്‍നിന്ന് വിട്ടുനിന്നു. ഉത്തര ബംഗാളിലെ ചായത്തോട്ടങ്ങളെല്ലാം സ്തംഭിച്ചു. ചണമില്ലുകളും പ്രവര്‍ത്തിച്ചില്ല. കൊല്‍ക്കത്ത തുറമുഖം, വിമാനത്താവളം എന്നിവയുടെ പ്രവര്‍ത്തനങ്ങളെയും സമരം ബാധിച്ചു. ട്രെയിന്‍ സര്‍വീസും എറെക്കുറെ നിശ്ചലമായി. വിദ്യാഭ്യാസസ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിച്ചില്ല. കടകമ്പോളങ്ങളും അടഞ്ഞുകിടന്നു.

സെക്രട്ടറിയറ്റായ റൈറ്റേഴ്സ് ബില്‍ഡിങ്ങിലും മറ്റു ചില ഓഫീസുകളിലും ഭരണകക്ഷി അനുകൂലികളെ തലേദിവസം ക്യാമ്പ് ചെയ്യിപ്പിച്ച് ഹാജര്‍നില കൂട്ടാന്‍ നടത്തിയ ശ്രമവും പാളി. ഓഫീസിലെത്തിയ ചുരുക്കംപേര്‍ തന്നെ സൗജന്യഭക്ഷണവും കഴിച്ച് ഉച്ചയ്ക്കുമുമ്പ് സ്ഥലംവിട്ടു. ഐടി മേഖലയെയും സമരം കാര്യമായി ബാധിച്ചു. സമരക്കാര്‍ക്കുനേരെ സംസ്ഥാനത്തൊട്ടാകെ വ്യാപകമായ ആക്രമണമാണ് തൃണമൂല്‍ കോണ്‍ഗ്രസും പൊലീസും അഴിച്ചുവിട്ടത്. പല സ്ഥലങ്ങളിലും ആക്രമണത്തില്‍ മുന്‍ മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. സമരത്തിന് നേതൃത്വം നല്‍കിയ 2000ത്തിലധികം പേരെ സംസ്ഥാനത്തൊട്ടാകെ അറസ്റ്റ് ചെയ്തു. ദക്ഷിണ കൊല്‍ക്കത്തയിലെ സിപിഐ എം ജാദവപുര്‍സോണല്‍(ഏരിയ) കമ്മറ്റി ഓഫീസ് തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അടിച്ചുതകര്‍ത്തു. ആറ് സോണല്‍ കമ്മറ്റിയംഗങ്ങള്‍ക്ക് പരിക്കുപറ്റി. അക്രമത്തില്‍&ലവേ;പ്രതിഷേധിച്ച് ബുദ്ധദേബ് ഭട്ടാചാര്യയുടെ നേതൃത്വത്തില്‍ ബുധനാഴ്ച പ്രകടനം നടത്തും.
(ഗോപി)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ ട്രേഡ്യൂണിയനുകളെല്ലാം ചേര്‍ന്ന് നടത്തിയ പണിമുടക്ക് തൊഴില്‍മേഖലകളെയാകെ സ്തംഭിപ്പിച്ചു. പത്തുകോടിയിലേറെ തൊഴിലാളികളും ജീവനക്കാരും പങ്കാളികളായി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം വന്‍ മുന്നേറ്റമായ പണിമുടക്ക് കേന്ദ്രസര്‍ക്കാരിന് താക്കീതായി. സാമ്പത്തികനയങ്ങളുടെ കാര്യത്തില്‍ തെറ്റുതിരുത്തലിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുംവിധം പണിമുടക്ക് വന്‍വിജയമാക്കിയ തൊഴിലാളികളെയും ജീവനക്കാരെയും ട്രേഡ്യൂണിയനുകളും സിപിഐ എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ടികളും അഭിനന്ദിച്ചു.