കേരളത്തിലെ കത്തോലിക്കാ സഭ താലിബാനിസത്തിന്റെ പാതയിലേക്ക് നീങ്ങുന്നത് ഖേദകരമാണ്. യേശു കത്തോലിക്കര്‍ക്കുമാത്രം അവകാശപ്പെട്ടതെന്ന ശാഠ്യം ക്രൈസ്തവ വിരുദ്ധമാണെന്നു മാത്രമല്ല അപ്രായോഗികവുമാണ്. കണക്കെടുക്കാന്‍ കഴിയാത്തത്ര സഭാവിഭാഗങ്ങള്‍ ലോകമെങ്ങുമുള്ളപ്പോള്‍ കേരളത്തിലെ രണ്ടു റീത്തുകള്‍ക്കു മാത്രമായി യേശുവിനെക്കുറിച്ചുള്ള സ്മരണ പതിച്ചുനല്‍കാനാവില്ല. യേശുവിനെയും യേശുവിന്റെ പ്രബോധനങ്ങളെയും ഉള്‍ക്കൊണ്ട് ജീവിക്കുന്നവനാണ് ക്രിസ്ത്യാനി. ദൈവപുത്രനായ ക്രിസ്തുവിനൊപ്പം മനുഷ്യപുത്രനായ യേശുവും ചരിത്രത്തിന്റെ ഭാഗമാണ്. ആ ചരിത്രം മനുഷ്യകുലത്തിനു മുഴുവന്‍ അവകാശപ്പെട്ടതാണ്. ബേത്ലെഹെമില്‍ ജനിച്ച് പ്രബോധകനും പ്രക്ഷോഭകനുമായി യൂദയായില്‍ പ്രവര്‍ത്തിച്ച് പന്തിയോസ് പീലാത്തോസ് എന്ന റോമന്‍ ഗവര്‍ണറുടെ ഭരണകാലത്ത് കുരിശുമരണത്തിനു വിധിക്കപ്പെട്ട യേശുവിനെ ദൈവപുത്രനായി കാണുന്നതിന് വിശ്വാസികള്‍ക്ക് അവകാശമുള്ളതുപോലെ വിപ്ലവകാരിയായി കാണുന്നതിന് മറ്റുള്ളവര്‍ക്കും അവകാശമുണ്ട്.
അധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും സംഘടിപ്പിച്ച യേശുവിനെയാണ് റോമന്‍ സാമ്രാജ്യം ഭയന്നത്. സ്നേഹത്തിന്റെ സുവിശേഷവും സ്വര്‍ഗരാജ്യത്തെക്കുറിച്ചുള്ള വാഗ്ദാനവും സാമ്രാജ്യത്തെ ഭയപ്പെടുത്തേണ്ട കാര്യമില്ല. കുരിശുമരണം യഹൂദരുടെ ശിക്ഷാരീതിയല്ലായിരുന്നു. റോമന്‍ ശിക്ഷാനിയമം അനുസരിച്ച് മരണശിക്ഷ നടപ്പാക്കാനുള്ള ഉപകരണമായിരുന്നു കുരിശ്. യേശുവിന് ഒരു നൂറ്റാണ്ടുമുമ്പ് സ്പാര്‍ട്ടക്കസിനെയും അവര്‍ വധിച്ചത് കുരിശിലേറ്റിയായിരുന്നു. കാപുവ മുതല്‍ റോം വരെ പാതയോരത്ത് നാട്ടിയ കുരിശുകളില്‍ സ്പാര്‍ട്ടക്കസും അനുയായികളും അപമാനിതരായി തൂങ്ങിക്കിടന്നു. കലാപത്തിനു തുനിയുന്ന അടിമകള്‍ക്കുള്ള മുന്നറിയിപ്പായിരുന്നു അത്. അടിമകളുടെ വിയര്‍പ്പിലാണ് റോമാസാമ്രാജ്യത്തിന്റെ മഹിമ ഉയര്‍ന്നുനിന്നത്. ചെറിയ അസ്വസ്ഥതകള്‍പോലും സാമ്രാജ്യത്തെ ഭയപ്പെടുത്തി. റോമിെന്‍റ അധിനിവേശത്തിലായിരുന്നു യൂദയാ. അവിടെയും അധിനിവേശത്തിനെതിരെ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു തുടങ്ങിയ കാലത്താണ് യേശു ഒരു കൂട്ടം മുക്കുവരുമായി ആള്‍ക്കൂട്ടങ്ങളെ പ്രക്ഷുബ്ധമാക്കി മുന്നേറുന്ന കാഴ്ചയുണ്ടായത്. പൗരോഹിത്യത്തിനും വിപണിക്കുമെതിരെ കലഹിച്ച യേശു സമത്വസുന്ദരമായ നവലോകമാണ് അടിമകള്‍ക്കും അധിനിവേശിതര്‍ക്കും വാഗ്ദാനം ചെയ്തത്. വധിക്കപ്പെടുന്നതിന് ഇത്തരത്തില്‍ കാരണങ്ങള്‍ ഏറെയുണ്ടായിരുന്നു. ആ കാരണങ്ങള്‍ ഇന്നും പ്രസക്തമാണ്. അമേരിക്ക ഇസ്ലാമിനെതിരെ ഇന്ന് കാണിക്കുന്ന അസ്വസ്ഥത തന്നെയാണ് അടിമകളോടും യഹൂദരോടും അന്ന് റോം കാണിച്ചത്. യേശു എന്ന വിപ്ലവകാരിക്ക് അഭിവാദ്യം അര്‍പ്പിക്കുന്നതിനുള്ള അവകാശം ആര്‍ക്കും പരിമിതപ്പെടുത്താനാവില്ല.
മാര്‍ക്സ് നാസ്തികനായിരുന്നു. മനുഷ്യനെ അകാരണമായി വേദനിപ്പിക്കുന്ന ദൈവത്തിനെതിരെയുള്ള പ്രൊമീത്യന്‍ കലാപമായിരുന്നു മാര്‍ക്സിന്റെ നാസ്തികത്വം. നീഷെ, ഫ്രോയ്ഡ് എന്നിവര്‍ക്കൊപ്പം മതത്തെ അദ്ദേഹം സംശയത്തോടെ വീക്ഷിച്ചു. ശാസ്ത്രീയമായ ഭൗതികവാദത്തില്‍ അധിഷ്ഠിതമായ തത്വശാസ്ത്രമാണ് മര്‍ദിതര്‍ക്കും പീഡിതര്‍ക്കുംവേണ്ടി അദ്ദേഹം അവതരിപ്പിച്ചത്. തിന്മയ്ക്കു പകരം നന്മയെന്ന ആശയം യേശു മുന്നോട്ടുവച്ചു. തിന്മയെ, ആവശ്യമെങ്കില്‍ അക്രമം പ്രയോഗിച്ചും, ഉന്മൂലനം ചെയ്യണമെന്ന നിലപാടായിരുന്നു മാര്‍ക്സിന്റേത്. വാള്‍ ഉറയിലിടാനായിരുന്നു യേശുവിന്റെ നിര്‍ദേശം. വാളിെന്‍റ പ്രയോഗസാധ്യതയെക്കുറിച്ചാണ് മാര്‍ക്സ് ആലോചിച്ചത്. എന്നാല്‍ , വിപ്ലവത്തിന്റെ പാതയില്‍ നാസ്തിക്യം അവശ്യം വേണ്ടതായ ആയുധമായി മാര്‍ക്സ് കണ്ടിട്ടില്ല. ഇന്റര്‍നാഷണലിലെ അംഗത്വത്തിന് ദൈവനിഷേധം ഉപാധിയാക്കാന്‍ ശ്രമിച്ച റഷ്യന്‍ വിപ്ലവകാരി ബക്കുനിനെ മാര്‍ക്സ് തടയുകയാണുണ്ടായത്. മതങ്ങളോടുള്ള മനോഭാവമെന്തെന്ന ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്ന എംഗല്‍സ് കത്തോലിക്കരെ പീഡിപ്പിക്കുന്ന ബിസ്മാര്‍ക്കിന്റെ നിയമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. മതത്തെ മാത്രമല്ല മതവിരുദ്ധതയേയും മാര്‍ക്സ് എതിര്‍ത്തു. ജനാധിപത്യക്രമത്തില്‍ അതിവേഗം സ്വീകാര്യമായിക്കൊണ്ടിരിക്കുന്ന മതനിരപേക്ഷതയോട് ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്ന സമീപനമായിരുന്നു ഇക്കാര്യത്തില്‍ മാര്‍ക്സിന്റേത്. മതത്തെ വേദനയകറ്റുന്ന ലേപനമായി മാര്‍ക്സ് കണ്ടു. ചരിത്രപരമായ സന്ദര്‍ഭത്തില്‍നിന്ന് അനുചിതമായി ചുരണ്ടിയെടുത്ത കറുപ്പില്‍ മാര്‍ക്സിന്റെ ദര്‍ശനം അവ്യക്തമായി. വികലമാക്കപ്പെട്ട വിശകലനങ്ങളില്‍ കമ്യൂണിസം ദൈവനിഷേധമായി വ്യാഖ്യാനിക്കപ്പെട്ടു. അധ്വാനിക്കുന്നവര്‍ക്ക് യേശു വാഗ്ദാനം ചെയ്തത് സമാശ്വാസമാണ്. അധ്വാനിക്കുന്നവര്‍ക്ക് മാര്‍ക്സിന്റെ വാഗ്ദാനം വിമോചനമാണ്. സമാശ്വാസത്തിനപ്പുറമാണ് വിമോചനം.
ദൈവരാജ്യത്തെക്കുറിച്ചല്ല, മനുഷ്യന്‍ ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ചാണ് മാര്‍ക്സ് ചിന്തിച്ചത്. രണ്ടും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാം; പക്ഷേ ശത്രുത ഉണ്ടാകേണ്ടതില്ല. മതം മനുഷ്യന്റെ കറുപ്പാണെന്ന പ്രയോഗം മാര്‍ക്സിസത്തിനെതിരെയുള്ള പ്രചാരണത്തില്‍ മതവിശ്വാസികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കറുപ്പിനെക്കുറിച്ചുള്ള ധാരണ മാറുന്നതനുസരിച്ച് ഈ പ്രസ്താവനയുടെ അര്‍ഥത്തിലും മാറ്റം വരുന്നു. തങ്ങളുടെ ദരിദ്രാവസ്ഥയ്ക്കും ദൈന്യതയ്ക്കും സാങ്കല്‍പികമായ സമാശ്വാസം കണ്ടെത്താനുള്ള മനുഷ്യവാസനയെയാണ് മാര്‍ക്സ് വിമര്‍ശിച്ചത്. ഓപിയം എന്നതിനു പകരം വാലിയം എന്ന പദമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇത്ര ആക്ഷേപം ഉണ്ടാകില്ലായിരുന്നു. മാര്‍ക്സിന്റെ കാലത്ത് കറുപ്പ് നിഷിദ്ധമായിരുന്നില്ല. ധനികര്‍ക്കുമാത്രം പ്രാപ്യമായ വസ്തുവായിരുന്നു അത്. അതിനു ശേഷിയില്ലാത്ത ദരിദ്രര്‍ സമാശ്വാസത്തിനുവേണ്ടി മതത്തെ ആശ്ലേഷിച്ചു. ധ്യാനാലയങ്ങളിലും അനുഷ്ഠാനവേദികളിലും ഭക്തര്‍ അനുഭവിക്കുന്ന അവാച്യമായ നിര്‍വൃതിയെന്തോ അതാണ് മാര്‍ക്സിന്റെ ഭാഷയിലെ കറുപ്പ്. ദൈവവിശ്വാസമോ ദൈവനിഷേധമോ നാസ്തികനായ മാര്‍ക്സിന്റെ ദര്‍ശനത്തെ സ്വാധീനിച്ചില്ല. ദൈവത്തെ ധിക്കരിച്ചുകൊണ്ട് മനുഷ്യനെ സ്നേഹിച്ച പ്രൊമിത്യൂസിനെ ദാര്‍ശനികതലത്തില്‍ വിശുദ്ധനായി സ്വീകരിച്ച മാര്‍ക്സ് ദൈവനിഷേധത്തിന്റെ അടിസ്ഥാനത്തിലല്ല ശാസ്ത്രീയ സോഷ്യലിസം രൂപപ്പെടുത്തിയത്. ചരിത്രപരമായി മതവിരുദ്ധത ബോള്‍ഷെവിക് വിപ്ലവത്തിന്റെ അനുബന്ധമാണ്. കുരിശുയുദ്ധങ്ങളിലും ഹിറ്റ്ലറുടെ വിഷപ്പുരകളിലും മതത്തിന്റെ പേരില്‍ സംഭവിച്ചതിനേക്കാള്‍ എത്രയോ ലഘുവായിരുന്നു സോവിയറ്റ് യൂണിയനില്‍ ലെനിന്റെയും സ്റ്റാലിന്റെയും കാലത്ത് സംഭവിച്ചതായി പറയപ്പെടുന്ന അത്യാചാരങ്ങള്‍ .
അയര്‍ലണ്ടില്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിലുള്ള നിരന്തരയുദ്ധങ്ങളില്‍ ചൊരിഞ്ഞ അത്രയും ക്രൈസ്തവരക്തം സോവിയറ്റ് യൂണിയനില്‍ വീണിട്ടില്ല. മതനിരപേക്ഷ സമൂഹത്തില്‍ മതവിമുക്തമായി മാര്‍ക്സിസത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയും. ഇതുതന്നെയാണ് ഭരണഘടനയുടെ അനുശാസന. വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ മാര്‍ക്സിസ്റ്റ് പാര്‍ടി മതത്തെ ആക്രമിക്കുന്നില്ല. മതാധിഷ്ഠിതമായ രാഷ്ട്രീയപ്രസ്ഥാനങ്ങളാണ് ഇതര മതങ്ങള്‍ക്ക് ഇടം നല്‍കാത്തത്. പള്ളിയും പാര്‍ടിയും അപഭ്രംശങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. പക്ഷേ ഇരുവരും പാവങ്ങള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. ധനികന് സ്വര്‍ഗരാജ്യം നിഷേധിക്കുന്ന യേശുവും പാവങ്ങളുടെ സ്വര്‍ഗരാജ്യം ഈ ഭൂമിയില്‍ സ്ഥാപിതമാക്കാന്‍ യത്നിക്കുന്ന മാര്‍ക്സും വിരുദ്ധചേരികളില്‍ നില്‍ക്കേണ്ടവരല്ല. മൂലധനത്തിന്റെ ആധിപത്യത്തിനും വിപണിയുടെ സംസ്കാരത്തിനും കീഴ്പ്പെടേണ്ടവരല്ല ക്രൈസ്തവരും കമ്യൂണിസ്റ്റുകാരും.
ദേവാലയത്തിലെ ക്രയവിക്രയക്കാര്‍ക്കും നാണയമാറ്റക്കാര്‍ക്കുമെതിരെ ചുഴറ്റപ്പെട്ട ചാട്ട ആത്മീയതയില്ലാത്ത ആധുനിക മുതലാളിത്തത്തിനെതിരെ വീശുന്നതിനുള്ള ബാധ്യത സഭയ്ക്കുണ്ട്. നശിപ്പിക്കപ്പെട്ട ബാബിലോണ്‍ പങ്കിലമായ വിപണിയുടെ പ്രതീകമാണ്. ക്രിസ്തുമതത്തിന്റെ ബൂര്‍ഷ്വാവല്‍ക്കരണത്തിനെതിരെ മാര്‍ക്സിസ്റ്റുകാരും മാര്‍ക്സിസത്തിന്റെ ബൂര്‍ഷ്വാവല്‍ക്കരണത്തിനെതിരെ ക്രൈസ്തവ വിശ്വാസികളും യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. വിശ്വാസത്തെ മാറ്റിനിര്‍ത്തി വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ പാര്‍ടി തയാറാകുമ്പോള്‍ സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന സമീപനമാണ് ക്രൈസ്തവസഭകള്‍ സ്വീകരിക്കേണ്ടത്. അന്നന്നു വേണ്ടതായ ആഹാരത്തിനുവേണ്ടി പ്രാര്‍ഥിക്കാനാണ് യേശു പഠിപ്പിച്ചത്. കൂട്ടായ പ്രാര്‍ഥന സ്വന്തം ആഹാരത്തിനുവേണ്ടി മാത്രമുള്ളതല്ല. അധ്വാനം മാത്രം കൈമുതലായ മനുഷ്യന് ആഹാരം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് മാര്‍ക്സ് നിര്‍ദേശിച്ചത്. അപരെന്‍റ ആഹാരം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന തിരിച്ചറിവാണ് ഇരുവരും നല്‍കുന്നത്. പ്രാര്‍ഥന പ്രവര്‍ത്തനത്തെ നിരാകരിക്കുന്നില്ല. വിശ്വാസിയുടെ പ്രാര്‍ഥനയില്‍ വിപ്ലവമുണ്ട്. വിപ്ലവകാരിയുടെ പ്രവര്‍ത്തനത്തില്‍ ആത്മീയതയുണ്ട്. വിശ്വാസിയുടെ പ്രാര്‍ഥനയും വിപ്ലവകാരിയുടെ ജീവിതവും അപരനുവേണ്ടിയുള്ളതാണ്. അതുകൊണ്ടാണ് മദര്‍ തെരേസയുടെ പ്രാര്‍ഥനയില്‍ വിപ്ലവകാരികള്‍ പങ്കുചേര്‍ന്നത്. അയല്‍ക്കാരനുവേണ്ടിയുള്ള സമര്‍പ്പണത്തില്‍ നിന്നാണ് രക്തസാക്ഷികള്‍ ഉണ്ടാകുന്നത്. ലോകം ആത്യന്തികമായി ജനാധിപത്യത്തിന്റെ പരിപൂര്‍ണതയിലേക്കാണ് നീങ്ങുന്നത്.
മൂലധനത്തിന്റെ ഉടമകളും പേഗനിസത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്ന മതതീവ്രതയും ചേര്‍ന്ന് ഹൈജാക് ചെയ്യുന്ന ജനാധിപത്യത്തിലല്ല ലോകത്തിന്റെ പ്രതീക്ഷ. വര്‍ഗസമരത്തിന്റെ ജയമുഹൂര്‍ത്തത്തില്‍ സ്ഥാപിതമാകുന്ന ജനാധിപത്യ സ്വര്‍ഗത്തില്‍ സമാഗമിക്കേണ്ടവരാണ് മതവിശ്വാസികളും മാര്‍ക്സിസ്റ്റുകാരും. ആ യാത്രയില്‍ ദൈവനാമത്തിന്റെ സ്ഥാനത്തും അസ്ഥാനത്തുമുള്ള ഉരുവിടല്‍ അപ്രസക്തമാണ്. സ്വര്‍ഗത്തെക്കൊണ്ടും ഭൂമിയെക്കൊണ്ടും ആണയിടരുതെന്ന് സുവിശേഷം പറയുന്നു. അങ്ങനെയെങ്കില്‍ ദൈവനാമത്തിലെ പ്രതിജ്ഞയ്ക്ക് എന്തര്‍ഥം? ദൈവനാമം ഉരുവിടുന്ന കപടനാട്യത്തെ വിശ്വാസമായി കാണുന്നത് അബദ്ധമാണ്. ദൈവനാമത്തില്‍ പ്രതിജ്ഞയെടുക്കുന്നില്ല എന്നതാണ് കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥികള്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെയുള്ള ആക്ഷേപം. "നിങ്ങളുടെ വാക്ക് അതേ എന്നോ അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനില്‍നിന്നു വരുന്നു" എന്ന് ബൈബിള്‍ പറയുന്നു. സെക്കുലര്‍ വ്യവസ്ഥയില്‍ ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നവര്‍ സ്വന്തം വാക്കിലാണ് വിശ്വാസം അര്‍പ്പിക്കേണ്ടത്. അതേ എന്നു പറയേണ്ടിടത്ത് അതേ എന്നും അല്ല എന്ന് പറയേണ്ടിടത്ത് അല്ല എന്നും പറയാന്‍ കഴിഞ്ഞാല്‍ പ്രത്യയശാസ്ത്രദുഃഖങ്ങള്‍ക്കും വിശ്വാസപരമായ പ്രതിസന്ധികള്‍ക്കും ശമനമുണ്ടാകും. വിശ്വാസം സ്വകാര്യതയാണ്. പൊതുമണ്ഡലത്തില്‍ വിശ്വാസത്തെ പ്രതിഷ്ഠിക്കുമ്പോഴാണ് സംഘര്‍ഷമുണ്ടാകുന്നത്.
എല്ലാ വിശ്വാസങ്ങള്‍ക്കും ഇടം നല്‍കാന്‍ മതനിരപേക്ഷമായ പൊതുസമൂഹം തയാറാണ്. അതുകൊണ്ടാണ് ദേശീയഗാനം ആലപിക്കാതിരിക്കാന്‍ യഹോവ സാക്ഷികള്‍ക്കും ശാബത്ത് കഴിഞ്ഞ് പരീക്ഷയെഴുതാന്‍ സെവന്‍ത് ഡേ അഡ്വെന്റിസ്റ്റുകള്‍ക്കും അനുവാദം നല്‍കുന്നത്. ഈ വിട്ടുവീഴ്ചകളെ നന്മയായി കാണാന്‍ വിശ്വാസികള്‍ക്ക് കഴിയണം. വിശ്വാസം മൗലികമാകുമ്പോള്‍ സമീപനം തീവ്രമാകുന്നു. ജനാധിപത്യത്തിന്റെ നിരാസമാണ് തീവ്രവാദം. മറ്റാര്‍ക്കും ഇടം നല്‍കാത്തവരാണ് തീവ്രവാദികള്‍ . ജനാധിപത്യപരമായ പരിസരത്തിന്റെ സൃഷ്ടിക്കുവേണ്ടിയാണ് മതനിരപേക്ഷമായ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആ പ്രവര്‍ത്തനത്തെ മതവിരുദ്ധമായി വ്യാഖ്യാനിക്കുന്നതാണ് തെറ്റ്. ഭരണഘടനയുടെ കൃത്യമായ വായനയിലൂടെയാണ് മതസ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ നിര്‍ണയിക്കപ്പെടേണ്ടത്. കോടതിയുടെ വിട്ടുവീഴ്ചകളെ ദുര്‍വ്യാഖ്യാനം ചെയ്തുണ്ടാക്കിയ അമിതസ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണ് അന്തരീക്ഷത്തെ കലുഷമാക്കുന്നത്. ഗത്സേമനിയില്‍ യേശുവിന്റെ ആജ്ഞയനുസരിച്ച് പത്രോസ് വാള്‍ ഉറയിലിട്ടു. പത്രോസിെന്‍റ സിംഹാസനം ആ വാളിെന്‍റ ഉടമയാണ്. സാമ്രാജ്യത്വത്തിന്റെ സേവകനെതിരെ ഉയര്‍ന്ന വാളാണത്. അത് എക്കാലവും ഉറയില്‍ സൂക്ഷിക്കാനുള്ളതല്ല.
വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കുമെന്നറിയാത്തവരല്ല മാര്‍ക്സിസ്റ്റുകാര്‍ . അവരുടെ ജീവത്യാഗം അപരനുവേണ്ടിയുള്ളതാണ്. അപരനുവേണ്ടി ചിന്തപ്പെടുന്ന ചോരയില്‍ ഒരുമിക്കേണ്ടവരാണ് വിശ്വാസികളും വിപ്ലവകാരികളും. യേശു അനുഭവമാണ്. എല്ലാ വിപ്ലവകാരികളും പങ്കുവയ്ക്കപ്പെടേണ്ടതായ അനുഭവമാക്കി സ്വന്തം ജീവിതത്തെ മാറ്റിയവരാണ്. പ്രൊമിത്യൂസിന്റെ കരള്‍ പിളരുന്ന വേദന മാര്‍ക്സിന് നവദര്‍ശനത്തിന്റെ ചെങ്കതിര്‍ വീശുന്ന അനുഭവമായി. സ്പാര്‍ട്ടക്കസ് സോവിയറ്റ് യൂണിയന്റെ വിപ്ലവാഭിമുഖ്യത്തെ ത്രസിപ്പിച്ച അനുഭവമായി. കുരിശിലേറിയ യേശു മര്‍ദിതര്‍ക്കും പീഡിതര്‍ക്കും അനുഭവിക്കാനുള്ള സുവിശേഷമാണ്. വിപ്ലവത്തിന്റെ പാതയോരങ്ങളില്‍ ആ അനുഭവസാക്ഷ്യം കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ യേശുവിനെ അള്‍ത്താരയിലെ ബന്ധനത്തില്‍ മാത്രം കാണുന്നവര്‍ക്ക് ആശങ്കയുണ്ടാകും. അത് അവരുടെ യേശു. വിമോചകനും വിപ്ലവകാരിയുമായ യേശു മര്‍ദിതരുടെയും പീഡിതരുടെയും അനുഭവമാണ്; ചരിത്രം അവര്‍ക്കായി നല്‍കുന്ന സ്വത്താണ്. മനുഷ്യപുത്രനെ തങ്ങളുടെ സ്വന്തം സഖാവായി അവര്‍ സ്വീകരിക്കുമ്പോള്‍ ആര്‍ക്കാണ് ആ അനുഭവത്തെ നിഷേധിക്കാന്‍ കഴിയുക? ചരിത്രത്തിന് സഭയുടെ ഇംപ്രിമാത്തൂര്‍ ആവശ്യമില്ല.
*
സെബാസ്റ്റ്യന്‍ പോള്‍ ദേശാഭിമാനി വാരിക 130 ഫെബ്രുവരി 2012
Tuesday, February 14, 2012
Subscribe to:
Post Comments (Atom)
1 comment:
കേരളത്തിലെ കത്തോലിക്കാ സഭ താലിബാനിസത്തിന്റെ പാതയിലേക്ക് നീങ്ങുന്നത് ഖേദകരമാണ്. യേശു കത്തോലിക്കര്‍ക്കുമാത്രം അവകാശപ്പെട്ടതെന്ന ശാഠ്യം ക്രൈസ്തവ വിരുദ്ധമാണെന്നു മാത്രമല്ല അപ്രായോഗികവുമാണ്. കണക്കെടുക്കാന്‍ കഴിയാത്തത്ര സഭാവിഭാഗങ്ങള്‍ ലോകമെങ്ങുമുള്ളപ്പോള്‍ കേരളത്തിലെ രണ്ടു റീത്തുകള്‍ക്കു മാത്രമായി യേശുവിനെക്കുറിച്ചുള്ള സ്മരണ പതിച്ചുനല്‍കാനാവില്ല. യേശുവിനെയും യേശുവിന്റെ പ്രബോധനങ്ങളെയും ഉള്‍ക്കൊണ്ട് ജീവിക്കുന്നവനാണ് ക്രിസ്ത്യാനി. ദൈവപുത്രനായ ക്രിസ്തുവിനൊപ്പം മനുഷ്യപുത്രനായ യേശുവും ചരിത്രത്തിന്റെ ഭാഗമാണ്. ആ ചരിത്രം മനുഷ്യകുലത്തിനു മുഴുവന്‍ അവകാശപ്പെട്ടതാണ്. ബേത്ലെഹെമില്‍ ജനിച്ച് പ്രബോധകനും പ്രക്ഷോഭകനുമായി യൂദയായില്‍ പ്രവര്‍ത്തിച്ച് പന്തിയോസ് പീലാത്തോസ് എന്ന റോമന്‍ ഗവര്‍ണറുടെ ഭരണകാലത്ത് കുരിശുമരണത്തിനു വിധിക്കപ്പെട്ട യേശുവിനെ ദൈവപുത്രനായി കാണുന്നതിന് വിശ്വാസികള്‍ക്ക് അവകാശമുള്ളതുപോലെ വിപ്ലവകാരിയായി കാണുന്നതിന് മറ്റുള്ളവര്‍ക്കും അവകാശമുണ്ട്.
Post a Comment