കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും വിപ്ലവതേജസും ആവേശവുമാണ് കെ പി ആര്‍ ഗോപാലന്‍ . ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച് ജനങ്ങള്‍ തൂക്കുമരത്തില്‍നിന്ന് ഇറക്കിക്കൊണ്ടുവന്ന അദ്ദേഹത്തിന്റെ ജീവിതം പോരാട്ടത്തിനായി നീക്കിവച്ചതായിരുന്നു. ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ കെ പി ആര്‍ പ്രസരിപ്പിച്ച വിപ്ലവജ്വാല നാടിന്റെ വിമോചനസമരങ്ങള്‍ക്ക് ചൂടും പ്രകാശവും നല്‍കി. രണ്ടു തവണ വധശിക്ഷ വിധിക്കപ്പെട്ട് ജനകീയ പ്രക്ഷോഭത്തിലൂടെ അതിജീവിച്ച ചരിത്രവും അദ്ദേഹത്തിന് സ്വന്തം. ജനവിധിയിലൂടെ കൊലക്കയറിനെ തട്ടിമാറ്റി ഇതിഹാസമായ കുന്നത്ത് പുതിയവീട്ടില്‍ രാമപുരത്ത് ഗോപാലന്‍ , ഗാന്ധിജിക്ക് യുവമനസ്സുകളെ ഇളക്കിമറിച്ച ഗോപാലന്‍നമ്പ്യാരും പി കൃഷ്ണപിള്ളയ്ക്ക് പ്രിയങ്കരനായ ബോള്‍ഷെവിക്കുമാണ്.
മലബാറില്‍ ദേശീയ പ്രസ്ഥാനത്തിന്റെ വിത്തുകള്‍ ആദ്യം മുളപൊട്ടിയ കല്യാശേരിയുടെ മണ്ണില്‍നിന്നാണ് കേരളത്തിന്റെ ഭഗത്സിങ്ങിന്റെ പിറവി. കല്യാശേരി ഹയര്‍ എലിമെന്ററി സ്കൂളിലെ പഠനവും ഗാന്ധിജിയുടെ മലബാര്‍ സന്ദര്‍ശനവും പയ്യന്നൂര്‍ - ബക്കളം കോണ്‍ഗ്രസ് സമ്മേളനങ്ങളുമാണ് ദേശീയപ്രസ്ഥാനത്തിന്റെ മുന്‍നിരയിലെത്തിച്ചത്. നിയമലംഘന പ്രക്ഷോഭം, പട്ടിണിജാഥ, കമ്യൂണിസ്റ്റ് പാര്‍ടിയുടെ പരസ്യപ്രവര്‍ത്തനം പ്രഖ്യാപിച്ച പാറപ്രം സമ്മേളനം, മോറാഴ സംഭവം എന്നിവയോടെ അദ്ദേഹം ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരായ തീക്കാറ്റായി മാറി. വധശിക്ഷയും ജീവപര്യന്തവും അറസ്റ്റും മര്‍ദനവും കള്ളക്കേസും ഒളിവുജീവിതവുമൊന്നും ആ പോരാളിയെ തളര്‍ത്തിയില്ല. നിയമലംഘന പ്രക്ഷോഭത്തെ തുടര്‍ന്നുള്ള ജയില്‍വാസമാണ് കെ പി ആറിനെയും സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലേക്ക് നയിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലേക്കും കമ്യൂണിസ്റ്റ് പാര്‍ടിയിലേക്കും. "കേരളത്തിന്റെ ലോങ്മാര്‍ച്ച്" എന്ന് വിശേഷിപ്പിക്കപ്പെടുന്ന 1936ലെ എ കെ ജി നയിച്ച പട്ടിണിജാഥ സോഷ്യലിസ്റ്റ് പാര്‍ടിയുടെ സാന്നിധ്യം അറിയിക്കുന്നതായിരുന്നു. അതിന്റെ ഡെപ്യൂട്ടി ലീഡറാകാന്‍ നിര്‍ദേശിച്ചത് പി കൃഷ്ണപിള്ള. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഒരു പ്രത്യേക ദൗത്യവും കെ പി ആര്‍ നിര്‍വഹിച്ചു. എ കെ ജിയെയും സര്‍ദാര്‍ ചന്ദ്രോത്തിനെയും ശരിയുടെ വഴിയിലേക്ക് കൊണ്ടുവരാനുള്ള ചുമതലയാണ് ഏല്‍പിച്ചത്. അത് ഭംഗിയായി നിറവേറ്റി.
1940 സെപ്തംബര്‍ 15ന്റെ മോറാഴ ചെറുത്തുനില്‍പ്പോടെ ആ വിപ്ലവകാരിയെ ലോകം അറിഞ്ഞു. കെപിസിസി ആഹ്വാനം ചെയ്ത യുദ്ധവിരുദ്ധ- മര്‍ദന പ്രതിഷേധദിന പൊതുയോഗം നിരോധിച്ച നടപടിയാണ് മോറാഴ സംഭവത്തിലേക്ക് നയിച്ചത്. കീച്ചേരിയില്‍ നിശ്ചയിച്ച യോഗം നിരോധനത്തെ തുടര്‍ന്ന് അഞ്ചാംപീടികയിലേക്ക് മാറ്റി. അവിടെയും നിരോധിച്ചതായി എസ്ഐ കുട്ടികൃഷ്ണമേനോന്‍ പ്രഖ്യാപിച്ചത് വന്‍പ്രതിഷേധത്തിനിടയാക്കി. ജനങ്ങളെ ക്രൂരമായി തല്ലിച്ചതയ്ക്കാനുള്ള പൊലീസ് ശ്രമം കെ പി ആറിന്റെയും അറാക്കല്‍ കുഞ്ഞിരാമന്റെയും നേതൃത്വത്തില്‍ വളന്റിയര്‍മാര്‍ ചെറുത്തു. എസ്ഐ കുട്ടികൃഷ്ണ മേനോന്‍ സ്ഥലത്ത് മരിച്ചുവീണു. പരിക്കേറ്റ ഒരു ഹെഡ്കോണ്‍സ്റ്റബിളും രാത്രിയോടെ മരിച്ചു. മോറാഴ സംഭവത്തില്‍ കെ പി ആറിനെ ഒന്നാംപ്രതിയാക്കി 38 പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്. ഒളിവില്‍ പോയ അദ്ദേഹത്തെ പിടികൂടുന്നവര്‍ക്ക് 1000 രൂപ സമ്മാനം പ്രഖ്യാപിച്ചു. എന്നിട്ടും കിട്ടാതെ വന്നതോടെ വിഷ്ണുഭാരതീയനെ ഒന്നാം പ്രതിയാക്കി വിചാരണ തുടങ്ങി.
അതിനിടെ കോണ്‍ഗ്രസുകാരായ ഒറ്റുകാരുടെ സഹായത്താല്‍ പൊലീസ് കെ പി ആറിന്റെ രഹസ്യ കേന്ദ്രം കണ്ടെത്തി. കീഴടങ്ങുകയേ വഴിയുണ്ടായിരുന്നുള്ളൂ. അപ്പോഴും നട്ടെല്ലു വളയ്ക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. സംഭവമറിഞ്ഞ് കുതിച്ചെത്തിയ കമാണ്ടന്റ് ഗര്‍ജിച്ചു: "ഇയാളെ എന്തേ വെടിവച്ച് കൊന്നില്ല." ഉരുളയ്ക്കുപ്പേരി പോലെ കെ പി ആറിന്റെ പ്രതികരണം: "നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ വെടിവയ്ക്കൂ".
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തലശേരി കോടതിയിലേക്ക് കൊണ്ടുപോയത് അതീവ ജാഗ്രതയോടെ. കൈകള്‍ക്കും കാലിനും ആമം. അരയ്ക്ക് ചങ്ങല. അത് പിടിച്ച് കമാണ്ടന്റ്. ആയുധധാരികളായ പൊലീസ് അകമ്പടി. ജയില്‍ മുതല്‍ തലശേരി വരെയുള്ള ഒരോ പത്തുവാരയിലും പൊലീസ് പാറാവ്. 41 ദിവസം വിചാരണ. സെഷന്‍സ് ജഡ്ജി എം രങ്കനാഥ ആചാര്യ കെ പി ആറിന് ഏഴു വര്‍ഷത്തെ തടവ് വിധിച്ചു. 20 പേരെ കുറ്റവിമുക്തരാക്കി. എസ്ഐ കുട്ടികൃഷ്ണമേനോനെയും ഹെഡ്കോണ്‍സ്റ്റബിളിനെയും കൊലപ്പെടുത്തിയത് മനഃപൂര്‍വമായിരുന്നില്ലെന്നായിരുന്നു വിധിയുടെ അന്തഃസത്ത. ബ്രിട്ടീഷ് അധികാരികള്‍ക്ക് വിധി ദഹിച്ചില്ല. അപ്പീലില്‍ 1942 ഫെബ്രുവരി 24ന് ഹൈക്കോടതി കെ പി ആറിന് വധശിക്ഷ നല്‍കി. ഇതിനെതിരെ കേരളം ഇളകിമറിഞ്ഞു. രാജ്യമാകെ പ്രതികരണങ്ങള്‍ . പൊതുജനാഭിപ്രായം കൊടുങ്കാറ്റായി. ഹരിജനില്‍ ഗാന്ധിജി എഴുതി: "ഇത് ബോധപൂര്‍വം നടത്തിയ കൊലപാതകമല്ല. ഒരു യുവാവിനെ കൊലമരത്തിലേക്ക് അയക്കുന്നത് പ്രഹസനമാണ്." കെ പി ആറിനെ തൂക്കിലിടാന്‍ അനുവദിക്കില്ലെന്ന് ജവഹര്‍ലാല്‍ നെഹ്റുവും പ്രതികരിച്ചു. കെ പി ആറിന്റെ ജീവന്‍ രക്ഷിക്കൂവെന്ന മുദ്രാവാക്യത്തിന്റെ അലയൊലികള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലുമെത്തി. ജീവപര്യന്തമാക്കാന്‍ ബ്രീട്ടീഷ് ഭരണകൂടം നിര്‍ബന്ധിതമായി.
കെ പി ആറിന്റെ ഇഷ്ട നേതാവ് കൃഷ്ണപിള്ളയാണ്. സഖാവിന്റെ ജ്വലിക്കുന്ന കണ്ണുകളും ഇടിമുഴക്കുന്ന ശബ്ദവും വിപ്ലവകാരികള്‍ ജനങ്ങള്‍ക്കുവേണ്ടി മരിക്കാന്‍പോലും തയ്യാറാവണമെന്ന വാക്കുകളും കൊലക്കയറിനെപ്പോലും തട്ടിയകറ്റാന്‍ പ്രചോദനമായി. ഇടതുപക്ഷ തീവ്രവാദത്തിന് അടിപ്പെട്ടെങ്കിലും കെ പി ആര്‍ വലതുപക്ഷവുമായി ഒരിക്കലും സന്ധിചെയ്തില്ല. കമ്യൂണിസ്റ്റ് പാര്‍ടിയുമായി തെറ്റിയാല്‍ ബൂര്‍ഷ്വാരാഷ്ട്രീയക്കാരുടെ കോടലിക്കൈയായി മാറുന്നവരുടെ പരമ്പരയിലും അദ്ദേഹത്തെ കാണാനായില്ല. കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ പിളര്‍പ്പിനെത്തുടര്‍ന്ന് ദേശാഭിമാനിയെ സിപിഐ എമ്മിനൊപ്പം നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
*
പി സുരേശന്‍ ദേശാഭിമാനി 25 ഫെബ്രുവരി 2012
Subscribe to:
Post Comments (Atom)
1 comment:
കെ പി ആറിന്റെ ഇഷ്ട നേതാവ് കൃഷ്ണപിള്ളയാണ്. സഖാവിന്റെ ജ്വലിക്കുന്ന കണ്ണുകളും ഇടിമുഴക്കുന്ന ശബ്ദവും വിപ്ലവകാരികള്‍ ജനങ്ങള്‍ക്കുവേണ്ടി മരിക്കാന്‍പോലും തയ്യാറാവണമെന്ന വാക്കുകളും കൊലക്കയറിനെപ്പോലും തട്ടിയകറ്റാന്‍ പ്രചോദനമായി. ഇടതുപക്ഷ തീവ്രവാദത്തിന് അടിപ്പെട്ടെങ്കിലും കെ പി ആര്‍ വലതുപക്ഷവുമായി ഒരിക്കലും സന്ധിചെയ്തില്ല. കമ്യൂണിസ്റ്റ് പാര്‍ടിയുമായി തെറ്റിയാല്‍ ബൂര്‍ഷ്വാരാഷ്ട്രീയക്കാരുടെ കോടലിക്കൈയായി മാറുന്നവരുടെ പരമ്പരയിലും അദ്ദേഹത്തെ കാണാനായില്ല. കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ പിളര്‍പ്പിനെത്തുടര്‍ന്ന് ദേശാഭിമാനിയെ സിപിഐ എമ്മിനൊപ്പം നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
Post a Comment