ആഗോള കപ്പല്‍ക്കമ്പനികള്‍ ലാഭംകൊയ്യുന്ന മേഖലയാണ് ഏഷ്യ. സിംഗപ്പുര്‍ പോര്‍ട്ട് ക്ലാങ്, കൊളംബോ, ദുബായ്, സലാല എന്നിവയാണ് ഏഷ്യയിലെ വന്‍ തുറമുഖങ്ങള്‍ . കൂറ്റന്‍ കപ്പലുകളുടെ പ്രവര്‍ത്തനച്ചെലവ് പരമാവധി കുറയ്ക്കാന്‍ വെമ്പല്‍ക്കൊള്ളുന്ന മത്സരത്തിലേക്ക് കേരളത്തിന്റെ വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്നര്‍ ടെര്‍മിനല്‍ ഇടംനേടിയിട്ട് ഫെബ്രുവരി 11ന് ഒരു വര്‍ഷം തികഞ്ഞു. കടുത്ത മത്സരത്തില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ഈ മേഖലയില്‍ കൂടുതല്‍ പരിചയം ആവശ്യമാണ്. കൊച്ചി തുറമുഖത്ത് ഇതുവരെ വന്നുപോയ വാണിജ്യചരക്കുകള്‍ കൈകാര്യംചെയ്ത പരിചയം ഇവിടത്തെ അധികാരികള്‍ക്കും തൊഴിലാളികള്‍ക്കുമുണ്ട്. എന്നാല്‍ , കൂറ്റന്‍ കപ്പലുകളെ ആകര്‍ഷിക്കാന്‍ മത്സരിക്കുന്ന വല്ലാര്‍പാടം ടെര്‍മിനലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആഗോള കമ്പനിയായ ഡിപി വേള്‍ഡിനെ ആറുവര്‍ഷംമുമ്പ് തുറമുഖത്തിന്റെ ചുമതലയേല്‍പ്പിച്ചത്. 2005 ജനുവരി 31ന് ദുബായ് തുറമുഖ കമ്പനിയായ ഡിപി വേള്‍ഡിനെ കൊച്ചി രാജീവ്ഗാന്ധി കണ്ടെയ്നര്‍ ട്രാന്‍ഷിപ്മെന്റ് ഏല്‍പ്പിച്ചുകൊടുത്തു. കരാര്‍പ്രകാരം രണ്ടു വര്‍ഷത്തിനുള്ളില്‍ ആഗോളതലത്തില്‍ മത്സരിച്ച് കൊച്ചി തുറമുഖത്തെ ഹബ്ബ് പോര്‍ട്ടലായി വികസിപ്പിക്കുമെന്നതായിരുന്നു ഡിപി വേള്‍ഡ് നല്‍കിയ ഉറപ്പ്. ഇതുതന്നെയായിരുന്നു കരാറിലെ സുപ്രധാന വ്യവസ്ഥ. കൊച്ചി തുറമുഖം വികസിക്കുമ്പോള്‍ വെല്ലിങ്ടണ്‍ ഐലന്‍ഡിലെ സൗകര്യം അപര്യാപ്തമാകും. അപ്പോള്‍ വല്ലാര്‍പാടത്ത് അത്യന്താധുനിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി പ്രവര്‍ത്തനം അവിടേക്ക് മാറ്റുകയും വേണമെന്ന മറ്റൊരു പ്രധാന വ്യവസ്ഥയും കരാറിലുണ്ടായിരുന്നു.
2006 ഫെബ്രുവരിയില്‍ കൊച്ചി തുറമുഖത്തെ ഏറ്റെടുത്ത് ഒരു വര്‍ഷം കഴിയുമ്പോഴേക്കും ദുബായ് പോര്‍ട്ട് ആഗോളതലത്തില്‍ പല ടെര്‍മിനലുകളുടെയും ഉടമസ്ഥാവകാശം നേടിയിരുന്നു. 2008 ഫെബ്രുവരിയില്‍ പി ആന്‍ഡ് ഒ പോര്‍ട്ടിന്റെ ഓഹരി ദുബായ് പോര്‍ട്ട് വിലയ്ക്കുവാങ്ങി. ആഗോളസാന്നിധ്യം തെളിയിച്ചശേഷമാണ് ദുബായ് പോര്‍ട്ടിന്റെ പേര് ഡിപി വേള്‍ഡ് എന്നാക്കിയത്. ഇങ്ങനെ ആഗോളഭീമനായി മാറിയ ഡിപി വേള്‍ഡിന്റെ നേട്ടങ്ങള്‍ കൊച്ചിക്ക് ഗുണകരമായില്ലെന്നു മാത്രമല്ല, വല്ലാര്‍പ്പാടം കടുത്ത പ്രതിസന്ധിയിലാവുകയും ചെയ്തു. 2006ന് മുമ്പുള്ള കൊച്ചി തുറമുഖത്തിന്റെ അവസ്ഥയില്‍നിന്ന് ഒട്ടും മുന്നോട്ടുപോകാന്‍ വല്ലാര്‍പാടത്തിനു കഴിഞ്ഞിട്ടില്ല. ഹബ്ബ് പോര്‍ട്ടായി തുറമുഖത്തെ വികസിപ്പിക്കണമെന്ന കരാര്‍വ്യവസ്ഥ ലംഘിക്കപ്പെട്ടു. കൊച്ചിയും വല്ലാര്‍പാടവും ഇപ്പോഴും ഫീഡ് പോര്‍ട്ടായിത്തന്നെ നിലനില്‍ക്കുകയാണ്. കഴിഞ്ഞ ആറു വര്‍ഷമായി കരാര്‍ നടപ്പാക്കുന്നതില്‍ ഡിപി വേള്‍ഡ് വീഴ്ച വരുത്തിയിരിക്കുകയാണ്. വ്യവസായ സംരംഭമായ വല്ലാര്‍പ്പാടം തുറമുഖത്തെ കച്ചവടവല്‍ക്കരിച്ചപ്പോള്‍ ഡിപി വേള്‍ഡിന്റെ മുടക്കുമുതല്‍ കണക്കിന്റെ കളി മാത്രമായിത്തീര്‍ന്നിരിക്കുകയാണ്. ഡിപി വേള്‍ഡിന് വല്ലാര്‍പാടം പദ്ധതിയുടെ ചെലവ് വഹിക്കാന്‍ വിദേശ മൂലധനമുടക്ക് വേണ്ടിവന്നില്ല. ആഭ്യന്തരകടം, വിദേശകടം, തദ്ദേശപങ്കാളികളുടെ മുതല്‍മുടക്ക്, ആറു വര്‍ഷത്തെ ആര്‍ജിസിടിയുടെ പ്രവര്‍ത്തനലാഭം എന്നിവയുടെ ആകെത്തുക സമാഹരിച്ച് ഡിപി വേള്‍ഡ് വല്ലാര്‍പാടത്ത് ആധുനിക സൗകര്യം ഒരുക്കി. ഡിപി വേള്‍ഡിന്റെ ബ്രാന്‍ഡ് നെയിമും ഗുഡ്വില്ലും മാത്രമാണ് ആ കമ്പനി വല്ലാര്‍പ്പാടത്ത് കൊണ്ടുവന്നത്.
നേട്ടങ്ങളിലേക്ക് വല്ലാര്‍പാടം എത്തിച്ചേരുമെന്ന് വീമ്പുപറഞ്ഞ കൊച്ചി തുറമുഖ അധികൃതര്‍ അറിഞ്ഞുകൊണ്ടുതന്നെ കബളിപ്പിക്കപ്പെടാന്‍ നിന്നുകൊടുത്തോ എന്ന് സംശയിക്കേണ്ട സംഭവങ്ങളാണ് തുടര്‍ന്നുണ്ടായത്. വിഭാവനംചെയ്ത ഒരു നേട്ടവുമുണ്ടായില്ലെന്നു മാത്രമല്ല സൗജന്യ കസ്റ്റംസ് പരിശോധനാസൗകര്യം സജ്ജമാക്കേണ്ട ഡിപി വേള്‍ഡ് ആ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണ്. കടത്തുകൂലി ഇനത്തില്‍ കണ്ടെയ്നര്‍ ഒന്നിന് 300 ഡോളര്‍ ഇളവു ലഭിക്കുമെന്ന് പ്രതീക്ഷിച്ച വ്യാപാരികള്‍ക്ക് നിരാശയായിരുന്നു ഫലം. കൂടാതെ അനധികൃത പിരിവുകളും പലവിധ നിരക്കുകളും ഈടാക്കുന്നതു കാരണം വ്യാപാരികളുടെ സാമ്പത്തികഭാരം വര്‍ധിച്ചു. 2012 ജനുവരി ആയപ്പോഴേക്കും ഇത് വീണ്ടും വര്‍ധിച്ചിരിക്കുകയാണ്.
ദുബായ് പോര്‍ട്ടിന്റെ വികലമായ നയങ്ങള്‍ നടപ്പാക്കിയതുമൂലം നിരവധി തൊഴിലാളികളാണ് വഴിയാധാരമായത്. കപ്പലിലെ 35 തൊഴിലാളികള്‍ക്ക് പൂര്‍ണമായും ജോലി നഷ്ടപ്പെട്ടു. എണ്‍പതോളം തൊഴിലാളികള്‍ സ്വയം പിരിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായി. വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ വെയര്‍ഹൗസുകളിലും വാര്‍ഫുകളിലും ജോലിചെയ്തിരുന്ന 4000 പേര്‍ക്ക് ഭാഗികമായി തൊഴില്‍ നഷ്ടപ്പെട്ടു. തുറമുഖ ട്രസ്റ്റിന്റെ ആര്‍ജിസിടി വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കാടന്‍നയം കൊച്ചിന്‍ പോര്‍ട്ടിനുമേല്‍ ഡിപി വേള്‍ഡ് അടിച്ചേല്‍പ്പിച്ചു. ഡിപി വേള്‍ഡിന്റെ തടസ്സവാദങ്ങള്‍ അതേപടി അംഗീകരിക്കുന്ന തുറമുഖ ട്രസ്റ്റിന്റെ പ്രവര്‍ത്തനശൈലി കാരണം നാനൂറോളം തുറമുഖ ട്രസ്റ്റ് ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയാതെയായി.
ബഹാമസിലെ ഫ്രീപോര്‍ട്ടിന്റെ അവസ്ഥയിലാണ് ഇന്ന് വല്ലാര്‍പാടം. പസഫിക് സമുദ്രത്തെയും അറ്റ്ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന പനാമ കനാലിനു സമീപം സ്ഥിതിചെയ്യുന്ന ഈ തുറമുഖത്തിന്റെ സൗകര്യങ്ങള്‍ സവിശേഷമാണ്. കൂറ്റന്‍ കപ്പലുകള്‍ക്ക് വന്നുചേരന്‍ കൊച്ചിതുറമുഖത്ത് വിഭാവനംചെയ്തതുപോലെ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയാണ് ഫ്രീപോര്‍ട്ട് സജ്ജമായത്. അമേരിക്കന്‍ ഭൂഖണ്ഡത്തെയാകെ ബന്ധിപ്പിക്കുന്ന പടുകൂറ്റന്‍ ഹബ്ബ് പോര്‍ട്ടാണിത്. എന്നാല്‍ , സ്വപ്നങ്ങള്‍ക്ക് അനുസരിച്ച് ഫ്രീപോര്‍ട്ട് വളര്‍ന്നില്ല. പത്തുലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുന്ന സമാന്യ തുറമുഖമാണിത്. വന്‍കിട തുറമുഖങ്ങളുടെ പട്ടികയില്‍ ഫ്രീപോര്‍ട്ട് പെടില്ല. അമേരിക്കയിലെ വ്യാപാരികളുടെ ആവശ്യം ട്രാന്‍ഷിപ്മെന്റ് അല്ല. തങ്ങളുടെ ചരക്ക് കഴിവതും നേരിട്ട് ലക്ഷ്യസ്ഥാനത്ത് എത്തണം എന്നതാണ്. ഇറക്കുമതി ചരക്ക് സമീപത്തുള്ള തുറമുഖത്ത് നേരിട്ട് എത്തണമെന്ന അവരുടെ ആഗ്രഹമാണ് ബഹാമസ് പോര്‍ട്ടിനെ തകര്‍ത്തത്. വ്യാപാരികളുടെ ലോബി അമേരിക്കയില്‍ ശക്തമാണ്. എങ്കിലും യൂറോപ്പിലും ഏഷ്യയിലുമാണ് വന്‍കിട കപ്പല്‍ കമ്പനികളുള്ളത്. "അമേരിക്കന്‍ പ്രസിഡന്റ് ലൈന്‍" എന്ന ആഗോളഭീമന്‍പോലും സിംഗപ്പുര്‍ കമ്പനിയുടെ ഉടമസ്ഥതയിലാണ്. പ്രമുഖ അമേരിക്കന്‍ കമ്പനി സീലാന്‍ഡ് യൂറോപ്പിലെ മെഴ്സക്ക് കമ്പനി കൈയടക്കി. സ്വാഭാവികമായും കപ്പല്‍ ഗതാഗതം അമേരിക്കയില്‍ സ്വതന്ത്രകമ്പോളത്തിനു പുറത്താണ്. മാരിടൈം സര്‍വീസിനെ സ്വതന്ത്ര വ്യാപാരത്തില്‍നിന്ന് മുക്തമാക്കുന്ന വ്യവസ്ഥ ലോകവ്യാപാര സംഘടനയെക്കൊണ്ട് അമേരിക്ക അംഗീകരിപ്പിക്കുകയും ചെയ്തു.
തുറമുഖ ട്രസ്റ്റിലും സര്‍ക്കാരിലും നിക്ഷിപ്തമായ അധികാരമുപയോഗിച്ച് ഇന്ത്യയിലെ വ്യാപാരികള്‍ക്കും മെച്ചപ്പെട്ട സേവനം നല്‍കാന്‍ അധികൃതര്‍ തയ്യാറാകേണ്ടതുണ്ട്. ഫലപ്രദമല്ലാതായിത്തീര്‍ന്ന ലൈസന്‍സ് കരാര്‍ അവസാനിപ്പിക്കാനും നടപടിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ജനനന്മ ലക്ഷ്യമാക്കി ജലമുഖവും കരയും വ്യാപാരത്തിന് സഹായകരമായ വിധം കാര്യക്ഷമമായി ഉപയോഗിക്കണം. പരിഹാമില്ലാത്ത പ്രശ്നമായി കണക്കാക്കി ഇതില്‍നിന്നു അകന്നുനില്‍ക്കുന്നത് കുറ്റകരമായ അനാസ്ഥയും രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധവുമാണ്.
*
എം എം ലോറന്‍സ് ദേശാഭിമാനി 14 ഫെബ്രുവരി 2012
Subscribe to:
Post Comments (Atom)
1 comment:

Post a Comment